വിപ്ലവ ക്യൂബ: മാറ്റവും തുടർച്ചയും

എം എ ബേബി

14-05-2021

കോവിഡ് മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുന്ന ലോകവും ഉറച്ചുനിന്ന് ചെറുക്കുന്ന ക്യൂബയും ലോകത്തിന്റെ ശ്രദ്ധയിൽ വരികയുണ്ടായി. ഇപ്പോൾ അവിടെ കമ്യൂണിസ്റ്റ് പാർടിയുടെ സുപ്രധാന സമ്മേളനം സമാപിച്ചതിനെത്തുടർന്ന് "കാസ്ട്രോ യുഗ'ത്തിന്റെ "അന്ത്യ'ത്തെപ്പറ്റിയുള്ള പലതരം ആഖ്യാനങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്. 1953 മുതൽ 59 വരെ നീണ്ടുനിന്ന ധീരസാഹസികമായ വിമോചനപ്പോരാട്ടത്തെ നയിച്ചവരുടെ തലമുറയ്ക്കുശേഷം പിറന്ന യുവക്യൂബൻ കമ്യൂണിസ്റ്റുകാർ രാഷ്ട്രനേതൃത്വത്തിലേക്കു വരുന്നത് ഒരു ചരിത്രമാറ്റമാണെന്നതിൽ സംശയമില്ല. എന്നാൽ, അത് വ്യക്തമായും തുടർച്ച ഉറപ്പുനൽകുന്ന മാറ്റമാണെന്നത് വളരെ പ്രധാനമാണ്.

""വിപ്ലവത്തിനുള്ളിലെ ഏറ്റവും വിപ്ലവകരമായ കാര്യം പാർടിയെ കാത്തുസൂക്ഷിക്കുക എന്നതാണ്; വിപ്ലവത്തെ കാത്തുസൂക്ഷിക്കുന്നതാണ് പാർടിയുടെ ഏറ്റവും വലിയ കടമ എന്നതുപോലെതന്നെ''- ക്യൂബൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഒന്നാം സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് മിഗുവേൽ ഡയിസ് കെനൽ പറഞ്ഞു. പാർടി കോൺഗ്രസിനെപ്പറ്റിയുള്ള ട്വീറ്റിൽ സഖാവ് കൂട്ടിച്ചേർത്തു-""ആശയങ്ങൾ ഉറപ്പിക്കുക, ചരിത്രത്തെ തിരിച്ചറിയുക, ഭാവി ചർച്ച ചെയ്യുക ഇവയാണ് പാർടി കോൺഗ്രസിന്റെ ജോലി''. അവയെല്ലാം വിജയകരമായി നിർവഹിച്ചുകൊണ്ടാണ് ഏപ്രിൽ 16 മുതൽ 19 വരെ നടന്ന പാർടി കോൺഗ്രസ്‌ സമാപിച്ചത്.

2019ൽ നിലവിൽ വന്ന പുതുക്കിയ ഭരണഘടന ക്യൂബയിൽ ഒട്ടേറെ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരികയുണ്ടായി. വിപ്ലവാനന്തര ക്യൂബയിലെ പ്രത്യേക സാഹചര്യത്തിൽ ഫിദൽ കാസ്ട്രോ പാർടി നേതൃത്വവും ഭരണനേതൃത്വവും രാഷ്ട്രത്തലവൻ എന്ന പദവിയും സർവ സൈന്യാധിപസ്ഥാനവും വഹിച്ചിരുന്നു. ഒന്നരപ്പതിറ്റാണ്ടു മുമ്പുതന്നെ ഇതിൽ മാറ്റം വരുത്താനും സ്വയം നേതൃസ്ഥാനം ഒഴിയാനുമുള്ള ചർച്ചകൾക്ക് ഫിദൽതന്നെ നേതൃത്വം നൽകി. വിമോചനപ്പോരാട്ടത്തിൽ സഹപോരാളിയായിരുന്ന റൗൾകാസ്ട്രോ ക്യൂബൻ പാർടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനെത്തുടർന്ന് ഫിദൽ ഉൾപ്പെടെയുള്ള പാർടി നേതൃത്വത്തിന്റെ പൊതു കാഴ്ചപ്പാട്‌ അനുസരിച്ച് പുതുതലമുറയെ വ്യത്യസ്ത ചുമതലകളിലേക്ക് വേണ്ടപോലെ പരിശീലിപ്പിച്ച് ബോധപൂർവം നിയോഗിക്കാൻ തുടങ്ങി. അക്കൂട്ടത്തിൽപ്പെട്ട ഒരു സഖാവാണ് ഡയിസ് കെനൽ.

ഇലക്ട്രോണിക്സ് എൻജിനിയറിങ്‌ പഠനം പൂർത്തിയാക്കിയ സഖാവ് സായുധസേനയിൽ സേവനം അനുഷ്ഠിക്കുകയും നിക്കരാഗ്വയിൽ അന്തർദേശീയ ചുമതലകൾ നിർവഹിക്കുകയും ചെയ്തു. യുവകമ്യൂണിസ്റ്റ് ലീഗിന്റെ ഒന്നാം സെക്രട്ടറിയായും പ്രവർത്തിച്ചു. എൽജിബിടി (ട്രാൻസ്ജെൻഡർ) വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സഖാവ് നടത്തിയ ശക്തമായ പ്രവർത്തനങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഫിദൽ പാർടി നേതൃത്വത്തിൽ സജീവമായിരിക്കുമ്പോൾ, 1994ൽ, വില്ല ക്ലാര പ്രവിശ്യയിലെ പാർടി സെക്രട്ടറിയായി കെനൽ തെരഞ്ഞെടുക്കപ്പെട്ടു. 2003ൽ പാർടി പൊളിറ്റ് ബ്യൂറോയിലും അംഗമായി. 2009ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്തം. 2013ൽ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റ്.

2018 ഏപ്രിലിൽ റൗൾ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് പദവി ഒഴിയുകയും ആ ചുമതല കെനാലിന് കൈമാറുകയും ചെയ്തു. അന്നുതന്നെ ഒരു കാര്യം റൗൾ വ്യക്തമാക്കുകയുണ്ടായി. അടുത്ത പാർടി കോൺഗ്രസിൽ പാർടിയുടെ മുഖ്യചുമതലയിൽ താൻ തുടരില്ല. ഇപ്പോൾ പ്രസിഡന്റ് സ്ഥാനവും പാർടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനവും സ. ഡയിസ് കെനലിന് കൈമാറിക്കൊണ്ട് പാർടിയുടെയും ഭരണത്തിന്റെയും മുഖ്യ ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയുടെ പക്കൽ ക്യൂബൻ പാർടി ഏൽപ്പിച്ചിരിക്കുകയാണ്.

ഫിദലിനുശേഷം ആരാണ് ക്യൂബയെ നയിക്കുക എന്ന ചോദ്യത്തിന് ക്യൂബയിലെ കമ്യൂണിസ്റ്റുകാർ അനായാസം ഉത്തരം നൽകിയെന്നതാണ് ഈ പാർടി കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രാധാന്യം. അതുമാത്രമല്ല, മാറുന്ന ലോകത്തിന്റെ സവിശേഷതകളും സങ്കീർണതകളും കണക്കിലെടുത്തുകൊണ്ട് പുതിയ വെല്ലുവിളികളെ നേരിടാനും സാഹചര്യങ്ങൾക്കൊത്തവിധം അവയ്ക്ക് പരിഹാരം കാണാനുമുള്ള നിശ്ചയദാർഢ്യമാണ് തങ്ങൾക്കുള്ളതെന്ന് ക്യൂബയിലെ കമ്യൂണിസ്റ്റുകാർ തെളിയിച്ചിരിക്കുന്നു.

കോവിഡ്-19 ന്റെ ആഘാതം വിവിധ രാജ്യങ്ങളെയും സമ്പദ്ഘടനകളെയും മാരകമായി പ്രഹരിക്കുന്നത് ക്യൂബയ്ക്കും ബാധകമാണ്. അതിനുപുറമേ ക്യൂബ മറ്റൊരു രാജ്യത്തിനുമില്ലാത്ത ഒരു കൂറ്റൻ പ്രശ്നംകൂടി അഭിമുഖീകരിക്കുന്നുണ്ട്. അമേരിക്കയും കൂട്ടാളികളും ചേർന്ന് ആറുപതിറ്റാണ്ടായി തുടരുന്ന സാമ്പത്തിക ഉപരോധത്തിന്റെ അതികഠിനമായ ആഘാതമാണത്. 1992മുതൽ തുടർച്ചയായി എല്ലാവർഷവും ഐക്യരാഷ്ട്ര പൊതുസഭ, ക്യൂബയുടെമേലുള്ള അമേരിക്കൻ ഉപരോധത്തിനെതിരെ മഹാഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി വരുന്നു. രണ്ടോ മൂന്നോ രാജ്യംമാത്രം എതിർക്കുമ്പോൾ (അവ യുഎസ്എയും ഇസ്രയേലും മറ്റുമാണ്) 191ഉം 187ഉം രാജ്യം ക്യൂബയ്ക്കൊപ്പം നിലകൊള്ളുന്നു. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ചില അയവുകൾ വരുത്തിയെങ്കിലും ഡോണൾഡ് ട്രംപ്‌ ഉപരോധം കഠിനമാക്കുകയാണ് ചെയ്തത്. ജോ ബൈഡൻ അത് തിരുത്തുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരുലക്ഷത്തിനാലായിരം കോടി രൂപയാണ് (104 എഴുതി പതിനൊന്നു പൂജ്യം ചേർക്കുമ്പോൾ കിട്ടുന്ന സഖ്യ എന്നും പറയാം. അപ്പോഴാണ് അതിന്റെ ആഘാതം എത്ര ഭീമമാണെന്നറിയുക) ക്യൂബൻ സമ്പദ്ഘടനയ്ക്ക് ഇതുമൂലമുള്ള നഷ്ടം എന്ന് 2018ൽ കണക്കാക്കുകയുണ്ടായി.

തികച്ചും അസാധാരണമായ ഇത്തരമൊരവസ്ഥ നേരിടാൻ സോഷ്യലിസ്റ്റ് സാമ്പത്തിക വികസന സമീപനത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ചില മേഖലകളിൽ ചെറുസംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും വിദേശസ്വകാര്യനിക്ഷേപം അനുവദിക്കുകയും ചെയ്യുന്നതുപോലുള്ള കുറെ മാറ്റം ക്യൂബ പരീക്ഷിക്കുന്നു. ആസൂത്രിത സമ്പദ്‌വ്യവസ്ഥ മുഖ്യപങ്കുവഹിക്കുന്നതിനൊപ്പമാണ് ഇത്തരം പരീക്ഷണാത്മകമായ അന്വേഷണങ്ങൾ. റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ നടന്ന പുത്തൻ സാമ്പത്തികനയവും (എൻഇപി) ചൈനയിലെ പരീക്ഷണങ്ങളും ഈ രംഗത്തെ മുൻകാല അനുഭവങ്ങളായി ക്യൂബയുടെ മുന്നിലുണ്ട്. എന്നാൽ, അവയുടെ കാർബൺ പതിപ്പല്ല ക്യൂബയിൽ പരീക്ഷിക്കുന്നത്. സാമ്രാജ്യത്വ വളഞ്ഞിടലും ധനമൂലധനാധിപത്യവും സൃഷ്ടിക്കുന്ന മാർഗതടസ്സങ്ങളും മറികടക്കാനുള്ള പരിശ്രമങ്ങൾ എന്ന നിലയിൽ വേണം ഇവ കാണാൻ. സ്വന്തം രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ക്യൂബ നടത്തുന്ന പ്രായോഗിക ഇടപെടലുകളെ ലോകം താൽപ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്.

ഏതാണ്ട് മൂന്നുപതിറ്റാണ്ടുമുമ്പ് സ. സുർജിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തോട് സംസാരിക്കവേ സ. ഫിദൽ സൂചിപ്പിച്ച ഒരു കാര്യം ഓർമ വരുന്നു. ഫിദൽ പറഞ്ഞു: ""സോവിയറ്റ് യൂണിയനുമായുള്ള സാമ്പത്തിക–-രാഷ്ട്രീയ സഹകരണങ്ങൾ പരസ്പരം പ്രയോജനപ്പെട്ടിട്ടുണ്ട്. അവ വിശേഷിച്ച് ക്യൂബയ്‌ക്ക് വളരെ സഹായകരവുമായിരുന്നു. എന്നാൽ, യുഎസ്എസ്ആറിന്റെ ചില മാതൃകകളും ഉപദേശങ്ങളും ഞങ്ങൾ മാറ്റം വരുത്തി മാത്രമേ നടപ്പാക്കിയുള്ളൂ. ചിലത് ക്യൂബൻ സാഹചര്യത്തിൽ അനുയോജ്യമാകില്ല എന്നു മനസ്സിലാക്കി വേണ്ടെന്നു വച്ചിട്ടുമുണ്ട്.'' ഇക്കാര്യത്തിൽ കണ്ട ക്യൂബയുടെ ആന്തരിക ധീരത അത്യന്തം ശ്രദ്ധേയമാണ്; അത് വലിയ പ്രതീക്ഷ പകരുന്നു. കൂട്ടായ നേതൃത്വം വളർത്തിയെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇപ്പോൾ പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാർടിയുടെ ഒന്നാം സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന ഒരു സഖാവ് ഉണ്ടായിരിക്കെത്തന്നെ (സ. മിഗുവൽ ഡയിസ് കെനൽ) പ്രധാനമന്ത്രി എന്ന പുനഃസ്ഥാപിക്കപ്പെട്ട ചുമതലയിൽ സ. മാനുവൽ മറേറോയും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന സഖാവിന് പുതിയ ഭരണഘടനപ്രകാരം അഞ്ചാണ്ട്‌ കാലാവധിയുള്ള രണ്ടു തവണ മാത്രമേ ഭരണ നേതൃത്വത്തിൽ തുടരാനാകുകയുള്ളൂ. ജനകീയ അധികാരത്തിന്റെ ദേശീയ അസംബ്ലി അധ്യക്ഷനായുള്ള എസ്റ്റിബാൻ ലാമ്പോ ഹെർണാണ്ടസും ദേശീയ നേതൃത്വത്തിന്റെ ഭാഗമായുള്ള മറ്റൊരു പ്രധാന ചുമതലക്കാരാണ്. ഇത്തരത്തിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്, മന്ത്രിസഭ, ദേശീയ അസംബ്ലിയുടെ നേതൃത്വം എന്നിങ്ങനെ രാഷ്ട്രത്തിന്റെ ചുമതല വിഭജിതമായ ഒരു കൂട്ടുനേതൃത്വം രൂപമെടുക്കുന്ന പ്രക്രിയക്ക് കമ്യൂണിസ്റ്റ് പാർടിയുടെ പരമോന്നത വേദിയായ പാർടി കോൺഗ്രസ് അന്തിമമായി അംഗീകാരം നൽകിയിരിക്കുകയാണ്. ഇതോടൊപ്പം പ്രായം സംബന്ധിച്ചും ഒരു പ്രധാന തീരുമാനം നിലവിൽ വന്നു. പാർടി കേന്ദ്രകമ്മിറ്റി അംഗത്വത്തിന് 60 വയസ്സും പിബി അംഗത്വത്തിന് 70 വയസ്സും എന്ന പൊതുമാനദണ്ഡം.

രണ്ട് വർഷംമുമ്പ് ക്യൂബയിൽ ഹിതപരിശോധനയിലൂടെ അംഗീകരിക്കപ്പെട്ട ഭരണഘടനാ ഭേദഗതികൾ രാഷ്ട്രീയഘടനയിലും സമ്പദ്ഘടനയിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉൾക്കൊള്ളിക്കുകയുണ്ടായി. പരമാധികാരവും സമത്വപൂർണമായ സോഷ്യലിസ്റ്റ് സമൂഹസൃഷ്ടിയും അതിനു നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടിയുടെ പങ്കും ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ. 1976ലെ ഭരണഘടനയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയത് അസാധാരണമായ ജനകീയ ചർച്ചകളും അഭിപ്രായ ക്രോഡീകരണങ്ങൾക്കും ശേഷമായിരുന്നു. അതിനെത്തുടർന്ന് ആദ്യം മുന്നോട്ടുവച്ച ചില നിർദേശങ്ങൾ പുനഃപരിശോധിക്കുകയുമുണ്ടായി. ഉദാഹരണത്തിന് എൽജിബിടി അവകാശങ്ങൾ ഉറപ്പാക്കുന്നതിന് പുറമേ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒരു ആശയം-വിവാഹം സ്ത്രീപുരുഷന്മാർ തമ്മിൽ എന്നാണോ, അതോ രണ്ടുപേർ തമ്മിൽ എന്നാണോ പരാമർശിക്കേണ്ടത് എന്നായിരുന്നു. രാജ്യവ്യാപകമായ ചർച്ചയെത്തുടർന്ന് അഭിപ്രായ സമന്വയത്തിന് കുറേക്കൂടി സമയം ആവശ്യമാണെന്ന് വ്യക്തമായി. അതുകൊണ്ട് ഈ വിഷയം പിന്നീട് പരിശോധിച്ച് തീരുമാനിക്കാവുന്നതാണെന്ന നിലയിൽ തൽക്കാലം മാറ്റിവയ്ക്കുകയാണ് ചെയ്തത്.

1959ൽ ഫിദൽ കാസ്ട്രോ, ചെഗുവേര, റൗൾ കാസ്ട്രോ, അബേൽ സാന്റ മരിയ, കാമിലോ സിയൻ ഫ്യൂഗസ്, വിൽമ എസ്പിൻ തുടങ്ങിയവർ ചേർന്ന് ക്യൂബൻ വിമോചനം സാക്ഷാൽക്കരിക്കാൻ പൊരുതി വിജയശ്രീ ലാളിതരാകുമ്പോൾ ജനിച്ചിട്ടില്ലാത്ത മിഗുവേൽ ഡയിസ് കെനൽ പുതിയ തലമുറയുടെകൂടി പ്രതിനിധിയായി ഭരണനേതൃത്വവും ഇപ്പോൾ പാർടിയുടെ നേതൃത്വവും ഏറ്റെടുത്തിരിക്കുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പോരാളികളും പുരോഗമനപരമായ സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവരും പ്രതീക്ഷയോടെയാണ് ഈ മാറ്റങ്ങളെ നോക്കിക്കാണുന്നത്. തീവ്രവലതുപക്ഷവൽക്കരണത്തെ ചെറുക്കുന്ന യോദ്ധാക്കൾക്ക് ആവേശം പകരുന്ന മുന്നണി രാഷ്ട്രമാണ് സോഷ്യലിസ്റ്റ് ക്യൂബ. വിയത്‌നാമെന്നപോലെ ക്യൂബയും പകർന്നു നൽകുന്ന മാതൃകയും ആവേശവും വളരെ വലുതാണ്.