ആണവകരാര്‍ 4


ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക;

അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം പാടില്ല

ആണവ ഇടപാട്‌ അതിലും വിപുലമായ ഒരു പരിപാടിയുടെ ഭാഗമാണ്‌. അതു പ്രകാരം ഇന്ത്യ അമേരിക്കന്‍ വീക്ഷണ പ്രകാരമുള്ള അവരുടെ തന്ത്രപരമായ പങ്കാളിയായിരിക്കും. ഇക്കാര്യം കോണ്ടലീസറൈസ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിനു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്‌- ``അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാഭാവികമായ പങ്കാളിയാണ്‌.... ഇപ്പോഴത്തെ ഈ മുന്‍കൈയ്യെടുക്കല്‍, പ്രഥമവും പ്രധാനവുമായി, ഈ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ഈടുറ്റതാക്കും. ഈ മേഖലയിലും അതിനപ്പുറവും മുഖ്യവിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിച്ചു നീങ്ങാനുള്ള അടിത്തറ ഇടുന്നു....'' അതുകൊണ്ട്‌, ഈ ആണവകരാറിനെ ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പിച്ച്‌ കൂട്ടിക്കെട്ടാനുള്ള മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിന്റെ പരിശ്രമത്തിന്റെ ഭാഗമായി കാണാവുന്നതാണ്‌.

പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധകരാറില്‍ ഒപ്പിട്ടതാണ്‌ വിദേശനയത്തിലെ മുഖ്യചുവടുവെയ്‌പുകളില്‍ ഒന്ന്‌. 2005 ജൂലായ്‌ 18 ന്‌ മന്‍മോഹന്‍സിംഗ്‌-ബുഷ്‌ കരാര്‍ ഒപ്പിടുന്നതിന്‌ തൊട്ടുമുന്‍പ്‌ 2005 ജൂണ്‍ 28 ന്‌ വാഷിങ്‌ടണില്‍ ഒപ്പുവെച്ച ``ഇന്ത്യാ-അമേരിക്ക പ്രതിരോധബന്ധത്തിനായുള്ള പുത്തന്‍ ചട്ടക്കൂട്‌ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണകാലത്ത്‌ 2001-ല്‍ ഒപ്പിട്ട ``തന്ത്രപരമായ പങ്കാളിത്തത്തിലെ അടുത്ത പടി''യുടെ വിപുലീകരണമാണ്‌. ഈ കരാറില്‍ ഇങ്ങനെ പ്രസ്‌താവിക്കുന്നു-``സ്വാതന്ത്ര്യം, ജനാധിപത്യം, നിയമവാഴ്‌ച എന്നിവയെ സംബന്ധിച്ച പൊതുകാഴ്‌ചപ്പാടും വിശ്വാസവും അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇന്ത്യാ-അമേരിക്ക പ്രതിരോധബന്ധം. അത്‌ സുരക്ഷാതാല്‌പര്യങ്ങളിലുള്ള പൊതുമുന്നേറ്റം വേണമെന്ന ധാരണയെ അടിസ്ഥാനപ്പെടുത്തിയതുമാണ്‌.'' പശ്ചിമേഷ്യയിലേക്ക്‌ ജനാധിപത്യം കൊണ്ടുവരികയെന്ന വ്യാജ അവകാശവാദം ഉന്നയിച്ചാണ്‌ അമേരിക്ക നിയമവിരുദ്ധമായി ഇറാഖിനെ ആക്രമിച്ചത്‌. അമേരിക്കയുമായി ``ജനാധിപത്യത്തേയും നിയമവാഴ്‌ചയേയും'' അടിസ്ഥാനപ്പെടുത്തിയുള്ള പൊതുവിശ്വാസത്തെക്കുറിച്ച്‌ പറയുന്ന ഈ കരാറില്‍ ഇന്ത്യ കടക്കുന്നതോടെ ഇന്ത്യയുടെ വിദേശനയം എങ്ങോട്ടാണ്‌ നീങ്ങുന്നതെന്ന്‌ പകല്‍പോലെ വ്യക്തമാകുന്നു.

പ്രതിരോധ ചട്ടക്കൂട്‌ കരാറിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വളരെയേറെ വൈപുല്യമുള്ളതാണ്‌; സംയുക്ത സൈനിക അഭ്യാസങ്ങള്‍, സംയുക്ത ആസൂത്രണം, മറ്റു രാജ്യങ്ങളില്‍ കൂട്ടായി ഇടപെടല്‍, പ്രതിരോധ ആയുധ സംഭരണം തുടങ്ങിയവയിലൂടെ ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുത്ത്‌ ബന്ധിക്കുന്നതിനാണ്‌ ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ ``പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച്‌ പരസ്‌പരം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കണം, അത്യാവശ്യമുള്ളപ്പോഴോ ഇടയ്‌ക്കിടയോ മാത്രമല്ല, നമ്മുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാര്‍ഗമെന്ന നിലയില്‍ സ്ഥിരമായി ഈ കൂടിയാലോചന നടത്തണം.''

മന്‍മോഹന്‍സിംഗ്‌-ബുഷ്‌ കരാര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ്‌ അന്താരാഷ്‌ട്ര ആണവ ഊര്‍ജ്ജ അതോറിറ്റിയില്‍ രണ്ടവസരങ്ങളില്‍ ഇറാനെതിരായി ഇന്ത്യ മലക്കം മറിച്ചില്‍ നടത്തിയത്‌. ഇന്ത്യയും അംഗമായിട്ടുള്ള ഐ.എ.ഇ.എയില്‍ ഇറാനെതിരായി നടത്തിയ ഈ നീക്കങ്ങളാണ്‌ ഇറാനെതിരെ ഉടന്‍ തന്നെ ഉപരോധം ഏര്‍പ്പെടുത്താനും പിന്നീട്‌ സായുധ കടന്നാക്രമണം വരെ നടത്താനും അമേരിക്കയ്‌ക്ക്‌ അരങ്ങൊരുക്കിയത്‌. ഇന്ത്യ ഐ.എ.ഇ.എയില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുകയാണുണ്ടായതെന്ന്‌ ഇപ്പോള്‍ ബുഷ്‌ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്മാര്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ സെനറ്റംഗമായ റിച്ചാര്‍ഡ്‌ ജി ലൂഗര്‍ സെനറ്റ്‌ വിദേശബന്ധ സമിതിയില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ ഇത്‌ ശരിവെച്ചുകൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: ``ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം ദൃഢതരമാകുന്നതില്‍ നിന്നുള്ള തന്ത്രപരമായ നേട്ടങ്ങള്‍ നാം ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. തങ്ങളുടെ പരമ്പരാഗതമായ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാനും അന്താരാഷ്‌ട്ര വിഷയങ്ങളില്‍ സൃഷ്‌ടിപരമായ പങ്കുവഹിക്കാനും ന്യൂഡല്‍ഹി സന്നദ്ധമാണെന്നും അവര്‍ക്ക്‌ അതിനു കഴിയുമെന്നും 2006 സെപ്‌റ്റംബറിലും 2007 ഫെബ്രുവരിയിലും ഇറാന്‍ പ്രശ്‌നത്തില്‍ ഐ.എ.ഇ.എയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്‌, ഇന്ത്യയുടെ വോട്ട്‌, സ്‌പഷ്‌ടമാക്കുന്നു''. ഈ ആണവ ഇടപാടുകാരണം ഇന്ത്യയുടെ വിദേശനയത്തില്‍ ഒരു മാറ്റവും വരില്ലെന്ന മന്‍മോഹന്‍സിംഗിന്റെ അവകാശവാദം അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നടപടികളുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല.

ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളെക്കാളും ഗുരുതരമാണ്‌ സര്‍ക്കാരിന്റെ അടുത്ത ചുവടുവെയ്‌പ്‌. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുമായി കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനികവിന്യാസ-സേവന കരാറാണ്‌ അത്‌ അക്യുസിഷന്‍ ആന്റ്‌ ക്രോസ്‌ സര്‍വീസിംങ്‌ എഗ്രിമെന്റ്‌ എന്നാണ്‌ ഇത്‌ പരക്കെ അറിയപ്പെടുന്നത്‌. മുഖ്യമായും നാറ്റോ അംഗരാഷ്‌ട്രങ്ങളുമായാണ്‌ അമേരിക്ക ഇതിനകം ഈ കരാര്‍ ഒപ്പിട്ടിട്ടുള്ളത്‌. ഈ കരാറില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്താന്‍ നടത്തുന്ന ശ്രമം ഇന്ത്യയെ നാറ്റോയുടെ ഏഷ്യയിലെ കാവല്‍പുരയായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്‌. എല്ലാ അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ഇന്ധനം നിറയ്‌ക്കാനും നിര്‍ബാധം കടന്നു വരാനും സര്‍വ്വ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമാണിത്‌. ഇതിന്റെ അതിലളിതമായ അര്‍ത്ഥം ഇങ്ങനെയാണ്‌. അമേരിക്കന്‍ നാവകസേനക്ക്‌ ഇഷ്‌ടാനുസരണം ഇറാഖിലോ ഇറാനിലോ ബോംബിട്ടിട്ട്‌ ഇന്ത്യന്‍ തുറമുഖത്തോ വിമാനത്താവളത്തിലോ എത്തി വിശ്രമിക്കുകയും വിനോദങ്ങളിലേര്‍പ്പെടുകയും ഇന്ധനം നിറക്കുകയും ചെയ്‌തശേഷം മടങ്ങിപ്പോയി വീണ്ടും കടന്നാക്രമണത്തിനു സജ്ജരായി വരാന്‍ ഈ കരാര്‍ അമേരിക്കയ്‌ക്ക്‌ അവസരമൊരുക്കി. ഇറാനെതിരായി ഇന്ത്യ രേഖപ്പെടുത്തിയ ഒരു വോട്ടില്‍ നിന്നും തുടങ്ങി പടിപടിയായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെയോ മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കെതിരെയോ അമേരിക്കന്‍ നാവികസേനക്ക്‌ കടന്നാക്രമണം നടത്താന്‍ ഇന്ത്യ ആതിഥ്യമരുളുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സൈനികവിന്യാസ-സേവനകരാര്‍ പോലെ തന്നെ പ്രതിരോധ ചട്ടക്കൂടുകരാറും ഇന്ത്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും തമ്മിലുള്ള ``പരസ്‌പര പ്രവര്‍ത്തനബന്ധ''ത്തിന്‌ അനിവാര്യമാണ്‌. ഇതില്‍ കക്ഷികളായുള്ള ഒരു രാജ്യത്തിന്റെ സൈനികര്‍ക്ക്‌ മറുരാജ്യത്തിന്റെ ആയുധങ്ങളും ഉപകരണങ്ങളും നന്നായി കൈകാര്യം ചെയ്യാനും പ്രയോഗിക്കാനും കഴിയത്തക്കവിധം രണ്ടുരാജ്യങ്ങളിലും ഒരേതരം സൈനികോപകരങ്ങള്‍ ആയിരിക്കണമെന്ന്‌ ഈ കരാര്‍ നിര്‍ദ്ദേശിക്കുന്നു. രണ്ടു രാജ്യങ്ങള്‍ക്കും സ്‌പെയറുകള്‍ (കേടായാല്‍ പകരം ഉപയോഗിക്കാന്‍ മുന്‍കരുതലായി സൂക്ഷിക്കുന്ന ഉപകരണം) പരസ്‌പരം കൈമാറാമെന്നും ഇത്‌ അര്‍ത്ഥമാക്കുന്നു. അമേരിക്കയില്‍ നിന്നുള്ള ആയുധങ്ങള്‍, പ്രത്യേകിച്ചും വിലയേറിയ യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങുന്നതിന്‌ ആണ്‌ ഇത്തരം കരാറുകള്‍ അനിവാര്യമായും ഇടയാക്കുന്നത്‌. ഈ കരാറിനെ തുടര്‍ന്ന്‌ ശതകോടിക്കണക്കിന്‌ ഡോളറിന്റെ എഫ്‌-16, എഫ്‌/എ-18എ തുടങ്ങിയ യുദ്ധവിമാനങ്ങളും മിസൈലുകളും അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങാന്‍ തുടങ്ങും.

ഇതിനും ഉപരിയായി, നാം ഏഷ്യയില്‍ അമേരിക്കയുടെ സ്വയം സന്നദ്ധരായ അവിശുദ്ധപങ്കാളിയായി മാറുകയും ചെയ്യുന്നു. ഇന്ത്യന്‍ നാവികസേന ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ ത്രികക്ഷി രാഷ്‌ട്രങ്ങളുടെ നാവികസേനകളുമായി സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്നതിനെ ത്രികക്ഷി സഖ്യത്തെ ചതുര്‍ഭുജസഖ്യമാക്കി മാറ്റുന്നതിനെ, ന്യായീകരിക്കാന്‍ ഇതിലും പറ്റിയ മറ്റൊരു വിശദീകരണത്തിന്‌ സാധ്യത ഇല്ല. എല്ലാ യുദ്ധരംഗങ്ങളിലും സാധ്യമാകുന്നിടത്തോളം ``സമ്പൂര്‍ണ്ണമായ പ്രവര്‍ത്തന കൂട്ടായ്‌മ'' ഉറപ്പാക്കണമെന്നാണ്‌ അമേരിക്കയുടെ തന്ത്രപരമായ സിദ്ധാന്തം എന്ന കാര്യം പരക്കെ അറിയപ്പെടുന്നതാണ്‌. ഏഷ്യയില്‍, പൂര്‍വ, ദക്ഷിണ-പൂര്‍വ്വ, ദക്ഷിണ ഏഷ്യന്‍ മേഖലകളിലാകെ തങ്ങള്‍ക്ക്‌ ജപ്പാനിലെ ഒക്കിനാവയില്‍ മാത്രമേ മുഖ്യമായ ഒരു സൈനികത്താവളം ഉള്ളൂ എന്നത്‌ അമേരിക്ക വലിയൊരു അസൗകര്യമായാണ്‌ കണക്കാക്കുന്നത്‌. ഈ മേഖലയില്‍ അവര്‍ക്കുള്ള മറ്റൊരു സൈനികത്താവളം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദീഗോഗാര്‍ഷ്യ മാത്രമാണ്‌. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ അസൗകര്യത്തിനുള്ള മുഖ്യമായ ഒരു പരിഹാരമാണ്‌ ഏഷ്യയിലെ അമേരിക്കന്‍ പദ്ധതികളില്‍ ഇന്ത്യയെക്കൂടികൂട്ടുചേര്‍ക്കുന്നത്‌. അപ്പോള്‍ പ്രസക്തമായ ഒരു ചോദ്യം ഉദിക്കുന്നു. അമേരിക്കന്‍ താല്‌പര്യപ്രകാരമുള്ള ഇത്തരം പദ്ധതിയില്‍ കൂട്ടുചേര്‍ന്നതുകൊണ്ട്‌ ഇന്ത്യയ്‌ക്ക്‌ എന്തുപ്രയോജനമാണ്‌ ഉണ്ടാകാനുള്ളത്‌? ഇന്ത്യയുടെ സ്വതന്ത്രവിദേശ നയത്തിന്റെ താല്‌പര്യനുസരണമാണോ ഇത്‌?

അമേരിക്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌

സൈനികോപകരണങ്ങള്‍ വാങ്ങിക്കൂട്ടല്‍


ഇന്ത്യാ-അമേരിക്ക ആണവകരാര്‍ ഇനിയും അന്തിമതീരുമാനത്തില്‍ എത്തിക്കഴിഞ്ഞില്ല, എന്നാല്‍ അതിനകം തന്നെ ഈ വാഗ്‌ദത്തകരാറിനെ ചൂണ്ടയാക്കി ഇന്ത്യയില്‍ നിന്ന്‌ നിരവധി വിലപിടിപ്പുള്ള പ്രതിരോധ കരാറുകള്‍ ഉറപ്പിക്കാനും ഭാവിയില്‍ ഉണ്ടാകുന്ന ആയുധ ഇടപാടുകള്‍ എല്ലാം സ്വായത്തമാക്കാനും അമേരിക്കയ്‌ക്കു കഴിഞ്ഞു. സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതാദ്യമായി ഇന്ത്യന്‍ സൈന്യത്തില്‍ അമേരിക്കന്‍വല്‍ക്കരണപ്രക്രിയയ്‌ക്ക്‌ തുടക്കവുമായിരിക്കുന്നു.

പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുകൂട്ടലനുസരിച്ച്‌ 2007-2012 കാലത്ത്‌, 11-ാം പദ്ധതി കാലയളവില്‍, ഇന്ത്യ 3000 കോടി ഡോളറിന്റെ (1,35,000 കോടി രൂപയുടെ) സൈനികോപകരങ്ങള്‍ വാങ്ങുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. വികസ്വരലോകത്തില്‍ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യമായി ഇന്ത്യയെ മാറ്റും. 1960കള്‍ മുതല്‍ ഈ വലിയ ആയുധകമ്പോളം അമേരിക്കന്‍ ആയുധകരാറുകാര്‍ക്കുനേരെ കൊട്ടിയടച്ചിരിക്കുകയായിരുന്നു. ഇന്ത്യയ്‌ക്ക്‌ സോവിയറ്റ്‌ യൂണിയനുമായി ഉണ്ടായിരുന്ന സുഹൃദ്‌ബന്ധത്തോട്‌ അമേരിക്ക പുലര്‍ത്തിയിരുന്ന ശത്രുതാ മനോഭാവമായിരുന്നു ആദ്യം ഇതിന്‌ മുഖ്യകാരണമായിരുന്നത്‌. പിന്നീട്‌, 1974 ലും 1998 ലും ഇന്ത്യ ആണുവായുധ പരീക്ഷണം നടത്തിയതിനോടുള്ള പ്രതികാരമായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണവും ഈ നില തുടരുകയായിരുന്നു. 2001 ല്‍ ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്‌ തുടക്കമായതോടെ ഈ ഉപരോധം അവസാനിപ്പിച്ചു. തന്മൂലം, പതിറ്റാണ്ടുകള്‍ക്കുശേഷം അമേരിക്കന്‍ ആയുധകച്ചവടസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന്‌ കോടി ഡോളറിന്റെ ആയുധകച്ചവടത്തിനായി വെമ്പല്‍കൊള്ളുകയാണ്‌. അമേരിക്കന്‍ ആയുധവില്‌പനയില്‍ മാന്ദ്യം നേരിടാനുള്ള സാധ്യതയില്‍ അമേരിക്കന്‍ സൈനിക-വ്യവസായകൂട്ടുകെട്ട്‌ വല്ലാതെ ഉല്‍ക്കണ്‌ഠാകുലരായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ്‌ അവര്‍ക്ക്‌ ഇങ്ങനെയൊരുവഴി തുറന്നു കിട്ടിയത്‌.

ഇന്ത്യ അമേരിക്കയില്‍ നിന്ന്‌ ആദ്യമായി നടത്തിയ വന്‍കിടസൈനികോപകരണ ഇടപാടാണ്‌ യു.എസ്‌.എസ്‌ ട്രെന്‍ടണ്‍ എന്ന പഴയ യുദ്ധക്കപ്പല്‍ പുതുക്കി പൊടിതട്ടിയെടുത്ത്‌ ഐ.എന്‍.എസ്‌ ജലാശ്വം(``ജലക്കുതിര'') എന്ന പുതിയ പേരില്‍ വാങ്ങിയത്‌. ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ പടക്കപ്പലാണിത്‌. ഏകദേശം 4800 ലക്ഷം ഡോളറിനാണ്‌ (2160 കോടി രൂപ) ഈ കപ്പല്‍ നാം വാങ്ങിയത്‌. മറ്റൊരു വലിയ ആയുധ ഇടപാട്‌ അമേരിക്കന്‍ നിര്‍മ്മിത ആറ്‌ ഹെര്‍ക്കുലീസ്‌ സി-130 ജെ സൈനിക ട്രാന്‍സ്‌പോര്‍ട്ട്‌ വിമാനം വാങ്ങിയതാണ്‌; ഇനിയും ആറെണ്ണം കൂടി ഉടന്‍ വാങ്ങാമെന്ന വാഗ്‌ദാനം നല്‍കിയാണ്‌ ഈ കച്ചവടം ഉറപ്പിച്ചത്‌. അമേരിക്കയുമായി നടത്തിയ ഏറ്റവും വലിയ ആയുധക്കച്ചവടമാണ്‌ 100 കോടി ഡോളറിന്റെ (4500 കോടി രൂപയുടെ) ഈ ഇടപാട്‌. ഇന്ത്യന്‍ സൈന്യം പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന സോവിയറ്റ്‌/റഷ്യന്‍ നിര്‍മ്മിത കടത്തുവിമാനങ്ങളില്‍ നിന്നുള്ള വ്യതിയാനമായിരുന്നു ഈ കടത്തുവിമാനങ്ങള്‍ വാങ്ങിയത്‌. ഹെര്‍ക്കുലീസ്‌ സി-130 ജെ കടത്തുവിമാനം കനത്ത ആയുധസജ്ജീകരണങ്ങളോടുകൂടിയതും അത്യാധുനികമായ ഏവിയോണിക്‌-ഇലക്‌ട്രോണിക്‌ പ്രതിനടപടികളോടുകൂടിയതുമാണ്‌. അമേരിക്ക വിദൂരസ്ഥമായ മറുനാടുകളില്‍ കടന്നാക്രണത്തിനായി പ്രത്യേകസേനയേയും വഹിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതും രഹസ്യസൈനികനീക്കങ്ങള്‍ക്ക്‌ വേണ്ടിയുള്ളതുമാണ്‌ ഇവ. മറുനാടുകളില്‍ സംയുക്തസൈനിക നടപടികളില്‍ ഉള്‍പ്പെടാനായുള്ള അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വളര്‍ന്നുവരുന്നതിന്റെ അവിഭാജ്യഭാഗമായാണ്‌ ഈ ``സംയോഗ''ത്തെ കാണേണ്ടത്‌.

ഇനിയും അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നത്‌ തുടരും. ഇനി നടക്കുന്ന കച്ചവടം 2000 ലക്ഷം ഡോളര്‍ വിലയ്‌ക്ക്‌ അമേരിക്കന്‍ ആയുധനിര്‍മ്മാതാക്കളായ റേയ്‌തിയോണില്‍ നിന്ന്‌ പന്ത്രണ്ട്‌ വെപ്പണ്‍ ലൊക്കേറ്റിങ്ങ്‌ റഡാറുകള്‍ (ഒളിപ്പിച്ചുവെച്ചിട്ടുള്ള ആയുധങ്ങള്‍ കണ്ടെത്താനുള്ള റഡാറുകള്‍) വാങ്ങിയ അതേ നിലവാരത്തിലുള്ള ഇടപാടുകള്‍ ആയിക്കൊള്ളണമെന്നില്ല. എട്ട്‌ പി3-സി ഓറിയോണ്‍ നാവിക നിരീക്ഷണവിമാനങ്ങള്‍ 6500 ലക്ഷം ഡോളര്‍ വിലയ്‌ക്ക്‌ അമേരിക്കയിലെ ലോക്‌ഹിഡ്‌ മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്ന്‌ വാങ്ങാനുള്ള കൂടിയാലോചനകള്‍ ഇന്ത്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിന്‌ മധുരം ചാര്‍ത്തുന്ന മേമ്പൊടിയായി ഏകദേശം 4000 ലക്ഷം ഡോളര്‍ വിലയ്‌ക്ക്‌ 16 ബഹുദൗത്യ എം.എച്ച്‌-60 ആര്‍ സിക്കോര്‍സ്‌ക്കി ഹെലികോപ്‌റ്ററുകള്‍ വാങ്ങുന്നതും പരിഗണനയിലാണ്‌. റേയ്‌തിയോണില്‍ നിന്ന്‌ പാട്രിയട്ട്‌ പി.എ.സി-3 മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയില്‍ നിന്നുള്ള കരാര്‍ ലഭിക്കാനായി അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.

126 വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 1000 കോടി ഡോളറിന്റെ (45000 കോടി രൂപ) ഇടപാടാണ്‌ എല്ലാപേരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു വമ്പന്‍ ആയുധ കച്ചവടം. ഇന്ത്യ ഇതിനായി ഉടന്‍തന്നെ ആഗോള ടെണ്ടര്‍ ക്ഷണിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കന്‍ ആയുധ നിര്‍മ്മാതാക്കളായ ബോയിങ്ങും ലോക്ക്‌നീസ്‌-മാര്‍ടിനും തങ്ങളുടെ എഫ്‌/എ-18, എഫ്‌-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക്‌ വില്‍ക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. ഇന്ത്യന്‍ വ്യോമസേനയുടെ ഉപയോഗത്തിന്‌ ഇവ അനുയോജ്യമല്ലെങ്കില്‍പ്പോലും ആണവ കരാര്‍ എന്ന ഇര ഉപയോഗിച്ച്‌ ഇന്ത്യയെ കുരുക്കാനുള്ള ശ്രമത്തിലാണവര്‍. ``123 = 126'' എന്ന മുദ്രാവാക്യമാണ്‌ ഇന്ന്‌ അമേരിക്കയില്‍ ഉയര്‍ന്നു മുഴങ്ങുന്നത്‌.

അമേരിക്ക വളരെയേറെ ശ്രദ്ധാപൂര്‍വമാണ്‌ തങ്ങളുടെ ചീട്ട്‌ ഇറക്കുന്നത്‌; തങ്ങളുടെ തന്ത്രപരമായ കുടുക്കില്‍ ഇന്ത്യ പരിപൂര്‍ണ്ണമായും അകപ്പെടുന്നതുവരെ അവരുടെ അത്യാധുനികമായ സാങ്കേതികവിദ്യയും ആയുധങ്ങളും തരാതെ അതിനെ നമ്മെ അടിയറ പറയിക്കാനുള്ള തുറുപ്പുചീട്ടാക്കുകയാണ്‌. അതുകൊണ്ട്‌ അമേരിക്ക ഇതുവരെ പാട്രിയട്ട്‌ ഇന്ത്യക്ക്‌ വില്‍ക്കാനുള്ള നടപടിക്ക്‌ അംഗീകാരം നല്‍കിയിട്ടില്ല; അത്യാധുനികമായ ആരോ മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്ക്‌ വില്‍ക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ അനുമതിയില്ല. പകരം അവര്‍ നമുക്ക്‌ വാഗ്‌ദാനം നല്‍കുന്നത്‌ പി 3-സി ഓറിയോണ്‍ മാത്രമാണ്‌. അതാണെങ്കില്‍ അവര്‍ പാകിസ്ഥാനും വില്‍ക്കുന്നുണ്ട്‌. പാകിസ്ഥാന്‌ ഇതിലും മികച്ച ഇ-2 ഹാവ്‌ക്കോയ്‌ ആകാശാക്രമണ മുന്നറിയിപ്പ്‌ വിമാനങ്ങളും വില്‍ക്കുന്നുണ്ട്‌.
അതോടൊപ്പംതന്നെ ഇന്ത്യ സ്വന്തം നിലയില്‍ അമേരിക്കന്‍ സഖ്യകക്ഷിയായ ഇസ്രായേല്‍ മുഖേന ഒളിഞ്ഞും തെളിഞ്ഞും അമേരിക്കന്‍ ആയുധ വ്യവസായികളെ സമീപിക്കുന്നുണ്ട്‌. കാരണം, ഇസ്രായേലില്‍നിന്ന്‌ ഇന്ത്യ വാങ്ങുന്ന ആയുധങ്ങള്‍ തന്നെ അവര്‍ അമേരിക്കന്‍ കമ്പനികളുമായി കൂട്ടുചേര്‍ന്ന്‌ നിര്‍മ്മിക്കുന്നവയോ പലവിധത്തില്‍ അമേരിക്കന്‍ സാങ്കേതികവിദ്യയും അമേരിക്കന്‍ ഉപകരണങ്ങളും ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നവയോ ആണ്‌. കഴിഞ്ഞ ദശകത്തില്‍ തന്നെ, ഇന്ത്യ അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളുമായി ഇടപഴകാന്‍ തുടക്കം കുറിച്ചതിനൊപ്പം, ഇന്ത്യക്ക്‌ ആയുധ വില്‍പ്പന നടത്തുന്നതില്‍ ഇസ്രായേല്‍ മുന്‍പന്തിയില്‍ എത്തിയിരുന്നു. ഇന്ന്‌ ഇന്ത്യയാണ്‌ ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ കയറ്റുമതി കമ്പോളങ്ങളിലൊന്ന്‌. 2002-06 ല്‍ ഇസ്രായേല്‍ ലോക വ്യാപകമായി 276 കോടി ഡോളറിന്റെ ആയുധങ്ങളാണ്‌ വിറ്റഴിച്ചത്‌. അതില്‍ മുന്തിയ പങ്ക്‌, 150 കോടി ഡോളറിന്റെ (6700 കോടി രൂപ) ആയുധങ്ങള്‍ ഇന്ത്യയാണ്‌ വാങ്ങിയത്‌. റഷ്യയുടെ ഇല്യൂഷന്‍ കക76 വിമാനങ്ങളെ ലക്ഷ്യമാക്കിയുള്ള മൂന്ന്‌ ഫാല്‍ക്കണ്‍ എയര്‍ബോണ്‍ ഏര്‍ലിവാണിങ്ങ്‌ (എ.ഇ.ഡബ്ല്യൂ) റഡാറുകള്‍ 110 കോടി ഡോളറിന്‌ വാങ്ങാനുള്ള ഇന്ത്യയുടെ ഓര്‍ഡറാണ്‌ 2004 ല്‍ ഇസ്രായേലിന്‌ ലഭിച്ച ഏറ്റവും വലിയ കരാര്‍. ഇസ്രായേലിന്റെ ഗ്രീന്‍പൈന്‍ റഡാര്‍ സംവിധാനവും ഇന്ത്യ വാങ്ങുന്നുണ്ട്‌. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സംരംഭമായ ആരോ സിസ്റ്റം വാങ്ങാന്‍ അമേരിക്കയില്‍ നിന്ന്‌ പച്ചക്കൊടി കാണിക്കുന്നതും കാത്തിരിക്കുകയുമാണ്‌ ഇന്ത്യ. മനുഷ്യരെക്കൂടാതെ സ്വയം ചലിക്കുന്ന ആകാശവാഹനങ്ങളും (അണ്‍മാന്‍ഡ്‌ ഏരിയല്‍ വെഹിക്കിള്‍സ്‌-യു.എ.വി) ഇസ്രായേലില്‍ നിന്ന്‌ ഇന്ത്യ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌; അതേപോലെതന്നെ ബാരാക്ക്‌ ആന്റി-ഷിപ്പ്‌ മിസൈലുകളും ഇസ്രായേലില്‍ നിന്ന്‌ വാങ്ങിയിട്ടുണ്ട്‌. (ഇതാണ്‌ എന്‍.ഡി.എ ഭരണകാലത്തെ കുപ്രസിദ്ധമായ തെഹല്‍ക്ക വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടത്‌).

ബാരാക്കിനെ സംബന്ധിച്ച്‌ പറയുമ്പോള്‍ അടുത്തയിടെ നിയമിതനായ ഇസ്രയേല്‍ പ്രതിരോധമന്ത്രി യഹൂദ്‌ ബാരാക്കിന്റെ ഉടനുള്ള ഇന്ത്യാസന്ദര്‍ശനം വെറും യാദൃച്ഛിക സംഭവമല്ല. (മിസൈലിനൊപ്പമുള്ള ``മിന്നലി''നെ വിളിക്കുന്നതും യഹൂദ്‌ ബാരാക്കിന്റെ പേരില്‍ത്തന്നെ). ആളില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന ഹെലികോപ്‌ടര്‍ ഗണ്‍ഷിപ്പുകള്‍ - ഇതിന്റെ സാങ്കേതികവിദ്യ ഇസ്രയേല്‍-അമേരിക്ക സംയുക്ത ഗവേഷണ ഫലമാണ്‌ - ഇന്ത്യയുമായി ചേര്‍ന്ന്‌ സംയുക്ത സംരംഭമായി നിര്‍മ്മിക്കാനുള്ള കരാറുണ്ടാക്കാനാണ്‌ ബാരാക്ക്‌ ഇന്ത്യയില്‍ എത്തിയത്‌. ഈ ഇടപാടിന്‌ വാഷിങ്‌ടണ്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. 250 കോടി ഡോളറിന്റെ ലോങ്ങ്‌ റേഞ്ച്‌ സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ (എല്‍.ആര്‍.എസ്‌.എ.എം) നിര്‍മ്മാണത്തിനുള്ള സംയുക്ത സംരംഭം ഇസ്രായേല്‍ എയ്‌റോ സ്‌പേസ്‌ ഇന്‍ഡസ്‌ട്രീസും (ഐ.എ.ഐ) ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാപനവും ചേര്‍ന്ന്‌ ഇന്ത്യന്‍ നാവികസേനയുടെ ആവശ്യത്തിനായി ആരംഭിക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ്‌ ഈ നിര്‍ദ്ദേശം.

ഈ സംഭവവികാസങ്ങളില്‍ എല്ലാംതന്നെ, അമേരിക്കയിലെയും ഇസ്രായേലിലെയും കമ്പനികള്‍ വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങിക്കൂട്ടാന്‍ ഇന്ത്യക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി വ്യക്തമായി കാണാനാവും. അമേരിക്ക ഈ മത്സര ഓട്ടത്തില്‍ വളരെ വൈകിയാണ്‌ എത്തിയതെങ്കിലും, അവിടുള്ള കമ്പനികള്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള ഇടപാടിന്റെ കാര്യത്തില്‍ ഫ്രഞ്ച്‌-റഷ്യന്‍ കമ്പനികളെക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. ആണവ കരാറാണ്‌ അവര്‍ക്ക്‌ അതിന്‌ അവസരം ഒരുക്കിയത്‌. ഇന്ത്യ 197 ലൈറ്റ്‌ ഹെലികോപ്‌ടറുകള്‍ വാങ്ങുന്നതിന്‌ വളരെ മുന്‍പു മുതല്‍ പരിഗണിച്ചുവരുന്ന 6000 ലക്ഷം ഡോളറിന്റെ ഒരു ഇടപാടിന്‌ യൂറോപ്യന്‍ കണ്‍സോര്‍ഷ്യം യൂറോ കോപ്‌ടറുമായി ഏകദേശം ധാരണ ഉണ്ടാക്കിയതാണ്‌. എന്നാല്‍ ആ ഇടപാട്‌ അപ്പാടെ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌; അമേരിക്കന്‍ കമ്പനിയായ ബെല്ലിന്‌ (ബി.ഇ.എല്‍.എല്‍) ന്‌ അനുകൂലമായി അമേരിക്ക ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ഇന്ത്യയില്‍ നിന്ന്‌ ഇങ്ങനെ ഒരു മനംമാറ്റത്തിന്‌ ഇടയാക്കിയത്‌. ഈ വര്‍ഷം മേയ്‌ മാസത്തില്‍, അമേരിക്കന്‍ സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥരും ബെല്ലിന്റെ എക്‌സിക്യൂട്ടീവുകളും ഇന്ത്യന്‍ അംബാസിഡര്‍ റൊണേന്‍സെന്നിനെ കാണുകയും യൂറോകോപ്‌ടുമായി ഈ ഇടപാട്‌ ഉറപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള ഭിന്നാഭിപ്രായം അറിയിക്കുകയും ചെയ്‌തിരുന്നു. അവരുടെ അഭിപ്രായം പരിഗണിക്കപ്പെടുകയാണുണ്ടായത്‌. ഇസ്രായേലില്‍നിന്നും അമേരിക്കയില്‍ നിന്നും മാത്രമായി യുദ്ധോപകരണങ്ങള്‍ വാങ്ങുന്ന ഇന്ത്യയുടെ ഈ വ്യഗ്രതയില്‍ ദീര്‍ഘകാലമായി ഇന്ത്യക്ക്‌ യുദ്ധോപകരണങ്ങള്‍ നല്‍കുന്ന റഷ്യ അസംതൃപ്‌തരാണ്‌.
ഇന്ത്യ വ്യത്യസ്‌ത രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്നോ, ഒന്നല്ലെങ്കില്‍ മറ്റൊരു കേന്ദ്രത്തില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്നോ അല്ല ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. എന്നാല്‍ അമേരിക്കയില്‍ നിന്നും അതിന്റെ ശിങ്കിടിയായ ഇസ്രായേലില്‍ നിന്നും മാത്രം ആയുധങ്ങള്‍ വാങ്ങുന്നതിലേക്ക്‌ ഇന്ത്യ ശ്രദ്ധ തിരിച്ചിരിക്കുന്നു എന്നതാണ്‌ വേദനാജനകമായ വസ്‌തുത. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആയുധങ്ങളുമായി കെട്ടുപാട്‌ ഉണ്ടായിക്കഴിഞ്ഞാല്‍, ഇന്ത്യക്ക്‌ അതിന്റെ സൈനികശേഷി തന്നെ നഷ്‌ടപ്പെടുന്നതിനോ നിരന്തരം അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനോ ഇരയാകേണ്ടിവരും. എല്ലാ ആയുധങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടം പതിയിരിക്കുന്നത്‌ നമ്മുടെ ആയുധ നിര്‍മ്മാണ സ്വയംപര്യാപ്‌തത നഷ്‌ടപ്പെടുന്നതില്‍ മാത്രമല്ല, മറിച്ച്‌, അവരുടെ ബ്ലാക്ക്‌മെയിലിങ്ങിനും നമ്മുടെ സ്വതന്ത്രമായ വിദേശനയം നഷ്‌ടപ്പെടുന്നതിനും അത്‌ ഇടയാക്കും.

അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‌ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്‌, ഇന്ത്യയെ ഒരു ``വന്‍ ശക്തി''യാക്കാന്‍ അമേരിക്ക ``സഹായിക്കും'' എന്ന വിശ്വാസമാണ്‌. ഇന്ത്യന്‍ നയരൂപീകരണത്തിന്റെ വക്താക്കളുടെ ഈ ``വന്‍ശക്തി'' മോഹം ആധാരമാക്കിയിരിക്കുന്നത്‌ അമേരിക്കയുടെ ലോക മേധാവിത്വം അംഗീകരിക്കുന്നതിനെയും നാം ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന ചേരിചേരാനയം കൈവെടിയുന്നതിനെയുമാണ്‌. ഇപ്പോഴത്തെ നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളായ എല്ലാ വിഭാഗക്കാരുടെയും സ്വപ്‌നം ഇതായിരിക്കുകയാണ്‌. എന്നാല്‍, മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചുള്ള വിദേശനയ വീക്ഷണത്തെയല്ല ഇത്‌ പ്രതിഫലിപ്പിക്കുന്നത്‌.