ആണവക്കരാര്‍1


ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക;
ആണവ കരാറുമായി മുന്നോട്ടു നീങ്ങരുത്‌

സി.പി.ഐ (എം) ഉം ഇടതുപക്ഷ കക്ഷികളും ഇന്ത്യാ-അമേരിക്ക ആണവ കരാറിനെതിരെ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഇനിയും ഈ കരാറുമായി ഒരടിപോലും മുന്നോട്ടുവയ്‌ക്കരുതെന്നാണ്‌ യു.പി.എ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത്‌ ജോര്‍ജ്‌ ബുഷാണെന്നും ഈ കരാര്‍ ഉറപ്പിക്കാന്‍ അദ്ദേഹം ഇന്ത്യക്കുവേണ്ടി വലിയ സഹായം ചെയ്‌തെന്നുമാണ്‌ പ്രധാനമന്ത്രി പ്രസ്‌താവിച്ചിരിക്കുന്നത്‌. സ്വന്തം നാട്ടില്‍പ്പോലും അല്‍പ്പവും ജനകീയ അംഗീകാരം ഇല്ലാത്ത ആളാണ്‌ ജോര്‍ജ്‌ ബുഷ്‌. പ്രസിഡന്റ്‌ ബുഷ്‌ അമേരിക്കയില്‍ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ അംഗീകാരമുള്ള ആളാണ്‌. സ്വന്തം നാട്ടിലെ ആളുകള്‍ക്ക്‌ സ്വീകാര്യനല്ലാത്ത ഒരാള്‍ എങ്ങനെയാണ്‌ പെട്ടെന്ന്‌ ഇന്ത്യയുടെ സുഹൃത്തായി പരിഗണിക്കപ്പെടുന്നത്‌? സത്യം നേരെ മറിച്ചാണ്‌.
ഇന്ത്യയുടെയോ ഇന്ത്യന്‍ ജനതയുടേയോ താല്‍പര്യം സംരക്ഷിക്കുന്നതല്ല ഈ കരാര്‍.
പ്ലാറ്റ്‌ഫോമില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ്‌ പോലെ സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നല്ല ഈ കരാര്‍. മറിച്ച്‌, ഏഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കാവല്‍പ്പുരയായി ഇന്ത്യയെ മാറ്റാനുള്ള അതിവിപുലമായ ഒരു തന്ത്രപരമായ സഖ്യത്തിന്റെ ഭാഗമാണ്‌ ഈ കരാര്‍.

വ്യവസായം, കൃഷി, പ്രതിരോധം എന്നിവയെ സംബന്ധിച്ചും സര്‍ക്കാര്‍ അമേരിക്കയുമായി കരാറുണ്ടാക്കിയിരിക്കുകയാണ്‌. ഇന്ത്യന്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയവയാണ്‌ ഇവയെല്ലാം. അമേരിക്കയുമായുള്ള ഈ തന്ത്രപരമായ സഖ്യം കാരണം ഇന്ത്യയുടെ വിദേശനയത്തിനുമേല്‍ ഇതിനകം തന്നെ അമേരിക്ക കടുത്ത സമ്മര്‍ദ്ദമാണ്‌ ചെലുത്തുന്നത്‌.

പൊതു മിനിമം പരിപാടി

സി.പി.ഐ (എം) ഉം ഇടതുപക്ഷ കക്ഷികളും യു.പി.എ സര്‍ക്കാരിന്‌ പിന്തുണ നല്‍കിയത്‌ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌. ആ പൊതു മിനിമം പരിപാടിയില്‍ ഒരിടത്തും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നുപോലുമില്ല. വാസ്‌തവത്തില്‍ ``സ്വതന്ത്ര വിദേശനയ''ത്തെക്കുറിച്ചുള്ളതാണ്‌ ആ പരിപാടിയിലെ അതിപ്രധാനമായ പരാമര്‍ശം. ബി.ജെ.പി സര്‍ക്കാര്‍ പിന്തുടര്‍ന്നുവന്ന അമേരിക്കന്‍ അനുകൂല നയം നടപ്പാക്കാന്‍ ഇടതുപക്ഷം തങ്ങള്‍ക്ക്‌ പിന്തുണ നല്‍കണമെന്നാണ്‌ ഇപ്പോള്‍ യു.പി.എ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. ഇത്‌ പൊതു മിനിമം പരിപാടിയില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ്‌; ഇത്‌ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല.

പാര്‍ലമെന്റിലെ ഭൂരിപക്ഷം


ആണവ കരാറിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍പ്പോലും, ഇന്ത്യന്‍ പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തിനെക്കാള്‍ അമേരിക്കന്‍ പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തിനും വോട്ടിനുമാണ്‌ കൂടുതല്‍ വില കല്‍പ്പിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ പാര്‍ലമെന്റിലെ മഹാഭൂരിപക്ഷം അംഗങ്ങളും കരാറിനെ എതിര്‍ക്കുകയാണ്‌; എന്നാല്‍ സര്‍ക്കാര്‍ അത്‌ കണക്കിലെടുക്കാന്‍ കൂട്ടാക്കുന്നില്ല. നേരെമറിച്ച്‌, അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ കരാറിനെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തു എന്നു മാത്രമല്ല ഹൈഡ്‌ ആക്‌ട്‌ എന്ന പേരില്‍ ഒരു പുതിയ നിയമം അംഗീകരിക്കുകയും ചെയ്‌തു. ഇന്ത്യയുമായുള്ള എല്ലാ ഭാവി ഇടപാടുകളിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും സര്‍ക്കാരിനും ബാധകമായിട്ടുള്ളതാണ്‌ ഈ നിയമം. അങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ വീക്ഷണം അംഗീകരിക്കാന്‍ സന്നദ്ധമാകാത്ത ഇന്ത്യാഗവണ്‍മെന്റ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുകയാണ്‌.

ഹൈഡ്‌ ആക്‌ട്‌


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഇന്ത്യാഗവണ്‍മെന്റ്‌ മറ്റൊരു രാജ്യത്തിലെ നിയമത്തിന്‌ കീഴ്‌പ്പെട്ടുകൊണ്ട്‌ ഒരു കരാറില്‍ ഒപ്പിടുന്നത്‌ - അതാണ്‌ ഹൈഡ്‌ ആക്‌ട്‌. 2006 സെപ്‌റ്റംബറില്‍, ഇടതുപക്ഷം പ്രകടിപ്പിച്ച ഉത്‌കണ്‌ഠകള്‍ കണക്കിലെടുത്ത്‌ പ്രധാനമന്ത്രി, കരാര്‍ ഒപ്പിടുമ്പോള്‍ വ്യക്തമായ ഒമ്പത്‌ പ്രശ്‌നങ്ങളിന്മേല്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന്‌ തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ അമേരിക്കന്‍ പാര്‍ലമെന്റ്‌ ഇന്ത്യയുമായുള്ള അതിന്റെ ബന്ധങ്ങള്‍ നിര്‍വ്വചിക്കാന്‍ ഹൈഡ്‌ ആക്‌ട്‌ എന്ന പേരില്‍ ഒരു നിയമം പാസ്സാക്കി. അത്‌ അന്തിമവും സര്‍ക്കാരിനെ സംബന്ധിച്ച്‌ എപ്പോഴും ബാധകവുമാണ്‌. അങ്ങനെ പ്രധാനമന്ത്രിയുടെ ഉറപ്പുകളെ അമേരിക്കന്‍ നിയമം തകര്‍ത്ത്‌ താറുമാറാക്കി.

വിദ്യാര്‍ത്ഥി ജയിച്ചോ തോറ്റോ എന്ന്‌ അധ്യാപകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതുപോലെ, എല്ലാവര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച്‌ വിലയിരുത്തുകയും ആ റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ അമേരിക്കന്‍ പാര്‍ലമെന്റിന്‌ നല്‍കുകയും വേണം. അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ച്‌ അവരുടെ നല്ല സുഹൃത്തായി ഇന്ത്യ മാറിയോ എന്ന പരീക്ഷയില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടോ എന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ അവിടത്തെ പാര്‍ലമെന്റിനോട്‌ പറയണം. ഉദാഹരണത്തിന്‌, ഇന്ത്യ ഇറാഖിനെതിരായ യുദ്ധത്തെ എതിര്‍ക്കുകയോ ഇറാനെയോ ലോകത്തെവിടെയെങ്കിലുമുള്ള ഏതെങ്കിലും രാജ്യത്തെയോ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനെ ഇന്ത്യ ചോദ്യം ചെയ്യുകയോ ചെയ്‌താല്‍ അത്‌ ഇന്ത്യക്കെതിരായ കറുത്ത പാടായി രേഖപ്പെടുത്തും. അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ള ഏതെങ്കിലും പരമാധികാര രാഷ്‌ട്രത്തിന്‌ ഈ വ്യവസ്ഥ അംഗീകരിക്കാനാവുമോ?

ആണവ കരാറുമായി ബന്ധപ്പെട്ടുതന്നെ അമേരിക്കന്‍ നിയമം വ്യക്തമായ ചില വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. അവയെല്ലാം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതുമാണ്‌.

� ഇന്ത്യക്ക്‌ ആവശ്യമായ സാങ്കേതികവിദ്യ അമേരിക്ക നല്‍കില്ല.

� സ്ഥിരമായി ഇന്ത്യക്ക്‌ ഇന്ധനം വിതരണം ചെയ്യാമെന്ന്‌ അമേരിക്ക ഉറപ്പു നല്‍കില്ല.

� അമേരിക്കയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും എന്തു കാരണം പറഞ്ഞിട്ടായാലും ഈ കരാറില്‍ നിന്ന്‌ പിന്മാറാം.

� അമേരിക്ക ഈ കരാറില്‍ നിന്ന്‌ പിന്മാറിയാല്‍ അവര്‍ തന്ന റിയാക്‌ടറുകളും ഇന്ധനവുമെല്ലാം തിരിച്ചെടുക്കാം.

� മുന്‍പ്‌ അവര്‍ ചെയ്‌തതുപോലെതന്നെ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെയും അവര്‍ക്ക്‌ തടയാം.

ഊര്‍ജ ആവശ്യങ്ങള്‍


ഇന്ത്യയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ഈ കരാര്‍ നമ്മെ സഹായിക്കുമെന്നാണ്‌ പ്രധാനമന്ത്രി അവകാശപ്പെടുന്നത്‌. ഇന്ത്യയിലെ മൂന്നിലൊന്ന്‌ ഗ്രാമങ്ങളും ഇപ്പോഴും അന്ധകാരത്തില്‍ അകപ്പെട്ടിരിക്കുന്നതിനു കാരണം വൈദ്യുതി മേഖലയില്‍ കൂടുതല്‍ പണം മുടക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകാത്തതും വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതുമാണ്‌. വൈദ്യുതിയുടെ വില കുതിച്ചുയരുകയാണ്‌. കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന കടക്കെണിക്ക്‌ മുഖ്യ കാരണങ്ങളിലൊന്ന്‌ ഈ ഉയര്‍ന്ന വൈദ്യുതി നിരക്കാണ്‌. ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വില ഇനിയും വര്‍ദ്ധിക്കുന്നതിനിടയാക്കും. ഇപ്പോള്‍ കല്‍ക്കരി ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന വൈദ്യുതിയുടെ വില പ്ലാന്റില്‍ യൂണിറ്റൊന്നിന്‌ 2 രൂപ 50 പൈസയാണ്‌. ഇറക്കുമതി ചെയ്യപ്പെടുന്ന റിയാക്‌ടറുകള്‍ ഉപയോഗിച്ച്‌ ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജ വൈദ്യുതിക്ക്‌ ഇതിന്റെ ഇരട്ടിയിലേറെ വിലയാകും; ഇതിന്റെ വില പ്ലാന്റില്‍ യൂണിറ്റൊന്നിന്‌ 5 രൂപ 10 പൈസയ്‌ക്കും 5 രൂപ 50 പൈസയ്‌ക്കും ഇടയ്‌ക്കാകും. അത്‌ ഉപഭോക്താവിന്‌ ലഭിക്കുമ്പോള്‍ അതിലും വളരെയധികം കൂടും. ഇത്രയും ഉയര്‍ന്ന നിരക്കിലുള്ള വില നല്‍കാന്‍ കൃഷിക്കാരനോ ഇടത്തരം ജീവനക്കാരനോ കഴിയുമോ? അപ്പോള്‍ അതിന്റെ നേട്ടം ആര്‍ക്കാണ്‌? അമേരിക്കയിലെ ആണവ റിയാക്‌ടര്‍ നിര്‍മ്മാണ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്‌. അവരുടെ റിയാക്‌ടറുകള്‍ വളരെ കുറച്ച്‌ രാജ്യങ്ങള്‍ മാത്രമേ വാങ്ങുന്നുള്ളൂ. 1996 നുശേഷം അമേരിക്കയില്‍പ്പോലും ഒരൊറ്റ ന്യൂക്ലിയര്‍ പ്ലാന്റുപോലും സ്ഥാപിച്ചിട്ടില്ല. വൈദ്യുതിമേഖലയുടെ വിപുലീകരണത്തിന്‌ ചില്ലിക്കാശുപോലും മുടക്കാന്‍ ഇല്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഒരിക്കലും താങ്ങാനാവാത്തവണ്ണം ഉയര്‍ന്ന വിലയുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയില്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അമേരിക്കന്‍ ന്യൂക്ലിയര്‍ വ്യവസായികള്‍ക്ക്‌ ലക്ഷോപലക്ഷം കോടി രൂപ നല്‍കാന്‍ ഇന്ത്യാഗവണ്‍മെന്റിന്‌ ഒരു മടിയുമില്ല! ആണവ കച്ചവടത്തിന്റെ ഗുണഭോക്താക്കള്‍ അമേരിക്കന്‍ കമ്പനികള്‍ മാത്രമാണ്‌. കുപ്രസിദ്ധമായ എന്‍റോണ്‍ ഇടപാടിനെ സംബന്ധിച്ച്‌ ഇന്ത്യയില്‍ എല്ലാപേരും ഓര്‍ക്കുന്നുണ്ടാവും. ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ ഏഴുരൂപയില്‍ ഏറെ വേണമെന്നാണ്‌ ഈ അമേരിക്കന്‍ കമ്പനി അന്ന്‌ ആവശ്യപ്പെട്ടത്‌. അതേവരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാരാഷ്‌ട്രാ വൈദ്യുതി ബോര്‍ഡ്‌ എന്‍റോണ്‍ ഇടപാടുമൂലം പാപ്പരായി. ആണവോര്‍ജം ഇന്ത്യയെ അതിനെക്കാള്‍ കുഴപ്പത്തിലാക്കും. ഇപ്പോള്‍ ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ മൂന്നുശതമാനം മാത്രമേ ആണവോര്‍ജം കൊണ്ട്‌ നിര്‍വഹിക്കപ്പെടുന്നുള്ളൂ. ജലവൈദ്യുതി പദ്ധതികളെയോ കല്‍ക്കരി ഉപയോഗിച്ചുള്ള താപപദ്ധതികളെയോ ആണ്‌ നാം പ്രധാനമായി ആശ്രയിക്കുന്നത്‌. ഈ കരാര്‍ നിലവില്‍ വന്നാല്‍പ്പോലും സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച്‌ അടുത്ത ഇരുപത്‌ വര്‍ഷത്തിനകം ആണവോര്‍ജം കൊണ്ട്‌ ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ ഏഴുശതമാനം മാത്രമേ നിര്‍വ്വഹിക്കാനാവൂ. വളരെ കുറച്ച്‌ നേടാന്‍ വേണ്ടി മാത്രം ഇത്രയേറെ പണം ചെലവഴിക്കുന്നത്‌ നമ്മുടെ ദേശീയ താല്‍പര്യം സംരക്ഷിക്കാനാണോ?

ബദല്‍ മാര്‍ഗങ്ങള്‍

ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നെന്ന നിലയില്‍ ആണവമേഖലയെ വികസിപ്പിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എണ്ണ, പ്രകൃതിവാതക എന്നിവയില്‍ നിന്നുള്ള വൈദ്യുതി ലഭ്യമാക്കുന്നതും അത്രതന്നെ പ്രധാനമാണ്‌. ഇന്ത്യയുടെ സ്വന്തമായ എണ്ണ നിക്ഷേപങ്ങളും പ്രകൃതിവാതക നിക്ഷേപങ്ങളും കണ്ടെത്തുന്നതിനായി കൂടുതല്‍ മൂലധന നിക്ഷേപം നടത്തേണ്ടതുണ്ട്‌. അതേ അവസരത്തില്‍ത്തന്നെ, പശ്ചിമേഷ്യയിലെയും മധ്യ ഏഷ്യയിലെയും രാജ്യങ്ങളാണ്‌, എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും മുഖ്യ സ്രോതസ്സുകള്‍. അതിനാല്‍ ഈ രാജ്യങ്ങളിലെ എണ്ണ-വാതക ശേഖരത്തില്‍ നിന്ന്‌ ഒരു പങ്ക്‌ നമുക്ക്‌ ലഭിക്കുന്നതിനായി ഈ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള പരമ്പരാഗതമായ ബന്ധങ്ങള്‍ നാം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. എന്നാല്‍ യഥാര്‍ഥത്തില്‍ അത്‌ നടക്കരുതെന്നാണ്‌ അമേരിക്ക ആഗ്രഹിക്കുന്നത്‌.

അമേരിക്ക ഇറാഖില്‍ ബോംബിടുന്നു; ഇറാനെ ഭീഷണിപ്പെടുത്തുന്നു. ആ നടപടികളെയൊക്കെ ഇന്ത്യ പിന്തുണയ്‌ക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
ഇത്‌ ദേശീയ താല്‍പര്യത്തിന്‌ യോജിച്ചതാണോ!

വിദേശ നയത്തിനുമേലുള്ള സ്വാധീനം

ഐ.എ.ഇ.എയില്‍ ഇന്ത്യ തങ്ങളുടെ നിലപാട്‌ മാറ്റുകയും ഒരു തവണയല്ല, രണ്ടു തവണ ഇറാനെതിരായി അമേരിക്കയോടൊപ്പം വോട്ട്‌ ചെയ്യുകയും ചെയ്‌ത നാണംകെട്ട നടപടിയില്‍ നിന്ന്‌, ആണവ ഇടപാട്‌ മൂലം ഇന്ത്യക്കുമേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം എത്രമാത്രമുണ്ടെന്ന്‌ വ്യക്തമായി കാണാവുന്നതാണ്‌. എന്നാല്‍ ചേരിചേരാ പ്രസ്ഥാനത്തിലെ മറ്റ്‌ മൂന്നാം ലോകരാഷ്‌ട്രങ്ങള്‍ അങ്ങനെ ചെയ്‌തില്ല എന്ന്‌ നാം ഓര്‍ക്കണം. അമേരിക്കയില്‍ നിന്ന്‌ ആണവ റിയാക്‌ടര്‍ ലഭിക്കുന്നതിനായി ലക്ഷക്കണക്കിന്‌ കോടി രൂപ ഇന്ത്യാഗവണ്‍മെന്റ്‌ ചെലവാക്കുകയും അതിനാവശ്യമായ ഇന്ധനം ലഭിക്കുന്നതിനുവേണ്ടി അമേരിക്കയെ കൂടുതല്‍ ആശ്രയിക്കേണ്ടതായി വരികയും ആണെങ്കില്‍, അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും ഇന്ത്യ കൂടുതല്‍ വിധേയമായിത്തീരുകയായിരിക്കും അതിന്റെ ഫലം.

അമേരിക്കയുടെ പുതിയ സൈനിക സഖ്യരാഷ്‌ട്രം 2005 ജൂണില്‍ ഒപ്പുവച്ച ഒരു പ്രതിരോധ കരാറിലൂടെ, അമേരിക്കയുമായുള്ള ഒരു സൈനിക സഖ്യത്തിലേക്ക്‌ ഇന്ത്യ കൂടുതല്‍ വലിച്ചിഴയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ കരാറിന്റെ അര്‍ത്ഥം ഇതാണ്‌:

� മൂന്നാം രാജ്യങ്ങളില്‍ വച്ചുള്ള ഇന്ത്യ-അമേരിക്കന്‍ സംയുക്ത അഭ്യാസങ്ങള്‍ക്ക്‌ ഇതാദ്യമായി ഈ കരാര്‍ അനുമതി നല്‍കുന്നു. ഇത്രയുംനാള്‍, ഇന്ത്യ നടത്തിയിരുന്ന അത്തരം ഏത്‌ സൈനിക അഭ്യാസവും ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തിലുള്ളതായിരുന്നു.

� രണ്ട്‌ കരസേനകളും രണ്ട്‌ നാവികസേനകളും രണ്ട്‌ വ്യോമസേനകളും തമ്മിലുള്ള സംയുക്ത അഭ്യാസങ്ങള്‍ മുറതെറ്റാതെ നടത്തിക്കൊണ്ടിരിക്കുന്നതാണ്‌. അതുവഴി അവയ്‌ക്ക്‌ കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.

� അമേരിക്കന്‍ യുദ്ധവ്യവസായത്തെ സഹായിക്കുന്നതിനായി അമേരിക്കന്‍ ആയുധങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും ഇന്ത്യയില്‍വച്ച്‌ സംയുക്തമായി ആയുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ആ കരാര്‍ ഉറപ്പു നല്‍കുന്നു. അങ്ങനെ ഈ കരാര്‍ വഴി, അമേരിക്കന്‍ ആയുധ നിര്‍മ്മാണ വ്യവസായത്തിന്‌ സഹസ്രകോടിക്കണക്കിന്‌ ഡോളര്‍ വരുമാനമുണ്ടാകും.

� ഇപ്പോള്‍ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന പുതിയ ലോജിസ്റ്റിക്‌സ്‌ സര്‍വീസ്‌ കരാറിന്റെ അര്‍ത്ഥം ഇതാണ്‌: അമേരിക്കന്‍ സായുധ കപ്പലുകള്‍ക്കും സായുധ വിമാനങ്ങള്‍ക്കും ഇന്ത്യയുടെ നാവികത്താവളങ്ങളിലും വ്യോമ താവളങ്ങളിലും വന്ന്‌ ഇന്ധനം നിറയ്‌ക്കാം; അറ്റകുറ്റപ്പണികള്‍ നടത്താം. ഉദാഹരണത്തിന്‌, ഇറാഖില്‍ ബോംബിട്ട്‌ ആയിരക്കണക്കിന്‌ നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്കന്‍ വിമാനങ്ങള്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിവന്ന്‌ ഇന്ധനം നിറച്ച്‌, തിരിച്ചുപോയി വീണ്ടും ബോംബിടുന്നതിന്‌, ഈ കരാര്‍ അനുസരിച്ച്‌ ഇന്ത്യയുടെ സഹകരണം ലഭിക്കും.

അമേരിക്കയുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങളില്‍ നിന്ന്‌, അമേരിക്കയുടെ സഖ്യരാജ്യങ്ങളുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങള്‍ എന്ന നിലയിലേക്ക്‌ അതിന്റെ വ്യാപ്‌തി വര്‍ദ്ധിച്ചിരിക്കുന്നു. അങ്ങനെ ജപ്പാനെയും ആസ്‌ട്രേലിയയെയും പോലെ അമേരിക്കയുടെ അടുത്ത സൈനിക സഖ്യരാഷ്‌ട്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഈ രാജ്യങ്ങളുടെ നാവിക സേനകളും ഇന്ത്യയുടെ നാവികസേനയും കൂടി സംയുക്തമായി ബംഗാള്‍ ഉള്‍ക്കടലില്‍ നാവിക യുദ്ധ പ്രകടനങ്ങള്‍ നടത്തുന്നത്‌. അമേരിക്കയുമായുള്ള ഈ സൈനിക സഖ്യത്തെ സി.പി.ഐ (എം) ഉം ഇടതുപക്ഷ പാര്‍ടികളും ശക്തമായി എതിര്‍ക്കുന്നത്‌.

കൃഷിക്കാരുടെ താല്‍പര്യങ്ങളെ ബലി കൊടുക്കുന്നു

ഇന്ത്യയിലെ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ ബലി കഴിക്കുന്ന ഒരു കരാറില്‍ 2005 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയുമായി ഒപ്പുവച്ചിരിക്കുന്നു. ആണവ കരാര്‍ നടപ്പായിക്കഴിഞ്ഞാല്‍, ആ കരാര്‍ നടപ്പാക്കണമെന്ന്‌ അമേരിക്ക നിര്‍ബന്ധം പിടിക്കും.

മേല്‍പ്പറഞ്ഞ കരാര്‍ അനുസരിച്ച്‌ ഒരു സംയുക്ത കമ്മിറ്റി ഇതിനകംതന്നെ രൂപീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. മൊണ്‍സാന്റോ, വാള്‍ മാര്‍ട്ട്‌ തുടങ്ങിയ ആഗോള കൊള്ളക്കാര്‍ ആണ്‌ അതിലെ അമേരിക്കന്‍ പ്രതിനിധികള്‍.

ഇന്ത്യയിലെ വിത്തു വിപണി തുടങ്ങിയ നിര്‍ണ്ണായക വിപണികളും അഗ്രി ബിസിനസ്സുകളും കയ്യടക്കാനാണ്‌ ഈ കമ്പനികളുടെ നീക്കം.

കച്ചവട നടപടികളിലെ പകല്‍ക്കൊള്ളയ്‌ക്ക്‌ ലോകമെങ്ങും കുപ്രസിദ്ധി നേടിയ കുത്തകയാണ്‌ വാള്‍ മാര്‍ട്ട്‌. ലോകത്തിലെങ്ങുമുള്ള കോടിക്കണക്കിന്‌ ചെറുകിട ചില്ലറ കച്ചവടക്കാരെ ആ കുത്തക കമ്പനി തകര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ അഞ്ചുകോടിയില്‍പ്പരം കുടുംബങ്ങള്‍ ചില്ലറ കച്ചവടത്തെ ആശ്രയിച്ച്‌ ജീവിക്കുന്നു. ചില്ലറ കച്ചവടമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ നാം എതിര്‍ത്തുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ചില്ലറ കച്ചവടത്തെ തകര്‍ക്കുന്നതില്‍ ലോകത്തെ ഏറ്റവും വമ്പനായ കമ്പനിയുടെ പ്രതിനിധിയെ, ബോര്‍ഡംഗമായി ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ അനുവദിക്കുന്ന കരാറില്‍ ഇന്ത്യാഗവണ്‍മെന്റ്‌ ഒപ്പുവച്ചിരിക്കുകയാണ്‌.

വിത്ത്‌ ഉല്‍പ്പാദിപ്പിക്കുന്നതിന്‌ കൃഷിക്കാര്‍ക്കുള്ള അവകാശം അവരില്‍നിന്ന്‌ കവര്‍ന്നെടുത്തുകൊണ്ട്‌ സഹസ്രകോടിക്കണക്കിന്‌ ഡോളര്‍ ലാഭമുണ്ടാക്കിയ, ഏറ്റവും വില കൂടിയ കീടനാശിനികള്‍ ഇറക്കി ലോക വിപണിയെത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന, മൊണ്‍സാന്റോ, തങ്ങള്‍ക്ക്‌ ഇന്ത്യയിലും അതേ അവകാശം ലഭിക്കണം എന്നാണ്‌ ആവശ്യപ്പെടുന്നത്‌.

കൃഷിക്ക്‌ ആവശ്യമായുള്ള സാമഗ്രികളുടെ മേലുള്ള പേറ്റന്റ്‌ അവകാശങ്ങളിലൂടെയും മറ്റ്‌ അവകാശങ്ങളിലൂടെയും, കാര്‍ഷികച്ചരക്കുകളുടെ വിപണനത്തിനുമേലുള്ള നിയന്ത്രണത്തിലൂടെയും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ മേലുള്ള നിയന്ത്രണത്തിലൂടെയും ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ ആധിപത്യം സ്ഥാപിക്കാന്‍ ഈ കരാര്‍ വഴിവയ്‌ക്കുന്നു.
ഡബ്ല്യൂ.ടി.ഒയിലും മറ്റെല്ലാ അന്താരാഷ്‌ട്ര വേദികളിലും വച്ച്‌ അമേരിക്ക, ഇന്ത്യന്‍ കൃഷിക്കാര്‍ക്ക്‌ എതിരായി യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഉദാഹരണത്തിന്‌, അമേരിക്കന്‍ ഗവണ്‍മെന്റ്‌ വന്‍തോതില്‍ സബ്‌സിഡി നല്‍കി ഉല്‍പ്പാദിപ്പിച്ച്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ പരുത്തി ഇന്ത്യയിലെ പരുത്തിക്കൃഷിക്കാരെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നു. കൃഷിക്കാരുടെ ആത്മഹത്യക്കുള്ള ഒരു പ്രധാന കാരണം അതാണ്‌.

ഈ കരാര്‍ നടപ്പാക്കുകയാണെങ്കില്‍, ഇതിലും കൂടുതല്‍ കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

ജനവിരുദ്ധ-ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നു


ഇന്ത്യയും അമേരിക്കയും തമ്മില്‍ ``തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം'' വളര്‍ത്തുന്നതിനുവേണ്ടി, അമേരിക്കന്‍ കുത്തകകളുടെയും ഇന്ത്യന്‍ കുത്തകകളുടെയും പ്രതിനിധികളുടെ ഒരു സംയുക്ത വേദി രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. ഈ പങ്കാളിത്തം എന്തിനു വേണ്ടിയാണ്‌? ഒരു കാര്യം ഉറപ്പാണ്‌: ദിവസത്തില്‍ 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളില്‍ 77 ശതമാനം വരുന്ന ആളുകള്‍ക്ക്‌ വേണ്ടിയല്ല അത്‌.

ഈ സമിതി 30 ശുപാര്‍ശകള്‍ അടങ്ങുന്ന ഒന്നാം ഘട്ടം പ്രഖ്യാപിച്ചിട്ടുണ്ട്‌. അതില്‍ 21 എണ്ണവും ഇന്ത്യന്‍ വിപണി അമേരിക്കന്‍ വ്യവസായത്തിനു തുറന്നു കിട്ടുന്നതിനുവേണ്ടിയുള്ള ആവശ്യങ്ങളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌.

� ചില്ലറക്കച്ചവടത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കണം.

� ഇന്‍ഷ്വറന്‍സ്‌ മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം

� വിദ്യാഭ്യാസ മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം.

� ഫിനാന്‍ഷ്യല്‍ മേഖല തുറന്നു കൊടുക്കുക

നാണക്കേടെന്നേ പറയേണ്ടൂ, ഈ സ്ഥിതിക്ക്‌ ഇന്ത്യാഗവണ്‍മെന്റ്‌ നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്‌തിരിക്കുന്നു.

ആണവകരാര്‍ നടപ്പായി കഴിഞ്ഞാല്‍, തങ്ങളുടെ ആവശ്യം അനുവദിപ്പിക്കുന്നതിനായി അമേരിക്കന്‍ കമ്പനികള്‍, ഇന്ത്യാഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

മനുഷ്യത്വരഹിതമായ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന ഇന്ത്യയിലെ തൊഴിലാളികളെയും ജീവനക്കാരെയും സംബന്ധിച്ചിടത്തോളം, ഈ കരാര്‍ നടപ്പാക്കപ്പെട്ടാല്‍ അത്‌ കൂടുതല്‍ ദുരിതങ്ങള്‍ക്ക്‌ ഇടവരുത്തും.

കരാര്‍ നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കുക


ഈ കരാര്‍ നടപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന്‌ സി.പി.ഐ(എം) ഉം ഇടതുപക്ഷ കക്ഷികളും ആവശ്യപ്പെടുന്നത്‌ ഈ കാരണങ്ങള്‍ കൊണ്ടെല്ലാമാണ്‌. ഇതൊരു ആണവകരാര്‍ മാത്രമല്ല, അതിനേക്കാള്‍ കൂടുതല്‍ വലിയ ഒന്നാണ്‌. ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളിലും (ഇന്ത്യയുടെ പരമാധികാരത്തിന്റെ മേഖലയിലായാലും ശരി, സാധാരണ ജനങ്ങളുടേയും കൃഷിക്കാരുടേയും തൊഴിലാളികളുടേയും ജീവനക്കാരുടേയും താല്‌പര്യങ്ങളുടെ കാര്യത്തിലായാലും ശരി) അമേരിക്കന്‍ അജണ്ട നടപ്പാക്കുന്നതിനുള്ള വന്‍പദ്ധതിയുടെ ഭാഗമാണത്‌.

ഈ കരാറിനെതിരായി സി.പി.ഐ (എം) ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നതിന്റെ ഫലമായി, നമുക്കും ഇടതുപക്ഷകക്ഷികള്‍ക്കും എതിരായി നിന്ദ്യമായ പ്രചരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിയ്‌ക്കാന്‍ കഴിവുള്ള സമര്‍ത്ഥരമായ സുഹൃത്തുകള്‍ അമേരിക്കയ്‌ക്കുണ്ടെന്ന്‌ നമുക്കറിയാം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും രാജ്യത്തെ സാധാരണ ജനങ്ങളുടെ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍, ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ മഹത്തായ ഒരു പാരമ്പര്യമാണുള്ളത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഈ ഘട്ടത്തിലും, നാം ഒറ്റക്കെട്ടായി നിന്ന്‌ ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെടേണ്ടത്‌ ഇതാണ്‌: നമ്മുടെ താല്‍പര്യങ്ങള്‍ക്ക്‌ എതിരായി ഒരു കരാറുമായി മുന്നോട്ടുപോകരുത്‌; പൊതുമിനിമം പരിപാടി നടപ്പാക്കുക; പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ശബ്‌ദം ചെവിക്കൊള്ളുക.