ധാതുമണല്‍ ഖനനം: നൂറുശതമാനം വിദേശ മൂലധനം
അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക
ധാതുമണല്‍ ഖനനരംഗം വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സി.പി.ഐ (എം) സംസ്ഥാന സമ്മേളനം പ്രതിഷേധിക്കുകയും അടിയന്തരമായി പ്രസ്തുത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ധാതുമണല്‍ നിക്ഷേപത്തിന്റെ മേഖലയില്‍ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇല്‍മനൈറ്റ്, റൂടെയ്ല്‍, സിര്‍ക്കോണ്‍, മോണോസൈറ്റ്, സിലിമെനൈറ്റ് എന്നീ അപൂര്‍വ്വ ധാതുക്കളുടെ വമ്പിച്ച ശേഖരമാണ് ഇന്ത്യയിലുള്ളത്. ലോകത്ത് ആകെ കാണപ്പെടുന്ന ഇല്‍മനൈറ്റിന്റെ 7 ശതമാനത്തോളം ഇന്ത്യയിലാണുള്ളത്. ഇതിന്റെ 38% കേരളത്തിന്റെ തീരപ്രദേശത്താണ്. നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെയുള്ള കടല്‍ത്തീരത്ത് 144 ദശലക്ഷം ടണ്‍ കരിമണല്‍ ശേഖരമുള്ളതായി കാണപ്പെട്ടിരിക്കുന്നു. ഇതില്‍ 90 ദശലക്ഷം ടണ്‍ ഇല്മനൈറ്റാണുള്ളത്. ഓരോ വര്‍ഷവും പുതുതായി നിക്ഷേപിക്കപ്പെടുന്ന കരിമണല്‍ കണക്കിലെടുക്കാതെയാണിത്. ലോകത്തിന്റെ മറ്റു സ്ഥലങ്ങളിലുള്ള ധാതുമണലില്‍ ഇല്‍മനൈറ്റ് മൂന്നുശതമാനം മുതല്‍ ആറുശതമാനം വരെയാണുള്ളതെങ്കില് കേരളത്തിലെ കരിമണലില്‍ അത് 40 മുതല്‍ 60 ശതമാനം വരെയാണ്.
വലിയ വ്യവസായ സാധ്യതകളാണ് ഈ ധാതുമണലിലുള്ളത്. ഏറ്റവും മുഖ്യമായിട്ടുള്ളത് ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം ലോഹമാണ്. ഭാവിയുടെ ലോഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിയത്തിനും അതിന്റെ സങ്കര ലോഹങ്ങള്‍ക്കും ആധുനിക വ്യവസായത്തില്‍ നിര്‍ണ്ണായക സ്ഥാനമായിരിക്കും ഉണ്ടായിരിക്കുക. പെയിന്റ് വ്യവസായം മുതല്‍ ബഹിരാകാശ പേടകത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വരെ ഈ ധാതുമണലില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മിസൈല്‍, റോക്കറ്റ് തുടങ്ങിയ തന്ത്രപ്രധാനമായ സൈനികോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഈ ധാതുമണല്‍ ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഈ ധാതുമണല്‍ നിക്ഷേപത്തിന്റെ അനിയന്ത്രിതമായ ഖനനത്തിനും സ്വതന്ത്രമായ ഉപയോഗത്തിനുമുള്ള അവകാശത്തിനായി ആഗോള കുത്തകകള്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വമ്പിച്ച സമ്മര്‍ദ്ദമാണ് കുറെക്കാലമായി ഇവര്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഈ സമ്മര്‍ദ്ദങ്ങളെ തള്ളിക്കളഞ്ഞാണ് ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ അനുവദിക്കാവൂ എന്ന നയം എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ചത്. സ്വകാര്യമേഖലയ്ക്ക് ഖനനാനുമതി നല്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നയം തിരുത്തുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സംസ്ഥാന വ്യവസായ-വാണിജ്യ സെക്രട്ടറിമാരുടെ യോഗത്തില്‍ ആഗോള കുത്തകകള്‍ക്കനുകൂലമായ നിലപാടെടുക്കാന്‍ നിര്‍ദ്ദേശം നല്കുകയുണ്ടായി. യോഗത്തില്‍ കേരള സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനെ അവഗണിച്ച് ധാതുമണല്‍ ഖനനത്തില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആഗോള കുത്തക സമ്മര്‍ദ്ദത്തിന് അവര്‍ കീഴടങ്ങി എന്നതിന്റെ തെളിവാണ്. ഈ തീരുമാനം യു.പി.എ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ നഗ്നമായ ലംഘനമാണ്. നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ഉന്നത സാങ്കേതികവിദ്യ, കയറ്റുമതി എന്നീ മേഖലകളില്‍ മാത്രമായിരിക്കും പ്രോത്സാഹിപ്പിക്കപ്പെടുക എന്നതാണ് പൊതു മിനിമം പരിപാടി അനുശാസിക്കുന്നത്. ധാതുമണല്‍ ഖനനത്തില്‍ വിദേശനിക്ഷേപം അംഗീകരിച്ചിട്ടില്ലാത്തതാണ്.
ധാതുമണല്‍ ഖനന മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
1. ഖനനം ചെയ്തെടുക്കുന്ന കരിമണല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായിരിക്കും മുഖ്യമായും ഉപയോഗിക്കുക. ആഭ്യന്തര വ്യവസായ വികസനത്തില്‍ ഉപയോഗിക്കേണ്ട ഈ വിലയേറിയ അസംസ്കൃതവസ്തു നമുക്ക് നഷ്ടപ്പെടുകയായിരിക്കും ഫലം.
2. ധാതുമണല്‍ ഉപയോഗിക്കുന്ന തദ്ദേശ വ്യവസായങ്ങള്‍ക്ക് ഈ തീരുമാനം ഭീഷണിയായിത്തീരും. വമ്പിച്ച മുതല്‍മുടക്കി ആധുനിക സൗകര്യം ഉപയോഗിച്ച് ഖനനം നടത്തുന്ന വിദേശ കുത്തകകളുടെ മത്സരത്തില്‍ ഈ സ്ഥാപനങ്ങള്‍ കീഴ്പ്പെടേണ്ടിവരും. നമ്മുടെ വ്യവസായത്തിന് ആവശ്യമായ ധാതുമണല്‍ വിദേശ കുത്തകകളില്‍ നിന്ന് അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി വിലകൊടുത്ത് വാങ്ങേണ്ടിവരും. ഈ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലായിരിക്കും ഫലം.
3. കരിമണല്‍ നിക്ഷേപം മുഖ്യമായിട്ടുള്ള തീരപ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ അനിയന്ത്രിതമായ ഖനനം തകിടംമറിക്കും.
4. അപൂര്‍വ്വ ധാതുക്കള്‍ ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിനും അനുബന്ധാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുന്നതാണ്. വിമാനം, ഉപഗ്രഹം തുടങ്ങിയ തന്ത്ര പ്രാധാന്യമുള്ള നിര്‍മ്മാണാവശ്യങ്ങള്‍ക്കും ഈ ധാതുക്കള്‍ ഒഴിവാക്കാനാവാത്തതാണ്. അതിനാല്‍ രാജ്യരക്ഷയുമായി ബന്ധപ്പെട്ട വശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ധാതുഖനന രംഗത്ത് സ്വകാര്യ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാകാവുന്നതാണെന്ന ഏറ്റവും ഗുരുതരമായ വസ്തുതയും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
വലിയ വ്യവസായ സാധ്യതകളുള്ള ഈ ധാതുമണല്‍ നിക്ഷേപത്തെ പരിസ്ഥിതി പ്രശ്നമുണ്ടാകാത്ത രീതിയില്‍ നിയന്ത്രിതമായി ഖനനം ചെയ്ത് ആഭ്യന്തരമായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ന്റെ നിലപാട്. ധാതുമണല്‍ ഖനനം പരിപൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. ഈ മേഖലയില്‍ യാതൊരുവിധമായ വിദേശ മൂലധനവും അനുവദിക്കാന്‍ പാടില്ല. ധാതുമണല്‍ ഖനനത്തില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായും പിന്‍വലിക്കണം. കേന്ദ്ര ഗവണ്മെന്റില് നിന്നും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി
ക്കൊണ്ടുവരും
വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനഃസ്ഥാപിക്കുക
കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ വൈദ്യുതി ഉപഭോഗത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ വന്‍തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായത്. പ്രതിദിന വൈദ്യുതി ഉപഭോഗം 5 മില്യണ്‍ യൂണിറ്റ് അധികം വര്‍ദ്ധിച്ചു. പീക്ക് ലോഡ് ഡിമാന്റില്‍ 200 ങണ ല്‍ അധികം വര്‍ദ്ധനവാണ് ഉണ്ടായത്. അടഞ്ഞുകിടന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറപ്പിക്കുന്നതിനും പുതിയ കണക്ഷന് കൊടുക്കുന്നതിലും നല്ല നേട്ടമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൈവരിച്ചത്. ഈ കാലയളവില്‍ 8.70 ലക്ഷം പുതിയ കണക്ഷനുകള്‍ നല്കി. വ്യാവസായിക ഉപഭോഗത്തില്‍ 10 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടായത്. ഇങ്ങനെ പീക്ക് ലോഡ് ഡിമാന്റില്‍ 200 ങണ ല്‍ അധികം വര്‍ദ്ധനവുണ്ടായെങ്കിലും വൈദ്യുതി ലഭ്യത അതനുസരിച്ച് കൂടിയിട്ടില്ല.
കേരളത്തിലെ വൈദ്യതി പ്രതിസന്ധി രൂക്ഷമാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് കേന്ദ്രനിലയങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന അണ് അലോക്കേറ്റഡ് വൈദ്യുതി വിഹിതത്തില്‍ രണ്ടുതവണയായി 183 ങണ കേന്ദ്രഗവണ്മെന്റ് വെട്ടിക്കുറച്ചു. 2007 ഏപ്രില്‍ ഒന്നുമുതല്‍ 133 ങണ ഉം, ഡിസംബര്‍ 27 മുതല്‍ 50 ങണ ഉം ആണ് വെട്ടിക്കുറച്ചത്. കേരളത്തെ ലോഡ്ഷെഡ്ഡിങ്ങിലേക്കും പവര്‍ കട്ടിലേക്കും തള്ളിവിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര വൈദ്യുതി നയത്തിനും വൈദ്യുതി നിയമം 2003 നും അനുസൃതമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ വിഭജിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കേരളത്തോട് പ്രതികാരപൂര്വ്വമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഞഏഢഢഥ (രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതി പദ്ധതി) ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അജഉഞജ (അരരലഹലൃമലേറ ജീംലൃ ഉല്ലഹീുാലി േഞൗൃമഹ ജൃീഴൃമാാല) പദ്ധതി അനുവദിക്കണമെങ്കില്‍ ബോര്‍ഡ് വിഭജനം പൂര്‍ത്തിയാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതും മെഗാ, അള്‍ട്രാമെഗാ വൈദ്യുത പദ്ധതികളില്‍നിന്നും അര്‍ഹമായ വിഹിതം അനുവദിക്കാതിരിക്കുന്നതും ഒക്കെ കേരളത്തോടുള്ള പ്രതികാര സമീപനത്തിന്റെ ഭാഗമായാണ്. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതം വെട്ടിക്കുറച്ചത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. വെട്ടിക്കുറച്ച വൈദ്യുതി വിഹിതം ഉടന്‍ പുനഃസ്ഥാപിച്ച് ലോഡ്ഷെഡ്ഡിംഗും പവര്‍കട്ടും ഇല്ലാതെ മുന്നോട്ടുപോകാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പെന്ഷന്-ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക
കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ കയര്‍, കൈത്തറി, കശുവണ്ടി തൊഴിലാളികള്‍, ഓട് നിര്‍മ്മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തൊഴിലാളി ക്ഷേമ പെന്ഷന് പദ്ധതികളും വിധവാ പെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന് പദ്ധതികളും ഇല്ലാതാക്കുന്ന നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗത്തിന്റെ ക്ഷേമപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും ആവശ്യമായ കുറെയേറെ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.
കര്‍ഷകത്തൊഴിലാളികളുടെ 36 മാസത്തെ പെന്ഷന് കുടിശ്ശിക പൂര്‍ണ്ണമായും കൊടുത്തുതീര്‍ക്കുകയും പെന്ഷന് മാസംതോറും നല്കുന്ന രീതി ആരംഭിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികളുടെയും കയര്‍, കൈത്തറി, കശുവണ്ടിത്തൊഴിലാളികളുടെയും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്ഷന് കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിച്ചു. നിര്‍മ്മാണത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും പെന്ഷന് കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ യു.ഡി.എഫ് ഗവണ്മെന്റ് തടഞ്ഞുവച്ച പെന്ഷന് ആനുകൂല്യങ്ങളാണ് കുടിശ്ശിക അടക്കം എല്‍.ഡി.എഫ് ഗവണ്മെന്റ് കൊടുത്തുതീര്‍ത്തത്.
വിധവാ പെന്ഷന് ആണ്മക്കള്ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ ലഭിക്കില്ല എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. വര്‍ഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യം ഗവണ്മെന്റ് അംഗീകരിച്ച് നടപ്പാക്കി.
സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഈ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നതും വര്‍ഷങ്ങളായി കുടിശ്ശികയായിരുന്നതുമായ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ സ്വീകരിച്ച നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ച് വലിയ മതിപ്പും പ്രതീക്ഷയും ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി, കയര്‍, കൈത്തറി, കശുവണ്ടി, ഈറ്റപനമ്പ്, ബീഡി, ഖാദി, മത്സ്യത്തൊഴിലാളി ക്ഷേമനിധികള്‍ ഇവയാകെ കടുത്ത സാമ്പത്തിക വൈഷമ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്ഷേമ-പെന്ഷന് പദ്ധതികളാകെ കൂടുതല്‍ ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കാന്‍ കഴിയത്തക്കവിധം ശക്തിപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകത്തൊഴിലാളികളുടെ അംശാദായം രണ്ടു രൂപയില്‍ നിന്ന് 5 രുപയായി വര്‍ദ്ധിപ്പിച്ചതുകൊണ്ടുമാത്രം ബോര്‍ഡിന് നിലനില്ക്കാനാവില്ല. ക്ഷേമനിധിക്കുള്ള ഭൂവുടമാ വിഹിതം പിരിച്ചെടുക്കാനുള്ള നടപടികള്‍ ഊര്ജ്ജിതപ്പെടുത്തുന്നതിനോടൊപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അംഗമായിട്ടുള്ള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്ക് ബഡ്ജറ്റ് മുഖേന സര്‍ക്കാര്‍ സഹായം നല്കാന് നടപടി സ്വീകരിക്കണം.
ക്ഷേമനിധികളെ ഒട്ടാകെ സാമ്പത്തികമായി ശക്തിപ്പെടുത്താനും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം.
വിലക്കയറ്റവും ജീവിത ദുരിതങ്ങളും മൂലം കഷ്ടത അനുഭവിക്കുന്ന ഈ ജനവിഭാഗങ്ങള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്ഷന് തുക വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഈ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളികളടക്കം ഏതാനും വിഭാഗം തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണ്.
ക്ഷേമപെന്ഷന് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് വിധേയമാകാത്ത തൊഴിലാളി വിഭാഗങ്ങള്‍ക്കുവേണ്ടി പുതിയ ക്ഷേമനിധി നിയമങ്ങള്‍ ഏര്‍പ്പെടുത്താനും ഗവണ്മെന്റ് മുന്‍കൈയെടുക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
റെയില്‍വെ വികസനത്തില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുക
കേരളത്തിന് റെയില്‍വേ രംഗത്ത് അര്‍ഹമായ പരിഗണനയും ശ്രദ്ധയും നല്‍കാത്ത കേന്ദ്രഗവണ്മെന്റ് നയം തിരുത്തി കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
വിശാലമായ ഇന്ത്യയുടെ ഒരറ്റത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ കൂടുതല്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജനസാന്ദ്രതയില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനത്തിനകത്ത് യാത്രയ്ക്കായി താരതമ്യേന ചെലവുകുറഞ്ഞ യാത്രാസൗകര്യം ഒരുക്കുവാനും റെയില്‍വേക്ക് ബാദ്ധ്യതയുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേ വന്‍ പദ്ധതികള്‍ സ്ഥാപിക്കുക വഴി തൊഴില്‍-വികസന രംഗത്ത് കേരളത്തോട് ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം വന്ന കേന്ദ്ര സര്‍ക്കാരുകളൊന്നും തന്നെ കേരളത്തിന്റെ ഏറ്റവും ന്യായമായ റെയില്‍വേ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതിന് ശ്രദ്ധിച്ചിട്ടില്ല. കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ പുതിയ റെയില്‍വേ ലൈന്‍ അനുവദിച്ചത് കൊല്ലം-എറണാകുളം (തീരദേശപാത ഉള്‍പ്പെടെ), തൃശൂര്‍-ഗുരുവായൂര്‍ പാതകള്‍ മാത്രമാണ്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെയില്‍വേ പാതകള്‍ ഇരട്ടപ്പാതയാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഏറ്റവും പഴക്കം ചെന്ന മീറ്റര്‍ഗേജ് പാതകള്‍ ബ്രോഡ്ഗേജ് ആക്കുന്നതിനുള്ള പ്രവൃത്തികളും മുന്‍ഗണനാ ക്രമത്തിലല്ല റെയില്‍വേ നടത്തുന്നത്. റെയിവേ ലൈന്‍ വൈദ്യുതീകരണവും പൂര്‍ത്തിയാക്കാന്‍ ശ്രമം നടക്കുന്നില്ല. സബര്‍ബന്‍ സര്‍വ്വീസ് തുടങ്ങുവാനും നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്തുന്നതും അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നതുമായ പുതിയ പാതകള്‍ സംബന്ധിച്ചുള്ള പഠനവും നിര്‍മ്മാണവും ഏറ്റെടുക്കാന്‍ യാതൊരു താല്പര്യവും റെയില്‍വേ കാണിക്കുന്നില്ല.
കേരളത്തിന്റെ നിലവിലുള്ള റെയില്‍വേ സൗകര്യങ്ങള്‍ കൂടി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സേലം ഡിവിഷന്റെ പേരില്‍ പാലക്കാട് ഡിവിഷനെ ദുര്‍ബ്ബലപ്പെടുത്താന്‍ നടത്തിയ ശ്രമം. സംസ്ഥാനം ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിലൂടെയാണ് സംസ്ഥാനത്തിന്റെ താല്പര്യം അല്‍പ്പമെങ്കിലും സംരക്ഷിക്കപ്പെട്ടത്. ഇതോടൊപ്പം സംസ്ഥാനം ആവശ്യപ്പെട്ട, കേരളം കേന്ദ്രമാക്കി പുതിയ റെയില്‍വേ സോണ്‍ ആരംഭിക്കാനുള്ള ആവശ്യം കേന്ദ്ര ഗവണ്മെന്റ് അംഗീകരിക്കണം. പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്താനും കേരളത്തിലെ റെയില്‍വേ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമായി കേന്ദ്ര ഗവണ്മെന്റ് ഉറപ്പ് നല്കിയ റെയില്‍വേ കോച്ച് ഫാക്ടറി അടിയന്തരമായി അനുവദിക്കാന്‍ തയ്യാറാകണം. 1984 ല്‍ പാലക്കാടിന് നിര്‍ദ്ദേശിച്ച കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂര്ത്തലയ്ക്ക് മാറ്റിക്കൊണ്ടുപോയ അനുഭവം കൂടി ഓര്‍മ്മിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അര്‍ഹമായ ഈ ആവശ്യം അംഗീകരിക്കണം.
റെയില്‍വേ വികസനം ഫലപ്രദമാകുന്നതിന് ഷൊര്‍ണൂര്‍-മംഗലാപുരം, എറണാകുളം-കായംകുളം ലൈനുകള്‍ ഡബിള്‍ ലൈനാക്കുന്ന പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തീകരിക്കണം. അതോടൊപ്പം ഷൊര്‍ണ്ണൂര്‍-മംഗലാപുരം ഉള്‍പ്പെടെയുള്ള പാതകള്‍ വൈദ്യുതീകരിക്കുകയും ചെയ്യണം. വ്യവസായ-വാണിജ്യ പുരോഗതിക്ക് അടിത്തറയാകേണ്ട `ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍' നിര്‍മ്മാണവും ഹൈസ്പീഡ് റെയില്‍വേ ലൈന്‍ നിര്‍മ്മാണവും ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ റെയില്‍വേ ലൈനുകള്‍ ആരംഭിക്കാനും റെയില്‍ ഓവര്‍ബ്രിഡ്ജുകള്‍ പൂര്‍ത്തീകരിക്കുവാനും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് സഹായകരമായ സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനും കേന്ദ്രഗവണ്മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.
മാധ്യമങ്ങള്‍ ജനാധിപത്യ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കണം
മാധ്യമങ്ങളില്‍ ഒരു വിഭാഗം തുടര്‍ച്ചയായി നടത്തുന്ന കടുത്ത സി.പി.ഐ (എം) വിരുദ്ധ പ്രചാരവേല കേരളീയ സമൂഹത്തിന്റെ ജനാധിപത്യ ബോധത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.
ആധുനിക സമൂഹത്തില്‍ ഒരു മാധ്യമത്തിനും നിഷ്പക്ഷമായിരിക്കാന്‍ കഴിയില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ആധിപത്യവര്‍ഗത്തിന്റെ താല്പര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമ്മത നിര്‍മ്മാണ പ്രക്രിയയാണ് മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയ-രാഷ്ട്രീയ സമരങ്ങള്‍ക്ക് അനുസൃതമായുള്ള അഭിപ്രായ രൂപീകരണമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ആധുനിക കാലഘട്ടത്തില്‍ പ്രാമുഖ്യമുള്ള പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണമായി മാധ്യമം പ്രവര്‍ത്തിക്കുന്നുവെന്ന് അന്തോണിയോ ഗ്രാംഷി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശരിവയ്ക്കുന്ന പ്രവണതയാണ് നമ്മുടെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്.
നിര്‍മ്മിത കഥകള്‍ കെട്ടിച്ചമച്ചും അപവാദ പ്രചാരവേല നടത്തിയും വിവാദങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചും പാര്‍ടിയെ ദുര്‍ബ്ബലപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇതുവഴി യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും ഒരു തരത്തിലും പ്രതിക്കൂട്ടില്‍ വരാന്‍ സാധ്യതയില്ലാത്തവരെ പുകമറയ്ക്കകത്താക്കാന് ശ്രമിക്കുകയും ചെയ്യുന്നു. സമീപകാലത്ത് ചമയ്ക്കപ്പെട്ട എല്ലാ വിവാദങ്ങളിലും ഇത് കാണാന്‍ കഴിയും. കിളിരൂര്‍ പ്രശ്നം, ഭൂമി ഇടപാടുകള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഇവയെല്ലാം ഉദാഹരണങ്ങളാണ്.
ഇതിലൂടെ സംസ്ഥാനത്ത് നടക്കേണ്ട വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക എന്നതാണ് ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നത്. മറുഭാഗത്ത് ഒരു വികസനവും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റും സി.പി.ഐ (എം) ഉം നടത്തിയില്ലെന്ന് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കുന്നു.
സംസ്ഥാന രാഷ്ട്രീയ ബലാബലത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ മുന്‍കൈയാണ് ഈ പ്രചാരവേലയെ ശക്തിപ്പെടുത്തുന്ന ഒരു ഘടകം. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.ഐ (എം) സ്വീകരിക്കുന്ന ശക്തമായ സാമ്രാജ്യത്വവിരുദ്ധ സമീപനവും ഇതിന്റെ അടിസ്ഥാനമാണ്. ഭരണവര്‍ഗ നയങ്ങളുടെ വര്‍ത്തമാനകാല താല്പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന യു.പി.എ സര്‍ക്കാരിനെ അതില്‍നിന്നും തടയുന്നത് ഇടതുപക്ഷവും അതിന് നേതൃത്വം നല്‍കുന്നത് സി.പി.ഐ (എം) ഉം ആണ്. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങള്‍ സമീപകാലത്ത് പ്രത്യേകിച്ചും ആണവകരാറിന്റെ സന്ദര്‍ഭത്തില്‍ ഏറ്റവും ശക്തമായി ആക്രമിച്ചത് സി.പി.ഐ (എം) നെയും അതിന്റെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയുമാണ്. തുടര്‍ന്ന് `ന്യൂസ് വീക്ക്' പോലുള്ള അന്തര്‍ദേശീയ വലതുപക്ഷ മാധ്യമങ്ങളും നികൃഷ്ടമായ പദങ്ങളുപയോഗിച്ചാണ് ഈ ദൗത്യം നിര്‍വ്വഹിച്ചത്.
കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നതും ഈ പ്രവണതയുടെ ഭാഗം തന്നെയാണ്. എന്നാല്‍ ഇത്രമാത്രം വൃത്തികെട്ട, നുണകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത് ഇവിടെ മാത്രമായിരിക്കും.
ഈ പ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ട സന്ദര്‍ഭമാണിത്. മാധ്യമം ഭരണവര്‍ഗ താല്പര്യം സംരക്ഷിക്കുന്നവയാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതിന് പുരോഗമനപരമായ ദൗത്യവും ഒരു പരിധിവരെ നിര്‍വ്വഹിക്കാനാവും. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വര്‍ഗീയ പ്രചാരവേലയുടെ ഉപകരണങ്ങളായി അധഃപതിച്ച സന്ദര്‍ഭത്തിലും മതനിരപേക്ഷ മൂല്യം മുറുകെ പിടിച്ച ചരിത്രമാണ് മലയാള മാധ്യമങ്ങള്‍ക്കുള്ളത്. ഒരു പ്രമുഖ വാര്‍ത്താ വര്‍ത്തമാന പത്രം ഈ സമീപനത്തിലും സമീപകാലത്ത് വെള്ളം ചേര്‍ത്തെങ്കിലും അത് അപവാദം മാത്രമാണ്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെപ്പോലെ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത നമ്മുടെ മാധ്യമങ്ങളുടെ ഉടമസ്ഥരുടെ താല്പര്യങ്ങള് പലപ്പോഴും ഈ വിദേശ കുത്തക ആധിപത്യവുമായി ഏറ്റുമുട്ടുന്നതുമാണ്. അതുകൊണ്ടുതന്നെ മലയാള മാധ്യമങ്ങള്‍ ഇന്ന് സ്വീകരിക്കുന്ന സമീപനം അവര്‍ക്കുതന്നെ ഭാവിയില്‍ അപകടം ചെയ്യുന്നതാണ്.
മാധ്യമ വിമര്‍ശനം ആരോഗ്യകരമാകണം. സംവാദ സാധ്യതകളെ ഉപയോഗിക്കേണ്ടതുമാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായ അപവാദ പ്രചാരവേല ഒരു ചെറുവിഭാഗത്തിന്റെ ലക്ഷ്യമാണ്. ഇത്തരം രീതികള്‍ മാധ്യമങ്ങള്ക്കുണ്ടാകുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന വിശ്വാസ്യതയെ സ്വയം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്നും മാധ്യമങ്ങള്‍ മോചിതമാകേണ്ടത് അവയുടെ ജനാധിപത്യവല്‍ക്കരണത്തിന് ഒഴിവാക്കാനാവാത്തതാണ്. ആ തിരിച്ചറിവിലേക്കെത്താന്‍ മാധ്യമങ്ങളും തയ്യാറാകണമെന്ന് സി.പി.ഐ (എം) സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും
ഐശ്വര്യ സമ്പൂര്‍ണ്ണമായ കേരളവും:
സംസ്ഥാന സമ്മേളനം കേരള ജനതയ്ക്ക് നല്കുന്ന ഉറപ്പ്
1. കേരള സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാര്‍ഷികവേളയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തെരഞ്ഞെടുത്തത് വലിയ പ്രതീക്ഷയോടെയാണ്. 50 വര്‍ഷം മുമ്പ് പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എങ്ങനെ ഈ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരു പുതിയ ദിശാബോധം നല്‍കിയോ അതുപോലൊരു നാഴികക്കല്ലാവണം ഈ സര്‍ക്കാരും എന്നാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണത്തിന്റെ അന്തര്‍ദേശീയ പശ്ചാത്തലത്തില്‍ ഇത് അതീവ സങ്കീര്‍ണ്ണമായ കടമയാണ്.
2. ആഗോളവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാനങ്ങളുടെ ചുമതലയിലുള്ള വിഷയങ്ങളില്‍ ചെലവിനുള്ള പണം സംസ്ഥാനങ്ങളുടെ ഗ്രാന്റായി നല്കുന്നതിനു പകരം ആ മേഖലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ നയത്തിന്റെ ഫലമായി 11-ാം പഞ്ചവത്സരപദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി ഏതാണ്ട് ഒരുലക്ഷം കോടി രൂപ പദ്ധതി ധനസഹായമായി നല്കുമ്പോള് രണ്ടുലക്ഷം കോടി രൂപയാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യക്ഷേമ സൂചികകള്‍ ഉയര്‍ന്നതായതുകൊണ്ട് ഈ ഭീമമായ തുകയുടെ തുച്ഛമായ വിഹിതമേ നമുക്ക് ലഭിക്കുന്നുള്ളൂ. ഫിനാന്‍സ് കമ്മീഷന് തീര്‍പ്പുകള്‍ കഴിഞ്ഞ മൂന്ന് തവണയായി കേരളത്തിന് വിരുദ്ധവുമാണ് നിലപാടെടുത്തത്. ഇവയാണ് കേന്ദ്ര ധനനയങ്ങളുടെ സ്ഥിതിയെങ്കില്‍ കേന്ദ്ര വികസന നയങ്ങളാകട്ടെ ജനക്ഷേമത്തിന് ഊന്നിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്ക് പ്രതിബന്ധങ്ങളായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ റേഷന്‍ ക്വാട്ടയും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയും വെട്ടിക്കുറച്ചു. കേന്ദ്ര പൊതുമേഖലാ നിക്ഷേപം താഴ്ന്നുതന്നെ തുടരുകയാണ്. ഇറക്കുമതി നയവും കേരളത്തിലെ കൃഷിയെയും വ്യവസായത്തെയും തകര്‍ക്കുന്നതാണ്. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ പൊതുസംവിധാനങ്ങള്‍ക്ക് ഭീഷണിയായി വര്‍ത്തിക്കുന്നു.
3. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായ നയം പിന്തുടരുന്നതിന് പണ്ടുണ്ടായിരുന്ന സാധ്യതകള്‍ പലതും ഇന്നില്ല. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്ന് ഇടതുപക്ഷ ബദലുകള്‍ പ്രായോഗികമായി ഉയര്‍ത്തുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ സംസ്ഥാന സമ്മേളനം അഭിവാദ്യം ചെയ്യുന്നു.
4. കേരളം ഭയാനകമായ ഒരു തകര്‍ച്ചയെ അഭിമുഖീകരിച്ചിരിക്കുന്ന വേളയിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആയിരത്തില്‍പ്പരം കൃഷിക്കാര്‍ കാര്‍ഷികത്തകര്‍ച്ച മൂലം ആത്മഹത്യ ചെയ്തു. പരമ്പരാഗത മേഖലകളാകെ തകര്‍ന്നു. പൊതുമേഖല അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ടു. പീഡിത വ്യവസായങ്ങളുടെ എണ്ണം പെരുകി. പൊതുവിദ്യാഭ്യാസത്തെയും പൊതു ആരോഗ്യ സംവിധാനങ്ങളെയും തകര്‍ത്ത് സ്വകാര്യവല്‍ക്കരിക്കുന്നതിനും കമ്പോളവല്ക്കരിക്കുന്നതിനുമുള്ള നീക്കങ്ങള്‍ ശക്തമായി. ക്ഷേമപെന്‍ഷനുകള്‍ ഭീമമായ കുടിശ്ശികയിലായി. സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി കരിനിയമങ്ങളെയും പോലീസിനെയും യു.ഡി.എഫ് നിര്‍ലജ്ജം ഉപയോഗിച്ചു. എത്രയോ നിഷ്ഠൂരമായ വിദ്യാര്‍ത്ഥി മര്‍ദ്ദനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. യു.ഡി.എഫിന്റെ നയങ്ങള്‍ വര്‍ഗീയതയുടെയും ജാതീയതയുടെയും ഒരു വേലിയേറ്റം സൃഷ്ടിച്ചു. മാറാട് നമുക്കെക്കാലത്തും ഒരു തീരാകളങ്കമായി നിലനില്ക്കും. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറുകയായിരുന്നു. ഈ സമൂലമായ തകര്‍ച്ചയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുക എന്ന കടമയാണ് അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്.
5. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അധികാരാരോഹണവും നടപടികളും ജനങ്ങള്‍ക്ക് പുതിയൊരു ആത്മവിശ്വാസം നല്കി. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൃഷ്ടാന്തമാണ് യു.ഡി.എഫ് ഭരണകാലത്തെ കൃഷിക്കാരുടെ കൂട്ട ആത്മഹത്യകള്‍ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുക; കര്‍ഷക ദുരിത ജില്ലകളിലെ കാര്‍ഷിക കടങ്ങളുടെ പലിശ ഇളവ് ചെയ്യുക; കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ തീര്‍പ്പ് പ്രകാരം വയനാട് ജില്ലയിലെ 25,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരം യു.ഡി.എഫ് ഭരണകാലത്ത് ഇളവു നല്കിയ സഹകരണ ബാങ്കുകളുടെ പലിശ പോലും ഇന്നത്തെ സര്‍ക്കാരാണ് നല്‍കിയത്. തേങ്ങയ്ക്ക് നാലുരൂപയും നെല്ലിന് ഒമ്പതുരൂപയും താങ്ങുവില പ്രഖ്യാപിച്ചു. വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ വിദര്‍ഭ പാക്കേജ് പ്രഖ്യാപിച്ചു. സ്വാമിനാഥന് കമ്മീഷന് പാക്കേജ് കുട്ടനാട് മേഖലയ്ക്ക് അംഗീകരിച്ചിട്ടുണ്ട്. ഇടുക്കിക്കുള്ളത് തയ്യാറായിവരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ പോവുകയാണ്. അങ്ങനെ കാര്‍ഷികമേഖലയില്‍ പദ്ധതിച്ചെലവ് ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിലെല്ലാമുപരി കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി ഉദാരവല്‍ക്കരണ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഈ സമീപനങ്ങള്‍ കേരളത്തിലെ കാര്ഷികോല്പ്പാദനത്തില് ഉണ്ടായിരുന്ന മുരടിപ്പ് അകറ്റാന്‍ പര്യാപ്തമായിട്ടുണ്ട്. ഇനി കാര്‍ഷിക വളര്‍ച്ചയില്‍ ഒരു എടുത്തുചാട്ടം സൃഷ്ടിക്കാന്‍ കഴിയണം.
6. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ബദല്‍ സമീപനം ഏറ്റവും സ്പഷ്ടമാകുന്ന ഒരു മേഖലയാണ് പൊതുമേഖലാ വ്യവസായങ്ങള്‍. യു.ഡി.എഫ് സര്‍ക്കാര്‍ ചൗധരി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുവാന്‍ തീരുമാനിച്ചു. ശക്തമായ പ്രക്ഷോഭത്തിലൂടെ ഈ നീക്കം തടയുന്നതിനു കഴിഞ്ഞു. പൊതുമേഖലയെ അതിന്റെ സ്വാഭാവിക മരണത്തിനു വിടുക എന്ന സമീപനമാണ് യു.ഡി.എഫ് എടുത്തത്. 2005-06 ല്‍ 12 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കൂടി യു.ഡി.എഫിന്റെ കാലത്ത് 95 കോടി രൂപ നഷ്ടം ഉണ്ടാക്കി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 2006-07 ല്‍ 22 ആയി ഉയര്‍ന്നു. നഷ്ടത്തിനു പകരം 65 കോടി രൂപ ലാഭം ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നേടി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സംയുക്ത സംരംഭം, ഉയര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ധനസഹായം അടക്കമുള്ള ധനകാര്യ പുനഃസംഘടനാ പാക്കേജുകള്‍, സാങ്കേതിക നവീകരണം, തൊഴിലാളി മാനേജ്മെന്റ് സഹകരണം തുടങ്ങിയവയാണ് പൊതുമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കിയത്. സ്വകാര്യ പീഡിത വ്യവസായങ്ങള്‍ക്ക് ഇതുപോലൊരു പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
7. പുതു നിക്ഷേപത്തെ കേരളത്തിലേക്ക് ആകര്ഷിക്കന്നതിന് സജീവമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് ചെയ്തതുപോലെ സംസ്ഥാനത്തെ താല്പര്യങ്ങള് ബലികഴിച്ചുകൊണ്ട് വന്‍കിട മൂലധനത്തിന് അടിയറവ് പറയുന്ന സമീപനമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. നമ്മുടെ ബദല്‍ സമീപനം ഏറ്റവും നന്നായി പ്രതിഫലിക്കുന്ന ഒരു നേട്ടമാണ് സ്മാര്‍ട്ട് സിറ്റി പ്രൊജക്ട്. യു.ഡി.എഫ് അംഗീകരിച്ച നിബന്ധനകള്‍ നമുക്ക് സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് ഉമ്മന്‍ചാണ്ടി ഉണ്ടാക്കാന്‍ ശ്രമിച്ച കരാറിനെ നാം എതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല; മറ്റ് ഐ.ടി പാര്‍ക്കുകള്‍ക്ക് കൊച്ചി മേഖലയില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് തടസ്സമില്ല; ഭൂമിക്ക് കൂടുതല്‍ വില നല്‍കാം തുടങ്ങിയ നിലപാട് സ്മാര്‍ട്ട് സിറ്റിക്കാര് സ്വീകരിച്ചപ്പോള്‍ നാം കരാറിന് തയ്യാറായി. ഈ പ്രൊജക്ട് നടപ്പിലാകുന്നതോടെ അത് തൊഴില്‍രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് വഴിതെളിക്കും. ഇതുപോലെ സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ തയ്യാറായി ഒട്ടനവധി നിക്ഷേപകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് ഈ നിക്ഷേപങ്ങള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള സമീപനമായിരിക്കണം സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. നിലവിലുള്ള അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കും. നിക്ഷേപകരെ അകറ്റുംവിധം ഇത്തരം സംരംഭങ്ങള്‍ സംബന്ധിച്ച് വിവാദ പുകമറ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അനുഗുണമല്ല. നിക്ഷേപ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ഏവരും സഹകരിക്കേണ്ടതാണ്.
8. ദ്രുതഗതിയിലുള്ള വ്യവസായ വളര്‍ച്ചയ്ക്ക് നല്ല തൊഴില്‍ബന്ധങ്ങള്‍ അത്യാന്താപേക്ഷിതമാണ്. തൊഴിലാളികളുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന വിധത്തില്‍ യു.ഡി.എഫ് പാസ്സാക്കിയ കരിനിയമങ്ങള്‍ അടിയന്തരമായി തിരുത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.
9. പരമ്പരാഗത വ്യവസായ മേഖല യു.ഡി.എഫ് നയങ്ങളും എല്‍.ഡി.എഫ് നയങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന മറ്റൊരു രംഗമാണ്. പരമ്പരാഗത വ്യവസായ മേഖലയിലെ തകര്‍ന്ന സഹകരണ മേഖലയും പൊതുമേഖലയും പുനഃസംഘടിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കയര്‍, കശുവണ്ടി മേഖലകളില്‍ ഈ സമീപനം വളരെ പ്രകടമാണ്. കൈത്തറി തുടങ്ങി മറ്റു മേഖലകളുടെയും പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
10. കെ.എസ്.ആര്.ടി.സിയെയും വാട്ടര്‍ അതോറിറ്റിയെയും തകര്‍ക്കുന്ന നയമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. വാട്ടര്‍ അതോറിറ്റിക്ക് സമാന്തരമായി പുതിയ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുക. സന്നദ്ധ സംഘടനകളെ കുടിവെള്ള പദ്ധതികള്‍ ഏല്‍പ്പിക്കുക തുടങ്ങിയവയായിരുന്നു യു.ഡി.എഫ് നയം. കെ.എസ്.ആര്.ടി.സിക്ക് സമാന്തരമായുള്ള സര്‍വ്വീസുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുക, നവീകരണത്തില്‍ കാലതാമസം വരുത്തുക, അഴിമതി സാര്‍വ്വത്രികമാക്കുക തുടങ്ങിയവയായിരുന്നു യു.ഡി.എഫ് നയത്തിന്റെ മുഖമുദ്ര. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാകട്ടെ ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെയും പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എത്രയും വേഗം കെ.ഡബ്ല്യു.എയ്ക്കും കെ.എസ്.ആര്.ടി.സിക്കും സമഗ്രമായ പുനരുദ്ധാരണ പാക്കേജുകള്‍ക്ക് രൂപം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
11. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സംസ്ഥാന പൊതുവിതരണം സമ്പ്രദായം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര നയങ്ങള്‍ മൂലം വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ റേഷന്‍ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കുന്നതിനുമുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തേണ്ടതാണ്. ഈ മേഖലയില്‍ മാവേലി സ്റ്റോറുകളും സഹകരണ ചന്തകളും ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഈ പരിശ്രമം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ടതാണ്.
12. മത്സ്യമേഖലയ്ക്ക് ഒരു പുതുജീവന്‍ നല്‍കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. മണ്‍സൂണ്‍ കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സബന്ധനാവകാശം ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണം, ക്ഷേമനിധിയില്‍ കയറ്റുമതിക്കാരുടെ അംശാദായം ഉറപ്പുവരുത്തുന്ന നിയമം, ഇപ്പോള്‍ പാസ്സാക്കുവാന്‍ പോകുന്ന കടാശ്വാസനിയമം, സുനാമി ദുരിതാശ്വാസ പദ്ധതി തുടങ്ങിയവയെല്ലാം വലിയ പ്രതീക്ഷകളാണുയര്ത്തിയിട്ടുള്ളത്. തീരദേശത്തെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതാണ്. ഇന്ത്യാരാജ്യത്ത് ആദ്യമായിട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു കടാശ്വാസനിയമം പാസ്സാക്കുന്നത്. കടക്കെണിയില്‍ നിന്ന് മത്സ്യമേഖല മോചിതമാകുന്ന കാതലായ മാറ്റങ്ങള്‍ക്ക് ഈ നിയമം വഴി തെളിക്കും.
13. കേരളത്തിലെ പാല്‍ക്ഷാമം ക്ഷീരമേഖലയില്‍ കൂടുതല്‍ ഊന്നേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. മില്‍മയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ക്ഷീരകൃഷിക്കാര്‍ക്ക് കൂടുതല്‍ വില ഉറപ്പുവരുത്തണം. അവരുടെ ക്ഷേമനിധിയിലേക്ക് സര്‍ക്കാരും അംശാദായം നല്‍കണം.
14. പട്ടികജാതി-പട്ടികവര്‍ഗ വികസനത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കിയ പട്ടിക വിഭാഗങ്ങള്‍ക്കുള്ള വികസന ഫണ്ട് ലാപ്സാവുകയോ വകമാറ്റി ചെലവാക്കുകയോ ആണ് ചെയ്തത്. ഈ തുക മുഴുവന്‍ കണക്കാക്കി പരിഹാരമായി ജനറല്‍ ഫണ്ടില്‍നിന്ന് മാറ്റി പട്ടികവിഭാഗങ്ങള്‍ക്കായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വകയിരുത്തുകയുണ്ടായി. യു.ഡി.എഫിന്റെ കാലത്ത് ഒരിക്കല്‍ പോലും വിദ്യാഭ്യാസ ആനുകൂല്യം വര്‍ദ്ധിപ്പിച്ചില്ല. ഈ സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് സമ്പൂര്‍ണ്ണ വൈദ്യസഹായം ഏര്‍പ്പെടുത്തി. യൂണിവേഴ്സിറ്റികളും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളും നടത്തുന്ന സ്വാശ്രയ കോഴ്സുകള്‍ക്ക് പൂര്‍ണ്ണ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ക്രമീകരണമുണ്ടാക്കി.
15. യു.ഡി.എഫില്‍ നിന്നും വ്യത്യസ്തമായി പൊതുമേഖലയില്‍ തന്നെ വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. 5 വര്‍ഷം കൊണ്ട് യു.ഡി.എഫ് 26 മെഗാ വാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ 5 വര്‍ഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ 500 മെഗാ വാട്ട് വൈദ്യുതിയാണ് ഉല്പ്പാദിപ്പിക്കുവാന് പോകുന്നത്. 10 വര്‍ഷം കൊണ്ട് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിനു വെളിയില്‍ 1000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. വൈദ്യുതി താരിഫും മറ്റും റെഗുലേറ്ററി കമ്മീഷനാണ് തീരുമാനിക്കുന്നത്. എങ്കില്‍പ്പോലും കുടിവെള്ളത്തിനും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കും നിരക്കില്‍ ഇളവ് നല്കാന് കഴിഞ്ഞു.
16. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യമെടുത്താലും യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സമീപനങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസം കാണാന്‍ കഴിയും. ഭീമമായ കുടിശ്ശിക വരുത്തിവച്ചുകൊണ്ടാണ് യു.ഡി.എഫ് അധികാരം ഒഴിഞ്ഞത്. ഇതില്‍ പെന്ഷന് കുടിശ്ശിക കൊടുത്തുതീര്ത്തുകഴിഞ്ഞു. കര്‍ഷകത്തൊഴിലാളി പെന്‍ഷനുവേണ്ടി മാത്രം 2007-08 ല്‍ 165 കോടി രൂപയാണ് ചെലവഴിച്ചത്. ഇനിയിപ്പോള്‍ പെന്ഷന് തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
17. ആരോഗ്യമേഖലയാണ് ദിശാമാറ്റം പ്രകടമാകുന്ന മറ്റൊരു വികസന മേഖല. പൊതു ആരോഗ്യ സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. പാവപ്പെട്ടവര്‍ക്ക് സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് അവര്‍ മുന്നോട്ടുവച്ചത്. ഈ ഇന്‍ഷ്വറന്‍സ് പദ്ധതിക്കു പകരം പൊതു ആരോഗ്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിക്കുന്നു. ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്കുന്ന 10 ശതമാനം മാത്രം വരുന്ന ബി.പി.എല്‍ കുടുംബങ്ങളില്‍ ഒതുങ്ങുവാന്‍ പാടില്ല. ഇത് എല്ലാ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കണം. സമഗ്രമായ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. ഇത്തരം ഒരു പദ്ധതി നടപ്പാക്കാന്‍ പ്രാപ്തമാക്കുംവിധം പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തണം. കൂടുതല്‍ സ്റ്റാഫ്, സൗകര്യങ്ങള്‍, ആവശ്യമായ മരുന്ന്, ബോധവല്‍ക്കരണം, ജനപങ്കാളിത്തം ഇവയൊക്കെ അടങ്ങുന്ന ഒരു സമഗ്ര ആരോഗ്യപരിപാടിയാണ് കേരളത്തിനു വേണ്ടത്. ഇത്തരം ഒരു പരിപാടി ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.
18. വിദ്യാഭ്യാസമേഖലയില്‍ പൊതു വിദ്യാഭ്യാസത്തെ ദുര്‍ബ്ബലപ്പെടുത്തുംവിധം അനിയന്ത്രിതമായി അണ് എയ്ഡഡ് സ്കൂള്‍ ആരംഭിക്കുന്നതിന് അനുവാദം നല്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ കോഴ്സുകളും കോളേജുകളും നിബന്ധനകള്‍ ഇല്ലാതെയും ആവശ്യപ്പെട്ടവര്‍ക്കെല്ലാം അനുവദിക്കുന്ന സമീപനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാവട്ടെ സാമൂഹ്യനീതിയും മെരിറ്റും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണത്തിനാണ് മുതിര്‍ന്നത്. ഈ പരിശ്രമങ്ങള്‍ തുടരുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും വിപുലീകരണത്തിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഈ ദിശയില്‍ ശ്രദ്ധേയമായ ചുവടുവെപ്പാണ്. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഹയര്‍ സെക്കണ്ടറി തലംവരെ സാര്വത്രികമാക്കുന്നതിനുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു. ദിവസക്കൂലി അടിസ്ഥാനത്തിലും ഗസ്റ്റ് അധ്യാപകരായും ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാതെയും നടക്കുന്ന സ്കൂളുകളും കോളേജ് കോഴ്സുകളുമുണ്ട്. എത്രയും വേഗം ഈ അരാജകാവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
19. ജനകീയാസൂത്രണം യു.ഡി.എഫ് അവസാനിപ്പിച്ചു. ഇത് വെറും ഒരു പേരുമാറ്റമായിരുന്നില്ല. വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് അത് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കി മാറ്റുന്നതിനും സന്നദ്ധ സംഘടനകള്‍ക്ക് പ്രാമുഖ്യം നല്കുന്നതിനുമുള്ള ബോധപൂര്‍വ്വമായ നീക്കമായിരുന്നു. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ ലോകബാങ്കിന്റെ വാര്‍പ്പ് മാതൃകയിലേക്ക് മാറ്റുന്നതിനുള്ള ശ്രമമായിരുന്നു. ഈ പ്രവണതകള്‍ ജനകീയാസൂത്രണം പുനസ്ഥാപിച്ചതിലൂടെ വിരാമമിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനും കമ്പ്യൂട്ടറൈസേഷന് പൂര്‍ത്തീകരിക്കുന്നതിനും, പരിശീലന പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും, ആവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും, നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടിയിരിക്കുന്നു. അടുത്തവര്‍ഷം ജൂണ്‍ മാസത്തിനുള്ളില്‍ പദ്ധതിരേഖയ്ക്ക് അംഗീകാരം നല്കി നിര്വ്വഹണമാരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ വകുപ്പുകള്‍ പരിപാടി ഏറ്റെടുക്കുന്നത് ഒഴിവാക്കണം. സംയോജിത പദ്ധതിയുടെ ആവര്‍ത്തനങ്ങളും വിടവുകളും ദൂരീകരിക്കും. വര്‍ഗ-ബഹുജനസംഘടനകള്‍ സജീവമായി വികേന്ദ്രീകൃത ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പങ്കാളിയായിക്കൊണ്ടേ ജനപങ്കാളിത്തം വിപുലപ്പെടുത്താനാവൂ.
20. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീക്ക് സമാന്തരമായി ജനശ്രീ സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി ജനവിരുദ്ധ സ്വഭാവം തെളിയിച്ചിരിക്കുകയാണ്. ലോകബാങ്കിന്റെ സ്വയംസഹായ സംഘങ്ങളുടെ മാതൃകയില്‍ നിന്ന് വ്യത്യസ്തമായ ഒര മാതൃക കുടുംബശ്രീയിലൂടെ രൂപം നല്കാന് എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്..
21. സഹകരണമേഖലയ്ക്ക് ഗ്രാമീണ സമ്പദ്ഘടനയിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് കാര്‍ഷിക വായ്പയ്ക്കുള്ള പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതുവരെ പലിശ ഇളവ്, മൊറട്ടോറിയം, കടം എഴുതിത്തള്ളല്‍ തുടങ്ങിയവയിലൂടെ 3100 കോടി രൂപയുടെ ഇളവുകള്‍ കൃഷിക്കാര്‍ക്ക് നല്കി. വൈവിധ്യമാര്‍ന്ന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന് ഇടപെടുന്നതിനുള്ള ശേഷി ഉറപ്പുവരുത്തുവാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിന് സഹകരണമേഖലയെ സജീവമായി ഇടപെടുവിക്കാന്‍ സാധിച്ചു. സഹകരണ പ്രൊഫഷണല്‍ കോളേജുകള്‍ ആറണ്ണെമാണുള്ളത്. 14 എണ്ണവും കൂടി പുതുതായി ആരംഭിച്ചു. ഇതിനൊക്കെ സഹായകമായ രീതിയില്‍ സഹകരണപ്രസ്ഥാനത്തിന്റെ ധനശേഷി വര്‍ദ്ധിപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 21,000 കോടി രൂപയായിരുന്ന അറ്റനിക്ഷേപം 2008 ല്‍ 36,000 കോടി രൂപയായി വര്‍ദ്ധിച്ചു.
22. ലോക്കപ്പ് മര്‍ദ്ദനങ്ങളും വെടിവെപ്പുകളും യു.ഡി.എഫ് ഭരണത്തില്‍ നിത്യസംഭവങ്ങളായിരുന്നു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സാധാരണമായി. എന്നാല്‍ ഈ നിലയ്ക്ക് മാറ്റം വരുത്തുവാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞു. ലോക്കപ്പ് മര്ദ്ദനങ്ങള്ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു. പോലീസ് വെടിവെപ്പില്ലാത്ത ഭരണമായി മാറാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി അത്തരം അസ്വാസ്ഥ്യങ്ങളെ ഉന്മൂലനം ചെയ്യാനായി. ജനങ്ങളുമായി സൗഹാര്‍ദ്ദപരമായി ഇടപെടുന്ന പോലീസ് സംവിധാനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന കമ്മ്യൂണിറ്റി പോലീസ് സംവിധാനം ഈ രംഗത്ത് പുതിയ കാല്‍വെപ്പാണ്.
23. ധനകാര്യമേഖലയില്‍ ഇടതുപക്ഷ ബദല്‍ സമീപനത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ റവന്യൂ വരുമാനം ഗണ്യമായി ഉയര്‍ത്തുന്നതിനും കമ്മി കുറയ്ക്കുന്നതിനും വേണ്ടി കഴിഞ്ഞിട്ടുണ്ട്. 2010-ഓടെ ദൈനംദിന ചെലവുകള്‍ക്ക് വായ്പ എടുക്കേണ്ട ആവശ്യമില്ലാതെവരും. എന്നാല്‍, വികസനപ്രവര്ത്തനങ്ങള്ക്കുപോലും ആവശ്യമായ വായ്പ നല്‍കാത്ത സമീപനമാണ് കേന്ദ്രത്തിന്റേത്. അതു തന്നെ വിദേശ വായ്പകളെ കൂടുതല്‍ ആശ്രയിക്കണം എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഈ നിലപാട് കേന്ദ്രം തിരുത്തേണ്ടതാണ്. സംസ്ഥാനങ്ങള്‍ക്ക് ധനകാര്യമേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന സമീപനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
24. കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാക്കി ജനസേവകരെന്ന മനോഭാവം ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയ്യാറാകണം. ജീവനക്കാരുടെ അവകാശങ്ങള്‍ തിരിച്ചുപിടിച്ച യു.ഡി.എഫ് നയത്തിന് കടകവിരുദ്ധമായ സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചിട്ടുള്ളത്. ഡി.എയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നതില്‍ ഉദാരമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതു മനസ്സിലാക്കി കാര്യക്ഷമവും അഴിമതി വിമുക്തവുമായ സിവില്‍ സര്‍വ്വീസ് സൃഷ്ടിക്കുന്നതിന് സഹകരിക്കണമെന്ന് സമ്മേളനം ജീവനക്കാരെ ആഹ്വാനം ചെയ്യുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ചിട്ടുള്ള ഭരണ പരിഷ്കാര നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അഴിമതിവിമുക്ത ഭരണം ലക്ഷ്യമിട്ടുകൊണ്ട് ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതില്‍ വിജയം കൈവരിച്ച ഒന്നാണ് `അഴിമതിരഹിത വാളയാര്‍ പരിപാടി'. ആഗോളവല്‍ക്കരണത്തിന്റെയും മറ്റും സ്വാധീനഫലമായി നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിവിധ മേഖലകളില്‍ കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയെപ്പോലുള്ള സംഘങ്ങള്‍ സജീവമാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണം.
25. 21 മാസം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നേടിയ നേട്ടങ്ങള്‍ ആര്‍ക്കും അഭിമാനിക്കാവുന്നതാണ്. എന്നാല്‍ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ഈ നേട്ടങ്ങളെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നതിനുള്ള നിക്ഷിപ്തമായ താല്പര്യം ഒരളവുവരെ വിജയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ നടക്കുന്ന എച്ച്.എം.ടി ഭൂമി വിവാദത്തിന്റെ ലക്ഷ്യവും ഇതു തന്നെയാണ്. കേരളത്തിലെ നിക്ഷേപകരെ അകറ്റുന്നതിനായി ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം വികസനവിരുദ്ധ താല്പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
26. ജനപക്ഷത്തുനിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതും നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കകത്ത് നിന്നുകൊണ്ട് ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതുമാണ്. സര്‍ക്കാരിന്റെ ഈ സമീപനം സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും ജാതി-മത ശക്തികളുടെയും താല്പര്യങ്ങള്ക്കും വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ പിന്തിരിപ്പന് ശക്തികളെല്ലാം ചേര്‍ന്ന് കേരളത്തെ പിറകോട്ട് വലിക്കുന്നതിനും ആഗോളവല്‍ക്കരണത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും വഴിയൊരുക്കാന്‍ രണ്ടാം വിമോചനസമരത്തെക്കുറിച്ച് സ്വപ്നം കാണുകയാണ്. കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാംസ്കാരിക മുന്നേറ്റത്തിനും തടസ്സമായി നില്ക്കുന്ന ഈ നീക്കത്തെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് ഈ സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.
27. 21 മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും തിരുത്തേണ്ട പല പോരായ്മകളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇവ മനസ്സിലാക്കി ദൗര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കാര്യക്ഷമവും ജനക്ഷേമകരവുമായ വികസനോന്മുഖനയം നടപ്പിലാക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് കേരളത്തിലെ ജനങ്ങളോട് ഈ സമ്മേളനം ഉറപ്പുനല്‍കുന്നു. രണ്ടുവര്‍ഷത്തെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സമഗ്രമായ ഒരു മാര്‍ഗരേഖ അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ട്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് ഐശ്വര്യസമ്പൂര്‍ണ്ണമായ കേരളം സൃഷ്ടിക്കുന്നതിനുള്ള ഈ പരിപാടി കുടുതല്‍ കാര്യക്ഷമമായും യോജിപ്പോടെയും സമയബന്ധിതമായും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് സമ്മേളനം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ തിരുത്തി കേരളത്തിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ഉല്പ്പാദനച്ചെലവില് വലിയ വര്‍ദ്ധനവും വിലകളില്‍ അടിക്കടി ഉണ്ടാകുന്ന കുറവിലേക്കുമാണ് നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന നിലയാണ് സംജാതമായിരിക്കുന്നത്. കേന്ദ്രം സ്വീകരിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഇറക്കുമതി ചുങ്കത്തിലെ വെട്ടിക്കുറയ്ക്കല്‍ ഈ രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി നയവും അടിക്കടി ഉണ്ടാകുന്ന പെട്രോളിയം, ഡീസല്‍, രാസവളം, കീടനാശിനി എന്നിവയുടെ വിലവര്‍ദ്ധനവും വായ്പാ പലിശയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും സബ്സിഡിയുടെ വെട്ടിക്കുറവും കേരളത്തില്‍ കാര്‍ഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയാണ്. പാമോയില്‍ ഇറക്കുമതി അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം ദുരിതം കൊണ്ട് പൊറുതിമുട്ടുന്ന നാളികേര കര്‍ഷകരെ കൂനിന്മേല് കുരുവായി അനുഭവപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം നയങ്ങള്‍ കാര്‍ഷിക വിളകള്‍ക്കു മുകളില്‍ കുത്തകള്‍ക്ക് പിടിമുറുക്കാന്‍ സാധിക്കുന്ന നിലയാണ് പൊതുവില്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ നയം രാജ്യത്തെ ഭക്ഷ്യസംഭരണ കുത്തകകളെയും വ്യവസായ ലോബികളുടെയും താല്പര്യം സംരക്ഷിക്കുന്നതിലേക്കാണ് നയിക്കുന്നത്.
ദീര്‍ഘകാല വിളകളാണ് കേരളത്തില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. മൊത്തം വിളകളുടെ 83 ശതമാനവും കേരളത്തില്‍ ഈ മേഖലയില്‍ നിന്നാണ് ഉണ്ടാകുന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല വിളകളായതിനാല്‍ ഇവ തുടര്‍ച്ചയായ പരിചരണവും സംരക്ഷണവും ആവശ്യപ്പെടുന്നതാണ്. ഇതില്‍ വരുന്ന ഏതൊരു പിഴവും ദീര്‍ഘകാല പ്രതിസന്ധി കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുന്നതാണ്. ദീര്‍ഘകാല വിള ഉല്‍പ്പാദക പട്ടികയില്‍ കേരളമാണ് വമ്പിച്ച സംഭാവന ചെയ്യുന്നത്. ഇന്ത്യന്‍ റബ്ബറിന്റെ 83 ശതമാനവും കുരുമുളകിന്റെ 98 ശതമാനവും ഏലത്തിന്റെ 78 ശതമാനവും നാളികേരത്തിന്റെ 50 ശതമാനവും കാപ്പിയുടെ 30 ശതമാനവും തേയിലയുടെ 7 ശതമാനവും അടക്കയുടെ കാര്യത്തിലും കേരളം നിര്‍ണ്ണായകമായ സംഭാവനയാണ് ചെയ്യുന്നത്. ഇതിനു പുറമെ ഒട്ടനേകം കാര്‍ഷിക സുഗന്ധവിളകളും ഉല്‍പ്പാദിപ്പിക്കുന്നതും കേരളം തന്നെയാണ്. ഈ വസ്തുത പരിഗണിച്ചുള്ള സംരക്ഷണം കേന്ദ്രം തയ്യാറാവുന്നില്ല.
കാര്‍ഷികത്തകര്‍ച്ച ഉണ്ടാകുന്ന സംസ്ഥാനങ്ങളില്‍ നിരവധി പേക്കേജുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തെ അവഗണിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. നാളികേര കൃഷിയുടെ സംരക്ഷണത്തിനായി കേന്ദ്രം പ്രഖ്യാപിച്ച് ഇന്നേവരെ നടപ്പാക്കാത്ത 4766.66 കോടി രൂപയുടെ പദ്ധതി കടലാസ്സില്‍ കിടക്കുകയാണ്. സമഗ്രമായ നാളികേര പാക്കേജ് കേരളത്തിന് അടിയന്തരമായി അനുവദിക്കേണ്ടതുണ്ട്. നാളികേര കൃഷി ഉല്‍പ്പാദന മുരടിപ്പിനെയും മാരകമായ കീടരോഗബാധയും പിടികൂടിയതോടെ കേരളം ക്ഷമതയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില 36 രൂപ, 36.20 ആക്കിയതോടെ ഒരു തേങ്ങയ്ക്ക് 3 പൈസയുടെ വര്‍ദ്ധനവാണ് നല്‍കിയത്. അതേസമയം പാമോയില്‍ ഇറക്കുമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു.
കവുങ്ങ് കൃഷിക്ക് യാതൊരു സംരക്ഷണവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കുരുമുളകിന്റെ കാര്യത്തില്‍ ഇതേ നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഏലം, വാനില, കാപ്പി, ജാതിക്ക ഉള്‍പ്പെടെയുള്ള വിളകളെ താങ്ങുവില നല്കി സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ നെല്‍വയലുകളെ ദേശീയ ഭക്ഷ്യസുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പാലിനും മുട്ടയ്ക്കും മാംസത്തിനും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമം നേരിടുന്ന കേരളത്തില്‍ ഈ മേഖലയെ സഹായിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കാന്‍ പറ്റുന്ന വ്യവസായ സംരംഭങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സഹായവും ലഭ്യമാകുന്നില്ല. വിദേശ മലയാളികളുടെ കൈകളിലൂടെ ദേശസാല്‍ക്കൃത ബാങ്കുകളില്‍ എത്തിച്ചേരുന്ന 60,000-ത്തില്‍ അധികം കോടി രൂപ പലിശ കുറച്ച് ഈ മേഖലയില്‍ വായ്പ നല്‍കുന്നതിനുള്ള നയം രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ഗ്രാമീണ തൊഴിലുറപ്പ് നിയമം ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ നടപ്പിലാവുകയാണ്. ഈ മേഖലയില്‍ ഉപയോഗിക്കുന്ന തൊഴില്‍ശക്തിയെ ദരിദ്ര ചെറുകിട കര്‍ഷകരുടെ കൈയിലുള്ള ഭൂമിയില്‍ കൂടി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ നിയമത്തില്‍ വേണ്ട ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇതിലൂടെ കുറഞ്ഞ തൊഴില്‍ ലഭിക്കുന്ന കര്‍ഷകത്തൊഴിലാളിക്ക് 200-ല്‍ അധികം തൊഴില്‍ ദിനം സൃഷ്ടിക്കുവാന്‍ ഇതിലൂടെ സാധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്ക് കീഴില്‍ നിന്ന് കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആശ്വാസകരമായ നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യക്കാകെ മാതൃകയായ കര്‍ഷക കടാശ്വാസ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കേരളത്തില്‍ അത് ഇല്ലാതാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഫലമായിട്ടാണ്. നെല്ലിന് കഴിഞ്ഞ കാലത്തെക്കാള്‍ ഉയര്‍ന്ന വില നല്കി സംഭരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയവും, സഹകരണ ബാങ്കുകളെ ഉപയോഗിച്ച് പലിശ കുറച്ച് വായ്പ നല്‍കുകയും ചെയ്ത നിലപാട് കര്‍ഷകര്‍ക്ക് ആശ്വാസകരമായിത്തീര്ന്നു എന്നതാണ് അനുഭവം.
കേരളത്തിന്റെ കാര്‍ഷിക മേഖല സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഈ സമ്മേളനം അഭിനന്ദിക്കുന്നു. അതോടൊപ്പം കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികാസം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണം
ചില പ്രത്യേക സാമൂഹ്യ സ്വഭാവങ്ങളുള്ളവരെയാണ് ഭരണഘടനയില്‍ പട്ടികജാതി-പട്ടികവര്ഗക്കാരുമയി വര്‍ഗീകരിച്ചിട്ടുള്ളത്. ദളിതര്‍ക്ക് നല്കുന്ന സംവരണാനുകൂല്യം മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മതവിശ്വാസം മാറിയതുകൊണ്ട് ദളിതര്‍ ദളിതരല്ലാതാവുന്നില്ല. അവരുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥകള്‍ തുടരുക തന്നെയാണ്.
ബുദ്ധമതവും സിക്കുമതവും സ്വീകരിച്ച ദളിതര്‍ക്ക് ഇന്ന് സംവരണം ലഭിച്ചുപോരുന്നുണ്ട്.
സംവരണാനുകൂല്യം ലഭിച്ചുപോരുന്നവരുടെ ആനുകൂല്യങ്ങള്‍ ഒന്നും വെട്ടിക്കുറയ്ക്കാതെ ക്രിസ്ത്യാനികളായ ദളിതര്‍ക്കും സംവരണാനുകൂല്യം നല്കാന് നടപടി കൈക്കൊള്ളണമെന്ന് സി.പി.ഐ (എം) സംസ്ഥാന സമ്മേളനം ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകളെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുക
രാജ്യത്ത് നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തില്‍ സവിശേഷമായ സ്ഥാനമാണ് ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ പരിമിതിക്കകത്തുനിന്ന് പരമാവധി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ബദല്‍നയങ്ങള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനുമുള്ള ഉപകരണങ്ങളായാണ് ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരുകളെ ദുര്‍ബ്ബലപ്പെടുത്താനും മൂലധനശക്തികള്‍ക്ക് സര്‍വ്വതന്ത്ര സ്വാതന്ത്ര്യം നല്‍കാനുമാണ് കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമം. പൊതുമേഖലയെ കൈയൊഴിയുക, സ്വകാര്യവല്‍ക്കരണ പ്രക്രിയയ്ക്ക് എല്ലാ മണ്ഡലങ്ങളെയും വിട്ടുകൊടുക്കുക, സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുക, പൊതുവിതരണ ശൃംഖലയെ ഇല്ലാതാക്കുക, കാര്‍ഷികമേഖലയെ അവഗണിക്കുക എന്നിങ്ങനെയുള്ള സമീപനമാണ് കേന്ദ്രത്തിന്റേത്. ഇത് അസമത്വം വര്‍ദ്ധിപ്പിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാക്കുകയും കര്‍ഷക ആത്മഹത്യകള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. നാനാമേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ നയങ്ങളോട് കടുത്ത എതിര്‍പ്പുള്ള രാഷ്ട്രീയ സംവിധാനമാണ് മൂന്നു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ നയിക്കുന്നത്.
കേന്ദ്ര ഭരണകൂടഘടനയ്ക്കകത്തുനിന്നുകൊണ്ട് എങ്ങനെ ബദല്‍ സാധ്യമാകുമെന്നാണ് ഈ സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്തിനു തന്നെ മാതൃകയാകുംവിധം കേരളത്തില്‍ രൂപീകരിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷന് ഇതിനുദാഹരണമാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന വ്യവസായ നയം, പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്ന ക്ഷേമപദ്ധതികള്‍, അധികാര വിനിയോഗത്തിന്റെ ശരിയായ പ്രയോഗം തുടങ്ങിയവയെല്ലാം ബദല്‍ പ്രയോഗത്തിന്റെ രൂപങ്ങളാണ്.
തൊഴിലാളികളും കൃഷിക്കാരും ജീവനക്കാരും അടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനസാമാന്യത്തിന്റെ നാനാതരം ജീവിത അവശതകള്‍ക്ക് തെല്ലെങ്കിലും പരിഹാരം കാണുന്നത് പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഗവണ്മെന്റുകളും കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്മെന്റുമാണ്. ബൂര്‍ഷ്വാ പാര്‍ടികളുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റുകള്, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും, ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂപ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിനു പകരം അവരെ കൂടുതല്‍ ദുരിതങ്ങളിലാഴ്ത്തുന്ന തരത്തില്‍ ഭൂകേന്ദ്രീകരണത്തിനും വിളകള്‍ കുറഞ്ഞ വിലയ്ക്ക് അവരില്‍ നിന്നും തട്ടിയെടുക്കുന്നതിനുമാണ് ശ്രമിക്കുന്നത്. 2006 ല്‍ പോലും 17000-ത്തില്‍ അധികം കര്‍ഷക ആത്മഹത്യ നടന്നത് ഇതിന് തെളിവാണ്. ബൂര്‍ഷ്വാ പാര്‍ടികളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ആത്മഹത്യകള്‍ ഇപ്പോഴും തുടരുന്നതും കേരളത്തില്‍ യു.ഡി.എഫ് ഭരണകാലത്തുണ്ടായ ആത്മഹത്യാ പ്രവണത എല്‍.ഡി.എഫ് ഭരണം കൈക്കൊണ്ട നടപടികളിലൂടെ തടയപ്പെട്ടതും കാര്‍ഷിക പ്രശ്നങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ നിലപാടിന്റെ മേന്മ വിളിച്ചോതുന്നു. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍, ദളിതര്‍ മുതലായ ജനവിഭാഗങ്ങളുടെ പ്രശ്നപരിഹാരത്തിനു ഇടതുപക്ഷ-ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റുകളും അവയ്ക്ക് നേതൃത്വം നല്കുന്ന പാര്‍ടികളും സ്വീകരിക്കുന്ന ധീരമായ നടപടികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
തൊഴിലാളികള്‍, ജീവനക്കാര്‍, പെന്‍ഷന്‍പറ്റിയവര്‍ എന്നീ വിഭാഗങ്ങളെ ബൂര്‍ഷ്വാ ഗവണ്മെന്റുകള് നാനാതരത്തില് ഞെക്കിപ്പിഴിയുമ്പോള്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്മെന്റുകള് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിപുലമാക്കാനും അവര്‍ക്ക് ആശ്വാസം പകരാനും കൈക്കൊള്ളുന്ന വിവിധ നടപടികള്‍ പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്ബ്ബലജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും വേണ്ടി അവരുടെമേല്‍ പുതിയ ഭാരങ്ങള്‍ കെട്ടിവയ്ക്കുകയുമാണ് ബൂര്‍ഷ്വാ ഗവണ്മെന്റകള്. മറിച്ച്, ഇടതുപക്ഷ-ജനാധിപത്യ പാര്‍ടികളും അവ നയിക്കുന്ന ഗവണ്മെന്റുകളുമാണ് ഈ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും അവരോട് നീതി ചെയ്യുന്നതും എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു.
സാമ്രാജ്യത്വശക്തികള്‍ക്ക്, വിശേഷിച്ച് അമേരിക്കയ്ക്ക് രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവയ്ക്കുന്ന സമീപനമാണ് ബൂര്‍ഷ്വാ പാര്‍ടികളുടേത്. ഇതില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ജനസാമാന്യത്തിന്റെ താല്പര്യസംരക്ഷണത്തിനായി ഈ സമീപനം ഉപേക്ഷിക്കണമെന്നും സ്വതന്ത്രമായ വിദേശനയം ഇന്ത്യാഗവണ്മെന്റ് പിന്തുടരണമെന്നും ഇടതുപക്ഷ-ജനാധിപത്യ ഗവണ്മെന്റുകളും അവയെ നയിക്കുന്ന കക്ഷികളും ആവശ്യപ്പെടുന്നു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ഇക്കാര്യം പ്രകടമാണ്. ഇക്കാര്യത്തില്‍ പ്രത്യേകമായും മുന്‍ പറഞ്ഞ കാര്യങ്ങളില്‍ പരോക്ഷമായും സാമ്രാജ്യത്വശക്തികള്‍ക്ക് ഈ ഗവണ്മെന്റുകളോട് എതിര്‍പ്പുണ്ട്. അവയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ അടക്കമുള്ള സകലശക്തികളെയും ഈ ഗവണ്മെന്റുകള്ക്കും പാര്‍ടികള്‍ക്കും എതിരെ അണിനിരത്തിയിരിക്കുകയാണ്.
മേല്‍പ്പറഞ്ഞ അനുഭവങ്ങള്‍ അധഃസ്ഥിതരും ചൂഷിതരും സ്വാതന്ത്ര്യകാംക്ഷികളുമായ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഇടതുപക്ഷ-ജനാധിപത്യപാര്ടികള്ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. ഇതില്‍ ഉത്കണ്ഠയുള്ള ചൂഷകവര്‍ഗങ്ങളും അവരുടെ പാര്‍ടികളും വൈതാളികരുമാണ് ഇടതുപക്ഷ-ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്റുകള്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അടുത്തകാലത്തായി തുടരെ തുടരെ ഉപയോഗിക്കുന്നത്. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ എന്ന നിലയില്‍ അവര്‍ ഉന്നയിക്കുന്ന ഏത് പരാതിയും വിമര്‍ശനവും നിര്‍ദ്ദേശവും ഗൗരവത്തോടെ പരിഗണിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തുകയും തങ്ങളുടെ നിലപാട് ജനങ്ങള്‍ക്ക് വിശദീകരിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ ഗവണ്മെന്റുകള് കൈക്കൊണ്ടുവരുന്നത്. അതില്‍ തൃപ്തരാകുന്നതിനു പകരം അവരെ കരിതേച്ച് കാണിക്കുന്നതിനുള്ള നിരന്തരശ്രമം ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ വക്താക്കളും ചൂഷകവര്ഗങ്ങള്ക്കുവേണ്ടി നിരന്തരം കൈക്കൊണ്ടുവരികയാണ്.
വര്‍ഗീയ ശക്തികളെ പ്രതിരോധിക്കുന്നതില്‍ ഈ സര്‍ക്കാരുകളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തിന്റെ പല മേഖലകളും വര്‍ഗീയ കലാപങ്ങളുടെ ഭൂമികയായപ്പോള് അത്തരത്തിലുള്ള ചെറിയ സ്ഫിലിംഗങ്ങള് പോലുമില്ലാത്തവിധം മതനിരപേക്ഷതയെ മുറുകെ പിടിക്കുന്ന നയമാണ് ഈ സര്‍ക്കാരുകളുടേത്. കേരളത്തില്‍ ചെറിയ ഗുജറാത്തുകള്‍ സൃഷ്ടിക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നു. ബംഗാളില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും കൈകോര്‍ക്കുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാത്ത ചില മതപുരോഹിത ശക്തികള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുന്ന സ്ഥിതി അപകടകരമാണ്. അത് ഈ നാടിന്റെ ഭാവിയില്‍ അപകടകരമായ പ്രത്യാഘാതമുണ്ടാക്കും.
ഇന്ന് എല്ലാ വലതുപക്ഷ ശക്തികളും ഈ സര്‍ക്കാരുകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു. കോണ്‍ഗ്രസ്സും ബി.ജെ.പിയും മറ്റ് വര്‍ഗീയശക്തികളും മതമൗലികവാദികളും ഇടതുപക്ഷ തീവ്രവാദികളും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് വിശാല കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളില്‍ ഒരു വിഭാഗവും ചില മതപുരോഹിത ശക്തികളും ഇതിനാവശ്യമായ പിന്തുണ നല്കുന്നു.
സാമ്രാജ്യത്വത്തിന്റെ എല്ലാവിധ സഹായവും ഈ അവിശുദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘത്തിനുണ്ട്. അമേരിക്കന്‍ പാളയത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാന്‍ കഴിയാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം മൂലമാണ്. ആഗോള മൂലധന താല്പര്യങ്ങള് അഭംഗുരം നടപ്പിലാക്കാന്‍ കഴിയാത്തതും ഇടതുപക്ഷ ഇടപെടലിനെത്തുടര്‍ന്നാണ്. ഇങ്ങനെ ഇടപെടാന്‍ ഇടതുപക്ഷത്തിന് കരുത്ത് പകരുന്നതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പ്രത്യേകമായ പ്രാധാന്യവും പങ്കുമുണ്ട്. സാമ്രാജ്യത്വനയങ്ങള്‍ യഥേഷ്ടം നടപ്പിലാക്കാന്‍ കഴിയണമെങ്കില്‍ ഈ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരുകളെയും ദുര്ബ്ബലപ്പെടുത്തേണ്ടതുണ്ട് എന്ന് സാമ്രാജ്യത്വശക്തികള്‍ തിരിച്ചറിയുന്നു. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇവരുടെ വര്‍ഗപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇടതുപക്ഷം നയിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ സംരക്ഷിക്കാന്‍ എല്ലാ സാമ്രാജ്യത്വവിരുദ്ധ മതനിരപേക്ഷ ജനാധിപത്യശക്തികളും ജാഗ്രതയോടെ തയ്യാറാകണമെന്ന് സി.പി.ഐ (എം) ന്റെ കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.
വനിതാ സംവരണ ബില്‍ പാസ്സാക്കുക
ഇന്ത്യയില്‍ ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീസമൂഹത്തിന്റെ പ്രാതിനിധ്യം നിയമനിര്മ്മാണസഭകളായ ലോകസഭയിലും നിയമസഭകളിലും പത്തുശതമാനത്തിലും താഴെ മാത്രമാണ്. സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണസഭകളില്‍ മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ നിയമം പാസ്സാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഇന്ത്യയിലെ ഇടത് മഹിളാ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പാര്‍ടികളും നിരന്തരം പ്രക്ഷോഭ സമരത്തിലാണ്. ഇതര മഹിളാസംഘടനകളും വ്യക്തികളും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. പൊതു മിനിമം പരിപാടിയിലും വനിതാ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനമുണ്ടെങ്കിലും വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന വഞ്ചനാ നയമാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വനിതാ സംവരണ ബില്‍ സംബന്ധിച്ച തങ്ങളുടെ പഴയ നിലപാടില്‍ നിന്ന് പിന്നോക്കം പോയി ഇന്ത്യയിലെ സ്ത്രീസമൂഹത്തെ കബളിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് വനിതാ സംവരണ നിയമം പാസ്സാക്കുന്നതിനായി ആത്മാര്‍ത്ഥമായി ശബ്ദമുയര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും അസംബ്ലിയിലും മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.
|