എ.കെ.ജിഎ.കെ.ജി


എ.കെ.ജി. എന്ന മൂന്നക്ഷരം കൊണ്ട്‌ ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ലബ്‌ധപ്രതിഷ്‌ഠ നേടിയിട്ടുള്ള ഏ.കെ. ഗോപാലന്‍ പെരളശ്ശേരിക്കടുത്ത്‌ മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌ കുറ്റിയ്യരി എന്ന ജന്മി തറവാട്ടില്‍ 1902-ലാണ്‌ ജനിച്ചത്‌. അല്‌പകാലത്തെ അധ്യാപക ജോലിക്ക്‌ ശേഷം ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്തേയ്‌ക്കിറങ്ങി. 1930-ല്‍ ഉദ്യോഗം രാജി വച്ച്‌ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ ജയില്‍വാസം വരിച്ചതുകൊണ്ട്‌ ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം 1977 മാര്‍ച്ച്‌ 22-ാം തീയതി അന്തരിക്കുന്നവരെയും ഇന്ത്യയിലാകമാനം നിറഞ്ഞുനിന്നു.

പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു എ.കെ.ജി. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളില്‍ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌.

എ.കെ.ജി നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും നേതൃത്വപരമായ പങ്കാണ്‌ വഹിച്ചത്‌. അടിസ്ഥാന വര്‍ഗങ്ങളോട്‌ പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ്‌ എ.കെ.ജിയെ `പാവങ്ങളുടെ പടത്തലവനാ'ക്കിയത്‌. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ്‌ പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ്‌ എ.കെ.ജിക്ക്‌, വ്യക്തി എന്നതിലുപരി പ്രസ്ഥാനമായിരുന്നു എന്ന വിശേഷണം ലഭിച്ചത്‌.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ അജണ്ടകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക്‌ വളര്‍ത്തിയെടുത്താണ്‌ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ശക്തിപ്രാപിച്ചത്‌. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്‌ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ പ്രധാന പോരാളിയായിരുന്നു എ.കെ.ജി. പാലിയം സമരത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നതിലും എ.കെ.ജി സുപ്രധാനമായ പങ്ക്‌ വഹിച്ചു. ഹരിജനങ്ങള്‍ക്ക്‌ വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത്‌ സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതാണ്‌.

കോഴിക്കോട്‌ - ഫറോക്ക്‌ മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, പണിമുടക്കുകള്‍ സംഘടിപ്പിച്ചതും കൃഷ്‌ണപിള്ളയോടൊപ്പം എ.കെ.ജിയായിരുന്നു. വടക്കെ മലബാറില്‍ ഉശിരന്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ.കെ.ജിയുടെ സംഭാവന വളരെ വലുതാണ്‌.

എത്തിയ ഇടങ്ങളിലെല്ലാം അനീതികള്‍ക്കെതിരായുള്ള പോരാട്ടം എ.കെ.ജി സംഘടിപ്പിച്ചു. ജയിലിലടച്ചാല്‍ എ.കെ.ജിയിലെ പ്രക്ഷോഭകാരിയെ ദുര്‍ബ്ബലപ്പെടുത്താമെന്നായിരുന്നു ഭരണാധികാരികള്‍ കരുതിയത്‌. ജയിലുകളിലും എ.കെ.ജി പ്രക്ഷോഭമുയര്‍ത്തി. സമരപോരാട്ടങ്ങളില്‍ സജീവമാകാന്‍ ജയില്‍ ചാടിയ അനുഭവവും എ.കെ.ജിക്കുണ്ട്‌. 1947 ല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോഴും എ.കെ.ജി ജയിലഴിക്കകത്തായിരുന്നു. പിന്നീട്‌ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ 24-നാണ്‌ സഖാവ്‌ മോചിതനാകുന്നത്‌.

എ.കെ.ജിയുടെ പോരാട്ടം കേരളത്തിനകത്ത്‌ മാത്രമായി ഒതുങ്ങിനിന്നിരുന്നില്ല. 1951 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കിസാന്‍ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റായി എ.കെ.ജിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ അക്കാലത്തെ എല്ലാ കര്‍ഷക പോരാട്ടങ്ങളിലും എ.കെ.ജിയുടെ സജീവമായ ഇടപെടലുണ്ടായിരുന്നു. ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ വേദിയായ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ എ.കെ.ജി ഇന്നും ആവേശമുയര്‍ത്തുന്ന ഓര്‍മ്മയാണ്‌.

മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ അദ്ദേഹം അറസ്റ്റ്‌ വരിക്കുകയും പഞ്ചാബിലെ കര്‍ഷകര്‍ ജലനികുതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തെ സഹായിച്ചതിന്‌ പഞ്ചാബില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാടു കടത്തുകയും ചെയ്‌തു.

കോടതി പോലും എ.കെ.ജിക്ക്‌ സമരവേദിയായിരുന്നു. മുടവന്‍മുഗള്‍ കേസുമായി ബന്ധപ്പെട്ട്‌ എ.കെ.ജിയെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ സ്വയം കേസ്‌ വാദിച്ച്‌ മോചനം വാങ്ങിയ അനുഭവവും സഖാവിനുണ്ട്‌. പുതിയ ഭരണഘടനയുടെ 22-ാം വകുപ്പിലെ ചില പഴുതുകള്‍ ഉപയോഗിച്ച്‌ കരുതല്‍ തടങ്കല്‍ നിയമം കരുതല്‍ തടവുകാരെ തുടര്‍ന്നും ജയിലില്‍ അടയ്‌ക്കാനുള്ള നിയമം സര്‍ക്കാര്‍ ഉണ്ടാക്കി. ഇത്‌ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ച്‌ അന്ന്‌ ജയിലിലായിരുന്ന എ.കെ.ജി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെയും സ്വതന്ത്ര ഇന്ത്യയിലെ നിയമവാഴ്‌ചയുടെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം നേടിയ ഈ കേസിനെ നിയമഭാഷയില്‍ `എ.കെ. ഗോപാലന്‍ വേഴ്‌സസ്‌ സ്റ്റേറ്റ്‌ ഓഫ്‌ മദ്രാസ്‌' എന്ന പേരില്‍ വിളിക്കുന്നു. നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ കേസ്‌ പഠനവിഷയമാണ്‌.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന്‌ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റായിരുന്നു എ.കെ.ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ.കെ.ജി പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സഖാവ്‌ നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്‌. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്‌ത്തിയ ഘട്ടത്തിലാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌.

എ.കെ.ജി നയിച്ചിട്ടുള്ള ജാഥകളെല്ലാം തന്നെ രാഷ്‌ട്രീയകൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിട്ടുള്ളവയാണ്‌. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ തുടര്‍ന്ന്‌ കേരളമാകെ പര്യടനം നടത്തിയ പട്ടിണിജാഥ, തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ ജാഥ, 1960 ല്‍ കാസര്‍കോട്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തിയ കര്‍ഷകജാഥ എന്നിവയെല്ലാം മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയവയും സംഭവബഹുലവുമായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനസത്യാഗ്രഹം, പാലിയം സത്യാഗ്രഹം എന്നീ അയിത്തവിരുദ്ധസമരങ്ങളില്‍ എ.കെ.ജി നേതൃത്വപരമായ പങ്ക്‌ വഹിച്ചു. അമരാവതിയിലെ കുടിയിറക്കലിനെതിരെ എ.കെ.ജി നടത്തിയ നിരാഹാരസമരം കേരളത്തിലെ ഐതിഹാസികസംഭവങ്ങിലൊന്നാണ്‌. ചുരുളി- കീരിത്തോട്ടിലേയും, കൊട്ടിയൂരിലേയും കുടിയിറക്കലിനെതിരായി എ.കെ.ജി നടത്തിയ സമരങ്ങളും പ്രസിദ്ധങ്ങളാണ്‌.

1962 മുതല്‍ പാര്‍ട്ടിയിലെ റിവിഷനിസത്തിനെതിരായും 1967 മുതല്‍ തീവ്രവാദത്തിനെതിരായും എകെജി അടിയുറച്ചുനിന്ന്‌ പോരാടി. ചൈനാ ചാരന്‍ എന്ന്‌ മുദ്ര കുത്തിക്കൊണ്ട്‌ മറ്റ്‌ സഖാക്കളോടൊപ്പം എ.കെ.ജി തടവില്‍ പാര്‍പ്പിക്കപ്പെട്ടു. ഇന്ദിരാഗാന്ധി 1975 ല്‍ നടപ്പിന്‍ വരുത്തിയ അടിയന്തിരാവസ്ഥക്കെതിരായി എ.കെ.ജി നടത്തിയ ഉജ്ജ്വലസമരമാണ്‌ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീരെ ക്ഷയിപ്പിച്ചതും പെട്ടെന്ന്‌ അന്ത്യത്തിനിടയാക്കിയതും.