പി.കൃഷ്‌ണപിള്ള


പി.കൃഷ്‌ണപിള്ള


കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ്‌ പി.കൃഷ്‌ണപിള്ള. ആ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ്‌ നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്‌തകമാണ്‌. `സഖാവ്‌'ജനിച്ചത്‌ 1906-ല്‍ വൈക്കത്താണ്‌ കൃഷ്‌ണപിള്ള ജനിച്ചത്‌. പതിനാലാം വയസ്സില്‍ കൃഷ്‌ണപിള്ള അനാഥനായി. ഇരുപത്തൊന്നാം വയസ്സില്‍ അലഹബാദില്‍ ചെന്ന്‌ ഹിന്ദി പഠിച്ച്‌ മടങ്ങിവന്ന്‌ ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയുടെ പ്രവര്‍ത്തകനായി തീര്‍ന്നു. 1930 ജനുവരിയില്‍ ഉപ്പു സത്യഗ്രഹം നടത്താന്‍ വടകര നിന്നും പയ്യന്നൂരിലേയ്‌ക്കുപോയ ജാഥയുടെ പതാക വാഹകനായതോടെ പി.കൃഷ്‌ണപിള്ളയുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു.

ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ സംഘാടനത്തില്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ചരിത്രത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ അനുസൃതമായി രൂപീകരിക്കപ്പെട്ട ഈ പ്രസ്ഥാനങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്നതിന്‌ കൃഷ്‌ണപിള്ളയ്‌ക്ക്‌ കഴിഞ്ഞു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കൃഷ്‌ണപിള്ള മാറ്റത്തിന്റെയും ധീരമായ മനുഷേച്ഛയുടെയും വാക്കും പ്രവര്‍ത്തനങ്ങളുമായി കടന്നുചെന്നു.

1937 ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. ജീവിക്കാനായി പലതരം തൊഴിലുകള്‍ അദ്ദേഹം ചെയ്‌തിരുന്നു, ഹിന്ദി പ്രചാരണത്തിലും ദേശീയ പ്രസ്ഥാനത്തിലും സജീവമായ പങ്കാളിത്തം സഖാവ്‌ വഹിച്ചു. മര്‍ദ്ദനങ്ങളും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമായി. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്‌ത്ത്‌ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും സഖാവ്‌ വ്യാപൃതനായി.

പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ്‌ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്‌.

തൊഴിലാളി വര്‍ഗ്ഗ രാഷ്‌ട്രീയത്തോടും, സാധാരണ ജനജീവിതത്തോടും കൃഷ്‌ണപിള്ള ഇഴുകിച്ചേര്‍ന്നിരുന്നു. തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ടെ ഒളിത്താവളത്തില്‍ സര്‍പ്പദംശമേറ്റ്‌ മരിക്കുന്നതിനിടയിലും കൃഷ്‌ണപിള്ള പെരുമാറിയത്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഒരിക്കലും തോല്‌ക്കാത്ത ഇച്ഛയുടെ അഗ്നിനാളമായാണ്‌. തന്റെ വിറയ്‌ക്കുന്ന കൈകള്‍കൊണ്ട്‌ അവസാനമായി പറഞ്ഞ `സഖാക്കളെ മുന്നോട്ട്‌` എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.