കരുത്തേകുന്ന സ്മരണ

കെ ജെ തോമസ്

15-04-2021

ദേശാഭിമാനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് സഖാവ് പി കണ്ണൻനായരുടേത്. പത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പേരുകളിലെ മുൻനിരക്കാരൻ. കൊച്ചി കേന്ദ്രീകരിച്ച് ദേശാഭിമാനിയുടെ നായകസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴാണ് ആകസ്മികമായ അന്ത്യമുണ്ടായത്. ആ വേർപാടിന് 2021 മാർച്ച് ആറിന് 31 വർഷമാകുന്നു. വടക്കേ മലബാറിൽ കൊടക്കാട്ടെ ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസം കഷ്ടിച്ച് പൂർത്തിയാക്കിയശേഷം ബീഡിതെറുപ്പ് തൊഴിലായി സ്വീകരിച്ച കണ്ണൻനായരുടെ പിൽക്കാലജീവിതം നിരന്തരപോരാട്ടത്തിന്റേതും സംഘാടനത്തിന്റേതുമാണ്. സ്വാതന്ത്ര്യസമരകാലത്ത് നാടിനുവേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്യബോധം നൽകാനാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി പ്രവർത്തനം ആരംഭിച്ചത്. 1939ൽ പരസ്യപ്രവർത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാർടിയുടെ പിൽക്കാലവളർച്ചയുടെയും സംഭാവനകളുടെയും ചരിത്രം ദേശാഭിമാനിയുടെ ചരിത്രംകൂടിയാണ്.

ശാസ്ത്ര‐സാങ്കേതികരംഗത്തെയും മാധ്യമമേഖലയിലെയും മാറ്റങ്ങളും വളർച്ചയും ഉൾക്കൊണ്ട് ദേശാഭിമാനി പുതിയ തലത്തിലേക്ക് ഉയരുകയാണ്. സംസ്ഥാനത്ത് പ്രചാരത്തിൽ മൂന്നാമത് ദേശാഭിമാനിയാണ്. പുതിയ വായനക്കാരെ ആർജിക്കുന്നതിൽ മറ്റാരെയും വെല്ലാൻ ദേശാഭിമാനിക്ക് കഴിയുന്നു. മാത്രമല്ല, മറ്റേത് പത്രത്തേക്കാളും കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പത്രവുമാണ്. കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് സമ്പൂർണ ദിനപത്രമായി ഉയർന്ന ദേശാഭിമാനിയുടെ നാൾവഴിയിൽ, ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജീവിതംതന്നെ സമർപ്പിച്ച സഖാവ് കണ്ണൻനായരുടെ സംഭാവന അതുല്യമാണ്. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള സഖാവിന് പത്രരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് വിപ്ലവബോധവും തൊഴിലാളിവർഗ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറുംകൊണ്ടാണ്. 1943ൽ പാർടി അംഗമായി. 1948ലെ മെയ്ദിനത്തിൽ മുനയൻകുന്നിൽ നടന്ന സായുധ പൊലീസിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊലീസ് മർദനംമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1946ൽ കരിവെള്ളൂർ കേസിൽ പ്രതിയായ സഖാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ൽ ഏതാനും മാസം ജയിലിലടച്ചു. പിന്നീട് 1964ൽ 16 മാസം ജയിലിൽ കഴിയേണ്ടിവന്നു.

ദേശാഭിമാനിയുടെ ചുമതലക്കാരൻ എന്ന നിലയിൽ കൊച്ചിയിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയതോടെ, പത്രത്തിന്റെ വളർച്ചയായി സഖാവിന്റെ ഏകലക്ഷ്യം. വൻ പ്രചാരം അവകാശപ്പെടുന്ന പ്രമുഖ മലയാളപത്രങ്ങൾ ആഗോളവൽക്കരണ‐ ഉദാരവൽക്കരണ നയത്തിന്റെ പ്രചാരകരായി മാറിയപ്പോൾ, ഒഴുക്കിനെതിരെ നീന്തിയാണ് ദേശാഭിമാനി വളർന്നത്. വാർത്താവിനിമയരംഗത്തെ സാങ്കേതികശേഷി, രാഷ്ട്രീയ അന്തരീക്ഷം മികവുറ്റതാക്കാനും സാമൂഹ്യപുരോഗതിയെ ഉത്തേജിപ്പിക്കാനും ഉപയോഗിക്കുന്നതിനുപകരം ആശയപരമായ വിധ്വംസകപ്രവർത്തനങ്ങൾക്കാണ് ബൂർഷ്വാ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. കേരളത്തിൽ സിപിഐ എമ്മിനെ ലക്ഷ്യമിട്ട് നടക്കുന്ന ഗീബൽസിയൻ പ്രചാരണങ്ങൾ തുറന്നുകാട്ടാനും മഹാഭൂരിപക്ഷം ജനങ്ങളെയും നേരിന്റെകൂടെ നിർത്താനും ദേശാഭിമാനിക്ക് ഫലപ്രദമായി സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല.

പച്ചയായ സാമൂഹ്യയാഥാർഥ്യങ്ങളെ തമസ്കരിച്ചും തിരസ്കരിച്ചും നിസ്സാരവൽക്കരിച്ചും ജനങ്ങളെ ആലസ്യത്തിലേക്കും അരാഷ്ട്രീയത്തിലേക്കും തള്ളിവിടുന്ന ബൂർഷ്വാ മാധ്യമങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ദേശാഭിമാനി മുന്നേറുന്നത്. അതുകൊണ്ടുതന്നെ ദേശാഭിമാനിക്ക് എതിരാളികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിവരുന്നു. ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. കേരളത്തിന്റെ വികസനവും നേട്ടങ്ങളും നവോത്ഥാനമൂല്യങ്ങളും തകർക്കാനുള്ള വലതുപക്ഷശ്രമം ഊർജിതമായി നടക്കുന്ന ഘട്ടമാണിത്. അതിനെതിരായ തീവ്രപോരാട്ടത്തിലാണ് ഇടതുപക്ഷം. അതിൽ ദേശാഭിമാനിക്കും ചെറുതല്ലാത്ത പങ്കുവഹിക്കാൻ കഴിഞ്ഞു.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അടുത്തമാസം ആറിനാണ് വേട്ടെടുപ്പ്. ഇടതുപക്ഷ സർക്കാരുകൾ സംസ്ഥാനത്തെ മാറ്റിയത് എപ്രകാരമാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കേരളജനത. മതനിരപേക്ഷതയിൽ അടിയുറച്ചുനിന്ന് കേരളത്തിൽ സമഗ്രവികസനം എത്തിക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ട് തേടുന്നത്. കൊറോണ വൈറസിനെയും നിപാ എന്ന മാരകരോഗത്തെയും പ്രളയദുരന്തത്തെയുമെല്ലാം ഒത്തൊരുമയോടെ നേരിട്ടതിന്റെ ആത്മവിശ്വാസവും എൽഡിഎഫിന് കരുത്ത് നൽകുന്നു. തുടർഭരണത്തെക്കുറിച്ചുള്ള ചർച്ച സജീവമാകവെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപി.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ദേശവ്യാപകമായി എതിർക്കുമ്പോഴും കേരളത്തിൽ യുഡിഎഫും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസും ഇതിനെ അനുകൂലിക്കുകയാണ്. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും എതിർക്കുന്ന കാര്യത്തിൽ ബിജെപിക്കും യുഡിഎഫിനും ഒരേ സ്വരമാണ്. ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളുടെ പിന്തുണയും ഇവർക്കുണ്ട്. ഈ ഇടതുപക്ഷവിരുദ്ധ സഖ്യത്തിനെ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ ചരിത്രദൗത്യമാണ് ദേശാഭിമാനിയിൽ അർപ്പിതമായിരിക്കുന്നത്. സ. കണ്ണൻനായരുടെ സ്മരണ അത്തരം പോരാട്ടത്തിന് കൂടുതൽ കരുത്തും.