Font help
 
 
ചരിത്രം  >> പോരാട്ടങ്ങള്‍


പോരാട്ടങ്ങള്‍

പട്ടിണി മാര്‍ച്ച്‌

1936 ജൂലായ്‌ 1 ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട കാല്‍നടജാഥയുടെ ക്യാപ്‌റ്റന്‍ എ.കെ.ജിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന കാലത്ത്‌ അതില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ്‌ ജാഥയിലൂടെ മുഴക്കിയത്‌.
"പട്ടിണിയായ്‌ പട്ടിണിയായ്‌
മുറുമുറെ പട്ടിണിയായ്‌
പട്ടണത്തിലുള്ളവരും ഉള്‍നാട്ടുകാരും"

ഗ്രാമഗ്രാമാന്തരങ്ങളില്‍ ആ പാട്ട്‌ അലയടിച്ചു. ജനങ്ങളത്‌ ഏറ്റുപാടി.
"വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ എന്താണെന്നു ജനങ്ങളെ പഠിപ്പിക്കുകയും ആ മഹാമാരി തുടച്ചുനീക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്നും അവരെ മനസ്സിലാക്കിക്കുകയും ആയിരുന്നു ജാഥയുടെ ലക്ഷ്യം. മറ്റു വിധത്തില്‍ പറഞ്ഞാല്‍ അത്‌ സോഷ്യലിസത്തിന്റെ പുതിയ രീതിയിലുള്ള പ്രചാരണമായിരുന്നു. ഗവണ്‍മെന്റ്‌ ഇത്‌ വളരെ നന്നായി മനസ്സിലാക്കി. ഒരു വലിയ സംഘം പോലീസുകാരും കാല്‍നടയായി ഞങ്ങളെ അനുഗമിച്ചു. ഓരോ സ്ഥലത്തും ഓരോ പുതിയ സംഘം പോലീസ്‌ ഞങ്ങളോട്‌ ചേരും. ഒരു പോലീസ്‌ ജാഥ ഞങ്ങളെ പിന്തുടരുന്നതുപോലെയായിരുന്നു."(എ.കെ.ജി)

വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചാണ്‌ ജാഥ മുന്നോട്ടുനീങ്ങിയത്‌. ജാഥ ഒരു പുതിയ സംരംഭമായിരുന്നതുകൊണ്ടും പല സ്ഥലത്തും പ്രസ്ഥാനം ഇല്ലാതിരുന്നതും ഈ പ്രയാസങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാലും പാട്ടും മുദ്രാവാക്യം വിളിയും അവരില്‍ വീണ്ടും ആവേശമുണര്‍ത്തി.
750 നാഴിക നടന്നാണ്‌ അവര്‍ മദിരാശിയിലെത്തിയത്‌. അതിനിടയ്‌ക്ക്‌ 500 പൊതുയോഗങ്ങള്‍. അവയില്‍ രണ്ടു ലക്ഷം ആളുകളോട്‌ പ്രസംഗിച്ചു. 25000 ലഘുലേഖകള്‍ വിറ്റു. ചില്ലറതുട്ടുകളായി 500 രൂപ പിരിച്ചെടുത്തു.
ഈ ജാഥയിലെ അനുഭവം എല്ലാ താലൂക്കുകളിലും ചെറിയ ജാഥകള്‍ നടത്താനുള്ള ആവേശം അവര്‍ക്കുണ്ടായി. പട്ടിണിക്കും തൊഴിലില്ലായ്‌മയ്‌ക്കുമെതിരായി ഈ ജാഥകളിലൂടെ ഉയര്‍ത്തിയ ശക്തമായ പ്രചാരണം സാമാന്യജനങ്ങളില്‍ വലിയ തോതില്‍ പടര്‍ന്നു പിടിച്ചു.
ധാരാളം പുതിയ പ്രവര്‍ത്തകര്‍ ഇതുവഴി രംഗത്തു വരികയും ചെയ്‌തു.

1940 സെപ്‌തംബര്‍ 15
രണ്ടാം ലോകയുദ്ധകാലം

നാല്‌പതുകോടി ഇന്ത്യക്കാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട്‌, അവരുടെ അഭിപ്രായമാരായാതെ ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറി ലിയോപ്പോള്‍ഡ്‌ ആമറി ഇന്ത്യയേയും യുദ്ധത്തില്‍ പങ്കാളിയായി പ്രഖ്യാപിച്ചുകൊണ്ടു ബ്രിട്ടീഷ്‌ കോമണ്‍സഭയില്‍ പ്രസംഗിച്ചു.

ഇന്ത്യയുടെ അനുമതിയോ, അറിവോ കൂടാതെ, നാല്‌പ്പതുകോടി ജനതയെ നിര്‍ബന്ധപൂര്‍വ്വം യുദ്ധത്തിലേക്ക്‌ വലിച്ചിഴക്കുന്നതില്‍  പ്രതിഷേധിക്കുവാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിററി ഇന്ത്യന്‍ ജനതയോടഭ്യര്‍ത്ഥിച്ചു.

അന്നു ഇടതുപക്ഷത്തിന്റെ കൈയിലായിരുന്ന കെ പി സി സിയും പ്രതിഷേധത്തിനാഹ്വാനം ചെയ്‌തു. കേരളം ആവേശപൂര്‍വ്വം ആഹ്വാനം ഏറ്റെടുത്തു. 1940 സെപ്‌തംബര്‍ 15 ന്‌ മട്ടന്നൂരിലും മൊറാഴയിലും തലശ്ശേരി കടപ്പുറത്തും പോലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ്‌ നിറയൊഴിച്ചു. തലശ്ശേരി കടപ്പുറത്ത്‌ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.

മൊറാഴ
1940 സെപ്‌തംബര്‍ 15

കെ പി സി സിയുടെ പ്രതിഷേധാഹ്വാനത്തിനു മുമ്പു തന്നെ കര്‍ഷകസംഘം വിലവര്‍ദ്ധന പ്രതിഷേധ ദിനമാചരിക്കുവാന്‍ ആഹ്വാനം നടത്തിയിരുന്നു.
ചിറയ്‌ക്കല്‍ താലൂക്കിലെ കീച്ചേരിയിലാണ്‌ കര്‍ഷകസംഘം സമ്മേളനം നടത്താന്‍ തീരുമാനിച്ചത്‌.

സെപ്‌തംബര്‍ 15 ന്‌ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി കര്‍ഷകജാഥകളും ആറോണ്‍ മില്‍ തൊഴിലാളികളും കീച്ചേരിയിലേക്ക്‌ പുറപ്പെട്ടു. ഒരു സംഘം പോലീസ്‌ എത്തി അവിടെ 144 പ്രഖ്യാപിച്ചതായി അറിയിച്ചു.

ഉടനെ നിരോധനമില്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക്‌ സമ്മേളനം മാറ്റാന്‍ സംഘാടകര്‍ നിശ്ചയിച്ചു.

എല്ലാ ജാഥകളും അഞ്ചാംപീടികയിലേക്ക്‌ നീങ്ങി. പോലീസ്‌ അവിടെയും എത്തി. നിരോധനാജ്ഞ അവിടെയും പ്രഖ്യാപിച്ചു. അതു വകവെയ്‌ക്കാന്‍ കൃഷിക്കാര്‍ തയ്യാറായില്ല. പോലീസു ലാത്തിച്ചാര്‍ജ്ജ്‌ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം കൈയില്‍ കിട്ടിയതൊക്കെ പോലീസിനെ നേരിടാന്‍ ഉപയോഗിച്ചു. ശക്തമായ കല്ലേറില്‍ ഇന്‍സ്‌പെക്‌ടര്‍ കുട്ടികൃഷ്‌ണമേനോന്‍ മരിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പിന്നീട്‌ പോലീസിന്റെ ഭീകരവാഴ്‌ചയായിരുന്നു. 38 പേരെ പ്രതികളാക്കി കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തു. ഈ കേസില്‍ കെ പി ആറിനെ വധശിക്ഷക്ക്‌ വിധിച്ചു. മറ്റുള്ളവരെ വിവിധകാലത്തേക്കും. ശക്തമായ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നു 1942 മാര്‍ച്ച്‌ 24-ാം തീയതി മദിരാശി ഗവണ്‍മെന്റ്‌ കെ പി ആറിന്റെ വധശിക്ഷ ഇളവു ചെയ്‌തു.

കയ്യൂര്‍
1943 മാര്‍ച്ച്‌ 29


കയ്യൂരില്‍ നടന്ന പോലീസ്‌ മര്‍ദ്ദനത്തില്‍ പങ്കെടുത്ത സുബരായന്‍ എന്ന പോലീസുകാരന്‍ പിറ്റേന്നു മര്‍ദ്ദനപ്രതിഷേധക്കാരുടെ കൈകളില്‍ ചെന്നുപെട്ടു. അയാളെ കൈകാര്യം ചെയ്യാന്‍ ജാഥാംഗങ്ങള്‍ ആവേശം കാട്ടിയെങ്കിലും നേതാക്കള്‍ ഇടപെട്ടു സംഘര്‍ഷം ഒഴിവാക്കി. പോലീസുകാരന്‍ കൊടിയും പിടിച്ചു ജാഥക്കു മുമ്പില്‍ നടക്കണം എന്ന വ്യവസ്ഥയില്‍ വേറെ വഴിയില്ലാതെ അയാളതു ചെയ്‌തു.  തഞ്ചം കിട്ടിയപ്പോള്‍ അയാള്‍ കൊടി വലിച്ചെറിഞ്ഞു പുഴയില്‍ ചാടി രക്ഷപ്പെടാന്‍ നോക്കി. പക്ഷേ പുഴയില്‍ മുങ്ങി മരിച്ചു.

അന്നു കയ്യൂരും പരിസരങ്ങളിലും കര്‍ഷകപ്രസ്ഥാനവും കോണ്‍ഗ്രസും ശക്തമായിരുന്നു. വിപ്ലവപ്രസ്ഥാനത്തെ അടിച്ചൊതുക്കാനുള്ള ഒരവസരമായി പോലീസും സ്ഥാപിതതാല്‍പ്പര്യക്കാരും കയ്യൂര്‍ സംഭവം എടുത്തു. കയ്യൂരും ചുറ്റുപാടുമുള്ള 61 പേരെ പ്രതികളാക്കി അവര്‍ കേസെടുത്തു.
അതില്‍ അഞ്ചുപേരെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു.

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കല്‍ അബൂബക്കര്‍
ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായര്‍

മറ്റുള്ളവരെ വിവിധ കാലത്തേക്കു ശിക്ഷിച്ചു. ചൂരിക്കാടന്‍ മൈനര്‍ ആയിരുന്നതുകൊണ്ട്‌ തൂക്കിക്കൊലില്‍ നിന്നു ഒഴിവാക്കി ജീവപര്യന്തം തടവാക്കി. മറ്റുളളവരെ രക്ഷപ്പെടുത്തുവാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആ നാലു പേരെ 1943 മാര്‍ച്ച്‌ 29 ന്‌ തൂക്കിക്കൊന്നു.


ഇന്ത്യയില്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷികള്‍.

ഒഞ്ചിയം

ഒഞ്ചിയത്തു വെച്ചു നടന്ന താലൂക്ക്‌ പാര്‍ടി കമ്മിറ്റി യോഗത്തില്‍ സ. പി ആര്‍ നമ്പ്യാര്‍, പി.പി ശങ്കരന്‍ തുടങ്ങിയവരുണ്ടായിരുന്നു. ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കുവേണ്ടിയുമുള്ള സമരം സ. മണ്ടൊടി കണ്ണന്റെ നേതൃത്വത്തില്‍ ശക്തിയായി നടന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്‌. എം എസ്‌ പിക്കാര്‍ ഏതു സമയവും റോന്തുചുറ്റി സഖാക്കന്‍മാരെ വേട്ടയാടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്‌ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ രാവും, പകലും പ്രവര്‍ത്തിച്ചു പ്രശസ്‌തിയാര്‍ജ്ജിച്ച സ. മണ്ടോടി കണ്ണന്‍ ഒഞ്ചിയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു. കണ്ണനെ അന്വേഷിക്കാനെന്ന പേരില്‍ 1943 ഏപ്രില്‍ 30ന്‌ എം എസ്‌ പിക്കാര്‍ മുക്കാളിയില്‍ കൂടി കണ്ണനെ അന്വേഷിച്ചു. വീട്ടില്‍ ചെന്നു. കണ്ണനെ കണ്ടില്ല. പുളിയുള്ളതില്‍ എന്ന വീട്ടില്‍ വന്ന്‌ എം കെ കേളുവുണ്ടോ, പി ആര്‍ നമ്പ്യാരുണ്ടോ എന്നൊക്കെ അന്വേഷിച്ചു. ആളില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. അവിടെയുണ്ടായിരുന്ന വീട്ടുടമസ്ഥന്‍ ചോയിക്കാരണവരേയും മകന്‍ കണാരനേയും അറസ്റ്റ്‌ ചെയ്‌തു. അറസ്റ്റ്‌ വിവരം മെഗഫോണില്‍ നാടു മുഴുവന്‍ അറിയിക്കപ്പെട്ടു.

അറസ്റ്റ്‌ ചെയ്യപ്പെട്ട ചോയിക്കാരണവരേയും മകന്‍ കണാരനേയും വിട്ടുതരണമെന്നും പറയുന്ന സ്ഥലത്ത്‌ ഹാജരാക്കാമെന്നും പറഞ്ഞപ്പോള്‍ വിട്ടുതരാമെന്ന മറുപടിയുണ്ടായി. സ. അളവക്കല്‍ കൃഷ്‌ണന്റെ നേതൃത്വത്തില്‍ ജനങ്ങളും ഇവരെ അനുഗമിച്ചു. വയല്‍ വിട്ട്‌ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ പോലീസ്‌ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവച്ചു. സഖാക്കള്‍ മേനോന്‍ കണാരന്‍, അളവക്കല്‍ കൃഷ്‌ണന്‍, പുറയില്‍ കണാരന്‍, പാറൊള്ളതില്‍ കണാരന്‍, വി കെ ചാത്തു, കെ പി രാവുട്ടി, കെ എം ശങ്കരന്‍, വി പി ഗോപാലന്‍ എന്നിങ്ങനെ എട്ടുപേര്‍ വെടിവെപ്പിലും പോലീസിന്റെയും എം എസ്‌ പിയുടേയും മര്‍ദ്ദനഫലമായി സഖാക്കള്‍ മണ്ടോടി കണ്ണന്‍, കൊല്ലനിച്ചേരി കുമാരന്‍ എന്നിവര്‍ ആശുപത്രിയിലും വെച്ച്‌ മരിച്ചു. അങ്ങനെ ഒഞ്ചിയം രക്തസാക്ഷികള്‍ പത്തായി. വെടിവെപ്പില്‍ മരിച്ച എട്ടുപേരെ വടകര പുറങ്കര എന്ന ഗവണ്‍മെന്റ്‌ സ്ഥലത്ത്‌ ഒരു കുഴി വെട്ടി മറവു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രദേശത്തുകാര്‍ ശക്തിയായി എതിര്‍ത്തു. അതിന്റെ ഫലമായി ഓരോരുത്തരെയായി മറവു ചെയ്യാന്‍ ഏര്‍പ്പാടു ചെയ്‌തു.

രക്തസാക്ഷികളെ മറവ്‌ ചെയ്‌ത സ്ഥലത്ത്‌ ഒരു രക്തസാക്ഷി സ്‌തംഭം നിര്‍മ്മിച്ച്‌ രക്തസാക്ഷികളുടെ നാമം കുറിച്ചുവെച്ച്‌ രക്തസാക്ഷികളെ അനശ്വരരാക്കിയിരിക്കുന്നു.

പുന്നപ്ര - വയലാര്‍

കേരളത്തില്‍ സമരഭരിതമായ ഓര്‍മകളിലെ കുതിപ്പാണ്‌ പുന്നപ്ര - വയലാര്‍. ചോരയുടേയും കണ്ണീരിന്റേയും കനല്‍വഴികളിലൂടെ മുന്നേറിയ മലയാളമണ്ണിന്റെ ചരിത്രത്തിലെ ഒരു ചുവന്നപൊട്ട്‌. തെലങ്കാന പോലെ - തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങള്‍ക്കു തിലകക്കുറിയായി മാറിയസമരം. മര്‍ദ്ദക - ചൂഷണ ഭരണകൂടത്തിന്റെ എല്ലാ നെറികേടുകള്‍ക്കുമെതിരെ അഭിമാനബോധമുള്ള തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമരം. അത്‌ ചരിത്രഗതി നിര്‍ണയിക്കാന്‍ പ്രാപ്‌തമായ അത്‌ ചരിത്രഗതിമുന്നേറ്റം കൂടിയായിരുന്നു.

ദാരിദ്ര്യത്തിലും പട്ടിണിയിലും ജന്മി - ഗുണ്ടാവര്‍ഗത്തിന്റെ പീഡനങ്ങളിലും ഹോമിക്കപ്പെടുന്ന ജീവിതമായിരുന്നു അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകള്‍ ഉള്‍പ്പെടുന്ന വടക്കുപടിഞ്ഞാറന്‍ തിരുവിതാംകൂറിലെ തൊഴിലാളികളുടേത്‌. ഈ കാലഘട്ടത്തിലാണ്‌ ഇന്നും തിരുവിതാംകൂറില്‍ ആദ്യമായി വ്യവസായവത്‌കരിക്കപ്പെട്ട അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സംഘടനാപ്രവര്‍ത്തനത്തിലൂടെ ഉന്നതമായ രാഷ്‌ട്രീയബോധം സ്വന്തമാക്കിയത്‌.

ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന ആലപ്പുഴയില്‍ രൂപമെടുത്തത്‌ - 1097 മീനം 18ന്‌ (1922 മാര്‍ച്ച്‌ 31) രൂപം കൊണ്ട തിരുവിതാംകൂര്‍ ലേബര്‍ അസ്സോസിയേഷന്‍. എമ്പയര്‍ കയര്‍ വര്‍ക്‌സ്‌ തൊഴിലാളികളുടേതായ ഈ സംഘടന തികച്ചും തൊഴില്‍പരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു രൂപംകൊണ്ടത്‌.

തങ്ങളുടെ ജീവിതാവശ്യങ്ങള്‍ രാജാവിനെ നേരിട്ടു ബോധ്യപ്പെടുത്തുവാന്‍ ലേബര്‍ അസോസിയേഷന്‍ തീരുമാനിച്ചു. കൊട്ടാരവാതില്‍ക്കലേക്ക്‌ ജാഥ നടത്താനുള്ള തൊഴിലാളികളുടെ തീരുമാനം തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഒരു സിംഹഗര്‍ജ്ജനമായിരുന്നു. രാജഭരണത്തിനു ഇത്‌ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജാഥ നിരോധിച്ചു. ജാഥയുടെ നിര്‍ദ്ദിഷ്‌ട ക്യാപ്‌റ്റന്‍ കൊല്ലം ജോസഫ്‌ അറസ്റ്റിലുമായി.

1113 കുംഭം 24 ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ, അരൂര്‍ മേഖലകളിലെ കയര്‍ഫാക്‌ടറിതൊഴിലാളികള്‍ തുടര്‍ച്ചയായ കൂലികുറയ്‌ക്കലിനെതിരെ പണിമുടക്ക്‌ നടത്താന്‍ തീരുമാനിച്ചു. പണിമുടക്കിന്‌ മുമ്പേതന്നെ നേതാക്കള്‍ അറസ്റ്റിലായി. ആലപ്പുഴ പോലീസ്‌ സ്റ്റേഷനിലേക്ക്‌ തൊഴിലാളികള്‍ മാര്‍ച്ച്‌ ചെയ്‌തു. തൊഴിലാളികളെ പോലീസ്‌ ഭീകരമായി ലാത്തിച്ചാര്‍ജ്ജ്‌ ചെയ്‌തു. ലാത്തിച്ചാര്‍ജ്ജില്‍ ബാവ മരിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി രക്തസാക്ഷി.

1114 തുലാം 5 (1938 ഒക്‌ടോബര്‍ 22) അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളില്‍ കയര്‍ഫാക്‌ടറി തൊഴിലാളികള്‍ അനിശ്ചിതകാലപണിമുടക്ക്‌ ആരംഭിച്ചു. കൂലിവര്‍ദ്ധന നടപ്പാക്കുന്നതോടൊപ്പം ദേശീയനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരം ഉന്നയിച്ചു.

1946 ആയപ്പോള്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ ഉത്തരവാദഭരണം നല്‍കും. പ്രായപൂര്‍ത്തിവോട്ടവകാശം വിനിയോഗിച്ച്‌ തെരഞ്ഞെടുക്കുന്ന നിയമസഭയെയും അംഗീകരിക്കും. പക്ഷേ രാജഭരണം തുടരും. ദിവാന്റെ നേതൃത്വത്തിലുള്ള മാറ്റാനാവാത്ത ഉന്നതഭരണമണ്‌ഡലവും നിലനില്‍ക്കും. ഇതായിരുന്നു 'അമേരിക്കന്‍ മോഡല്‍' എന്ന കുപ്രസിദ്ധ ഭരണരീതിയുടെ ചുരുക്കം.

ഇതിനെതിരെ നീങ്ങാന്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതൃത്വവും കമ്യൂണിസ്റ്റുകാരും തീരുമാനിച്ചു. ഇതിനിടയിലാണ്‌ 1122 കന്നി 27ന്‌ (1946) തിരുവിതാംകൂര്‍ കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍, മുഹമ്മ കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍, ചേര്‍ത്തല കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എന്നീ സംഘടനകളുടെ സംയുക്തയോഗം ചേര്‍ന്ന്‌ 27 ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്യാന്‍ തീരുമാനിച്ചത്‌. ദിവാന്‍ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദഭരണം അനുവദിക്കുക തുടങ്ങിയ രാഷ്‌ട്രീയാവശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ടി.വി. തോമസ്‌ കണ്‍വീനറായി സമരസമിതി രൂപീകരിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭമാണ്‌ പുന്നപ്ര - വയലാര്‍ സമരമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്‌.

പുന്നപ്ര - വയലാര്‍ സമരമുന്നേറ്റത്തിലെ ആദ്യസംഭവം പുന്നപ്രയിലെ വെടിവെയ്‌പ്പായിരുന്നു. 1122 തുലാം ഏഴിന്‌ (1946 ഒക്‌ടോബര്‍ 24) പുന്നപ്ര കടപ്പുറത്ത്‌ സായുധരായ പോലീസുകാര്‍ എത്തി. തൊഴിലാളികളും പോലീസിനെ നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുന്നപ്ര കടപ്പുറത്ത്‌ ആയിരത്തോളം വരുന്ന തൊഴിലാളികളോട്‌ മുഖാമുഖം ഏറ്റുമുട്ടാനെത്തിയ പോലീസ്‌ പൊടുന്നനെ വെടിവയ്‌പ്പിനുള്ള ഒരുക്കത്തിലായിരുന്നു. റിസര്‍വ്വ്‌ പോലീസിന്റെ തോക്കുകള്‍ തീതുപ്പി. തൊഴിലാളികള്‍ മണ്ണില്‍ കമിഴ്‌ന്നുകിടന്ന്‌ പോലീസുകാരെ ലക്ഷ്യമാക്കി ഇഴഞ്ഞുനീങ്ങി. തലപൊക്കിയ ചിലര്‍ക്ക്‌ വെടിയേറ്റു. ചിലര്‍ പോലീസിന്റെ തോക്കു പിടിച്ചുവാങ്ങി. തെങ്ങുകയറ്റത്തൊഴിലാളിയായ കുഞ്ഞുണ്ണി എസ്‌.ഐ വേലായുധന്‍ നാടാരെ വെട്ടി. നാടാര്‍ വീണു. ചെറുത്തും പൊരുതിയുമുള്ള മുന്നേറ്റമായി. കൈമെയ്‌ മറന്ന പോരാട്ടം. 27 സമരവോളണ്ടിയര്‍മാര്‍ വെടിയേറ്റു മരിച്ചുവീണു. എസ്‌.ഐ വേലായുധന്‍ നാടാര്‍ക്ക്‌ 196 മുറിവുണ്ടായിരുന്നു. പോലീസിന്റെ 22 തോക്കുകള്‍ കാണാതായി.

പിറ്റേന്ന്‌ പട്ടാളഭരണം പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ അറസ്റ്റും ലോക്കപ്പ്‌ മര്‍ദ്ദനവും ജയില്‍വാസവുമായിരുന്നു തൊഴിലാളി നേതാക്കള്‍ക്ക്‌.

തുലാം എട്ടിന്‌ ആലപ്പുഴക്ക്‌ വടക്കുള്ള കാട്ടൂര്‍ സമരക്യാമ്പിനു നേരെ പട്ടാളം മാര്‍ച്ച്‌ ചെയ്‌തു. ഒരു സംഘം സഖാക്കള്‍ അവരെ തടഞ്ഞു. അവരുടെ നേരെ പട്ടാളം വെടിവെച്ചു. ഒരാള്‍ വെടിയേറ്റു വീണു. മറ്റു പലര്‍ക്കും പരിക്കേറ്റു. എങ്കിലും കാട്ടൂര്‍ ക്യാമ്പില്‍ എത്തുന്നതിനു മുമ്പ്‌ പട്ടാളം ധൈര്യം നഷ്‌ടപ്പെട്ട്‌ തിരിച്ചുപോയി.

ഇതിനിടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ പട്ടാളഭരണം പ്രഖ്യാപിച്ചിരുന്നു. ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തന്നെ ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. പട്ടാളം ആലപ്പുഴക്ക്‌ വടക്കോട്ടു നീങ്ങുന്നത്‌ തടയാന്‍ മാരാരിക്കുളത്തെ മായിത്തറ കലുങ്ക്‌ പൊളിച്ചുനീക്കാന്‍ കണ്ണാര്‍ക്കാട്‌ ക്യാമ്പിലെ സഖാക്കള്‍ തീരുമാനിച്ചു. കലുങ്ക്‌ പൊളിക്കുകയും ചെയ്‌തു. പട്ടാളം വന്ന്‌ അത്‌ പുതുക്കിപ്പണിതു. അതും തകര്‍ക്കപ്പെട്ടു. പിന്നീട്‌ പാലം പൊളിക്കാന്‍ ചെന്ന സഖാക്കളുടെ നേരെ പട്ടാളം വെടിവെച്ചു. അത്‌ തുലാം പത്തിനായിരുന്നു. അഞ്ച്‌ സഖാക്കള്‍ അവിടെ മരിച്ചുവീണു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു.

പിറ്റേന്ന്‌ (തുലാം 11) ആയിരുന്നു. വയലാര്‍ വെടിവെപ്പ്‌. ചേര്‍ത്തല പട്ടാളക്യാമ്പില്‍ നിന്ന്‌ പട്ടാളക്കാര്‍ വയലാറിലെ സമരക്യാമ്പിനടുത്തേക്ക്‌ ബോട്ടില്‍ എത്തി. സമരക്യാമ്പിനുനേരെ വെടി ഉതിര്‍ത്തു. അവിടെ ഉണ്ടായിരുന്ന ചിലര്‍ വെടിയേറ്റു വീണു. പലരും അടുത്തുള്ള കായലില്‍ ചാടി നീന്തി. എത്രപേര്‍ ക്യാമ്പിലുണ്ടായിരുന്നു, എത്രപേര്‍ക്ക്‌ വെടിയേറ്റു, എത്രപേര്‍ മരിച്ചു എന്നറിയില്ല. ആ ക്യാമ്പില്‍ ഉണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും അവിടത്തുകാരായിരുന്നില്ല എന്നതാണ്‌ ഒരു കാരണം. രക്ഷപെട്ടവരില്‍ നിന്നും, പരിക്കേറ്റവരില്‍ നിന്നും വിവരം അറിയുക എന്നത്‌ തുടര്‍ന്നുള്ള ദിവസങ്ങളിലെ പോലീസ്‌ - പട്ടാള പേക്കൂത്ത്‌ മൂലം പ്രയാസമായിരുന്നു.

തല്‍ക്കാലത്തേക്ക്‌ അത്‌ ആലപ്പുഴയിലും, പരിസരത്തുമുള്ള പ്രദേശങ്ങളില്‍ പാര്‍ടിക്ക്‌ പിന്നോട്ടടി ഉണ്ടായെങ്കിലും, കേരളത്തില്‍ തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെയും, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടേയും വളര്‍ച്ചക്ക്‌ പുന്നപ്ര - വയലാര്‍ സമരം പകര്‍ന്ന്‌ നല്‍കിയ സംഭാവന, ആര്‍ജവം, ജനപിന്തുണ അപാരമാണ്‌.

കരിവെള്ളൂര്‍ സമരം
1946 ഡിസംബര്‍ 20


അരിയും, നെല്ലും പൊന്നു കൊടുത്താലും കിട്ടാനില്ലാത്ത കാലം. ജന്മിയുടെ പത്തായം നിറയെ നെല്ല്‌. അത്‌ മുഴുവന്‍ കരിഞ്ചന്തക്ക്‌. ഭരണകൂടവും, പോലീസും ജന്മിക്ക്‌ കൂട്ടും. കോളനിസര്‍ക്കാര്‍ എം.എസ്‌.പി യെ അഴിച്ചുവിട്ടു, കരിഞ്ചന്തക്കെതിരെ ശബ്‌ദിക്കുന്നവരെ വകവരുത്താന്‍.

കരിവെള്ളൂര്‍ ഒരു കമ്മി പ്രദേശമാണ്‌. ചിറയ്‌ക്കല്‍ തമ്പുരാന്‍ മലബാറിലെ ഭൂസ്വാമിമാരിലൊരാള്‍. തമ്പുരാന്‍ കരിവെള്ളൂരില്‍ നിന്നും നെല്ല്‌ കൊണ്ടുപോകരുതെന്ന്‌ നാട്ടുകാര്‍ പലവട്ടം അപേക്ഷിച്ചു. വകവെച്ചില്ല.

തമ്പുരാന്റെ കാര്യസ്ഥന്‍ നെല്ല്‌ കടത്താനെത്തി. സഹായത്തിന്‌ എം.എസ്‌.പിയും നാട്ടുകാര്‍ നെല്ല്‌ തടഞ്ഞു. എം.എസ്‌.പി നിറയൊഴിച്ചു. കീനേരി കുഞ്ഞിക്കണ്ണനും, തിടിലില്‍ കണ്ണനും രക്തസാക്ഷികളായി. 191 പേരുടെ പേരില്‍ കേസെടുത്തു. അവരെ വിവിധ കാലത്തേക്ക്‌ ശിക്ഷിച്ചു.

കാവുമ്പായി സമരം

മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി സംഭവങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നില്ല കാവുമ്പായി. 1946 ഡിസംബര്‍ 30ന്റെ ഏറ്റുമുട്ടലോടെയാണ്‌ കാവുമ്പായി സമരചരിത്രത്തില്‍ അടയാളപ്പെടുന്നത്‌. എങ്കിലും കര്‍ഷകസംഘത്തിന്റേയും, കമ്യൂണിസ്റ്റ്‌ പാര്‍ടിയുടേയും രൂപീകരണത്തോടെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടത്തിന്റെ വിപുലമായ നിര അവിടെ തീര്‍ക്കപ്പെട്ടിരുന്നു. 1937 ല്‍ തന്നെ മലപ്പട്ടം, എള്ളരിഞ്ഞി, എരുവേശി, പയ്യാവൂര്‍, ചുഴലി, നിടിയേങ്ങ, ചേപ്പറമ്പ്‌ എന്നീ പ്രദേശങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട്‌ പ്രാദേശിക കര്‍ഷകസംഘങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. കേരളീയന്‍, വിഷ്‌ണുഭാരതീയന്‍, കെ പി ആര്‍ ഗോപാലന്‍ തുടങ്ങിയ സഖാക്കള്‍ ഈ പ്രദേശങ്ങളില്‍ വന്നു പ്രവര്‍ത്തിച്ചതിനാലാണു ചിറക്കല്‍ താലൂക്കിലെ ഈ മലയോര ഫര്‍ക്ക സംഘടനാപരമായി പ്രാരംഭം കുറിക്കാന്‍ കഴിഞ്ഞത്‌. ഇവിടെ രൂപീകൃതമായ കോണ്‍ഗ്രസ്‌ കമ്മിറ്റികള്‍ ആദ്യം കര്‍ഷകസംഘം ഘടകങ്ങളായും പിന്നീടവ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും പ്രവര്‍ത്തന കേന്ദ്രങ്ങളായും മാറി.

സംഘടനാപരമായ കരുത്ത്‌ നേടിയെടുക്കുന്നതിന്‌ ഒട്ടേറെ സംഭവങ്ങള്‍ ആധാരമായി വര്‍ത്തിച്ചിട്ടുണ്ട്‌. കാട്ടില്‍ നിന്നു മരത്തടി മുറിച്ചതിന്റെ പേരില്‍ പയ്യാവൂരിലെ ഒരു കൃഷിക്കാരനില്‍ നിന്നു പിഴ ഈടാക്കിയതിനെതിരെ നടന്ന പ്രകടനവും കുടിയാന്‍ മഹായോഗവും, കല്യാട്ട്‌ ജന്മിയുടെ അനീതികള്‍ക്ക്‌ നേരെ ബ്ലാത്തൂരില്‍ നടന്ന മൂന്ന്‌ മഹാസമ്മേളനങ്ങള്‍; കോട്ടൂര്‍ വില്ലേജ്‌ അധികാരിയുടെ ദുഷ്‌ടതകള്‍ക്കെതിരെ അവിടെ നടന്ന കര്‍ഷകപൊതുയോഗം; പെരുമ്പറമ്പ്‌ പൊതുയോഗം; കാവുമ്പായി സ്വാമി മഠം - എള്ളരഞ്ഞി സ്‌കൂള്‍ - ബ്ലാത്തൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച്‌ നടത്തിയ വിദ്യാഭാസപ്രവര്‍ത്തനങ്ങള്‍; വായനശാലയും സാംസ്‌കാരികപരിപാടികളും; ഊരത്തൂരില്‍ വച്ച്‌ കര്‍ഷക നാടക ഗ്രൂപ്പിനെതിരെയുണ്ടായ ആക്രമണം; കൃഷ്‌ണപിള്ള, എ.കെ.ജി തുടങ്ങിയ സഖാക്കളുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍; കെ.പി.ആര്‍. ഗോപാലന്‍, എ.വി. കുഞ്ഞമ്പു, കെ.പി. ഗോപാലന്‍, സുബ്രഹ്മണ്യഷേണായി, അറാക്കല്‍ കുഞ്ഞിരാമന്‍, ആര്‍ ഒതേനന്‍ തുടങ്ങിയ സഖാക്കളുടെ ക്ലാസുകള്‍; വാളണ്ടിയര്‍ സേനാ രൂപീകരണവും മാര്‍ച്ചുകളും; ജാപ്പ്‌ വിരുദ്ധ മേളകള്‍; ഭക്ഷ്യക്ഷാമത്തെ അതിജീവിക്കുന്നതിന്‌ ജനകീയഭക്ഷ്യകമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രാദേശികസഹകരണ സംഘം സ്റ്റോറുകള്‍ മുഖേന നടത്തിയ പ്രയത്‌നങ്ങള്‍, എള്ളരിഞ്ഞി, ബ്ലാത്തൂര്‍ സ്‌കൂളുകളും അയിച്ചേരി ബ്ലാത്തൂര്‍ വായനശാലകളും കത്തിച്ചു നശിപ്പിച്ചത്‌; കള്ളക്കേസില്‍ ഉള്‍പ്പെടുത്തി കര്‍ഷകനേതാവായ എം സി ആറിനെ അറസ്റ്റ്‌ ചെയ്‌തത്‌ ഇങ്ങനെ എത്രയോ ചരിത്ര സംഭവങ്ങള്‍ - ഇത്തരം സംബവങ്ങളുടെ സാക്ഷ്യരേഖകളായി നിരവധി കേസുകളും കള്ളക്കേസുകളും അന്ന്‌ ചുമത്തപ്പെടുകയുണ്ടായി. ജന്മിഗുണ്ടയായ ചീക്കല്‍ കണ്ണനെ തലക്ക്‌ കൊത്തിയ കേസ്‌, ജന്മി വേലക്കാരിയെ ബലാത്സംഗം ചെയ്‌തു എന്ന കേസ്‌, മലപ്പട്ടം നെല്ല്‌ കേസ്‌, കോട്ടൂര്‍ പന്നിക്കൊറക്കേസ്‌, ന്യുച്ച്യാട്ട്‌ തപ്പുമുട്ടി കേസ്‌, മലപ്പട്ടം കുട്ടമുറി കേസ്‌, മാത്തൂര്‍ പ്രതിമാദഹന കേസ്‌, കുയിലൂര്‍ വണ്ണാത്തിമാറ്റ്‌ കേസ്‌, എള്ളിരിഞ്ഞി കുട്ടമുറി ഇവയെല്ലാം ഇതില്‍ പെടുന്നു.

ഭക്ഷ്യക്ഷാമത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്‌ കര്‍ഷകസംഘം നേതാവ്‌ പി നാരായണന്‍ നമ്പ്യാര്‍ രക്തസാക്ഷിയായത്‌. ഇരിക്കൂര്‍ പി സി സി ഡയറക്‌ടര്‍ ബോഡ്‌ അംഗമായ സഖാവ്‌, കല്യാട്ട്‌ ജന്മിയുടെയും കാര്യസ്ഥന്റേയും പൂഴ്‌ത്തിവെച്ച നെല്ല്‌ പിടിച്ചെടുക്കുന്നതിനുവേണ്ടി നല്‍കിയ നിര്‍ദ്ദേശമായിരുന്നു 1946 സെപ്‌തംബറിലെ മൂന്നാം വാരത്തില്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്‌ കാരണമായത്‌. ജഡം ഒരു കിണറ്റില്‍ നിന്നാണ്‌ കണ്ടുകിട്ടിയത്‌.

പഴശ്ശി - തില്ലങ്കേരി

1940 സെപ്‌തംബര്‍ 15-ന്റെ മര്‍ദ്ദന പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂരില്‍ നടന്ന വെടിവെയ്‌പോടെയാണ്‌ കണ്ണൂര്‍ ജില്ലയിലെ പഴയ കോട്ടയം താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നത്‌. വെടിവെപ്പില്‍ നിന്ന്‌ സഖാക്കള്‍ രക്ഷപെട്ടെങ്കിലും ചെറുത്തുനില്‍പ്പില്‍ ഒരു പോലീസുകാരന്‍ മരിച്ചു. കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി മാറിക്കൊണ്ടിരുന്ന കാലത്ത്‌ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ആഹ്വാനമനുസരിച്ചുള്ള മര്‍ദ്ദന പ്രതിഷേധദിനം കമ്യൂണിസ്റ്റുകാരാണ്‌ സജീവമായാചരിച്ചത്‌. പോലീസുകാരന്റെ മരണത്തോടെ സഖാക്കളെ വേട്ടയാടാന്‍ നാട്ടിലുടനീളം മലബാര്‍ സ്‌പെഷ്യല്‍ പോലീസിറങ്ങി. 144-ാം വകുപ്പുപ്രകാരം അഞ്ചോ അതിലധികമോ ആള്‍ക്കാര്‍ കൂട്ടം ചേരുന്നതും ഘോഷയാത്ര നടത്തുന്നതും ആയുധം കയ്യില്‍ വെക്കുന്നതും നിരോധിച്ചുകൊണ്ട്‌ മജിസ്‌ട്രേട്ടിന്റെ ഉത്തരവുണ്ടായി.
പഴശ്ശിയിലെ വി. അനന്തന്‍, കെ.കെ. ബാലകൃഷ്‌ണന്‍ നമ്പ്യാര്‍ എന്നീ അദ്ധ്യാപകര്‍ മട്ടന്നൂര്‍ സംഭവത്തിന്റെ സൂത്രധാരന്മാരായിരുന്നു. അയ്യല്ലൂര്‍ എല്‍.പി. സ്‌ക്കൂളിലെ അദ്ധ്യാപകരായിരുന്നു ഇവര്‍. കോട്ടയം താലൂക്കിലെ കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും സജീവപ്രവര്‍ത്തകരായ ഇരുവരും നാല്‍പ്പതുകളിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയവരാണ്‌.

പഴശ്ശിയില്‍ നിന്ന്‌ എട്ടുകിലോമീറ്റര്‍ കിഴക്കുമാറിയാണ്‌ തില്ലേങ്കരി എന്ന ഗ്രാമം. മലബാറിലെ സമരകേന്ദ്രങ്ങളിലെല്ലാം തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വസ്‌തുത അദ്ധ്യാപകരായ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ സജീവപങ്കാളിത്തമാണ്‌. കരിവെള്ളൂര്‍ക്കാരനായ കുഞ്ഞാപ്പുമാഷ്‌ തില്ലങ്കേരിക്കടുത്തുള്ള മൊടക്കോഴി സ്‌ക്കൂളിലും ചമ്പാട്ടെ കെ.വി.ചാത്തുമാഷ്‌ തില്ലങ്കേരി സ്‌ക്കൂളിലും അദ്ധ്യപകരായി വന്നത്‌ ഈ പ്രദേശത്തിന്റെ സമരപാരമ്പര്യത്തെ ഉണര്‍ത്തിവിടാന്‍ കാരണമായിത്തീര്‍ന്നു. തില്ലങ്കേരിയില്‍ നിന്ന്‌ രണ്ടുസഹോദരന്മാര്‍ നേതൃത്വത്തിലേക്കുയര്‍ന്നുവന്നു. സി. അനന്തനും, സി. ഗോപാലനും, അനന്തന്‍ തോലമ്പ്ര സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ്‌ കൂടുതല്‍ ആകര്‍ഷകമായ തില്ലങ്കേരി അംശം അസിസ്റ്റന്റ്‌ മേനോന്റെ ജോലികിട്ടുന്നത്‌. ഗോപാലന്റെ ഇളയ സഹോദരന്‍, മൊടക്കോഴി സ്‌ക്കൂളില്‍ മാഷായി ജോലിചെയ്യുന്ന അനന്തന്‌ വിപ്ലവവീര്യം കൂടുതലായിരുന്നു.

1948 മെയ്‌ 12-ന്‌ ഒരു സംഘം ഗുണ്ടകള്‍ പഴശ്ശിയില്‍ വന്നിറങ്ങി. ബാലകൃഷ്‌ണന്‍ നമ്പ്യാരുടെ വീട്ടിലേയ്‌ക്ക്‌ ചെന്നെങ്കിലും സഖാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പഴശ്ശിയില്‍ നിന്ന്‌ പാര്‍ട്ടിയുടെ സിരാകേന്ദ്രമായ ഇടവേലിക്കലേക്കുനീങ്ങി. അവിടെ വളര്‍ന്നു നിന്ന മരക്കിഴങ്ങ്‌ ചെടികള്‍ ചവിട്ടിയൊടിച്ച്‌ പന്നി കയറിയതുപോലെയാക്കി.
മെയ്‌ 18-ന്‌ വീണ്ടും ഗുണ്ടകള്‍ പഴശ്ശിയിലിറങ്ങി. വി. അനന്തനും, ബാലകൃഷ്‌ണന്‍ നമ്പ്യാരുമെല്ലാം ചേര്‍ന്ന്‌ പട്ടിണിക്കെതിരെ പ്രവര്‍ത്തിക്കാനായി രൂപീകരിച്ച പി.സി.സി. സൊസൈറ്റിയുടെ ലോറിയിലാണ്‌ ഗുണ്ടകളെ കൊണ്ടുവന്നിറക്കുന്നത്‌. ബാലകൃഷ്‌ണന്‍ നമ്പ്യാരെ തിരക്കിയാണ്‌ അവരെത്തിയത്‌. വീട്ടില്‍തന്നെയുണ്ടായിരുന്ന ബാലകൃഷ്‌ണന്‍ നമ്പ്യാരെ അച്ഛനമ്മമാരുടെ മുന്നില്‍ വെച്ചുതന്നെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. വലിച്ചിഴച്ച്‌ ശിവപുരം എം.എസ്‌.പി. ക്യാമ്പിലേക്ക്‌ കൊണ്ടുപോയി. വഴിയില്‍ വെച്ചും ദ്രോഹം തുടര്‍ന്നു. മെഗഫോണില്‍ ഇന്‍ക്വിലാബ്‌ വിളിക്കാനാവശ്യപ്പെട്ടപ്പോള്‍ സഖാവ്‌ ഉറക്കെ 'ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌' വിളിച്ചു. തൊണ്ടപൊട്ടിക്കുന്ന ഒരടിയാണതിന്‌ കിട്ടിയത്‌. ഒരു ജന്മിവീട്ടില്‍ വിശ്രമിക്കാനിരിക്കെ കനത്ത ചവിട്ടു കിട്ടി. ക്യാമ്പിലെത്തുന്നതിന്‌ മുമ്പുതന്നെ കെ.കെ. ബാലകൃഷ്‌ണന്‍ നമ്പ്യാര്‍ രക്തസാക്ഷിയായി. മൃതദേഹം കാണാന്‍പോലും കിട്ടിയില്ല. ഏതോ അജ്ഞാതകേന്ദ്രത്തില്‍ മറവ്‌ ചെയ്‌തുകാണണം.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദാരുണ സംഭവം ഇതിനിടയില്‍ നടക്കുകയുണ്ടായി. സഖാക്കള്‍ക്ക്‌ ഷെല്‍ട്ടര്‍ കൊടുത്ത വീടുകള്‍ ദഹിപ്പിക്കുകയും വീട്ടുകാരെ കയ്യേറ്റം ചെയ്യുകയും പതിവായിരുന്നു. വി. അനന്തനെ തേടി കാരായി പൈതലിന്റെ വീട്ടിലെത്തിയ പോലീസുകാരന്‍ പോലീസുകാരന്‍ പൈതലിന്റെ ഭാര്യയെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. വിവരമറിഞ്ഞ പൈതല്‍ ഭാര്യ തിരിച്ചു വരുന്നതും കാത്ത്‌ പടിക്കലിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഭാര്യ തിരിച്ചെത്തിയില്ല. അഭിമാനക്ഷതമേറ്റ ആ കര്‍ഷകന്‍ അക്വല്ലൂര്‍ എല്‍.പി. സ്‌കൂളിന്‌ മുന്നിലെ പുളിമരത്തിന്റെ കൊമ്പില്‍ ജീവിതം അവസാനിപ്പിച്ചു. (പൊന്‍കുന്നം ദാമോദരന്റെ 'പുളിമരത്തിന്റ കഥ' എന്ന കവിത ഈ സംഭവത്തെക്കുറിച്ചുള്ളതാണ്‌.

പോലീസ്‌ ഗുണ്ടാ മര്‍ദ്ദനത്തിന്റെ ഫലമായി രണ്ടുസഖാക്കള്‍ കൂടി പഴശ്ശിയില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്‌. അത്തിക്ക ഉണ്ണിഗുരുക്കളും വയലാളി ദാമുവും.
സേലം രക്തസാക്ഷികളില്‍ പഴശ്ശിയിലെയും തില്ലങ്കേരിയിലേയും വിപ്ലവകാരികളും ഉള്‍പ്പെടുന്നു.

ശൂരനാടിന്റെ വീരഗാഥ
1950 ജനുവരി ഒന്ന്‌

മുഖ്യമന്ത്രി പറവൂര്‍ ടി.കെ.നാരായണപിള്ള പ്രഖ്യാപിച്ചു. "ശൂരനാടെന്നൊരു നാടിനി വേണ്ട" കൊല്ലം ജില്ലയുടെ വടക്കുഭാഗത്തുള്ള ആ ചെറുഗ്രാമത്തെക്കുറിച്ച്‌ അന്നത്തെ തിരു - കൊച്ചി മുഖ്യമന്ത്രി ഇങ്ങനെ ഉറഞ്ഞുതുള്ളാന്‍ കാരണം അവിടത്തെ ജന്മിത്തത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ ആ ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങള്‍ ചോദ്യം ചെയ്‌തതാണ്‌. മധ്യതിരുവിതാംകൂറിലാകെ ജന്മികള്‍ പകച്ചുപോയി. കര്‍ഷകരും തൊഴിലാളികളുമൊക്കെ അവകാശബോധം കൊണ്ടും സംഘടിതശക്തികൊണ്ടും വിജൃംഭിതരായി.

അക്കാലത്ത്‌'പുരുഷ തൊഴിലാളി 'കുഴിയന്‍' ആണ്‌. സ്‌ത്രീ തൊഴിലാളി 'കുഴിയത്തി'യും. അവര്‍ പാര്‍ക്കുന്ന വീടുകള്‍ 'ചാള'കളാണ്‌. അവരാരും കഞ്ഞിയോ ചോറോ അല്ല കഴിക്കുന്നത്‌. 'കരിക്കാടി'യാണ്‌. അതുതന്നെ കൊടുക്കുന്നത്‌ അടുക്കള മുറ്റത്ത്‌ വെക്കുന്ന ഇലക്കുമ്പിളിലോ പാളയിലോ ആണ്‌. സാമൂഹ്യവും സാമ്പത്തികവുമായ ഉച്ച നീചത്വമായിരുന്നു കാരണം. കുഴിയന്മാരുടെ കല്യാണങ്ങള്‍ രാത്രിയേ നടത്താവൂ. പകല്‍ കല്യാണം നടത്തിയാല്‍ ഒരു ദിവസം വേല മുടങ്ങും. അത്‌ തടയാനാണ്‌ കല്യാണങ്ങള്‍ രാത്രി നടത്തണമെന്ന്‌ ശഠിച്ചത്‌. വയലിലെത്താന്‍ വൈകിയാല്‍ ശിക്ഷ കഠിനമായിരുന്നു. കാളകളെ മാറ്റി പകരം നുകം തോളിലേറ്റി നിലമുഴുവിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷകള്‍. കുഴിയത്തികളൊക്കെയും തമ്പ്രാനു സ്വന്തം.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസിനെ തുടര്‍ന്ന്‌ കല്‍ക്കത്ത തീസീസിന്റെ കമ്യൂണിസ്റ്റുകാരെ പീഡിപ്പിക്കുന്നതു മുമ്പെന്നത്തെക്കാളും വര്‍ദ്ധിച്ചിരുന്ന അക്കാലത്ത്‌ ശൂരനാട്ടില്‍ ജനാധിപത്യ യുവജനസംഘടന രൂപമെടുത്തത്‌. ക്യൂണിസ്റ്റു പാര്‍ട്ടി കായംകുളം താലൂക്ക്‌ കമ്മറ്റിയുടെ ചുമതലയായിരുന്നു ഇത്‌. പുതുപ്പള്ളി രാഘവനും, പേരൂര്‍ മാധവന്‍പിള്ളയും ശൂരനാട്ടില്‍ ഇതിനായി എത്തുമ്പോള്‍ തെന്നല ജന്മിമാരുടെ ദുഷ്‌ചെയ്‌തികളെപ്പറ്റി അവരോട്‌ വിവരിക്കാനെത്തിയത്‌ കീഴ്‌ജാതിക്കാര്‍ മാത്രമായിരുന്നില്ല. തെന്നലക്കാരുടെ അടിയാന്മാരായിരുന്ന പുലയരും, പറയരും, കുറവരും എന്നപോലെ പാവപ്പെട്ട നായരും ഈഴവനും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ജനാധിപത്യ യുവജനസംഘടന ശൂരനാട്ട്‌ ഒരു ജാഥ നടത്താന്‍ തീരുമാനിച്ചു. അതില്‍ പങ്കെടുക്കണമെന്ന്‌ കര്‍ഷകരോടും, യുവജനങ്ങളോടും കര്‍ഷക തൊഴിലാളികളോടും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചു.

ഈ മാറ്റം ജന്മിമാരെ പരിഭ്രാന്തരാക്കി. ശൂരനാട്ട്‌ കമ്യൂണിസ്റ്റ്‌ ഭീകരതയാണെന്ന്‌ പ്രചരിപ്പിച്ച്‌ അവര്‍ അടൂരില്‍ നിന്ന്‌ പോലീസിനെ വരുത്തി ഈ സാഹചര്യത്തിലാണ്‌ ശൂരനാട്ട്‌ പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നതിനും തുടര്‍ന്ന്‌ വലിയ പോലീസ്‌ ഭീകരതയ്‌ക്കും കാരണമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്‌.

1949 ഡിസംബര്‍ 27 ശൂരനാട്ടെ പാര്‍ട്ടിസെല്‍ യോഗത്തിനെത്തിയ ശങ്കരനാരായണന്‍ തമ്പിയും, പുതുപ്പള്ളിയും, തോപ്പില്‍ഭാസിയും കണ്ടത്‌ ഒരു വലിയ ആള്‍ക്കൂട്ടത്തെയാണ്‌. അവര്‍ക്ക്‌ നേതാക്കളോട്‌ പറയാനുണ്ടായിരുന്നത്‌ തങ്ങളുടെ ഒരു അടിയന്തിര പ്രശ്‌നത്തെക്കുറിച്ചാണ്‌.

ഡിസംബര്‍ 30 പുറംപോക്ക്‌ കുളത്തിലെ മീന്‍ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. ഉത്സവം പോലെ അവര്‍ തങ്ങളുടെ അവകാശം തിരിച്ചുപിടിച്ചു. ഈ തിരിച്ചടിയില്‍ പകച്ചുപോയ തെന്നല തമ്പ്രാന്‍ തന്റെ ആശ്രിതനെക്കൊണ്ട്‌ പോലീസില്‍ പരാതി കൊടുപ്പിച്ചു. പിറ്റേന്ന്‌ വൈകിട്ട്‌ മൂന്നരയോടെ ഒരു ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വലിയ സംഘം പോലീസ്‌ ശൂരനാട്ടെത്തി. അവര്‍ തെന്നലക്കാരുടെ വീട്ടില്‍തന്നെ തീനും കുടിയുമായി കൂടി.

നേരമിരുട്ടിയപ്പോള്‍ അവര്‍ കേസിലെ പ്രതികളെ അന്വേഷിച്ച്‌ ഇറങ്ങിയെന്ന്‌ ശൂരനാട്‌ സമരസേനാനി ചേലക്കോടന്‍ കുഞ്ഞിരാമന്‍ അനുസ്‌മരിക്കുന്നു. ആണുങ്ങളെല്ലാം വീട്ടില്‍ നിന്നു മാറി പായിക്കാലില്‍ ഗോപാലപിള്ളയുടെ വീട്ടില്‍ തമ്പടിച്ചിരുന്നു. സ്‌ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി പോലീസും ഗുണ്ടകളും അതിക്രമം തുടങ്ങി. വീട്ടുപകരണങ്ങള്‍ തട്ടിയുടച്ചു. എങ്ങും സ്‌ത്രീകളുടെയും കുട്ടികളുടെയും കരച്ചില്‍ മുഴങ്ങി.

ജനുവരി 17-ന്‌ തണ്ടാശേരി രാഘവനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. അടൂര്‍ സ്‌റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം തിരികെ ലോക്കപ്പിലേയ്‌ക്ക്‌ കൊണ്ടുവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കഴുത്ത്‌ ഒടിഞ്ഞു തൂങ്ങിയിരുന്നുവത്രെ. പിറ്റേ ദിവസം ആശുപത്രിയിലേയ്‌ക്ക്‌ പോകും വഴി തണ്ടാശേരി രാഘവന്‍ മരിച്ചു. ശൂരനാട്‌ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി. ഈ ദിവസമാണ്‌ ഇന്ന്‌ ശൂരനാട്‌ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്‌.

കര്‍ഷകജാഥ
1960 ജൂണ്‍ 28 - ജൂലായ്‌ 24

കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ പാസ്സാക്കിയ കാര്‍ഷികബന്ധബില്‍ 1960 ല്‍ അധികാരത്തില്‍ വന്ന മുക്കൂട്ടുമുന്നണി മന്ത്രിസഭ ബോധപൂര്‍വ്വം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബില്‍ പ്രസിഡന്റിനു അയച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞു. അനുവാദം കിട്ടിയില്ല. ബില്ലില്‍ മാറ്റം വരുത്താന്‍ പോകുന്നതായി ശ്രുതിയും പരന്നു.

ഈ സാഹചര്യത്തിലാണ്‌ കേരളകര്‍ഷകസംഘം കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക്‌ ഒരു കാല്‍നട ജാഥ പോകാന്‍ തീരുമാനിച്ചത്‌.

എകെജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 ന്‌ പുറപ്പെട്ട കാല്‍നടജാഥയില്‍ സി എച്ച്‌ കണാരന്‍, പന്തളം പി ആര്‍, മാധവന്‍പിള്ള തുടങ്ങിയവരും ഉണ്ടായിരുന്നു. ജൂലായ്‌ 24 ന്‌ ജാഥ തിരുവനന്തപുരത്ത്‌ എത്തി. 26 ന്‌ കര്‍ഷകസംഘത്തിന്റെ മെമ്മോറാം ഗവര്‍ണര്‍ക്ക്‌ കൊടുത്തു.

ജാഥ 26 ദിവസംകൊണ്ട്‌ 680 കിമീ കാല്‍നടയായി സഞ്ചരിച്ചു. കൃഷിക്കാരുടെ അടിയന്തരാവശ്യങ്ങളും ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളും നിരവധി യോഗങ്ങളില്‍ ധാരാളം ആളുകളോട്‌ സംസാരിച്ചു. 35000 ലഘുലേഖകള്‍ വിറ്റു.

വിമോചനസമരത്തെ തുടര്‍ന്നു വീര്യം നഷ്‌ടപ്പെട്ട ഒരു ജനതയെ ഉണര്‍ത്തുന്നതിലും ഉഷാറാക്കുന്നതിലും ഈ ജാഥ വഹിച്ച പങ്ക്‌ വലുതാണ്‌.
ജാഥ കഴിഞ്ഞ്‌ ഒരാഴ്‌ചക്കകം പ്രസിഡന്റ്‌ ബില്ല്‌ തിരിച്ചയച്ചു.

അമരാവതിയിലെ പോരാട്ടം
1961 ജൂണ്‍


1961 മേയിലെ കോരിച്ചൊരിയുന്ന പെരും മഴയത്താണ്‌ 1800 കുടുംബങ്ങളെ അയ്യപ്പന്‍കോവിലില്‍ നിന്ന്‌ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം കുടിയിറക്കിയത്‌. പകരം സ്ഥലമോ മഴയില്‍ നിന്നും താല്‍ക്കാലിക സംരക്ഷണത്തിനു സൗകര്യമോ ചെയ്യാതെയായിരുന്നു കുടിയിറക്ക്‌. അവരെ ആ കാട്ടില്‍ കുടിയിരുത്തിയവര്‍ തന്നെയായിരുന്നു ആ കടുംകൈ ചെയ്‌തത്‌.

വിമോചനസമരത്തില്‍ പങ്കെടുത്തവര്‍, മൂക്കൂട്ടുമുന്നണിയെ അധികാരത്തിലെത്തിക്കുവാന്‍ രാപകല്‍ പണിയെടുത്തവര്‍. അവരെ ഇറക്കി വിട്ടതും ആ മൂക്കൂട്ടുമുന്നണി സര്‍ക്കാര്‍ തന്നെ.

പത്രങ്ങള്‍ കുടിയിറക്ക്‌ വാര്‍ത്തക്ക്‌ പ്രാധാന്യം നല്‍കിയെങ്കിലും, പല നേതാക്കളും പ്രസ്‌താവന ഇറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ഏകെജി രംഗത്തെത്തി. നിരാഹാരം തുടങ്ങി. ഇതാ, തുടങ്ങി എ.കെ ഗോപാലന്റെ ഉണ്ണാവ്രതം, രാഷ്‌ട്രീയ മുതലെടുപ്പ്‌ എന്നൊക്കെയായി പിന്നത്തെ വാര്‍ത്ത
.

കുടിയിറക്കപ്പെട്ടവരുടെ ചങ്കിലെ ചൂട്‌ ആരറിയാന്‍.

വിമോചനസമരത്തലത്ത്‌ അവര്‍ കേരളത്തെ വ്യക്തമായ രണ്ട്‌ ചേരിയായി വേര്‍തിരിച്ചിരുന്നു- കമ്യൂണിസ്റ്റെന്നും കമ്യൂണിസ്റ്റ്‌ വിരുദ്ധരെന്നും. ഇതാ ഇവിടെ കമ്യൂണിസ്റ്റ്‌ വിരുദ്ധരുടെ മൂക്കൂട്ടുമുന്നണി സര്‍ക്കാര്‍ അതിന്റെ അണികളില്‍പെട്ട കുറെപേര്‍ക്ക്‌ ഉണ്ടാക്കിയ വേദന ശമിപ്പിക്കാന്‍ കമ്യൂണിസ്റ്റ്‌ നേതാവിന്റെ നിരാഹാരസമരം.

സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക്‌ അതിന്റെ പ്രത്യാഘാതമറിയാം. അതുകൊണ്ടാണവര്‍ ദുഷ്‌പ്രചാരണം തുടങ്ങിയത്‌. അതു ഫലിച്ചില്ല. അവര്‍ പണിതുയര്‍ത്തിയ നുണക്കോട്ടകള്‍ സൂര്യപ്രകാശത്തില്‍ മഞ്ഞുപോലെ അലിഞ്ഞുപോയി. എ.കെ.ജി നിരാഹാരം കിടക്കുന്ന അമരാവതിയിലും, കോട്ടയം ആശുപത്രിയിലും കെ. കേളപ്പനും സി.കെ. ഗോവിന്ദന്‍ നായരും ഫാദര്‍ വടക്കനും പി.ടി. ചാക്കോയുമൊക്കെ ഓടിയെത്തി.

ഒത്തുതീര്‍പ്പ്‌ ചര്‍ച്ച

ഇറക്കിവിട്ടവര്‍ക്ക്‌ ഒട്ടേറെ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടു.

കേരളരാഷ്‌ട്രീയത്തില്‍ പല ബന്ധങ്ങളും അഴിച്ചുപണിയുന്നതിനു തുടക്കമിട്ട സമരമായിരുന്നു അത്‌.

കര്‍ഷകസമരം
1961 നവംബര്‍ 27 - ജനുവരി 5

പതിനാറ്‌ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ സമരം തുടങ്ങാന്‍ കര്‍ഷകസംഘം തീരുമാനിച്ചു.

  • രേഖയില്ലാത്ത കര്‍ഷകരുടെ നിലമുടമസ്ഥതയെപ്പറ്റി ഒരു രജിസ്റ്റര്‍ തയ്യാറാക്കുക
  • 2000 പെറ്റീഷനു ഒരു ട്രൈബൂണല്‍ വീതം ലാന്‍ഡ്‌ ട്രൈബൂണല്‍ ഏര്‍പ്പെടുത്തുക
  • വനഭൂമിക്ക്‌ വേണ്ടിയുള്ള കര്‍ഷകരുടെ അവകാശവാദങ്ങള്‍ പരിഹരിക്കുക

     
  • കൊട്ടിയൂര്‍ ദേവസ്വംഭൂമിയുടെ മേല്‍പ്പാട്ടം റദ്ദാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍

1961 നവംബര്‍ 27 മുതല്‍ സംസ്ഥാനത്തെ കളക്‌ടറേറ്റുകള്‍ പിക്കറ്റ്‌ ചെയ്‌തുകൊണ്ട്‌ സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 4 ന്‌ എ.കെ.ജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ നിന്നാരംഭിച്ച ജാഥാംഗങ്ങളെ ആലുവയില്‍ വെച്ചു അറസ്റ്റ്‌ ചെയ്‌തു ജയിലിലാക്കി. സമരം നീണ്ടുപോയി.

മന്ത്രി പി.ടി. ചാക്കോ ഇ.എം.എസിനെ സന്ധിസംഭാഷണത്തിനു വിളിച്ചു. മന്ത്രി കെ. ചന്ദ്രശേഖരന്‍ കര്‍ഷകപ്രതിനിധികളുമായി കൂടിയാലോചിച്ചു.

അങ്ങനെ 41 ദിവസത്തിനു ശേഷം ജനുവരി 5 ന്‌ സമരം പിന്‍വലിച്ചു. 75000 വോളണ്ടിയര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു.

ചുരുളി - കീരിത്തോട്‌
1963 നവംബര്‍ - ഡിസംബര്‍

നാലായിരത്തില്‍പ്പരം കുടുംബങ്ങളെ വനസംരക്ഷണത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ചു. വനസംരക്ഷണത്തിന്റെ പേരില്‍ നമ്മുടെ പല പത്രങ്ങളും അതിനെ ന്യായീകരിച്ച്‌ മുഖപ്രസംഗമെഴുതി. പതിവുപോലെ വീടിനു തീവെക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന പോലീസ്‌ നടപടി അവിടേയും അരങ്ങേറി.

എ.കെ.ജി ദല്‍ഹിയില്‍ നിന്നുമെത്തി ഇ. ഗോപാലകൃഷ്‌ണമേനോന്‍, കെ.ടി. ജേക്കബ്‌, പന്തളം പി.ആര്‍, മാധവന്‍ പിള്ള എന്നിവരോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു. മൂന്നുദിവസം ചുറ്റിനടന്നു എല്ലാം കണ്ടു.

എ.കെ.ജി നിരാഹാരസമരം ആരംഭിച്ചു. സമരം പൊളിക്കാന്‍ ഗവണ്‍മെന്റ്‌ പല നടപടികളും കൈക്കൊണ്ടു. ജനങ്ങള്‍, വിശേഷിച്ച്‌ കുടിയിറക്കപ്പെട്ടവര്‍ ചെറുത്തു. അവസാനം ഗവണ്‍മെന്റിനു ഒരു പരിധി വരെ വഴങ്ങേണ്ടിവന്നു. പാര്‍ടിക്കുവേണ്ടി ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ എ.കെ.ജി നിരാഹാരവ്രതം അവസാനിപ്പിച്ചു.
1967ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ്‌ സര്‍ക്കാര്‍ കുടിയിറക്കപ്പെട്ടവരോടു നീതി കാട്ടി.

കുടികിടപ്പവകാശം

1970 ജനുവരി 1 നു തന്നെ കുടികിടപ്പുകാര്‍ തങ്ങളുടെ വീടിനു ചുറ്റുമുള്ള പത്ത്‌ സെന്റ്‌ ഭൂമി വേലികെട്ടി തിരിച്ചു. തങ്ങളുടേതായിത്തീര്‍ന്ന സ്ഥലത്തു നിന്ന്‌ വിഭവങ്ങള്‍ പറിച്ചെടുത്തു.

ആലപ്പുഴയില്‍ മാത്രം 2000 ല്‍ അധികം പേര്‍ അവകാശം സ്ഥാപിച്ചു. മാര്‍ത്താണ്‌ഡം കായലില്‍ ഇരുന്നോറോളം പേര്‍ കുടിലുകള്‍ വെച്ചു കിട്ടി
ചേര്‍ത്തലയില്‍ ഇരുന്നോറോളം പേര്‍ അവകാശം സ്ഥാപിച്ചു.

ആദ്യത്തെ മൂന്നു ദിവസങ്ങളിലായി ഒന്നരലക്ഷത്തോളം പേര്‍ കുടികിടപ്പവകാശം സ്ഥാപിച്ചു. ആദ്യത്തെ നിയമത്തില്‍ കുടികിടപ്പ്‌ ഒഴിപ്പിക്കാതിരിക്കുക എന്നു മാത്രമായിരുന്നു വ്യവസ്ഥ. പുതിയ നിയമത്തില്‍ കുടികിടപ്പുകാരനു അവന്റെ പുരയുടേയും അതിനുചുറ്റുമുള്ള പത്തുസെന്റ്‌ സ്ഥലത്തിന്റെയും അവകാശം നല്‍കപ്പെട്ടു. അവ കൊടുക്കാന്‍ ഉടമ ബാദ്ധ്യസ്ഥന്‍. ഈ ഭൂമിക്ക്‌ പ്രതിഫലം അതിലെ വിഭവങ്ങളുടെ മാര്‍ക്കറ്റ്‌ വിലയുടെ നാലിലൊന്നു മാത്രമായിരിക്കും എന്നാണ്‌ വ്യവസ്ഥ. ഈ സംഖ്യയുടെ പകുതി സര്‍ക്കാരും പകുതി പന്ത്രണ്ട്‌ ഗഡുക്കളായി കുടികിടപ്പുകാരനും നല്‍കിയാല്‍ മതി എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ഉടമ പരിധിയില്‍ കവിഞ്ഞ്‌ ഭൂമിയുള്ള ആളാണെങ്കില്‍ പ്രതിഫലസംഖ്യ നാലിലൊന്നിനു പകരം എട്ടിലൊന്നു മാത്രം മതിയായിരിക്കും ആയിരത്തില്‍പ്പരം കൃഷിക്കാര്‍ തങ്ങളിനി പാട്ടവും, വാരവും നല്‍കുന്നതല്ലെന്നു ജന്മിമാരെ എഴുതി അറിയിച്ചു.

"കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കിടക്ക്‌ അനേകമാളുകള്‍ വധിക്കപ്പെടുകയുണ്ടായി. ആറാട്ടുപുഴയില്‍ നടന്ന വെടിവെപ്പില്‍ ഒരു സ്‌ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുട്ടനാട്ടില്‍ സഹദേവനെ വെടിവെച്ചുകൊന്നു. എല്ലാ സംഘട്ടനങ്ങളിലും കൂടി കൊല്ലപ്പെട്ടവര്‍ 15 പേര്‍ വരും. അതിലുമെത്രയോ അധികം പേര്‍ മര്‍ദ്ദനവിധേയരായി മരിച്ചതുപോലെ കഴിയുന്നുണ്ട്‌." (എ.കെ.ജി).

'തേങ്ങാ വിപ്ലവം' എന്നും 'വേലികെട്ടി വിപ്ലവം' എന്നും ആക്ഷേപിച്ചിരുന്ന കുടികിടപ്പു സമരം ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ പുതുജീവന്‍ പ്രദാനം ചെയ്‌തു.

"ഒറ്റയടിക്ക്‌ കേരളത്തില്‍ നല്ലൊരു വിഭാഗം കുടികിടപ്പുകാര്‍ തങ്ങളുടെ അവകാശം സ്ഥാപിച്ചു എന്ന കാര്യം കേരളത്തിലിന്നുവരേയും ഒരു കര്‍ഷകസമരത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ്‌"(എ.കെ.ജി).

മിച്ചഭൂമി സമരം

ഭൂപരിഷ്‌കരണഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന്‌ 29 മാസം കഴിഞ്ഞപ്പോഴാണ്‌ മിച്ചഭൂമി സമരം തുടങ്ങുന്നത്‌. ഇത്രയും നീണ്ടകാലത്ത്‌ മിച്ചഭൂമി പിടിച്ചെടുക്കുവാനോ, മിച്ചഭൂമിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാത്ത ജന്മിമാര്‍ക്കെതിരെ നടപടിയെടുക്കുവാനോ അന്നത്തെ കേരളഗവണ്‍മെന്റ്‌ ഒന്നും തന്നെ ചെയ്‌തില്ല.

1970 ജനുവരി മുതല്‍ 1972 മെയ്‌ വരെ ഗവണ്‍മെന്റ്‌ എടുത്ത മിച്ചഭൂമി 400 ഏക്കറില്‍ താഴെ മാത്രമായിരുന്നുവെന്ന്‌ വസ്‌തുത ഗവണ്‍മെന്റിന്റെ നയമെന്തായിരുന്നുവെന്ന്‌ വ്യക്തമാക്കിത്തരും.

ഈയൊരു സാഹചര്യത്തിലാണ്‌ കര്‍ഷകതൊഴിലാളി യൂണിയന്‍ മിച്ചഭൂമി പിടിച്ചെടുക്കാന്‍ സമരം നടത്താന്‍ തീരുമാനിച്ചത്‌. കമ്യൂണിസ്റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌), കെ.ടി.പി, കെ.എസ്‌.പി എന്നിവയാണ്‌ സമരത്തിനു നേതൃത്വം നല്‍കിയത്‌.

എ.കെ.ജി, ഫാദര്‍ വടക്കന്‍, ജോണ്‍ മാഞ്ഞൂരാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം വ്യാപകമായ പ്രചാരണം നടത്തി. കാസര്‍ഗോഡു നിന്നും ഒരു പ്രചാരണജാഥയും നടത്തി.

കേരളമാകെ സമരത്തിന്റെ ലഹരിയില്‍ മുങ്ങിയപ്പോള്‍ ഭരണക്കാരും, കെ.പി.സി.സിയുമൊക്കെ സമരത്തിനെതിരായ ദുഷ്‌പ്രചാരണവുമായി രംഗത്തു വന്നു.

മിച്ചഭൂമിപ്രശ്‌നത്തിനു പരിഹാരം ജനകീയ കമ്മിറ്റികളാണെന്നു പറഞ്ഞ്‌ അവര്‍ രംഗത്തു വന്നു. അങ്ങനെ ജന്മിമാര്‍ക്ക്‌ ഭൂമി തിരിമറി നടത്താനും ജനകീയ പങ്കാളിത്തം കുറയ്‌ക്കാനും അവര്‍ ഒരു പാഴ്‌ ശ്രമം നടത്തിനോക്കി.
സമരം തുടങ്ങി. തിരുവിതാംകൂര്‍ രാജാവിന്റെ മുടവന്‍മുകളിലെ മിച്ചഭൂമിയില്‍ എ.കെ.ജിയും, വാളണ്ടിയര്‍മാരും പ്രവേശിച്ചത്‌ സമരത്തിന്‌ വലിയ പ്രചാരം കിട്ടുന്നതിന്‌ ഇടയാക്കി.

സമരം 80 ദിവസം നീണ്ടുനിന്നു. ഈ സമരത്തില്‍ രണ്ടു ലക്ഷം പേര്‍ അറസ്റ്റ്‌ വരിച്ചു. പതിനയ്യായിരത്തിലധികം പേര്‍ കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടു,
രണ്ടുലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിനു കാട്ടിക്കൊടുക്കുവാന്‍ സമരക്കാര്‍ക്ക്‌ കഴിഞ്ഞു.

"80 ദിവസം നീണ്ടുനിന്ന സമരത്തെപ്പറ്റി പൊതുവില്‍ അവലോകനം നടത്തിയാല്‍ നാട്ടിലുടനീളം ഒരു പുതിയ ഉണര്‍വ്‌ ഉണ്ടായിട്ടുണ്ടെന്നു കാണാം. അതിനെല്ലാം പുറമേ ഇത്രയേറെ ബഹുജനങ്ങള്‍ പങ്കെടുത്ത സമരം കേരളത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ല. രണ്ടു ലക്ഷത്തിലധികം പേര്‍ നേരിട്ടു പങ്കെടുത്തു. 15000 ല്‍ പരം ആളുകള്‍ ശിക്ഷിക്കപ്പെട്ടു. രണ്ടുലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമി ഗവണ്‍മെന്റിനു കാണിച്ചുകൊടുത്തു. ഈ രാജ്യത്ത്‌ മിച്ചഭൂമി കാര്യമായി ഇല്ലെന്ന ഗവണ്‍മെന്റിന്റെ വാദത്തിന്റെ പൊള്ളത്തരം വെളിച്ചത്തായി. എല്ലാത്തിനും പുറമേ ഇത്രയും വ്യാപകമായ ഒരു കര്‍ഷകസമരം കേരളത്തിലാദ്യമാണ്‌ (എ.കെ.ജി)."

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009