സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഡല്‍ഹിയില്‍ സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി ഓഫീസിനകത്തു കയറി പാര്‍ടി ജനറല്‍ സെക്രട്ടറിക്കുനേരെ നടത്തിയിട്ടുള്ള ആര്‍എസ്‌എസുകാരുടെ അക്രമം അത്യന്തം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്‌എസ്‌-ബിജെപിനേതാക്കളുടെ പരസ്യ പ്രസ്‌താവനയെതുടര്‍ന്നാണ്‌ ഈ അക്രമം സംഘടിപ്പിക്കാന്‍ ആര്‍എസ്‌എസുകാര്‍ക്ക്‌ പ്രചോദനമായത്‌. കേരളഹൗസിനുമുന്നിലും എകെജി ഭവനുനേരെയും അക്രമം നടത്താന്‍ ഇടയുണ്ട് എന്ന്  കേരള പൊലീസ്‌നല്‍കിയ മുന്നറിയിപ്പിനെ അവഗണിക്കുകയും അക്രമികള്‍ക്ക്‌ ഈ സംഭവം നടത്താന്‍ സൗകര്യമൊരുക്കി കൊടുക്കുകയുമാണ്‌ കേന്ദ്ര ഗവണ്‍മെന്റിന്‌ കീഴിലുള്ള ഡല്‍ഹി പൊലീസ്‌ ചെയ്‌തത്‌. സിപിഐ(എം) ജനറല്‍ സെക്രട്ടറിക്കുനേരെ നടത്തിയ ഈ അക്രമം ആസൂത്രിതമാണ്‌.
രാജ്യത്ത്‌ ആദ്യമായിട്ടാണ്‌ കേന്ദ്ര  ഓഫീസിന കത്തുകയറി അക്രമം നടത്തുന്നത്‌. കേരളത്തിലെ സിപിഐ(എം) നേതാക്കന്മാരെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന്‌ രാഴ്‌ച്ച മുമ്പേ യുവമോര്‍ച്ച ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ നേതാക്കള്‍ പങ്കെടുത്തു എന്ന്‌ വ്യക്തമായപ്പോള്‍ അരിശം തീര്‍ക്കാനാണ്‌ എകെജി ഭവനകത്തു കയറി ജനറല്‍ സെക്രട്ടറിയെ അക്രമിക്കാന്‍ ചിലരെ സംഘപരിവാര്‍ നിയോഗിച്ചത്‌.
കേരളത്തില്‍ ബിജെപി പ്രസിഡന്റ്‌ അമിത്‌ഷാ വന്നപ്പോള്‍ എല്ലാവിധ സംരക്ഷണ നടപടിയും ഒരുക്കികൊടുക്കുകയാണ്‌ കേരള ഗവണ്‍മെന്റ്‌ ചെയ്‌തത്‌. എന്നാല്‍, സിപിഐ(എം)ന്റെ കേന്ദ്ര  ഓഫീസുപോലും സുരക്ഷിതമല്ല എന്ന്‌ സ്ഥാപിക്കാനാണ്‌ ആര്‍എസ്‌എസ്‌ ഈ ക്രൂരകത്യം ചെയ്‌തത്‌. ഫാസിസ്‌റ്റ്‌ രീതിയിലുള്ള പ്രവര്‍ത്തനമാണ്‌ സംഘപരിവാര്‍ നടത്തുന്നത്‌ എന്നതിന്റെ തെളിവാണിത്‌. ഈ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്തെമ്പാടും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണം. പ്രകോപനമുാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തില്‍ പെട്ടുപോകാതെ സംയമനം പാലിച്ച്‌ വന്‍ ജനപങ്കാളിത്തത്തോടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നു.