അഴീക്കോടന്‍ രാഘവന്‍


അഴീക്കോടന്‍ രാഘവന്‍


കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കറുവന്‍. അമ്മ പുക്കാച്ചി. അച്ഛന്‍ ആധാരമെഴുത്തുകാരനായിരുന്നു. രാഘവന്‌ രണ്ടര വയസ്സുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. കണ്ണൂര്‍ ഗവ.ട്രെയിനിംഗ്‌ സ്‌കൂളിനോടനുബന്ധിച്ചുള്ള മോഡല്‍ സ്‌കൂളില്‍ അഞ്ചാംതരം പാസ്സായതോടെ പഠിപ്പ്‌ നിര്‍ത്തേണ്ടിവന്നു. പിന്നീട്‌ പെട്രോള്‍ മാക്‌സ്‌ കടയിലെ ജോലിക്കാരനായി. അതിനുശേഷം ബീഡി തൊഴിലാളിയായും മാറി. ബീഡി തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകനായും നേതാവായും ഉയര്‍ന്നു. അക്കാലത്ത്‌ കൃഷ്‌ണപിള്ളയുമായി സ്ഥാപിച്ച ബന്ധം അഴീക്കോടന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.

1946 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1951 ജൂണില്‍ കോഴിക്കോട്‌ ചേര്‍ന്ന മലബാര്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്കും. 1954 ല്‍ മലബാര്‍ ട്രേഡ്‌ യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി. 1959 മുതല്‍ പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ആപ്പീസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1948 ല്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന കാലം. സ. അഴീക്കോടനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയനായി. 1950 ലും, 1962 ലും, 1964 ലും അറസ്റ്റ്‌ ചെയ്‌തു ജയിലിലടച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും, കാരിരുമ്പഴികള്‍ക്കും തകര്‍ക്കുവാനോ, തളര്‍ത്തുവാനോ കഴിയുന്നതായിരുന്നില്ല അഴീക്കോടന്റെ വ്യക്തിത്വവും മനസ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും.

രാജ്യത്തിന്റേയും, ജനങ്ങളുടേയും മോചന പോരാട്ടത്തിന്‌ വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു സ. അഴീക്കോടന്റെ ജീവിതം. സമരരംഗത്ത്‌ ഓടിയെത്താന്‍, തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളും, കൂട്ടുകെട്ടുകളും തീരുമാനിക്കുവാന്‍, കേസും, കോടതിയുമായി കെട്ടിമറിയാന്‍, ദേശാഭിമാനി പ്രസും പത്രവും നടത്താന്‍, മറ്റു പാര്‍ടികളുമായി കൂടിയാലോചിക്കാന്‍, പാര്‍ടിക്ക്‌ ഫണ്ടുണ്ടാക്കാന്‍, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാര്‍ടി സമ്മേളനങ്ങള്‍ക്ക്‌ റിപ്പോര്‍ട്ടി തയ്യാറാക്കല്‍, കുടുംബകലഹങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി സകലവിധ പ്രശ്‌നങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അഴീക്കോടനുണ്ടായിരുന്ന പാടവം വിവരണാതീതമാണ്‌.

പാര്‍ടിപത്രത്തിന്റെ വളര്‍ച്ചക്കും, പ്രചാരണത്തിനും അഴീക്കോടന്‍ നല്‍കിയ സേവനം വിലമതിക്കാനാകാത്തതാണ്‌. 1963 ആഗസ്റ്റ്‌ 7 നാണ്‌ അഴീക്കോടനെ ദേശാഭിമാനി പ്രിന്റിംഗ്‌ ആന്‍ഡ്‌ പബ്ലിഷിംഗ്‌ കമ്മിറ്റിയുടെ ഭരണസമിതി ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്‌. അന്നു മുതല്‍ അന്ത്യം വരെ ആ സ്ഥാനത്ത്‌ തുടര്‍ന്നത്‌ അഴീക്കോടന്‍ തന്നെ.

1967 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ രൂപം കൊണ്ട മുന്നണി, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, മുന്നണി തളര്‍ന്നതില്‍ പിന്നീട്‌ വഞ്ചകമുന്നണിക്കെതിരായി സംഘടിപ്പിക്കേണ്ടിവന്ന സമരം എന്നിവയിലെല്ലാം സഖാവ്‌ മുന്‍പന്തിയില്‍ നിന്നു. അന്ന്‌ മുന്നണിക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചത്‌ സഖാവായിരുന്നു. ഇടത്‌-വലത്‌ വ്യതിയാനങ്ങള്‍ക്കെതിരായി മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌ മുന്നോട്ടുപോയി. തൃശൂരില്‍ വച്ച്‌ ഇടത്‌ തീവ്രവാദികളുടെ കൊലക്കത്തിക്ക്‌ ഇരയായി, സഖാവ്‌ 1972 സെപ്‌തംബര്‍ 23 ന്‌ രക്തസാക്ഷിയായി.