എ.കെ. ഗോപാലന്‍
എ.കെ. ഗോപാലന്‍

സ: എ.കെ. ഗോപാലന്‍ 1977 മാര്‍ച്ച്‌ 22-ാം തീയതിയാണ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ്‌ എ.കെ.ജി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര്‌ തന്നെ ലഭിച്ചത്‌ ഇതുകൊണ്ടാണ്‌.

1904 ഒക്‌ടോബര്‍ ഒന്നാംതീയതിയാണ്‌ കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്‌. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്‌. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്‌. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.