ചടയന്‍ ഗോവിന്ദന്‍ചടയന്‍ ഗോവിന്ദന്‍

നാറാത്ത്‌ പഞ്ചായത്തിലെ കമ്പില്‍ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931-ലാണ്‌ ചടയന്‍ ഗോവിന്ദന്‍ ജനിച്ചത്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായതിനാലും വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തതിനാലും അഞ്ചാം ക്ലാസ്സിനപ്പുറം പഠിക്കാന്‍ കഴിഞ്ഞില്ല. വളരെ ചെറുപ്പത്തില്‍തന്നെ നെയ്‌ത്തുപണിയിലേര്‍പ്പെട്ടു.

1948-ല്‍ പാര്‍ടി സെല്ലില്‍ അംഗമായി. കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ക്കെതിരെ 1948-ല്‍ കമ്പിലങ്ങാടിയില്‍ പാര്‍ടിനേതൃത്വത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പ്‌ സംഘടിപ്പിച്ചു. ഇതിലൂടെയാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്‌.

1949-ലെ ഡിസ്‌ട്രിക്‌ട്‌ ബോര്‍ഡ്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കണ്ടക്കൈയിലേയ്‌ക്ക്‌ ഒരു ജാഥ നടത്തി. ജാഥ നിയമവിരുദ്ധമായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന്‌ ചടയന്റെ വീട്‌ തകര്‍ക്കപ്പെട്ടു. പാവുകള്‍ മുറിച്ചു നശിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ ചടയന്‍ വീരാജ്‌പേട്ടയിലേക്ക്‌ ഒളിവില്‍ പോയി. അവിടെ മൂന്നുമാസത്തോളം താമസിച്ച്‌ ഉരുട്ട്‌ കട്ടയുണ്ടാക്കുന്ന ജോലി ചെയ്‌തു.
പാടിക്കുന്ന്‌ സംഭവത്തിന്‌ ശേഷം ചടയന്‍ അറസ്റ്റിലായി, മര്‍ദ്ദനമനുഭവിച്ചു. കയരളം എം.എസ്‌.പി കേമ്പില്‍ കൊണ്ടുപോയി അറാക്കല്‍ കുഞ്ഞിരാമനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലുമെന്ന്‌ ഭീഷണപ്പെടുത്തി. കേമ്പില്‍വച്ച്‌ ഭീകരമായി മര്‍ദ്ദിച്ചു. ഒരാഴ്‌ച അവിടെ പൂട്ടിയിട്ടു. ചടയനെയും മറ്റും പോലീസ്‌ വെടിവെച്ച്‌ കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചു. ചത്തിട്ടില്ല, ജീവിച്ചിരിക്കുന്നുവെന്ന്‌ പോലീസ്‌ നാട്ടുകാരെ അറിയിച്ചു.

ഇ.കെ.കുഞ്ഞിരാമന്‍ നമ്പ്യരെ മര്‍ദ്ദിച്ച കേസില്‍ ആറുമാസം ചടയനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു. അതുവരെ ജാമ്യം കിട്ടിയില്ല. കേസ്‌ തള്ളിപ്പോവുകയാണുണ്ടായത്‌.

ചൈന ചാരനെന്ന്‌ മുദ്രകുത്തി 1965-ല്‍ പോലീസ്‌ ചടയനെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. പാര്‍ടി ജില്ലാ കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ രഹസ്യമായി വളപട്ടണത്തുനിന്നും കണ്ണൂരിലേയ്‌ക്ക്‌ പോകാന്‍ ട്രെയിനില്‍ കയറി. ട്രെയിനില്‍വച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. നിരവധി വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്‌.

1952-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മറ്റി അംഗമായ ചടയന്‍ 62 മുതലാണ്‌ മുഴുവന്‍സമയ പ്രവര്‍ത്തകനായത്‌. പിന്നീട്‌ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറിയും ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായി. 64-ല്‍ കണ്ണൂര്‍ താലൂക്ക്‌ കമ്മിറ്റി അംഗമായി അവിഭക്ത പാര്‍ടിയുടെ ജില്ലാ കൗണ്‍സിലിലും അംഗമായിരുന്നു.

1964-ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 1977-ല്‍ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായും 78-ല്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തുക്കപ്പെട്ടു. 1979 സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1985-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി.

1954 മുതല്‍ നാറാത്ത്‌ പഞ്ചായത്ത്‌ ബോര്‍ഡ്‌ മെമ്പറായി. പിന്നീട്‌ വൈസ്‌ പ്രസിഡന്റും 1977-ല്‍ അഴീക്കോട്‌ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1998 സെപ്‌തംബര്‍ 9-ന്‌ അന്തരിച്ചു.