ആഗോള ധനപ്രതിസന്ധി


ആഗോള ധനപ്രതിസന്ധിയും ഇന്ത്യയിലെ പ്രത്യാഘാതവും

മുഖവുര

ലോകത്താകെ തങ്ങളുടെ നവലിബറല്‍ സാമ്പത്തിക രൂപരേഖ അടിച്ചേല്‍പ്പിക്കുന്ന മുതലാളിത്തത്തിന്റെ നെടുങ്കോട്ടയായ അമേരിക്കയെ തന്നെ, ഇപ്പോള്‍ അതിരൂക്ഷമായ പ്രതിസന്ധി പിടികൂടിയിരിക്കുകയാണ്‌. ഇപ്പോള്‍ ലോകമാകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ 1930 കളിലെ മഹാമാന്ദ്യത്തോടാണ്‌ പൊതുവെ താരതമ്യം ചെയ്യുന്നത്.‌ ഏറെ ശുഭപ്രതീക്ഷ പുലര്‍ത്തുന്ന ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രജ്ഞര്‍പോലും ഈ പ്രതിസന്ധി അഗാധവും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കുമെന്നു സമ്മതിക്കുന്നുണ്ട്‌. ഈ പ്രതിസന്ധിയില്‍ നിന്നുള്ള ``കരകയറ്റ''ത്തിന്റെ ലക്ഷണം എന്തുതന്നെയായാലും ധനമൂലധനത്താല്‍ നയിക്കപ്പെടുന്ന ആഗോളവല്‍ക്കരണത്തിന്‌ ഇന്നത്തെ രൂപത്തില്‍ തുടരാനാവില്ല എന്ന കാര്യം സംശയാതീതമാണ്‌. ``മേള കഴിഞ്ഞു'' എന്ന്‌ അമേരിക്കന്‍ പാര്‍ലമെന്റിന്റെ സ്‌പീക്കര്‍ പറഞ്ഞത്‌ തികച്ചും ശരി തന്നെയാണ്‌.

ധനകാര്യസ്ഥാപനങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നതിന്‌ ബുഷ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച 70,000 കോടി ഡോളറിന്റെ പാക്കേജ്‌ അമേരിക്കയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടവരുത്തിയിരിക്കുകയാണ്‌. അമേരിക്കന്‍ സമ്പദ്‌ഘടനയുമായി ബന്ധപ്പെട്ട്‌ സമീപകാലത്ത്‌ പുറത്തുവന്ന കണക്കുകള്‍ അവിടെ വര്‍ദ്ധിച്ചു വരുന്നതും ഭീമവുമായ അസമത്വങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. 2005 ല്‍ അമേരിക്കയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകള്‍ മൊത്തം വരുമാനത്തിന്റെ 21.2 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നതായാണ്‌ 2007 ഒക്‌ടോബറില്‍ വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നേരെമറിച്ച്‌ ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനം ആളുകള്‍ക്ക്‌ മൊത്തം വരുമാനത്തിന്റെ 12.8 ശതമാനം മാത്രമാണ്‌ ലഭിക്കുന്നതെന്നും ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം അമേരിക്കയില്‍ ഉടനീളം 7.5 ലക്ഷം ആളുകള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടതോടെ ഈ സാഹചര്യം ഇനിയും വഷളാകാനാണ്‌ സാധ്യത. അമേരിക്കന്‍ സമ്പദ്‌ഘടനയെ മാന്ദ്യം പിടികൂടുന്നതോടെ തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്‌ക്കപ്പെടുകയും തൊഴിലില്ലായ്‌മ ഇനിയും വര്‍ദ്ധിക്കുകയും ചെയ്യും.

അമേരിക്കന്‍ ജനതയുടെ ക്രയശേഷിയെ ഞെക്കിഞെരുക്കിക്കൊണ്ടിരിക്കുന്ന വേളയില്‍ മുതലാളിമാരും അവര്‍ക്കായി അമേരിക്കന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നവരും നികുതിദായകരുടെ പണം എടുത്ത്‌ ബാങ്കുകളും മറ്റ്‌ ധനകാര്യസ്ഥാപനങ്ങളും രക്ഷപ്പെടുത്തുന്ന തിരക്കിലാണ്‌. സര്‍ക്കാര്‍ പണം ചെലവഴിച്ചും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചും ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമം തീരെ ഉണ്ടാകുന്നില്ല. ജനങ്ങളെ കൂടുതല്‍ കടം വാങ്ങാന്‍ പ്രാപ്‌തരാക്കിക്കൊണ്ട്‌ വീണ്ടുമൊരു ഊഹക്കച്ചവട നീര്‍ക്കുമിള സൃഷ്‌ടിക്കുന്നതിലാണ്‌ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്‌. അമേരിക്കന്‍ കുടുംബങ്ങളുടെ കടബാധ്യത ഇപ്പോള്‍ തന്നെ ലോകത്ത്‌ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്‌; അതുതന്നെ താങ്ങാനാവാത്ത വിധം ഭാരിച്ചതുമാണ്‌. ``ഭരണം എത്ര കുറയുന്നുവോ അത്‌ അത്രത്തോളം നന്നായിരിക്കും.'' എന്ന നവലിബറല്‍ മന്ത്രത്തിനനുസൃതമായി ക്ഷേമച്ചെലവുകള്‍ അധികമധികം വെട്ടിക്കുറച്ചു വരികയാണ്‌. അമേരിക്കന്‍ സമ്പദ്‌ഘടനയുടെ നിലനില്‍പ്പുതന്നെ വായ്‌പാധിഷ്‌ഠിത ഉപഭോഗത്തിലാണ്‌. ഭവന നിര്‍മ്മാണത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ തീരെ ഇല്ലാതായപ്പോള്‍, വീടുവെയ്‌ക്കുന്നതിന്‌ പണം സ്വരൂപിക്കാന്‍ സ്വകാര്യബാങ്കുകളെയും ഭൂപണയവായ്‌പാ സ്ഥാപനങ്ങളെയും സമീപിക്കാന്‍ അമേരിക്കന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരായി. കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി ഈ ബാങ്കുകളും ഭൂപണയവായ്‌പാസ്ഥാപനങ്ങളും വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിവില്ലാത്ത കുടുംബങ്ങള്‍ക്കടക്കം ഭവനവായ്‌പ യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കി; വായ്‌പയെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനായി ആകര്‍ഷകമായ വിധം കുറഞ്ഞ പലിശ നിരക്കിനെക്കുറിച്ചും മറ്റും തെറ്റിദ്ധാരണാജനകമായ വാഗ്‌ദാനങ്ങള്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചു. വായ്‌പ തിരിച്ചടയ്‌ക്കേണ്ട സമയമായപ്പോള്‍ ഈ കുടുംബങ്ങള്‍ കുടിശ്ശിക വരുത്താന്‍ തുടങ്ങി. ഇത്‌ ഭവന വ്യാപാര കുമിള പൊട്ടിച്ചിതറുന്നതിന്‌ ഇടവരുത്തി; അതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമായത്‌.

അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെയും നവഉദാരവല്‍ക്കരണത്തിന്റെയും നയങ്ങള്‍ ചൂതാട്ട സ്വഭാവമുള്ള ധനമൂലധനത്തെ കൊള്ള ലാഭമടിക്കാവുന്ന സമസ്‌തമേഖലകളിലേക്കും ഒരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിട്ടിരിക്കുകയാണ്‌. നിക്ഷേപത്തെയും വായ്‌പയെയും ഉല്‍പന്നങ്ങളും സേവനങ്ങളും ഉല്‌പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്‌ഘടനയിലേക്ക്‌ വഴി തിരിച്ചുവിടുന്നതിനുപകരം ഓഹരി വിപണി, വായ്‌പാവിപണി, വിദേശനാണയവിനിമയ വിപണി തുടങ്ങിയ ധനകമ്പോളങ്ങളിലേക്ക്‌ ഊഹക്കച്ചവടത്തിനായി തുറന്നുവിട്ടിരിക്കുകയാണ്‌; നിക്ഷേപകബാങ്കുകള്‍, ഹെഡ്‌ജ്‌ ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളാണ്‌ ഈ ഊഹക്കച്ചടവത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. നിയന്ത്രണം എടുത്തുമാറ്റല്‍, ``ധനപരമായ പുതുമകള്‍'' എന്നിവ അര്‍ത്ഥമാക്കുന്നത്‌ സാട്ടാക്കച്ചവടം , ഇഷ്‌ടാനുസരണമുള്ള കച്ചവടം , കൈമാറ്റക്കച്ചവടം , സി.ഡി.ഒകള്‍ - അധിക ജാമ്യം നല്‍കുന്ന വായ്‌പാ ഉടമ്പടികള്‍) എന്നിങ്ങനെയുള്ള സുതാരമല്ലാത്തവയും സങ്കീര്‍ണ്ണമായവയുമായ ഇടപാടുകളുടെ വ്യാപനം എന്നാണ്‌; ഇത്തരം ഏര്‍പ്പാടുകളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഊഹക്കച്ചടവമാണ്‌ നടക്കുന്നത്‌. (അവധി വ്യാപാരം, ഇഷ്‌ടാനുസരണമുള്ള കച്ചവടം, കൈമാറ്റക്കച്ചവടം എന്നിങ്ങനെയുള്ള) ഡെറിവേറ്റീവ്‌ വ്യാപാരത്തിന്റെ മൂല്യം അടുത്തകാലത്തായി ഊതി വീര്‍പ്പിക്കപ്പെട്ടു. ബാങ്ക്‌ ഓഫ്‌ ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റിന്റെ കണക്കുപ്രകാരം സ്വകാര്യഇടപാടുകാര്‍ തമ്മില്‍ നിയമാനുസരണമുള്ള എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ പുറത്തുവച്ച്‌ നടത്തുന്ന ഡെറിവേറ്റീവ്‌ വ്യാപാരത്തിന്റെ മൊത്തം തുക 2007 ഡിസംബറില്‍ അവിശ്വസനീയമായവിധം 596 ലക്ഷം കോടി ഡോളറില്‍ എത്തി. ഇത്‌ ആഗോള ജി.ഡി.പിയെക്കാള്‍ പത്ത്‌ ഇരട്ടിയില്‍ അധികമാണ്‌ (2007 ലെ ആഗോള ജി.ഡി.പി 54 ലക്ഷം കോടി ഡോളറാണ്‌) യഥാര്‍ത്ഥ സമ്പദ്‌ഘടനയ്‌ക്കുമേല്‍ ചൂതാട്ട സ്വഭാവമുള്ള ഡെറിവേറ്റീവ്‌ ഇടപാടുകള്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്‌ എങ്ങനെയെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

ഇത്‌ ജനജീവിതത്തെ നേരിട്ട്‌ ബാധിക്കുന്നു. ഉദാഹരണത്തിന്‌, ആഗോളനാണയപ്പെരുപ്പനിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതില്‍ ചൂതാട്ട സ്വഭാവമുള്ള ധനമൂലധനം നേരിട്ടുതന്നെ പങ്കുവഹിച്ചിട്ടുണ്ട്‌. ഊര്‍ജവിപണിയില്‍ നിന്ന്‌ പെട്ടെന്ന്‌ കൊള്ളലാഭമടിക്കുന്നതിനുവേണ്ടി ഹെഡ്‌ജ്‌ ഫണ്ടുകള്‍ പോലുള്ള ഊഹക്കച്ചവടക്കാര്‍ എണ്ണയുടെ സാട്ടാക്കച്ചവടത്തില്‍ വന്‍തുക മുടക്കിയതിന്റെ ഫലമായാണ്‌ 2008 ജൂണ്‍ ആയപ്പോള്‍ അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില ബാരല്‍ ഒന്നിന്‌ 140 ഡോളര്‍ കവിഞ്ഞത്‌. ഇന്ത്യയേയും ചൈനയേയും പോലുള്ള വികസ്വര സമ്പദ്‌ഘടനകളില്‍ ഊര്‍ജ്ജാവശ്യം വര്‍ദ്ധിച്ചുവരുന്നതിനാലാണ്‌ എണ്ണവില കുത്തനെ ഉയരുന്നതെന്ന്‌ പ്രസിഡന്റ്‌ ബുഷ്‌ അടുത്തകാലത്ത്‌ തെറ്റായി കുറ്റപ്പെടുത്തുകയായിരുന്നു.

സാമ്പത്തികമാന്ദ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ 2008 ഒക്‌ടോബറില്‍ ഒരു ബാരല്‍ എണ്ണയ്‌ക്ക്‌ ഏകദേശം 70 ഡോളറായി അന്താരാഷ്‌ട്രവിപണിയില്‍ എണ്ണവില ഇടിഞ്ഞത്‌, ഊര്‍ജ്ജാവശ്യം വര്‍ദ്ധിച്ചതല്ല ഊഹക്കച്ചവടമാണ്‌ എണ്ണവില വര്‍ദ്ധനവിന്‌ ഇടയാക്കിയത്‌ എന്ന്‌ വ്യക്തമായി കാണിക്കുന്നു. അതേപോലെ തന്നെ, ഭക്ഷ്യധാന്യങ്ങളുടെ അവധി വ്യാപാരത്തിലെ ഊഹക്കച്ചവടം, പ്രത്യേകിച്ചും ഗോതമ്പിന്റെ ഊഹക്കച്ചവടം, ആഗോള ഭക്ഷ്യവിലകള്‍ കുത്തനെ കുതിച്ചുയരുന്നതിന്‌ ഇടയാക്കി. ലോകമാകെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടായി; നിരവധി രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടാവാന്‍ ഇത്‌ ഇടവരുത്തി. ഇപ്പോള്‍, ചരക്ക്‌ കൈമാറ്റരംഗത്തുനിന്ന്‌ ചൂതാട്ട സ്വഭാവമുള്ള ധനമൂലധനം ഒഴിഞ്ഞുപോയതോടെ ആഗോളഭക്ഷ്യവിലകളും കുറയാന്‍ തുടങ്ങി.
ഈ പ്രതിസന്ധിയുടെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നതിനുപകരം, ലോകത്തങ്ങോളമിങ്ങോളമുള്ള സര്‍ക്കാരുകള്‍ ``മുതലാളിമാരില്‍ നിന്ന്‌ മുതലാളിത്തത്തെ രക്ഷിക്കാന്‍'' ശ്രമിക്കുകയാണ്‌; ബാങ്കുകളെയും ഭൂപണയകമ്പനികളെയും ദേശസാല്‍ക്കരിക്കുന്നത്‌ ഉള്‍പ്പെടെയുള്ള ഭരണകൂട ഇടപെടലുകളിലൂടെയാണ്‌ അവര്‍ ഇതിന്‌ പരിശ്രമിക്കുന്നത്‌. എന്നാല്‍, ഇതുവരെയും ഊഹക്കച്ചവടക്കാരുടെ അതിക്രമങ്ങളാണ്‌ ഇതിനുത്തരവാദികള്‍ എന്ന്‌ തറപ്പിച്ചു പറയാന്‍ ഒരു ശ്രമവും നടന്നില്ല. അതിനുംപുറമെ, ഈ പ്രതിസന്ധിക്ക്‌ ഉത്തരവാദികളായ ധനകാര്യകമ്പനികളുടെ സി.ഇ.ഒമാരും ഉന്നത എക്‌സിക്യൂട്ടീവുകളും തങ്ങള്‍ക്കു തന്നെ ``സ്വര്‍ണ പാരച്യൂട്ടുകള്‍'' ഉറപ്പാക്കിയിട്ടുണ്ട്‌; അതായത്‌, അവരുടെ തൊഴില്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ആനുകൂല്യങ്ങളും ബോണസുകളുമായി വന്‍തുക അവര്‍ക്ക്‌ ഉറപ്പാക്കുന്ന കരാറുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതേസമയം, മറുവശത്ത്‌ പെന്‍ഷന്‍ ഫണ്ടുകാര്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പെന്‍ഷനുകള്‍ ധനകമ്പോളത്തില്‍ നിക്ഷേപിച്ചതിന്റെ ഫലമായി അവരുടെ സമ്പാദ്യമാകെ നഷ്‌ടപ്പെടുകയും ചെയ്‌തു. 2007 ജൂണിനുശേഷം അമേരിക്കയില്‍ 1.2 ലക്ഷം കോടി ഡോളറാണ്‌ റിട്ടയര്‍മെന്റ്‌ സമ്പാദ്യത്തില്‍ നഷ്‌ടപ്പെട്ടത്‌.

ഇതോടെ മുതലാളിത്തത്തിന്റെ അന്ത്യമായി എന്ന്‌ കരുതുന്നത്‌ വ്യാമോഹമായിരിക്കുമെങ്കിലും, പൊതുപണം ഉപയോഗിച്ചുള്ള ഭരണകൂട ഇടപെടലിലൂടെ മുതലാളിത്തത്തെ രക്ഷപ്പെടുത്താനുള്ള ``സ്വതന്ത്രകമ്പോള''ത്തിന്റെ വക്താക്കളുടെ തീവ്രപരിശ്രമങ്ങള്‍ക്കാണ്‌ നാം ഇന്ന്‌ സാക്ഷ്യം വഹിക്കുന്നത്‌. ഇത്‌ നഷ്‌ടങ്ങളുടെ സാമൂഹ്യവല്‍ക്കരണവും ലാഭങ്ങളുടെ സ്വകാര്യവല്‍ക്കരണവും ഉറപ്പാക്കലല്ലാതെ മറ്റൊന്നുമല്ല. അതിഭയങ്കരമായ ഈ കാപട്യം അദ്ധ്വാനിക്കന്ന ജനവിഭാഗങ്ങളുടെ കണ്ണില്‍ നവലിബറല്‍ വാഴ്‌ചയുടെ വിശ്വാസ്യത തകര്‍ക്കുമെന്നതില്‍ സംശയമില്ല. ചൂതാട്ട സ്വഭാവമുള്ള ധനമൂലധനത്തിന്റെ നിയന്ത്രണത്തിലുള്ള ആഗോളവല്‍ക്കരണത്തിന്റെ വമ്പിച്ച തകര്‍ച്ച രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടവരുത്തും. അമേരിക്കന്‍ ആധിപത്യപദ്ധതിയും ഡോളറിന്റെ മേധാവിത്വവും ചോദ്യം ചെയ്യപ്പെടുകയാണ്‌; ഏകധ്രുവത്വം ദുര്‍ബലമായി വരുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ മറ്റുമുതലാളിത്ത രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമം ലോകകാര്യങ്ങളില്‍ ബഹുധ്രുവതയിലേക്കുള്ള പ്രവണതയെ ശക്തിപ്പെടുത്തും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായുള്ള ലോകവ്യാപകമായ ചെറുത്തുനില്‍പ്‌ വരും ദിവസങ്ങളില്‍ ശക്തിപ്പെടും എന്നതിന്‌ സംശയം വേണ്ട.

ആഗോളമുതലാളിത്ത സംവിധാനത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങളുടെ അനിവാര്യമായ അനന്തരഫലം എന്ന നിലയില്‍ ആഗോളധനപ്രതിസന്ധിയെ തുറന്നുകാണിക്കേണ്ടതും ഭാവി സോഷ്യലിസത്തിന്റേതു മാത്രമാണ്‌ എന്ന ബദല്‍ വീക്ഷണം ഊന്നിപ്പറയേണ്ടതും ഈ ഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നു.

ഏതാണ്ട്‌ 150 വര്‍ഷം മുന്‍പ്‌ മുതലാളിത്തത്തെ സംബന്ധിച്ച തന്റെ മൗലികമായ വിശകലനത്തില്‍ കാള്‍ മാര്‍ക്‌സ്‌ ഇങ്ങനെ എഴുതി-``ആവശ്യമുള്ളിടത്തോളം ലാഭമുണ്ടെങ്കില്‍ മുതലാളിത്തത്തിന്‌ തന്റേടമുണ്ടായിരിക്കും. 10 ശതമാനം ലാഭം കിട്ടുമെന്നുണ്ടെങ്കില്‍ അത്‌ എവിടെയും എത്തും. 20 ശതമാനം ലാഭമുണ്ടാകുമെങ്കില്‍ അതിന്‌ ആര്‍ത്തിയായിരിക്കും; 50 ശതമാനമാണെങ്കിലോ അത്‌ എന്ത്‌ സാഹസികതയ്‌ക്കും മുതിരും. ലാഭം 100 ശതമാനമാകുമെന്നുണ്ടെങ്കില്‍ എല്ലാ നിയമങ്ങളെയും പിച്ചിച്ചീന്താന്‍ അത്‌ തയ്യാറാകും. 300 ശതമാനം ലാഭം ലഭിക്കുമെങ്കില്‍ എന്ത്‌ കുറ്റകൃത്യം ചെയ്യാനും അത്‌ മടിക്കില്ല; എന്ത്‌ അപകടസാധ്യത ഏറ്റെടുക്കാനും അതിന്‌ ഒരു മടിയും ഉണ്ടാവില്ല; സ്വന്തം ഉടമസ്ഥനെ കൊന്ന്‌ കെട്ടിത്തൂക്കാന്‍ പോലും അത്‌ തയ്യാറാകും.'' (മൂലധനം, വാല്യം1)
 
മാര്‍ക്‌സിന്റെ ഈ വാക്കുകള്‍ ചരിത്രത്തിലുടനീളം മാറ്റൊലിക്കൊള്ളുകയാണ്‌. മുതലാളിത്തത്തിന്‌ ഒരിക്കലും ചരിത്രത്തിന്റെ അന്ത്യമാകാനാവില്ല; നേരെ മറിച്ച്‌, മുതലാളിത്തത്തിനും അതിന്റെ നവലിബറല്‍ ചട്ടക്കൂടിനും എതിരായ പോരാട്ടത്തിലൂടെ മാത്രമേ മനുഷ്യവംശത്തിന്റെ മുന്നേറ്റത്തിനുള്ള ബദല്‍ മാര്‍ഗ്ഗം കണ്ടെത്താനാവൂ.
ഇന്ത്യയില്‍ നാം ഉടന്‍ പോരാടേണ്ടത്‌ തകര്‍ന്ന അമേരിക്കന്‍ കൂടാരത്തിലേക്ക്‌ രാജ്യത്തെ വലിച്ചിഴച്ചുകൊണ്ടുപോകാന്‍ നോക്കുന്ന പിടിപ്പുകെട്ട ഒരു സര്‍ക്കാരിനെ അതില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ വേണ്ടിയായിരിക്കണം. നവലിബറല്‍ ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രിയും ധനമന്ത്രിയും പ്ലാനിംഗ്‌ കമ്മീഷന്‍ ഉപാധ്യക്ഷനും വീറോടെ വാദിക്കുന്ന, ഇനിയും കൂടുതല്‍ ധനമേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്‌ തടയുന്നതിനായി നാം വിട്ടുവീഴ്‌ച ഇല്ലാത്ത പോരാട്ടം നടത്തേണ്ടതാണ്‌. ഈ ലഘുലേഖ ആഗോളധനപ്രതിസന്ധിയുടെ ഉറവിടത്തേയും അതുണ്ടാക്കുന്ന പ്രത്യാഘാതത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. എല്ലാം തകര്‍ത്തു തരിപ്പണമാക്കാനിടയുള്ള ഈ സാമ്പത്തിക സുനാമിയില്‍ നിന്ന്‌ അദ്ധ്വാനിക്കുന്ന ജനങ്ങളെയും ഇന്ത്യന്‍ സമ്പദ്‌ഘടനയെയും രക്ഷപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉറവിടങ്ങള്‍ ഏതെല്ലാമാണ്‌ ?

ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിച്ചത്‌ അമേരിക്കയിലാണ്‌. 1980 കളിലും 1990കളിലും നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണനയങ്ങളില്‍ അതിന്റെ ഉറവിടെ കണ്ടെത്താവുന്നതാണ്‌. ഈ നയങ്ങള്‍ ബാങ്കുകളെയും മറ്റു ധനകാര്യസ്ഥാപനങ്ങളെയും പരിപൂര്‍ണ്ണമായും നിരുത്തരവാദപരമായും അത്യാര്‍ത്തിയോടെയും പെരുമാറാന്‍ അനുവദിച്ചു; അല്‌പം പോലും സുതാര്യമല്ലാത്തവിധത്തിലായിരുന്നു അവയുടെ പ്രവര്‍ത്തനം; അവര്‍ക്ക്‌ എത്രത്തോളം സാമ്പത്തിക ശേഷി ഉണ്ടെന്നോ ധനപരമായ അപകടസാധ്യതയെ അതിജീവിക്കാനുള്ള പ്രാപ്‌തി എത്രത്തോളമുണ്ടെന്നോ ഒന്നും അവര്‍ക്കുതന്നെ കൃത്യമായി അറിയില്ല. 1999 ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ്‌ ധനസേവനങ്ങള്‍ ആധുനികവല്‍ക്കരിക്കല്‍ നിയമം അംഗീകരിച്ചു. ധനമേഖലയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. നികുതി ഇളവുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കി ഇവരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സര്‍ക്കാര്‍ നയം. ഏറ്റവും അധികം ചൂതാട്ടസ്വഭാവമുള്ള നടപടികള്‍ക്കുപോലും ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന സ്രോതസ്‌ അമേരിക്കയിലെ ഭവന വിപണിയിലെ ``സബ്‌ പ്രൈം വായ്‌പ നല്‍കല്‍'' ആണ്‌.

എന്താണ്‌ ``സബ്‌ പ്രൈം'' വായ്‌പ നല്‍കല്‍ ? പ്രതിസന്ധിയുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

വായ്‌പ വാങ്ങുന്ന എക്‌സ്‌ എന്ന ആളിന്റെ കാര്യം പരിശോധിക്കാം. അയാള്‍ക്ക്‌ സ്ഥിരമായ എന്തെങ്കിലും തൊഴിലോ മറ്റെന്തെങ്കിലും ആസ്‌തിയോ ഇല്ല. അങ്ങനെയുള്ള ആളെയാണ്‌ `'സബ്‌ പ്രൈം അധമര്‍ണന്‍'' എന്ന്‌ വിളിക്കുന്നത്‌. അതായത്‌, വേണ്ടത്ര വരുമാനമോ മറ്റ്‌ ആസ്‌തിയോ ഇല്ലാത്തതിനാല്‍ അവരെടുക്കുന്ന ഭവനവായ്‌പ തിരിച്ചടക്കാനുള്ള കഴിവ്‌ ഇല്ലാത്തവരെയാണ്‌ ഇങ്ങനെ വിളിക്കുന്നത്‌.

ബി എന്ന ഒരു ഭൂപണയവായ്‌പാ ഏജന്റ്‌ ഈ എക്‌സിനെ സമീപിക്കുന്നു. കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പ വാങ്ങിത്തരാമെന്ന്‌ ബി എക്‌സിനോട്‌ പറയുന്നു. പക്ഷേ, രണ്ടുവര്‍ഷത്തിനകം പലിശ നിരക്ക്‌ വര്‍ദ്ധിക്കുമെന്ന കാര്യം പലപ്പോഴും എക്‌സിനോട്‌ പറയാറില്ല. ബിയും അയാളെപ്പോലുള്ള മറ്റ്‌ ഏജന്റുമാരും ഇത്തരം സബ്‌പ്രൈം അധമര്‍ണന്‍മാരെ വായ്‌പവാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ``ഡെറിവേറ്റീവ്‌'' എന്ന ഏര്‍പ്പാടിലൂടെ ഇതും ഇതുപോലുള്ള മറ്റു വായ്‌പകളും എല്ലാംകൂടി ബിയുടെ ഭൂപണയ വായ്‌പാകമ്പനി ഒന്നിച്ചു ചേര്‍ത്ത്‌ വയ്‌ക്കുന്നു. ഇവയാണ്‌ ``അധികജാമ്യം നല്‍കുന്ന വായ്‌പാഉടമ്പടികള്‍'' എന്നറിയപ്പെടുന്നത്‌. ഉദാഹരണത്തിന്‌ ഒരു കോടി രൂപയ്‌ക്കുള്ള ഒരു സി.ഡി.ഒ സൃഷ്‌ടിക്കപ്പെട്ടു എന്ന്‌ കരുതുക. ഈ ഒരു കോടി രൂപയെ മറ്റു ഭൂപണയവായ്‌പാ കമ്പനികളോ ബാങ്കുകളോ പോലുള്ള വിവിധ നിക്ഷേപകര്‍ക്ക്‌ മൊത്തമായോ ഭാഗികമായോ വീണ്ടും വില്‍ക്കുന്നു. ഈ ``ആസ്‌തി''യെ വിറ്റ ബി എന്ന കമ്പനി ഈ വില്‌പനയിലൂടെ ഒരു കോടി രൂപയില്‍ അധികം ഈടാക്കുന്നു. അത്‌ വാങ്ങിയ സി എന്ന കമ്പനി പ്രതീക്ഷിക്കുന്നത്‌ ഈ ഒരു കോടി രൂപയില്‍ അധികം വിലയുള്ള ആസ്‌തി/വായ്‌പയുടെ പലിശയില്‍ നിന്ന്‌ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നാണ്‌. അതിനും പുറമെ, പണയം വെച്ചിട്ടുള്ള വീടിന്റെ വില വര്‍ദ്ധിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ചിലപ്പോള്‍ ഈ നിക്ഷേപകര്‍ ഇതിനെ ``സാട്ടാക്കച്ചവട ഓപ്‌ഷനുകളു''ടെ രൂപത്തില്‍ വീണ്ടും വില്‍ക്കുകയും ചെയ്യും. ഈ ആസ്‌തിയ്‌ക്ക്‌ ഭാവിയിലുണ്ടാകുമെന്ന്‌ കരുതുന്ന വിലയാണ്‌ അവര്‍ ഇതില്‍ വാതുവയ്‌ക്കുന്നത്‌. അങ്ങനെ എക്‌സ്‌ എന്ന അധമര്‍ണന്റെ മൂലവായ്‌പവീണ്ടും വീണ്ടുമുള്ള കച്ചവടത്തിലൂടെ ഒരു ധന ആസ്‌തിയായി മാറുന്നു, അത്‌ പല കമ്പനികളിലൂടെ കൈമറിയുന്നു. യഥാര്‍ത്ഥത്തില്‍ ഈ ആസ്‌തി എന്താണെന്നോ ഇതിന്റെ വില എത്രത്തോളമുണ്ടെന്നോ ഒന്നും ഇവരില്‍ അധികം പേരും അറിയുന്നുമില്ല.

എന്നാല്‍, ക്രമേണ പലിശ നിരക്ക്‌ ഉയര്‍ന്നുപോകുമ്പോള്‍, ഈ വായ്‌പ തിരിച്ചടയ്‌ക്കാനുള്ള വരുമാനം തനിക്കില്ലെന്ന്‌ എക്‌സ്‌ എന്ന അധമര്‍ണന്‍ മനസിലാക്കുന്നു; അയാള്‍ വായ്‌പ തിരിച്ചടയ്‌ക്കാതെ കുടിശ്ശിക വരുത്തുന്നു. ഈ സന്ദര്‍ഭത്തില്‍ സി എന്ന കമ്പനി അയാളുടെ വീട്‌ പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, ദശലക്ഷക്കണക്കിന്‌ അധമര്‍ണന്മാര്‍ തങ്ങളുടെ കടം തിരിച്ചയ്‌ക്കാതെ കുടിശ്ശിക വരുത്താന്‍ തുടങ്ങുമ്പോള്‍ ഭവനകമ്പോളത്തില്‍ വില്‍ക്കുന്നവര്‍ മാത്രമേ ഉണ്ടാകു; വാങ്ങാന്‍ ആളുണ്ടാവില്ല. അപ്പോള്‍ വീടുകളുടെ കമ്പോളവില ഇടിയുന്നു. അതോടെ, ഇത്തരത്തിലുള്ള വായ്‌പാ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന സിയെപ്പോലുള്ള കമ്പനികള്‍ വലിയ കുഴപ്പത്തില്‍ അകപ്പെടുന്നു. കാരണം, വീടുകളുടെ വില ഇടിയുന്നതോടെ അവരുടെ ``ആസ്‌തി''യുടെ വിലയും കുറയുന്നു. ക്രമേണ ഇത്‌ ഇത്തരം വായ്‌പ നല്‍കിയിട്ടുള്ള എല്ലാ ധനകാര്യകമ്പനികളിലേക്കും ഭൂപണയവായ്‌പാ കമ്പനികളിലേക്കും ബാങ്കുകളിലേക്കും പടര്‍ന്നു പിടിക്കുന്നു. ഇതിന്റെ ആത്യന്തികഫലം ധനവ്യവസ്ഥയുടെ ആകെ തകര്‍ച്ചയായിരിക്കും.

അമേരിക്കയില്‍ ഈ പ്രതിസന്ധി ഉണ്ടായതെങ്ങനെ ?

ഭൂപണയ വായ്‌പാ സ്ഥാപനങ്ങള്‍ നല്‍കുന്ന സബ്‌പ്രൈം വായ്‌പകളെ മറ്റു നിക്ഷേപകര്‍ക്ക്‌ വില്‍ക്കാന്‍ പറ്റുന്ന വിധത്തില്‍ ``കടപത്ര''ങ്ങളായി ഒന്നിച്ചുകൂട്ടിക്കെട്ടാന്‍, ധനമേഖല നിയന്ത്രണരഹിതമാക്കിയതോടെ, അവസരമൊരുങ്ങി. അതോടുകൂടി മൂലവായ്‌പ നല്‍കിയ ആള്‍ക്ക്‌ പിന്നീടുണ്ടാകുന്ന തിരിച്ചടവിലെ വീഴ്‌ചമൂലം നഷ്‌ടമൊന്നും സംഭവിക്കില്ല. ഈ അപകടം പിടിച്ച ആസ്‌തികള്‍ തുടര്‍ന്ന്‌ മ്യൂച്ചല്‍ ഫണ്ട്‌, പെന്‍ഷന്‍ ഫണ്ട്‌ എന്നിങ്ങനെയുള്ള പല തലത്തില്‍പ്പെട്ട നിക്ഷേപകരും വാങ്ങുകയും അവ വീണ്ടും വില്‍ക്കുകയും ചെയ്യുന്നു. അവരില്‍ പല ആളുകള്‍ക്കും തങ്ങള്‍ എന്താണ്‌ വാങ്ങിയിരിക്കുന്നത്‌ എന്ന കാര്യത്തെക്കുറിച്ചുപോലും വ്യക്തമായ ഒരു രൂപവും ഉണ്ടാവില്ല. ഇത്‌ പെട്ടെന്നുള്ള ഒരു സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിന്‌ ഇടയാക്കി. സര്‍ക്കാരില്‍ നിന്നുള്ള നികുതി ഇളവുകള്‍ ഇതിന്‌ പിന്നെയും ഏറെ സഹായകരമായി. ഈ അഭിവൃദ്ധി കാലത്ത്‌ ഭവനവിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തങ്ങള്‍ക്കെല്ലാം വലിയതോതിലുള്ള ആദായം ലഭിച്ചിരുന്നതുകൊണ്ട്‌ ഇതുമായി ബന്ധപ്പെട്ട എല്ലാ പേരും തികച്ചും സന്തുഷ്‌ടരുമായിരുന്നു. ലോകമാസകലമുള്ള ധനനിക്ഷേപകര്‍ ഇതില്‍ കക്ഷി ചേര്‍ന്നു; അവരെല്ലാം ``ഡെറിവേറ്റീവ്‌'' വ്യാപാരം ആരംഭിക്കുകയും ചെയ്‌തു. അതായത്‌ ഈ ``കടപ്പത്ര''ങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെ ആധാരമാക്കിയുള്ള ആസ്‌തികളെയാണ്‌.

ഈ ``കടപ്പത്രങ്ങളുടെ''യും ``ഡെറിവേറ്റീവ്‌'' കളുടെയും കച്ചവടത്തില്‍ ലഭിക്കുന്ന ഫീസുകളില്‍ നിന്നും കമ്മീഷനുകളില്‍ നിന്നുമുള്ള ലാഭത്തിന്റെ വലിയൊരു വിഹിതം ബാങ്കുകള്‍ക്ക്‌ തന്നെ ലഭിക്കാന്‍ തുടങ്ങി. തങ്ങള്‍ കൊടുത്ത വായ്‌പകളുടെ പലിശ ശേഖരിക്കുന്നതിലൂടെയുള്ള ലാഭം ഉണ്ടാക്കുന്നതിന്‌ ഉപരിയായി ബാങ്കുകള്‍ ഈ ``കടപ്പത്രങ്ങളു''ടെയും ``ഡെറിവേറ്റീവ്‌കളു''ടെയും കച്ചവടത്തില്‍ വലിയതോതില്‍ ഇടപെടാന്‍ തുടങ്ങി. ``ധനപരമായ നവീകരണം'' എന്ന പേരിലാണ്‌ ഇതിനെയെല്ലാം വിശേഷിപ്പിച്ചിരുന്നത്‌. എന്നാല്‍, ഇതെല്ലാം സബ്‌പ്രൈം വായ്‌പയില്‍ പതിയിരിക്കുന്ന യഥാര്‍ത്ഥ അപകടസാധ്യതയെ മറച്ചു വെച്ചാണ്‌ പ്രവര്‍ത്തിച്ചത്‌; പെട്ടെന്നുണ്ടായ അഭിവൃദ്ധി അതുമൂലം കുറേനാള്‍കൂടി നില്‍ക്കുകയും ക്രമേണ വന്‍തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്‌തു.

ഉയര്‍ന്ന പലിശ നിരക്ക്‌ സബ്‌പ്രൈം വായ്‌പകളെ ബാധിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌; തങ്ങള്‍ക്ക്‌ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പറ്റില്ലെന്ന്‌ അതോടെ നിരവധി അധമര്‍ണര്‍ക്ക്‌ ബോധ്യമായി. കുടിശ്ശിക വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം 2007 തുടക്കം മുതല്‍ തന്നെ അമേരിക്കയില്‍ വീടുകളുടെ വില കുറയാനും തുടങ്ങി. ഇതിനൊരു പകിട പ്രഭാവം (ഡൊമിനോ എന്നാല്‍ പകിട, പകിടകളിയില്‍ എന്ന പോലെ ഒരു സംഭവം അതുപോലുള്ള മറ്റ്‌ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുമെന്ന പരികല്‍പ്പന) ഉണ്ടാകാന്‍ ഇടയുണ്ട്‌. ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പലരും തങ്ങള്‍ക്ക്‌ ഈ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പറ്റില്ലെന്ന്‌ തിരിച്ചറിഞ്ഞു; കാരണം അവരുടെ വീടിന്റെ ഇപ്പോഴത്തെ മൊത്തം വിലയെക്കാള്‍ അധികം വരും അവര്‍ തിരിച്ചടയ്‌ക്കേണ്ട തുക. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഈ നഷ്‌ടക്കച്ചവടത്തില്‍ കുടുങ്ങുന്നതിനെക്കാള്‍ വായ്‌പ തിരിച്ചടയ്‌ക്കാതെ കുടിശികയിടുന്നതാണ്‌ നല്ലതെന്ന അവസ്ഥയായി. അങ്ങനെ പല വായ്‌പകളും കിട്ടാക്കടമായി; അതോടെ ആസ്‌തി വില ഇടിഞ്ഞു; എന്നാല്‍ സങ്കീര്‍ണ്ണമായ ധന ഇടപാടുകള്‍ കൊണ്ട്‌ ഇതാകെ മൂടി വെച്ചിരിക്കുകയായിരുന്നു. കാരണം, ഈ ആസ്‌തിയാകെ വിവിധ നിക്ഷേപകരുടെ കൈവശത്തിലായിരുന്നു.

പക്ഷെ, അത്‌ അവര്‍ക്ക്‌ എന്നെന്നേയ്‌ക്കുമായി മൂടിവെയ്‌ക്കാന്‍ പറ്റില്ല. വാള്‍സ്‌ട്രീറ്റിലെ ഒരു പ്രമുഖ ബാങ്കായ ബിയര്‍ സ്റ്റേണ്‍സ്‌ ഭൂപണയവായ്‌പയുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട്‌ തങ്ങളുണ്ടാക്കിയ രണ്ടു ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ വില ഇല്ലാത്തതായിയെന്ന്‌ പ്രഖ്യാപിച്ചതോടെയാണ്‌ ഈ പ്രശ്‌നത്തിന്റെ വ്യാപ്‌തി ഒരു പരിധിയോളം പുറംലോകം അറിയാന്‍ തുടങ്ങിയത്‌. പല ധനകാര്യ സ്ഥാപനങ്ങളും ഇതിനകം തന്നെ ഏറെക്കുറെ പാപ്പരായിക്കഴിഞ്ഞെന്നതിന്റെ സൂചനയായിരുന്നു ഇത്‌. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മൊത്തം തുക അതിഭീമമാണ്‌-മൊത്തം പിരിഞ്ഞുകിട്ടാനുള്ള സബ്‌പ്രൈം വായ്‌പകളുടെ ആകെത്തുക ഏകദേശം 1.5 ലക്ഷം കോടി ഡോളര്‍ വരുമെന്നാണ്‌ പൊതുവെയുള്ള കണക്ക്‌ (ആര്‍ക്കും ഇക്കാര്യത്തെക്കുറിച്ച്‌ കൃത്യമായ കണക്കില്ല).

രാജ്യങ്ങള്‍ക്കുള്ളിലും രാജ്യങ്ങള്‍ തമ്മിലുമുള്ള ധനപരമായ സംയോജനം കാരണം, അമേരിക്കയിലെയും യൂറോപ്പിലെയും മിക്കവാറും എല്ലാ ധനകാര്യസ്ഥാപനങ്ങളെയും ഇത്‌ വളരെയധികം പ്രതികൂലമായി ബാധിച്ചു. ഒരു സ്ഥാപനത്തിനും തങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എത്രമാത്രം അപകടത്തിലാണ്‌ അകപ്പെട്ടിരിക്കുന്നതെന്ന്‌ കൃത്യമായും അറിയാനുമാവില്ല; കാരണം, ഉദാരവല്‍ക്കരണം അവരെയെല്ലാം അവരുടെ വസ്‌തുവകകളുടെ യഥാര്‍ത്ഥവില മറച്ചുവെയ്‌ക്കാന്‍ അനുവദിച്ചിട്ടുണ്ട്‌. ഇതോടെ ഭീതി പടര്‍ന്നുപിടിച്ചു. പരസ്‌പരം വായ്‌പ നല്‍കുന്നതില്‍ നിന്ന്‌ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുമാറി; അതിനെ തുടര്‍ന്ന്‌ തങ്ങളുടെ ബിസിനസ്‌ തുടര്‍ന്നു നടത്താനാവാത്ത അവസ്ഥ പലര്‍ക്കുമുണ്ടായി; അഥവാ പല ബാങ്കുകള്‍ക്കും തല്‍ക്കാലം നിന്നു പിഴയ്‌ക്കാന്‍ വേണ്ട പണം ഇല്ലാതായി.

ക്രമേണ, ഏറ്റവും വലുതും അതേസമയം ``മികച്ചത്‌'' എന്ന്‌ കരുതപ്പെട്ടിരുന്നതുമായ പല സ്ഥാപനങ്ങളും പാപ്പരാകുമെന്ന സ്ഥിതി സംജാതമായി. അമേരിക്കയിലെ വന്‍കിട നിക്ഷേപബാങ്കുകളായ ബിയര്‍ സ്റ്റേണ്‍സ്‌, ലേമാന്‍ ബ്രദേഴ്‌സ്‌, മെറില്‍ ലിഞ്ച്‌, മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ എന്നിവ അടച്ചുപൂട്ടപ്പെടുകയോ അവയിലും വലിയ ബാങ്കുകളുമായി ലയിക്കുകയോ കര്‍ശനനിയന്ത്രണങ്ങള്‍ക്ക്‌ വിധേയമാകുന്ന സാധാരണ ബാങ്കുകളായി സ്വയം മാറുകയോ ചെയ്‌തു. അടച്ചുപൂട്ടലും ലയനവും ഏറ്റെടുക്കലുമെല്ലാം നിത്യസംഭവങ്ങളായി. പക്ഷേ, ധനവ്യവസ്ഥയെയാകെ അടിമുടി തകര്‍ത്ത വിശ്വാസരാഹിത്യവും ബലഹീനതയും, കൈകാര്യം ചെയ്യാന്‍ ഇതൊന്നും മതിയാകുമായിരുന്നില്ല.

പ്രതിസന്ധി ഇപ്പോള്‍ ആ സംവിധാനത്തെയാകെത്തന്നെ പിടികൂടി കഴിഞ്ഞിരിക്കുന്നു; യഥാര്‍ത്ഥ സമ്പദ്‌ഘടനയിലെ നിക്ഷേപത്തെയും ഉപഭോഗത്തെയും ഇത്‌ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു; ഇതോടെ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ ശരിക്കുള്ള സാധ്യത തെളിഞ്ഞു വന്നു. ഇതിനകം തന്നെ ചില്ലറ വ്യാപാരവും വ്യാവസായിക ഉല്‍പാദനവും ഇടിഞ്ഞു; ഈ വര്‍ഷം തന്നെ 7 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി; തൊഴിലില്ലായ്‌മ ഇനിയും വര്‍ദ്ധിക്കാനാണ്‌ സാദ്ധ്യത. ധനപ്രതിസന്ധി തൊഴിലാളികളുടെയും ജീവനക്കാരുടെയും ലക്ഷോപക്ഷം കോടി ഡോളറിന്റെ റിട്ടയര്‍മെന്റ്‌ സമ്പാദ്യം ഇല്ലാതാക്കി.

ഇത്ര പെട്ടെന്ന്‌ ഈ പ്രതിസന്ധി ലോകമാകെ പടര്‍ന്നു പിടിച്ചത്‌ എന്തുകൊണ്ട്‌ ?

വികസ്വരരാജ്യങ്ങളിലാകെ നടപ്പാക്കിയ ധനഉദാരവല്‍ക്കരണനയങ്ങള്‍ എല്ലാ രാജ്യങ്ങളിലെയും മൂലധനവിപണിയെ സദാ ചലിച്ചുകൊണ്ടിരിക്കുന്ന മൂലധന പ്രവാഹത്തിലൂടെ നേരിട്ട്‌ അധികമധികം സംയോജിപ്പിച്ചിരിക്കുകയാണ്‌. ബഹുരാഷ്‌ട്രകുത്തകബാങ്കുകള്‍ ഇപ്പോള്‍ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു ബാങ്കിനെ ബാധിക്കുന്ന കുഴപ്പം അതിവേഗം അതുമായി ഇടപാടുള്ള മറ്റു ബാങ്കുകളിലേക്കും പടര്‍ന്നു പിടിക്കത്തക്കവിധം അവയുടെയെല്ലാം പ്രവര്‍ത്തനം കെട്ടുപിണഞ്ഞു കിടക്കുകയാണ്‌. വികസിത രാജ്യങ്ങളില്‍ നിന്നുള്ള ചോദനമാണ്‌ വിപണികളെ ``തുറക്കുന്ന''തും ഓഹരി വിപണയിലെ വിദേശസ്ഥാപന നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ അനുവദിക്കുന്നതും ഇതാണ്‌ ആഗോളവല്‍ക്കൃത ലോകത്തിന്റെ സവിശേഷഘടകങ്ങളില്‍ ഒന്ന്‌. ഇപ്പോള്‍ ലോകത്താകെയുള്ള ഓഹരി വിപണികള്‍ നിത്യേനയെന്നവണ്ണം ഒന്നിച്ചുമുങ്ങുന്നതായിട്ടാണ്‌ തോന്നുന്നത്‌. വാള്‍സ്‌ട്രീറ്റ്‌ തുമ്മുമ്പോള്‍ ലോകത്താകെയുള്ള ഓഹരിവിപണികള്‍ക്ക്‌ ജലദോഷം പിടിപെടുന്നു. ഉദാരവല്‍ക്കൃതമായ ധനവ്യവസ്ഥയാണ്‌ ഒരു രാജ്യത്തുണ്ടാകുന്ന ധനകാര്യ ആഘാതം ആഗോളധനവ്യവസ്ഥയെയാകെ അതിവേഗം ബാധിക്കുന്ന സ്ഥിതിയിലാക്കിയത്‌.

ഈ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരുകള്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നത്‌?
അമേരിക്കയില്‍ ഈ കുഴപ്പങ്ങളെല്ലാം സൃഷ്‌ടിച്ച അതേ സംഘം (ട്രഷറി സെക്രട്ടറിയും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനും) ഇപ്പോള്‍ 70,000 കോടി ഡോളറിന്റെ രക്ഷാപദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്‌. ഇത്‌ യഥാര്‍ത്ഥത്തില്‍ ബാങ്കുകളെയും അവയുടെ മാനേജര്‍മാരെയും രക്ഷപ്പെടുത്താനുള്ള പദ്ധതിയാണ്‌. കാരണം, പ്രാഥമികമായും ഇതുകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌ തകരുന്ന ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഏറെക്കുറെ വിലയില്ലാതായ ഭൂപണയവായ്‌പയുമായി ബന്ധപ്പെട്ട ആസ്‌തികള്‍ വാങ്ങുന്നതാണ്‌. ഇത്‌ ഭൂപണയവായ്‌പകളിലെ തിരികെ കിട്ടാത്ത പണത്തെ സംബന്ധിച്ച പ്രാഥമികമായ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതോ ചുരുങ്ങുന്ന സമ്പദ്‌ഘടനയ്‌ക്ക്‌ സാമ്പത്തികമായ ഉത്തേജനം നല്‍കുന്നതോ അല്ല. പിന്നീട്‌ ബാങ്കുകളെയും ഭൂപണയവായ്‌പാ ഇടപാടുസ്ഥാപനങ്ങളേയും ഭാഗികമായി ദേശസാല്‍ക്കരിക്കുമെന്ന്‌ അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സുരക്ഷാപദ്ധതി ഫണ്ടുപയോഗിച്ച്‌ ഇങ്ങനെ ദേശസാല്‍ക്കരിക്കുന്ന ബാങ്കുകളെ പുനഃരുജ്ജീവിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്‌. ബ്രിട്ടനിലും ബാങ്കിങ്‌ സംവിധാനത്തിന്റെ മുഖ്യഭാഗങ്ങളെ ദേശസാല്‍ക്കരിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. രാജ്യത്തെ ഏറ്റവും വലിയ മൂന്ന്‌ ബാങ്കുകളുടെ കൈവശമുള്ള 3700 കോടി പൗണ്ട്‌ വിലയുള്ള സാധാരണ ഓഹരികളും പ്രിഫറന്‍സ്‌ ഓഹരികളും സര്‍ക്കാര്‍ വാങ്ങുകയം എല്ലാ ബാങ്കുകളുടെയും നിക്ഷേപങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുകയും ചെയ്യും. അയര്‍ലണ്ട്‌, ജര്‍മ്മനി, ആസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, ബാങ്കിങ്‌ സംവിധാനം അപ്പാടെ തകരുന്നത്‌ തടയുന്നതിനുവേണ്ടി ബാങ്ക്‌ ഡെപ്പോസിറ്റുകള്‍ക്കും ബാങ്കുകള്‍ തമ്മിലുള്ള വായ്‌പകള്‍ക്കും ഗ്യാരന്റി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. യൂറോപ്പിലുടനീളം ബാങ്കുകള്‍ക്ക്‌ കൂടുതല്‍ മൂലധനം പ്രദാനം ചെയ്യുന്നതിനായി ബാങ്കുകളിലെ ഓഹരികള്‍ സര്‍ക്കാരുകള്‍ വാങ്ങുകയും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, സ്വതന്ത്രകമ്പോളത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ കമ്പോളത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്‌ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്‌.

ഈ നടപടികള്‍ എന്തെങ്കിലും ഫലം ചെയ്യുമോ ?

ഇതേവരെ ഒരു ഫലവും ഉണ്ടായിട്ടില്ല. ധനകാര്യവിപണികള്‍ ഇപ്പോഴും സ്‌ഫോടനാത്മകമായ അവസ്ഥയിലാണ്‌. ഓഹരി വിലകള്‍ കുത്തനെ ഇടിയുന്നു; വായ്‌പാലഭ്യത ഇല്ലാത്ത അവസ്ഥ തുടരുന്നു. പല സമ്പദ്‌ഘടനകളിലേയും ധനമേഖലയും യഥാര്‍ത്ഥ സമ്പദ്‌ഘടനയും പരസ്‌പരം നിഷേധാത്മകരീതിയില്‍ ബന്ധപ്പെടുത്തിയിരിക്കുകയാണ്‌; പൊതുവിലുണ്ടായ വിശ്വാസതകര്‍ച്ച കാരണം സമ്പദ്‌ഘടനകളാകെ കുത്തനെ തകരുകയാണ്‌. ഇതിനൊരു പ്രധാനകാരണം നയങ്ങള്‍ക്ക്‌ രൂപം നല്‍കുന്നവരെക്കുറിച്ചുള്ള വിശ്വാസമില്ലായ്‌മയാണ്‌. പല രാജ്യങ്ങളിലും ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിന്‌ ഉത്തരവാദികളായ, അത്‌ അങ്ങനെതന്നെ തുടരാന്‍ അനുവദിച്ച, പ്രശ്‌നം വഷളാകുന്നതുവരെ അതിന്റെ വ്യാപ്‌തിയെയും പ്രത്യാഘാതങ്ങളേയും മറച്ചുവെച്ച, അതേ ആളുകള്‍ തന്നെയാണ്‌.

അതിനുംപുറമെ, ധനകമ്പോളത്തെ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാക്കാതെയും സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലാക്കാതെയുമിരുന്നാല്‍, ധനമൂലധനത്തെ ചട്ടങ്ങള്‍ക്ക്‌ വിധേയമാക്കാതെയിരുന്നാല്‍, പ്രതിസന്ധി പരിഹരിക്കുന്നതില്‍ വിജയിക്കാനാവില്ല. വാസ്‌തവത്തില്‍, അമേരിക്കയില്‍ ബുഷ്‌ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ശുദ്ധമായ രക്ഷാപരിശ്രമങ്ങള്‍ മൂലം തല്‍ക്കാലത്തേക്ക്‌ പ്രതിസന്ധിയെ ഒന്നുമെരുക്കാന്‍ കഴിഞ്ഞെങ്കില്‍ പോലും അവയെല്ലാം തന്നെ ഊഹക്കച്ചവടക്കാരെ കൂടുതല്‍ നിയന്ത്രണരഹിതമായി പെരുമാറാന്‍ പ്രേരിപ്പിക്കുകയെന്ന പ്രതികൂലഫലം ഉണ്ടാക്കാനാണ്‌ സാധ്യത. അതുകൊണ്ടുതന്നെ അവ ഭാവിയില്‍ ഇപ്പോഴത്തെക്കാള്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിന്‌ ഇടയാക്കും.

ഇപ്പോഴത്തെ ആഗോളപ്രതിസന്ധി ക്രമേണ എങ്ങനെ മാറും എന്ന്‌ ഇപ്പോഴും വ്യക്തമായി പറയാന്‍ പറ്റില്ല. പക്ഷെ, എല്ലായിടത്തും യഥാര്‍ത്ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അത്‌ പ്രതികൂലഫലം സൃഷ്‌ടിക്കുമെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. മഹാമാന്ദ്യത്തിനുശേഷം ആഗോളമുതലാളിത്തത്തെ ബാധിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണിത്‌.

സ്വതന്ത്രകമ്പോളാധിഷ്‌ഠിതമായ സാമ്പത്തിക ഉദാരവല്‍ക്കരണമാതൃകയില്‍ ഇത്‌ എന്ത്‌ പ്രതിഫലനമായിരിക്കും സൃഷ്‌ടിക്കുക ?

സ്വതന്ത്രകമ്പോളമുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളുടെ ശ്രദ്ധേയമായ പ്രകടനമാണ്‌ ഈ പ്രതിസന്ധി. ധനവിപണികളെ നിയന്ത്രിക്കേണ്ടതിന്റെയും ചട്ടങ്ങള്‍ക്ക്‌ വിധേയമാക്കേണ്ടതിന്റേയും ആവശ്യകതയിലേക്ക്‌ അത്‌ വിരല്‍ ചൂണ്ടുന്നു. കടുത്ത സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക്‌ ഇടയാക്കുന്ന ധനപ്രതിസന്ധികള്‍ ``സ്വതന്ത്രകമ്പോള'' സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ സഹജമായുള്ളതാണ്‌. വായ്‌പയെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തില്‍ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയെ സംബന്ധിച്ച്‌ മാര്‍ക്‌സ്‌ പറഞ്ഞിട്ടുണ്ട്‌. മുഖ്യധാരാ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാര്‍ക്കുപോലും കുറഞ്ഞപക്ഷം മഹാമാന്ദ്യത്തെ തുടര്‍ന്നെങ്കിലും സ്വതന്ത്രമൂലധനവിപണികളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയാവുന്നതാണ്‌. വിപണികളുടെ, വിശിഷ്യാധനകാര്യവിപണികളുടെ, പരാജയത്തിന്‌ കാരണമായി ജോണ്‍ മെയ്‌നാര്‍ഡ്‌ കെയ്‌ന്‍സ്‌ ആരോപിച്ചത്‌ ``ഊഹക്കച്ചവട''ത്തെയും ``വ്യവസായസംരംഭ'' ത്തെയും തമ്മില്‍ വേര്‍തിരിച്ചു കാണാനുള്ള വിപണിയുടെ സഹജമായ പ്രാപ്‌തിക്കുറവിനെയാണ്‌. ``ഊഹക്കച്ചവടത്തിന്റെ അലയാഴിയിലെ ഒരു നീര്‍ക്കുമിളമാത്രമായി വ്യവസായസംരംഭം മാറുന്നിട''ത്തോളം ഊഹക്കച്ചവടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതാണ്‌ വിപണിയുടെ പരാജയകാരണം എന്നും കെയ്‌ന്‍സ്‌ പറഞ്ഞിട്ടുണ്ട്‌. തല്‍ഫലമായി, സമ്പദ്‌ഘടനയില്‍ ഉല്‍പാദനത്തിന്റെയും തൊഴില്‍ സാധ്യതയുടെയും നിലവാരം, ആ രീതിയില്‍ നോക്കുമ്പോള്‍ ദശലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവിതം തന്നെ ``ചൂതാട്ട കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പന്നമായ'' ധനമേഖലയിലെ ഒരു കൂട്ടം ഊഹക്കച്ചവടക്കാരുടെ താന്തോന്നിത്തങ്ങളെ ആശ്രയിച്ചുള്ളതായി മാറിയിരിക്കുന്നു.
നവഉദാരവല്‍ക്കരണത്തിന്റെ സാമ്പത്തിക വാദമുഖങ്ങള്‍ പരിപൂര്‍ണമായും തെറ്റാണെന്ന്‌ ഈ പ്രതിസന്ധി വെളിപ്പെടുത്തുന്നു. ധനമൂലധനം, പ്രത്യേകിച്ചും അമേരിക്കയില്‍, ഇത്തരത്തിലുള്ള വന്‍കുഴപ്പങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്‌. അപ്പോള്‍ നികുതിദായകരുടെ പണം ഉപയോഗിച്ച്‌ ഭരണകൂടം അതിന്‌ വന്‍തോതില്‍ വിഭവങ്ങള്‍ എത്തിച്ച്‌ അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. ലോകമേധാവിത്വം പുലര്‍ത്തുന്ന സാമ്രാജ്യശക്തിയായി തുടരാനും സ്ഥിരതയുള്ള ഒരു അന്തര്‍ദേശീയ സംവിധാനം പ്രദാനം ചെയ്യാനുമുള്ള അമേരിക്കയുടെ ശേഷിയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്‌.

ഈ പ്രതിസന്ധി വികസ്വരരാജ്യങ്ങളെ എങ്ങനെ ബാധിക്കും ?

ഇതിനകം തന്നെ വികസ്വരരാജ്യങ്ങളിലെ ഓഹരി വിപണികളെയും ബാങ്കുകളെയും വികസിത വ്യാവസായിക രാജ്യങ്ങളില്‍ സംഭവിക്കുന്ന താഴേക്കുള്ള കൂപ്പുകുത്തലുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ബാധിക്കുന്നുണ്ട്‌. വികസ്വര രാജ്യങ്ങളിലേക്ക്‌ പ്രവഹിക്കുന്ന സ്വകാര്യമൂലധനം വായ്‌പാ പ്രതിസന്ധിയെ തുടര്‍ന്ന്‌ കുറയാനാണ്‌ സാധ്യത. പ്രവാസികള്‍ പണിയെടുക്കുന്ന രാജ്യങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇടിയുന്നതോടെ വിദേശത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്നുള്ള വരുമാനവും കുറയും. ഇതിനകം തന്നെ ലാറ്റിന്‍ അമേരിക്കയിലേക്കും ഫിലിപ്പൈന്‍സിനേയും ബംഗ്ലാദേശിനെയും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണം വരവ്‌ കുറഞ്ഞിരിക്കുകയാണ്‌. ആഗോളസാമ്പത്തികമാന്ദ്യം ഉല്‌പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയേയും പ്രതികൂലമായി ബാധിക്കും. ആത്യന്തികമായ ലാഭക്ഷമതയെ സംബന്ധിച്ച്‌ ഇപ്പോള്‍ സംശയം തോന്നുന്ന വന്‍നിക്ഷേപപദ്ധതികള്‍ മാറ്റിവെയ്‌ക്കുകയോ റദ്ദാക്കുക പോലുമോ ചെയ്യും. ഇതുമൂലം നിഷേധാത്മക പ്രത്യാഘാതങ്ങള്‍ പല മടങ്ങ്‌ വര്‍ദ്ധിക്കുകയും ചെയ്യും. കാരണം, റദ്ദാക്കപ്പെടുന്ന ഓര്‍ഡറുകളും തൊഴില്‍ നഷ്‌ടങ്ങളും ചോദനത്തെ പിന്നെയും കുറയ്‌ക്കും.
ഈ പ്രതിസന്ധി ചരക്ക്‌ അഭിവൃദ്ധി  യുടെ അന്ത്യത്തെക്കുറിച്ച്‌ സൂചന നല്‍കുന്നുമുണ്ട്‌. അത്‌ ചരക്ക്‌ കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചീത്ത വാര്‍ത്തയാണ്‌; എന്നാല്‍ അതേസമയം, ചരക്ക്‌ ഇറക്കുമതി ചെയ്യുന്ന വികസ്വരരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ ആഹ്ലാദകരമായ വാര്‍ത്തയുമാണ്‌. ഈ വര്‍ഷം ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന ആഗോളഎണ്ണവിലയും ഭക്ഷ്യവിലകളും കുത്തനെ ഇടിയാന്‍ തുടങ്ങിയെങ്കിലും അവ ഇപ്പോഴും രണ്ട്‌ വര്‍ഷം മുന്‍പുണ്ടായിരുന്ന വിലയെക്കാള്‍ അധികം തന്നെയാണ്‌.

ഇപ്പോള്‍ തന്നെ വിശന്നു വലയുന്ന വലിയൊരു വിഭാഗം ജനങ്ങളുള്ള, വളരെ താഴ്‌ന്ന പ്രതിശീര്‍ഷവരുമാനമുള്ള പല വികസ്വരരാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും ഭക്ഷ്യസാധനങ്ങളുടെ വിലകള്‍ ഇപ്പോഴും വളരെ ഉയര്‍ന്നതാണ്‌. പല ദരിദ്രവികസ്വര രാജ്യങ്ങളിലെയും സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മതിയായ ചരക്കു ലഭ്യത സംരക്ഷിക്കാന്‍ ഈ ധനപ്രതിസന്ധി യഥാര്‍ത്ഥത്തില്‍ വലിയ തടസ്സം സൃഷ്‌ടിക്കുന്നതാണ്‌.
ഓരോ വികസ്വരരാജ്യവും ധനഉദാരവല്‍ക്കരണത്തിന്റെ പാതയിലൂടെ എത്രത്തോളം മുന്നോട്ടുപോയി എന്നതിനെ ആശ്രയിച്ചായിരിക്കും ധനപ്രതിസന്ധി അവിടേക്ക്‌ വ്യാപിക്കുന്നത്‌. അമേരിക്കയുടെ ചുവട്‌ പിടിച്ച്‌ തങ്ങളുടെ ധനവിപണിയെ നിയന്ത്രണരഹിതമാക്കുകയും ചട്ടങ്ങളും വ്യവസ്ഥകളുമൊന്നും ബാധകമല്ലാതാക്കുകയും ചെയ്‌ത രാജ്യങ്ങളെ (ഉദാഹരണത്തിന്‌ ഇന്‍ഡോനേഷ്യ)യായിരിക്കും പ്രതിസന്ധി ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത്‌. അത്തരം രാജ്യങ്ങളില്‍ പൂര്‍ണ അര്‍ത്ഥത്തില്‍ അവരുടേതായ ധനപ്രതിസന്ധികളും ഉണ്ടാകുന്നതാണ്‌.

എന്തുകൊണ്ടാണ്‌ ഇന്ത്യയെ ഈ പ്രതിസന്ധി ഏറ്റവും മോശമായ നിലയില്‍ ബാധിക്കാത്തത്‌? ഇക്കാര്യത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ എന്തെങ്കിലും പങ്ക്‌ വഹിച്ചിട്ടുണ്ടോ?

ഇന്ത്യയില്‍, സര്‍ക്കാരിലെ നവലിബറല്‍ വാദക്കാര്‍ കഠിനമായി പരിശ്രമിച്ചിട്ടും ദേശസാല്‍കൃതബാങ്ക്‌ വ്യവസ്ഥയാണ്‌ ഇപ്പോഴും മേധാവിത്വം വഹിക്കുന്നത്‌; വലിയ തോതിലുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും മറ്റും നിലനില്‍ക്കുന്നുമുണ്ട്‌. ധനമേഖലയ്‌ക്കുമേല്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ ഇടതുപാര്‍ടികളില്‍ നിന്നുണ്ടായ നിരന്തരമായ സമ്മര്‍ദ്ദങ്ങളും ട്രേഡ്‌ യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രസ്ഥാനങ്ങളും നിരന്തരം നടത്തിയ പോരാട്ടങ്ങളും മൂലമാണ്‌ ഇത്‌. അതുകൊണ്ട്‌, വ്യാപകമായ ധനഉദാരവല്‍ക്കരണം നടപ്പാക്കിയ മറ്റു ചില രാജ്യങ്ങളെക്കാളും ആഭ്യന്തരസ്വകാര്യബാങ്കുകള്‍ അന്തര്‍ദേശീയ കൂട്ടക്കുഴപ്പവുമായി അഗാധമായി കെട്ടുപിണഞ്ഞു കിടക്കുന്ന രാജ്യങ്ങളെക്കാളും നാം നല്ല നിലയിലാണ്‌.

കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന എന്‍.ഡി.എയും യു.പി.എയും നയിക്കുന്ന സര്‍ക്കാരുകളെ ധനമേഖലാപരിഷ്‌കാരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍, ഇന്ത്യയില്‍ ആഗോളപ്രതിസന്ധിയുടെ പ്രത്യാഘാതം ഏറെ മോശപ്പെട്ട നിലയിലും വിനാശകരവുമാകുമായിരുന്നു. സര്‍ക്കാര്‍ ഓഹരികള്‍ കുറച്ചുകൊണ്ടും വിദേശബാങ്കുകള്‍ക്ക്‌ ബാങ്കിങ്‌ മേഖല തുറന്നുകൊടുത്തുകൊണ്ടും ഇന്‍ഷ്വറന്‍സ്‌ മേഖലയില്‍ എഫ്‌.ഡി.ഐ 26 ശതമാനത്തില്‍ അധികം ആകാന്‍ പാടില്ല എന്ന നിയന്ത്രണം നീക്കിക്കളഞ്ഞുകൊണ്ടും പെന്‍ഷന്‍ ഫണ്ട്‌, പ്രോവിഡന്റ്‌ ഫണ്ട്‌ തുടങ്ങിയ സാമൂഹ്യസുരക്ഷാഫണ്ടുകള്‍ ഓഹരി വിപണിയിലേക്ക്‌ മാറ്റിക്കൊണ്ടും പൂര്‍ണ്ണമായ മൂലധനവിനിമയം അനുവദിച്ചുകൊണ്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും ഇന്‍ഷ്വറന്‍സ്‌ കമ്പനികളെയും സ്വകാര്യവല്‍ക്കരിക്കുന്നത്‌ ഈ സര്‍ക്കാരുകളുടെ നയമായിരുന്നു. ധനമേഖല നിയന്ത്രണരഹിതമാക്കുന്നത്‌ ഒരു ഗണ്യമായ പരിധിവരെ തടുത്തുനിര്‍ത്താന്‍ കഴിഞ്ഞത്‌ സി.പി.ഐ (എം) ഉം ഇടതുപാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ ശക്തമായ എതിര്‍പ്പും നവലിബറല്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ നടത്തിയ വിട്ടുവീഴ്‌ച ഇല്ലാത്ത പോരാട്ടങ്ങളും കാരണമാണ്‌.
ഉദാഹരണത്തിന്‌ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ എ.ഐ.ജി, ടാറ്റ എ.ഐ.ജി ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌, ടാറ്റ എ.ഐ.ജി ജനറല്‍ ഇന്‍ഷ്വറന്‍സ്‌ എന്നിങ്ങനെ ടാറ്റയുമായി കൂട്ടുചേര്‍ന്ന്‌ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയാണ്‌. എ.ഐ.ജിയുടെ ധനനഷ്‌ടം നികത്താന്‍ അമേരിക്കന്‍ സര്‍ക്കാരിന്‌ 8500 കോടി ഡോളര്‍ ചെലവഴിക്കേണ്ടതായിവന്നു. ടാറ്റ എ.ഐ.ജി ഇന്‍ഷ്വറന്‍സ്‌ കമ്പനികളില്‍ എ.ഐ.ജിയുടെ ഓഹരികള്‍ ഇപ്പോഴത്തെ 26 ശതമാനത്തില്‍ അധികമായിരുന്നെങ്കില്‍, അവ വന്‍സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെടുമായിരുന്നു; ഇന്ത്യന്‍ പോളിസി ഉടമകളുടെ സമ്പാദ്യമാകെ തകരുമായിരുന്നു.

ഇപ്പോഴത്തെ പ്രധാനമന്ത്രി പരിപൂര്‍ണ്ണമായ Capital Account convertibility ക്കുവേണ്ടി എല്ലാക്കാലത്തും പരസ്യമായി വാദിച്ചിട്ടുള്ള ആളാണ്‌.  ഇത്‌ യഥാര്‍ത്ഥ്യമാകാതിരുന്നത്‌ യു.പി.എ സര്‍ക്കാരിന്‌ പിന്തുണ നല്‍കിയിരുന്ന സി.പി.ഐ (എം) ഉം മറ്റിടതുപക്ഷ പാര്‍ടികളും ശക്തമായി ഇതിനെ എതിര്‍ത്തിരുന്നതുകൊണ്ടാണ്‌; പ്രധാനമന്ത്രിയുടെ അഭിലാഷം സാധിതപ്രായമായിരുന്നെങ്കില്‍ (ആണവകരാറിലെപ്പോലെ) ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച നമ്മുടെ രാജ്യത്ത്‌ സമ്പൂര്‍ണ്ണമായ നാശത്തിനിടയാക്കുമായിരുന്നു. എന്നാല്‍, ഇടതുപക്ഷത്തിന്റെ എതിര്‍പ്പ്‌ അവഗണിച്ചുകൊണ്ട്‌ മുന്‍ എന്‍.ഡി.എ സര്‍ക്കാരും ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരും പിന്‍തുടര്‍ന്ന ചില നയങ്ങളുണ്ട്‌. ഈ നയങ്ങളാണ്‌ ഇന്ത്യയെ, കൂടുതല്‍ നിയന്ത്രിതവും ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയവുമായ ബാങ്കിങ്‌ മേഖലയുള്ള ചൈനയെപ്പോലുള്ള രാജ്യങ്ങളെക്കാളും കൂടുതല്‍, ദുര്‍ബലവും അപകടത്തില്‍ അകപ്പെടാന്‍ സാധ്യതയുള്ളതുമാക്കി മാറ്റിയത്‌.

എന്നാല്‍, ഇന്ത്യയിലെ പ്രതിസന്ധിയുടെ പ്രത്യാഘാതം ഇനിയും കൃത്യമായി വിലയിരുത്തിയിട്ടില്ല. ``നമ്മുടെ സമ്പദ്‌ഘടനയുടെ അടിത്തറ ഭദ്രമാണ്‌'' എന്ന ധനമന്ത്രിയുടെ അവകാകവാദം, തങ്ങളുടെ തൊഴില്‍ നഷ്‌ടപ്പെട്ടേക്കാം എന്ന ഭീഷണി നേരിടുന്ന ലക്ഷക്കണക്കായ തൊഴിലാളികള്‍ക്ക്‌ അല്‌പവും ആശ്വാസം നല്‍കുന്നതല്ല. കയറ്റുമതി ഓര്‍ഡറുകള്‍ നഷ്‌ടപ്പെടുന്നത്‌ കടുത്ത ഭീഷണി തന്നെയാണ്‌. കഴിഞ്ഞ വര്‍ഷം അവസാനം തിരുപ്പൂരിലെ വസ്‌ത്രനിര്‍മ്മാണമേഖലയില്‍ ഏകദേശം 40,000 തൊഴില്‍ അവസരങ്ങള്‍ നഷ്‌ടപ്പെട്ടതെങ്ങനെയെന്ന്‌ നാം ഇതിനകം തന്നെ കണ്ടു കഴിഞ്ഞതാണ്‌. വസ്‌ത്രനിര്‍മ്മാണം, തുകല്‍, ആഭരണം എന്നീ വ്യവസായങ്ങളില്‍ തൊഴിലില്ലായ്‌മക്ക്‌ ഇടയാക്കും വിധം കയറ്റുമതി ഓര്‍ഡറുകള്‍ കുറഞ്ഞിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌. അതുകൊണ്ട്‌ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ട അടിയന്തിരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്‌; പൊതുചെലവഴിക്കല്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ പൊതുമേഖലയിലും സര്‍ക്കാര്‍ മേഖലയിലും തൊഴില്‍ അവസരങ്ങള്‍ വിപുലപ്പെടുത്തേണ്ടതാണ്‌.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയപരമായ അനുഭവപാഠങ്ങള്‍ എന്തെല്ലാമാണ്‌?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പാഠങ്ങളില്‍ ഒന്ന്‌ സ്വാശ്രയത്വത്തിന്റേതാണ്‌. ആഗോളപ്രതിസന്ധിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷണം ലഭിക്കാനുള്ള പ്രധാനമാര്‍ഗ്ഗം സ്വാശ്രയത്വമാണ്‌. പൊതുമേഖലയുടെ സംരക്ഷണവും ഊഹക്കച്ചവടം ലക്ഷ്യമാക്കി വിദേശമൂലധനം കടന്നുവരുന്നത്‌ തടയുന്നതും തൊഴില്‍ സാധ്യത വര്‍ദ്ധപ്പിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‌ സഹായകരമായ വിധത്തില്‍ തൊഴില്‍ പ്രധാനമായ വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതും ആഗോളവിപണിയിലെ വില വ്യതിയാനങ്ങളില്‍ നിന്ന്‌ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമെല്ലാമാണ്‌ ഈ സമീപനത്തിന്റെ ഘടകങ്ങള്‍. ഇത്‌ സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നവലിബറല്‍ സ്വാധീനമുള്ള മുന്‍ഗണനകളില്‍ നിന്‌ പിന്‍തിരിയേണ്ടത്‌ ആവശ്യമാണ്‌.

പരിപൂര്‍ണമായ മൂലധനവിനിമയത്തില്‍ നിന്ന്‌ പിന്‍തിരിയുക: ദക്ഷിണപൂര്‍വേഷ്യന്‍ പ്രതിസന്ധിയുടെ അനുഭവം ഉണ്ടായിട്ടും (അവിടെ നാണയത്തകര്‍ച്ചയ്‌ക്ക്‌ പ്രാഥമികമായും ഉത്തരവാദിയായത്‌ ഉദാരവല്‍ക്കൃതമൂലധന ഇടപാടായിരുന്നു) ഇന്ത്യാഗവണ്‍മെന്റ്‌ രൂപയുടെ പൂര്‍ണമായ കൈമാറ്റം നടപ്പാക്കുന്നതിനുള്ള നീക്കം തുടരുകയാണ്‌. താരാപ്പൂര്‍കമ്മിറ്റി ശുപാര്‍ശകളെ തുടര്‍ന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതിനകം തന്നെ ചില നടപടികള്‍ എടുത്തു കഴിഞ്ഞു. ഈ നടപടികളെല്ലാം ഉപേക്ഷിക്കേണ്ടതാണ്‌.

പാര്‍ടിസിപ്പേറ്ററി നോട്ട്‌ നിരോധിക്കുക: പേരുവെളിപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ ഇന്ത്യന്‍ മൂലധനവിപണയിലില്‍ പണം നിക്ഷേപിക്കുന്നതിന്‌ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (എകകട) വിനിയോഗിക്കുന്ന ഈ സുതാര്യമല്ലാത്ത ഡെറിവേറ്റീവ്‌ ഉപകരണത്തെ ഒഴിവാക്കണമെന്നാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ആവര്‍ത്തിച്ച്‌ വാദിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഈ ഉപകരണം ഉപയോഗിച്ച്‌ ഭീകരപ്രവര്‍ത്തകര്‍ക്കുവേണ്ട പണം പോലും ഇന്ത്യയിലേക്കുള്ള നിക്ഷേപമായി ഇവിടെ എത്തുന്നുണ്ടെന്ന്‌ ദേശീയ സുരക്ഷാഉപദേഷ്‌ടാവ്‌ ആരോപിച്ചിട്ടുപോലും പാര്‍ടിസിപ്പേറ്ററി നോട്ട്‌ നിരോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. പാര്‍ടിസിപ്പേറ്റി നോട്ട്‌ നിര്‍ത്തിലാക്കുന്നതില്‍ ഇനിയും കാലതാമസം വരുത്താനാവില്ല. ഇത്തരത്തിലുള്ള വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ അഭിലഷണീയതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.

പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ നിര്‍ത്തലാക്കുക: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മുന്‍പുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതിയുടെ സ്ഥാനത്ത്‌ കോണ്‍ട്രിബ്യൂട്ടറി പദ്ധതി അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിരിക്കുകയാണ്‌. പെന്‍ഷന്‍ ഫണ്ട്‌ റഗുലേറ്ററി ഡവലെപ്‌മെന്റ്‌ അതോറിറ്റി (ജഎഞഉഅ)യുടെ വ്യവസ്ഥാപിത മേല്‍നോട്ടത്തിന്‍ കീഴില്‍ ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ പെന്‍ഷന്‍ ഫണ്ടുകളെ അനുവദിക്കാനാണ്‌ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. ഇന്ത്യാഗവണ്‍മെന്റ്‌ ഇത്തരം പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കണം; പി.എഫ്‌.ആര്‍.ഡി.എ ബില്‍ റദ്ദ്‌ ചെയ്യണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നിശ്ചിതമിനിമം പെന്‍ഷന്‍ ഉറപ്പാക്കും വിധം മാറ്റി തയ്യാറാക്കണം.

ബാങ്കിങ്‌-ഇന്‍ഷ്വറന്‍സ്‌ മേഖലകള്‍ നിയന്ത്രണരഹിതമാക്കുന്നതില്‍ നിന്ന്‌ പിന്തിരിയുക:
ഇടതുപക്ഷപാര്‍ടികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ബാങ്കിങ്‌ ഇന്‍ഷ്വറന്‍സ്‌ മേഖലകള്‍ കൂടുതല്‍ നിയന്ത്രണരഹിതമാക്കുന്നത്‌ ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ല.

നിര്‍ദ്ദിഷ്‌ടനിയമനിര്‍മ്മാണങ്ങളുടെ കൂട്ടത്തില്‍ ബാങ്കിങ്‌ റഗുലേഷന്‍ (ഭേദഗതി) ബില്ലും ഉണ്ട്‌; ബാങ്കുകളിലെ ഓഹരി ഉടമകള്‍ക്ക്‌ വോട്ട്‌ അവകാശം ബാധകമായിട്ടുള്ള 10 ശതമാനം എന്ന പരിധി നീക്കം ചെയ്യുന്നതിന്‌ ലക്ഷ്യമാക്കിയുള്ളതാണ്‌ ഈ ബില്ല്‌. വിദേശബാങ്കുകള്‍ക്ക്‌ ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടിയാണിത്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ഭേദഗതി) ബില്ല്‌ എസ്‌.ബി.ഐയിലെ സര്‍ക്കാര്‍ ഓഹരി 55 ശതമാനത്തില്‍ നിന്ന്‌ 51 ശതമാനമായി കുറയ്‌ക്കാന്‍ അനുവദിക്കുന്നു. ഇന്‍ഷ്വറന്‍സ്‌ മേഖലയില്‍ വിദേശ നിക്ഷേപത്തിന്‌ ഇപ്പോഴുള്ള പരിധി 26 ശതമാനത്തില്‍ നിന്ന്‌ 49 ശതമാനമായി ഉയര്‍ത്താന്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനും നീക്കമുണ്ട്‌. ഇന്ത്യയില്‍ യാതൊരു മൂലധന അടിത്തറയുമില്ലാത്ത വിദേശ റീ ഇന്‍ഷ്വറന്‍സ്‌ കമ്പനികളെ (ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ അവരുടെ തന്നെ ഇന്‍ഷ്വറന്‍സ്‌ വാങ്ങിക്കുന്ന സംവിധാനമാണ്‌ റീ ഇന്‍ഷ്വറന്‍സ്‌) ഇന്ത്യയ്‌ക്കുള്ളില്‍ ബ്രാഞ്ച്‌ ഓഫീസുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കാനും നീക്കമുണ്ട്‌. യു.പി.എ സര്‍ക്കാര്‍ ഇപ്പോഴും നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ നടപടികള്‍ ഉപേക്ഷിക്കണം.

ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്ക്‌ മുടങ്ങാതെ വായ്‌പ ലഭ്യമാക്കുക; കര്‍ഷകര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും ബാങ്ക്‌ വായ്‌പ ഉറപ്പാക്കുക: ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബലജനവിഭാഗങ്ങള്‍ക്കും വായ്‌പ ഉറപ്പാക്കുന്നതിനുപകരം സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെയും സ്വകാര്യധനകാര്യസ്ഥാപനങ്ങളുടെയും കാര്യത്തിലാണ്‌ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്‌. ഭവനവായ്‌പകള്‍, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, വാഹന വായ്‌പകള്‍, ആഡംബര ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള വായ്‌പകള്‍ തുടങ്ങിയ ചില്ലറ വായ്‌പാ വിപണിയില്‍ വായ്‌പ നല്‍കുന്ന കാര്യത്തില്‍ ഷെഡ്യൂള്‍ഡ്‌ വാണിജ്യബാങ്കുകള്‍ക്ക്‌ വല്ലാത്ത ഹരമാണ്‌. ബാങ്കുകള്‍ തമ്മിലുള്ള കിടമത്സരം വര്‍ദ്ധിച്ചുവരുന്നതിന്റെ നേരിട്ടുള്ള അനന്തരഫലമാണിത്‌; ഇതവരെ പെട്ടെന്ന്‌ കൂടുതല്‍ ലാഭമുണ്ടാക്കാവുന്ന അവസരങ്ങള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ ചില്ലറ വായ്‌പയുടെ അതിവേഗ വികസനം, അമേരിക്കയിലെ സബ്‌പ്രൈം പ്രതിസന്ധി ഉരുത്തിരിഞ്ഞു വന്ന അതേഘടകങ്ങളുടെ അപകടസാധ്യതകളും ഉള്‍പ്പെടുന്നതാണ്‌. അതിനും ഉപരിയായി, കൃഷിയും ചെറുകിട വ്യവസായം പോലെയുള്ള മുന്‍ഗണനാ മേഖലകള്‍ക്കുപകരം നഗരപ്രദേശങ്ങളിലെ ഉപരിവര്‍ഗ്ഗങ്ങളെ പ്രീതിപ്പെടുത്തുന്ന വായ്‌പാ വ്യവസ്ഥയുടെ സ്ഥിരതയില്ലായ്‌മ രാജ്യത്തിന്റെ വികസനപ്രക്രീയയെ തന്നെ തടസ്സപ്പെടുത്തുന്നു. ഷെഡ്യൂള്‍ഡ്‌ വാണിജ്യബാങ്കുകളുടെ ഇപ്പോഴത്തെ വായ്‌പ നല്‍കല്‍ രീതിയില്‍ (അതില്‍ പതിയിരിക്കുന്ന നഷ്‌ടസാധ്യതയുടെ കാര്യത്തിലായാലും മൊത്തം സാമ്പത്തിക വികസനത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തിന്റെ കാര്യത്തിലായാലും) സമൂലമായ മാറ്റം അനിവാര്യമാണ്‌; വായ്‌പാപ്രവാഹത്തിന്റെ വലിയ വിഹിതം മുന്‍ഗണനാ മേഖലകളിലേക്ക്‌ ആയിരിക്കണം. കര്‍ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുകിട കര്‍ഷകര്‍ കടം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും കൂടുതല്‍ വായ്‌പ നല്‍കുന്നതും കൈത്തൊഴില്‍കാരുടെ വായ്‌പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം തന്നെ, ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്ക്‌ വായ്‌പ നല്‍കുന്നതും ഈ മുന്‍ഗണനാമേഖലയില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയ്‌ക്ക്‌ വായ്‌പ നല്‍കുന്നതില്‍ കുറവുണ്ടായാല്‍ അവയുടെ അടച്ചുപൂട്ടലിനും വന്‍തോതിലുള്ള തൊഴിലില്ലായ്‌മക്കും അതിടയാക്കും.

സെന്‍സിറ്റീവ്‌ മേഖലകള്‍ക്ക്‌ വായ്‌പ നല്‍കുന്നത്‌ തടയുക: റിയല്‍ എസ്റ്റേറ്റ്‌, മൂലധന-ചരക്കു വിപണികള്‍ തുടങ്ങിയ ``സെന്‍സിറ്റീവ്‌'' എന്ന്‌ വിളിക്കപ്പെടുന്ന മേഖലകള്‍ക്ക്‌ ഷെഡ്യൂള്‍ഡ്‌ വാണിജ്യബാങ്കുകളുടെ, പ്രത്യേകിച്ച്‌ പുത്തന്‍ സ്വകാര്യമേഖലാ ബാങ്കുകളുടെയും വിദേശബാങ്കുകളുടെയും, സൗകര്യങ്ങള്‍ യഥേഷ്‌ടം അനുവദിക്കുന്നത്‌ ശക്തിപ്പെട്ടിരിക്കുകയാണ്‌. അമേരിക്കന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍, റിയല്‍ എസ്റ്റേറ്റ്‌ വാണിജ്യത്തിനായി സ്വകാര്യബാങ്കുകളുടെയും വിദേശബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വായ്‌പാസൗകര്യങ്ങള്‍ യഥേഷ്‌ടം അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. കഴിഞ്ഞ ചില വര്‍ഷങ്ങളായി വസ്‌തു വിലയിലുണ്ടായ ചലനം റിയല്‍ എസ്റ്റേറ്റ്‌ നീര്‍ക്കുമിളയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. ഈ കുമിള പൊട്ടുന്നതോടെ വ്യാപകമായ കുടിശിക ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്ക്‌ അമിതമായി പണം പ്രവഹിക്കുന്നത്‌ തടയാന്‍ സത്വരനടപടി കൈക്കൊള്ളേണ്ടതാണ്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയുടെ ചിട്ടയായ വികസനം ഉറപ്പാക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കണം. ഇന്ത്യയ്‌ക്കുവേണ്ടത്‌ ചെലവ്‌ കുറഞ്ഞതും താങ്ങാവുന്നതുമായ പൊതുഭവനപദ്ധതികള്‍ക്ക്‌ വേണ്ട പണമാണ്‌; ഭൂമിയില്‍ നിന്ന്‌ കൊള്ള ലാഭമുണ്ടാക്കാനുള്ള പണമല്ല.

ഉപസംഹാരം


ധനമേഖലയില്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള മേല്‍ പ്രസ്‌താവിച്ച നടപടികള്‍ക്കൊപ്പം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ പാഠങ്ങളിലൊന്ന്‌ സ്വാശ്രയത്വത്തിന്റെ അനിവാര്യതയാണ്‌. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍, കേന്ദ്രത്തില്‍ മാറിമാറി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തെ തകര്‍ത്തിട്ടില്ലെങ്കിലും, ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോളപ്രതിസന്ധിയില്‍ നിന്ന്‌ ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള താക്കോലാണ്‌ സ്വാശ്രയത്വം. അതുകൊണ്ട്‌, പൊതുമേഖലയെ ശക്തിപ്പെടുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. കേന്ദ്രഭരണാധികാരികള്‍ ഇപ്പോള്‍ പിന്തുടരുന്ന നയങ്ങള്‍ സൃഷ്‌ടിക്കുന്ന വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും അവശ്യവസ്‌തുക്കളുടെ കടിഞ്ഞാണില്ലാത്ത വിലക്കയറ്റവും മൂലം ഇന്ത്യന്‍ ജനത ഞെരിപിരികൊള്ളുകയാണ്‌. ഡീസലിന്റെയും പെട്രോളിന്റെയും വര്‍ദ്ധിപ്പിച്ച വിലകുറയ്‌ക്കേണ്ടത്‌ അനിവാര്യമാണ്‌. എണ്ണയുടെ അന്താരാഷ്‌ട്ര വില പകുതിയായി കുറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ദ്ധിപ്പിച്ച വില കുറയ്‌ക്കണമെന്ന ആവശ്യം തികച്ചും ന്യായവുമാണ്‌. അത്‌ അംഗീകരിക്കാനും നടപ്പാക്കാനും സര്‍ക്കാരിന്‌ ബാധ്യതയുമുണ്ട്‌. അതേസമയം തന്നെ, പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്‌.

ഈ പരിഷ്‌കരണ പ്രക്രിയയെ തടയുന്നതിന്റെ പേരില്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി സി.പി.ഐ (എം) ഉം മറ്റ്‌ ഇടതുപക്ഷ പാര്‍ടികളും അതിരൂക്ഷമായ ആക്രമണം നേരിടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു വലിയ തകര്‍ച്ചയെയാണ്‌ സി.പി.ഐ (എം) ഉം ഇടതുപക്ഷവും തടഞ്ഞത്‌. എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ന്നുവന്ന ലക്കും ലഗാനുമില്ലാത്ത ഉദാരവല്‍ക്കരണത്തിന്റെ പാതയിലൂടെ മുന്നോട്ട്‌ നീങ്ങാന്‍ ഇപ്പോഴത്തെ യു.പി.എ സര്‍ക്കാരിനെ അനുവദിച്ചിരുന്നെങ്കില്‍ വമ്പിച്ച പ്രതിസന്ധി രാജ്യത്ത്‌ അനിവാര്യമായും ഉണ്ടാകുമായിരുന്നു. ഇടതുപക്ഷ പാര്‍ടികളുടെ നയങ്ങളും ആവശ്യങ്ങളും ദേശീയ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളത്‌ മാത്രമാണ്‌. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നവലിബറല്‍ മുന്‍ഗണനകളില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതിനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വിപുലവും സമരോത്സുകവുമായ പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌.