ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌


മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികനായിരുന്നു സ: ഇ.എം.എസ്‌.

ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്‌. 1909 ജൂണ്‍ 13 ന്‌ പാലക്കാട്‌ ജില്ലയിലെ ഏലംകുളത്ത്‌ ജനിച്ചു. പിതാവ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടും. മാതാവ്‌ വിഷ്‌ണുദത്തയും. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്‌ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുന്ന അവസരത്തില്‍ തന്നെ നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, എഴുതാനും. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ ബി.എ ക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമലംഘനത്തില്‍ പങ്കെടുക്കാനും കോളേജ്‌ വിട്ടു. നിയമം ലംഘിച്ചു അറസ്റ്റ്‌ വരിച്ചു. ജയില്‍ മോചിതനായ ഇ.എം.എസ്‌ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്‌. പാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു.

1934 പി. കൃഷ്‌ണപിള്ള, എ.കെ.ജി, കേരളീയന്‍ തുടങ്ങിയവരുമായി ചേര്‍ന്ന്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി. 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറി, 1941 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മെമ്പര്‍. 1950 മുതല്‍ പോളിറ്റ്‌ ബ്യൂറോ മെമ്പര്‍. 1953-56 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആക്‌റ്റിംഗ്‌ ജനറല്‍ സെക്രട്ടറി, 14 വര്‍ഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) ജനറല്‍ സെക്രട്ടറി. 1939 ല്‍ മദിരാശി അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‌ സഖാവ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. രാഷ്‌ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്ത്‌ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്‌മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക്‌ എത്തിക്കുന്നതിനും സഖാവ്‌ കാണിച്ച ശുഷ്‌കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്‌നങ്ങളുമായി ഐക്യപ്പെടുത്തി. ഏത്‌ പ്രശ്‌നത്തെയും പരസ്‌പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിന്‌ കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ അമൂല്യമായ സംഭാവനയാണ്‌ നല്‍കിയത്‌. സഖാവിന്‌ അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്‌.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന്‌ ഇടയാക്കിയ സാമൂഹ്യ-രാഷ്‌ട്രീയ ചലനങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി സഖാവുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്‌കാരത്തെയും രാഷ്‌ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നതില്‍ ഇ.എം.എസ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത്‌ എഴുതപ്പെട്ട കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്‌തകം കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു തന്നെ ഇടയാക്കിയ അടിസ്ഥാന കാഴ്‌ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതാണ്‌.

ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ്വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണ്ണമായിരുന്നു.

എന്നാല്‍, കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്‌ക്ക്‌ മാതൃകയാകുന്ന വിധത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ സഖാവിന്‌ സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്‌ ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന്‌ സുപ്രധാനമായ പങ്കുവഹിച്ചത്‌. 1967 ലെ സപ്‌തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ.എം.എസ്‌ തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ്‌ പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത്‌.
1998 മാര്‍ച്ച്‌ 22 നു നിര്യാതനായി.