മതന്യൂനപക്ഷ പ്രശ്നത്തെക്കുറിച്ച്


മതന്യൂനപക്ഷ പ്രശ്‌നത്തെക്കുറിച്ച്‌

ആമുഖം

1.1 നിയമസഭാ തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്‌തുകൊണ്ട്‌ 2001 ഓഗസ്‌റ്റില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം കേരളത്തിലെ മതന്യൂനപക്ഷപ്രശ്‌നത്തിന്റെ സ്വഭാവവും പ്രാധാന്യവും ചുരുക്കി വിശദീകരിക്കുന്നുണ്ട്‌. കേരളത്തിലെ ജനസംഖ്യയില്‍ 43.65 ശതമാനം വരുന്ന ക്രിസ്‌ത്യന്‍-മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ നമ്മുടെ പാര്‍ടിയുടെ സ്വാധീനം താരതമ്യേന കുറവാണ്‌. ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഈ സ്ഥിതിവിശേഷം കേരളത്തിലെ രാഷ്‌ട്രീയബലാബലത്തില്‍ നിര്‍ണായകമായ ഒരു മാറ്റം വരുത്തുന്നതിനുള്ള പ്രതിബന്ധങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നു എന്നത്‌ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ ഈ രേഖ നല്‍കുന്നുണ്ട്‌.

1.2 തിരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളില്‍ നിന്ന്‌ നമുക്ക്‌ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പാര്‍ടിയുടെ പൊതുസ്വാധീനവുമായി താരതമ്യപ്പെടുത്തിയാല്‍ അത്‌ കുറഞ്ഞതോതിലാണ്‌. നാം നടത്തിവരുന്ന എണ്ണമറ്റ സമരങ്ങള്‍ ഈ വിഭാഗത്തില്‍പ്പെട്ട ജനസാമാന്യത്തിനുകൂടി നേട്ടം ഉണ്ടാക്കിയിട്ടുണ്ട്‌. ഈ നേട്ടങ്ങള്‍ക്കോ പരിഷ്‌കാരങ്ങള്‍ക്കോ രാഷ്‌ട്രീയ പ്രചരണത്തിനോ രാഷ്‌ട്രീയകൂട്ടുകെട്ടുകള്‍ക്കോ മുകളില്‍ വിവരിച്ച സ്ഥിതിവിശേഷത്തിന്‌ വേണ്ടത്ര മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ടിയെ വിപുലീകരിക്കുന്നതിന്‌ മുന്‍ഗണന നല്‍കേണ്ടതാണെന്നും ഇതു സംബന്ധിച്ച്‌ പാര്‍ടി കേന്ദ്രത്തിന്റെ സഹായത്തോടെ ഒരു നയസമീപനരേഖ തയ്യാറാക്കേണ്ടതാണെന്നും കേന്ദ്രക്കമ്മിറ്റി തീരുമാനിക്കുകയുണ്ടായി.

1.3 മതന്യൂനപക്ഷങ്ങളില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്‌. അവരില്‍ കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പരമ്പരാഗത വ്യവസായമേഖലകളില്‍ പണിയെടുക്കുന്നവരും ഉള്‍പ്പെടും. ഈ വര്‍ഗ്ഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട്‌ ഭൂമിയ്‌ക്കും കൂലിയ്‌ക്കും മറ്റു അവകാശങ്ങള്‍ക്കും വേണ്ടി നാം നടത്തിയിട്ടുള്ള എണ്ണമറ്റ സമരങ്ങളിലൂടെ ഈ ജനവിഭാഗങ്ങളിലേക്ക്‌ കടന്നു ചെല്ലാനായിട്ടുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നത്‌ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണ്‌. എല്ലാ മേഖലയിലും ഉയര്‍ന്നുവരുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും കൂടിയേ മതവ്യത്യാസത്തിന്‌ അതീതമായ വര്‍ഗഐക്യം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നത്‌ തന്നെയാണ്‌ മര്‍മ്മപ്രധാനമായ കാര്യമെന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. പ്രക്ഷോഭത്തിന്റേതായ ഒരുരീതി മാറ്റിവെച്ചുകൊണ്ട്‌ നമുക്ക്‌ ഒരുവിഭാഗത്തിനിടയിലും കടന്നുകയറാന്‍ പറ്റില്ലെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. എന്നാല്‍ അത്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെടുമ്പോഴും ഏറെ നേട്ടങ്ങള്‍ നമ്മുടെ ഇടപെടല്‍ കൊണ്ട്‌ ലഭിച്ചിട്ടും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ നമ്മുടെ പൊതുസ്വാധീനത്തിനനുസൃതമായി നമ്മോട്‌ അണിചേരാതിരിക്കുന്നതിനുള്ള കാരണങ്ങളാണ്‌ നമുക്ക്‌ പരിശോധിക്കാനുള്ളത്‌.

1.4 മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ടിയുടെ സ്വാധീനക്കുറവിന്‌ രണ്ടുവശങ്ങളുണ്ട്‌. ഒരു വശത്ത്‌ മതന്യൂനപക്ഷങ്ങളുടെ മതപരവും സാമൂഹ്യവുമായ സവിശേഷതകള്‍ മൂലം നാമെടുക്കുന്ന പുരോഗമന നിലപാടുകള്‍ ഏശുന്നില്ല. മറുവശത്ത്‌ ന്യൂനപക്ഷ ജനവിഭാ ഗങ്ങളുടെ സവിശേഷതകളെ നാം വേണ്ടത്ര പരിഗണിക്കാത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്‌. ഈ രണ്ടുവശങ്ങളെയും സാമാന്യമായി പ്രതിപാദിക്കുന്നതിനാണ്‌ ഈ കുറിപ്പില്‍ ശ്രമിക്കു ന്നത്‌. ഇത്തരം വിശകലനത്തില്‍ മുസ്ലീം-ക്രിസ്‌ത്യന്‍ വിഭാഗങ്ങളിലെ സ്ഥിതിവിശേഷത്തെ പ്രത്യേകം പ്രത്യേകം തന്നെ പരിശോധിക്കേണ്ടതുണ്ട്‌. അതോടൊപ്പം തന്നെ സാമാന്യമായ സ്വഭാവങ്ങളെയും കണക്കിലെടുക്കണം.

ചില പൊതുസവിശേഷതകള്‍

1.5 മതന്യൂനപക്ഷങ്ങളുടെ പ്രത്യേകത പരിശോധിക്കുമ്പോള്‍ ഹിന്ദുമതത്തെ അപേക്ഷിച്ച്‌ ഈ മതങ്ങളുടെ സവിശേഷതകളെ നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഒന്നാമതായി വ്യവസ്ഥാപിതമായ ആശയസംഹിതയും ആചാരമുറകളും ഇവയ്‌ക്കുണ്ട്‌. ഇവ രണ്ടും സംഘടിത മതങ്ങളാണ്‌. രണ്ടാമത്‌ മതാദര്‍ശങ്ങളെയും ആചാരങ്ങളെയും വ്യാഖ്യാനിക്കാനും നിര്‍ണയിക്കാനും ശക്തമായ കേന്ദ്രങ്ങളുണ്ട്‌. ക്രിസ്‌ത്യന്‍ മതത്തിലാണെങ്കില്‍ വളരെ സുസംഘടിതമായ സ്ഥാപനശ്രേണി തന്നെ ഇതിനുണ്ട്‌. മൂന്നാമതായി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അന്തര്‍ദേശീയമായി മുസ്ലീങ്ങളില്‍ അറബ്‌ രാജ്യങ്ങളും ക്രിസ്‌ത്യാനികളില്‍ പാശ്ചാത്യമായ സ്വാധീനവും പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. നാലാമതായി മതനവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും ധാരകള്‍ ഇവയില്‍ താരതമ്യേന ദുര്‍ബലമാണ്‌. ക്രിസ്‌തുമതത്തെ സംബന്ധിച്ചിടത്തോളം 19-ാം നൂറ്റാണ്ടിലെ മതനവീകരണവും നവോത്ഥാനവും കേരളത്തിലെ ക്രിസ്‌തുമതത്തെ കൂടുതല്‍ വ്യവസ്ഥാപിതവും കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കുകയും സംഘടിതമാക്കുകയും ചെയ്‌തു. ഇടവകകളുടെ മേല്‍ മെത്രാന്‍മാരുടെ മേല്‍ക്കോയ്‌മയും മറ്റും ഈ കാലഘട്ടത്തിലാണ്‌ ശക്തമായത്‌. ഇതിനെക്കാള്‍ ഉപരി മതന്യൂനപക്ഷങ്ങളുടെ ഇടയിലുളള നവോത്ഥാനത്തിന്റെ ദൗര്‍ബല്യം സാംസ്‌കാരികവും ആശയപരവുമായി പുരോഗമനവിരുദ്ധ ചിന്താഗതിക്ക്‌ അടിത്തറയായി. നവോത്ഥാനത്തിന്റെ രൂപാന്തര രാസപ്രക്രിയയില്‍ പതം വരാത്ത മുസ്ലീം - ക്രിസ്‌ത്യന്‍ സമുദായങ്ങളില്‍ സവിശേഷമായ മതാന്തരീക്ഷമാണ്‌ നിലവിലുള്ളത്‌.

1.6 പാര്‍ടി പരിപാടിയില്‍ മതന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലെ പൊതുസ്ഥിതി വിശകലനം ചെയ്‌തിട്ടുണ്ട്‌.`` ഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാത്‌ക്കരിക്കപ്പെടുന്നില്ല. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക്‌ സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോവുകയും അവര്‍ വിവേചനത്തിന്‌ ഇരയാവുകയും ചെയ്യുന്നു. മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ ലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്‌. ആര്‍.എസ്‌.എസും, അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്‌ത സമൂഹത്തെ കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത്‌ അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത്‌ മതമൗലിക വാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷവര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ്മപ്രധാനമായ വശമാണ്‌ ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' (പാര്‍ടി പരിപാടി ഖണ്ഡിക 5:9)

1.7 എന്നാല്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാമ്പത്തിക നിലയില്‍ ഇന്ത്യയിലെ ഇതര പ്രദേശങ്ങളില്‍ നിന്ന്‌ ചില വ്യത്യാസങ്ങളുണ്ട്‌. കൃസ്‌ത്യന്‍ മുസ്ലീം മതന്യൂനപക്ഷങ്ങളെ ഒരുമിച്ചെടുത്താല്‍. ജനസംഖ്യയുടെ പകുതിയോളം വരും ഇരുവിഭാഗങ്ങളും പൊതുവേ സുസംഘടിതരുമാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്നതുപോലെ മതന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മതപരമായ വിവേചനമോ അവശതയോ അവര്‍ക്കില്ല. എന്നാല്‍ ശക്തമായ ന്യൂനപക്ഷ ബോധം ഉണ്ട്‌. സാമ്പത്തികമായി ഗണ്യമായൊരു ധനികവിഭാഗം ഇവരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌. ഇവരുടെ കൈയിലാണ്‌ സമുദായ നേതൃത്വം. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ഈ സമുദായ പ്രമാണിമാരുടെ താല്‌പര്യമാണ്‌ സംരക്ഷിക്കുന്നത്‌. അധികാര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‌ സാമുദായ പിന്തുണ ഇവര്‍ പ്രയോജനപ്പെടുത്തുന്നു. അധികാരം പങ്കിടുന്നതിനു വേണ്ടി ബിജെപിയുമായി വരെ കൂട്ടുകൂടുന്നതിന്‌ ഈ സമുദായപ്രമാണിമാര്‍ക്ക്‌ മടിയില്ല.

1.8 പാരമ്പര്യവിധി പ്രകാരം മുസ്ലീം-ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ ജാതിക്രമത്തിന്‌ പുറത്തായിരുന്നു. കോളോണിയല്‍ കാലഘട്ടത്തിലെ മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി ഇവരുടെ ഇടയില്‍ ഒരു സമ്പന്ന വിഭാഗം ഉയര്‍ന്നുവന്നു. പ്രത്യേകിച്ച്‌ തിരു-കൊച്ചി പ്രദേശത്ത്‌ വാണിജ്യകൃഷിക്കാരായും കാര്‍ഷികസംസ്‌കരണ-സംഭരണക്കാരായും ഇവര്‍ മാറി. മലബാറിലെ മുസ്ലീം സമ്പന്നരാകട്ടെ വര്‍ത്തകപ്രമാണിമാരായി ഉയര്‍ന്നുവന്നു. സ്വാതന്ത്യാനന്തരകാലത്തെ മുതലാളിത്ത വളര്‍ച്ചയില്‍ സുറിയാനി ക്രിസ്‌ത്യാനി മുതലാളിമാര്‍ അതിവേഗത്തില്‍ വളര്‍ന്നുവന്നു. ഗള്‍ഫ്‌ കുടിയേറ്റങ്ങളും ഗള്‍ഫ്‌ ബന്ധങ്ങളും എഴുപതുകളുടെ മധ്യത്തോടെ മുസ്ലീം പ്രമാണിമാരെയും കേരളത്തിലെ മുതലാളിമാരുടെ മുന്‍നിരയിലേക്ക്‌ വളരുവാന്‍ സഹായിച്ചു. വിദേശകുടിയേറ്റം സാധാരണക്കാര്‍ക്കും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌ എന്നത്‌ വിസ്‌മരിക്കുന്നില്ല. അങ്ങനെ ഈ രണ്ട്‌ മതന്യൂനപക്ഷങ്ങളുടെയും സമ്പന്നപ്രമാണിവിഭാഗത്തിന്റെ ആധിപത്യം ഇന്ന്‌ വളരെ പ്രകടമാണ്‌. ഈ സ്ഥിതിവിശേഷത്തെ തങ്ങളുടെ വര്‍ഗീയ അജണ്ടയ്‌ക്ക്‌ അനുസൃതമായ രീതിയില്‍ വ്യാഖ്യാനിക്കാനാണ്‌ ആര്‍.എസ്‌.എസ്‌. ശ്രമിക്കുന്നത്‌. ഈ രണ്ട്‌ സമുദായങ്ങളും സാമ്പത്തികമായി മുന്നേറിയതുകൊണ്ടാണ്‌ മറ്റ്‌ സമുദായങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായത്‌ എന്ന്‌ ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ രണ്ട്‌ വിഭാഗങ്ങളിലും ഭൂരിപക്ഷം പേരും ദരിദ്രരാണ്‌ എന്നതാണ്‌ വസ്‌തുത.

1.9 ക്രിസ്‌ത്യന്‍-മുസ്ലീം സമുദായത്തിലെ ബൂര്‍ഷ്വാവര്‍ഗം തങ്ങളുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി വര്‍ഗീയാടിസ്ഥാനത്തില്‍ ജനസാമാന്യത്തെ അവരുടെ പിന്നില്‍ അണിനിരത്തി രാഷ്‌ട്രീയ വിലപേശല്‍ നടത്തുകയാണ്‌. പൊതുവില്‍ മുസ്ലീങ്ങളുടെ മുഖ്യരാഷ്‌ട്രീയസംഘടനയായി മുസ്ലീംലീഗ്‌ നിലകൊള്ളുന്നു. കേരളാ കോണ്‍ഗ്രസ്‌ പൊതുവില്‍ ക്രിസ്‌ത്യന്‍വര്‍ഗീയ സ്വാധീനത്തില്‍പ്പെടുന്ന പാര്‍ടിയാണ്‌ എന്നുപറയാം. മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസ്‌ പാര്‍ടിയില്‍ ക്രിസ്‌ത്യന്‍ പ്രമാണിമാര്‍ക്ക്‌ ഗണ്യമായ വര്‍ഗീയസ്വാധീനമുണ്ട്‌. തങ്ങളുടെ വര്‍ഗീയരാഷ്‌ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ മതപുരോഹിതവര്‍ഗത്തെ സമുദായ പ്രമാണിമാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ്‌. ഭൂരിപക്ഷ വര്‍ഗ്ഗീയ വിപത്തിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ ന്യൂനപക്ഷ വര്‍ഗ്ഗീയ ഇന്ന്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ന്യൂനപക്ഷവര്‍ഗ്‌ഗീയതയാവട്ടെ ഭൂരിപക്ഷവര്‍ഗ്‌ഗീയതയെ വളര്‍ത്തുന്നതിന്‌ സഹായകമായി പ്രവര്‍ത്തിക്കുന്നു.
1.10 കമ്യൂണിസ്‌റ്റ്‌ വിരോധം ഗണ്യമായ തോതില്‍ വ്യവസ്ഥാപിത ക്രിസ്‌ത്യന്‍-മുസ്ലീം മതങ്ങളിലുണ്ട്‌. പള്ളി കമ്യൂണിസ്‌റ്റ്‌വിരുദ്ധ പ്രചരണത്തില്‍ എന്നും മുമ്പിലുണ്ടായിരുന്നു. കുപ്രസിദ്ധമായ വിമോചന സമരത്തില്‍ പ്രത്യക്ഷമായ നേതൃത്വം തന്നെ പള്ളിക്കായിരുന്നു. കാലാകാലങ്ങളായി കമ്യൂണിസ്‌റ്റ്‌ വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ ഇവര്‍ പങ്ക്‌ വഹിക്കാറുണ്ട്‌. കമ്യൂണിസ്‌റ്റ്‌ ആശയത്തിന്റെ വരവ്‌ തങ്ങളുടെ ആധിപത്യത്തിന്‌ തിരിച്ചടിയാകുമെന്ന്‌ പുരോഹിതവര്‍ഗം ഭയപ്പെടുന്നു. സമുദായത്തിലെ സമ്പന്നവര്‍ഗവും പാര്‍ടിയുടെ തൊഴിലാളിവര്‍ഗ്‌ഗ നിലപാട്‌ തങ്ങളുടെ താല്‍പര്യത്തിന്‌ എതിരാകുമെന്ന്‌ കരുതുന്നു. അതുകൊണ്ട്‌ പാര്‍ടിക്കെതിരായി ഒന്നിച്ച്‌ നില്‍ക്കുക എന്നത്‌ പൊതുതാല്‍പര്യമായി ഇവര്‍ വിലയിരുത്തുന്നു.

1.11 മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച്‌ മുസ്ലീം സമുദായത്തില്‍ മതമൗലികവാദ ചിന്താഗതികളുടെ വളര്‍ച്ച ഒരു സുപ്രധാന സമകാലീന പ്രതിഭാസമാണ്‌. ഇതിന്‌ അന്തര്‍ദേശീയവും ദേശീയവുമായ പശ്ചാത്തലമുണ്ട്‌. സോവിയറ്റ്‌ യൂണിയനെയും അറബ്‌ രാജ്യങ്ങളിലെ പുരോഗമനശക്തികളെയും തകര്‍ക്കുന്നതിന്‌ വേണ്ടി മത-മൗലീകവാദികളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം അടുത്തകാലം വരെ സ്വീകരിച്ചുവന്നത്‌. മുസ്ലീം ആഗോളവല്‍ക്കരണത്തിന്റെ പ്രതിസന്ധികള്‍ ലോകത്തെമ്പാടും വംശീയവാദങ്ങള്‍ക്കും മൗലികവാദ ചിന്തകള്‍ക്കും വളക്കൂറുള്ള മണ്ണ്‌ സൃഷ്ടിച്ചിരിക്കുകയാണ്‌. ഇസ്ലാമിക മതമൗലികവാദത്തിന്‌ അന്തര്‍ദേശീയമായിത്തന്നെ ഒരു വേലിയേറ്റമുണ്ടായിട്ടുണ്ട്‌. നമ്മുടെ രാജ്യത്തെ ഹിന്ദുവര്‍ഗ്‌ഗീയശക്തികളുടെ അധികാരാരോഹണവും ന്യൂനപക്ഷപീഡനനയവും കേരളത്തില്‍ മുസ്ലീം മതമൗലികവാദ ചിന്തകള്‍ ശക്തിപ്പെടുന്നതിന്‌ പശ്ചാത്തലമായി വര്‍ത്തിക്കുന്നു.

1.12 കേവലം മതപരമായ ആദര്‍ശങ്ങള്‍ കൊണ്ട്‌ മാത്രമല്ല തങ്ങളുടെ അനുയായികളെ വ്യവസ്ഥാപിത ചട്ടക്കൂടില്‍ നിര്‍ത്താന്‍ ക്രിസ്‌ത്യന്‍-ഇസ്ലാം മതാനുയായികള്‍ക്ക്‌ കഴിയുന്നത്‌. ഭൗതിക ജീവിതസാഹചര്യങ്ങളിലും ഇവര്‍ ഇടപെടുന്നുണ്ട്‌. കേരളത്തിലെ നല്ലൊരു പങ്ക്‌ സ്‌കൂളുകളും കോളേജുകളും ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ കീഴിലാണ്‌. മുസ്ലീം സമൂദായവുമായി ബന്ധപ്പെട്ടുകൊണ്ട്‌ അനാഥലയങ്ങളുടെ ശൃംഖലയും ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്‌. കിസ്‌ത്യന്‍ പാതിരിമാരുടെ ഇത്തരം പ്രവര്‍ത്തനത്തിന്‌ സുദീര്‍ഘമായ ചരിത്രമുണ്ട്‌. വിദേശധനസഹായമാണ്‌ ഈ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പ്രധാന ധനസ്രോതസ്‌. പളളിയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധസംഘടനകള്‍ രൂപീകരിച്ച്‌ നാനാതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും മാനസികക്ഷേമപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്‌. സര്‍ക്കാരുകളുടെ നിലപാടുകള്‍ ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചകള്‍ക്ക്‌ സഹായകമായിത്തീരുന്നുണ്ട്‌.

1.13 മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതമൗലികവാദ ചിന്തകള്‍ ശക്തിപ്പെട്ടുവരുന്നതിന്‌ നമ്മുടെ രാഷ്‌ട്രീയ ഇടപെടലിലെ ദൗര്‍ബല്യങ്ങള്‍ കാരണമായിട്ടുണ്ട്‌. അന്ധവിശ്വാസം, അനാചാരങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെയുള്ള സമരത്തില്‍ നാം വേണ്ടത്ര ഊന്നിയില്ല. മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ നവീകരണപ്രവണതകള്‍ക്ക്‌ ശക്തമായ പിന്തുണ നല്‍കുന്നതില്‍ നാം പലപ്പോഴും പരാജയപ്പെട്ടു. വര്‍ഗീയ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെ ഫലപ്രദമായി ചെറുക്കുന്നതില്‍ നമുക്ക്‌ പോരായ്‌മകള്‍ ഉണ്ടായിട്ടുണ്ട്‌. പാര്‍ടി അംഗത്വത്തില്‍ മതന്യൂനപക്ഷത്തിന്റെ ആനുപാതികമായ പ്രാതിനിധ്യമില്ല. ബഹുജനസംഘടനാ നേതൃത്വങ്ങളിലും സ്ഥിതി ഇതുതന്നെയാണ്‌. ഇത്‌ പലപ്പോഴും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഫലപ്രദമായി ഇടപെടുന്നതിന്‌ തടസ്സമായി നില്‍ക്കുന്ന ഒരു ഘടകമായി തീരാറുണ്ട്‌.

മുസ്ലീം ജനവിഭാഗം

2.1 ഇസ്ലാമിന്റെ ആരംഭകാലത്ത്‌ തന്നെ ഈ മതദര്‍ശനം കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. കൊടുങ്ങല്ലൂരില്‍ ഇവരുടെ ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെട്ടു. വാണിജ്യരംഗത്ത്‌ അറബികളുടെ മേല്‍ക്കോയ്‌മ ഏറെ ദൃശ്യവുമായിരുന്നു. എന്നാല്‍ 1498 ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത്‌ ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മല്‍സരം ആരംഭിക്കുകയും ചെയ്‌തു. ഇത്‌ പോര്‍ച്ചുഗീസുകാരും കേരളത്തിലെ ഇസ്ലാം മതവിശ്വാസികളും തമ്മിലുള്ള സമരമായും പലപ്പോഴും മാറുകയും ചെയ്‌തു. 18-ാം നൂറ്റാണ്ടിന്റെ അവസാനം ടിപ്പുവിന്റെ മൈസൂരില്‍ നിന്നുള്ള ആക്രമണം ഇസ്ലാമിന്‌ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ പര്യാപ്‌തമായി. മൈസൂര്‍ മേധാവിത്വം സവര്‍ണ്ണ ജന്മിമേധാവിത്വത്തിന്‌ ഒരു തിരിച്ചടിയായി. എന്നാല്‍ ബ്രിട്ടീഷുകാരുടെ വരവോട്‌ കൂടി സ്ഥിതിഗതികള്‍ മാറി. ബ്രിട്ടീഷുകാരും ജന്മിത്വശക്തികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്‌ ഭൂമിയുമായി ബന്ധപ്പെട്ട്‌ ജീവിച്ചിരുന്ന ഇസ്ലാം ജനവിഭാഗത്തിന്‌ തിരിച്ചടിയായി. ഇത്‌ മലബാറില്‍ 19-ാം നൂറ്റാണ്ടിലുടനീളം മാപ്പിള കലാപങ്ങളുടെ രൂപത്തിലുള്ള കാര്‍ഷികസമരങ്ങള്‍ക്ക്‌ പശ്ചാത്തലമൊരുക്കി. 1921 ലെ പ്രസിദ്ധമായ മലബാര്‍ കലാപം ഈ കര്‍ഷക സമരങ്ങളുടെ തുടര്‍ച്ച കൂടിയായിരുന്നു. കാര്‍ഷികപരമായ സ്വഭാവം കൂടി ഉണ്ടായിരുന്ന ഈ സമരത്തെ വേണ്ടത്ര പിന്തുണക്കാനും സഹായിക്കാനും കോണ്‍ഗ്രസ്‌ പാര്‍ടി തയ്യാറായില്ല. മാത്രമല്ല അവസാനകാലത്ത്‌ ഇതിനെ എതിര്‍ക്കുവാനും കോണ്‍ഗ്രസ്‌ തയ്യാറായി. ഇത്‌ മുസ്ലീം സമുദായത്തെ ദേശീയപ്രസ്ഥാനത്തില്‍ നിന്ന്‌ അകറ്റുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. ദേശീയ മുസ്ലീങ്ങള്‍ 1930 കളില്‍ ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറാവുന്ന സാഹചര്യവും കേരളത്തിലുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യലബ്‌ധിക്ക്‌ തൊട്ടുമുമ്പുള്ള കാലയളവില്‍ മുസ്ലീം വര്‍ഗീയ രാഷ്‌ട്രീയം ശക്തിപ്രാപിച്ചു. ഇന്ത്യാ വിഭജനത്തോടെ തിരിച്ചടിയേറ്റ ലീഗ്‌ രാഷ്‌ട്രീയം പിന്നീട്‌ സജീവമാകുന്നത്‌ 1959 ലെ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെയാണ്‌. കേരളത്തില്‍ രൂപംകൊണ്ടുവന്ന മുന്നണി രാഷ്‌ട്രീയത്തില്‍ മാറിമാറി ഇടപെട്ടുകൊണ്ട്‌ അവരുടെ സ്വാധീനം നിലനിര്‍ത്തുകയും പലപ്പോഴും ശക്തിപ്പെടുത്തുകയും ചെയ്‌തു. രാഷ്‌ട്രീയമായി മുസ്ലീം ജനവിഭാഗത്തെ തങ്ങളുടെ കൂടെ നിലനിര്‍ത്തിയെടുക്കാന്‍ ഈ സമീപനത്തിന്റെ ഭാഗമായി അവര്‍ക്ക്‌ സാധിച്ചു. ഇരുമുന്നണികളിലും മാറിമാറി ഉണ്ടായിരുന്ന സ്ഥാനം ഇവര്‍ക്ക്‌ രാഷ്‌ട്രീയ മാന്യത നല്‍കുന്നതിനും ഇടയാക്കി.

2.2 മുസ്ലീം സമുദായം ഏകശിലയില്‍ നില്‍ക്കുന്നതാണ്‌ എന്ന ധാരണ ശരിയല്ല അതിനകത്ത്‌ വ്യത്യസ്‌തമായ നിരവധി ഉള്‍പ്പിരിവുകള്‍ ഉണ്ട്‌. ഈ ധ്രുവീകരണങ്ങള്‍ക്ക്‌ അന്തര്‍ദേശീയവും ദേശീയവുമായ കാരണങ്ങളുണ്ട്‌. അവയെക്കൂടി മനസ്സിലാക്കുമ്പോള്‍ മാത്രമേ മുസ്ലീം സമുദായത്തിന്റെ ശരിയായ അവസ്ഥയെ നമുക്ക്‌ മുസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ലോകത്ത്‌ മുസ്ലീം സമുദായത്തിനകത്ത്‌ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ്‌ ഷിയാ, സുന്നി എന്നീ നിലയിലുള്ളതാണ്‌. എന്നാല്‍ കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നു തന്നെ പറയാം. സുന്നി വിഭാഗമാണ്‌ പ്രധാനം. ഈ വിഭാഗത്തിനകത്ത്‌ തന്നെ വ്യത്യസ്‌തമായ നിരവധി ഉള്‍പ്പിരിവുകള്‍ ദൃശ്യമാണ്‌. എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സുന്നി സംഘനയിലാണ്‌ നിലകൊള്ളുന്നത്‌. ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം കൊടുത്തിരുന്ന സുന്നി സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇപ്പോള്‍ ചെറുശ്ശേരി അഹമ്മദ്‌ മുസ്ലിയാരാണ്‌ ഇതിന്റെ നേതൃത്വത്തിലുള്ളത്‌. ഈ സംഘടന ശക്തമായി ലീഗിന്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

2.3 അന്തര്‍ദേശീയവും ദേശീയവുമായി ഉയര്‍ന്നുവന്ന വിവിധങ്ങളായ പ്രസ്ഥാനങ്ങളുടെ സ്വാധീനവും കേരളത്തില്‍ കാണാം. ഇതില്‍ ഏറ്റവും പ്രധാനം മുജാഹിദ്‌ പ്രസ്ഥാനമാണ്‌. മതനവീകരണപ്രസ്ഥാനമെന്ന നിലയിലാണ്‌ ഇതിന്റെ സ്ഥാനം. സ്‌ത്രീകളുടെ പള്ളിപ്രവേശനം തുടങ്ങി ചില ഗുണപരമായ കാഴ്‌ചപ്പാടുകള്‍ ഇവര്‍ മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. 1926 ലാണ്‌ ഇത്‌ രൂപീകരിക്കപ്പെട്ടത്‌. ഖുറാനില്‍ കല്‍പ്പിതമായ ആചാരങ്ങളെ ഒഴിച്ച്‌ ബാക്കിയുള്ളതെല്ലാം അനിസ്ലാമികമാണ്‌ എന്ന കാഴ്‌ചപ്പാടാണ്‌ ഇവര്‍ക്കുള്ളത്‌. മതനവീകരണസംഘടന മാത്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ സാമൂഹ്യനവീകരണ അജണ്ടകളില്‍ വലിയ താല്‍പര്യമില്ല. രാഷ്‌ട്രീയത്തില്‍ എക്കാലത്തും മുജാഹിദുകള്‍ക്കാണ്‌ മേധാവിത്വമുള്ളത്‌. ഇപ്പോള്‍ ഈ സംഘടന രണ്ടായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇന്ന്‌ അതിവേഗം ശക്തിപ്രാപിക്കുകയും വിദ്യാസമ്പന്നരുടെ ഇടയില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട ധാരയാണ്‌ ജമാഅത്തെ ഇസ്ലാമി. അവര്‍ സമുദായത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശബ്ദം ഉയര്‍ത്താറുണ്ട്‌. എന്നാല്‍ ആത്യന്തികമായി പ്രവാചകവചനങ്ങളെയും അക്കാലത്തെ കാഴ്‌ചപ്പാടുകളെയും മുറുകെപ്പിടിച്ചുകൊണ്ടാണ്‌ നിലനില്‍ക്കുന്നത്‌. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ദൗര്‍ബല്യമെന്നത്‌ ആത്യന്തികമായി സെക്യുലറിസത്തിന്‌ എതിരായ സമീപനമാണ്‌ ഉള്ളത്‌ എന്നതാണ്‌. മതത്തെയും ഭരണകൂടത്തെയും രണ്ടായി കാണുന്ന മതേതരത്വത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. മതവും ഭരണകൂടവും ഒന്നാണ്‌ എന്ന കാഴ്‌ചപ്പാട്‌ ഇവര്‍ മുറുകെ പിടിക്കുന്നു. ഇസ്ലാമിക സ്‌റ്റേറ്റ്‌ എന്നതാണ്‌ ഇവരുടെ ലക്ഷ്യം. ഇവര്‍ ന്യൂനപക്ഷമാകുന്നിടത്ത്‌ മതേതരത്വത്തെക്കുറിച്ച്‌ പറയാറുണ്ടെങ്കിലും ആത്യന്തികലക്ഷ്യം ഇസ്ലാമിക സര്‍ക്കാരാണ്‌. ഇവര്‍ക്ക്‌ അന്തര്‍ദേശീയ തലത്തില്‍ തന്നെ ബന്ധമുണ്ട്‌. കേരളത്തില്‍ ഇവരുടെ കീഴില്‍ മാധ്യമം പത്രവും ആഴ്‌ചപ്പതിപ്പും നിലനില്‍ക്കുന്നുണ്ട്‌. ഫലപ്രദമായി ഇവരുടെ ആശയങ്ങള്‍ എത്തിക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു. നമ്മുടെ പാര്‍ടിക്കെതിരായി കിട്ടാവുന്ന എല്ലാ വടികളുമെടുത്ത്‌ ഉപയോഗിക്കുക എന്നത്‌ ഈ പ്രസിദ്ധീകരണങ്ങള്‍ ഇന്ന്‌ ശീലമാക്കിയിട്ടുണ്ട്‌. ഇസ്ലാമിലെ സൂഫിസം എന്ന ധാര ആദ്യകാലത്ത്‌ സ്വാധീനം നാമമാത്രമായി ചെലുത്തിയിരുന്നെങ്കിലും ഇന്ന്‌ അത്തരം ആശയങ്ങള്‍ക്ക്‌ സ്വാധീനമില്ലെന്ന്‌ തന്നെ പറയാം. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ബിയോ എന്ന മുസ്ലീം ജനവിഭാഗത്തിനിടയില്‍ സ്വാധീനം ചെലുത്തിയ ആശയമാണ്‌ തബ്‌ലിഫ്‌. ഇത്‌ മതപരിഷ്‌കരണ പ്രസ്ഥാനമാണ്‌. എന്നാല്‍ ഇവര്‍ക്കും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനം തീരെയില്ല. മറ്റ്‌ മുസ്ലീം സമുദായങ്ങള്‍ അമുസ്ലീങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്നവരാണ്‌ അഹമ്മദീയക്കാര്‍. പ്രവാചകന്‌ ശേഷവും പല പ്രവാചകരെയും ഇവര്‍ അംഗീകരിക്കുന്നു. അതാത്‌ നാടിന്റെ ദൈവസങ്കല്‍പ്പങ്ങളെ പോലും അംഗീകരിക്കുന്നതാണ്‌ ഇവരുടെ സമീപനം. കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ ചില പള്ളികള്‍ ഇവര്‍ക്കുണ്ടെങ്കിലും ഇവരുടെ സ്വാധീനവും തീരെ ദുര്‍ബലമാണ്‌. മേല്‍പ്പറഞ്ഞ സംഘടനകള്‍ക്കെല്ലാം അവരുടേതായ യുവജന-വിദ്യാര്‍ത്ഥി സംഘടനകളും മതസ്ഥാപനങ്ങളുമുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌കാലത്ത്‌ എല്ലാ ഇസ്ലാമിക സംഘടനകളെയും തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ലീഗിന്‌ കഴിഞ്ഞു എന്നത്‌ വളരെ പ്രാധാന്യമുള്ള കാര്യമാണ്‌. ഇത്‌ ലീഗ്‌ വിരുദ്ധരാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന ഐ.എന്‍.എല്‍ പോലുള്ള സംഘടനകളെ ദുര്‍ബലമാക്കി. മുസ്ലീം തീവ്രവാദ നിലപാടെടുക്കുന്ന എന്‍.ഡി.എഫ്‌, പി.ഡി.പി എന്നിവരെയും തങ്ങളുടെ കൂടെ നിര്‍ത്താന്‍ ലീഗിന്‌ കഴിഞ്ഞു.

2.4 പുരോഗമനപരമായ മതവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിനായി നിലപാടെടുക്കുന്ന സാമുദായികധാരകള്‍ ഇന്ന്‌ അതീവ ദുര്‍ബ്ബലമാണ്‌. എങ്കില്‍ തന്നെയും മുസ്ലീം സമുദായത്തില്‍ ഇത്തരം ചിന്താരീതികള്‍ പലപ്പോഴും പ്രകടമായിട്ടുണ്ട്‌. ഇതില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്‌ സെയ്‌ദ്‌ സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്‌, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകള്‍ ഇദ്ദേഹത്തിന്‌ വശമായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഉണ്ടായിരുന്നതിനാല്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ കീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത്‌ രാജിവെച്ചു. ഇസ്ലാമിക വിദ്യാഭ്യാസങ്ങളില്‍ കടന്നുകൂടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായിട്ടാണ്‌ അദ്ദേഹം പൊരുതിയത്‌. മുസ്ലീങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്‌കൃതരാവാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്‌തു. അറബിയിലും മലയാളത്തിലും, അറബിമലയാളത്തിലും പുസ്‌തകങ്ങളും, ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികര്‍ ഇദ്ദേഹത്തെ എതിര്‍ത്തെങ്കിലും അവരുടെ മുന്നില്‍ അദ്ദേഹം കീഴടങ്ങിയില്ല. ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി ഇത്തരത്തില്‍ പരിഗണിക്കപ്പെടാവുന്ന ആളാണ്‌. അധ്യാപകനായിട്ടാണ്‌ ജീവിതത്തിന്റെ വലിയ ഭാഗം ഇദ്ദേഹം ചെലവഴിച്ചത്‌. ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍ നിന്ന്‌ വിമുക്തമാക്കി ആധുനികതയിലേക്ക്‌ നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ പ്രത്യേക താല്‍പര്യം തന്നെ ഇദ്ദേഹം സ്വീകരിച്ചു. ഷെയ്‌ക്ക്‌ മുഹമ്മദ്‌ ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. വക്കം മൗലവി ഇസ്ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും പ്രധാനപ്പെട്ട പങ്ക്‌ വഹിച്ച വ്യക്തിയായിരുന്നു. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്‌തിരുന്ന ഇദ്ദേഹത്തിന്‌ വൈജ്ഞാനികമായി ഏറെ കഴിവുകള്‍ ഉണ്ടായിരുന്നു. ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലീം സമുദായത്തില്‍ എത്തിക്കുക എന്നതിന്റെ അിസ്ഥാനത്തില്‍ അദ്ദേഹമുണ്ടാക്കിയ ഐക്യമുസ്ലീം സംഘം എടുത്തുപറയേണ്ടതാണ്‌. സാമുദായിക നവീകരണത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇടപെടുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുമായി ഇദ്ദേഹത്തിനുള്ള ബന്ധം പ്രസിദ്ധമാണ്‌. ഇദ്ദേഹത്തിന്റെ പത്രത്തിലാണ്‌ സ്വദേശിയുടെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്‌. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ ആദ്യമായി സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ്‌ മുസ്ലിയാര്‍ക്ക്‌ പ്രധാന പങ്കുണ്ട്‌്‌. ഇത്തരം ആളുകളെല്ലാം പ്രധാനമായും മുസ്ലീം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസ രീതികളുമായും അടുപ്പിക്കുന്നതിനാണ്‌ ഏറെ പരിശ്രമിച്ചത്‌. ഒരു വിജ്ഞാനവും ഹറാമ്‌ അല്ലെന്ന്‌ പ്രഖ്യാപിച്ച അറയ്‌ക്കല്‍ രാജകുടുംബ വിദ്യാഭ്യാസവിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ്‌ സാഹിബും ഈ ഗണത്തില്‍പ്പെടുന്നവരാണ്‌. ഖുറാന്‍ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്‌ത സി.ഐ. അഹമ്മദ്‌മൗലവി ഇവരില്‍ എടുത്തുപറയാന്‍ പറ്റുന്ന മറ്റൊരു വ്യക്തിത്വമാണ്‌. ഇദ്ദേഹത്തിന്‌ ഖുറാന്‍ പരിഭാഷക്ക്‌ പ്രചോദനം നല്‍കിയത്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്‌ട്രീയരംഗത്ത്‌ സജീവമായി ഇടപെടുമ്പോഴും നവോത്ഥാനധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്‌. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇവിടെ സൂചിപ്പിച്ചതുപോലെ പുരോഗമന ചിന്താഗതികളെ ശക്തിപ്പെടുത്തുന്നതിന്‌ ബോധപൂര്‍വ്വവും സംഘടിതവുമായ പരിശ്രമങ്ങള്‍ വിരളമായിരുന്നു. എന്തിന്‌ ഇസ്ലാമിക നവോത്ഥാന നായകരെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ നമ്മുടെ പ്രചാരപ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ഉണ്ടാകാറില്ല. യാഥാസ്ഥിതിക മുസ്ലീങ്ങളാകട്ടെ ഇവരുടെ സംഭാവന തിരസ്‌കരിക്കുന്നു. ഈ സ്ഥിതിവിശേഷം മുസ്ലീം സമുഹത്തിലെ പുരോഗമന ചിന്തയെ ദുര്‍ബ്ബലപ്പെടുത്തുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. മുസ്ലീം സമുഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ധീരമായ നിലപാട്‌ സ്വീകരിച്ച്‌ പ്രത്യക്ഷ കാമ്പയിന്‌ നാം ഇറങ്ങിയത്‌ ശരിയത്ത്‌ വിവാദ കാലത്താണ്‌. ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്ന മുസ്ലീം സമുദായത്തിലെ ചിന്തകരെ അത്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ പ്രോല്‍സാഹിപ്പിക്കുകയും പാര്‍ടി അവര്‍ക്ക്‌ പിന്തുണ നല്‍കുകയും വേണം.

2.5 ഗള്‍ഫ്‌ കുടിയേറ്റത്തിന്‌ ശേഷം കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിനിടയില്‍ ധ്രുതഗതിയിലുള്ള മാറ്റമുണ്ടായിട്ടുണ്ട്‌. സമുദായത്തിലെ സാമ്പത്തികനിലയില്‍ ഗണ്യമായ പുരോ ഗതി ഇതുണ്ടാക്കിയിട്ടുണ്ട്‌. ഏറ്റവും പ്രധാനമായ മാറ്റം സൃഷ്ടിച്ചത്‌ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ്‌. വിദ്യാഭ്യാസം സമ്പാദിക്കുന്ന ഒരു തലമുറ തന്നെ അതിനകത്തുണ്ടായി. എന്നാല്‍ അതോടൊപ്പം അറേബ്യന്‍ നാടുകളില്‍ നിന്ന്‌ മതമൗലിക ചിന്തകള്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാവുന്നുണ്ട്‌്‌. എന്നാല്‍ ഈ മതമൗലിക വാദത്തിന്‌ ഒരു സവിശേഷത ഉണ്ട്‌. ഗള്‍ഫിലെ ആധുനിക ജീവിതത്തിലെ ഉപഭോഗ ശൈലിയും സാങ്കേതികവിദ്യയേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയതരം മത മൗലികവാദമാണ്‌ ഇത്‌. ചിലര്‍ ഇതിന്‌ ഗള്‍ഫ്‌ ആധുനികത എന്ന്‌ വിളിക്കുന്നു. ഇത്തരം സംഘര്‍ഷങ്ങളുടെ പ്രതിഫലനമാണ്‌ മുജാഹിദിനുകളില്‍ ഉള്‍പ്പടെ കണ്ടുവരുന്നത്‌. ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദവും അമേരിക്കന്‍ സാമ്രാജ്യത്വവും തമ്മില്‍ അടുത്ത കാലത്തായി ചില ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സാമ്രാ ജ്യത്വവിരുദ്ധ മനോഭാവം ഇവരില്‍ വളര്‍ന്നുവരുന്നുണ്ട്‌. സോഷ്യലിസ്‌റ്റ്‌ ശക്തികളുടെ ശേഷിക്ക്‌ അടുത്ത കാലത്തുണ്ടായ തകര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ എതിരായ സമരത്തിലെ മുന്നണിപോരാളി ഇസ്ലാമിനാണെന്ന തോന്നല്‍ വളര്‍ത്തിയിട്ടുണ്ട്‌. ഈ മനോഭാവം അമേരിക്കന്‍ വിരുദ്ധതയെ ഇസ്ലാമിക മൗലികവാദവുമായി കൂട്ടിച്ചേര്‍ക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. സാമ്രാജ്യത്വവിരുദ്ധ മനോഭാവമുള്ള വിദ്യാസമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ പോലും അതുകൊണ്ട്‌ തന്നെ വര്‍ഗീയശക്തികള്‍ ആകര്‍ഷിച്ചെടുക്കുന്നുണ്ട്‌. ഇതിലൂടെ വര്‍ഗീയ മനോഭാവം വളര്‍ത്തിയെടുക്കുന്ന രീതി ഇസ്ലാമിക മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നുണ്ട്‌. ബിന്‍ലാദന്റെയും അതിലൂടെ വര്‍ഗീയവാദത്തിന്‌ ഒരാഗോളമുഖവും പുരോഗമനമുഖവും നല്‍കാന്‍ ഇവര്‍ ശ്രമിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ ചിന്തയെ നമുക്ക്‌ അനുകൂലമായി മാറ്റുന്നതിനേക്കാള്‍ എളുപ്പത്തില്‍ തങ്ങള്‍ക്ക്‌ അനുകൂ ലമാക്കി മാറ്റാവുന്ന പശ്ചാത്തലം മുസ്ലീം ചിന്തകര്‍ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്‌.. ഈ അന്തരീക്ഷത്തില്‍ ആണ്‌ ചെറുപ്പക്കാര്‍ മുസ്ലീം തീവ്രവാദപ്രസ്ഥാനങ്ങളില്‍ ആകര്‍ഷിക്ക പ്പെടുന്നത്‌. സംഘപരിവാറിന്റെ ഭീഷണികൂടിയാകുമ്പോള്‍ ഒറ്റപ്പെട്ട ഒരു മനോഭാവം ഇവര്‍ ക്കിടയില്‍ രൂപപ്പെട്ടുവരുന്നു. ഈ അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തി എന്‍.ഡി.എഫ്‌ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇവരില്‍ പിടിമുറുക്കുന്നു. സാംസ്‌കാരികമായ രീതികളിലും ഒരു തിരിച്ചുപോക്കിന്റെ അടയാളങ്ങള്‍ കാണാം.

2.6 മുസ്ലീം സമൂദായത്തിലെ പുരോഗമന ചിന്താധാരകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ അത്തരം നിലപാടുകളോട്‌ ബന്ധം പുലര്‍ത്തുന്നതിനും താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ സഹായകരമായിരിക്കും.

എ) മുസ്ലീം നവോത്ഥാന നായകരെക്കുറിച്ചും ഇസ്ലാം മതചിന്തയിലെ പുരോഗമന വ്യാഖ്യാനങ്ങളെക്കുറിച്ചും ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുക

ബി) ഇവരില്‍ ചിലരുടെയെങ്കിലും പേരില്‍ ഫൗണ്ടേഷനുകളും അതുപോലുള്ള സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കുകയും അവരുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചയും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണം.

സി) സാമുദായിക അനാചാരങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ത്തിക്കൊണ്ട്‌ വരികയും സജീവമായ പിന്തുണ നല്‍കുകയും വേണം. പ്രതിലോമ ചിന്തകള്‍ക്കെതിരായുള്ള സമരം വളര്‍ത്തിക്കൊണ്ടുവരണം.

ഡി) മതപൊലീസായി മാറുന്ന എന്‍.ഡി.എഫ്‌, പി.ഡി.പി തുടങ്ങിയവരുടെ പരിശ്രമ ങ്ങളെ ചെറുക്കുക.

ഇ) പുരോഗമന ധാരകളെ ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക്‌ പ്രധാന പ്പെട്ട പങ്ക്‌ നിര്‍വ്വഹിക്കാനുണ്ട്‌. ഇസ്ലാമിക മതവിശ്വാസത്തെ ചോദ്യം ചെയ്യാതെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മുദ്രാവാക്യങ്ങള്‍ ഈ മാസികയിലൂടെ പ്രചരിപ്പി ക്കണം. എല്ലാ പ്രധാനപ്പെട്ട മുസ്ലീം വിഭാഗങ്ങള്‍ക്കും ഇന്ന്‌ പത്രങ്ങളുണ്ട്‌. ജമാഅത്ത്‌ ഇസ്ലാമിക്ക്‌ മാധ്യമം, മുജാഹിദുകള്‍ക്ക്‌ വര്‍ത്തമാനം, സമസ്‌തയ്‌ക്ക്‌ സിറാജ്‌. മാസികകളുടെ കാര്യം പറയാനുമില്ല. എന്നാല്‍ ഇസ്ലാമിക്‌ പുരോഗമന ചിന്താധാരകളെ പ്രതിഫലിപ്പിക്കുന്നതിന്‌ യാതൊരു പ്രസിദ്ധീകരണവുമില്ല. ഈ കുറവ്‌ നികത്തപ്പെടേണ്ടതാണ്‌. സമുദായത്തിലെ ഉല്‍പതിഷ്‌ണുക്കളുമായുള്ള സംവാദം വളര്‍ത്തിയെടുക്കണം.

എഫ്‌) സമുദായത്തിന്റെ പേരുപറയുകയും എന്നാല്‍ അതുപയോഗിച്ച്‌ സമ്പന്ന വിഭാഗ ത്തിന്റെ താല്‍പര്യം സംരക്ഷിക്കുകയുമാണ്‌ മുസ്ലീം ലീഗ്‌ നേതൃത്വം ചെയ്യുന്നത്‌. സമ്പന്നവിഭാഗത്തിന്‌ അധികാരമാണ്‌ പ്രധാനം എന്നതുകൊണ്ടുതന്നെ അധികാര ത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിയുമായി ഉള്‍പ്പടെ നീക്കുപോക്കുകള്‍ ഉണ്ടാ ക്കാന്‍ ഇവര്‍ തയ്യാറാവുകയാണ്‌. ഇവരുടെ ഈ സ്വഭാവങ്ങളെ തുറന്നുകാണിക്കു വാന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്‌. മുസ്ലീം സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക്‌ എതിരാ ണെന്നും ന്യൂനപക്ഷധ്വംസകരുമായി കൂട്ടുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന നിലപാടാണ്‌ ഇവരുടേതെന്നും തുറന്നുകാണിക്കണം. എന്നാല്‍ ഇന്ന്‌ മുസ്ലീംലീഗിന്‌ മുഴുവന്‍ ഇസ്ലാമിക സംഘടനകളെയും തങ്ങളുടെ കൂടെ അണിനിരത്താന്‍ കഴിയുന്നുണ്ട്‌. ഐ.എന്‍.എല്‍, തുലോം ദുര്‍ബ്ബലമാണ്‌. മുമ്പ്‌ ഒരുകാലത്തും ഇതുപോലൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. മുസ്ലീംലീഗിന്റെ മേല്‍ക്കൈ തകര്‍ക്കുന്നതിനുള്ള അടവുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ വിഭാഗത്തിനിടയില്‍ നമുക്ക്‌ കടന്നുകയറാന്‍ കഴിയില്ല. അതിന്‌ ആദ്യം വേണ്ടത്‌ എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളോടും അവ രുടെ നേതാക്കന്മാരോടും സജീവമായ ബന്ധം പുലര്‍ത്തുക എന്നതാണ്‌. പാര്‍ടിക്ക്‌ ഇപ്പോള്‍ ഇത്തരം ബന്ധമില്ല എന്നതാണ്‌ വസ്‌തുത. ഈ സംഘടനകള്‍ ഏതെ ങ്കിലും ഒന്നുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കുന്ന പ്രശ്‌നമല്ല ചര്‍ച്ച ചെയ്യുന്നത്‌ എന്ന്‌ വ്യക്തമാക്കട്ടെ.

ജി) ഒട്ടനവധി മുസ്ലീം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ കോളേജുകളിലും വരുന്നുണ്ട്‌. എന്നാല്‍ പുതിയ ഗള്‍ഫ്‌ ആധുനികതയുടെ തിക്തഫലം ഏറ്റവും അധികം അനുഭവിക്കുന്നത്‌ സ്‌ത്രീകളാണ്‌. ഒപ്പം ബഹുഭാര്യാത്വത്തിന്റെയും പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹത്തിന്റെ പ്രശ്‌നവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌ ഇവരാണ്‌. ഈ പശ്ചാത്തലത്തില്‍ സ്‌ത്രീ വിമോചനത്തെ ഒഴിവാക്കിക്കൊണ്ട്‌ ഇസ്ലാമിക നവീകരണ അജണ്ട അസാധ്യമാണ്‌. മഹിളാ അസോസിയേഷനും എസ്‌.എഫ്‌.ഐക്കും ഈ മേഖലയില്‍ ഇടപെടാനുണ്ട്‌.

ക്രിസ്‌ത്യന്‍ ജനവിഭാഗം


3.1 കേരളത്തിലെ ക്രിസ്‌തുമതത്തിന്‌ ക്രിസ്‌തുമതത്തോളം തന്നെ പഴക്കമുണ്ട്‌. പരമ്പരാഗത മായി കേരളത്തിലെ ക്രിസ്‌ത്യാനികള്‍ റോമിനേക്കാള്‍ അന്ത്യോക്യയുമായി ബന്ധപ്പെട്ടാണ്‌ മതാചാരങ്ങള്‍ നിശ്ചയിച്ചിരുന്നത്‌. സുറിയാനിയായിരുന്നു മതഭാഷ. അതിനാല്‍ സുറിയാനി ക്രിസ്‌ത്യാനികള്‍ എന്നാണ്‌ വിളിക്കുന്നത്‌. പോര്‍ച്ചുഗീസുകാരുടെ വരവോടെ സുറിയാനി ക്രിസ്‌ത്യാനികളില്‍ ഭിന്നിപ്പുണ്ടാകുന്നു. പോര്‍ച്ചുഗീസുകാര്‍ മതപരിവര്‍ത്തനം നടത്തി. റോമിലെ മാര്‍പ്പാപ്പയുടെ ചിട്ടയെ പരിപൂര്‍ണ്ണമായും അംഗീകരിക്കുന്ന ലത്തീന്‍ കത്തോലി ക്കര്‍ എന്ന വിഭാഗത്തിന്‌ രൂപം നല്‍കി. ലത്തീനായിരുന്നു മതഭാഷ. സുറിയാനി ക്രിസ്‌ത്യാ നികളെ നിര്‍ബന്ധപൂര്‍വ്വം റോമിന്‌ കീഴില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. റോമിന്‌ കീഴിപ്പെട്ട വരെ സുറിയാനി കത്തോലിക്കര്‍ എന്നും വേറിട്ട്‌ നിന്നവരെ ഓര്‍ത്തഡോക്‌സ്‌ എന്നും വിളിക്കുന്നു. ഓര്‍ത്തോഡോക്‌സ്‌ സഭക്കാരില്‍ നിന്ന്‌ മതനവീകരണപ്രസ്ഥാനത്തിന്റെ ഭാഗ മായി മാര്‍ത്തോമക്കാര്‍ ഉണ്ടായി. ഓര്‍ത്തഡോക്‌സ്‌കാര്‍ തന്നെ ഇപ്പോള്‍ ബാവ പാര്‍ത്തിയോര്‍ക്കിസ്‌ പക്ഷമായും വേര്‍തിരിഞ്ഞു. ഓര്‍ത്തോഡോക്‌സുകാരില്‍ ഒരുവിഭാഗം മലങ്കരറീത്ത്‌ എന്ന പേരില്‍ കത്തോലിക്കരുടെ കൂടെ ചേര്‍ന്നു. ഇവയ്‌ക്ക്‌ പുറമെയാണ്‌ വിവിധങ്ങളായ ആംഗ്ലിക്കന്‍ ചര്‍ച്ചുകളും ഉണ്ട്‌. ഇതിന്‌ പ്രൊട്ടസ്‌റ്റന്റ്‌ മിഷനറിമാരാണ്‌ രൂപം നല്‍കിയത്‌. സി.എസ്‌.ഐ ആണ്‌ ഇതിലെ ഏറ്റവും പ്രധാനം. മറ്റൊരു പ്രധാന അവാന്തര വിഭാഗമാണ്‌ പെന്തക്കോസ്‌റ്റ്‌ സഭകള്‍. അവശക്രിസ്‌ത്യാനികളില്‍ ബഹുഭൂരിപക്ഷവും പ്രൊട്ടസ്‌റ്റന്റ്‌ പെന്തക്കോസ്‌റ്റ്‌ വിഭാഗങ്ങളിലാണ്‌ പെടുന്നത്‌. ക്രിസ്‌ത്യന്‍ സമൂഹം എന്നു പറഞ്ഞാല്‍ ഇത്തരത്തിലുള്ള ഒട്ടനവധി ആവാന്തരവിഭാഗങ്ങള്‍ ചേര്‍ന്നതാണ്‌. ഇവരില്‍ ഏറ്റവും വലുതും കമ്യൂണിസ്‌റ്റ്‌ വിരോധം കൂടുതലുള്ളതും റോമന്‍ കത്തോലിക്കരിലാണ്‌.

3.2 18-ാം നൂറ്റാണ്ടില്‍ തിരു-കൊച്ചി പ്രദേശങ്ങളില്‍ ആരംഭിച്ച ഭൂവുടമ ബന്ധമാറ്റങ്ങളില്‍ നിന്നും കൃഷിയുടെ വാണിജ്യവല്‍ക്കരണത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നതിന്‌ സുറിയാനി ക്രിസ്‌ത്യാനികളില്‍ ഒരുവിഭാഗത്തിന്‌ കഴിഞ്ഞു. ഭൂവുടമസ്ഥരായ മാറിയ ഇവരാണ്‌ വാണിജ്യകൃഷിയുടെ മുന്നില്‍ നിന്നത്‌. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ നയപ്രകാരം തരിശ്‌ ഭൂമിയില്‍ കൃഷി ഇറക്കിയും അവര്‍ ഭൂസ്വത്ത്‌ വര്‍ദ്ധിപ്പിച്ചു. കാര്‍ഷിക സംസ്‌കരണ വ്യവ സായങ്ങള്‍, ബാങ്കിംഗ്‌, വ്യാപാരം തുടങ്ങിയ മേഖലകളില്‍ അവര്‍ പ്രവേശിച്ചു. മുതലാ ളിത്ത വളര്‍ച്ചയുടെ പുതിയ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ സമുദായ സ്ഥാപന ങ്ങളെ പരിഷ്‌കരിക്കുന്നതിന്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെ പോലുള്ളവര്‍ നേതൃത്വം നല്‍കി. മിഷനറിമാരെക്കാള്‍ വിദ്യാഭ്യാസപുരോഗതിക്ക്‌ നേതൃത്വം നല്‍കിയത്‌ ഈ തദ്ദേശ ക്രിസ്‌ത്യാനികളാണ്‌. നാല്‍പ്പതുകളുടെ അവസാനത്തോടെ മലബാറിലേക്കും മലയോരങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളിലൂടെ മറ്റൊരു ഗണ്യമായ സുറിയാനി ക്രിസ്‌ത്യാനി വിഭാഗത്തിന്‌ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന്‌ കഴിഞ്ഞു. ഇപ്ര കാരം സമ്പന്നര്‍ ഗണ്യമായുള്ള വിവിധ വിഭാഗം സുറിയാനി ക്രിസ്‌ത്യാനികള്‍ മുതല്‍ പട്ടികജാതി-പട്ടികവര്‍ഗ്‌ഗ വിഭാഗങ്ങളില്‍ നിന്നുള്ള അവശക്രിസ്‌ത്യാനികള്‍ വരെ അടങ്ങു ന്നതാണ്‌ ക്രിസ്‌ത്യന്‍ സമുദായം. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ലത്തിന്‍ കത്തോലി ക്കര്‍, നാടാര്‍ ക്രിസ്‌ത്യാനികള്‍ തുടങ്ങിയവരും ക്രിസ്‌ത്യാനികളില്‍ ഉള്‍പ്പെടും.

3.3 സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ സ്വാധീനത്തെ ചെറുക്കുന്നത്‌ സുപ്രധാനമായ സാമൂഹ്യകര്‍ത്തവ്യമായി പള്ളി ഏറ്റെടുത്തു. വിമോചനസമരകാലത്ത്‌ ഇത്‌ പാരമ്യത്തിലെത്തി. എന്നാല്‍ മുസ്ലീം സമുദായത്തില്‍ വ്യത്യസ്‌തമായി വിമോചന ദൈവ ശാസ്‌ത്രത്താല്‍ പ്രചോദിതമായ ചെറുഗ്രൂപ്പുകളും ചിന്താധാരകളും ക്രിസ്‌ത്യന്‍ സമൂഹ ത്തില്‍ അറുപതുകളുടെ അവസാനത്തോടെ സജീവമായി തീര്‍ന്നു. മാര്‍ക്‌സിസത്തെയും മതവിശ്വാസത്തെയും സമന്വയിപ്പിക്കാന്‍ ശ്രമം നടന്നു. മതപുരോഹിതര്‍ അടക്കം ഒരു വിഭാഗം ജനകീയസമരത്തില്‍ പങ്കെടുക്കുകയും മല്‍സ്യതൊഴിലാളികള്‍ പോലെ അസംഘ ടിതരായ വിഭാഗത്തെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ചെയ്‌തു. ആദ്യ കാലഘട്ടങ്ങളില്‍ ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി അമര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമമാണ്‌ ഉണ്ടായത്‌. എന്നാല്‍ അധികം താമസിയാതെ പുതിയ വിമതപ്രസ്ഥാനങ്ങളുടെ പരിപാടികള്‍ പള്ളി തന്നെ സാമൂഹ്യക്ഷേമ രൂപേണയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഏറ്റെടുത്തു. ഒട്ടനവധി സാമൂഹ്യ-സേവന സംഘടനകളും ഉയര്‍ന്നുവന്നു. സര്‍ക്കാരില്‍ നിന്നും വിദേശത്ത്‌ നിന്നും ഉള്ള ഫണ്ടുകളും ആധുനിക പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും ഇവര്‍ ഉപയോഗപ്പെടുത്തി. ഈ പ്രവര്‍ത്തനങ്ങളുടെ പ്രധാന ദൗത്യം വിമത ചിന്താഗതിക്കാര്‍ക്ക്‌ ക്രൈസ്‌തവസഭയുടെ പ്രവര്‍ത്തനത്തില്‍ തന്നെ ഇടം കൊടുക്കുക എന്നതായിരുന്നു. ഈ പദ്ധതിയില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യാപകമായി കൗണ്‍സിലിംഗ്‌ സെന്ററുകള്‍ പള്ളി പ്രയോജനപ്പെടുത്തുകയുണ്ടായി.

3.4 ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാനമായ മാറ്റം കാത്തോലിക്കാ പള്ളി പെന്തക്കോസ്‌ പള്ളികളുടെ മാസ്‌മരിക പ്രാര്‍ത്ഥനാ രീതികള്‍ ഏറ്റെടുത്തതാണ്‌. കരിസ്‌മാറ്റിക്‌ ധ്യാന ത്തിനുള്ള അതിവിപുലമായ സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാംകൂടെ ചേര്‍ത്ത്‌ പുതിയ ഭക്തിപ്രസ്ഥാനത്തിന്‌ രൂപം നല്‍കി. ഇതോടൊപ്പം ഇടവക അംഗങ്ങളെ മുഴുവന്‍ കുടുംബയൂണിറ്റുകളായി സംഘടിപ്പിച്ചു. കുടുംബങ്ങളെയും വ്യക്തികളെയും സമുദായത്തി ന്റെ കര്‍ശന നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്‌തു. ഇവയൊക്കെ ഉപയോഗപ്പെടുത്തി നേരിട്ട്‌ വര്‍ഗീയസംഘടനയെ സ്‌പോണ്‍സര്‍ ചെയ്യുന്ന തിന്‌ പകരം മറ്റ്‌ രീതികളും അവലംബിച്ചു. കോണ്‍ഗ്രസിലെ അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ടികളുടെ ക്രിസ്‌ത്യന്‍ എം.എല്‍.എമാരെ ഒരു വലിയ പരിധിവരെ നിയന്ത്രിക്കുന്നത്‌ പളളിയാണ്‌. പല കാര്യങ്ങളിലും രാഷ്‌ട്രീയപാര്‍ടികളിലെ നേതാക്കന്മാരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നുണ്ട്‌.

3.5 വളരെ ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനമാണ്‌ ഈ സമുദായത്തിനകത്ത്‌ വേണ്ടത്‌.

എ) വിമോചന ദൈവശാസ്‌ത്രധാരകളും പുരോഗമന നിലപാടുകള്‍ എടുക്കുന്നവരു മായി സംവാദിക്കുകയും സഹകരിക്കുകയും വേണം. അത്തരത്തിലുള്ള പുരോഗമന പ്രസിദ്ധീകരണങ്ങളുമായി സഹകരിക്കണം. ക്രിസ്‌ത്യന്‍ മതവിശ്വാസികള്‍ക്കിട യിലെ അനാചാരങ്ങള്‍ക്ക്‌ എതിരായും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്‌.

ബി) ക്രിസ്‌ത്യന്‍ പുരോഗമന ചിന്താധാരകള്‍ കുറച്ചൊക്കെ സ്വാധീനം ചെലുത്തിയ മേഖലയാണ്‌ മല്‍സ്യതൊഴിലാളിരംഗം. മല്‍സ്യതൊഴിലാളി മേഖലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള തീരുമാനം ലത്തീന്‍ കത്തോലിക്കരില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്‌തമാണ്‌.

സി) പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ചില വികസന ഏജന്‍സികളുമായി ഉണ്ടാകുന്ന സഹകരണാത്മകബന്ധം നമ്മുടെ സഹകരണസ്ഥാപനങ്ങള്‍ക്കും പഞ്ചായത്തു കള്‍ക്കും വളര്‍ത്തിയെടുക്കാന്‍ കഴിയും.

ഡി) എന്നാല്‍ ഇവയോടൊപ്പം വളരെ സജീവമായി വ്യവസ്ഥാപിത പള്ളിമേധാവികളും ഗ്രൂപ്പുകളുമായി സൗഹൃദ്ദബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്‌.

ഉപസംഹാരം

4.1 ചുരുക്കത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ നമ്മുടെ ഇടപെടലിന്‌ പല വശങ്ങളുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം വിവിധ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള പ്രക്ഷോഭങ്ങളിലേക്ക്‌ ഈ വിഭാഗങ്ങളെ ആകര്‍ഷിക്കുക എന്നതാണ്‌. കര്‍ഷകപ്രസ്ഥാന ത്തിന്‌ ഇതില്‍ വലിയ പങ്ക്‌ വഹിക്കാനാവും. കാര്‍ഷികപ്രതിസന്ധി പള്ളിമേധാവികളെ പോലും പ്രതിഷേധം ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്‌. മല്‍സ്യതൊഴിലാളി പ്രസ്ഥാ നത്തിന്റെ പ്രാധാന്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. മതാടിസ്ഥാനത്തിലുള്ള ഈ മേഖല യിലെ സംഘടനകളുമായി പൊതുപ്രശ്‌നങ്ങളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. എന്നാല്‍ സങ്കുചിത മത-പ്രാദേശിക വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കെതിരെ ഒപ്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.

4.2 ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള നവീകരണ പ്രസ്ഥാനങ്ങളെ ജനസമക്ഷത്തില്‍ കൊണ്ടുവരുന്നതിന്‌ നാം വേണ്ടത്ര ശ്രമിക്കുന്നില്ല. മതയാഥാസ്ഥിതിക നേതൃത്വമാകട്ടെ തങ്ങള്‍ക്കെ തിരാണ്‌ ഇത്തരം ആശയങ്ങള്‍ എന്നതുകൊണ്ട്‌ അവര്‍ ബോധപൂര്‍വ്വം അതിനെ തിരസ്‌ക രിക്കുന്നു. ഈ ഘട്ടത്തില്‍ ഇത്തരം പ്രസ്ഥാനങ്ങളെ സംബന്ധിച്ച്‌ വിശദമായ പഠനത്തിനും പ്രചരണത്തിനും നാം തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്‌. അതിന്‌ പറ്റുന്ന വിധത്തില്‍ നമ്മുടെ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകരെ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. ഇത്തരം നവോത്ഥാനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, സെമിനാറുകള്‍, പുസ്‌തകങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്യണം. അതിനുള്ള മുന്‍കൈ നമ്മുടെ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്‌.

4.3 എന്നാല്‍ ഇതോടൊപ്പം മതന്യൂനപക്ഷ സമുദായങ്ങളിലെ യാഥാസ്ഥിതകര്‍ അടക്കം വ്യത്യസ്‌ത ധാരകളെ മനസ്സിലാക്കുന്നതിനും ബന്ധം പുലര്‍ത്തുന്നതിനും പ്രത്യേകശ്രദ്ധ വേണ്ടതാണ്‌.

4.4 ഈ സഹകരണവും സൗഹാര്‍ദ്ദവും പാര്‍ടി പരിപാടിയില്‍ നിന്നുള്ള വ്യതിചലനമോ വിട്ടു വീഴ്‌ചയോ അല്ല. പാര്‍ടി പരിപാടി ഇങ്ങനെ പറയുന്നു; ``അതിനാല്‍ മതനിരപേക്ഷത യുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പിലാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാതെ സമരം നടത്തു വാന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍ നിന്നുള്ള നേരിയ വ്യതി യാനം പോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളാ യാലും ഓരോ സമുദായത്തിലും പെട്ടവര്‍ക്ക്‌ വിശ്വസിക്കുന്നതിനും അതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏത്‌ മതത്തിന്റെയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിര ക്ഷിക്കുന്ന തിനായി രാഷ്‌ട്രത്തിന്റെ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വ്വഹണപരവു മായ ജിവിതത്തില്‍ മതം ഏത്‌ രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധി പത്യ പരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്‌റ്റ്‌ പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാതലങ്ങളിലും ഉറച്ചു പോരാടേണ്ടതാണ്‌''. (പാര്‍ടി പരിപാടി ഖണ്ഡിക 5:8)

4.5 ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംഘടനയില്‍ ആകര്‍ഷിച്ചെടുക്കുന്നതിന്‌ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണം. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

എ) ഇത്തരം സമുദായങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന കേഡര്‍മാരെ വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ബോധപൂര്‍വ്വമായ പരി ശ്രമം ഉണ്ടാവണം.

ബി) പാര്‍ടി മെമ്പര്‍ഷിപ്പിലേക്ക്‌ ഈ വിഭാഗത്തില്‍ നിന്ന്‌ സഖാക്കളെ കൊണ്ടുവരാനും വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്‌.

സി) ഈ സമൂഹങ്ങളില്‍ നിന്ന്‌ വലിയ തോതില്‍ കേഡര്‍മാരെ കൊണ്ടുവന്നെങ്കില്‍ മാത്രമേ അവരുടെ സവിശേഷതകള്‍ മനസ്സിലാക്കി ഇറങ്ങിച്ചെന്ന്‌ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുകയുള്ളൂ.

ഡി) കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍ നിന്നുള്ള അന്യ വല്‍ക്കരണത്തില്‍ നിന്ന്‌ ഈ ജനവിഭാഗത്തെ മോചിപ്പിച്ചെടുക്കാന്‍ ഈ നീക്കം സഹായകമാകും.

ഇ) സബ്‌കമ്മിറ്റി രൂപീകരിച്ച്‌ ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും കഴിയണം.