ലേഖനങ്ങള്‍

 

ആര്‍എസ്എസിന്റെ പരിഭ്രാന്തിക്കു പിന്നില്‍

എം വി ഗോവിന്ദന്‍

കേരളം അഭൂതപൂര്‍വമായ ഒരു പ്രചാരണപരിപാടിക്കാണ് പോയവാരം വേദിയായത്. ചട്ടമ്പിസ്വാമികളുടെ ജന്മദിനംമുതല്‍ അയ്യന്‍കാളിയുടെ ജന്മദിനംവരെ അഞ്ചുനാള്‍. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ അതേ ആപ്തവാക്യം മുന്നോട്ടുവച്ച് ഇടത് മതേതര ശക്തികള്‍ നേതൃത്വംനല്‍കിയ  പ്രചാരണം സമൂഹത്തിന് പുതിയൊരു ഉണര്‍വ് പകര്‍ന്നു. 2000 കേന്ദ്രങ്ങളില്‍ നടന്ന സദസ്സുകളില്‍ ജനലക്ഷങ്ങള്‍ പങ്കാളികളായി. പലയിടങ്ങളിലും സാംസ്കാരിക ഘോഷയാത്രകളും സംവാദങ്ങളും പ്രഭാഷണങ്ങളും  കലാപരിപാടികളും നടന്നു. സമകാലിക കേരളം ആവശ്യപ്പെടുന്ന ഈ പരിപാടി പക്ഷേ ചിലരെ വിറളി പിടിപ്പിച്ചു. പ്രധാനമായും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികളാണ് വിറളിപൂണ്ട് പ്രതികരണങ്ങളുമായി രംഗത്തുവന്നത്.  കേരളത്തില്‍ നടന്ന ഈ സാംസ്കാരിക കൂട്ടായ്മ ഉല്‍പ്പാദിപ്പിച്ച ആശയം മതനിരപേക്ഷശക്തികള്‍ക്ക് അനുകൂലവും വര്‍ഗീയശക്തികള്‍ക്ക് താക്കീതുമായി മാറി. വിശ്വാസവും പാരമ്പര്യകലകളും സംഘവല്‍ക്കരിക്കാനുള്ള ശ്രമത്തിനേറ്റ ഏറ്റവും വലിയ അടിയായി ഈ പരിപാടി മാറി. ഇതിനെതിരെ ഭക്തരെ അണിനിരത്താനാകുമോ എന്ന പരീക്ഷണമാണ് തിടമ്പുനൃത്ത വിവാദത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ പുതുക്കിപ്പണിതവരെയാണ് നാട് നന്ദിപൂര്‍വം നവോത്ഥാന നായകര്‍ എന്ന് സ്മരിക്കുന്നത്. ശ്രീനാരായണഗുരു മുതല്‍ വാഗ്ഭടാനന്ദന്‍ വരെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ ഉല്‍പതിഷ്ണുക്കളുടെ ആത്മസമര്‍പ്പണത്തിന്റെ സദ്ഫലമാണ് കേരളം ഇന്ന് എത്തിനില്‍ക്കുന്ന സാമൂഹിക പുരോഗതിയും  സാഹോദര്യവും. വിശപ്പുമാറ്റാന്‍ ചത്തപശുവിന്റെ തൊലി ഉരിയാനും തലയില്‍ മലംചുമക്കാനും പാവങ്ങള്‍ നിര്‍ബന്ധിതരാകാത്ത നാടാണിന്ന് കേരളം. നമ്മുടെ നാടും ഒരുകാലത്ത് അങ്ങനെയൊക്കെയായിരുന്നു. നിലത്തെ കുഴിയില്‍ താളിയിലയില്‍ കഞ്ഞികുടിച്ച പണിയാളനും തമ്പ്രാനുമുന്നില്‍ മാറുമറയ്ക്കാതെനിന്ന പെണ്‍കുട്ടികളും മലയാളനാടിന്റെ ദുരന്തക്കാഴ്ചയായിരുന്നു. പാടത്ത് വിളയിച്ച പൊന്‍കതിരുകളില്‍നിന്ന് അരപ്പറ നെല്ല് ചോദിച്ചതിന് എത്രയോ ചെറുമരെ ചെളിയില്‍ചവുട്ടി താഴ്ത്തിയിരിക്കുന്നു തമ്പ്രാക്കള്‍. മതവും ജാതിയും തീര്‍ത്ത മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ കേരളത്തെ ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണതകളിലേക്ക് തിരിച്ചിറക്കാനുള്ള പരിശ്രമങ്ങള്‍ പുതിയതല്ല. സംഘപരിവാര്‍ ശക്തികള്‍ക്ക് കേന്ദ്രത്തില്‍ ലഭിച്ച അധികാരം ഈ ശ്രമത്തിന് ശക്തി പകര്‍ന്നു.

അന്യമതവിദ്വേഷം ആളിക്കത്തിച്ചാണ് ഭൂരിപക്ഷവര്‍ഗീയതയുടെ വിളവെടുപ്പിന് ആര്‍എസ്എസും ബിജെപിയും മോഡി ഗവണ്‍മെന്റും ശ്രമിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുനേരെ ആര്‍എസ്എസ് ആസൂത്രണംചെയ്യുന്ന കടന്നാക്രമണങ്ങളില്‍ എപ്പോഴും ഉപകരണങ്ങളാക്കപ്പെടുന്നത് പിന്നോക്ക ദളിത് ജനവിഭാഗമാണ്. ഇവരെ കലാപത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി നേട്ടം കൊയ്യുന്ന സവര്‍ണ സംഘപരിവാര്‍ നേതൃത്വം ഒരേസമയം അവരെ ആയുധവും ഇരയുമാക്കുകയാണ്. ദളിത്–പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുനേരെ ഇത്തരത്തില്‍ നടക്കുന്ന ദ്വിമുഖ ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചു. ഗുജറാത്തിലും യുപിയിലും ബിഹാറിലും കര്‍ണാടകത്തിലുമെല്ലാം ഹിന്ദുത്വശക്തികളുടെ ദളിത്വേട്ട ശക്തമാണ്.

വര്‍ഗീയ ചേരിതിരിവും ജാതിവിവേചനവും വേരറ്റുപോയ കേരളമണ്ണ് ഹിന്ദുത്വശക്തികള്‍ക്ക് അപ്രാപ്യമായി മാറുന്നത് സ്വാഭാവികം. ഈ പ്രതിസന്ധി മറികടക്കാന്‍ ചാതുര്‍വര്‍ണ്യത്തിലെ സവര്‍ണബിംബങ്ങളെ പുനരുത്ഥാനംചെയ്യുക  എന്നതാണ് ആര്‍എസ്എസ് കണ്ടുവച്ച പോംവഴി. സാധാരണ ജനങ്ങളുടെ മനസ്സിലുറച്ച ഭക്തിയും വിശ്വാസവും സംഘരാഷ്ട്രീയത്തിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നുവരുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമൊക്കെ തെരുവില്‍ ആഘോഷിക്കപ്പെടുന്നതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി നേതാക്കള്‍ നേരിട്ട് കക്ഷിചേരുന്നതിനു പിന്നിലും ഇതേ ഉന്നംതന്നെ.

അവര്‍ണര്‍ക്ക് ക്ഷേത്രത്തിന്റെ സമീപനിരത്തുകളില്‍പോലും പ്രവേശനമില്ലാത്ത കാലം പിന്നിട്ട് കേരളം ഒരുപാട് മുന്നോട്ടുപോയെങ്കിലും പഴയ ഫ്യൂഡല്‍ ചിന്തകളില്‍ ജനങ്ങളെ തളച്ചിടാനുള്ള പാഴ്ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളെ വ്രണപ്പെടുത്തിയെന്നു വരുത്തിത്തീര്‍ത്ത് കമ്യൂണിസ്റ്റുകാരെയും മറ്റു പുരോഗമനശക്തികളെയും വിശ്വാസികളില്‍ നിന്ന് അകറ്റാമെന്ന മൌഢ്യമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ക്ഷേത്രകലകള്‍ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിനെതിരെ ബിജെപി ഇപ്പോള്‍ തുടങ്ങിവച്ച വിവാദത്തിനുപിന്നിലും ഈ ലക്ഷ്യംതന്നെ. തളിപ്പറമ്പിലെ ബക്കളത്ത് 'നമ്മളൊന്ന്' പരിപാടിയുടെ ഭാഗമായി നടന്ന തിടമ്പുനൃത്തത്തിന്റെ അവതരണമാണ് ബിജെപിയെ 'പ്രകോപിപ്പിച്ചിരിക്കുന്നത്്'. നല്ല കലാംശമുള്ള തിടമ്പുനൃത്തം ആദ്യമായാണ് പൊതുവേദിയില്‍ അവതരിപ്പിക്കുന്നത് എന്ന മട്ടിലാണ് ബിജെപിയും കൂട്ടാളികളും പ്രചരിപ്പിക്കുന്നത്.

ഇത് വസ്തുതയല്ല. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ ഡിവൈഎഫ്ഐ നടത്തിയ ഘോഷയാത്രകളിലും മറ്റ് സാംസ്കാരികവേദികളിലും അവതരിപ്പിക്കപ്പെട്ട സ്ഥിരം ഇനത്തില്‍ തിടമ്പുനൃത്തവും തെയ്യവും തിറയും ചെണ്ടമേളവുമെല്ലാം ഉള്‍പ്പെട്ടിരുന്നു.  എല്ലാ ക്ഷേത്രകലകളിലും മറ്റ് മതസ്ഥരുടെ ആചാരപരമായ കലകളിലും ഉള്‍ച്ചേര്‍ന്ന കലാമൂല്യങ്ങളെ ചേര്‍ത്തുകൊണ്ടുള്ള സാംസ്കാരികപരിപാടികള്‍ പൊതുവേദികളില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. യുവജനോത്സവങ്ങളില്‍ ഇവയില്‍ പലതും മത്സര ഇനവുമാണ്്. തെയ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രകലകള്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ചത് അന്താരാഷ്ട്രരംഗത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. ലോക കായിക കലാ മത്സരവേദികളില്‍ തങ്ങളുടെ തനതുകലകള്‍ അവതരിപ്പിക്കുക എന്നത് എല്ലാ രാഷ്ട്രങ്ങളും അഭിമാനപൂര്‍വം ചെയ്തുവരുന്നതുമാണ്.

ഇത്തരം തനത് പരമ്പരാഗത കലാവതരണങ്ങളെ എതിര്‍ക്കുന്ന ബിജെപി തന്നെയാണ് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഭക്തരുടെ ആരാധനാമൂര്‍ത്തികളുടെ വേഷംകെട്ടി തെരുവിലിറങ്ങുന്നത്. ഗണേശപ്രതിമകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയിലെമ്പാടും ഭക്തി കച്ചവടം ചെയ്യുകയാണ്. മതവിശ്വാസത്തെ രാഷ്ട്രീയ ഉപകരണമാക്കാനുള്ള ബിജെപി തന്ത്രത്തെ ജനം തിരിച്ചറിഞ്ഞെന്നാണ് അവരുടെ ജന്മാഷ്ടമി ആഘോഷത്തിലെ ശോഷിച്ച പങ്കാളിത്തം വ്യക്തമാക്കുന്നത്. ഈ തിരിച്ചറിവിലേക്ക് ജനങ്ങളെ നയിച്ചതാകട്ടെ, സംഘപരിവാര്‍ അജന്‍ഡ തുറന്നുകാട്ടി പുരോഗമനപ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി നടത്തിയ പ്രചാരണങ്ങളും. പരമ്പരാഗത കലാമൂല്യങ്ങളെ പിന്‍പറ്റുന്നത് സംഘപരിവാര്‍ വിമര്‍ശനംകൊണ്ട് ഉപേക്ഷിക്കപ്പെടേണ്ടതല്ല. ഏറ്റവും ബൃഹത്തായ വര്‍ഗീയവിരുദ്ധ മതനിരപേക്ഷ ഉള്ളടക്കം ഒരു ജനകീയവിദ്യാഭ്യാസം എന്ന നിലയില്‍ നടത്തപ്പെട്ട പരിപാടിയാണ് കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ നടന്നത്. തരംപോലെ വര്‍ഗീയതയുമായി സന്ധിചെയ്യുകയും മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനും ഈ ജനകീയ പരിപാടിയുടെ സ്വീകാര്യതയും പങ്കാളിത്തവും പാഠമാകേണ്ടതാണ്