പിണറായി വിജയന്‍
പിണറായി വിജയന്‍

1944 മാര്‍ച്ച്‌ 21ന്‌ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ്‌ പിണറായി വിജയന്‍ ജനിച്ചത്‌. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ്‌ ബാല്യവും കൗമാരവും പിന്നിട്ടത്‌. പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം. പിന്നീട്‌ ഒരു വര്‍ഷം നെയ്‌ത്തു തൊഴിലാളിയായി ജോലി ചെയ്‌തു. തുടര്‍ന്നാണ്‌ പ്രീയൂണിവേഴ്‌സിറ്റിക്ക്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍  ചേരുന്നത്‌. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്‌.എഫി ന്റെ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്‌.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന്‌ മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

1996ല്‍ കേരളത്തിന്റെ സഹകരണ - വൈദ്യുതി മന്ത്രിയായ കാലത്ത്‌ പിണറായിയുടെ കര്‍മശേഷിയെന്തെന്ന്‌ നാടറിഞ്ഞു. വൈദ്യുതോല്‍പ്പാദനത്തിലും വിതരണത്തിലും കാല്‍ നൂറ്റാണ്ടു കൊണ്ട്‌ കേരളത്തില്‍ സൃഷ്ടിക്കാനാവാത്ത നേട്ടം രണ്ടരവര്‍ഷം കൊണ്ട്‌ നേടി എടുത്തു. സഹകരണമേഖലയിലും സജീവമായ ഇടപെടല്‍ പിണറായി നടത്തി. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന്‌ മന്ത്രിസ്ഥാനം വിട്ട്‌ പാര്‍ടി സെക്രട്ടറിയായി. കല്‍ക്കട്ടയില്‍ നടന്ന പതിനാറാം പാര്‍ടി കോണ്‍ഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായി.

ഒന്നരവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. ഭീകരമായ മര്‍ദ്ദനങ്ങള്‍ സഖാവിന്‌ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. അതിലൊന്നാണ്‌ 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. അന്യായമായി പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വെച്ച്‌ പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക്‌ വിധേയനായപ്പോഴും നിശ്‌ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട്‌ ഉയര്‍ത്തിപ്പിടിച്ചാണ്‌ പിണറായി പിന്നീട്‌ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്‌. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്‌. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌.

എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയപ്പോള്‍ വിനയപൂര്‍വം പിണറായി അത്‌ നിരസിച്ചു. സി.പി.ഐ (എം) ചന്ദിഗഢ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്‌ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്‍െറ വെടി ഇ. പി. ജയരാജനാണ്‌ കൊണ്ടത്‌.

1967ല്‍ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ കാലത്ത്‌ കലുഷിതമായ തലശ്ശേരിയില്‍ സി.പി.ഐ (എം) മണ്ഡലം സെക്രട്ടറിയാവാന്‍ നിയോഗിക്കപ്പെട്ടത്‌ വെറും ഇരുപത്തിമൂന്നാം വയസ്സില്‍. ജനസംഘവും ആര്‍.എസ്‌.എസ്സും സി.പി.ഐ (എം)നെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാലം. ദിനേശ്‌ ബീഡിയെ തകര്‍ക്കാന്‍ കര്‍ണാട കയില്‍ നിന്ന്‌ മാംഗ്ലൂര്‍ ഗണേഷ്‌ ബീഡിക്കമ്പനി മുതലാളിമാര്‍ ഇറക്കുമതി ചെയ്‌ത ക്രിമിനലുകള്‍ സൃഷ്ടിച്ച ഭീകരതയില്‍ ഈ പ്രദേശം കിടിലം കൊണ്ടു. ദിനേശ്‌ സഹകരണസംഘത്തെ തകര്‍ക്കാനിറങ്ങിയ ക്രിമിനലുകള്‍ക്ക്‌ എതിരെ പ്രതിരോധം ഉയര്‍ത്തുന്നതിലും സഖാവ്‌ മുന്‍പന്തിയില്‍ നിന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിലെ കാമ്പയിന്‍ പ്രവര്‍ത്തന രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന രണ്ട്‌ മാര്‍ച്ചുകളാണ്‌ കേരള മാര്‍ച്ചും നവകേരള മാര്‍ച്ചും ഈ രണ്ട്‌ മുന്നേറ്റങ്ങളേയും നയിച്ചത്‌ പിണറായി വിജയനായിരുന്നു.  1998 മുതല്‍ 2015 വരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ചു.