രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്ന ചോദ്യങ്ങൾ

പി രാജീവ്

15-04-2021

ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനത്തെ ഭരണം ബിജെപിക്ക് അടിയറ വച്ചാണ് കേരളത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധി എത്തുന്നത്. പുതുച്ചേരിയിൽ കോൺഗ്രസ്, ബിജെപിയായി മാറിയതിനെ തുടർന്നാണ് അധികാരം നഷ്ടപ്പെട്ടത്. പുതുച്ചേരിപോലെ ചെറിയ നിയമസഭയിലെ അംഗങ്ങളെപ്പോലും തങ്ങൾക്കൊപ്പം നിർത്തുന്നതിന്‌ രാഹുൽ ഗാന്ധിക്ക്‌ കഴിഞ്ഞില്ല. അധികാരത്തിനായി ആർത്തിപൂണ്ട കോൺഗ്രസ് സംഘത്തെ എളുപ്പത്തിൽ വിഴുങ്ങാൻ ബിജെപിക്ക് കഴിഞ്ഞു.

അരുണാചലിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചെയ്‌തതുപോലെ തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ട്‌ പരാജയപ്പെടുത്തുന്നതിനായി കേരളത്തിൽ തമ്പടിച്ച കോൺഗ്രസ്‌ കേന്ദ്രനേതൃത്വത്തിന്‌ പുതുച്ചേരിയിൽ കേന്ദ്രീകരിക്കാൻ താൽപ്പര്യമുണ്ടായില്ല. ഇവിടെ ബിജെപി അധികാരം പിടിച്ചെടുത്തതിൽ ഒട്ടുംതന്നെ ഉൽക്കണ്ഠ കോൺഗ്രസിന് ഇല്ലെന്നതാണ്‌ വാസ്‌തവം. മധ്യപ്രദേശിനും കർണാടകത്തിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പിന്നാലെയാണ് ദക്ഷിണേന്ത്യയിൽ അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനവും കോൺഗ്രസിന് നഷ്ടപ്പെട്ടത്. ഇതെല്ലാം കാണിക്കുന്നത്‌ ഏതുസംസ്ഥാനത്തും കോൺഗ്രസിനെ വിജയിപ്പിച്ചാൽ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തുനിൽക്കാതെ തന്നെ ബിജെപി മുഖ്യമന്ത്രിയാകുന്നത്‌ ഉറപ്പിക്കാമെന്നതാണ്‌.

അരുണാചലിലും മണിപ്പുരിലും കണ്ടതുപോലെ ചിലപ്പോൾ അത്‌ കോൺഗ്രസിന്റെതന്നെ നേതാവുമാകാം. അല്ലെങ്കിൽ, മധ്യപ്രദേശിലേതുപോലെ മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ നിരാശനായ പ്രധാന നേതാവിനെത്തന്നെ മന്ത്രിയാക്കിക്കൊണ്ടുമാകാം. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും അവർ പറഞ്ഞാൽ ഉടൻ രാജിവയ്‌ക്കാൻ തയ്യാറായി നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരാണുള്ളതെന്ന് ഗുജറാത്തിലും മറ്റും കാണുകയുണ്ടായി.

ഇപ്പോൾ കേരളത്തിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നത്‌ എളുപ്പത്തിൽ ബിജെപിക്ക്‌ അധികാരം തളികയിൽവച്ചു നൽകുന്നതിനുവേണ്ടി മാത്രമാണ്‌. പുതുച്ചേരി അനുഭവം ബിജെപിക്കൊപ്പം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും പ്രതീക്ഷ നൽകുന്നുണ്ടെന്നതാണ് വാസ്തവം.

കുറച്ചു ദിവസങ്ങളായി കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം കേരളത്തിൽ മാത്രമാണ്‌ കേന്ദ്രീകരിക്കുന്നത്‌. അവരുടെ മേൽനോട്ടത്തിലും നിർദേശങ്ങൾ അനുസരിച്ചുമാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ജാഥ നടത്തുന്നത്‌. ഈ ജാഥയിലൊരിടത്തും അദ്ദേഹമോ മറ്റുനേതാക്കളോ ബിജെപിക്ക്‌ എതിരെ ഒരു വാക്കെങ്കിലും ഉരിയാടാത്തത്‌ എന്തുകൊണ്ടാണെന്ന്‌ മറുപടി പറയേണ്ടത്‌ രാഹുൽ ഗാന്ധിതന്നെയാണ്‌. കേന്ദ്ര അധികാരം ഉപയോഗിച്ചുകൊണ്ട്‌ സംസ്ഥാനഭരണം അട്ടിമറിക്കുന്നത്‌, അതിനു വഴങ്ങുന്ന കോൺഗ്രസ്‌ എംഎൽഎമാരുള്ളതുകൊണ്ടാണെങ്കിലും ആ പ്രവണതയെ പേരിനെങ്കിലും എതിർക്കാൻ ഇക്കൂട്ടർ തയ്യാറാകുന്നില്ല.

മതത്തെ രാഷ്‌ട്രീയാധികാരത്തിനായി ഉപയോഗിക്കുന്ന അപകടകരമായ രീതി രാജ്യത്തെ എവിടെവരെ എത്തിക്കാമെന്ന് ബിജെപി രാജ്യത്ത് കാണിച്ചുതരുന്നുണ്ട്. എന്നാൽ, കേരളത്തിൽ മതവിശ്വാസത്തെ സങ്കുചിത രാഷ്ട്രീയ അധികാരത്തിനായി ബിജെപിയേക്കാളും തീവ്രതയിൽ ഉപയോഗിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതാണ് ജാഥയുടെ തുടക്കത്തിൽത്തന്നെ കണ്ടത്. ഹിന്ദുത്വചിഹ്നങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതിതന്നെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പിന്തുടരുന്നത്. ഭൂരിപക്ഷത്തിന്റെ ആരാധനാലയ നിർമാണം ഭരണകൂട ഉത്തരവാദിത്തമാക്കിയ ബിജെപി നടപടിയെ എതിർക്കാൻ കൂട്ടാക്കാത്ത ഇവർ പ്രത്യക്ഷത്തിൽ അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. ബാബ്‌റി മസ്ജിദ് തകർത്ത സ്ഥലത്ത് പണിയുന്ന ക്ഷേത്രത്തിന് വെള്ളി ഇഷ്ടികയും ലക്ഷക്കണക്കിന് രൂപയും നൽകുന്ന കേന്ദ്ര നേതാക്കൾ തുടങ്ങി കേരള എംഎൽഎമാർവരെയുള്ളവരുടെ പാർടിയുടെ അഖിലേന്ത്യാ നേതാവാണ് രാഹുൽ ഗാന്ധി. ബിജെപിക്കെതിരെ നിശ്ശബ്ദമായ ഒരു ജാഥവഴി നാളെ ബിജെപിയാകാൻ തയ്യാറായി നിൽക്കുന്ന കോൺഗ്രസിനെയാണ് ഇക്കൂട്ടർ രൂപപ്പെടുത്തുന്നത്. ബിജെപിയെ എതിർക്കുന്നതിന്‌ ചെന്നിത്തലയും സംഘവും തയ്യാറാകാത്തത്‌ നാളെ തങ്ങളും ചെല്ലേണ്ട പാർടിയാണ്‌ അതെന്നു കരുതിയിട്ടാകാമെന്ന്‌ ആരെങ്കിലും കരുതിയാൽ തെറ്റുപറയാനാകില്ല.

കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ വർഗീയവൽക്കരണ നയങ്ങളെയും നടപടികളെയും തുറന്നുകാണിക്കാൻ ജാഥയിലൊരിടത്തും ചെന്നിത്തല ശ്രമിച്ചില്ല. എന്നു മാത്രമല്ല, നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, കാർഷിക നിയമങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അതിശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മോഡിക്ക് പരോക്ഷ പിന്തുണയും നൽകി. നിലപാടിലും പ്രയോഗത്തിലും ബിജെപിയുടെ ബി ടീമായി മാറിയ കോൺഗ്രസിനെ കേരളത്തിൽ അധികാരത്തിലേറ്റണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിക്കുന്നത് അധികം വൈകാതെ ബിജെപിക്ക് അധികാരം ഉറപ്പിക്കുന്നതിനു മാത്രമാണ്.

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായ വിയോജിപ്പ് രാജ്യവ്യാപകമായി ഉയർന്നപ്പേൾ അതിനൊപ്പം നിൽക്കാൻ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൽ ചിലരെങ്കിലും തയ്യാറായിരുന്നു. എന്നാൽ, ചെന്നിത്തലയുടെ ജാഥയിൽ ഏറെ ഗൗരവതരമായ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കാൻപോലും തയ്യാറായില്ല.

ഇന്നു രാജ്യത്ത് നടക്കുന്ന ഏറ്റവും ശക്തമായ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഡൽഹിയിലെ സമരരംഗത്ത് നേരിട്ടിറങ്ങാത്ത രാഹുൽ ഗാന്ധി കേരളത്തിൽ പ്രതീകാത്മക സമരത്തിനിറങ്ങുന്നത് പരിഹാസ്യമാണ്. കർഷക നിയമങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളാണ്. കോൺഗ്രസ് ആരംഭിച്ച ഉദാരവൽക്കരണ നയങ്ങൾ കാർഷികമേഖലയിൽ നടപ്പാക്കുകയാണ് ബിജെപി ചെയ്യുന്നത്. കാർഷിക നിയമപരിഷ്കരണമെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവുമായിരുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരാരും ലോക്‌സഭയിൽ വോട്ടെടുപ്പുപോലും ആവശ്യപ്പെടാതിരുന്നത്. മത്സ്യത്തൊഴിലാളികളുമായി ‘സംവദിക്കുന്ന’ രാഹുൽ ഗാന്ധിയുടെ പ്രകടനാത്മകതയും അപഹാസ്യമാണ്. കടലിലെ മത്സ്യസമ്പത്ത് മുഴുവനും വിദേശ ട്രോളറുകൾക്ക് തീറെഴുതിക്കൊടുത്തത് കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുമ്പോഴാണ്. അതിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്ഥായിയായി സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഈ വസ്തുതയെ മറച്ചുവയ്ക്കുന്നതിനും ഈ മേഖലയിൽ ഇടതുപക്ഷം നടപ്പാക്കിയ വികസനകാര്യങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടുന്നതിനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

അതിന് ഊർജം പകരുന്നതിനായി ശ്രമിക്കുന്ന രാഹുൽ ഗാന്ധി ഉദാരവൽക്കരണ നയങ്ങൾ തള്ളിപ്പറഞ്ഞ് മാപ്പു പറയുമോയെന്ന ചോദ്യവും പ്രസക്തമാണ്. സാമ്പത്തിക നയത്തിൽ വ്യത്യാസമില്ലാത്ത പാർടികളായ കോൺഗ്രസും ബിജെപിയും തമ്മിൽ വർഗീയ നിലപാടുകളിൽ ഉണ്ടായിരുന്ന അകലവും നേർത്തു വരുന്നുവെന്നതാണ് യാഥാർഥ്യം. ഈ സാഹചര്യമാണ് രണ്ടിലേതു പാർടിയിലായാലും ഒന്നാണെന്ന ചിന്തയിലേക്ക് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾമുതൽ എംഎൽഎമാർവരെയുള്ളവരെ നയിക്കുന്നത്. ആ ചിന്ത ശക്തിപ്പെടുത്തുന്നതിനുമാത്രം സഹായിച്ച ജാഥയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയിൽനിന്ന്‌ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി കേരളം പ്രതീക്ഷിക്കുന്നുണ്ട്.