ആണവകരാര്‍ 5


123 കരാറിനെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണം

2005 ജൂലായ്‌ 18 ന്‌ ബുഷും മന്‍മോഹന്‍സിങ്ങും നടത്തിയ സംയുക്ത പ്രസ്‌താവനയോടെയാണ്‌ ആണവകരാറിന്‌ തുടക്കം കുറിച്ചത്‌. അമേരിക്കയുടെ തന്ത്രപരമായ വലയത്തിലേക്ക്‌ ഇന്ത്യയെ വീഴ്‌ത്താനുള്ള ഒരു കെണിയാണ്‌ അമേരിക്കക്ക്‌ ഈ ആണവകരാര്‍. എന്നാല്‍ അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്ത പ്രവേശനത്തിനുള്ള മറയാണ്‌ മന്‍മോഹന്‍സിങ്ങ്‌ ഗവണ്‍മെന്റിന്‌ ഈ ആണവകരാര്‍. 123 കരാറാണ്‌ ഈ ബന്ധത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്‌. `123' എന്ന പേരു വന്നത്‌ 1954 ലെ ആറ്റോമിക്‌ എനര്‍ജി ആക്‌ടിന്റെ 123-ാം വകുപ്പില്‍ നിന്നാണ്‌. ആ നിയമമാണ്‌ അമേരിക്കയിലെ എല്ലാ സിവില്‍ സഹകരണകരാറുകളുടേയും അടിസ്ഥാന നിയമം.

1974 ലും 1998 ലും പൊക്രാനില്‍ നടത്തിയ ആണവായുധ പരീക്ഷണങ്ങളെ തുടര്‍ന്ന്‌ ഇന്ത്യ അനുഭവിച്ചുവരുന്ന ആണവരംഗത്തെ `ഒറ്റപ്പെടല്‍' അവസാനിപ്പിക്കുക എന്ന പശ്ചാത്തലത്തിലാണ്‌ ഈ കരാര്‍ രൂപപ്പെടുത്തുന്നത്‌. ഈ കരാറനുസരിച്ച്‌ ഇന്ത്യയുമായി ആണവവ്യാപാരത്തിലേര്‍പ്പെടുന്നതിന്‌ വേണ്ടി അമേരിക്കയെ അനുവദിക്കുവാന്‍ നിലവിലുള്ള ഉപരോധവ്യവസ്ഥകള്‍ യു.എസ്‌ കോണ്‍ഗ്രസിന്‌ റദ്ദാക്കേണ്ടതായിവരും. രണ്ടു സഭകളുടേയും കരടുകള്‍ സംയോജിപ്പിച്ച്‌ 2006 ഡിസംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അന്തിമമായി ഹൈഡ്‌ ആക്‌ട്‌ പാസാക്കി.

ചോദ്യം:- പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രധാനമന്ത്രി നല്‍കിയ പ്രധാനപ്പെട്ട ഉറപ്പുകള്‍ എന്തെല്ലാമായിരുന്നു?

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രണ്ട്‌ പ്രസ്‌താവനകളാണ്‌ നടത്തിയത്‌. ഒന്ന്‌ ബുഷ്‌- മന്‍മോഹന്‍സിംഗ്‌ സംയുക്ത പ്രസ്‌തവനക്ക്‌ ശേഷവും, രണ്ടാമത്തേത്‌ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയമനിര്‍മ്മാണത്തിന്‌ മുമ്പ്‌ ആണവരംഗത്തെ സിവിലിയന്‍, സൈനിക വിഭജനം, ചര്‍ച്ചകളുടെ അതാര്യത, അമേരിക്കന്‍ സമ്മര്‍ദ്ദം തുടങ്ങിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ താഴെ പറയുന്ന ഉറപ്പുകള്‍ നല്‍കി:-

1. ഇന്ത്യക്ക്‌ സിവിലിയന്‍ ആണവ സാങ്കേതിക വിദ്യയില്‍ പൂര്‍ണ്ണമായ അഭിഗമ്യതയുണ്ടാവും, സാങ്കേതിക ഉപരോധങ്ങളെല്ലാം എടുത്തുകളയും.

2. യു.എസ്‌ കോണ്‍ഗ്രസിന്‌ മുമ്പിലുള്ള കരട്‌ നിയമത്തില്‍ പറയുന്നതുപോലെ ``നല്ല സ്വഭാവത്തിന്‌'' അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നുള്ള വാര്‍ഷിക സാക്ഷ്യപത്രങ്ങള്‍ ആവശ്യമായി വരില്ല.

3. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവുമായി ബന്ധപ്പെടുത്തുന്ന യാതൊന്നും സ്വീകാര്യമല്ല.

4. ആജീവനാന്ത ആണവ ഇന്ധന വിതരണം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്‌.

ചോദ്യം:- പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പുകള്‍ക്കും സുരക്ഷകള്‍ക്കും എങ്ങനെയാണ്‌ ഹൈഡ്‌ ആക്‌ട്‌ വിഘാതമാവുക?

ഹൈഡ്‌ ആക്‌ട്‌ പാസായതോടെ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടില്ലെന്നും അല്ലെങ്കില്‍ ഭാഗികമായി മാത്രമേ പാലിക്കപ്പെടുകയുള്ളൂവെന്നും ഉള്ളകാര്യം വ്യക്തമായി. ഇന്ത്യയുമായുള്ള ആണവ വ്യാപാരം താഴെ പറയുന്ന നിബന്ധനകള്‍ക്ക്‌ വിധേയമായിരിക്കുമെന്ന്‌ ഹൈഡ്‌ ആക്‌ട്‌ വ്യക്തമാക്കി. ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ താല്‌പര്യങ്ങളോടൊത്ത്‌ പോകുന്നുവെന്ന്‌ പ്രസിഡന്റ്‌ എല്ലാ വര്‍ഷവും സാക്ഷ്യപത്രം നല്‍കണം. അത്‌ ഇറാനെ ഒറ്റപ്പെടുത്താന്‍ അമേരിക്കയോട്‌ ഒത്തു നില്‍ക്കുന്നതും വിവാദമായ അന്തര്‍ദേശീയ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന പ്രൊലിഫറേഷന്‍ സെക്യൂറിറ്റി ഇനിഷ്യേറ്റീവിന്‌ പിന്തുണ പ്രഖ്യാപിക്കുന്നതും ആയിരിക്കണം. അത്‌ സമ്പുഷ്‌ടീകരണം, പുനഃസംസ്‌കരണം, ഘനജലം എന്നിവ സംബന്ധിച്ച സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ നിഷേധിച്ചു. ഈ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ അതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ഇന്ധനവിതരണം നിലക്കുമെന്നുമാത്രമല്ല മറ്റുവിതരണക്കാരില്‍ നിന്നുള്ള വിതരണം ഇല്ലാതാക്കി ഇന്ത്യക്ക്‌ ഇന്ധനലഭ്യത പൂര്‍ണ്ണമായി തടയാന്‍ അമേരിക്ക പ്രവര്‍ത്തിക്കും. അത്തരം നയങ്ങളുടെ കയ്‌പേറിയ അനുഭവങ്ങള്‍ ഇന്ത്യക്കുണ്ട്‌. പൊക്രാന്‍ ക നടന്നപ്പോള്‍ താരാപ്പൂര്‍ നിലയത്തിനുള്ള ഇന്ധനവിതരണം അമേരിക്ക നിര്‍ത്തുകയും ഉപയോഗിച്ച ഇന്ധനം പുനഃസംസ്‌കരിക്കാനോ തിരിച്ചയക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്‌തു. അമേരിക്കയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ചായിരിക്കും ഇന്ത്യയുടെ ആണവ ഇന്ധനപദ്ധതി മുന്നോട്ടു പോവുകയെന്നാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌.

കരാറിനെ പിന്തുണക്കുന്നവര്‍ വാദിച്ചത്‌ ഈ വകുപ്പുകളൊന്നും ഇന്ത്യക്ക്‌ ബാധകമല്ലെന്നും അതുകൊണ്ട്‌ നാമത്‌ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ്‌. എന്നാല്‍ ഹൈഡ്‌ ആക്‌ടില്‍ ഇന്ത്യക്ക്‌ കൂടെ ബാധകമാവുന്ന പ്രസിഡന്റിന്റെ വര്‍ഷാന്ത `നല്ല സ്വഭാവ സാക്ഷ്യപത്രം'' വേണമെന്ന വകുപ്പാണ്‌ മനഃപൂര്‍വ്വം അവഗണിക്കപ്പെട്ടത്‌. അത്തരമൊരു സര്‍ട്ടിഫിക്കറ്റ്‌ വരാതിരിക്കുകയോ, വന്ന സര്‍ട്ടിഫിക്കറ്റില്‍ തന്നെ കോണ്‍ഗ്രസ്‌ അസംതൃപ്‌തി പ്രകടിപ്പിക്കുകയോ ചെയ്‌താല്‍ അമേരിക്കക്ക്‌ 123 കരാര്‍ റദ്ദാക്കുവാന്‍ കഴിയും. നമ്മള്‍ ആണവ സഹകരണകരാറില്‍ വന്‍നിക്ഷേപം നടത്തി റിയാക്‌ടറുകളും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ബ്ലാക്‌മെയില്‍ ചെയ്യപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്‌.

ചോദ്യം:- ഹൈഡ്‌ ആക്‌ട്‌ അംഗീകരിക്കപ്പെട്ടതോടെ നഷ്‌ടപ്പെട്ട നില വീണ്ടെടുക്കുവാനും മുമ്പു നല്‍കിയ ഉറപ്പുകള്‍ പരിപാലിക്കുവാനും `123 കരാര്‍' ഗവണ്‍മെന്റിനെ സഹായിക്കുമോ?

പ്രധാനമന്ത്രി മുമ്പു പറഞ്ഞത്‌ ഈ കരാറിലൂടെ പൂര്‍ണ്ണ ഇന്ധനചക്രത്തിലടക്കം സിവിലിയന്‍ ആണവസാങ്കേതിക വിദ്യയില്‍ നമുക്ക്‌ പൂര്‍ണസഹകരണം നേടിയെടുക്കാനാവുമെന്നാണ്‌. ഇന്ധനചക്ര സാങ്കേതികവിദ്യ ഉപരോധിക്കപ്പെടുമെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. അതു തന്നെയാണ്‌ ``ഇരട്ട ഉപയോഗ'' സാങ്കേതികയുടെ കാര്യവും. ഇതിനര്‍ത്ഥം ഉന്നത സാങ്കേതികവിദ്യകള്‍ സൈനികാവശ്യത്തിന്‌ ഉപയോഗപ്പെടുത്താമെന്നതിന്റെ മറവില്‍ അതൊക്കെ ഇന്ത്യക്ക്‌ നിഷേധിക്കപ്പെടുമെന്നാണ്‌. അതിനാല്‍ ഈ കരാറിന്‌ ശേഷവും നിരവധി ദശകങ്ങളായി തുടര്‍ന്നുവരുന്ന ഉപരോധങ്ങള്‍ അതേപടി തുടരും. നമ്മുടെ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറുകള്‍ക്ക്‌ എന്തൊക്കെ സുരക്ഷ ഏര്‍പ്പെടുത്തിയാലും അവ പുനഃസംസ്‌കരണപ്രക്രിയയിലേര്‍പ്പെടുന്നുണ്ടെന്നതിനാല്‍ അവയും ഉപരോധത്തിന്‌ കീഴിലാക്കപ്പെടും.

പ്രധാനമന്ത്രി പറയുന്നത്‌ ഇന്ത്യക്ക്‌ ഈ കരാറിലൂടെ ആജീവനാന്ത ഇന്ധനസുരക്ഷ ഉറപ്പ്‌ ലഭ്യമായിട്ടുണ്ടെന്നും അതിലെ വ്യവസ്ഥയനുസരിച്ച്‌ അമേരിക്ക ഇടപെട്ട്‌ മറ്റു രാജ്യങ്ങളില്‍ നിന്നടക്കം തടസ്സമില്ലാതെ ഇന്ധന ലഭ്യത ഉറപ്പാക്കുമെന്നുമാണ്‌. ഈ വകുപ്പ്‌ ബാധകമായിട്ടുള്ളത്‌ ഇന്ധനതടസ്സമുണ്ടാവുന്നത്‌ മറ്റു കാരണങ്ങളാല്‍ അമേരിക്ക കരാര്‍ റദ്ദു ചെയ്യുമ്പോള്‍ മാത്രമാണെന്ന്‌ നിരവധി വിദഗ്‌ദന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കരാര്‍ റദ്ദാക്കിയാല്‍ ഹൈഡ്‌ ആക്‌ട്‌ അനുസരിച്ച്‌ അമേരിക്ക മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന്‌ ഇന്ത്യക്ക്‌ ഇന്ധനലഭ്യത ഇല്ലാതാക്കുവാനാണ്‌ പരിശ്രമിക്കുക എന്നതാണ്‌ വ്യക്തമായ സംഗതി.

ഈ കരാറിലെ ഗൗരവതരമായ മറ്റൊരു വിഷയം കരാറിലെ റദ്ദാക്കല്‍ വ്യവസ്ഥ തന്നെയാണ്‌. റദ്ദാക്കല്‍ വ്യവസ്ഥയിലെ കൂടിയാലോചന വെറുമൊരു മുഖം മിനുക്കല്‍ വകുപ്പുമാത്രമാണ്‌. ഫലദായകമായ ഒന്നല്ല. ഇന്ത്യയുടെ വിദേശനയത്തിന്മേലുള്ള പ്രസിഡന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുപോലെ നിരവധി ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ റദ്ദാക്കാവുന്നവിധം വിശാലാടിസ്ഥാനത്തിലുള്ള ഒന്നാണ്‌ ഈ വകുപ്പ്‌. റദ്ദാക്കപ്പെട്ടു കഴിഞ്ഞാല്‍ നേരത്തെ വിതരണം ചെയ്യപ്പെട്ട എല്ലാ ആണവ വസ്‌തുക്കളും ഉപകരണങ്ങളും തിരിച്ചു കൊടുക്കേണ്ടതായി വരും. ചില നഷ്‌ടപരിഹാരത്തിനൊക്കെ അര്‍ഹതയുണ്ടെങ്കിലും ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വന്‍തോതിലുള്ള അസ്ഥിരാവസ്ഥ ഇന്ത്യ അനുഭവിക്കേണ്ടതായി വരും. കരാറിന്റെ മര്‍മ്മ പ്രധാന ഭാഗമെന്ന്‌ പറയുന്ന ഇന്ത്യയുടെ ആണവോര്‍ജ്ജപദ്ധതിയെ പ്രസിഡന്റിന്റെ വര്‍ഷാന്ത സാക്ഷ്യപത്രത്തിന്റേയോ കോണ്‍ഗ്രസിന്റേയോ ഒക്കെ പേരുപറഞ്ഞ്‌ ഭീഷണിപ്പെടുത്താവുന്നവിധത്തിലാണ്‌ റദ്ദാക്കല്‍ വ്യവസ്ഥ തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌! ഇറക്കുമതി ചെയ്‌ത ഇന്ധനം, റിയാക്‌ടറുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ആണവോര്‍ജ്ജ നിക്ഷേപം വന്‍തോതിലുള്ളതാണെന്നതിനാല്‍ ഭീഷണിയും വന്‍തോതിലുള്ളത്‌ തന്നെയായിരിക്കും.

ഗവണ്‍മെന്റ്‌ ഇപ്പോള്‍ പറയുന്നത്‌ ന്യൂക്ലിയര്‍ സപ്ലെയേഴ്‌സ്‌ ഗ്രൂപ്പ്‌ (എന്‍.എസ്‌.ജി) ഇന്ത്യയോട്‌ അനുഭാവപൂര്‍ണ്ണമായ സമീപനമെടുക്കുമെന്നും ആയതിനാല്‍ സാങ്കേതിക വിദ്യയുടേയോ ഭാവിയിലുണ്ടാവുന്ന ഇന്ധന ആവശ്യകതയുടേയോ കാര്യത്തില്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ലെന്നുമാണ്‌. ഇത്‌ സംഭവിക്കുക ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ വിതരണക്കാരുടെ റിയാക്‌ടറുകള്‍ക്കും ഉപകരണങ്ങള്‍ക്കും ദോഷകരമായ സ്ഥിതിയുണ്ടാവുമ്പോഴാണ്‌. അമേരിക്കയുടെ സ്വന്തം വ്യാപാരതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി സമവായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്‌.ജിയില്‍ ഇന്ത്യക്കുവേണ്ടി അമേരിക്ക വാദിക്കുമെന്ന്‌ കരുതുന്നത്‌ വ്യാമോഹം മാത്രമാണ്‌.

ചോദ്യം:- ഇന്ത്യാ-അമേരിക്ക ആണവകരാറില്‍ കൂടുതല്‍ കൂടിയാലോചനകളുമായി മുന്നോട്ടുപോകരുതെന്ന്‌ യു.പി.എ ഗവണ്‍മെന്റിനോട്‌ ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?

ഹൈഡ്‌ ആക്‌ടുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധി വിദഗ്‌ദ്ധരും വിശകലനക്കാരും ചൂണ്ടിക്കാട്ടിയതാണ്‌. ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാതെ 123 കരാര്‍ കൂടിയാലോചനകളുമായി മുന്നോട്ടുപോകരുതെന്ന്‌ സി.പി.ഐ (എം) ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടതാണ്‌. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷപിന്തുണ ഗവണ്‍മെന്റിനില്ലെങ്കിലും ആണവകരാറില്‍ സ്വന്തം പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു.

123 കരാറിനെക്കുറിച്ചുള്ള കൂടിയാലോചനകള്‍ വളരെ രഹസ്യമായി നടത്തുകയും അത്‌ പൂര്‍ത്തീകരിച്ച്‌ ഒരാഴ്‌ചക്ക്‌ ശേഷം മാത്രം പുറത്തുവിടുകയും ചെയ്‌തു. ഹൈഡ്‌ ആക്‌ടും 123 കരാറും ബന്ധപ്പെടുത്തി നിരവധി ചോദ്യങ്ങളുയര്‍ന്നുവന്നെങ്കിലും ഗവണ്‍മെന്റിന്‌ കരാറുമായി മുന്നോട്ടുപോകാനായിരുന്നു താല്‍പ്പര്യം. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും തര്‍ക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാതെയും ഒരു ന്യൂനപക്ഷ ഗവണ്‍മെന്റ്‌ ഇത്തരത്തിലുള്ള ഒരു വിഭാഗീയ കരാറുമായി മുന്നോട്ടുപോകുന്നത്‌ ഇടതുപക്ഷത്തിന്‌ അംഗീകരിക്കാനാവുമായിരുന്നില്ല.

അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യുമായി ഇന്ത്യയിലെ സിവിലിയന്‍ റിയാക്‌ടറുകള്‍ക്കും സൗകര്യങ്ങള്‍ക്കും ഏര്‍പ്പെടുത്തേണ്ട പ്രത്യേക സുരക്ഷകള്‍ സംബന്ധിച്ച ചര്‍ച്ച, എന്‍.എസ്‌.ജിയുമായുള്ള ചര്‍ച്ച, അന്തിമമായി 123 കരാര്‍ യു.എസ്‌. കോണ്‍ഗ്രസ്‌ പാസ്സാക്കല്‍ എന്നിവയാണ്‌ ഈ കരാര്‍ `ഫലത്തില്‍' വരുത്താന്‍ ആവശ്യമായ അടുത്ത നടപടികള്‍. 123 കരാര്‍ പുനഃപരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാന്‍ നമുക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ അത്‌ ഇപ്പോള്‍ ചെയ്യണം. ഒരിക്കല്‍ നമ്മള്‍ വിവിധ തലത്തിലുള്ള ഏജന്‍സികളുമായി കൂടിയാലോചിക്കുകയും കരാറിലെത്തുകയും ചെയ്‌താല്‍ പിന്നീടത്‌ മാറ്റാന്‍ പറ്റില്ല. ആയതിനാല്‍ ഇനി മുന്നോട്ട്‌ പോകാതെ 123 കരാര്‍ പുനഃപരിശോധിക്കുകയും ഹൈഡ്‌ ആക്‌ട്‌ ഉണ്ടാക്കുന്ന പ്രതിഫലനമെന്തെന്ന്‌ ഇപ്പോള്‍ വിലയിരുത്തുകയും വേണം. അതുകൊണ്ടാണ്‌ ഈ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കാണുന്നതുവരെ തുടര്‍കൂടിയാലോചനകള്‍ നടത്തരുതെന്ന്‌ ഇടതുപക്ഷം ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെട്ടത്‌.