ഇന്ത്യ എങ്ങോട്ട്‌

എം വി ഗോവിന്ദൻ മാസ്റ്റർ

03-12-2021

മഹാമാരി രാജ്യത്താകമാനം ശവക്കൂനകൾ സൃഷ്ടിക്കുമ്പോഴും ദുരിതകാലത്തെ ‘സാധ്യത'കൾ ഉപയോഗപ്പെടുത്തി, മൂലധനത്തിന്റെ പ്രത്യേകിച്ചും ധനമൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് കോട്ടം തട്ടാതെ രാജ്യത്തെ പാകപ്പെടുത്തുകയാണ് നരേന്ദ്ര മോഡി സർക്കാർ. നവ ഉദാരവൽക്കരണ സ്വകാര്യവൽക്കരണ കാലത്ത് സാമ്രാജ്യത്വ ശക്തികൾക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ രാഷ്ട്രീയമോ സൈനികമോ ആയ ഇടപെടൽ നടത്തേണ്ടി വരുന്നില്ല. കാരണം രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ രാജ്യത്തെ സാമ്പത്തിക പ്രക്രിയയെ ആഗോളവൽക്കരണത്തിന്റെ ചുഴിയിലേക്ക് ഭരണകൂടം തള്ളിയിട്ടിരിക്കുന്നു. ഇത് കാരണമാണ് കോവിഡ് രാജ്യമാകെ പടർന്നു പിടിച്ച ഈ വർഷം 150 രൂപയിൽ കുറവ് വരുമാനമുള്ളവരുടെ എണ്ണം 6 കോടിയിൽനിന്ന് 13.4 ആയി വർധിച്ചത്. ലോകബാങ്കിന്റെ സ്ഥിതിവിവര കണക്കുകളിൽ ഇന്ത്യൻ അവസ്ഥ അതിദയനീയമാണെന്ന് കാണാനാകും. പരമദരിദ്രരായി മാറുന്ന ഭൂരിപക്ഷത്തോട് കോവിഡ് വാക്സിൻ വിലകൊടുത്ത് വാങ്ങി ഉപയോഗിച്ചോളാൻ പറയുന്ന കേന്ദ്രം പൗരന്മാരുടെ ജീവിക്കുവാനുള്ള അവകാശമാണ് നിഷേധിക്കുന്നത്. 

അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾപോലും കോവിഡ് വാക്സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത് സമൂഹത്തെ യുദ്ധകാലാടിസ്ഥാനത്തിൽ ആർജ്ജിതപ്രതിരോധ ശേഷിയിലേക്ക് കൊണ്ടുവരാനാണ്. അങ്ങനെയാകുമ്പോൾ സാമ്പത്തിക ക്രയവിക്രയങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. ലോക്ഡൗണുകളും കർഫ്യൂകളും പിൻവലിക്കുമ്പോൾ തന്നെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം കുറയും. വാക്സിൻ എടുക്കുന്നതിന്റെ ഗുണം വാക്സിന് വിധേയനാകുന്ന വ്യക്തിക്കും അപ്പുറമാണ്. ഒരാൾക്ക് വാക്സിനേഷൻ ലഭിച്ചുകഴിഞ്ഞാൽ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് വളരെയേറെ കൂടും. രോഗം ബാധിക്കാത്തവരിലേക്ക് രോഗവാഹകരാകുന്നവരുടെ എണ്ണവും ഇതിലൂടെ കുറയും. ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാണ് ഭരണകൂടങ്ങൾ വാക്സിനേഷനുകൾ സൗജന്യമാക്കുന്നത്. സമൂഹം ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കുമ്പോൾ രാജ്യം സുരക്ഷിതമായി നിലനിൽക്കും. അത്തരത്തിൽ ഇന്ത്യ തലയുയർത്തി നിൽക്കാൻ പാടില്ലെന്ന നിർബന്ധബുദ്ധി ആർഎസ്എസ് –-ബിജെപി നിയന്ത്രിത കേന്ദ്ര ഭരണം മുന്നോട്ടുവയ്‌ക്കുന്നത് സാമ്രാജ്യത്വ ശക്തികൾക്ക് ലാഭം കുന്നുകൂട്ടാനാണ്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല. മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2019-20ൽ 203.5 ട്രില്യൺ ഡോളറായിരുന്നു. 2020-21ൽ 195.9 ട്രില്യൺ ഡോളറായി ചുരുങ്ങുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. ഇത് രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കാണ്. രണ്ടാംവരവോടെ വീണ്ടും കുറയുവാനാണ് സാധ്യത. മുതലാളിത്ത പ്രതിസന്ധിയെ മറികടക്കാൻ നയങ്ങളിൽ മാറ്റം വരുത്തുന്നതിനൊപ്പം ആർജ്ജിത പ്രതിരോധശേഷി നേടുവാൻ സൗജന്യവും സാർവത്രികവുമായ വാക്സിനേഷനും കേന്ദ്രം തയ്യാറാകണം. പ്രതിരോധ വാക്സിനുകൾക്കായി 35000 കോടി രൂപ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇത് കൃത്യമായി ചെലവഴിച്ചാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ശേഷി വർധിപ്പിക്കാൻ കഴിയും. ഇല്ലെങ്കിൽ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനാകില്ല. തുടർച്ചയായി അടച്ചുപൂട്ടലുകളും കർഫ്യൂകളും ഏർപ്പെടുത്തേണ്ടി വരും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അപ്രതീക്ഷിത ആഘാതങ്ങൾക്ക് അത് വഴിവയ്‌ക്കും. മൂലധന ശക്തികൾക്ക് ഒത്താശ ചെയ്‌ത്, മുതലാളിത്ത ക്രമത്തിലൂടെ, വികലമായ നയങ്ങളിലൂന്നി മാത്രമേ മുന്നോട്ടുപോവുകയുള്ളൂ എന്ന പിടിവാശി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ മാത്രമേ ഈ ദുരവസ്ഥയിൽ നിന്ന് കരകയറുവാൻ രാജ്യത്തിന് സാധിക്കുകയുള്ളു.

കോവിഡ് പ്രതിരോധത്തിനും നയരൂപീകരണങ്ങൾക്കും കേരളം മികച്ച മാതൃകയായത് ലോകം അംഗീകരിക്കുന്നു. രാജ്യത്താകമാനം കുടിയേറ്റത്തൊഴിലാളികൾ മരണത്തിലേക്ക് പലായനം ചെയ്ത നാളുകളിൽ കേരളം അതിഥിത്തൊഴിലാളികളെ സംരക്ഷിച്ചു. രണ്ടാംതരംഗ കാലത്തും തൊഴിൽ കുടിയേറ്റത്തിന് തൊഴിലാളികൾ എന്തുകൊണ്ട് തയ്യാറായി എന്നതിനുള്ള ഉത്തരം കരുതലോടെ ചേർത്തുപിടിച്ച കേരളത്തിന്റെ വർഗപരമായ നിലപാടിലൂടെ വ്യക്തമാകും. നവോത്ഥാന പാരമ്പര്യത്തോടൊപ്പം തൊഴിലാളി വർഗത്തോട് ഐക്യപ്പെടുന്ന ഇടതുപക്ഷ മനസ്സാണ് അതിഥിത്തൊഴിലാളികളെ സംരക്ഷിച്ചത്. ഇതൊന്നും അവകാശപ്പെടാനില്ലാത്ത സംസ്ഥാനങ്ങളിൽനിന്ന് കൂട്ടപ്പലായനങ്ങളുടെയും മരണത്തിന്റെയും ദാരുണകഥകൾ മാത്രമാണ് കേട്ടത്. തൊഴിലാളികൾക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി നൽകുന്ന സംസ്ഥാനമായി കേരളം ഉയർന്നുനിൽക്കുന്നതും ഇടതുപക്ഷ മനസ്സിന്റെ പ്രതിഫലനമാണ്. 767 രൂപ കേരളത്തിൽ കാർഷികവൃത്തിക്ക് കൂലി നൽകുമ്പോൾ, ദേശീയ ശരാശരി വേതനം വെറും 321 രൂപയാണ്. ബിജെപി കൊട്ടിഘോഷിക്കുന്ന ഗുജറാത്തിലെ കാർഷിക വേതനമാകട്ടെ 265 രൂപയാണ്. ഉത്തർപ്രദേശിൽ 247, ബംഗാളിൽ 329, ഒഡിഷയിൽ 239 രൂപ എന്നിങ്ങനെയാണ് കൂലി നിരക്കെന്ന് ഇന്ത്യൻ ലേബർ ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വികസനമെന്നത് അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും മാത്രമല്ല, പാർശ്വവൽകൃത ജനവിഭാഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്ന ജനപക്ഷ നിലപാടാണ് കേരളത്തിനുള്ളതെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

പത്ത് കോടി കുടിയേറ്റത്തൊഴിലാളികളെ കോവിഡ് മഹാമാരി നേരിട്ട് ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോക്ഡൗണിൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പട്ടിണികൊണ്ട് മരിച്ചത്. കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ ഘട്ടത്തിൽ പാർലമെന്റിനെ അറിയിച്ചത്, കുടിയേറ്റത്തൊഴിലാളികൾ പലായനത്തിനിടയിൽ മരണപ്പെട്ടതിന്റെ വിവരങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ കൈകളിലില്ല എന്നായിരുന്നു. അതേസമയം ശതകോടീശ്വരന്മാർക്ക് വേണ്ടി നിയമനിർമാണം നടത്താൻ വരെ സർക്കാർ തയ്യാറായി. ജനപങ്കാളിത്തത്തോടെയാണ് കേരളം ജീവൻരക്ഷാ പ്രവർത്തനങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്തിയത്.

2020 മേയ് 26ലെ ഇന്ത്യാടുഡേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 416000 അതിഥിത്തൊഴിലാളികളിൽ 88817പേർ മാത്രമാണ് തിരികെ മാതൃസംസ്ഥാനങ്ങളിലേക്ക് പോയത്. 76 ശതമാനവും തിരികെ കേരളത്തിലേക്കെത്തി. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പലായനം ചെയ്ത തൊഴിലാളികൾക്ക് തിരികെയെത്താനുള്ള സുരക്ഷിതത്വം ആ സംസ്ഥാനങ്ങളോ, കേന്ദ്ര സർക്കാരോ ഒരുക്കിയിട്ടില്ലായിരുന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗവേളയിൽ കുടിയേറ്റത്തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് തിരികെ പോകാൻ താൽപ്പര്യം കാണിക്കാതെ കേരളത്തിൽ തന്നെ തുടരുന്നത് ഇവിടം സുരക്ഷിതമായതുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും ഈ മികവ് അവകാശപ്പെടാൻ സാധിക്കില്ല.

ഇടതുപക്ഷത്തിന്റെ ജനകീയ ബദലുകൾ മുന്നോട്ടുവച്ച് മഹാമാരിയെ പ്രതിരോധിച്ചതിനാലാണ് കേരളത്തിന് മറ്റ് സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാകാൻ കഴിഞ്ഞത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി സർവ മേഖലകളേയും ജനപക്ഷത്ത് നിർത്താൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചു. മൂല്യവർധിത സാമ്പത്തിക ബന്ധങ്ങളിലും ക്രയവിക്രയങ്ങളിലും ഏർപ്പെടാൻ ആത്മവിശ്വാസം പകർന്നു നൽകി. അങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ മേഖല കൂടുതൽ ചലനാത്മകമായത്.

ഇടതുപക്ഷ ഭരണകാലങ്ങളിലാണ് കേരളം ആരോഗ്യമേഖലയിൽ ഏറ്റവുമേറെ മുതൽ മുടക്കിയത്. ഇന്ന് നാം കൈവരിച്ച മാനവ വികസന സൂചികയിലെ വികസിത രാജ്യങ്ങൾക്കൊപ്പമുള്ള സ്ഥാനം ഈ മുതൽമുടക്കിന്റെ ഭാഗമാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ ശ്രമിച്ച വലതുപക്ഷ സർക്കാരിന്റെ ശ്രമം ഏറ്റവും മൂർത്തമായ 2001-06 കാലഘട്ടവുമായി 2016-21ലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്യുമ്പോഴാണ് നയവും നിലപാടുകളും തമ്മിലുള്ള അന്തരം എത്രമേൽ വ്യത്യസ്തമാണെന്ന് മനസ്സിലാകുക.

വർഗീയ രാഷ്ട്രീയത്തിലൂന്നി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആരോഗ്യ മേഖലയെ, സാമ്പത്തിക ചൂഷണത്തിനും കുത്തകവൽക്കരണത്തിനുമുള്ള വേദിയാക്കി. രാജ്യം പ്രതിസന്ധികളിൽ ഉഴറുമ്പോൾ പോലും കോർപറേറ്റുകളെ പ്രീതിപ്പെടുത്താൻ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിച്ചു. കോവിഡ് വാക്സിൻ നയം പോലും ഇതിന്റെ ഭാഗമാണ്. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്സിനില്ല എന്ന് പ്രഖ്യാപിക്കുമ്പോൾ സന്തോഷിക്കുന്നത് സാമ്രാജ്യത്വ ശക്തികളാണ്. രോഗികൾ ഓക്സിജൻ ലഭിക്കാതെ പിടഞ്ഞ് മരിക്കുമ്പോഴും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആംബുലൻസ് പോലും ലഭിക്കാതെ മൃതദേഹം കൂട്ടിയിട്ട് കത്തിക്കുന്ന ദയനീയമായ പരിതഃസ്ഥിതിയിലൂടെ രാജ്യം കടന്നുപോവുമ്പോഴും കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ബിജെപിയുടെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുന്നു.

കോവിഡ് വാക്സിന് പണമീടാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും പറഞ്ഞവാക്കിൽ ഉറച്ചുനിന്ന് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പതിറ്റാണ്ടുകളായി പടുത്തുയർത്തിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിൻബലത്തിലും ഉറപ്പിലുമാണ്. ആരുടെയും ആഹ്വാനവും നിർദേശവുമില്ലാതെയാണ് സ്വമനസ്സാലേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ(വാക്സിൻ) നിധിയിലേക്ക് ജനങ്ങൾ സംഭാവന നൽകിയത്. ജീവിതകാലം മുഴുക്കെ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷം രൂപ സംഭാവനയായി നൽകിയ കണ്ണൂരിലെ ജനാർദനനെ പോലുള്ള മനുഷ്യ സ്നേഹികളിലൂടെയാണ് ഇടതുപക്ഷം പ്രകാശിക്കുന്നത്.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ ലോകബാങ്കിന്റെ സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനപ്പെടുത്തി 150 രൂപയിൽ കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന പരമദരിദ്രരുടെ എണ്ണം വർധിച്ചതായി പറയുന്നുണ്ടല്ലോ. കേരളത്തെ സംബന്ധിച്ച് ലോകബാങ്കിന്റെ ആ നോക്കിക്കാണൽ അപ്രസക്തമാണ്. കാരണം അവശ ജനവിഭാഗങ്ങൾക്ക് വിതരണം ചെയ്ത സാമൂഹ്യ ക്ഷേമ പെൻഷനും തൊഴിലുറപ്പ് പദ്ധതിയും സൗജന്യമായി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളും സൗജന്യ റേഷനും മികച്ച പശ്ചാത്തല സൗകര്യങ്ങളും വീടില്ലാത്തവർക്ക് വീടും വൈദ്യുതിയും കുടിവെള്ളവുമൊക്കെ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. കേരളത്തിന്റെ ആളോഹരി വരുമാനം ദേശീയ ആളോഹരി വരുമാനത്തിന്റെ ഇരട്ടിയിലേറെയാണെന്നതും പരിഗണിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് ദാരിദ്ര്യത്തിനും വിശപ്പിനും അറുതിവരുത്താൻ കേരളത്തിന് സാധിച്ചു. ഗുണമേന്മയേറിയ ജീവിതം സാധാരണക്കാർക്ക് ഉറപ്പുവരുത്തിയ ഇടതുപക്ഷ കേരളത്തെ മറ്റ് സംസ്ഥാനങ്ങളെ അളന്ന അളവുകോലിൽ വിലയിരുത്തിയാൽ അത് വസ്തുതാപരമാകില്ല. രാജ്യത്ത് മികച്ചതാകാനും ജനപക്ഷത്ത് നിൽക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും കേരളത്തിന് സാധിക്കുന്നത് ഇടതുപക്ഷ ബദലുമായി മുന്നോട്ടുപോകുന്നത് കൊണ്ടാണ്. അതാകണം നാളത്തെ ഇന്ത്യൻ ബദൽ.