തെരഞ്ഞെടുപ്പു ചരിത്രം

സംസ്ഥാന  രൂപീകരണം (1956) മുതല്‍ തന്നെ കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി. ബൂര്‍ഷ്വാ പാര്‍ടിയില്‍ നിന്നും വിഭിന്നമായൊരു മാര്‍ഗ്ഗം പിന്തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഈ നേട്ടം കൈവരിച്ചത്‌. ആദ്യം പറഞ്ഞ കൂട്ടര്‍ (ഉദാഹരണമായി കോണ്‍ഗ്രസും അതിന്റെ മറ്റ്‌ വകഭേദങ്ങളും) ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ രഥത്തിലേറിയാണ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍, കമ്മ്യൂണിസ്റ്റുകള്‍ തൃണമൂല്‌ തലത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തെയും സാധാരണ ജനങ്ങളെയും അവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ക്ക്‌ ചുറ്റും സംഘടിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോയത്‌

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബൂര്‍ഷ്വാ കക്ഷികള്‍ പ്രബലരായ സാമ്പത്തിക വിഭാഗങ്ങളെയും ജാതി/സാമുദായിക ശക്തികളെയും പ്രീണിപ്പിച്ചു നിര്‍ത്തിയും മുകളില്‍ നിന്ന്‌ ചരടുവലിച്ചുമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എങ്കില്‍ (ഇപ്പോഴും അങ്ങനെ തന്നെ), കമ്മ്യൂണിസ്റ്റുകാരുടെ പാത ജനകീയ സമരങ്ങളിലൂടെയായിരുന്നു.ഇത്തരം മുന്നേറ്റങ്ങളിലൂടെ   ജൈവ ബുദ്ധിജീവികളെ സൃഷ്‌ടിച്ചുകൊണ്ട്‌  ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള കണ്ണിയായി കമ്യൂണിസ്റ്റുകാര്‍ മാറി. ഇത്‌ രണ്ട്‌ ഫലങ്ങള്‍ ഉളവാക്കി. ഇതില്‍ ചിലത്‌ ഗുണകരമായിരുന്നെങ്കില്‍ മറ്റുള്ളവ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ ദോഷകരമായിത്തീര്‍ന്നു. ഇതിലെ ഏറ്റവും വലിയ ഗുണം സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്‌ അജണ്ട (വികസനത്തിന്റെ എന്നുവായിക്കുക) കമ്യൂണിസ്റ്റു പാര്‍ടിക്ക്‌ നിശ്ചയിക്കാനായി. ഏറ്റവും വലിയ ദൂഷ്യവശം സംസ്ഥാന രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തികളായി ജാതി/മത സംഘടനകള്‍ രൂപാന്തരപ്പെട്ടതാണ്‌. ഇക്കൂട്ടര്‍ ബൂര്‍ഷ്വാ മാദ്ധ്യമങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായത്തോടെ എല്ലായ്‌പ്പോഴും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കുറിച്ച്‌ അപവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തുപോന്നു.

ഇതില്‍ ആദ്യം പറഞ്ഞത്‌ കുറച്ചുകൂടി വിശദീകരിക്കേണ്ടതുണ്ട്‌. 1956-നുശേഷം കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ അജണ്ട തീരുമാനിച്ചത്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയാണെന്ന്‌ (1964-ല്‍ പാര്‍ടി പിളര്‍ന്നതിനുശേഷം സി.പി.എം) പറഞ്ഞുവല്ലൊ. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, ഭരണ പരിഷ്‌കാരങ്ങള്‍, അധികാരവികേന്ദ്രീകരണം, സാക്ഷരത ചുരുക്കത്തില്‍ മലയാളി ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച ഓരോ പ്രശ്‌നങ്ങളിലും നയങ്ങള്‍ ഈ വിധമാണ്‌ രൂപപ്പെട്ടത്‌. ഇതോടെ മറ്റ്‌ രാഷ്‌ട്രീയ പാര്‍ടികള്‍ക്ക്‌ സി.പി.എം മുന്നോട്ടുവച്ച ഇത്തരം പരിപാടികളോട്‌ പ്രതികരിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന നില സംജാതമായി. എന്നാല്‍ ഇക്കൂട്ടര്‍ പുറമെ ഇത്തരം നയങ്ങളെ പിടിച്ച്‌ ആണയിടുമ്പോഴും പരോക്ഷമായി അവയില്‍ പരമാവധി വെള്ളം ചേര്‍ക്കുകയും അവയ്‌ക്കു മുന്നില്‍ പലപ്പോഴും പുറം തിരിഞ്ഞ്‌ നില്‍ക്കുകയും ചെയ്‌തുവെന്നത്‌ മറ്റൊരു കാര്യം. ഈ വിധം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതില്‍ സി.പി.എം വഹിച്ച ക്രിയാത്മകമായ പങ്കാണ്‌, പാര്‍ടിക്ക്‌ കേരള രാഷ്‌ട്രീയത്തില്‍/ തിരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക്‌ നേടികൊടുക്കുന്നത്‌.

സാമ്പത്തിക ആഗോളവത്‌കരണത്തിന്റെയും സി.പി.എം ഉം സഖ്യകക്ഷികള്‍ക്കും അതിനോടുള്ള എതിര്‍പ്പിന്റെയും പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്‌ കേരളത്തില്‍ അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്‌. ജാതി/സാമുദായിക മതമൗലികവാദ ശക്തികള്‍ക്കെതിരെ സി.പി.എം നടത്തുന്ന സന്ധിയില്ലാത്ത സമരവും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്‌. ചില ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച്‌ മുസ്ലീങ്ങള്‍ക്ക്‌ ഇടയില്‍ സമീപകാലത്ത്‌ പാര്‍ടിയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത്‌ ഇതിന്റെ തെളിവാണ്‌. ഇതിന്റെയെല്ലാം സ്വാധ്വീനം ത്രിതലപഞ്ചായത്ത്‌- അസംബ്ലി - ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കാണാന്‍ സാധിക്കും 

 ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ/ സി.പി.എം (1957 - 2004)
വര്‍ഷം ലഭിച്ച സീറ്റ്‌ ശതമാനം
1957 9 37.48
1962 6 35.46
സി.പി.ഐ(എം)
1967 9 24.56
1971 2 26.21
1977 0 20.33
1980 7 21.48
1984 1 22.27
1989 2 22.87
1991 3 20.71
1996 21.16
1998 6 21.00
1999 27.90
2004 12 31.52

കേരളത്തെപ്പോലെ രാഷ്‌ട്രീയം രണ്ടുചേരികളിലായി ധ്രൂവീകരിച്ച്‌ നില്‍ക്കുകയും അനേകം പാര്‍ടികളുമുള്ള സാഹചര്യത്തില്‍ ഏറ്റവും വലിയ ജനകീയ കക്ഷിക്കുപോലും ഇരുപതുമുതല്‍ ഇരുപത്തിയഞ്ചു ശതമാനം വരെ വോട്ടു സീറ്റ്‌ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്‌. പോരെങ്കില്‍ ഏതാനും വോട്ടുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ മുന്നണികളുടെ വിജയസാധ്യത മാറിമറിയുകയും ചെയ്യുന്നു. ലോക്‌സഭാ-അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ സി.പി.ഐ(എം)ന്റെ പ്രകടനം ഇതിന്റെ തെളിവാണ്‌.

അസംബ്ലി തിരഞ്ഞെടുപ്പില്‍ സി.പി.ഐ/ സി.പി.എം (1957 - 2006)
വര്‍ഷം ലഭിച്ച സീറ്റ്‌ ശതമാനം
സി.പി.ഐ
1957 60  35.28
1960 29 39.14
സി.പി.ഐ(എം) 
1965 40 19.87
1967 52 23.51
1970 29 23.83
1977 17 22.18
1980 35 19.35
1982 29 21.42
1987 42 25.71
1991 30 23.85
1996 44 25.84
2001 24 24.30
2006 65 32.59

കേരളത്തില്‍ ഇതുവരെ അസംബ്ലിയിലേക്കും, ലോക്‌സഭയിലേക്കും പതിമൂന്ന്‌ തിരഞ്ഞെടുപ്പുകളാണ്‌ നടന്നിട്ടുള്ളത്‌. ഇതില്‍ 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന്‌ 2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.ഐ(എം) ഏറ്റവും കൂടുതല്‍ വോട്ടും / സീറ്റും നേടിക്കൊണ്ട്‌ ചരിത്രം സൃഷ്‌ടിച്ചു. 2004- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക്‌ പന്ത്രണ്ടുസീറ്റും 31.52 ശതമാനം വോട്ടും ലഭിച്ചെങ്കില്‍ 2006-ല്‍ ഇത്‌ യഥാക്രമം അറുപത്തിയഞ്ചും 33 ശതമാനവുമായി വര്‍ദ്ധിച്ചു. 1996 മുതല്‍ ഇങ്ങോട്ടു നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ സി.പി.എം-ന്റെ ശരാശരി സീറ്റ്‌ അസംബ്ലിയില്‍ 37-ഉം ലോക്‌സഭയില്‍ അഞ്ചുമാണ്‌. വോട്ടിന്റെ കാര്യത്തില്‍ ഇത്‌ 24 ശതമാനവും അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ലോക്‌സഭയില്‍ എട്ടുസീറ്റും 37 ശതമാനം വോട്ടും, അസംബ്ലിയില്‍ ഇത്‌ യഥാക്രമം 45 ഉം 37 ശതമാനവുമായിരുന്നു.