കേരളത്തിനൊരു അഭിവൃദ്ധിപദ്ധതി


(`കേരളത്തിനൊരു അഭിവൃദ്ധിപദ്ധതി' എന്ന ശീര്‍ഷകത്തിലാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 1957 ലെ തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌.)

കേരളത്തിനൊരു അഭിവൃദ്ധിപദ്ധതി
വികസനപരിപാടികള്‍

1. രണ്ടാം പഞ്ചവല്‍സരപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം 200 കോടി രൂപയായി വര്‍ധിപ്പിക്കുക;

2. കേരളത്തിന്റെ മണ്ണില്‍ കണ്ടുവരുന്ന അപൂര്‍വമായ ഖനിജങ്ങളെപ്പറ്റി കേന്ദ്രഗവണ്‍മെന്റ്‌ നടത്താമെന്നേറ്റിട്ടുള്ള സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും അവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യവസായങ്ങള്‍ തുടങ്ങുകയും ചെയ്യുക;

3. ആലുവയിലെ റെയര്‍ എര്‍ത്ത്‌ ഫാക്‌ടറിയോടനുബന്ധിച്ച്‌ തോറിയം ബാര്‍ ഫാക്‌ടറി സ്ഥാപിക്കുക;

4. ചവറയില്‍ നിന്ന്‌ മണല്‍ സംസ്‌കരിക്കാതെ കയറ്റി അയയ്‌ക്കുന്നതു നിര്‍ത്തുകയും മണല്‍ സംസ്‌കരിക്കാനും ധാതുദ്രവ്യങ്ങള്‍ ശുദ്ധിചെയ്‌ത്‌ എടുക്കാനും അവിടെത്തന്നെ ഏര്‍പ്പാടുകളുണ്ടാക്കുകയും ചെയ്യുക;

5. കേരളത്തിലെ എല്ലാ നദികളിലെയും ജലപ്രവാഹത്തെ ശരിക്കും പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള ഒരു ജലസേചന വിദ്യുച്ഛക്തി നിര്‍മാണപരിപാടി, വിശദമായ സര്‍വേ നടത്തി തയ്യാറാക്കുക;

6. രണ്ടാം പഞ്ചവല്‍സരപദ്ധതിക്കാലത്തു തന്നെ വടക്കേ മലബാറിലെ ബാരാപ്പുഴ പദ്ധതി, വള്ളുവനാടു താലൂക്കിലെ കാഞ്ഞിരപ്പുഴ പദ്ധതി, നെന്മാറയിലെ പോത്തുണ്ടി പദ്ധതി എന്നിവ കൂടി ഏറ്റെടുത്തു നടത്തുക;

7. ചെറുകിട പദ്ധതികള്‍ വഴി ജലസേചനം പരമാവധി വികസിപ്പിക്കാനാവശ്യമായ തുക നീക്കിവയ്‌ക്കുക;

8. ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍നിര്‍മാണകേന്ദ്രം കൊച്ചിയില്‍ സ്ഥാപിക്കുക;

9. കോച്ച്‌നിര്‍മാണ ഫാക്‌ടറി; സ്റ്റീല്‍ റോളിങ്‌ മില്‍, മെഷീന്‍ ടൂള്‍ ഫാക്‌ടറി മുതലായവ പൊതുമേഖലയില്‍ത്തന്നെ കേരളത്തില്‍ തുടങ്ങുക;

10. കേരളത്തിലെ വ്യവസായികളും വ്യവസായവികസനത്തില്‍ താല്‍പ്പര്യമുള്ളവരുമായ എല്ലാവരുമായി കൂടിയാലോചിച്ച്‌ സ്വകാര്യമേഖലയില്‍ വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു പ്രായോഗികപരിപാടി തയ്യാറാക്കുകയും അതനുസരിച്ച്‌ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനു വ്യവസായസഹായ കോര്‍പ്പറേഷന്‍വഴി ആവശ്യമായ സഹായം നല്‍കാനേര്‍പ്പാടുണ്ടാക്കുകയും ചെയ്യുക;

11. കേരളത്തിലെ കമ്യൂണിറ്റി പ്രോജക്‌റ്റുകളുടെയും ദേശീയ വികസനബ്ലോക്കുകളുടെയും പ്രവര്‍ത്തനാനുഭവം പഠിച്ച്‌ ഇവിടത്തെ ഗ്രാമങ്ങളുടെ സ്ഥിതിക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച്‌ അവയുടെ പരിപാടിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുക;

12. കൊച്ചി തുറമുഖത്തിനുപുറമേ ഇന്നുതന്നെ ഉപയോഗിക്കുന്നതും ഉപയോഗിക്കാവുന്നതുമായ ബേപ്പൂര്‍, വിഴിഞ്ഞം മുതലായ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ പരിപാടി തയ്യാറാക്കുക;

13. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഒരു റെയില്‍വേ വികസനപരിപാടി തയ്യാറാക്കുകയും തലശ്ശേരി-മൈസൂര്‍ റെയില്‍വേയും കൊല്ലം-ആലപ്പുഴ-കൊച്ചി റെയില്‍വേയും രണ്ടാം പഞ്ചവല്‍സരപദ്ധതിക്കാലത്തുതന്നെ ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കുകയും ചെയ്യുക.

14. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ ഇടമുറിയാത്ത ഒരു ജലഗതാഗതമാര്‍ഗം നിര്‍മിക്കുക;

15. വടക്കേ മലബാറില്‍ ഒരു ഉപ്പു പടന്ന (ഉപ്പളം) തുടങ്ങാനുള്ള സാധ്യതകളാരായുക;

16. വിദ്യാഭ്യാസ-വൈദ്യസഹായ സൗകര്യങ്ങള്‍ മുതലായ സാമൂഹ്യസര്‍വീസുകള്‍ താരതമ്യേന കുറവായ മലബാര്‍, തൊഴിലില്ലായ്‌മ കൊണ്ടും മറ്റും അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന തീരദേശങ്ങള്‍, വ്യാവസായികമായി എത്രയോ പിന്നണിയില്‍ കിടക്കുന്ന തിരുവനന്തപുരം ജില്ല മുതലായി കേരളത്തിന്റെ തന്നെ പ്രത്യേക പ്രദേശങ്ങളുടെ വികസനത്തില്‍ സവിശേഷ ശ്രദ്ധ ചെലുത്തുക.

തൊഴിലാളികളുടെ ആവശ്യങ്ങള്‍

1. പൂര്‍ണമായും ഭാഗികമായും തൊഴിലില്ലാത്തവരുടെയും തൊഴിലില്ലാതാവുന്നവരുടെയും രജിസ്റ്റര്‍ സൂക്ഷിക്കാനും തീരെ തൊഴിലില്ലാത്തവര്‍ക്കു പുതിയ വ്യവസായങ്ങള്‍ തുടങ്ങുമ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങളിലും മുന്‍ഗണന നല്‍കാനും വ്യവസ്ഥ ചെയ്യുക;

2. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ആഭിമുഖ്യത്തില്‍ തൊഴിലില്ലായ്‌മ ഇന്‍ഷുറന്‍സ്‌ പദ്ധതിയും റിലീഫ്‌ ഫണ്ടും പിരിച്ചുവിടല്‍ കൂടാതെ ലേ ഓഫ്‌ കോംപന്‍സേഷനും ഏര്‍പ്പെടുത്തുക;

3. രജിസ്റ്റര്‍ ചെയ്‌ത എല്ലാ ട്രേഡ്‌യൂണിയനുകള്‍ക്കും അംഗീകാരം നല്‍കേണ്ടത്‌ നിര്‍ബന്ധമാക്കുക;

4. ഒരു വ്യവസായസ്ഥാപനത്തില്‍ ഒന്നിലധികം യൂണിയനുകളുണ്ടെങ്കില്‍, ആര്‍ക്കാണ്‌ പ്രാതിനിധ്യമെന്നു തീര്‍ച്ചയാക്കാന്‍ വിവിധ യൂണിയനുകള്‍ തമ്മില്‍ കൂടിയാലോചിച്ച്‌ ഒരു തീരുമാനത്തിലെത്താന്‍ പ്രോല്‍സാഹിപ്പിക്കുക; അതു കഴിഞ്ഞില്ലെങ്കില്‍ രഹസ്യവോട്ടെടുപ്പ്‌ നടത്തി തൊഴിലാളികളുടെ ഭൂരിപക്ഷാഭിപ്രായമറിയുക;

5. തൊഴില്‍ത്തര്‍ക്കങ്ങളില്‍ മുതലാളികളുടെ ഭാഗത്തു പോലീസിടപെടുന്നതു നിര്‍ത്തുകയും തര്‍ക്കങ്ങള്‍ കൂടിയാലോചനവഴി തീര്‍ക്കാന്‍ എല്ലാ നിലവാരത്തിലും വ്യവസായബന്ധക്കമ്മിറ്റികളുണ്ടാക്കുകയും ചെയ്യുക;

6. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും നിയമപ്രകാരം അനുവദിക്കുക;

7. എല്ലാ വ്യവസായങ്ങളിലും എല്ലാ വിഭാഗത്തിലുംപെട്ട തൊഴിലാളികള്‍ക്ക്‌ ഉടനേ 25 ശതമാനം കൂലി കൂടുതല്‍ അനുവദിക്കാന്‍ നടപടികളെടുക്കുക;

8. കേരളത്തിലെ തോട്ടങ്ങള്‍, അലൂമിനിയം, റയോണ്‍സ്‌, മിനറല്‍സ്‌, തുറമുഖം മുതലായ വ്യവസായങ്ങളില്‍ ദേശീയ മിനിമംകൂലി നിജപ്പെടുത്തുക;

9. എല്ലാ തൊഴിലാളികള്‍ക്കും മാറ്റിവയ്‌ക്കപ്പെട്ട കൂലി എന്ന നിലയ്‌ക്ക്‌ വാര്‍ഷികബോണസ്‌ കിട്ടാനുള്ള അവകാശം അംഗീകരിക്കുകയും അതു ചുരുങ്ങിയത്‌ ഓരോ തൊഴിലാളിയുടെയും വാര്‍ഷികവരുമാനത്തിന്റെ പന്ത്രണ്ടര ശതമാനമായിരിക്കണമെന്നു നിജപ്പെടുത്തുകയും ചെയ്യുക;

10. മലബാറിലും തിരു-കൊച്ചിയിലും മിനിമംകൂലി നിജപ്പെടുത്തിയ വ്യവസായങ്ങള്‍ വ്യത്യസ്‌തങ്ങളും കൂലിത്തോത്‌ വിഭിന്നങ്ങളും ആയതുകൊണ്ട്‌, അത്‌ ഏകീകരിക്കുകയും കൂടുതലുയര്‍ന്ന തോത്‌ എല്ലാ ഭാഗത്തേക്കും ബാധകമാക്കുകയും, നിശ്ചയിച്ച മിനിമം കൂലി നടപ്പിലാക്കാത്ത മുതലാളികള്‍ക്കെതിരായി കര്‍ശന നടപടികളെടുക്കുകയും ചെയ്യുക;

11. സര്‍ക്കാര്‍ നടത്തുന്നതോ സര്‍ക്കാരിനു ഷെയറുള്ളതോ ആയ വ്യവസായങ്ങളുടെയും ഫാക്‌ടറികളുടെയും മാനേജ്‌മെന്റിലും ഡയറക്‌ടര്‍ ബോര്‍ഡുകളിലും തൊഴിലാളികള്‍ക്കുകൂടി മതിയായ പ്രാതിനിധ്യം നല്‍കുക.

കാര്‍ഷികപരിഷ്‌കാരങ്ങള്‍

1. ഒരു കുടുംബത്തിനു കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരമാവധി പരിധി 3,600 രൂപ കൊല്ലത്തില്‍ അറ്റാദായം കിട്ടാവുന്ന ഭൂമിയെന്നു നിശ്ചയിക്കുകയും അതില്‍ക്കൂടുതലുള്ള ഭൂമിയെടുത്തു ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും കാര്‍ഷികത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യുകയും ചെയ്യാനുള്ള നിയമനിര്‍മാണം കൊണ്ടുവരിക;

2. റബ്ബര്‍, തേയില, കാപ്പി, ഏലം എന്നിവ കൃഷി ചെയ്യുന്ന എസ്‌റ്റേറ്റുകളൊഴിച്ചുള്ള എല്ലാ ഭൂമികള്‍ക്കും ഇത്തരം എസ്റ്റേറ്റുകളില്‍ത്തന്നെയുള്ള മറ്റു കൃഷികള്‍ ചെയ്യാവുന്ന കൊല്ലികള്‍ക്കും ചതുപ്പുനിലങ്ങള്‍ക്കും ഈ പരിധിനിര്‍ണയം ബാധകമാക്കുക;

3. എല്ലാ ഭൂമികള്‍ക്കും മൊത്തവിളവിന്റെ ആറിലൊന്നില്‍ കൂടാത്ത മര്യാദപ്പാട്ടം നിജപ്പെടുത്തുക;

4. പങ്കുപാട്ടം, വാരം, ശമ്പളപ്പാട്ടം എന്നിവയുള്‍പ്പെടെ എല്ലാത്തരം കുടിയാന്മാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുക;

5. ഒരു കൊല്ലത്തിനു മേലേയുള്ള പാട്ടക്കുടിശ്ശിക മുഴുവന്‍ റദ്ദാക്കുക;

6. എല്ലാവിധ പാട്ടമൊഴിപ്പിക്കലും കുടിയിറക്കുകളും നിരോധിക്കുക;

7. മര്യാദപ്പാട്ടത്തിന്റെ ഒരു നിശ്ചിത ഇരട്ടി എന്ന തോതില്‍ പ്രതിഫലം നിശ്ചയിച്ച്‌ ജന്മികള്‍ക്ക്‌ ഭൂമിയിലുള്ള അവകാശങ്ങള്‍ അവസാനിപ്പിച്ച്‌ കുടിയാന്മാരെ ഭൂമിയുടെ യഥാര്‍ഥ ഉടമകളാക്കുക;

8. ഹുണ്ടികവ്യാപാരികള്‍ വസൂലാക്കുന്ന പലിശ നിരക്ക്‌ നിയമംമൂലം കര്‍ശനമായി നിജപ്പെടുത്തുകയും ഹുണ്ടികവ്യാപാരത്തിനു ലൈസന്‍സ്‌ ഏര്‍പ്പെടുത്തുകയും ചെയ്യുക;

9. കാര്‍ഷിക കടംവായ്‌പയ്‌ക്കുവേണ്ടി രണ്ടാം പഞ്ചവല്‍സരപദ്ധതിയില്‍ കേരള സംസ്ഥാനത്തിന്‌ 25 കോടി രൂപ നീക്കി വയ്‌ക്കുക; ഈ വായ്‌പ കൃഷിക്കാര്‍ക്കു കിട്ടാന്‍ വില്ലേജുതോറും സഹകരണാടിസ്ഥാനത്തില്‍ ഗ്രാമീണ കടംവായ്‌പ ബാങ്കുകള്‍ തുറക്കുക; അവയുടെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ നിയമത്തില്‍ വരുത്തുക;

10. വില്ലേജുതോറും ധാന്യബാങ്കുകളും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിനിമയം ചെയ്യാനുള്ള മാര്‍ക്കറ്റിങ്‌ സൊസൈറ്റികളും സ്ഥാപിക്കുക;

11. കൃത്രിമ കടങ്ങള്‍ റദ്ദു ചെയ്‌ത്‌, മറ്റുള്ള കടങ്ങളില്‍ വെട്ടിക്കുറയ്‌ക്കേണ്ടവ കുറച്ചും ബാക്കി ദീര്‍ഘകാലഗഡുക്കളായി അടച്ചുതീര്‍ക്കാന്‍ വ്യവസ്ഥ ചെയ്‌തും കൃഷിക്കാരെ കടഭാരത്തില്‍ നിന്നു രക്ഷിക്കുക;

12. നാളികേരം, കുരുമുളക്‌, അടയ്‌ക്ക, പുല്‍ത്തൈലം, ചുക്ക്‌, കപ്പ, കശുഅണ്ടി മുതലായ കേരളത്തിലെ മുഖ്യകാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ അടിസ്ഥാനവില നിജപ്പെടുത്താന്‍ നടപടികളെടുക്കുക;

13. കൃഷി ചെയ്യാവുന്ന തരിശു-പുറംപോക്കു-വനംഭൂമികള്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും കാര്‍ഷികത്തൊഴിലാളികള്‍ക്കും കൃഷി ചെയ്യാന്‍ വീതിച്ചുകൊടുക്കുക; അത്തരം ഭൂമിയില്‍ കയറി കുറേ കൊല്ലങ്ങളായി കൃഷിചെയ്‌തു ജീവിക്കുന്ന കൃഷിക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ നടപടികളും ഉപേക്ഷിക്കുക;

14. മൈനര്‍ ജലസേചനങ്ങള്‍ക്കായി രണ്ടാം പഞ്ചവല്‍സരപദ്ധതിയില്‍ കേരളത്തിലേക്ക്‌ 10 കോടി രൂപ നീക്കിവയ്‌ക്കുകയും അവയുടെ നിര്‍മാണപ്രവര്‍ത്തനം പഞ്ചായത്തുകളെ ഏല്‍പ്പിക്കുകയും ചെയ്യുക;

15. കാര്‍ഷികോല്‍പ്പാദന സഹകരണസംഘങ്ങള്‍ രൂപീകരിച്ചു കൃഷി നടത്താന്‍ തയ്യാറായി മുന്നോട്ടുവരുന്ന കൃഷിക്കാര്‍ക്ക്‌ എല്ലാവിധ സഹായങ്ങളും നല്‍കുക.

കാര്‍ഷികത്തൊഴിലാളികള്‍

1. മേഖലാടിസ്ഥാനത്തിലും തൊഴിലിന്റെ അടിസ്ഥാനത്തിലും എല്ലാ കാര്‍ഷികത്തൊഴിലാളികള്‍ക്കും മര്യാദക്കൂലിയും വേലസമയവും നിജപ്പെടുത്തുക;

2. കാര്‍ഷികത്തൊഴിലാളികള്‍ക്കു പണിയായുധങ്ങളും മറ്റും വാങ്ങുവാന്‍ ചുരുങ്ങിയ പലിശയ്‌ക്കു കടം കിട്ടാനേര്‍പ്പാടുണ്ടാക്കുക;

3. കാര്‍ഷികത്തൊഴിലാളികളെ--വിശേഷിച്ചും ഹരിജനങ്ങളെ--ജന്മികളും നാട്ടുപ്രമാണികളും അടിമകളാക്കി വയ്‌ക്കുകയും പാട്ടത്തിനു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം നിയമംമൂലം നിരോധിക്കുക;

4. കാര്‍ഷികത്തൊഴിലാളികള്‍ക്കുവേണ്ടി ഭവനനിര്‍മാണപദ്ധതികള്‍ കൂടുതല്‍ വിപുലമായി നടപ്പിലാക്കുക;

5. കാര്‍ഷികത്തൊഴിലാളികളുടെ ഇടയിലുള്ള തൊഴിലില്ലായ്‌മയ്‌ക്കു പരിഹാരം കാണാന്‍ സഹായിക്കുന്നതിന്‌ അവര്‍ പരമ്പരയായി നടത്തുന്ന കുടില്‍വ്യവസായങ്ങളെ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച്‌ പ്രോല്‍സാഹനവും സഹായവും നല്‍കുക.

കയര്‍, കൈത്തറി, കശുഅണ്ടി, മല്‍സ്യവ്യവസായങ്ങള്‍

1. തൊണ്ടിനു വില നിയന്ത്രിച്ച്‌ ന്യായമായ വിലയ്‌ക്ക്‌ അത്‌ ഉല്‍പ്പാദകര്‍ക്കു കിട്ടാനും തൊഴിലാളികള്‍ക്കു ന്യായമായ മിനിമം കൂലി ലഭിക്കാനും കയറിന്റെ വില ശരിയായ തോതില്‍ നിര്‍ത്താനും സഹായിക്കുക;

2. കയര്‍ സഹകരണസംഘങ്ങളില്‍നിന്ന്‌ ഇടത്തട്ടുകാരെയും അഴിമതിക്കാരെയും പുറത്താക്കി അവയെ ചെറുകിട ഉല്‍പ്പാദകരുടെയും തൊഴിലാളികളുടെയും ജനാധിപത്യനിയന്ത്രണത്തില്‍ കൊണ്ടുവരിക;

3. കയറ്റുമതിയുല്‍പ്പന്നങ്ങള്‍ക്ക്‌ മാര്‍ക്കറ്റുണ്ടാക്കുക, ആഭ്യന്തരകമ്പോളം വികസിപ്പിക്കുക, കൂലി ഏകീകരിക്കുക, വ്യവസായത്തില്‍ നിന്നുള്ള ലാഭം നമ്മുടെ രാജ്യത്തുതന്നെ ഉപയോഗപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കുവേണ്ടി കയര്‍വ്യവസായത്തില്‍ വിദേശമൂലധനത്തിനു പിടിയുള്ള എല്ലാ വ്യവസായശാലകളും ദേശസാല്‍ക്കരിക്കുക, കപ്പല്‍ക്കൂലി നിരക്കിലുള്ള വിവേചനംമൂലവും പല യൂറോപ്യന്‍ രാജ്യങ്ങളും കയറുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരായി കനത്ത നികുതികളും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ടും കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞിട്ടുള്ളതു നികത്താന്‍ സാധ്യമായ എല്ലാ നടപടികളുമെടുക്കുക;

4. കൈത്തറി നെയ്‌ത്തു സഹകരണസംഘങ്ങളില്‍ എല്ലാ നെയ്‌ത്തുകാരെയുമുള്‍പ്പെടുത്തുക, സംഘങ്ങളുടെ പ്രവര്‍ത്തനമൂലധനം വര്‍ധിപ്പിക്കുക, കേന്ദ്ര-പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കാനാവശ്യമായ ഭേദഗതികള്‍ നിയമത്തില്‍ വരുത്തുക;

5. കൈത്തറിക്കുവേണ്ട സാമഗ്രികള്‍ നിര്‍മിക്കാനൊരു ഫാക്‌ടറി, ഒരു ബ്ലീച്ചിങ്‌ ആന്‍ഡ്‌ കലണ്ടറിങ്‌ പ്ലാന്റ്‌, കൈത്തറി നെയ്‌ത്തു സഹകരണസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ നൂല്‍നൂല്‍പ്പു മില്ലുകള്‍ എന്നിവ സ്ഥാപിക്കുക;

6. മീന്‍പിടിത്തക്കാരെ മുഴുവന്‍ സഹകരണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച്‌ മല്‍സ്യം പിടിക്കാന്‍വേണ്ട ഉപകരണങ്ങള്‍ വാങ്ങാനും വില്‍പ്പന നടത്താനും വേണ്ട സഹായം നല്‍കുക; അവര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഭവനനിര്‍മാണപദ്ധതി തുടങ്ങുകയും വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും സൗകര്യങ്ങളുണ്ടാക്കുകയും ചെയ്യുക; ട്രോളര്‍ മുതലായവ ഉപയോഗിച്ച്‌ പുറംകടലില്‍ മല്‍സ്യം പിടിക്കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുക;

7. കശുഅണ്ടി വികസനത്തില്‍ പൂട്ടിയിട്ടിട്ടുള്ള ഫാക്‌ടറികള്‍ മുഴുവന്‍ ഏറ്റെടുത്തു നടത്താന്‍ ഒരു സംസ്ഥാന ട്രേഡിങ്‌ കോര്‍പ്പറേഷനോ സര്‍ക്കാരിന്റെ സഹായത്തോടുകൂടി ആ ഫാക്‌ടറികളില്‍ പണിയെടുത്തിരുന്ന മുഴുവന്‍ തൊഴിലാളികളെയും ഉള്‍ക്കൊള്ളുന്ന സഹകരണസംഘങ്ങളോ രൂപീകരിക്കുക, കൊല്ലത്തില്‍ മുഴുവനും കശുഅണ്ടി ഫാക്‌ടറികള്‍ക്കു ജോലി ഉണ്ടാകത്തക്ക വിധത്തില്‍ വേണ്ടത്ര തോട്ടണ്ടിയും ഉല്‍പ്പന്നങ്ങള്‍ക്കു മാര്‍ക്കറ്റും കിട്ടാന്‍ ആവശ്യമായ നടപടികളെടുക്കുക.

വിദ്യാഭ്യാസം

1. കേരളത്തിലെ ഓരോ ജില്ലയിലും ഓരോ പോളി ടെക്‌നിക്ക്‌ സ്ഥാപിക്കുകയും സാങ്കേതിക വിദ്യാലയങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക;

2. തിരുവിതാംകൂര്‍ സര്‍വകലാശാലയെ കേരള സര്‍വകലാശാലയായി രൂപാന്തരപ്പെടുത്തുക;

3. സര്‍വകലാശാലാ വിദ്യാഭ്യാസമുള്‍പ്പെടെ അധ്യയനഭാഷ മലയാളമാക്കാന്‍ ഒരു ക്രമീകൃത പദ്ധതിയനുസരിച്ച്‌ നടപടികളെടുക്കുക;

4. സ്വകാര്യകോളജുകളുടെ നടത്തിപ്പില്‍ സര്‍വകലാശാല കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക;

5. എല്ലാ കുട്ടികള്‍ക്കും 14 വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കൊടുക്കുന്നതിനു നടപടികളെടുക്കുക;

6. ഗ്രാമങ്ങളില്‍ സാക്ഷരത്വം നടപ്പിലാക്കാന്‍ വയോജനവിദ്യാഭ്യാസകേന്ദ്രങ്ങളും മറ്റും തുടങ്ങുന്നതിനു പ്രോല്‍സാഹനം നല്‍കുക;

7. അടിസ്ഥാന വിദ്യാഭ്യാസമുള്‍പ്പെടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രാജ്യത്തിന്റെ വ്യവസായവല്‍ക്കരണലക്ഷ്യത്തിനനുയോജ്യമായ രീതിയില്‍ ശാസ്‌ത്രീയവും സാങ്കേതികവുമായ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുക;

8. വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുകയും വിദ്യാഭ്യാസപുനഃസംവിധാനത്തില്‍ ഈ സംഘടനകള്‍ക്ക്‌ പങ്ക്‌ അനുവദിക്കുകയും ചെയ്യുക;

9. വിദ്യാഭ്യാസച്ചെലവ്‌ ചുരുക്കാന്‍വേണ്ടി ഫീസിന്റെ തുകയും പാഠപുസ്‌തകങ്ങളുടെ വിലയും കുറയ്‌ക്കുക;

10. എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്യാപകന്മാര്‍ക്ക്‌ ന്യായമായ ശമ്പളവും മറ്റു ജോലിസൗകര്യങ്ങളും കിട്ടാന്‍ നടപടികളെടുക്കുക.

വൈദ്യസഹായം

1. എല്ലാ ജില്ലാ തലസ്ഥാന ആശുപത്രികളിലും എക്‌സ്‌്‌റേ മുതലായ ആധുനിക സജ്ജീകരണങ്ങളേര്‍പ്പെടുത്തുക;

2. താലൂക്കുതോറും ഗവണ്‍മെന്റാശുപത്രികള്‍ക്കു പുറമേ ലോക്കല്‍ ഫണ്ടാശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌, കിടത്തി ചികില്‍സിപ്പിക്കാനുള്ള സൗകര്യങ്ങളോടുകൂടി അവയെ വികസിപ്പിക്കുക;

3. പരിയാരം ക്ഷയരോഗാശുപത്രി ഗവണ്‍മെന്റ്‌ ഏറ്റെടുക്കുക;

4. മലമ്പനി, മന്ത്‌, ക്ഷയം തുടങ്ങിയ രോഗങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളും സാധാരണ നടപടികളും വികസിപ്പിക്കുക;

5. ആയുര്‍വേദത്തെ ആധുനികശാസ്‌ത്ര പുരോഗതിക്കൊത്തു വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുക.

ഭാഷ, കല, സംസ്‌കാരം

1. സര്‍ക്കാരിന്റെ എല്ലാ എഴുത്തുകുത്തുകളും നടപടികളും മലയാളത്തിലാക്കുക;

2. മലയാളത്തില്‍ ഒരു വിജ്ഞാനകോശം നിര്‍മിക്കുന്നതിനു നടപടികളെടുക്കുക;

3. എല്ലാ വിദ്യാലയങ്ങളിലും സംഗീതവും നൃത്തവും മറ്റും പഠിപ്പിക്കാന്‍ സൗകര്യങ്ങളുണ്ടാക്കുക;

4. സാഹിത്യ, കലാനിര്‍മാണങ്ങളെയും വിദ്യാഭ്യാസപരവും പുരോഗമനപരവുമായ സിനിമകളുടെയും നാടകങ്ങളുടെയും നിര്‍മാണത്തെയും മറ്റും സഹായിക്കാന്‍ നടപടികളെടുക്കുക;

5. അമേച്വര്‍ സമിതികളുടെ കലാപ്രകടനങ്ങളെ വിനോദനികുതിയില്‍ നിന്നും ഒഴിവാക്കുക;

6. കേരളത്തിലെ സാഹിത്യ അക്കാദമിയുടെ സംഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള ന്യൂനതകള്‍ തീര്‍ക്കുക, ലളിതകലാ അക്കാദമിയുടെ ഒരു കേരളശാഖ സ്ഥാപിക്കുക.
പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍

1. എല്ലാ ജില്ലകളിലും ജില്ലാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അതതു ജില്ലകളിലെ വികസനപരിപാടികളുമായി ബന്ധപ്പെട്ട ഭരണവകുപ്പുകളുടെ ജില്ലാനിലവാരത്തിലുള്ള നിയന്ത്രണം അവയ്‌ക്കു നല്‍കുകയും ചെയ്യുക;

2. പഞ്ചായത്ത്‌, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ജില്ലാബോര്‍ഡുകള്‍ ഇവയുടെ അധികാരങ്ങള്‍ വിപുലപ്പെടുത്തുക, അവയ്‌ക്കു കൂടുതല്‍ ഗ്രാന്റനുവദിക്കുക, ഇവയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരെ ഇവയുടെ അച്ചടക്ക നിയന്ത്രണത്തിനു വിധേയരാക്കുക, ഇതിനനുസരിച്ച്‌ ഇന്നത്തെ നിയമങ്ങള്‍ ഭേദഗതി ചെയ്യുക.

ന്യൂനപക്ഷങ്ങളും അവശസമുദായങ്ങളും


1. ജാതിയും അയിത്തവും മറ്റനാചാരങ്ങളും സൃഷ്‌ടിച്ചിട്ടുള്ള അസമത്വങ്ങള്‍ നീക്കാന്‍വേണ്ടി, ഉദ്യോഗനിയമനങ്ങളിലും വിദ്യാഭ്യാസ കാര്യത്തിലും മറ്റും ഈ അസമത്വങ്ങള്‍കൊണ്ട്‌ കഷ്‌ടതയനുഭവിക്കുന്ന സമുദായങ്ങള്‍ക്കും ന്യൂനപക്ഷസമുദായങ്ങള്‍ക്കും പ്രത്യേകാനുകൂല്യവും സംരക്ഷണവും നല്‍കാന്‍ നടപടികളെടുക്കുക;

2. മുസ്ലിം ന്യൂനപക്ഷത്തിനുള്ള ആശങ്കകള്‍ തീര്‍ക്കത്തക്കവിധം അവരുടെ അവകാശങ്ങള്‍ക്കു മതിയായ സംരക്ഷണം നല്‍കുകയും മതവിശ്വാസം, സംസ്‌കാരം മുതലായവയ്‌ക്ക്‌ ഉറപ്പുനല്‍കുകയും വിദ്യാഭ്യാസപരമായി അവരുടെ സ്ഥിതി ഉയര്‍ത്താന്‍ നടപടികളെടുക്കുകയും ചെയ്യുക;

3. ഹരിജനങ്ങള്‍, ആദിവാസികള്‍, അവശക്രിസ്‌ത്യാനികള്‍ മുതലായ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ ഉന്നതിയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക;

4. പട്ടികജാതിക്കാര്‍ക്കും പട്ടികഗോത്രക്കാര്‍ക്കും ഭരണഘടനയില്‍ നല്‍കിയിട്ടുള്ള ഉറപ്പിന്റെ കാലാവധി നീട്ടുക;

5. പട്ടികജാതിക്കാര്‍ക്ക്‌ ഭരണഘടനയനുവദിക്കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ അവശ ക്രിസ്‌ത്യാനികള്‍ക്കുകൂടി ബാധകമാക്കുകയും അതിനനുസരിച്ച്‌ ആ വകയില്‍ കൂടുതല്‍ തുക നീക്കിവയ്‌ക്കുകയും ചെയ്യുക;

6. തമിഴര്‍, കര്‍ണാടകക്കാര്‍ മുതലായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക്‌ പ്രത്യേക സംരക്ഷണം നല്‍കുക.

സ്‌ത്രീകള്‍

തുല്യവേലയ്‌ക്ക്‌ തുല്യകൂലി, പിന്തുടര്‍ച്ചാവകാശം, പ്രസവകാലാവധി, പ്രസവശുശ്രൂഷാസൗകര്യങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ എന്നീ കാര്യങ്ങളില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ആനുകൂല്യങ്ങള്‍ വികസിപ്പിക്കാനും ആവശ്യമായ നടപടികളെടുക്കുന്നതിനുവേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും.

സംയോജനപ്രശ്‌നങ്ങള്‍

1. മലബാറിലെയും തിരു-കൊച്ചിയിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകര്‍ മുതലായ മറ്റു വിഭാഗക്കാരുടെയും സര്‍വീസും ശമ്പളനിരക്കും മറ്റു ജോലിസൗകര്യങ്ങളും സംയോജിപ്പിക്കാന്‍ അടിയന്തര നടപടികളെടുക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ ഇന്നു നിലവിലുള്ള ആനുകൂല്യങ്ങളൊന്നും ആര്‍ക്കും കുറയാനിട വരുത്താതിരിക്കുകയും ചെയ്യുക;

2. ഗവണ്‍മെന്റ്‌ ജീവനക്കാരുടെ ശമ്പളനിരക്കില്‍ ന്യായമായ വര്‍ധന അനുവദിക്കുക.
അഴിമതികള്‍ നിരോധിക്കാന്‍

1. സര്‍ക്കാര്‍ വകുപ്പുകളിലുള്ള അഴിമതിയും കൈക്കൂലിയും കാലതാമസവും മറ്റ്‌ അനാശാസ്യപ്രവണതകളും കര്‍ശനമായി തടയാന്‍ നടപടികളെടുക്കുക;

2. വനംകുംഭകോണം മുതലായ കുപ്രസിദ്ധമായ അഴിമതികളെപ്പറ്റി നിഷ്‌പക്ഷവും ഫലപ്രദവുമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുക.
ധനാഗമമാര്‍ഗങ്ങളും നികുതികളും

1. മലബാറിലെ ഇന്നത്തെ നിലനികുതി സമ്പ്രദായം മാറ്റി അടിസ്ഥാനനികുതിയും വര്‍ധമാനമായ കാര്‍ഷികാദായ നികുതിയും ഏര്‍പ്പെടുത്തുക;

2. സ്റ്റേറ്റ്‌ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ മലബാറിലേക്കുകൂടി വ്യാപിപ്പിക്കുകയും എല്ലാ പ്രധാന ലൈനുകളും ദേശസാല്‍ക്കരിക്കുകയും ചെയ്യുക;

3. ബ്രിട്ടീഷുടമയിലുള്ള തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കുക;

4. മലബാറിലെ സ്വകാര്യവനങ്ങള്‍ ദേശസാല്‍ക്കരിക്കുക;

5. കേരളത്തിന്റെ കുത്തകയായ കയറ്റുമതി ചരക്കുകളില്‍ നിന്നു കിട്ടുന്ന ചുങ്കം വരുമാനത്തിലൊരു വിഹിതം കേരളത്തിനു നല്‍കാന്‍ കേന്ദ്രഗവണ്‍മെന്റിനോടാവശ്യപ്പെടുക;

6. ആദായനികുതി, എക്‌സൈസ്‌ നികുതി മുതലായവയില്‍നിന്നും കേരളത്തിനു നീക്കിവച്ചിട്ടുള്ള വിഹിതം വര്‍ധിപ്പിക്കാനാവശ്യപ്പെടുക.

പ്രിയപ്പെട്ട നാട്ടുകാരേ!

ഈ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ വയ്‌ക്കുന്ന പരിപാടിയാണ്‌ മുകളില്‍ കൊടുത്തത്‌. ഇതെത്രയും പ്രായോഗികമായ ഒരു പരിപാടിയാണ്‌. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സ്ഥായിയായ അഭിവൃദ്ധി നേടാന്‍വേണ്ടി ഇത്തരമൊരു പരിപാടി നടപ്പില്‍ വരുത്തേണ്ടത്‌ അത്യാവശ്യമാണെന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വിശ്വസിക്കുന്നു.

ഈ പരിപാടിക്കുവേണ്ടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന മറ്റു ശക്തികളും നിയമസഭയ്‌ക്കകത്തും പുറത്തും ഉറച്ചുനിന്നു പോരാടുന്നതായിരിക്കുമെന്ന്‌ ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.

ഇത്തരമൊരു പരിപാടി നടപ്പിലാക്കാന്‍വേണ്ടി കേരളത്തില്‍ ഒരു ഉറച്ച ജനാധിപത്യഗവണ്‍മെന്റ്‌ രൂപീകരിക്കാന്‍ വേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിലകൊള്ളുന്നത്‌.
കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെയും പാര്‍ട്ടിയുടെ പിന്തുണയോടുകൂടി മല്‍സരിക്കുന്ന ജനാധിപത്യവാദികളെയും വിജയിപ്പിച്ചും കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയും അതിനുവേണ്ട സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍, കേരളത്തില്‍ ജനാധിപത്യം പുലര്‍ന്നു കാണാനും സര്‍വതോമുഖമായി അഭിവൃദ്ധിയുണ്ടായിക്കാണാനും ആഗ്രഹിക്കുന്ന എല്ലാ വോട്ടര്‍മാരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.