|
ഇന്ത്യയെ വര്‍ഗീയ വിദ്വേഷത്തിന്റെയും വംശഹത്യയുടെയും നാടാക്കിമാറ്റാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരായതും മതനിരപേക്ഷതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ രാഷ്‌ട്രീയമാണ് പതിന്നാലാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) മുന്നോട്ടുവെച്ചത്. അതിന്‍ന്റെ ഭാഗമായി ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന കമ്യൂണിസ്റ്റുകാരുടെ അജണ്ട പൂര്‍ത്തീകരിക്കാനുള്ള ഇടപെടലാണ് സി.പി.ഐ (എം) സ്വീകരിച്ചത്.
* ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക
* ഒരു മതേതര സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക.
* ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക.
ഈ മൂന്ന് മുദ്രാവാക്യങ്ങളും അക്ഷരം പ്രതി പ്രാവര്‍ത്തികമാക്കാന്‍ സി.പി.ഐ (എം) ന് സാധിച്ചു. മതേതര സ്വഭാവങ്ങളില്‍ ചാഞ്ചാടുകയും രാഷ്‌ട്രീയലാഭത്തിന് വര്‍ഗ്ഗീയശക്തികളെ പ്രീണിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ് എങ്കിലും ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ വര്‍ഗ്ഗസ്വഭാവവും അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാവാന്‍ ഇടതുപക്ഷം തയ്യാറായില്ല.
യു.പി.എയ്‌ക്ക് ഇടതുപക്ഷം നല്‍കിയ പിന്തുണ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഈ പൊതുമിനിമം പരിപാടിയിലെ ജനോപകാര നടപടികള്‍ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ യു.പി.എ വിമുഖത കാണിച്ചു.
ആഗോളവല്‍ക്കരണനയങ്ങള്‍ വിവിധ മേഖലയില്‍ ശക്തമായി നടപ്പിലാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യന്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്‍ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികളെ ഉപേക്ഷിക്കുക തുടങ്ങിയവ സര്‍ക്കാരിന്റെ മുഖമുദ്രയായി. രാജ്യത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള നിരന്തരമായ പോരാട്ടം ഇടതുപക്ഷം സംഘടിപ്പിച്ചു.
പാര്‍ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇത്തരം പോരാട്ടങ്ങളുടെ ഫലമായി ആഗോളവല്‍ക്കരണനയങ്ങള്‍ യു.പി.എ സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലപാടുകളാണ് യു.പി.എ സ്വീകരിച്ചത്. ആണവപ്രശ്‌നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്‌തു. ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിച്ചില്ല. കാശ്‌മീര്‍ പ്രശ്‌നത്തിലുള്‍പ്പെടെ ഇന്ത്യയെ പിന്തുണച്ച സദാം ഹുസൈനെ വധിച്ച നടപടിയെപ്പോലും കേന്ദ്രസര്‍ക്കാര്‍ അപലപിച്ചില്ല. പശ്ചിമേഷ്യയെ കുരുതികളമാക്കുന്ന ഇസ്രയേലുമായി തികഞ്ഞ ചങ്ങാത്തത്തിലേക്ക് ഈ കാലഘട്ടത്തില്‍ ഇന്ത്യ പ്രവേശിച്ചു. അവസാനമായി ഇടതുപക്ഷത്തിന് നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി ഇന്ത്യയുടെ വിദേശനയം അമേരിക്കയുടെ കാല്‍ക്കീഴില്‍ വെക്കുന്ന ആണവകരാറിലും ഒപ്പിടാന്‍ തയ്യാറായി. ഇന്ത്യയുടെ സ്വാശ്രയത്വത്തേയും പരമാധികാരത്തേയും ഈ കരാറിലൂടെ അടിയറ വെക്കുകയും ചെയ്‌തു.
സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുക വഴി വിലക്കയറ്റവും വ്യാപകമായ ജനകീയ അസംതൃപ്‌തിയും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. വര്‍ഗ്ഗീയശക്തികളെ ഇത്തരം നയം ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിയിട്ടും കൂടിയാണ് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്.
ബി.ജെ.പിയും കോണ്‍ഗ്രസും ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയും അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാനും ആണ് ശ്രമിക്കുത്. അതുകൊണ്ട് ഈ രണ്ട് ശക്തികളേയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇത് കണക്കിലെടുത്തുകൊണ്ടാണ് മൂന്നാം ബദലിന് മുന്‍കൈ എടുത്തുകൊണ്ട് സി.പി.ഐ (എം) പ്രവര്‍ത്തിച്ചത്. അതിന്റെ ഫലം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ രൂപപ്പെടുകയും ചെയ്‌തു. സി.പി.ഐ (എം), സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, ജനതാദള്‍ (എസ്), എ.ഐ.എ.ഡി.എം.കെ, തെലുങ്കുദേശം പാര്‍ടി, ടി.ആര്‍.എസ്, ഹരിയാന ജനഹിത് കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് വികാസ് പാര്‍ടി തുടങ്ങിയ നിരവധി രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ മൂന്നാം ബദലിനായി മുന്നിട്ടിരിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ബി.എസ്.പി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൂന്നാം ബദലുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എന്‍.ഡി.എയുടേയും യു.പി.എയുടേയും ഭാഗമായി നില്‍ക്കുന്ന മതേതര കക്ഷികള്‍ മൂന്നാം ബദലിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഒറീസയിലെ ബിജു ജനതാദളിന്റെ നിലപാട്.
യു.പി.എയും എന്‍.ഡി.എയും തകരുകയാണ്. മൂന്നാം ബദലിനെ അധികാരത്തിലേറ്റി ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം.
കേരളം നേടിയെടുത്ത നേട്ടങ്ങളെ ആകമാനം ഇല്ലാതാക്കുക എന്ന നയസമീപനമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആ നയങ്ങള്‍ തിരുത്തി ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനമാണ് ഇടതുപക്ഷ ജനാധിപത്യമുണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയത്. അതിന്റെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെടുന്ന അവസ്ഥയും സംജാതമായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതെയായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി അവസാനിപ്പിച്ചു എന്നു മാത്രമല്ല, 100 കോടി രൂപ ലാഭം ഉണ്ടാക്കുന്ന നിലയിലേക്കും എത്തിക്കഴിഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഈ നടപടി ജനങ്ങള്‍ക്കാകമാനം ആശ്വാസമായിത്തീരുന്ന നില ഉണ്ടാക്കിക്കഴിഞ്ഞു. ഈ ബദലിന് കരുത്ത് പകരുന്ന സംസ്ഥാനമാണ് കേരളം. ഈ ബദലിനൊപ്പം തന്നെ ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് തടയുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന വിഭാഗമാണ് പ്രവാസികള്‍. പലരും ഇപ്പോള്‍ വിദേശ രാജ്യത്തുനിന്ന് നാട്ടിലേക്ക് തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട് . ഈ പ്രശ്‌നം മനസ്സിലാക്കി പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ഈ ബഡ്‌ജറ്റിലൂടെ അവതരിപ്പിച്ചുകഴിഞ്ഞു. മാത്രമല്ല, പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി ക്ഷേമനിധി തന്നെ രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. കേന്ദ്രമന്ത്രിസഭയില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു പ്രവാസി മന്ത്രി തന്നെ ഉണ്ടായിരുന്നിട്ടും കേരളത്തിലെ ജനതയെ സഹായിക്കാന്‍ ഇത്തരമൊരു പാക്കേജ് ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല എന്ന കാര്യവും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണ നയങ്ങളും അതിന്റെ തുടര്‍ച്ചയായ സാമ്പത്തിക മാന്ദ്യവുമെല്ലാം ഏറ്റവും ഗുരുതരമായി കേരളത്തില്‍ ബാധിക്കാന്‍ പോകുന്ന ഒരു വിഭാഗം പരമ്പരാഗത മേഖലയിലെ തൊഴിലാളികളും മറ്റു ദുര്‍ബ്ബല വിഭാഗങ്ങളുമാണ്. അതുകൊണ്ടുതന്നെ നിരാലംബരായ ഈ ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്താനുള്ള സമീപനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഉള്ളവന്‍ അതിജീവിക്കുക എന്ന ആഗോളവല്‍ക്കരണ കാഴ്‌ചപ്പാടുകള്‍ക്ക് പകരം ദുര്‍ബ്ബലനെ സംരക്ഷിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം നിര്‍വ്വഹിക്കുതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി.
സാധാരണക്കാരെ സംരക്ഷിക്കാന്‍ ഉതകുന്ന ഈ സമീപനം സംസ്ഥാന സര്‍ക്കാര്‍ ഓരോ മേഖലയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അതോടൊപ്പം തന്നെ അടിസ്ഥാന മേഖലയെ വികസിപ്പിക്കുതിനും വ്യവസായത്തിനും കൃഷിക്കും മുന്തിയ പരിഗണന നല്‍കുതിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഓരോ മേഖലയിലും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ ഇതിന് ഏറ്റവും ഉജ്ജ്വലമായ ദൃഷ്‌ടാന്തങ്ങളായി അവശേഷിക്കുകയാണ്.
കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഇത്തരം ബദല്‍നയം രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ സാധിക്കണമെങ്കില്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ബദലായുള്ള രാഷ്‌ട്രീയശക്തിയെ അധികാരത്തില്‍ കൊണ്ടുവരാന്‍വേണ്ടി കഴിയണം. മൂന്നാം ബദലിന് രാഷ്‌ട്രീയവും നയപരവുമായ മാതൃക ഉയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഈ സംസ്ഥാനത്തില്‍ നിന്ന് ഈ നയത്തെ പിന്തുണയ്‌ക്കുന്ന ആളുകളെ നമുക്ക് പാര്‍ലമെന്റില്‍ അയയ്‌ക്കാന്‍ കഴിയണം.
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുണിയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി രംഗത്തിറങ്ങാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. വിവര സാങ്കേതികവിദ്യയുടെ പുതിയ സങ്കേതങ്ങളിലൂടെ സി.പി.ഐ (എം)ന്റെ രാഷ്‌ട്രീയ സമീപനങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേത്തിക്കാനുള്ള ഈ വെബ്‌സൈറ്റിന് മുഴുവനാളുകളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.
|