വ്യവസായനയം


കേരളഗവണ്‍മെന്റിന്റെ വ്യവസായനയം

1957 ലെ സര്‍ക്കാരിന്റെ വ്യവസായനയം സംബന്ധിച്ച കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പ്രമേയം
കേരള സംസ്ഥാനത്തിന്റെ ആകെ വിസ്‌തീര്‍ണ്ണം 14,992 ചതുരശ്രനാഴിക മാത്രമേയുള്ളൂവെങ്കിലും ജനസംഖ്യ 158.72 ലക്ഷമാണ്‌. കേരളത്തെപ്പോലുള്ള സ്ഥലങ്ങളുടെ ശീഘ്രഗതിയിലുള്ള വ്യവസായവല്‌ക്കരണത്തിന്റെ ആവശ്യകത ഇന്ത്യാഗവണ്‍മെന്റ്‌ അംഗീകരിച്ചിട്ടുണ്ട്‌. 1956- ഏപ്രില്‍ മാസങ്ങളിലെ വ്യവസായ നയപ്രമേയത്തില്‍ ഈ വസ്‌തുത ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.

``....വ്യവസായവല്‌ക്കരണം കൊണ്ട്‌ രാജ്യത്തിന്റെ ആകെയുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്കു ഗുണം വരുന്നതിന്‌, വിവിധ പ്രദേശങ്ങള്‍ തമ്മില്‍ നിലവിലുള്ള വികസനവ്യത്യാസം ക്രമാനുഗതമായി കുറയ്‌ക്കേണ്ടതാണ്‌'' പ്രമേയം തുടരുന്നു: ``17 വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആളുകള്‍ക്കും ശരിയായ സൗകര്യങ്ങളും പ്രോത്സാഹനവും നല്‍കേണ്ടത്‌ അത്യാവശ്യമാണ്‌. തൊഴിലാളികളുടെ ജീവിത സൗകര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും അഭിവൃദ്ധിപ്പെടുത്തുകയും അവരുടെ കാര്യക്ഷമത ഉയര്‍ത്തുകയും വേണം. വ്യവസായസമാധാനം പുലര്‍ത്തുകയെന്നത്‌ വ്യവസായപുരോഗതിയുടെ പ്രധാനപ്പെട്ട ഉപാധികളില്‍ ഒന്നാണ്‌. ഒരു സോഷ്യലിസ്റ്റ്‌ ജനാധിപത്യത്തില്‍ വികസനമെന്ന പൊതുചുമതലയിലെ ഒരു പങ്കാളിയാണ്‌ തൊഴിലാളി. അതില്‍ ഉത്സാഹത്തോടെ അവര്‍ പങ്കെടുക്കേണ്ടതാണ്‌. വ്യവസായബന്ധങ്ങള്‍ നിയന്ത്രിക്കുന്ന ചില നിയമങ്ങള്‍ പാസ്സായിട്ടുണ്ട്‌. മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും ഉത്തരവാദിത്വത്തെക്കുറിച്ചുള്ള വളര്‍ന്നുവരുന്ന ബോധത്തിന്റെ ഫലമായ വിശാലമായ ഒരു പൊതുസമീപനവും ഉണ്ടായിരിക്കുന്നു. പൊതുവായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതാണ്‌. തൊഴിലാളികളെയും സാങ്കേതിക വിദഗ്‌ദന്മാരേയും, സാദ്ധ്യമാകുന്ന സ്ഥലത്തൊക്കെ, കൂടുതല്‍ കൂടുതല്‍ മാനേജ്‌മെന്റ്‌ കാര്യങ്ങളില്‍ പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ മാതൃകകാണിക്കണം.''

ശീഘ്രമായ വ്യവസായിക വികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഈ സംസ്ഥാനത്തെ തൊഴിലാളിവര്‍ഗ്ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബോധ്യമുണ്ട്‌. ഈ വഴിക്കുള്ള ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാന്‍ കേരളഗവണ്‍മെന്റിന്‌ ഉല്‍ക്കണ്‌ഠയുണ്ട്‌.

ഇന്‍ഡ്യയിലെ മൊത്തം റബ്ബറിന്റെ 98 ശതമാനത്തോളം കേരളം ഉല്‌പാദിപ്പിക്കുന്നു. വയ്‌ക്കോല്‍, മുള, സോഫ്‌റ്റ്‌ വുഡ്‌, ഹാര്‍ജ്‌ വുഡ്‌, ലോഹമണല്‍, പുല്‍തൈലം, മരച്ചീനി സ്റ്റാര്‍ച്ച്‌, ചീനക്കളിമണ്ണ്‌ തുടങ്ങിയവ വന്‍തോതില്‍ സംസ്ഥാനത്തുണ്ട്‌. അവ വന്‍കിട വ്യവസായങ്ങള്‍ക്കും, ഇടത്തും വ്യവസായങ്ങള്‍ക്കും പറ്റിയതാണ്‌. ചെറിയ തോതിലുള്ള മറ്റു നിര്‍മ്മാണവ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃതവിഭവങ്ങളും ഇവിടെ സമൃദ്ധിയായി ലഭിക്കുന്നു.

സംസ്ഥാനത്തെ സമൃദ്ധിയായ മഴമൂലം വ്യാവസായികാവശ്യങ്ങള്‍ക്ക്‌ എല്ലാ സ്ഥലത്തും നല്ലവെള്ളം ധാരാളമായി ലഭിക്കുന്നതാണ്‌.

വ്യാവസായികാവശ്യങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വിദ്യുച്ഛക്തി ലഭിക്കുന്നുണ്ട്‌. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌. സപ്ലൈയാകട്ടെ വര്‍ഷം മുഴുവനും ലഭിക്കുന്നു.
സംസ്ഥാനമൊട്ടാകെ ബന്ധിപ്പിക്കുന്ന ധാരാളം നല്ല റോഡുകളുണ്ട്‌. സംസ്ഥാനത്തിന്റെ വടക്കുഭാഗത്തേയും തെക്കന്‍ പ്രദേശങ്ങളെയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേയ്‌ക്കുള്ള ശേഷിക്കുന്ന പണി ഈ വര്‍ഷം കൊണ്ടു പൂര്‍ത്തിയാകും. ഇന്ത്യയിലെ ഏറ്റവും നല്ല തുറമുഖങ്ങളില്‍ ഒന്നാണ്‌ കൊച്ചി. വര്‍ഷത്തിന്റെ ഏതു സമയത്തും അവിടെ കയറ്റിറക്കു നടത്താന്‍ കഴിയും. തോടുകള്‍കൊണ്ട്‌ കായലുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട്‌ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ചെലവു കുറഞ്ഞ ഗതാഗതസൗകര്യങ്ങള്‍ ലഭിക്കുന്നു.

സംസ്ഥാനത്തെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം മൂലം, സാങ്കേതിക യോഗ്യതകളും സാമാന്യ വിദ്യാഭ്യാസവുമുള്ള ധാരാളം ആളുകളെ ജോലിക്കു ലഭിക്കുന്നു. ബുദ്ധിശക്തി, കായികമായ കഴിവ്‌, സാഹചര്യങ്ങളുമായി ചേരാനുള്ള സാമര്‍ത്ഥ്യം എന്നീ കാര്യങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടവരാണ്‌. ഇവിടുത്തെ വിദഗ്‌ദ്ധ തൊഴിലാളികളും അവിദഗ്‌ദ്ധ തൊഴിലാളികളും.
ഈ സാദ്ധ്യതകളെല്ലാം ഉണ്ടായിട്ടും കേരളം ഇന്നും വ്യാവസായികമായി പിന്നോക്കം നില്‍ക്കുകയാണ്‌.

സംസ്ഥാനത്തിന്റെ സാമ്പത്തികവികാസത്തിന്‌ തങ്ങളുടെ പങ്കു വഹിക്കാന്‍ തയ്യാറുള്ള വ്യവസായികള്‍ക്കു എല്ലാ പ്രോത്സാഹനവും സഹായവും കേരള ഗവണ്‍മെന്റ്‌ ഉറപ്പു ചെയ്യുന്നു.

1. വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലും അവ മാനേജ്‌ ചെയ്യുന്നതിലും വ്യവസായികള്‍ക്ക്‌ എല്ലാ രീതിയിലുമുള്ള സഹായം നല്‍കുവാന്‍ ഗവണ്‍മെന്റ്‌ അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നതാണ്‌.

2. സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും, വായ്‌പകള്‍ നല്‍കുന്ന മറ്റു ഗവണ്‍മെന്റു സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യവ്യവസായികള്‍ക്ക്‌ വായ്‌പ ലഭിക്കുവാനാവശ്യമായ ഉറപ്പുകള്‍ ഗവണ്‍മെന്റു നല്‍കുന്നതാണ്‌.

3. അസംസ്‌കൃതസാധനങ്ങളും, യന്ത്രസാമഗ്രികളും മറ്റ്‌ ഉല്‌പാദനോപകരണങ്ങളും വാങ്ങാനും. ആഭ്യന്തരവും വിദേശീയവുമായ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കുവാനും ഗവണ്‍മെന്റ്‌ വ്യവസായികളെ സഹായിക്കുന്നതാണ്‌.

4. ന്യായമായ തോതിലുള്ള മൂലധന ശേഖരണത്തിനും ന്യായമായ വിധത്തിലുള്ള ലാഭത്തിനും ഉറപ്പു നല്‍കുന്ന രീതിയിലായിരിക്കും ഗവണ്‍മെന്റിന്റെ നികുതി വില നയങ്ങള്‍.

5. ഇന്ത്യാഗവണ്‍മെന്റിന്റെ വ്യവസായനയപ്രമേയങ്ങളില്‍ പറഞ്ഞിരിക്കും പോലെ, എ യും, ബി-യും ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വ്യവസായങ്ങള്‍ ദേശസാല്‌ക്കരിക്കുന്നതാണെന്ന പ്രഖ്യാപിതനയം ഗവണ്‍മെന്റു നടപ്പിലാക്കുന്നതാണ്‌.
ദേശീയസമ്പത്തിന്‌ നഷ്‌ടം വരുത്തുന്നവിധം ഏതെങ്കിലും ഒരു വ്യവസായത്തിന്റെ മാനേജ്‌മെന്റില്‍ കുഴപ്പം ഉണ്ടാക്കുകയോ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും സംബന്ധിച്ചുള്ള ഗവണ്‍മെന്റിന്റെ നയങ്ങള്‍ അനുസരിക്കാന്‍ ഒരു വ്യവസായത്തിന്റെ മാനേജ്‌മെന്റ്‌ മനപൂര്‍വ്വം തുടര്‍ച്ചയായി വിസമ്മതിക്കുകയോ ചെയ്‌താല്‍ മാത്രമേ ആ പ്രത്യേക വ്യവസായം ഗവണ്‍മെന്റ്‌ ദേശസാല്‌ക്കരിക്കുകയുള്ളൂ.

6. ദേശസാല്‌ക്കരിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്കു ന്യായമായ നഷ്‌ടപരിഹാരം നല്‍കുന്നതാണ്‌; കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ വിദേശഉടമയിലുള്ള തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കുമ്പോഴും ഈ തത്വം നടപ്പിലാക്കേണ്ടതാണ്‌.

7. മുതലാളിമാരും തൊഴിലാളികളും തമ്മില്‍ സമാധാനപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ്‌ എല്ലാ കഴിവുകളും വിനിയോഗിക്കും. ന്യായമായ കൂലി, അലവന്‍സുകള്‍, ബോണസ്‌ തുടങ്ങിയവ ഉറപ്പുചെയ്യുന്ന ദീര്‍ഘകാലകരാറുകള്‍ ഉണ്ടാക്കുന്നതിനെ ഗവണ്‍മെന്റ്‌ പ്രോത്സാഹിപ്പിക്കും. തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറുള്ള മുതലാളിമാരുമായി ദീര്‍ഘകാലകരാറുകളില്‍ ഏര്‍പ്പെടുന്ന ഒരു നയം തങ്ങള്‍ സ്വീകരിക്കുന്നത്‌ തങ്ങളുടെതന്നെ താല്‌പര്യത്തിന്‌ അനുയോജ്യമാണെന്ന്‌ ഈ സംസ്ഥാനത്തെ തൊഴിലാളി വര്‍ഗ്ഗം മനസ്സിലാക്കുമെന്ന്‌ ഗവണ്‍മെന്റിന്‌ വിശ്വാസമുണ്ട്‌. ഇരുകക്ഷികളും പരസ്‌പരം സഹകരിച്ചാല്‍ മാത്രമേ ഉറപ്പേറിയ വ്യാവസായികസമാധാനം കൈവരുകയുള്ളൂവെന്ന്‌ ഗവണ്‍മെന്റിന്‌ ബോദ്ധ്യമുണ്ട്‌.

ട്രേഡ്‌ യൂണിയനുകള്‍ അംഗീകരിക്കപ്പെടുന്നതിനും, ഉരസലുകള്‍ ഒഴിവാക്കാന്‍ എല്ലാ ഘട്ടങ്ങളിലും കൂടിയാലോചനകള്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും, ന്യായമായ അവകാശങ്ങള്‍ നേടാന്‍ തൊഴിലാളിയെ സഹായിക്കുന്നതിനും, ഉല്‌പാദനം തടസ്സം കൂടാതെ നടക്കുന്നതിനെ സൂക്ഷിക്കുവാനും ഗവണ്‍മെന്റ്‌ നടപടികളെടുക്കുന്നതാണ്‌.

ഇതിലേക്ക്‌,
(1) ഗവണ്‍മെന്റ്‌ സംയുക്ത ആലോചനാസമിതികളും ത്രികക്ഷി ബോര്‍ഡുകളും ഉപയോഗപ്പെടുത്തും.

(2) തൊഴിലാളികളുടെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി മാനേജ്‌മെന്റ്‌ കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ ഗവണ്‍മെന്റ്‌ മുതലാളിമാരോട്‌ ശുപാര്‍ശ ചെയ്യും. ഇത്‌ ഉല്‌പാദനത്തിലുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഗവണ്‍മെന്റ്‌ വ്യവസായസ്ഥാപനങ്ങളില്‍ ഇത്തരം കൗണ്‍സിലുകള്‍ രൂപീകരിച്ച്‌ ഗവണ്‍മെന്റ്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതാണ്‌.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്‌പരവിരുദ്ധമാണെന്ന്‌ കേരള ഗവണ്‍മെന്റ്‌ കരുതുന്നില്ല.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംതൃപ്‌തിയും, സമുദായത്തിലെ അര്‍ഹമായ സ്ഥാനം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ക്കു ബോദ്ധ്യമാകുകയും ചെയ്യുകയെന്നതു വ്യവസായികളുടെയും മറ്റു ജനവിഭാഗങ്ങളുടെയും താല്‌പര്യം കൂടിയാണ്‌. തൊഴിലാളി വര്‍ഗ്ഗത്തിന്‌ ഈ ബോധമുണ്ടായെങ്കില്‍ മാത്രമെ, തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാകുകയും ഉല്‌പാദനസ്‌തംഭനം ഒഴിവാക്കുകയും ചെയ്യുന്നതിനു സഹായകമായ ഒരന്തരീക്ഷം വ്യവസായത്തില്‍ വളരുകയുള്ളു. അതേയവസരത്തില്‍ തന്നെ ഒരു ഉയര്‍ന്ന വ്യവസായ-കാര്‍ഷിക സമ്പദ്‌വ്യവസ്ഥ നമ്മുടെ നാട്ടിലുണ്ടാക്കുന്നതിനുവേണ്ടി വ്യവസായം, വ്യാപാരം തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ന്യായമായ പങ്കുവഹിക്കാന്‍ സന്നദ്ധരാകുന്ന വ്യവസായികള്‍ക്ക്‌ എല്ലാ പ്രോത്സാഹനവും സഹായവും നല്‍കേണ്ടത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും മറ്റ്‌ ജനവിഭാഗങ്ങളുടെയും താല്‌പര്യമാണ്‌.
``നാട്ടിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയില്‍ ആസൂത്രിതമായ ദേശീയ വികസനത്തിന്റെ ഒരു ഏജന്‍സിയെന്ന നിലയില്‍ സ്വകാര്യമേഖലയ്‌ക്കു വളരുന്നതിനും വികസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.''

തങ്ങളുടെ വ്യവസായസമാധാനനയം മുതലാളിമാരുടെയും തൊഴിലാളികളുടെയും മേല്‍ അടിച്ചേല്‍പിക്കാന്‍ ഗവണ്‍മെന്റിനു സാദ്ധ്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ദേശാഭിമാനപരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മനോഭാവം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുതലാളികളും തൊഴിലാളികളും ഒന്നുപോലെ മനസ്സിലാക്കി അവരെ സഹായിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ വിശ്വസിക്കുന്നു. അതേ അവസരത്തില്‍ തന്നെ എല്ലാ വ്യവസായങ്ങളെയും-വന്‍കിടയായാലും, ഇടത്തരമായാലും, ചെറുകിടയായാലും-സഹായത്തിനു കാര്യക്ഷമതയോടും ഉത്സാഹത്തോടും കൂടി ഗവണ്‍മെന്റ്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഉറപ്പു പറയാനും ആഗ്രഹിക്കുന്നു.