കേരളത്തിന്റെ മുന്നേറ്റത്തിന്? വഴിയൊരുക്കിയ ആദ്യ കമ്യൂണിസ്റ്റ്? മന്ത്രിസഭ


കേരളത്തിന്റെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ

വെളിയം ഭാര്‍ഗവന്‍

പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ പുതിയൊരു അധ്യായമായിരുന്നു 1957 ല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തില്‍ വന്നത്‌. സായുധ വിപ്ലവത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റുകാര്‍ക്ക്‌ അധികാരത്തില്‍ വരാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു അതുവരെ ഉണ്ടായിരുന്ന ധാരണ. ഭരണാധികാരത്തിന്റെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എംഗല്‍സ്‌ ഒരിക്കല്‍ പറഞ്ഞത്‌ ബ്രിട്ടനില്‍ ഒരുപക്ഷേ, തെരഞ്ഞടുപ്പിലൂടെ തൊഴിലാളിവര്‍ഗത്തിന്‌ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു. ലോകത്ത്‌ ആദ്യമായി കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്‌ ആഗോളശ്രദ്ധ പിടിച്ചുപറ്റി. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ അത്ഭുതത്തോടെ പുതിയ ഭരണത്തെ സ്വാഗതം ചെയ്‌തു. പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ സംസ്ഥാന സെക്രട്ടരി എം.എന്‍. ഗോവിന്ദന്‍നായരെയും മുഖ്യമന്ത്രി ഇ.എം.എസിനെയും ക്ഷണിച്ചു. എം.എന്‍ ബ്രിട്ടനും ഇ.എം.എസ്‌ സോവിയറ്റ്‌ യൂണിയനും സന്ദര്‍ശിച്ച്‌ കേരളത്തിന്റെ അനുഭവം പങ്കുവെച്ചു. കേരളത്തിലെ സംഭവവികാസങ്ങളറിയാന്‍ മറ്റു രാജ്യങ്ങളിലെ പാര്‍ടികള്‍ അതിയായ താല്‍പര്യം കാണിച്ചിരുന്നു. കമ്യൂണിസ്റ്റ്‌ മന്ത്രിസഭ സുഗമമായി മുന്നോട്ടുപോകാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ അനുവദിക്കുമോ എന്ന്‌ പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ അന്നുതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

കേരളത്തിലെ പാര്‍ടിക്ക്‌ 1957 ലെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ്‌ പാര്‍ടി തെരഞ്ഞെടുപ്പ്‌ മത്സരത്തിനിറങ്ങിയത്‌. 1954 ല്‍ മലബാര്‍ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ തെരഞ്ഞെടുപ്പിലും തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടവുമെല്ലാം കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയുടെയും സ്വാധീനത്തിന്റെയും ചൂണ്ടുപലകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി തനിച്ച്‌ മത്സരിക്കണമോ മറ്റ്‌ ഇടതുപക്ഷ പാര്‍ടികളുമായി സഖ്യമുണ്ടാക്കണമോ എന്ന കാര്യത്തില്‍ പാര്‍ടിക്കകത്ത്‌ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഇതേക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടന്നു. ആര്‍.എസ്‌.പി, കെ.എസ്‌.പി എന്നീ ഇടതുപക്ഷ പാര്‍ടികള്‍ അമിതമായ അവകാശവാദങ്ങളാണ്‌ ഉന്നയിച്ചുകൊണ്ടിരുന്നത്‌. ഐക്യത്തിന്‌ അനുകൂലമാണെങ്കിലും അവരുടെ അമിതമായ അവകാശവാദങ്ങള്‍ക്ക്‌ കീഴ്‌പ്പെടരുതെന്നപക്ഷക്കാരായിരുന്നു കൊല്ലം ജില്ലയില്‍നിന്നുള്ള പ്രതിനിധികള്‍. രാഷ്‌ട്രീയ കാരണങ്ങളെക്കാള്‍ പ്രാദേശികമായ പരിഗണനകള്‍ ഇതിന്‌ പ്രേരകമായിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളില്‍ സി.പി.ഐക്ക്‌ ഒറ്റ സീറ്റും നല്‍കാന്‍ പാടില്ലെന്നായിരുന്നു ആര്‍.എസ്‌.പിയുടെ നിലപാട്‌. സുഗതന്‍ സാര്‍ മത്സരിച്ച അമ്പലപ്പുഴ സീറ്റുപോലും തങ്ങള്‍ക്ക്‌ വേണമെന്ന്‌ അവര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ടായിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഭൂരിഭാഗം സീറ്റുകളിലും കെ.എസ്‌.പിയും അവകാശവാദമുന്നയിച്ചിരുന്നു.ഐക്യത്തിനുവേണ്ടി അമിതമായ വിട്ടുവീഴ്‌ച ചെയ്യുന്നത്‌ പാര്‍ടി സഖാക്കളുടെയും നമ്മുടെ അനുഭാവികളുടെയും മനോവീര്യം തകര്‍ക്കുമെന്ന്‌ ഞങ്ങള്‍ വാദിച്ചു. എന്തു വിട്ടുവീഴ്‌ച ചെയ്‌തും ഐക്യമുണ്ടാക്കണമെന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു. മലബാറില്‍ നിന്നുള്ള സഖാക്കളായിരുന്നു ഇവരില്‍ അധികവും. ചര്‍ച്ചയ്‌ക്ക്‌ മറുപടി പറഞ്ഞ പാര്‍ടി സെക്രട്ടറി എം.എന്‍ ന്യായമായ വിട്ടുവീഴ്‌ച ചെയ്യാന്‍ തയ്യാറാകണമെന്നും എന്നാല്‍ അമിതമായ അവകാശവാദങ്ങള്‍ക്ക്‌ വഴങ്ങരുതെന്നും വ്യക്തമാക്കി. ഒറ്റയ്‌ക്ക്‌ മത്സരിച്ചാലും ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്ന മുദ്രാവാക്യമാണ്‌ മുന്നോട്ടുവയ്‌ക്കേണ്ടത്‌. വിജയിക്കാനുള്ള കാലാവസ്ഥയുമുണ്ട്‌. ജനങ്ങളുടെ മനോഭാവം പാര്‍ടിക്ക്‌ അനുകൂലമാണ്‌. എം. എന്റെ വിശദീകരണത്തോടെ റിപ്പോര്‍ട്ട്‌ സമ്മേളനം ഏകകണ്‌ഠമായി അംഗീകരിച്ചു. 1957 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ടി അവലംബിച്ച അടവിന്റെ ശില്‍പ്പി എം.എന്‍ ആയിരുന്നു. അന്ന്‌ പാര്‍ടി കേന്ദ്ര നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.എം.എസിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്‌ നിര്‍ബന്ധിച്ചതും എം. എന്‍ ആയിരുന്നു.

കമ്യൂണിസ്റ്റ്‌ പാര്‍ടി അംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ടതായിരുന്നില്ല ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ. വി.ആര്‍. കൃഷ്‌ണയ്യര്‍, മുണ്ടശ്ശേരി മാസ്റ്റര്‍, ഡോ. എ.ആര്‍. മേനോന്‍ എന്നിവര്‍ പാര്‍ടി അംഗങ്ങളായിരുന്നില്ല. നിയമജ്ഞനും സാമൂഹ്യ പ്രവര്‍ത്തകനുമെന്ന നിലയില്‍ പ്രശസ്‌തനായ കൃഷ്‌ണയ്യര്‍ കഴിവുറ്റ ഭരണാധികാരിയാണെന്ന്‌ ചുരുങ്ങിയകാലം കൊണ്ട്‌ തെളിയിച്ചു. കേരളത്തിന്റെ നദീജലസമ്പത്ത്‌ വിനിയോഗിക്കുന്നതിന്‌ കൃഷ്‌ണയ്യരുടെ നേതൃത്വത്തില്‍ രൂപംനല്‍കിയ മാസ്റ്റര്‍പ്ലാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിനും ഭരണ നൈപുണ്യത്തിനുമുള്ള തെളിവാണ്‌. ഇന്ന്‌ കേരളത്തിലുള്ള മിക്ക ജലസേചനപദ്ധതികളുടെയും തുടക്കം ആ മാസ്റ്റര്‍പ്ലാനില്‍ നിന്നാണ്‌. സ്വാതന്ത്ര്യസമരസേനാനിയും പ്രഗത്ഭനായ ഭിഷഗ്വരനുമായ ഡോ. എ.ആര്‍. മേനോന്‍ ആരോഗ്യ സേവന രംഗത്തിന്റെ വികസനത്തിനുള്ള നിരവധി പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ അനന്യമായ സ്ഥാനമുള്ള പണ്ഡിതനായിരുന്നു പ്രൊഫ. മുണ്ടശ്ശേരി. കേരളത്തിന്റെ സമഗ്രവികസനത്തിന്‌ വിശാല വീക്ഷണത്തോടെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി സമീപിച്ചത്‌. ഓരോ രംഗത്തെയും വിദഗ്‌ദ്ധരുടെ സേവനം സംസ്ഥാനത്തിന്റെ വികസനത്തിന്‌ പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു പാര്‍ടിയുടെ
കാഴ്‌ചപ്പാട്‌.

മന്ത്രിസഭ സ്ഥാനമേറ്റനാള്‍ മുതല്‍ അതിന്റെ കഥ കഴിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്‌ കോണ്‍ഗ്രസ്‌ നീങ്ങിയത്‌. എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും പിന്തുണയും സഹായവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഭീഷണികളൊന്നും കൂസാതെ, ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുള്ള പരിപാടികള്‍ക്കാണ്‌ മന്ത്രിസഭ മുന്‍ഗണന നല്‍കിയത്‌. ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ്‌-കര്‍ഷക പ്രസ്ഥാനങ്ങളുടെയും മുദ്രാവാക്യമായ ഭൂപരിഷ്‌കരണമായിരുന്നു ഒന്നാമത്തേത്‌. ജന്മിത്വത്തിനെതിരായ ത്യാഗോജ്വല സമരത്തിലൂടെയാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കേരളത്തില്‍ വേരുറപ്പിച്ചത്‌. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നേരെ നൂറ്റാണ്ടുകളായി നിഷ്‌ഠൂരമായ ആക്രമണങ്ങളാണ്‌ ജന്മിമാര്‍ അഴിച്ചുവിട്ടിരുന്നത്‌. കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ അവകാശമില്ല. എപ്പോള്‍ വേണമെങ്കിലും അവരെ കുടിയൊഴിപ്പിക്കാം. അവരുടെ കുടിലുകള്‍ ചാമ്പലാക്കാം, അവരുടെ സ്‌ത്രീകളെ മാനഭംഗപ്പെടുത്താം. ഈ കാട്ടുനീതിക്ക്‌ എതിരെ ജീവന്‍കൊടുത്ത്‌ പൊരുതിയത്‌ കമ്യൂണിസ്റ്റുകാരാണ്‌. ജന്മിമാര്‍ക്ക്‌ ഭരണാധികാരികളുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ജന്മിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നു നടത്തിയ അക്രമങ്ങളില്‍ നിരവധി കമ്യൂണിസ്റ്റുകാര്‍ രക്തസാക്ഷികളായി. ജന്മിത്വത്തിന്‌ അറുതിവരുത്തുന്ന നടപടിക്ക്‌ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ ഏറ്റവും മുന്‍ഗണന നല്‍കിയത്‌ സ്വാഭാവികം മാത്രം. അധികാരത്തിലേറി ആറാമത്തെ ദിവസം കുടിയൊഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ലക്ഷക്കണക്കിന്‌ കുടിയാന്മാരും കുടികിടപ്പുകാരും ഒഴിപ്പിക്കല്‍ ഭീഷണിയില്‍നിന്ന്‌ മോചനം നേടി. തിരുവിതാംകൂറില്‍ പ്രത്യേകിച്ച്‌ നെടുമങ്ങാട്‌, കടയ്‌ക്കല്‍, ചിതറ പ്രദേശങ്ങളില്‍ കര്‍ഷകരെ കൊടിയ ചൂഷണത്തിന്‌ വിധേയമാക്കിയത്‌ കുത്തകപ്പാട്ടവ്യവസ്ഥയായിരുന്നു. ഈ മേഖലകളില്‍ വനപ്രദേശങ്ങള്‍ കയ്യേറി നൂറുകണക്കിന്‌ ഏക്കര്‍ കൃഷിയോഗ്യമാക്കിയിരുന്നു. ധനാഢ്യരായ ചുരുക്കം ചിലര്‍ കുത്തകപ്പാട്ട വ്യവസ്ഥയില്‍ ഭൂമി കയ്യടക്കി. കൃഷിക്കാര്‍ക്ക്‌ ഒരവകാശവുമില്ല. ഭൂപ്രഭുക്കളുടെ കിരാതവാഴ്‌ചയ്‌ക്ക്‌ എതിരെ കൃഷിക്കാര്‍ക്കിടയില്‍ കടുത്ത രോഷമുണ്ടായിരുന്നു. പ്രസിദ്ധമായ കടയ്‌ക്കല്‍ ലഹളയുടെ മുഖ്യകാരണം തന്നെ കുത്തകപ്പാട്ടവ്യവസ്ഥയായിരുന്നു. കുത്തകപ്പാട്ടവ്യവസ്ഥയ്‌ക്ക്‌ എതിരായ വീറുറ്റ സമരങ്ങളിലൂടെയാണ്‌ ഈ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ചുവടുറപ്പിച്ചത്‌. കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കുത്തകപ്പാട്ടവ്യവസ്ഥ റദ്ദാക്കി. ഭൂപ്രഭുക്കള്‍ക്ക്‌ കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരിധി 10 ഏക്കറായി പരിമിതപ്പെടുത്തി. ബാക്കി ഭൂമി കര്‍ഷകര്‍ക്ക്‌ വീതിച്ചുനല്‍കി.

സമഗ്രമായ ഭൂപരിഷ്‌കരണ നിയമത്തിന്റെ മുന്നോടിയായാണ്‌ കുടിയെഴിപ്പിക്കല്‍ നിരോധിക്കുകയും കുത്തകപ്പാട്ടവ്യവസ്ഥ റദ്ദാക്കുകയും ചെയ്‌തത്‌. ഭൂപരിഷ്‌കരണ നിയമത്തിന്‌ രൂപം നല്‍കാന്‍ ത്വരിതഗതിയില്‍ നടപടികള്‍ തുടങ്ങി. മലബാറിലെയും തിരുവിതാംകൂറിലെയും ഭൂവുടമാ ബന്ധങ്ങളില്‍ വലിയ അന്തരമുണ്ടായിരുന്നു. തിരുവിതാംകൂറില്‍ നിന്നുള്ള എം.എല്‍.എമാര്‍ മലബാറിലും മരബാറില്‍ നിന്നുള്ളവര്‍ തിരുവിതാംകൂറിലും ആഴ്‌ചകള്‍ താമസിച്ച്‌ ഇവ പഠിച്ചു. സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഇ. ഗോപാലകൃഷ്‌ണമേനോന്‍, സി. എച്ച്‌. കണാരന്‍, ഇ.പി. ഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍നായര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവര്‍ അംഗങ്ങളായി കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയാണ്‌ ഭൂപരിഷ്‌കരണ നിയമത്തിന്റെ കരട്‌ തയ്യാറാക്കിയത്‌. ഭൂപരിഷ്‌കരണ ബില്ലിനെതിരെ ജന്മികളും അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ നിലകൊള്ളുന്ന ശക്തികളും രംഗത്തുവന്നു. അവര്‍ സമരം തുടങ്ങി. ഈ ഘട്ടത്തിലാണ്‌ വിദ്യാഭ്യാസബില്ലിനും സര്‍ക്കാര്‍ രൂപം നല്‍കിയത്‌. വിദ്യാഭ്യാസരംഗത്ത്‌ തികഞ്ഞ അരാജകത്വമാണ്‌ നടമാടിയിരുന്നത്‌. അധ്യാപകര്‍ക്ക്‌ ജോലിസ്ഥിരത ഇല്ല. തുച്ഛമായ ശമ്പളം. അതിനുതന്നെ കൃത്യതയില്ല. മാനേജ്‌മെന്റിന്‌ ഇഷ്‌ടമുള്ളപ്പോള്‍ അധ്യാപകരെ പിരിച്ചുവിടാം. പി.ആര്‍. നമ്പ്യാര്‍, ടി.സി. നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകപ്രസ്ഥാനം ഇതിനെതിരെ വീറുറ്റ സമരങ്ങള്‍ നടത്തിയിരുന്നു. വിദ്യാഭ്യാസരംഗത്തെ അരാജകത്വം അവസാനിപ്പിക്കാനും അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ മാനേജ്‌മെന്റുകളും രംഗത്തുവന്നു. ക്രിസ്‌ത്യന്‍ പൗരോഹിത്യമായിരുന്നു മുന്‍പന്തിയില്‍. ``മതം അപകടത്തില്‍'' എന്നായിരുന്നു അവരുടെ മുറവിളി. ദൈവവിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകാര്‍ പള്ളിവക സ്വത്തെല്ലാം പിടിച്ചെടുക്കാന്‍ പോകുന്നുവെന്ന്‌ അവര്‍ പ്രചരിപ്പിച്ചു. മതഭ്രാന്ത്‌ ഇളക്കിവിട്ട പ്രചരണത്തിന്‌ വശംവദരായവര്‍ തെരുവിലിറങ്ങി. വീട്ടിനു പുറത്തിറങ്ങാതിരുന്ന സ്‌ത്രീകള്‍പോലും
രംഗത്തുവന്നു.

ഭൂപരിഷ്‌കരണത്തിനെതിരായ ശക്തികളും വിദ്യാഭ്യാസബില്ലിനെ എതിര്‍ക്കുന്ന സാമുദായിക-മത വിഭാഗങ്ങളും സര്‍ക്കാരിനെതിരെ കൈകോര്‍ത്ത്‌ സമരം തുടങ്ങി. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷകക്ഷികളുടെയും പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ സമരത്തിന്റെ മുന്നണിയില്‍ നിലകൊണ്ടു. ഇന്ദിരാഗാന്ധി എ.ഐ.സി.സി പ്രസിഡന്റായതോടെ, വിമോചനസമരത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പങ്ക്‌ വര്‍ധിച്ചു. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായി വിമോചനസമരം മാറി. ഇത്രമാത്രം ആഭാസകരവും അക്രമാസക്തവുമായ ഒരു സമരം കേരളം കണ്ടിട്ടില്ല. തെറിവിളിയും കണ്ണില്‍കണ്ടതെല്ലാം ആക്രമിക്കുകയുമായിരുന്നു സമരശൈലി. ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍പ്പറത്തിയ വിമോചനസമരമാണ്‌ കേരളത്തിലെ രാഷ്‌ട്രീയരംഗത്ത്‌ അരുതാത്ത പല ശീലങ്ങള്‍ക്കും ശൈലികള്‍ക്കും തുടക്കമിട്ടത്‌. വിമോചനസമരം കത്തിക്കാളിനിന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്‌റു കേരളം സന്ദര്‍ശിച്ചു. രാജ്‌ഭവനില്‍വെച്ച്‌ മുഖ്യമന്ത്രി ഇ.എം.എസും മന്ത്രിമാരായ അച്യുതമേനോന്‍, ടി.വി. തോമസ്‌, വി.ആര്‍. കൃഷ്‌ണയ്യര്‍ എന്നിവരും നെഹ്‌റുവിനെ ചെന്നുകണ്ടു. ചര്‍ച്ചയ്‌ക്കിടയില്‍ ``ജന്മിതാല്‍പര്യക്കാരെയും ന്യൂനപക്ഷങ്ങളെയുമെല്ലാം നിങ്ങള്‍ക്ക്‌ എതിരായി ഒരുമിപ്പിക്കാന്‍ ഒരേസമയം നടപടി എടുത്തത്‌ ശരിയായോ'' എന്ന്‌ നെഹ്‌റു ചോദിച്ചു. അതിനു മറുപടി നല്‍കാതെ ടി.വി. ഒരു മറുചോദ്യമുന്നയിച്ചു. ``വിമോചനസമരത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും ആഭാസത്തരങ്ങളെയും അങ്ങേയ്‌ക്ക്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?'' നെഹ്‌റു മൗനം പാലിച്ചതല്ലാതെ, മറുപടി ഒന്നും പറഞ്ഞില്ല.

വിമോചനസമരത്തിന്റെ പേരില്‍ മന്ത്രിസഭ പിരിച്ചുവിടണമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. നെഹ്‌റു ഇതിന്‌ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ഇന്ദിരാഗാന്ധി നിര്‍ബന്ധംപിടിച്ചു. പലഭാഗങ്ങളില്‍നിന്നും ഈ സമ്മര്‍ദം മുറുകിയപ്പോള്‍ നെഹ്‌റു വഴങ്ങുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം കേന്ദ്രസര്‍ക്കാര്‍ എടുത്ത ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയായിരുന്നു 356-ാം വകുപ്പ്‌ ഉപയോഗിച്ച്‌ കേരള മന്ത്രിസഭ പിരിച്ചുവിട്ടത്‌. പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കും ഫെഡറല്‍ സംവിധാനത്തിനും അത്‌ ഏല്‍പ്പിച്ച ക്ഷതം ചില്ലറയല്ല. കോണ്‍ഗ്രസിന്റെ അധികാരക്കുത്തകയില്‍ ആദ്യമായി വിള്ളല്‍ വീഴ്‌ചത്തിയത്‌ കേരളമായിരുന്നു. കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത്‌ ദേശവ്യാപകമായി ഭീഷണിയാണെന്ന്‌ പിന്തിരിപ്പന്‍ ശക്തികള്‍ കരുതി. കോണ്‍ഗ്രസിനു ബദല്‍ ശക്തിയായി കമ്യൂണിസ്റ്റ്‌ പാര്‍ടി വളര്‍ന്നുവരികയായിരുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ പുരോഗമന പരിപാടികള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും നേടി. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ അതിടയാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഭയപ്പെട്ടു. എന്തു മാര്‍ഗമുപയോഗിച്ചും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവര്‍ തയ്യാറായത്‌ അതുകൊണ്ടാണ്‌. എല്ലാ സാമുദായിക-വര്‍ഗീയശക്തികളുമായും കൂട്ടുകൂടാന്‍ അവര്‍ മടിച്ചില്ല.

മന്ത്രിസഭ പിരിച്ചുവിട്ടതുകൊണ്ട്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ജനപിന്തുണയ്‌ക്ക്‌ കോട്ടമൊന്നും തട്ടിയില്ല. 1957 ലെ തെരഞ്ഞെടുപ്പില്‍ 40.74 ശതമാനം വോട്ടായിരുന്നു കമ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ലഭിച്ചത്‌. വിമോചനസമരത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ മറ്റ്‌ എല്ലാ രാഷ്‌ട്രീയ പാര്‍ടികളും ഒന്നിച്ചുനില്‍ക്കുകയും സാമുദായിക ശക്തികളുടെയെല്ലാം പിന്തുണ ഉറപ്പാക്കുകയും ചെയ്‌തിട്ടും സി.പി.ഐക്ക്‌ 43.8 ശതമാനം വോട്ടുകിട്ടി. 1960 ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ പട്ടത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. പട്ടം മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോ ഒരു സൗഹൃദ സംഭാഷണത്തിനിടയില്‍ പറഞ്ഞ കാര്യം മറക്കാനാവില്ല. രാഷ്‌ട്രീയമായ അഭിപ്രായഭിന്നതകളുള്ളപ്പോഴും വ്യക്തിബന്ധം നിലനിര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷ കാണിച്ച കോണ്‍ഗ്രസ്‌ നേതാവാണ്‌ പി.ടി. ചാക്കോ. ഒരു ദിവസം നിയമസഭാ ക്യാന്റീനില്‍വെച്ച്‌ സംസാരിക്കുന്നതിനിടയില്‍ ചാക്കോ എന്നോട്‌ ചോദിച്ചു, ``ഭൂപരിഷ്‌കാര ബില്ലും വിദ്യാഭ്യാസ ബില്ലും ഒരുമിച്ച്‌ കൊണ്ടുവന്നത്‌ മണ്ടത്തരമായിരുന്നില്ലേ?'' ഞാന്‍ പറഞ്ഞു: ``ബില്ലുകള്‍ രണ്ടും ആവശ്യമായവയാണെന്നതില്‍ സംശയമില്ല. ഒന്നിച്ചുവേണമായിരുന്നോ എന്നതിനെക്കുറിച്ച്‌ ഇനി ചര്‍ച്ച ചെയ്യാം. സര്‍ക്കാര്‍ പോയതുകൊണ്ട്‌ ഞങ്ങള്‍ തകരില്ല. ഞങ്ങള്‍ തിരിച്ചുവരും. എന്നാല്‍ വിമോചനസമരത്തിന്റെ പേരില്‍ സ്‌ത്രീകളെയും കുട്ടികളെയും തെരുവിലിറക്കി പുലഭ്യം പറയിപ്പിച്ചതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌?'' - ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ``അത്‌ ഓര്‍ക്കുമ്പോള്‍ എനിക്ക്‌ തീരാത്ത ദുഃഖമുണ്ട്‌.''

പി.ടി. ചാക്കോയുടെ മറുപടി ഇപ്പോഴും മനസില്‍ പതിഞ്ഞുകിടക്കുന്നു. നേര്‍വഴിക്ക്‌ ചിന്തിക്കുന്നവരെല്ലാം, അതിരുകടന്ന ആഭാസത്തരമാണ്‌ വിമോചനസമരത്തിന്റെ പേരില്‍ നടന്നതെന്ന്‌ സമ്മതിക്കുകയും അതില്‍ ഖേദിക്കുകയും ചെയ്‌തിരുന്നു.

ഇരുപത്തിയെട്ട്‌ മാസമേ അധികാരത്തില്‍ തുടര്‍ന്നുള്ളൂവെങ്കിലും 1957 ലെ മന്ത്രിസഭ നടപ്പാക്കിയ പരിപാടികളാണ്‌ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ വികസനപാതയ്‌ക്ക്‌ വഴികാട്ടിയായത്‌. സുസ്ഥിര ഭരണമെന്ന ജനങ്ങളുടെ അഭിലാഷത്തിനൊത്തുയര്‍ന്ന ആദ്യത്തെ സര്‍ക്കാര്‍ അതായിരുന്നു. 1948 മുതല്‍ 56 വരെയുള്ള കാലത്ത്‌ തിരു-കൊച്ചിയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തോടും വന്ന ഒറ്റ സര്‍ക്കാരിനും ഭരണസ്ഥിരത പ്രദാനം ചെയ്യാനായില്ല. എട്ടുവര്‍ഷത്തിനകം ഒമ്പത്‌ സര്‍ക്കാരുകളാണ്‌ മാറിമാറി വന്നത്‌. മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. 1957 ല്‍ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. മന്ത്രിസഭയ്‌ക്ക്‌ പിന്തുണ നല്‍കിയ സ്വതന്ത്രന്മാരെ ചാക്കിടാന്‍ കോണ്‍ഗ്രസ്‌ പതിനെട്ടടവും പയറ്റി; പല പ്രലോഭനങ്ങളും നല്‍കി. എന്നാല്‍ ഒരാളെപ്പോലും അടര്‍ത്തിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ഏറ്റവും ഭദ്രമായ സര്‍ക്കാരായിരുന്നു 1957 ലേത്‌.

കര്‍ഷകര്‍ക്ക്‌ ആശ്വാസം പകര്‍ന്ന ഭൂപരിഷ്‌കരണ നടപടികള്‍ക്ക്‌ പുറമെ കര്‍ഷകത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തുടക്കത്തില്‍തന്നെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ ആവശ്യമായ മിനിമം കൂലി നിശ്ചയിച്ചു. ഇതിന്റെ ഫലമായി കുട്ടനാടന്‍ പാടങ്ങളില്‍ മാത്രം ഒരു വര്‍ഷം അഞ്ചുലക്ഷം പറ നെല്ലാണ്‌ കൂലിയായി കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ ലഭിച്ചത്‌.

കൃഷി, ജലസേചനം, ആരോഗ്യം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു. 1958-59 ല്‍ 900 ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ്‌ രൂപം നല്‍കിയത്‌. അവയില്‍ 300 എണ്ണം നാലുമാസംകൊണ്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്‌തു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ ഈ പദ്ധതികള്‍ ഇത്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌.

വ്യവസായരംഗത്തെ വളര്‍ച്ചയുടെ തെളിവാണ്‌ ഫാക്‌ടറികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. രജിസ്റ്റര്‍ ചെയ്‌ത ഫാക്‌ടറികളുടെ എണ്ണം 1958-59 ല്‍ 1613 ല്‍ നിന്ന്‌ 2128 ആയി ഉയര്‍ന്നു. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. കൂലിയും ബോണസും ഉയര്‍ത്തി. ട്രേഡ്‌ യൂണിയന്‍ അവകാശങ്ങള്‍ പരിരക്ഷിച്ചു.

വികസന പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിച്ചതിനോടൊപ്പം അധികാര വികേന്ദ്രീകരണത്തിന്‌ തുടക്കമിട്ടതും 1957 ലെ മന്ത്രിസഭയാണ്‌. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പഞ്ചായത്ത്‌ ബില്ലും ജില്ലാകൗണ്‍സില്‍ ബില്ലും അവതരിപ്പിച്ചു.

വികസനത്തോടൊപ്പം സാമൂഹികനീതി ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസിലും പ്രൊഫഷണല്‍ കോളേജുകളിലും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കുമുള്ള സംവരണത്തോത്‌ വര്‍ധിപ്പിച്ചത്‌ ഇതിന്റെ ഉദാഹരണമാണ്‌.

ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇത്രയേറെ പ്രതിബദ്ധത കാണിച്ച മന്ത്രിസഭകള്‍ അധികമില്ല. 1957 ലെ തെരഞ്ഞെടുപ്പില്‍ 94 പരിപാടികളാണ്‌ പ്രകടന പത്രികയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി വാഗ്‌ദാനം ചെയ്‌തത്‌. ഇരുപത്തിയെട്ട്‌ മാസത്തിനകം ഇതില്‍ 72 എണ്ണം നടപ്പാക്കുകയോ, നടപ്പാക്കാന്‍ തുടങ്ങുകയോ ചെയ്‌തു. എല്ലാ പിന്തിരിപ്പന്മാരുടെയും സംഘടിത ആക്രമണമുണ്ടായിട്ടും ആ സര്‍ക്കാരിന്റെ ജനപിന്തുണ ഉയര്‍ന്നതിന്റെ ഒരു കാരണം വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തിയാണ്‌.

1957 ലെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ പരിപാടികള്‍ പൂര്‍ണമായി നടപ്പാക്കാനുള്ള സാവകാശം സര്‍ക്കാരിന്‌ ലഭിച്ചില്ല. തുടര്‍ന്നുള്ള കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ടികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും വന്ന സര്‍ക്കാരുകള്‍ ഈ പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ നടപടികളെടുത്തു. 1967-69 ലെ ഇടതുമുന്നണി ഭരണകാലത്ത്‌ ഭൂപരിഷ്‌കരണ ബില്‍ കൊണ്ടുവന്നു. 1970 ല്‍ അച്യുതമേനോന്‍ മന്ത്രിസഭ ഒറ്റയടിക്ക്‌ ആ നിയമം നടപ്പാക്കുമെന്നറിയിക്കുകയും ജന്മിത്വത്തിന്‌ അറുതി വരുത്തുകയും ചെയ്‌തു. 1957 ലെ സര്‍ക്കാര്‍ ഏറ്റെടുത്ത ഏറ്റവും മുഖ്യ ദൗത്യം അങ്ങനെ പൂര്‍ത്തിയാക്കി. ഇന്നത്തെ ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിനും വഴികാട്ടിയും പ്രചോദനവും 1957 ലെ മന്ത്രിസഭയാണ്‌.