പാര്‍ടി പരിപാടി
ആമുഖം
1.1 ഇന്ത്യന്‍ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കുള്ളത്. നിശ്‌ചയദാര്‍ഢ്യമുള്ള ഒരു ചെറുസംഘം സാമ്രാജ്യവിരുദ്ധ പോരാളികള്‍ റഷ്യയിലെ ഒക്‌ടോബര്‍ സോഷ്യലിസ്‌റ്റ് വിപ്ലവത്തില്‍നിന്ന് പ്രചോദനം നേടി 1920ല്‍ രൂപീകരിച്ച കാലംമുതല്‍ പൂര്‍ണസ്വാതന്ത്ര്യത്തിനും അടിസ്‌ഥാനപരമായ സാമൂഹ്യപരിവര്‍ത്തനത്തിനുംവേണ്ടി പോരാടുകയെന്ന ലക്ഷ്യം മുന്നില്‍വെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുവന്നത്. വര്‍ഗ ചൂഷണത്തില്‍നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലില്‍നിന്നും മുക്‌തമായ സോഷ്യലിസ്‌റ്റ്‌സമൂഹം ഇന്ത്യയില്‍ സ്‌ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ടി സ്വയം സമര്‍പ്പിച്ചു.
1.2 ഇരുപതാംനൂറ്റാണ്ടിന്‍െറ മുഖ്യസവിശേഷതകളായ സാമ്രാജ്യത്വക്രമത്തിനെതിരായ ദേശീയ വിമോചനപ്രസ്‌ഥാനങ്ങളെയും ലോകമെമ്പാടും ജനാധിപത്യത്തിനും സോഷ്യലിസത്തിനുംവേണ്ടി നടന്ന സമരങ്ങളെയും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയോട് കൂറുപുലര്‍ത്തിക്കൊണ്ട്,പാര്‍ട്ടി അടിപതറാതെ പിന്തുണച്ചു. ദേശീയസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും അന്തിമലക്ഷ്യമായ കമ്യൂണിസത്തിലേക്ക് മുന്നേറുന്നതിനും ഉതകുംവിധം സോഷ്യലിസം കൈവരിക്കുന്നതിനുമുള്ള വഴികാട്ടിയായി മാര്‍ക്‌സിസം-ലെനിനിസത്തിന്‍െറ തത്ത്വങ്ങളെ പാര്‍ട്ടി അംഗീകരിച്ചു. കമ്യൂണിസ്‌റ്റുകാരാണ് പൂര്‍ണസ്വാതന്ത്ര്യം എന്ന ആവശ്യം രാജ്യത്ത് ആദ്യമായി ഉന്നയിച്ചത്. 1921-ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്‍െറ സമ്മേളനത്തില്‍ ഇതിനായി അവര്‍ ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു.
1.3 പൂര്‍ണസ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുമ്പോള്‍തന്നെ, സ്വരാജ് എന്ന മുദ്രാവാക്യത്തിന് പുരോഗമനപരമായ ഉള്ളടക്കം നല്‍കാന്‍കൂടി പാര്‍ടി ശ്രദ്ധിച്ചു. ഭൂപ്രഭുത്വവും നാടുവാഴിമേധാവിത്വവും നിര്‍മാര്‍ജനംചെയ്യുക, ജാതീയമായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക മുതലായ പ്രധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി സാമൂഹ്യവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിന് ഉതകുന്ന വ്യക്‌തമായ പരിപാടി മുന്നോട്ടുവച്ചുകൊണ്ടാണ് ഇതു ചെയ്‌തത്.
1.4 സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍തന്നെ കമ്യൂണിസ്‌റ്റുകാര്‍ തുടക്കം തൊട്ടേ തൊഴിലാളികളെ ട്രേഡ് യൂണിയനുകളിലും കര്‍ഷകരെ കിസാന്‍സഭയിലും വിദ്യാര്‍ഥികളെ അവരുടെ യൂണിയനുകളിലും ഇതരവിഭാഗങ്ങളെ അതത് ബഹുജന സംഘടനകളിലും സംഘടിപ്പിക്കാന്‍ എല്ലാ കഴിവുകളും വിനിയോഗിച്ചു. ഈ പരിശ്രമങ്ങളാലാണ് അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ മുതലായ ദേശീയസംഘടനകള്‍ സ്‌ഥാപിതമായതും ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ശക്‌തിപ്പെട്ടതും. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനും, ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റേഴ്‌സ് അസോസിയേഷനും പോലുള്ള പുരോഗമനപരമായ സാംസ്‌കാരിക-സാഹിത്യ സംഘടനകള്‍ രൂപീകരിക്കുന്നതിനും കമ്യൂണിസ്‌റ്റുകാര്‍ മുന്‍കൈയെടുത്തു.
1.5 ഇന്ത്യയില്‍നിന്ന് കമ്യൂണിസം തുടച്ചുമാറ്റാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ദൃഢനിശ്‌ചയം ചെയ്‌തിരുന്നു. ശൈശവാവസ്‌ഥയിലായിരുന്ന കമ്യൂണിസ്‌റ്റ് ഗ്രൂപ്പുകള്‍ക്കുനേരെ അവര്‍ മൃഗീയമായ മര്‍ദനനടപടികള്‍ കൈക്കൊള്ളുകയും വിപ്ലവാശയങ്ങളുടെ പ്രചാരം തടയാന്‍ കമ്യൂണിസ്‌റ്റ് സാഹിത്യം നിരോധിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലെ യുവ നേതൃത്വത്തിനെതിരെ പല ഗൂഢാലോചനക്കേസുകളും നടത്തി; പെഷാവാര്‍ (1922), കാണ്‍പുര്‍ (1924), മീറത്ത് (1929). രൂപംകൊണ്ടതിനു തൊട്ടുപിന്നാലെ 1920-കളില്‍ പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും തുടര്‍ന്ന് രണ്ടുദശകത്തിലേറെക്കാലം പാര്‍ട്ടിക്ക് നിയമവിരുദ്ധ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരികയുംചെയ്‌തു. കടുത്ത അടിച്ചമര്‍ത്തലുണ്ടായിട്ടും പൂര്‍ണസ്വാതന്ത്ര്യത്തിനും മൗലികമായ സാമൂഹ്യപരിവര്‍ത്തനത്തിനുംവേണ്ടി ജനങ്ങളെ അണിനിരത്തുന്നതില്‍ പാര്‍ട്ടി അനുക്രമമായ പുരോഗതി കൈവരിച്ചു.
1.6 കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വീറുറ്റതും അചഞ്ചലവുമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് വിവിധ വിപ്ലവധാരകളെയും പോരാളികളെയും അതില്‍ ചേരാന്‍ പ്രേരിപ്പിച്ചു. പഞ്ചാബിലെ ഗദര്‍പോരാളികള്‍, ഭഗത്‌സിങ്ങിന്‍െറ സഹപ്രവര്‍ത്തകര്‍, ബംഗാളിലെ വിപ്ലവകാരികള്‍, ബോംബെ-മദിരാശി പ്രവിശ്യകളിലെ വീറുറ്റ തൊഴിലാളിവര്‍ഗപ്പോരാളികള്‍, കേരളത്തിലെയും ആന്‌ധ്രപ്രദേശിലെയും രാജ്യത്തിന്‍െറ മറ്റു പല ഭാഗങ്ങളിലെയും ഉല്‍പ്പതിഷ്‌ണുക്കളും സാമ്രാജ്യവിരുദ്ധരുമായ കോണ്‍ഗ്രസുകാര്‍ എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച പോരാളികളുടെ പ്രവേശനത്തോടെ പാര്‍ട്ടി കൂടുതല്‍ ശക്‌തമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച സ്വാതന്ത്ര്യസമരപ്രസ്‌ഥാനവുമായും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുമായും അടുത്തു സഹകരിച്ചുപ്രവര്‍ത്തിക്കവെതന്നെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി തൊഴിലാളിവര്‍ഗത്തിന്‍െറ സ്വതന്ത്രപാര്‍ട്ടിയെന്ന നിലയില്‍ സ്വയം കെട്ടിപ്പടുക്കുന്നതിനും ശക്‌തിയാര്‍ജിക്കുന്നതിനും നിരന്തരം യത്‌നിച്ചു.
1.7 ഇന്ത്യന്‍ ജനതയുടെ അതിശക്‌തമായ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടം സാക്ഷ്യംവഹിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈ മുന്നേറ്റം നയിക്കുന്നതില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി മുന്നിട്ടുനിന്നു. തേഭാഗാ, പുന്നപ്ര-വയലാര്‍, വടക്കേ മലബാര്‍ എന്നീ സമരങ്ങളും; വാര്‍ളിയിലെ ആദിവാസികളുടെയും ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെയും സമരങ്ങളും സര്‍വോപരി തെലങ്കാന കര്‍ഷകരുടെ ചരിത്രപ്രധാനമായ സായുധസമരവും ഈ പോരാട്ടങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദിത്തഭരണം സ്‌ഥാപിക്കാനുള്ള ജനകീയപ്രസ്‌ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതൃത്വപരമായ പങ്കുവഹിച്ചു. പുതുശേരിയിലെ ഫ്രഞ്ച് വാഴ്‌ചയ്‌ക്കും ഗോവയിലെ പോര്‍ത്തുഗീസ് വാഴ്‌ചയ്‌ക്കുമെതിരായ വിമോചനസമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവയ്‌ക്ക് പിന്തുണ നല്‍കുന്നതിലും പാര്‍ട്ടി സജീവമായ പങ്കുവഹിച്ചു. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും സമരപരമ്പരയും ഐ എന്‍ എ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവും 1946-ലെ നാവികകലാപത്തോടുകൂടി ഒരു പുതിയ ഉച്ചകോടിയിലെത്തി. ഫാസിസം പരാജയപ്പെടുകയും ദേശീയ വിമോചനപ്രസ്‌ഥാനങ്ങളുടെ വേലിയേറ്റം ശക്‌തമാകുകയുംചെയ്‌ത സാര്‍വദേശീയ പശ്‌ചാത്തലത്തില്‍ ഈ ജനമുന്നേറ്റം നേരിടേണ്ടിവന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവും പ്രമുഖ ബൂര്‍ഷ്വാപാര്‍ട്ടികളായ കോണ്‍ഗ്രസിന്‍െറയും മുസ്ലിംലീഗിന്‍െറയും നേതാക്കളും ഒരു ഒത്തുതീര്‍പ്പിലെത്തി. തല്‍ഫലമായി രാജ്യം വിഭജിക്കപ്പെടുകയും ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യയും പാക്കിസ്‌താനും സ്വതന്ത്രരാജ്യങ്ങളായി നിലവില്‍വരികയുംചെയ്‌തു. ദേശീയപ്രസ്‌ഥാനം പൊതുവെ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലായത് ഈ ഒത്തുതീര്‍പ്പിന് സഹായകമായി എന്നതാണ് വസ്‌തുത.
1.8 മുഖ്യമായും വിദേശ സാമ്രാജ്യഭരണത്തിനെതിരായ പൊതു ദേശീയമുന്നണി എന്ന ഘട്ടം അങ്ങനെ അവസാനിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിനുശേഷവും കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. 1948-നും 1952-നും ഇടയ്‌ക്ക് കോണ്‍ഗ്രസ് ഭരണാധികാരികള്‍ പ്രത്യേകിച്ച് തെലങ്കാനയില്‍ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണങ്ങള്‍; പിന്നീട് അര്‍ധഫാസിസ്‌റ്റ് ഭീകരതയുടെകാലത്ത് ആദ്യം പശ്‌ചിമബംഗാളിലും പിന്നീട് ത്രിപുരയിലും ആവര്‍ത്തിച്ചുണ്ടായ മര്‍ദനനടപടികള്‍, കേരളത്തിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും പാര്‍ട്ടി കേഡര്‍മാര്‍ക്കെതിരെ നടന്ന മാരകാക്രമണങ്ങള്‍--ഇവയ്‌ക്കൊന്നും വിപ്ലവപ്രസ്‌ഥാനത്തെ മുന്നോട്ടുനയിക്കുന്നതില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പിളര്‍പ്പന്‍ ശിഥിലീകരണപ്രസ്‌ഥാനങ്ങളുടെ രൂപത്തില്‍ ദേശീയ ഐക്യത്തിന് ഭീഷണി നേരിട്ടപ്പോള്‍ ജനങ്ങളുടെ ഐക്യം പരിരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ പാര്‍ട്ടി മുന്‍നിന്നു. പഞ്ചാബിലും ത്രിപുരയിലും അസമിലും പശ്‌ചിമബംഗാളിലും കശ്‌മീരിലും പിളര്‍പ്പന്‍- ഛിദ്രശക്‌തികള്‍ക്കെതിരായ പോരാട്ടത്തില്‍ നൂറുകണക്കിന് ധീരരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവന്‍ ബലിയര്‍പ്പിച്ചു.
1.9 അങ്ങനെ രൂപംകൊണ്ട നാള്‍മുതല്‍ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത് പുരോഗമനപരമായ പങ്കാണ് വഹിച്ചത്. സ്വന്തം ബഹുജനാടിത്തറയും ജനപ്രീതിയും ബൂര്‍ഷ്വാ-ഭൂപ്രഭു വാഴ്‌ചയ്‌ക്ക് ബദലായ സമീപനവുമുള്ള കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം രാജ്യത്തെ രാഷ്‌ട്രീയ-സാമൂഹ്യജീവിതത്തില്‍ സുപ്രധാന ശക്‌തിയാണ്. 1957-ല്‍ കേരളത്തില്‍ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്‌റ്റ് മന്ത്രിസഭയും പിന്നീട് പശ്‌ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും സി പി ഐ (എം)ന്‍െറയും ഇടതുപക്ഷത്തിന്‍െറയും നേതൃത്വത്തില്‍ അധികാരമേറ്റ ഗവണ്‍മെന്‍റുകളും ജനകീയനയങ്ങള്‍ നടപ്പാക്കുന്നതില്‍ മാതൃകകാട്ടി. ഈ സര്‍ക്കാരുകള്‍ നിലവിലുള്ള ചട്ടക്കൂട്ടിനുള്ളില്‍ ഭൂപരിഷ്‌കാരം നടപ്പാക്കുകയും അധികാരം വികേന്ദ്രീകരിക്കുകയും പഞ്ചായത്ത്‌വ്യവസ്‌ഥയെ ചൈതന്യപൂര്‍ണമാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുവരുത്തുകയും അങ്ങനെ രാജ്യത്ത് ബദല്‍നയങ്ങള്‍ക്കുവേണ്ടി സമരംചെയ്യുന്ന ജനാധിപത്യശക്‌തികള്‍ക്ക് കരുത്തുപകരുകയുംചെയ്‌തു. ഊക്കേറിയ സമരങ്ങള്‍ നടത്തിയതുവഴി പാര്‍ട്ടി ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചു. ജയപരാജയങ്ങളെ സ്വയംവിമര്‍ശനപരമായി അപഗ്രഥിക്കാന്‍ പ്രതിജ്‌ഞാബദ്ധമായ പാര്‍ട്ടി എന്ന നിലയില്‍ പിഴവുകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുവാനും നമ്മുടെ സമൂഹത്തിലെ മൂര്‍ത്ത പരിതഃസ്‌ഥിതികളില്‍ മാര്‍ക്‌സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനും പാര്‍ട്ടി നിരന്തരം പരിശ്രമിക്കുന്നു.
1.10 റിവിഷനിസത്തിനെതിരെസുദീര്‍ഘസമരത്തിനുശേഷമാണ് ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) രൂപീകരിച്ചത്. 1964-ല്‍ പാര്‍ട്ടി പരിപാടി അംഗീകരിക്കുകയും റിവിഷനിസത്തിനും വരട്ടുതത്വവാദത്തിനുമെതിരെ ഈ ധാരണയുടെ അടിസ്‌ഥാനത്തിലുള്ള തന്ത്രത്തെയും അടവുകളെയും കാത്തുരക്ഷിക്കുകയുംചെയ്‌തു. സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്‌റ്റ് രാജ്യങ്ങളും ലോക കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവും വമ്പിച്ച തിരിച്ചടികള്‍ നേരിടുന്നതിന് ഇരുപതാം നൂറ്റാണ്ടിന്‍െറ അവസാന ദശകം സാക്ഷ്യം വഹിച്ചു. അതോടെ സാര്‍വദേശീയ സംഭവവികാസങ്ങളും പ്രസ്‌ഥാനത്തിന്‍െറ അനുഭവങ്ങളും പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടിവന്നു. സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷമുള്ള അര നൂറ്റാണ്ടിനിടയില്‍ നമ്മുടെ രാജ്യത്തും സുപ്രധാന മാറ്റങ്ങളും സംഭവവികാസങ്ങളുമുണ്ടായി. പരിപാടി കാലോചിതമാക്കുന്നതിനായി സി പി ഐ (എം) 1964 മുതല്‍ക്കുള്ള സംഭവവികാസങ്ങളും അനുഭവങ്ങളും പുനരവലോകനംചെയ്‌തു.
1.11 വിപ്ലവപ്രസ്‌ഥാനത്തിന്‍െറ ഇപ്പോഴത്തെ ഘട്ടത്തില്‍ വിപ്ലവശക്‌തികള്‍ കൈവരിക്കേണ്ട തന്ത്രപരമായ ലക്ഷ്യം സി പി ഐ (എം) ഇന്ത്യന്‍ ജനതയ്‌ക്കുമുമ്പാകെഅവതരിപ്പിക്കുന്നു. ഒരു സോഷ്യലിസ്‌റ്റ് സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെചുവടുവയ്‌പെന്ന നിലയില്‍ ജനകീയ ജനാധിപത്യം കൈവരിക്കുന്നതിന് ഭരണവിഭാഗങ്ങള്‍ക്കെതിരായ പോരാട്ടത്തില് തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗമന-ജനാധിപത്യ ശക്‌തികള്‍ക്കും മാര്‍ഗ ദശകമായ ഒരു പരിപാടി പാര്‍ടിമുന്നോട്ടുവയ്‌ക്കുന്നു.
IIസോഷ്യലിസം സമകാലിക ലോകത്തില്‍
2.1 ലോകത്തിലെ ഐതിഹാസിക സമരങ്ങളുടെ മുദ്രപതിഞ്ഞതാണ് ഇരുപതാംനൂറ്റാണ്ട്. സാമ്രാജ്യത്വത്തിനെതിരായപോരാട്ടത്തിന്‍െറ നൂറ്റാണ്ടായിരുന്നു അത്.1917-ലെ ഒക്‌ടോബര്‍ സോഷ്യലിസ്‌റ്റ്‌വിപ്ലവത്തോടെ ആരംഭിച്ച ഗംഭീരമായ സംഭവങ്ങള്‍ക്ക് വിപ്ലവനൂറ്റാണ്ട് സാക്ഷ്യംവഹിച്ചു. സോവിയറ്റ്‌യൂണിയന്‍നിര്‍ണായക പങ്കുവഹിച്ചുകൊണ്ട് രണ്ടാംലോകയുദ്ധത്തില്‍ ഫാസിസത്തിനുമേല്‍ കൈവരിച്ച വിജയം ഒരു സുപ്രധാനസംഭവമായിരുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ളഉഗ്രസംഘട്ടനത്തിന്‍െറ ഫലമായിരുന്നു ചരിത്രപ്രധാനമായ ചൈനീസ് വിപ്ലവം. വിയത്‌നാം, കൊറിയ, ക്യൂബ എന്നിവിടങ്ങളിലെ വിപ്ലവശക്‌തികള്‍കൈവരിച്ച വിജയവും കിഴക്കന്‍ യൂറോപ്പിലെസോഷ്യലിസ്‌റ്റ് രാജ്യങ്ങളുടെ രൂപീകരണവും കോളനികള്‍ രാഷ്‌ട്രീയസ്വാതന്ത്ര്യംനേടുന്നതിലേക്ക് നയിച്ച ദേശീയ വിമോചനപ്രസ്‌ഥാനങ്ങളുടേതും ആയിരുന്നുഈ നൂറ്റാണ്ട്. മാര്‍ക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ് സിദ്ധാന്തം പ്രവചിച്ച ലോകചരിത്രത്തിലെ പുതുയുഗം കുറിക്കുന്നതായിരുന്നു ഈവിജയങ്ങള്‍. മുമ്പൊരിക്കലും വിഭാവനം ചെയ്യാന്‍പോലും കഴിയാത്ത തോതില്‍മാനവരാശിയുടെ മുന്നേറ്റത്തിന് മഹാസാധ്യതകള്‍ തുറന്നവയായിരുന്നു ഈനൂറ്റാണ്ടിലെ വിപ്ലവസംഭവങ്ങളുംശാസ്‌ത്ര-സാങ്കേതിക വിപ്ലവവും.
2.2 സോഷ്യലിസ്‌റ്റ് വ്യവസ്‌ഥ സ്വീകരിച്ച രാജ്യങ്ങള്‍ ഒരു പുതിയ പാതവെട്ടിത്തുറന്നു. സോവിയറ്റ് യൂണിയന്‍രൂപീകരിക്കപ്പെട്ടതോടെ ചരിത്രത്തില്‍ഇദംപ്രഥമമായി അധ്വാനിക്കുന്ന ജനതയ്‌ക്ക്‌വര്‍ഗചൂഷണത്തില്‍നിന്ന് വിമുക്‌തമായ ഒരു വ്യവസ്‌ഥിതിയില്‍ ജീവിക്കാമെന്ന നില വന്നു. സത്വരമായ വ്യവസായവല്‍ക്കരണവും നാടുവാഴിത്ത അവശിഷ്‌ടങ്ങളുടെ തുടച്ചുനീക്കലുംസാമ്പത്തിക-സാംസ്‌കാരിക-ശാസ്‌ത്രമണ്‌ഡലങ്ങളിലെ സര്‍വതോമുഖമായ പുരോഗതിയും മഹാഭൂരിപക്ഷംവരുന്ന ജനസാമാന്യത്തിന് ഒരു പുതിയ ജീവിതവും അധ്വാനിക്കുന്ന ജനതയ്‌ക്ക് അധികാരപ്രാപ്‌തിയും പ്രദാനംചെയ്‌തു.ദാരിദ്ര്യത്തിന്‍െറയും നിരക്ഷരതയുടെയും നിര്‍മാര്‍ജനം, തൊഴിലില്ലായ്‌മാനിവാരണം, ആരോഗ്യ-വിദ്യാഭ്യാസ-പാര്‍പ്പിടരംഗങ്ങളില്‍ വിപുലമായ സാമൂഹ്യസുരക്ഷിതത്വ ശൃംഖല ഏര്‍പ്പെടുത്തല്‍, ശാസ്‌ത്രത്തിലും സാങ്കേതികവിദ്യയിലും വന്‍ കുതിച്ചുകയറ്റം ഇവ സോഷ്യലിസ്‌റ്റ് രാജ്യങ്ങളുടെഅഭൂതപൂര്‍വമായ നേട്ടങ്ങളായിരുന്നു. താരതമ്യേന പിന്നോക്കമായിരുന്ന അവികസിതമുതലാളിത്ത സമൂഹങ്ങളാണ് ഈ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത്. വിഷമകരമായസാഹചര്യങ്ങളില്‍ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്‌ഥ തരണംചെയ്‌തുകൊണ്ടും സാമ്രാജ്യത്വത്തിന്‍െറ കടന്നാക്രമണത്തെയും അട്ടിമറിയെയും ഭീഷണികളെയും എതിരിട്ടുകൊണ്ടുമാണ് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടിവന്നത്. സോവിയറ്റ് യൂണിയനില്‍ കൈവരിച്ച നേട്ടങ്ങള്‍ മുതലാളിത്തരാജ്യങ്ങളിലും അവയുടെ സ്വാധീനം ചെലുത്തുകയുണ്ടായി. ക്ഷേമരാഷ്‌ട്ര സങ്കല്‍പ്പത്തിന്‍െറ കാഴ്‌ചപ്പാടനുസരിച്ച് സ്വന്തം ജനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഏര്‍പ്പെടുത്താനും വ്യാപിപ്പിക്കാനും ഭരണാധികാരികള്‍ നിര്‍ബന്‌ധിതമായി.
2.3 എങ്കിലും മുമ്പാരും കടന്നുപോയിട്ടില്ലാത്ത പാതയിലൂടെസോഷ്യലിസം കെട്ടിപ്പടുക്കുന്നതിനിടയില്‍സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്‌റ്റ് രാജ്യങ്ങള്‍ക്കും ഗുരുതരമായ അബദ്ധങ്ങള്‍പിണഞ്ഞു. സോഷ്യലിസം കെട്ടിപ്പടുക്കുന്നത്‌ദീര്‍ഘമായ പ്രക്രിയയാണെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കാതിരുന്നത്; പാര്‍ട്ടിയുടെയും ഭരണകൂടത്തിന്‍െറയും പങ്കിനെ സംബന്‌ധിച്ച തെറ്റായ ധാരണ;സമ്പദ്‌ഘടനയിലും അത് കൈകാര്യം ചെയ്യുന്നരീതിയിലും കാലോചിതമായ മാറ്റങ്ങള്‍വരുത്തുന്നതിലെ പരാജയം; പാര്‍ട്ടിയിലുംഭരണകൂടത്തിലും സമൂഹത്തിലും സോഷ്യലിസ്‌റ്റ് ജനാധിപത്യം അഗാധമാക്കുന്നതിലെ പരാജയം; ഉദ്യോഗസ്‌ഥമേധാവിത്വത്തിന്‍െറ വളര്‍ച്ച; പ്രത്യയശാസ്‌ത്ര പ്രബുദ്ധത ചോര്‍ന്നുപോയത് എന്നിവയാണ് ഈ അബദ്ധങ്ങളുടെ ഉറവിടം. മാര്‍ക്‌സിസം-ലെനിനിസത്തിന്‍െറ സാധുത നിരാകരിക്കുന്നതല്ല ഈ വൈകല്യങ്ങള്‍. മറിച്ച് വിപ്ലവ സിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തി ല്‍നിന്നുമുള്ള വ്യതിയാനത്തെയാണ് അവപ്രതിനിധാനംചെയ്യുന്നത്. സോവിയറ്റ്‌യൂണിയനും മറ്റു സോഷ്യലിസ്‌റ്റ് രാജ്യങ്ങളുംപിരിച്ചുവിടപ്പെട്ടതും കിഴക്കന്‍ യൂറോപ്പിലേറ്റതിരിച്ചടികളും ഒരു പുതിയപരിതഃസ്‌ഥിതിയില്‍ കലാശിച്ചു.ഇരുപതാംനൂറ്റാണ്ടിന്‍െറ അവസാനത്തില്‍സോഷ്യലിസ്‌റ്റ് ശക്‌തികള്‍ക്ക് ഹൂങ്കേറിയ സാ മ്രാജ്യത്വത്തിന്‍െറ വെല്ലുവിളികള്‍ ഒരിക്കല്‍ക്കൂടി നേരിടേണ്ടിവന്നു. തിരിച്ചടികളെ കൂസാതെ കമ്യൂണിസ്‌റ്റ്‌പ്രസ്‌ഥാനവും വിപ്ലവശക്‌തികളും അബദ്ധങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് പുനരണിചേരുകയും സാമ്രാജ്യത്വത്തിന്‍െറയും പിന്തിരിപ്പന്‍ ശക്‌തികളുടെയും ആക്രമണോല്‍സുകമായ വെല്ലുവിളിയെ നേരിടുകയും ചെയ്യുമെന്ന് സി പി ഐ (എം)ന് ഉത്തമബോധ്യമുണ്ട്.
2.4 വളവുകളും തിരിവുകളുംവിജയങ്ങള്‍ക്കൊപ്പം തിരിച്ചടികളുംഉണ്ടായെങ്കിലും മാനവപുരോഗതിയുടെ പരിണാമത്തില്‍ സോഷ്യലിസവും ജനകീയ സമരങ്ങളും ചെലുത്തിയ പ്രചണ്‌ഡമായ സ്വാധീനം പ്രതിഫലിപ്പിക്കുന്നവയാണ് ഇരുപതാംനൂറ്റാണ്ടിലെ വിശേഷിച്ചും 1917-ന് ശേഷമുള്ള സംഭവവികാസങ്ങള്‍. വിപ്ലവ പരിവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഗുണപരമായ കുതിച്ചുചാട്ടങ്ങള്‍സൃ ഷ്‌ടിക്കുകയും ആധുനിക നാഗരികതയില്‍ മായാത്ത മുദ്രപതിക്കുകയുംചെയ്‌തു. സാമൂഹ്യ മോചനത്തിന്‍െറയും സോഷ്യലിസ്‌റ്റ് പരിവര്‍ത്തനത്തിന്‍െറയും പ്രക്രിയ ദീര്‍ഘവും സങ്കീര്‍ണവുമായിരിക്കും. മുതലാളിത്തത്തില് നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ഒറ്റയടിക്കുള്ള മാറ്റമല്ലെന്നും ഭരണാധികാരം നേടിയതിനുശേഷവും ദീര്‍ഘവും രൂക്ഷവുമായ വര്‍ഗസമരങ്ങളുടെ കാലഘട്ടമാണെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
2.5 മാനവരാശിയെ ബാധിക്കുന്നമൗലികപ്രശ്‌നങ്ങള്‍ പരിഹരിക്കാ ന്‍ലോകമുതലാളിത്തത്തിന് കെല്‍പ്പില്ല. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലവസരം വര്‍ധിക്കാതെയും വരുമാനത്തിലെ അസമത്വങ്ങള് അതിരൂക്ഷമാക്കിക്കൊണ്ടുമുള്ള വളര്‍ച്ച കൈവരിക്കുന്നതിലാണ്, ശാസ്‌ത്ര-സാങ്കേതിക പുരോഗതിയുടെ സഹായത്തോടെ ഉല്‍പ്പാദക ശക്‌തികള്‍ക്കുണ്ടായ വമ്പിച്ച വളര്‍ച്ച കലാശിച്ചത്. വര്‍ധിച്ചനിരക്കില്‍ മിച്ച മൂല്യം കവര്‍ന്നെടുക്കപ്പെട്ടതുമൂലം തൊഴിലാളികള് കൂടുതല്‍ രൂക്ഷമായ ചൂഷണത്തിനു വിധേയരാവുകയാണ് ഇതുമൂലം സംഭവിച്ചത്.ഏതാനും വ്യക്‌തികളുടെയും ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളുടെയും കൈകളില്‍ സമ്പത്തിന്‍െറയും ആസ്‌തികളുടെയും കേന്ദ്രീകരണം നിലനിര്‍ത്തുന്നതിനാണ് ശാസ്‌ത്രത്തിലെയും സാങ്കേതികവിദ്യയിലെയും മുന്നേറ്റങ്ങള്‍ഉ പയോഗിക്കപ്പെട്ടത്. കൊള്ളയുടെയും നശീകരണത്തിന്‍െറയും വ്യവസ്‌ഥയാണ് സാമ്രാജ്യത്വമെന്ന് തെളിഞ്ഞിരിക്കുന്നു.ലക്ഷോപലക്ഷം ജീവന്‍ അപഹരിച്ചുകൊണ്ട് പൈശാചികമായ രണ്ടു ലോകയുദ്ധങ്ങളിലേക്ക് ഇരുപതാംനൂറ്റാണ്ടില്‍ അത് മാനവരാശിയെതള്ളിയിട്ടു. വികസിത മുതലാളിത്ത സമ്പദ്‌ഘടനകളുടെ അവിഭാജ്യഭാഗമായിത്തീര്‍ന്നിരിക്കുന്ന പടക്കോപ്പുനിര്‍മാണവ്യവസായം.ഉല്‍പ്പന്നങ്ങള്‍ക്കുള്ള മൊത്തം ചോദനത്തെ അത് സദാ ഉയര്‍ത്തിനിര്‍ത്തുന്നു. വികസന സംരംഭങ്ങളില്‍നിന്ന് ഭരണകൂടംപിന്മാറണമെന്ന് വാദിക്കുന്ന നവലിബറല്‍ കുറിപ്പുകള്‍ തൊഴിലാളി വര്‍ഗത്തിന്‍െറയും സാധാരണ പൗരന്മാരുടെയും സാമൂഹ്യ സുരക്ഷിതത്വത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കുമുള്ള അടങ്കല്‍ക്രൂരമായി വെട്ടിക്കുറക്കുന്നതിന് ഇടയാക്കുന്നു. തൊഴിലവസരം വര്‍ധിക്കാത്ത വികസനം, തൊഴിലാളികളെ കാഷ്വല്‍ജോലിക്കാരാക്കല്‍, വരുമാനത്തിലെയും സമ്പത്തിലെയും വളര്‍ന്നുവരുന്ന അസമത്വംഎന്നിവയാണ് ഇതിന്‍െറ പ്രകടമായ സ്വഭാവവിശേഷങ്ങള്‍. വികസിത മുതലാളിത്തരാജ്യങ്ങളിലെ ധനവ്യവസ്‌ഥയുടെ അസ്‌ഥിരതയും വളര്‍ച്ചാനിരക്കിലെ മരവിപ്പും മാന്ദ്യവും വിഭവ ഉപഭോഗത്തിലെ യുക്‌തിഹീനതയും ദുര്‍വ്യയവുമെല്ലാം മുതലാളിത്ത വ്യവസ്‌ഥയില്‍അ ന്തര്‍ലീനമായ പ്രതിസന്‌ധിയുടെ ലക്ഷണങ്ങളാണ്. ബഹു രാഷ്‌ട്രകുത്തകകളുടെ ലാഭത്തിനായുള്ള ദുരമൂത്ത പരാക്രമവും ധനികരാഷ്‌ട്രങ്ങളുടെ ധൂര്‍ത്തേറിയ ഉപഭോഗവും കടുത്ത പരിസരവിനാശത്തിന് ഇടയാക്കുകയും പൊതുവില്‍ ലോകത്തിലെയും പ്രത്യേകിച്ച് മൂന്നാംലോകത്തിലെയും പരിസ്‌ഥിതിയെ ഗുരുതരമായി ഭീഷണിപ്പെടുത്തുകയുംചെയ്യുന്നു. ഉല്‍പ്പാദനത്തിന്‍െറ നിരന്തരം വര്‍ധിക്കുന്ന സാമൂഹ്യവല്‍ക്കരണവും മിച്ചോല്‍പ്പന്നത്തിന്‍െറ സ്വകാര്യ സ്വായത്തമാക്കല്‍ വര്‍ധിച്ചുവരുന്നതും തമ്മിലുള്ള മുതലാളിത്ത വ്യവസ്‌ഥയിലെ അന്തര്‍ലീനമായ മൗലിക വൈരുധ്യം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.
2.6 ഫിനാന്‍സ് മൂലധനത്തിന്‍െറ കേന്ദ്രീകരണവും സാര്‍വദേശീയ വല്‍ക്കരണവും മുതലാളിത്തത്തിന്‍െറ ഇപ്പോഴത്തെ ഘട്ടത്തില്‍ പൂര്‍വാധികം ഉയര്‍ന്ന തലത്തിലെത്തിയിരിക്കുന്നു. ആഗോളതലത്തി ല്‍അനവരതം ചലിച്ചുകൊണ്ടിരിക്കുന്ന മൂലധനം രാഷ്‌ട്രങ്ങളുടെ പരമാധികാരത്തിനു നേരെ കൈയേറ്റം നടത്തുകയും കൊള്ള ലാഭത്തിനുവേണ്ടി അവയുടെ സമ്പദ്‌ഘടനകളിലേക്ക് തടസമെന്യേ പ്രവേശിക്കാന്‍ അവസരം തേടുകയും ചെയ്യുന്നു. ഊഹക്കച്ച വടത്തിലേര്‍പ്പെട്ട ഈഫിനാന്‍സ് മൂലധനത്തെ പരിസേവിക്കുന്ന സാമ്രാജ്യത്വക്രമം സ്വച്‌ഛന്ദപ്രവാഹത്തിനായിഎല്ലാ തടസങ്ങളും തകര്‍ത്തുമാറ്റുകയും ഈ ഭൂഗോളത്തിന്‍െറ ഓരോ ഭാഗത്തും ഈ മൂലധനത്തിന് അനുകൂലമായ വ്യവസ്‌ഥക ള്‍അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. കൊളോണിയലിസത്തിനു ശേഷമുള്ള അന്യായമായ ഈ ആഗോള ക്രമം ശാശ്വതീകരിക്കാനുള്ള ഉപകരണങ്ങളാണ് അന്താരാഷ്‌ട്ര നാണയനിധിയും ലോകബാങ്കും ലോകവ്യാപാരസംഘടനയും. ഊഹക്കച്ചവടപരമായ ഫിനാന്‍സ് മൂലധനത്തിന്‍െറ പുതിയ മേല്‍ക്കോയ്‌മ വികസിത മുതലാളിത്തരാജ്യങ്ങളില്‍ വളര്‍ച്ച മുരടിക്കാനിടയാക്കുന്നു. തീവ്രതരമായ ചൂഷണത്തിന്‍േറതും വര്‍ധിച്ചുവരുന്ന കടഭാരത്തിന്‍േറതുമായ വിഷമവൃത്തമാണ് മൂന്നാംലോകത്തിന് അതുണ്ടാക്കിവെച്ചിരിക്കുന്നത്. കുറഞ്ഞ തോതില്‍ വികസിതമായ മുതലാളിത്തരാജ്യങ്ങളിലെവ്യാപാരവ്യവസ്‌ഥകള്‍,വ്യാവസായിക-കാര്‍ഷികോല്‍പ്പാദനം, സാങ്കേതികവിദ്യയുടെ പ്രവാഹം, സേവനമേഖല എന്നിവയെല്ലാം തന്നെ സാമ്രാജ്യത്വമൂലധനത്തിന്‍െറ താല്‍പര്യങ്ങള്‍നി റവേറ്റുന്ന വിധത്തിലാക്കപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വവ്യവസ്‌ഥ ലോകത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. ധനികവികസിതമുതലാളിത്തരാജ്യങ്ങളും മാനവരാശിയിലെ മഹാഭൂരിപക്ഷം അധിവസിക്കുന്ന വികസ്വരരാജ്യങ്ങളും. ഇരുപതാംനൂറ്റാണ്ടിന്‍െറ അവസാനത്തെ രണ്ടുദശകങ്ങളിലായി ധനിക-ദരിദ്രരാജ്യങ്ങള്‍തമ്മിലുള്ള വിടവ് രൂക്ഷമായി വിപുലപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍ക്കരണപ്രക്രിയയോടെ അത്‌കൂടുതല്‍ മൂര്‍ഛിക്കുകയും ചെയ്‌തിരിക്കുന്നു.
2.7 പഴയരീതിയിലുള്ള കൊളോണിയലിസം അവസാനിച്ചതിനുശേഷം പുത്തന്‍ കൊളോണിയല്‍തന്ത്രം പിന്തുടരുകയായിരുന്ന സാമ്രാജ്യത്വം സോവിയറ്റ് യൂണിയന്‍െറ തകര്‍ച്ചയോടെആഗോളമേല്‍ക്കോയ്‌മക്കുള്ള ശ്രമങ്ങള്‍ ശക്‌തിപ്പെടുത്തിയിരിക്കയാണ്. സ്വന്തം മേധാവിത്വം സ്‌ഥാപിക്കുന്നതിനായി അമേരിക്കന്‍ സാമ്രാജ്യത്വം അതിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും സൈനികവുമായശേഷി ആക്രമണോല്‍സുകമായി ഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വക്രമം അടിച്ചേല്‍പ്പിക്കുന്നതിനായി നാറ്റോയെ വികസിപ്പിച്ചും ലോകത്തെമ്പാടും സൈനികമായി ഇടപെട്ടും സാമ്രാജ്യത്വ പ്രേരിതമായ ആഗോളവല്‍ക്കരണത്തെ ശക്‌തിപ്പെടുത്താനാണ് ശ്രമം. ശാക്‌തിക ബലാബലത്തിലെ മാറ്റംസൃഷ്‌ടിച്ച പ്രതികൂല സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തിലും സോഷ്യലിസ്‌റ്റ് രാഷ്‌ട്രങ്ങളായ ചൈന, വിയത്‌നാം, ക്യൂബ, കൊറിയ, ലാവോസ് എന്നിവ സോഷ്യലിസത്തോടുള്ള പ്രതിബദ്ധത മുറുകെ പിടിക്കുന്നു. നിലവിലുള്ള സോഷ്യലിസ്‌റ്റ് രാജ്യങ്ങളെ അട്ടിമറിക്കാന് സജീവമായി യത്‌നിച്ചുകൊണ്ട് അവയ്‌ക്കെതിരെ പ്രത്യയ ശാസ്‌ത്രപരവും സാമ്പത്തികവും രാഷ്‌ട്രീയവുമായ മണ്‌ഡലങ്ങളില്‍ നിരന്തരമായ യുദ്ധം അഴിച്ചുവിട്ടിരിക്കയാണ് സാമ്രാജ്യത്വം. അന്താരാഷ്‌ട്രമാധ്യമങ്ങളിന്മേല് നിയന്ത്രണമുള്ള സാമ്രാജ്യത്വം ആഗോളവാര്‍ത്താവിനിമയ വിപ്ലവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മുതലാളിത്തവിരുദ്ധ ആശയങ്ങളെയും സോഷ്യലിസത്തെയും അവമതിപ്പെടുത്തുന്നതിനും അടിച്ചമര്‍ത്തുന്നതിനും ആക്രമണോല്‍സുകമായി ശ്രമിക്കുന്നു.
2.8 ഇരുപതാംനൂറ്റാണ്ടിന്‍െറഅവസാനത്തോടെ സാര്‍വദേശീയശാക്‌തിക ബലാബലം സാമ്രാജ്യത്വത്തിന്‌അനുകൂലമായിട്ടുണ്ടെങ്കിലുംശാസ്‌ത്ര-സാങ്കേതിക മുന്നേറ്റം പ്രയോഗത്തില്‍വരുത്തിക്കൊണ്ട് മുതലാളിത്തം ഉല്‍പ്പാദക ശക്‌തികളെ വികസിപ്പിക്കുന്നത് തുടരുന്നുവെങ്കിലും, അടിച്ചമര്‍ത്തലിന്‍െറയും ചൂഷണത്തിന്‍െറയും അനീതിയുടെയും വ്യവസ്‌ഥയാണെന്നതിനു പുറമെ, അത് നിരന്തരം പ്രതിസന്‌ധിയെ നേരിടുന്ന വ്യവസ്‌ഥ കൂടിയാണ്. മുതലാളിത്തത്തിന് ബദലായ ഏകവ്യവസ്‌ഥ സോഷ്യലിസമാണ്. അതിനാല്‍ ഈ കാലഘട്ടത്തിലെ കേന്ദ്രസാമൂഹ്യ വൈരുധ്യം മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ളതായി തുടരുന്നു. പുതുലിബറല്‍ആ ഗോളകടന്നാക്രമണത്തിന്‍ കീഴില്‍ സാമ്രാജ്യത്വരാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം അതിവേഗം മൂര്‍ഛിക്കുകയും മുന്നണിയിലേക്ക് വരികയും ചെയ്യുന്നു. മുതലാളിത്തത്തിന്‍കീഴിലെ അസമമായ വികാസം കാരണംസാമ്രാജ്യത്വരാജ്യങ്ങള്‍ തമ്മില്‍ തമ്മിലുള്ള വൈരുധ്യങ്ങളും നിലനില്‍ക്കുന്നു. മുകളില്‍ പരാമര്‍ശിച്ച മുതലാളിത്തത്തിന്‍െറ ഇപ്പോഴത്തെ സ്വഭാവവിശേഷങ്ങള്‍ കാരണം അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യം രൂക്ഷമായിത്തീരുന്നു. ഈ വൈരുധ്യങ്ങളെല്ലാം തുടര്‍ന്നും മൂര്‍ഛിക്കുകയും ലോകസംഭവങ്ങളില്‍ അവയുടെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
2.9 സാമ്രാജ്യത്വത്തിനും അതിന്‍െറ ചൂഷണക്രമത്തിനുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്തുന്നതിന് തൊഴിലാളിവര്‍ഗവും അതിന്‍െറ പാര്‍ടികളും പ്രത്യയശാസ്‌ത്രപരമായും രാഷ്‌ട്രീയമായും സംഘടനാപരമായും സ്വയം സജ്‌ജമാകേണ്ടതുണ്ട്.സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതിനും ഇന്നത്തെ അന്യായമായ ആഗോളക്രമംനിലനിര്‍ത്താനും ശാശ്വതീകരിക്കാനും ശ്രമിക്കുന്ന ഭരണവര്‍ഗങ്ങളെ പരാജയപ്പെടുത്തുന്നതിനുമായി ലോകമെമ്പാടുമുള്ള ഇടതുപക്ഷ, ജനാധിപത്യ, പുരോഗമനശക്‌തികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയെ ആധാരമാക്കിയപാര്‍ട്ടിയെന്ന നിലയില്‍ സി പി ഐ (എം) സാമ്രാജ്യത്വ മേല്‍ക്കോയ്‌മക്കെതിരെ പോരാടാന്‍ പ്രതിജ്‌ഞാബദ്ധമാണ്. സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍ക്കരണത്തിന്‍െറസാമ്പത്തികക്രമത്തിനെതിരായും സമാധാനത്തിനും ജനാധിപത്യത്തിനുംസോഷ്യലിസത്തിനും വേണ്ടിയും പോരാടുന്നലോകത്തിലെ മുഴുവന്‍ ശക്‌തികളോടും പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
III സ്വാതന്ത്ര്യലബ്‌ധിയും അതിനുശേഷവും
3.1 ഇന്ത്യന്‍ ജനതയുടെ വിപുലമായവിഭാഗങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ അത്യുല്‍സാഹത്തോടെ പങ്കാളികളാകുകയും അത് വിജയകരമാക്കുകയും ചെയ്‌തു. ദേശസ്‌നേഹത്താല്‍ ജ്വലിച്ച അവര്‍ സ്വതന്ത്രഭാരതത്തിലേക്കും ഒരു പുതിയ ജനജീവിതത്തിലേക്കും ഉറ്റുനോക്കി. ദാരിദ്ര്യത്തിന്‍േറതും ചൂഷണത്തിന്‍േറതുമായ പരിതാപകരമായ പരിതഃസ്‌ഥിതിയുടെ അന്ത്യം അവര്‍ പ്രതീക്ഷിച്ചു. അവരെ സംബന്‌ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതിനര്‍ഥം ഭൂമി, ആഹാരം, ന്യായമായ കൂലി, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ,തൊഴിലവസരം എന്നിവയായിരുന്നു. ജാതീയത, വര്‍ഗീയത, മതവിദ്വേഷംപോലുള്ള സാമൂഹ്യതിന്മകളില്‍ നിന്നുള്ള മോചനവും ജനാധിപത്യ ചുറ്റുപാടില്‍ ജനതയുടെ സാംസ്‌കാരികാവശ്യങ്ങളുടെ സാക്ഷാല്‍ക്കാരവുമാണ് സ്വാതന്ത്ര്യംകൊണ്ട് അവര്‍ വിവക്ഷിച്ചത്.
3.2 തൊഴിലാളിവര്‍ഗവും കൃഷിക്കാരുംഇടത്തരക്കാരും ബുദ്ധിജീവികളും സ്‌ത്രീകളുംവിദ്യാര്‍ഥികളും യുവാക്കളും വന്‍തോതില്‍പങ്കുവഹിച്ചതിനാലാണ് സ്വാതന്ത്ര്യത്തിനായുള്ളദേശീയപ്രസ്‌ഥാനം വിജയം വരിച്ചത്. എങ്കിലും, നേതൃത്വം ബൂര്‍ഷ്വാസിയുടെ കൈകളിലായിരുന്നു. പുതിയ ഭരണകൂടത്തെ നയിച്ച വന്‍കിട ബൂര്‍ഷ്വാസി ജനാധിപത്യവിപ്ലവത്തിന്‍െറ മൗലിക കടമകള്‍ നിറവേറ്റാന്‍ വിസമ്മതിച്ചു. ഉല്‍പ്പാദനശക്‌തികളെ വരിഞ്ഞുകെട്ടിയ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മാത്രമേ ഇന്ത്യന്‍ സമൂഹത്തെ പുനരുദ്‌ധരിക്കാന്‍കഴിയൂ. ഇത്തിക്കണ്ണി ഭൂപ്രഭുത്വത്തിന് അറുതിവരുത്തുകയും കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കുമായി ഭൂമി വിതരണം ചെയ്യുകയും വേണമായിരുന്നു. വീര്‍പ്പുമുട്ടിക്കുന്ന വിദേശ മൂലധനാധിപത്യത്തില്‍ നിന്ന് വിമുക്‌തമായ വ്യവസായ വികസനം സ്വാശ്രയ സമ്പദ്‌ഘടനയോടുകൂടിയ വികസിത വ്യാവസായിക രാഷ്‌ട്രത്തിന് അടിത്തറ പാകുമായിരുന്നു. ജനാധിപത്യ വിപ്ലവത്തിന്‍െറ കടമകള്‍ സമഗ്രമായി നടപ്പാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ചു ഭയന്ന വന്‍കിട ബൂര്‍ഷ്വാസി ഭൂപ്രഭുക്കളുമായി സഖ്യമുണ്ടാക്കുകയും സാമ്രാജ്യത്വവുമായി സന്‌ധിചെയ്യുകയും ചെയ്‌തു. ഈബൂര്‍ഷ്വാ-ഭൂപ്രഭു സഖ്യത്തെപ്രതിഫലിപ്പിക്കുന്നതായിരുന്നു കോണ്‍ഗ്രസ് ഭരണാധികാരികളുടെ നയങ്ങള്‍. പിന്നീടുള്ള ദശകങ്ങളിലെ മുതലാളിത്തപാതയുടെ സ്വഭാവത്തിനു നിര്‍ണായകമായത്‌ഭരണവര്‍ഗങ്ങളുടെ ഈ സ്വഭാവമാണ്.
3.3 സമൃദ്ധമായ തോതില്‍കൃഷിനിലയങ്ങള്‍, ജലസേചനശേഷി,വിവിധ മേഖലകളിലായി വൈവിധ്യമാര്‍ന്ന വിളകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍,വമ്പിച്ച ധാതുസമ്പത്ത്,വൈദ്യുതോല്‍പ്പാദനത്തിനുള്ള അളവറ്റ സാധ്യതഎന്നിങ്ങനെ രാജ്യത്തിന്‍െറ സമ്പൂര്‍ണവികസനത്തിന് ആവശ്യമായ അളവറ്റപ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമാണ്‌ഇന്ത്യ. ഇന്ത്യയുടെ വമ്പിച്ചമനുഷ്യാധ്വാനശേഷിയും ഇന്ത്യന്‍ ജനങ്ങളുടെ സാങ്കേതികവും ഭരണപരവുംധൈഷണികവുമായ പ്രാഗല്‍ഭ്യങ്ങളും വന്‍സാധ്യതകളുടെ കലവറയാണ്. ഭരണകൂടാധികാരം കൈക്കലാക്കിയ വന്‍കിട ബൂര്‍ഷ്വാസി ഈ ശേഷികള്‍വികസിപ്പിക്കുന്നതിനു പകരം സ്വന്തം സങ്കുചിത താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മുതലാളിത്ത വികസന രീതിയിലൂടെയാണ് നീങ്ങിയത്.
3.4 സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ബൂര്‍ഷ്വാസിയുടെ ദ്വിമുഖ സ്വഭാവം സാമ്രാജ്യത്വവുമായി സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നതിലൂടെ പ്രകടമായി. ഭരണകൂടനേതൃത്വം കൈക്കലാക്കിയ വന്‍കിടബൂര്‍ഷ്വാസി ഒരു പ്രത്യേക രീതിയിലുള്ള മുതലാളിത്ത വികസനം അംഗീകരിച്ചു.സാമ്രാജ്യത്വവുമായി അത് സന്‌ധിചെയ്യുകയും ഭൂപ്രഭുത്വവുമായി സഖ്യം നിലനിര്‍ത്തുകയും ചെയ്‌തു. സ്വന്തം നില ശക്‌തിപ്പെടുത്തുന്നതിനായി ഒരുവശത്ത് ജനങ്ങളെ ആക്രമിക്കുന്നതിനും സാമ്രാജ്യത്വവുമായും ഭൂപ്രഭുത്വവുമായുമുള്ള സംഘട്ടനങ്ങളും വൈരുധ്യങ്ങളും സമ്മര്‍ദം ചെലുത്തിയും വിലപേശിയും സന്‌ധിചെയ്‌തും പരിഹരിക്കുന്നതിനുമായി അത് ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തി. ഈ പ്രക്രിയക്കിടയില്‍ അത് വിദേശകുത്തകകളുമായി ശക്‌തമായ ബന്‌ധങ്ങളുണ്ടാക്കുകയും ഭൂപ്രഭുക്കളുമായിഅധികാരം പങ്കിടുകയും ചെയ്‌തു. ഉദാരവല്‍ക്കരണത്തോടെ, വന്‍കിട ബൂര്‍ഷ്വാസിസമ്പദ്‌ഘടന വിദേശമൂലധനത്തിനു തുറന്നുകൊടുക്കുന്നതിന്‍െറ ഏറ്റവും ശക്‌തമായ വക്‌താവായി. അത് അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനവുമായി ശക്‌തമായ ബന്‌ധങ്ങളുണ്ടാക്കി; പൊതുമേഖലയും സമ്പദ്‌ഘടന മൊത്തത്തിലും സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ള മുഖ്യ പ്രേരകശക്‌തിയും അതാണ്.
3.5 സ്വാതന്ത്ര്യലബ്‌ധിയെ തുടര്‍ന്നുള്ള ആദ്യ വര്‍ഷങ്ങളില്‍ പാശ്‌ചാത്യ രാജ്യങ്ങളില്‍ നിന്ന് നീതിപൂര്‍വമായ സമീപനംഉണ്ടാകാതിരുന്നതിനാല്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിസഹായത്തിനായി സോവിയറ്റ് യൂണിയനെസമീപിച്ചു. മുതലാളിത്തം കെട്ടിപ്പടുക്കുന്നപാതയാണ് അവര്‍ അവലംബിച്ചത്. അത് ഭരണകൂടത്തിന്‍െറ നേതൃത്വത്തിലുള്ള മുതലാളിത്തമായിരുന്നു. സ്വന്തം നില ശക്‌തിപ്പെടുത്തുന്നതിനു പ്രയോജനകരമായി വിലപേശാന്‍ കഴിയുന്ന ഉപാധി എന്ന നിലയില്‍ അവര്‍ സാമ്രാജ്യത്വത്തിന്‍െറയും സോഷ്യലിസത്തിന്‍െറതുമായ രണ്ടുചേരികളുടെ അസ്‌തിത്വം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. മുതലാളിത്തപാതയുടെ ഭാഗമായി അവര്‍ സാമ്പത്തികാസൂത്രണം ഏര്‍പ്പെടുത്തി.ചൂഷകവര്‍ഗങ്ങളില്‍ ഒരു ചെറിയ വിഭാഗത്തെ തുണയ്‌ക്കുന്ന വീക്ഷണമാണ് ബജറ്റ് നയവും പൊതു സാമ്പത്തികനയവും ആവിഷ്‌കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഘനവ്യവസായങ്ങളും പശ്‌ചാത്തല സൗകര്യങ്ങളും പോലുള്ള കൂറ്റന്‍ പദ്‌ധതികള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ലഭ്യമാക്കാന്‍ കഴിവുറ്റ നിലയിലായിരുന്നില്ലസ്വകാര്യമേഖല എന്നതിനാല്‍ ഈ രംഗങ്ങളില് പൊതുമേഖല വികസിപ്പിക്കപ്പെട്ടു. ഈ പൊതുമേഖലാ സംരംഭങ്ങള്‍ കെട്ടിപ്പടുത്തത് അങ്ങനെ ഒരളവോളം സമ്പദ്‌ഘടനയുടെ വ്യവസായവല്‍ക്കരണത്തിനും സാമ്രാജ്യത്വ കുത്തകകളോടുള്ള പരിപൂര്‍ണമായ ആശ്രിതത്വം തരണം ചെയ്യുന്നതിനും സഹായകമായി.
3.6 ഭരണകൂടാധികാരം ബൂര്‍ഷ്വാസിയുടെ കൈകളില്‍നി ക്ഷിപ്‌തമായതുകൊണ്ട് അവികസിത രാജ്യമായ ഇന്ത്യയിലെ സാമ്പത്തികാസൂത്രണം മുതലാളിത്ത സാമ്പത്തിക വികസനത്തിന് ഖണ്‌ഡിതമായ ഗതിവേഗവും ദിശയും പ്രദാനം ചെയ്‌തു. ഗവണ്‍മെന്‍റ് നയങ്ങളുടെ പരിമിതികള്‍ക്കകത്തു ലഭ്യമാകുന്ന വിഭവശേഷി കൂടുതല്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ സൗകര്യപ്പെടുത്തിക്കൊണ്ടാണ് ഇതു സാധിച്ചത്. ഈ പദ്‌ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവവിശേഷം പ്രകടമാവുന്നത് വ്യാവസായിക വികസനത്തില്‍, വിശേഷിച്ചും സര്‍ക്കാര്‍/പൊതുമേഖലയിലായി ചില ഘനയന്ത്ര നിര്‍മാണ വ്യവസായങ്ങള്‍ വികസിച്ചതിലാണ്. സോഷ്യലിസ്‌റ്റ് രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും സോവിയറ്റ്‌യൂണിയനില്‍നിന്ന്, നിരന്തരമായി ലഭിച്ച പിന്തുണകൊണ്ടാണ് ഈ നേട്ടങ്ങള്‍ സാധ്യമായത്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ധനമേഖലയുടെയും എണ്ണ-കല്‍ക്കരി വ്യവസായങ്ങളുടെയും ദേശസാല്‍ക്കരണത്തോടെ പൊതുമേഖല വികസിച്ചു.
3.7 വ്യവസായവല്‍ക്കരണത്തിനായിഅര്‍ധമനസോടെയാണെങ്കിലും വേറെയും ചില നടപടികള്‍ കൈക്കൊള്ളപ്പെട്ടു. ഗവേഷണവും വികസനവും, ഒരു പുതിയ പേറ്റന്‍റ് നിയമംഅംഗീകരിക്കല്‍, നമ്മുടെ വിപണിയില്‍ വിദേശ ഉല്‍പ്പന്നങ്ങളുടെയും മൂലധനത്തിന്‍െറയും കടന്നുവരവിന് നിയന്ത്രണം, ചെറുകിട വ്യവസായങ്ങളുടെസംരക്ഷണം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കപ്പെട്ടു. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പരിതഃസ്‌ഥിതികളില്‍ ഈ നടപടികളെല്ലാം സാമ്പത്തിക പിന്നോക്കാവസ്‌ഥയും വിദേശശക്‌തികളോടുള്ള നാണംകെട്ട ആശ്രിതത്വവും ഒരളവോളം തരണം ചെയ്യുന്നതിനും വ്യവസായവല്‍ക്കരണത്തിന് സാങ്കേതികാടിത്തറ പാകുന്നതിനും സഹായകമായി.
3.8 പരിമിതമായആസൂത്രണത്തിലൂടെയുള്ള ഭരണകൂടഇടപെടലിനും പൊതുമേഖലയുടെ വികസനത്തിനുമൊപ്പം മാറിമാറിവന്നഗവണ്‍മെന്‍റുകള്‍ പിന്തുടര്‍ന്ന നയങ്ങളുടെ ഫലമായി സമ്പത്ത് കേന്ദ്രീകരിക്കുകയും കുത്തകകള്‍ അതിവേഗത്തില്‍ വളരുകയുംചെയ്‌തു. വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ഒരു ഉപകരണമായി പൊതുമേഖല മാറി. പൊതുമേഖലയിലെ ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്നുള്ള വായ്‌പയില്‍ സിംഹഭാഗവും വന്‍കിടബൂര്‍ഷ്വാസി കൈക്കലാക്കി. മാറിമാറിവന്ന ഗവണ്‍മെന്‍റുകളുടെ ബജറ്റ്-നികുതി നയങ്ങള്‍സ bമ്പത്ത് ജനങ്ങളില്‍നിന്ന്‌ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗങ്ങളില്‍ ഒരു ചെറുവിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. വന്‍തോതിലുള്ള നികുതിവെട്ടിപ്പ് ഭീമമായതോതില്‍ കള്ളപ്പണം കുന്നുകൂടാന്‍ ഇടയാക്കി;മൂലധനത്തിന്‍െറ സ്വകാര്യ സഞ്ചയനം ശക്‌തിപ്പെടുത്തുന്ന ഒരു രീതിയായിരുന്നു ഇത്.മുതലാളിത്ത വികസനത്തിനുള്ള പദ്‌ധതികള്‍ക്ക് പണം ലഭ്യമാക്കുന്നതിന്‍െറ പേരില്‍ സാധാരണക്കാരെയും തൊഴിലാളികളെയും കൃഷിക്കാരെയും ഇടത്തരക്കാരെയും നിര്‍ദയമായ ചൂഷണത്തിന് വിധേയരാക്കി. അടിസ്‌ഥാന പരമായ ഭൂപരിഷ്‌കരണത്തിന്‍െറ അഭാവത്തില്‍ ആഭ്യന്തര കമ്പോളം മരവിച്ചുനിന്നു. തന്മൂലം ആഭ്യന്തര വ്യവസായത്തിന് വിദേശമൂലധനത്തെആശ്രയിക്കാതെ വളരാനോ വികസിക്കാനോ നിര്‍വാഹമില്ലായിരുന്നു. ഭീമമായ തോതിലുള്ള വൈദേശികവും ആഭ്യന്തരവുമായ വായ്‌പകള്‍ ഈ രൂപത്തിലുള്ള സ്‌റ്റേറ്റ് മുതലാളിത്തത്തിന് വേണ്ട പണം ലഭ്യമാക്കി. കുത്തകകളുടെ വളര്‍ച്ചയും വിദേശ ഫിനാന്‍സ് മൂലധനത്തിന്‍െറ വര്‍ധിച്ച തോതിലുള്ള നുഴഞ്ഞുകയറ്റവുമായിരുന്നു ഈ പാതയുടെ പ്രകടമായ സ്വഭാവവിശേഷം.
3.9 അമ്പതുകള്‍ മുതല്‍ ഭരണവര്‍ഗങ്ങള്‍ പിന്തുടര്‍ന്ന മുതലാളിത്ത വികാസത്തിന്‍േറതായ ഈ പ്രത്യേക പാത പ്രതിസന്‌ധികള്‍ നിറഞ്ഞതാകുമെന്നും സ്‌തംഭനാവസ്‌ഥയിലേക്കു എത്തിക്കുമെന്നും ഉറപ്പായിരുന്നു. ഭൂപ്രഭുത്വവുമായി വന്‍കിട ബൂര്‍ഷ്വാസി സന്‌ധിചെയ്‌തത് കര്‍ഷകരുടെ ക്രയശേഷി പരിമിതപ്പെടുത്തുന്നതിനുംആഭ്യന്തരവിപണി വിപുലപ്പെടാതിരിക്കുന്നതിനും കാരണമായി. വ്യവസായവല്‍ക്കരണത്തിനും ഭരണകൂടത്തിന്‍െറ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും വേണ്ട പണം കണ്ടെത്തുന്നതിനായി വൈദേശികവും ആഭ്യന്തരവുമായ വായ്‌പകളെ വര്‍ധിച്ചതോതില്‍ ആശ്രയിച്ചത്, വൈദേശിക അടവുശിഷ്‌ടനിലയിലും ധനകമ്മിയിലും ഗുരുതരമായ പ്രതിസന്‌ധി ഉളവാക്കി.കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ഐ എം എഫ്- ലോകബാങ്ക് നിബന്‌ധനകള് സ്വീകരിക്കുന്നതിലേക്ക് ഒടുവില്‍ ധനപ്രതിസന്‌ധി നയിച്ചു. വിദേശ ഫിനാന്‍സ് മൂലധനവുമായി വര്‍ധിച്ച തോതില്‍ കൂട്ടുകൂടിയും സമ്പദ്‌ഘടന തുറന്നുകൊടുത്തും ഈ പ്രതിസന്‌ധി തരണം ചെയ്യാന്‍ ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി തുനിഞ്ഞു.
3.10 സ്വന്തം മൂലധനാടിത്തറദുര്‍ബലമായതിനാല്‍ മുതലാളിത്ത വികസനത്തിന് പശ്‌ചാത്തല സൗകര്യമൊരുക്കുന്നതിനായി സര്‍ക്കാര് ഇടപെടലിനെ നേരത്തെ അനുകൂലിച്ചവന്‍കിട ബൂര്‍ഷ്വാസി, സര്‍ക്കാരിന്‍െറ സഹായത്തോടെയുള്ള വികസനത്താലും സബ്‌സിഡികളാലും ദശകങ്ങള്‍കൊണ്ട് മതിയായ തോതില്‍ മൂലധനം സമാഹരിക്കുകയും സ്വയം തടിച്ചുകൊഴുക്കുകയും ചെയ്‌തു. എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും വന്‍കിട ബൂര്‍ഷ്വാസി, സര്‍ക്കാരിനായി നീക്കിവെച്ച മര്‍മ പ്രധാന മേഖലകളിലേക്ക് കടക്കുവാനും പൊതുമേഖലയെ ഏറ്റെടുക്കവാനും വിദേശമൂലധനത്തിന്‍െറകൂട്ടുകെട്ടോടെ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുവാനും തയ്യാറായി. ഭരണകൂട നേതൃത്വത്തിലുള്ള മുതലാളിത്ത പാതഇതോടൊപ്പം നേരിട്ട പ്രതിസന്‌ധിയാണ് ഉദാരവല്‍ക്കരണത്തിന് ആഭ്യന്തരമായി അടിത്തറരൂപപ്പെടുത്തിയത്. വൈദേശികമായി, സോവിയറ്റ് യൂണിയന്‍െറ തകര്‍ച്ച നയമാറ്റപ്രക്രിയക്ക് വേഗം കൂട്ടുന്നതിനും ഐ എം എഫ്- ലോകബാങ്ക് കല്‍പ്പനകള്‍സ്വീകരിക്കുന്നതിനും ഇടയാക്കി.
3.11 സമ്പദ്‌ഘടന തുറന്നുകൊടുക്കുന്നതിനും ഉദാരവല്‍ക്കരിക്കുന്നതിനുമുള്ള സമ്മര്‍ദം എണ്‍പതുകളുടെ മധ്യത്തില്‍രാജീവ്‌ഗാന്‌ധിയുടെ ഭരണകാലത്ത് സാമ്പത്തികനയങ്ങളില്‍ വ്യതിയാനം സൃഷ്‌ടിച്ചു. ഇറക്കുമതി ഉദാരവല്‍ക്കരണവും ഹ്രസ്വകാലവായ്‌പകളുടെ വര്‍ധനയും ഭീമമായധന കമ്മിയിലേക്ക് നയിച്ചു. ഇതും സാര്‍വദേശീയസ്‌ഥിതിയില്‍ വന്ന മാറ്റവും ഘടനാപരമായ നീക്കുപോക്കനുസരിച്ചുള്ളവായ്‌പ ലഭിക്കുന്നതിനായിഐ എം എഫിന്‍െറയും ലോകബാങ്കിന്‍െറയും നിബന്‌ധനകള്‍ 1991 ലെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്നസ്‌ഥിതിവിശേഷത്തിലേക്ക് നയിച്ചു. ബി ജെ പി അധികാരത്തിലേറിയപ്പോള്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയി.1991 മുതല്‍ മാറിമാറിവന്ന ഗവണ്‍മെന്‍റുകള് പിന്തുടര്‍ന്ന ഉദാരവല്‍ക്കരണത്തിന്‍െറതും ഘടനാപരമായ നീക്കുപോക്കിന്‍െറതുമായ നയങ്ങള്‍ വിദേശമൂലധനത്തിന് സമ്പദ്‌ഘടനതുറന്നുകൊടുക്കുന്നതിലേക്കും പൊതുമേഖല പൊളിച്ചുമാറ്റുന്ന പ്രക്രിയയിലേക്കുംഇറക്കുമതി ഉദാരമാക്കുന്നതിലേക്കും നയിച്ചു.സര്‍ക്കാരിനും പൊതുമേഖലക്കുമായി ഇതുവരെയും നീക്കിവച്ച പ്രവര്‍ത്തനരംഗങ്ങള്‍ വിദേശികളുടെയും ഇന്ത്യക്കാരുടെയും കുത്തക മൂലധനത്തിന് തുറന്നു കൊടുത്തിരിക്കുകയാണ്. പൊതുമേഖലയെ ഇല്ലായ്‌മ ചെയ്യുക എന്ന കാഴ്‌ചപ്പാടോടെ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുകയും, നിസാരവിലയ്‌ക്ക് സ്വകാര്യകുത്തകകള്‍ അവ വാങ്ങുകയും ചെയ്യുന്നു. ഇറക്കുമതിച്ചുങ്കം കുറച്ചതിനാല്‍ വിദേശ ചരക്കുകള്‍ നാടന്‍ഉ ല്‍പ്പന്നങ്ങളെ പുറന്തള്ളുന്നു. തല്‍ഫലമായി ഒട്ടുവളരെ സ്‌ഥാപനങ്ങള്‍ പൂട്ടേണ്ടിവരികയും പതിനായിരക്കണക്കിന് തൊഴിലാളികള്‍തൊഴിലില്‍നിന്ന് പറിച്ചെറിയപ്പെടുകയും ചെയ്യുന്നു. ധനമേഖലതുറന്നുകൊടുക്കുന്നതിനായി അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനം ഇടതടവില്ലാതെ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. ബാങ്കിംഗ് വ്യവസായത്തിന്‍െറ സ്വകാര്യവല്‍ക്കരണത്തിനും ഇന്‍ഷ്വറന്‍സ് മേഖല തുറന്നുകൊടുക്കുന്നതിനുംമുന്‍ഗണന നല്‍കപ്പെട്ടിരിക്കുന്നു. 1994-ല്‍ ഗാട്ട്‌കരാര്‍ ഒപ്പുവച്ചത് ലോകവ്യാപാര സംഘടനയുടെ മേല്‍ക്കോയ്‌മ ഇന്ത്യ അംഗീകരിക്കുന്നതിലേക്ക് നയിച്ചു. പേറ്റന്‍റ്‌നിയമത്തില്‍ വരുത്തിയ മാറ്റങ്ങളും സേവനമേഖല തുറന്നുകൊടുക്കലുംസാമ്രാജ്യത്വ മൂലധനത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നു. സാമ്പത്തിക പരമാധികാരം ചോര്‍ന്നുപോകുന്നതിന് ഈസംഭവവികാസങ്ങളെല്ലാം ഇടയാക്കിയിട്ടുണ്ട്.
3.12 ഉദാരവല്‍ക്കരണത്തിന്‍െറയുംസ്വകാര്യവല്‍ക്കരണത്തിന്‍െറയും പാത വന്‍കിടബൂര്‍ഷ്വാസിക്ക് വമ്പിച്ചനേട്ടമുണ്ടാക്കിക്കൊടുത്തു. പുതിയ ബിസിനസ്‌കുടുംബങ്ങളുടെ കടന്നുവരവോടെ അതിന്‍െറഅണികള്‍ വിപുലമായി. ഏറ്റവും ഉയര്‍ന്ന 22കുത്തക കുടുംബങ്ങളുടെ ആസ്‌തി 1957ല്‍ 312.63 കോടി രൂപയായിരുന്നത്‌അഞ്ഞൂറുമടങ്ങുകണ്ട് വര്‍ധിച്ച് 1997ല്‍ 1,58,004.72 കോടി രൂപയായി.ഉദാരവല്‍ക്കരണത്തിന്‍കീഴില്‍ ആദായനികുതി നിരക്കുകള്‍ ഇളവുചെയ്‌തും സ്വത്തുനികുതിപോലെയുള്ള മറ്റു പല നികുതികള്‍ ഒഴിവാക്കിയും വന്‍കിട ബിസിനസ്‌കുടുംബങ്ങള്‍ക്കും ധനികവിഭാഗങ്ങള്‍ക്കും വമ്പിച്ച ഇളവുകള്‍ നല്‍കി. ഇത്തരം നയങ്ങള്‍ ധനികവര്‍ഗങ്ങളെ വന്‍തോതില്‍സമ്പന്നരാക്കുകയും അവര്‍ ഉപഭോഗം ചെയ്യുന്നസുഖഭോഗവസ്‌തുക്കളുടെ വിപണിവിപുലീകരിക്കുകയും ചെയ്‌തു. ഈ ചോദനംനിറവേറ്റുന്നതിനായി വിദേശ മൂലധനവുമായികൂട്ടുചേര്‍ന്ന് ആഭ്യന്തരമായി ചരക്കുകള്‍നിര്‍മിക്കുകയോ അവ ഇറക്കുമതി നടത്തുകയോ ചെയ്‌തുവരുന്നു. വിദേശമൂലധനത്തിന്‍െറ അനിയന്ത്രിതമായ കടന്നുവരവ് ആഭ്യന്തര വ്യവസായത്തിന്‍െറമര്‍മപ്രധാന മേഖലകളെ ബാധിച്ചിരിക്കുന്നു. ബഹുരാഷ്‌ട്രകമ്പനികള്‍ ഇന്ത്യന്‍ കമ്പനികളെ വിലയ്‌ക്ക് വാങ്ങിക്കൊണ്ടിരിക്കുന്നു. വന്‍കിടയല്ലാത്ത ബൂര്‍ഷ്വാസിയിലെ ചില വിഭാഗങ്ങള് പോലും വിദേശ മൂലധനവുമായി കൂട്ടുകൂടാന്‍ സന്നദ്ധ മാകുന്നുണ്ടെങ്കിലും, ഇടത്തരം -ചെറുകിട മുതലാളിമാരില്‍ നല്ല പങ്കിനേയും ഉദാരവല്‍ക്കരണം ദോഷകരമായിബാധിച്ചിരിക്കുകയാണ്.
3.13 ഉദാരവല്‍ക്കരണ കാലഘട്ടത്തില് വൈദേശികവും ആഭ്യന്തരവുമായ കടബാധ്യത വര്‍ധിച്ചു. റവന്യൂ ച്ചെലവില്‍ ഒരു വലിയ പങ്ക് പലിശ ച്ചെലവാണ്. പൊതുമുതല് മുടക്കും പൊതുചെലവും ഇടിഞ്ഞു കൊണ്ടിരിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെയും ദാരിദ്ര്യനിര്‍മാര്‍ജന പദ്‌ധതികളെയും ബാധിച്ചിട്ടുണ്ട്.സാമൂഹ്യവും സാമ്പത്തികവും പ്രാദേശികവുമായ അസമത്വങ്ങളുടെഭയങ്കരമായ വര്‍ധന ഉദാരവല്‍ക്കരണം മൂലം ഉണ്ടായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണത്തില്‍, വിശേഷിച്ച്‌ഗ്രാമപ്രദേശങ്ങളില്‍, വര്‍ധന ഉണ്ടായി.പൊതുവിതരണ സമ്പ്രദായം വെട്ടിച്ചുരുക്കിയപശ്‌ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെ,വിശേഷിച്ച് ഭക്ഷ്യസാധനങ്ങളുടെ, വിലക്കയറ്റം തുടരുന്നത് പാവപ്പെട്ടവരെ ഏറ്റവുംഗുരുതരമായി ബാധിച്ചിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ദാനം, ക്ഷേമപദ്ധതികള്‍ എന്നീ രംഗങ്ങളി ല്‍സാമൂഹ്യച്ചെലവുകള്‍ വെട്ടിക്കുറച്ചത്‌പണിയെടുക്കുന്ന ജനങ്ങളെ വിനാശകരമായിബാധിച്ചിട്ടുണ്ട്.
3.14 മുതലാളിമാരും ഗവണ്‍മെന്‍റും അടിച്ചേല്‍പ്പിച്ച കനത്തഭാരം പേറുന്നത് തൊഴിലാളിവര്‍ഗമാണ്. വില സദാ വര്‍ധിക്കുന്നതുമൂലം തൊഴിലാളികളുടെ യഥാര്‍ഥ വേതനം ഉയരുന്നില്ല.വ്യവസായരംഗത്ത് പ്രതിസന്‌ധി പടര്‍ന്നുപിടിച്ചതിനാല്‍ സ്‌ഥാപനങ്ങ ള്‍അടച്ചുപൂട്ടുന്നതിന്‍െറയും പിരിച്ചുവിടലിന്‍െറയും രൂപത്തിലുള്ള ആക്രമണങ്ങള്‍ തൊഴിലാളികള് നേരിടേണ്ടിവരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കാത്തുരക്ഷിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴില്‍ നിയമങ്ങളില്‍പ ല തകരാറുകളുമുണ്ട്. അവ പോലും പാലിക്കപ്പെടുന്നില്ല. തൊഴിലുടമകള്‍ നിയമങ്ങള്‍ ലംഘിക്കുന്നത്‌പതിവായിരിക്കുന്നു. രഹസ്യബാലറ്റ് മുഖേന ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരംനല്‍കുന്നതും കൂട്ടായി വിലപേശുന്നതിനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. ഉദാരവല്‍ക്കരണത്തിന്‍െറയും സ്വകാര്യവല്‍ക്കരണത്തിന്‍െറയും ഫലമായി, ലക്ഷക്കണക്കിന് തൊഴിലാളികള് തൊഴില്‍രഹിതരായിരിക്കുകയാണ്. അവര്‍ക്ക് ഒരു സാമൂഹ്യ സുരക്ഷിതത്വവുമില്ല. ഉദാരവല്‍ക്കരണനയത്തിന്‍െറ ഭാഗമായി തൊഴില് വിപണിയിന്മേലുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യണമെന്ന് മുതലാളിമാര്‍ ആവശ്യപ്പെടുന്നു.സുദീര്‍ഘ സമരങ്ങളിലൂടെ തൊഴിലാളികള്‍നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും പരിമിതപ്പെടുത്താനാണ്‌നീക്കം. സ്‌ഥിരം ജോലികള്‍ കരാര്‍ജോലികളോ താല്‍ക്കാലിക ജോലികളോ ആയി മാറ്റപ്പെടുന്നു. കുറഞ്ഞ വേതനം ലഭിക്കുന്നവരും ആദ്യംപിരിച്ചു വിടപ്പെടുന്നവരും തൊഴിലെടുക്കുന്നസ്‌ത്രീകളാണ്. ബാലവേല വര്‍ധിക്കുകയും ചൂഷണത്തിന്‍െറ ഏറ്റവും നികൃഷ്‌ട രൂപങ്ങള്‍ക്ക് കുട്ടികള്‍ വിധേയരാവുകയുംചെയ്യുന്നു. സംഘടിത മേഖലയ്‌ക്ക് പുറത്തുള്ള ലക്ഷോപലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍നിയമങ്ങളുടെ യാതൊരു പരിരക്ഷയുംലഭിക്കുന്നില്ല. ഗവണ്‍മെന്‍റ് നിശ്‌ചയിച്ച മിനിമംവേതനം പോലും നിഷേധിക്കപ്പെടുന്നു.വിപുലമായ അസംഘടിതമേഖലയിലെ തൊഴിലെടുക്കുന്ന സ്‌ത്രീ - പുരുഷന്മാരുടെ അവസ്‌ഥ ദുരിതമയമാണ്. തുച്‌ഛ വേതനത്തിന് അപകടകരമായ സാഹചര്യങ്ങളില്‍ യാതൊരുസാമൂഹ്യ സുരക്ഷിതത്വവുമില്ലാതെ ദീര്‍ഘസമയം ജോലിചെയ്യാന്‍ അവര്‍ നിര്‍ബന്‌ധിതരാണ്. ഇളവില്ലാതെ തൊഴിലെടുപ്പിക്കുന്നതും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നതുമാണ് ബൂര്‍ഷ്വാസിക്കും വന്‍കിട കരാറുകാര്‍ക്കും ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകള്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുന്നത്.
3.15 കാര്‍ഷിക പ്രശ്‌നം ഇന്ത്യന്‍ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയപ്രശ്‌നമായി തുടരുന്നു. അത് പരിഹരിക്കുന്നതിന് ഭൂപ്രഭുത്വം, ഹുണ്ടികക്കാരും കച്ചവടക്കാരും ചേര്‍ന്നുനടത്തുന്ന ചൂഷണം, നാട്ടിന്‍പുറത്തെ ജാതീയവും ലിംഗപരവുമായ പീഡനം എന്നിവയ്‌ക്കെതിരെ സമൂലവും സമഗ്രവുമായ കാര്‍ഷിക പരിഷ്‌കരണം ഉള്‍പ്പെടെ വിപ്ലവകരമായ പരിവര്‍ത്തനം ആവശ്യമാണ്. പുരോഗമനപരവും ജനാധിപത്യപരവുമായി കാര്‍ഷിക പ്രശ്‌നം പരിഹരിക്കുന്നത് പോയിട്ട്,അതു കൈകാര്യം ചെയ്യുന്നതില്‍പോലും പരാജയപ്പെട്ടതുപോലെ മറ്റൊരു രംഗത്തും ഇന്ത്യയിലെ ബൂര്‍ഷ്വാ-ഭൂപ്രഭുവാഴ്‌ചയുടെപാപ്പരത്തം ഇത്രയേറെ പ്രകടമല്ല.
3.16 സ്വാതന്ത്ര്യലബ്‌ധിക്കുശേഷം കോണ്‍ഗ്രസ് ഭരണാധികാരികള് ഭൂപ്രഭുത്വത്തിന് അറുതിവരുത്തുന്നതിന് പകരം അര്‍ധഫ്യൂഡല്‍-ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളായി രൂപാന്തരപ്പെടുത്തുകയുംധനിക കര്‍ഷകരുടേതായ ഒരു വിഭാഗത്തെവളര്‍ത്തിയെടുക്കുകയും ചെയ്യുന്ന കാര്‍ഷിക നയങ്ങളാണ് പിന്തുടര്‍ന്നത്. പഴയനിയമാനുസൃത ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണം ഭീമമായ നഷ്‌ടപരിഹാരം നേടുന്നതിനും വന്‍തോതില്‍ ഭൂമി കൈവശം നിലനിര്‍ത്തുന്നതിനും അവരെ അനുവദിക്കുകയായിരുന്നു. സ്വയം കൃഷിയിറക്കുന്നതിനെന്ന വ്യാജേന നിലങ്ങ ള്‍വീണ്ടെടുക്കാന്‍ അവകാശം നല്‍കുന്നകുടിയായ്‌മ നിയമങ്ങള്‍ നടപ്പാക്കിയത് ലക്ഷോപലക്ഷം കുടിയാന്മാര്‍ഒഴിപ്പിക്കപ്പെടുന്നതിലേക്കാണ് നയിച്ചത്. വിപുലമായ ഭൂസ്വത്ത് അതേപടിനിലനിര്‍ത്താന്‍ ഉതകുന്ന വേണ്ടത്ര പഴുതുകള്‍ഉള്ളവയായിരുന്നു ഭൂപരിധി നിയമങ്ങള്‍. ലക്ഷോപലക്ഷം ഏക്കര്‍ വരുന്ന മിച്ചഭൂമിപിടിച്ചെടുക്കുകയോ കര്‍ഷകത്തൊഴിലാളികള്‍ക്കുംദരിദ്രകര്‍ഷകര്‍ക്കും വിതരണം ചെയ്യുകയോ ഉണ്ടായില്ല. ഗ്രാമീണ പരിവര്‍ത്തനത്തിനുലഭിച്ച ചരിത്രസന്ദര്‍ഭത്തെ ഭയങ്കരമായി വഞ്ചിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേത്. സി പി ഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവണ്‍മെന്‍റുകള്‍ ഭരിക്കുന്ന പശ്‌ചിമബംഗാള്‍,കേരളം, ത്രിപുര എന്നിവിടങ്ങളില്‍ മാത്രമാണ്‌നിലവിലുള്ള നിയമങ്ങള്‍ പ്രകാരംഭൂപരിഷ്‌കരണം നടപ്പാക്കിയത്.
3.17 നിക്ഷേപത്തിനായുള്ള ധനസഹായങ്ങളും ഗവര്‍മെന്‍റ് വായ്‌പകളും ഭൂപ്രഭുക്കള്‍ക്കും ധനികകര്‍ഷകര്‍ക്കുംപ്രയോജനകരമാകുന്ന തരത്തിലുള്ള കാര്‍ഷിക നയങ്ങളാണ് കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളും അവരുടെ പിന്‍ഗാമികളും ആവിഷ്‌കരിച്ചത്.ബാങ്കുകളും സഹകരണ സ്‌ഥാപനങ്ങളും മുഖേനയുള്ള വായ്‌പകളും ഈ വിഭാഗങ്ങള്‍കൈക്കലാക്കി. അറുപതുകളുടെ അവസാനം മുതല്‍ സാങ്കേതികവിദ്യയുടെ പ്രയോഗം, ഗോതമ്പിന്‍െറയും അരിയുടെയും അത്യുല്‍പ്പാദനശേഷിയാര്‍ന്ന പുതിയ ഇനം വിത്തുകള്‍ ലഭ്യമാക്കല്‍, രാസപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യേതരവിളകളുടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയുണ്ടായി. ഈ കാര്‍ഷിക വളര്‍ച്ചയോടൊപ്പം അസമത്വവും വര്‍ധിച്ചു. ഇന്ത്യ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ഉല്‍പ്പാദിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിക്കാന്‍ പ്രാപ്‌തമാകുകയുംചെയ്‌തുവെങ്കിലും, ലക്ഷോപലക്ഷം ജനങ്ങള്‍മതിയായ ആഹാരം നിഷേധിക്കപ്പെട്ട് പട്ടിണിക്കും പോഷകാഹാരക്കുറവിനും ഇരയായി കഴിയുകയാണ്.
3.18 കാര്‍ഷികബന്‌ധങ്ങളില്‍,നാട്ടിന്‍പുറത്തെ മുതലാളിത്ത ബന്‌ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യപ്രവണത. അതിന്‍െറ സ്വഭാവവിശേഷങ്ങള്‍ ഇവയാണ്: ഗ്രാമങ്ങളിലെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ വലിയ വിഭാഗങ്ങള് തൊഴിലാളികളാക്കപ്പെടുകയും ഗ്രാമീണജനസംഖ്യയിലെ കര്‍ഷകത്തൊഴിലാളികളുടെ അനുപാതം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കിടയില്‍ വേര്‍തിരിവ്‌ത്വരിതമാകുന്നു. ഉല്‍പ്പാദനം കമ്പോളത്തിനുവേണ്ടിയായി മാറുന്നു. പരമ്പരാഗതമായിപാട്ടക്കാരായ കുടിയാന്മാര്‍ വന്‍തോതില്‍ഒ ഴിപ്പിക്കപ്പെടുന്നു. ഗ്രാമീണ ധനികര്‍, വിശേഷിച്ചും ഭൂപ്രഭുക്കള്‍, കൃഷിയിലും കൃഷിയുമായി ബന്‌ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വര്‍ധിച്ച തോതുകളില്‍മൂ ലധനത്തിന്‍െറ പുനര്‍നിക്ഷേപം നടത്തുന്നു. ഇതിന്‍െറ ഫലമായി നാളിതുവരെ ഉണ്ടായിട്ടില്ലാത്ത തോതില്‍ മൂലധനത്തിന്‍െറപുനരുല്‍പ്പാദനം നടക്കുന്നു.
3.19 കൃഷിയില്‍ മുതലാളിത്തബന്‌ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ അഖിലേന്ത്യാ പ്രവണത. അതുപോലെ പ്രകടമാണ്, കാര്‍ഷികബന്‌ധങ്ങള്‍ പ്രാദേശികമായും അതിലും താഴ്‌ന്നതലങ്ങളിലും കൂടുതല്‍ വൈവിധ്യമാര്‍ന്നതും ഉല്‍പ്പാദനവും കൈമാറ്റവും സംബന്‌ധിച്ച മുതലാളിത്ത ബന്‌ധങ്ങളുടെ വളര്‍ച്ച കൂടുതല്‍അസമവുമാണെന്ന വസ്‌തുത. കൃഷിയില്‍മുതലാളിത്തം മുന്നേറുകയും ഗ്രാമീണസമ്പദ്‌ഘടനയില്‍ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷിയും പണമിടപാടുകളും ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന പല മേഖലകളും രാജ്യത്തുണ്ട്. ജന്മിത്വത്തിന്‍െറയും കുടിയായ്‌മയുടെയും പഴയ രൂപങ്ങളും, തൊഴില്‍പരമായ സേവനത്തിന്‍െറ പ്രാചീന രൂപങ്ങളും ദാസ്യവും അടിമപ്പണിയും കാര്‍ഷികബന്‌ധങ്ങളില്‍ ഇപ്പോഴും പ്രധാനമായ പങ്കുവഹിക്കുന്ന മേഖലകളുമുണ്ട്. രാജ്യമെമ്പാടും ജാതീയ വിഭജനവും ജാതീയ അടിച്ചമര്‍ത്തലുകളും ലിംഗപരമായ അടിച്ചമര്‍ത്തലിന്‍െറ നികൃഷ്‌ടരൂപങ്ങളും ദരിദ്രരെ ഹുണ്ടികക്കാരും കച്ചവട മൂലധനവും ചേര്‍ന്ന് ചൂഷണം ചെയ്യുന്നതും നിര്‍ബാധം തുടരുകയാണ്. ഇന്ത്യയിലെ കാര്‍ഷികരംഗത്തെ മുതലാളിത്ത വളര്‍ച്ച പഴയ രൂപങ്ങളെനിഷ്‌കരുണം നശിപ്പിക്കുന്നതിനെ അടിസ്‌ഥാനപ്പെടുത്തിയതല്ല. മറിച്ച്, പ്രാങ്‌മുതലാളിത്ത ഉല്‍പ്പാദന ബന്‌ധങ്ങളുടേതുംസാമൂഹ്യ സംഘടനാരൂപങ്ങളുടെതുമായ ജീര്‍ണാവശിഷ്‌ടങ്ങള്‍ക്കുമേല് പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ളതാണ്. ``ആധുനികത'' വികസിക്കുന്നു വെന്നതിനര്‍ഥം പ്രാചീനമായവയുടെ തുടര്‍ന്നുള്ള അസ്‌തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല. മുതലാളിത്തം കൃഷിയിലും ഗ്രാമീണ സമൂഹത്തിലുംഅസംഖ്യം രൂപങ്ങളില്‍ നുഴഞ്ഞുകയറുന്നുവെന്നതിന്‍െറ വിപുലവും സജീവവുമായ ഉദാഹരണമാണ് ഇന്ത്യ.
3.20 സ്വാതന്ത്ര്യം ലഭിച്ച്‌അഞ്ചുദശകങ്ങള്‍ പിന്നിട്ടിട്ടും ബൂര്‍ഷ്വാ-ഭൂപ്രഭു കാര്‍ഷികനയങ്ങളുടെ ഫലമായി കര്‍ഷക ജനസാമാന്യത്തില്‍ 70 ശതമാനവുംദരിദ്രകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. പ്രത്യക്ഷോല്‍പ്പാദന ആസ്‌തികള്‍ അവര്‍ക്കില്ലാത്തതും തുച്‌ഛമായ വേതനവും പരിതാപകരമായ ജീവിതസാഹചര്യങ്ങളുമാണ് അവരുടെ ദാരിദ്ര്യത്തിന്‍െറ മുഖമുദ്ര. ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യംപോലെ വ്യാപകമായ ദാരിദ്ര്യം മറ്റു ലോകരാജ്യങ്ങളിലൊന്നുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെഗ്രാമീണ ഭാരതത്തിലെ 28.5 കോടിയിലേറെജനങ്ങള്‍, സ്വാതന്ത്ര്യം ലഭിച്ച് അമ്പതുവര്‍ഷംപിന്നിട്ടിട്ടും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ് കഴിയുന്നത്. ദാരിദ്ര്യമെന്നതിനു നിരവധിമാനങ്ങളുണ്ട്. വരുമാനമില്ലായ്‌മയില്‍ അത്‌ഒതുങ്ങുന്നില്ല. ജനസാമാന്യത്തെ സംബന്‌ധിച്ചിടത്തോളം നാനാരൂപങ്ങളിലാണത് പ്രകടമാവുന്നത്. ഗ്രാമീണദരിദ്രര്‍ക്ക് ഭൂമിയോ മറ്റ് ഉല്‍പ്പാദനോപാധികളോ ഒന്നുകില്‍ ലഭ്യമല്ല, അല്ലെങ്കില്‍ വളരെ കുറച്ചുമാത്രമെഉള്ളൂ. ഭൂസ്വത്തിന്‍െറ കേന്ദ്രീകരണവും ഉടമസ്‌ഥതയിലെ അസമത്വവും കാര്യമായ മാറ്റംകൂടാതെ തുടരുകയാണ്. ഇതോടൊപ്പം ജലസേചനത്തിനുള്ള സൗകര്യങ്ങള്‍ വന്‍തോതില്‍ ഗ്രാമീണധനികരുടെ അധീനതയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ന്യായമായ നിരക്കില്‍ വായ്‌പകള്‍ലഭ്യമല്ലാത്തതിനാല്‍ അവര്‍കൊള്ളപ്പലിശയ്‌ക്കുള്ള കടത്തില്‍ ആണ്ടുമുങ്ങിയിരിക്കുകയാണ്. തുച്‌ഛമായകൂലിയും കൂലിയുടെ കാര്യത്തില്‍സ്‌ത്രീകളോടുള്ള വിവേചനവും എടുത്തുപറയേണ്ട സവിശേഷതയാണ്.കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരുവര്‍ഷംശരാശരി 180 ദിവസം പോലും തൊഴില്‍ ലഭിക്കുന്നില്ല. ഗ്രാമീണജനതയില്‍ 50ശതമാനവും പോഷകാഹാരക്കുറവിനുവിധേയരായി കഴിയുന്നു. ഗ്രാമീണ സാക്ഷരതാത്തോത് വളരെ തുച്‌ഛമാണ്. കുടിവെള്ളമോ ആരോഗ്യപരിപാലനസൗകര്യമോ ഇല്ലാത്ത, മോശപ്പെട്ട പാര്‍പ്പിടങ്ങളില്‍ വൃത്തിഹീനമായ പരിതഃസ്‌ഥിതിയിലാണ് ഗ്രാമീണ ദരിദ്രര്‍ജീവിക്കുന്നത്.
3.21 ഭൂപ്രഭുക്കള്‍, ധനികകൃഷിക്കാര്‍,കരാറുകാര്‍, വലിയ വ്യാപാരികള്‍ എന്നിവരുടെ ശക്‌തമായ കൂട്ടുകെട്ട് മിക്കവാറുംനാട്ടിന്‍പുറങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരാണ് ഗ്രാമങ്ങളിലെ ധനികര്‍. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള സംസ്‌ഥാനങ്ങളിലൊഴികെ അവര്‍ പഞ്ചായത്തീരാജ് സ്‌ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും ഗ്രാമീണബാങ്കുകളിലും വായ്‌പാ ഏജന്‍സികളിലും ആധിപത്യം ചെലുത്തുകയും ബൂര്‍ഷ്വാ-ഭൂപ്രഭുകക്ഷികളുടെ ഗ്രാമീണ നേതൃത്വത്തെ നിയന്ത്രിക്കുകയുംചെയ്യുന്നു. ഈ വിഭാഗങ്ങള്‍ പിഴിഞ്ഞെടുക്കുന്ന മിച്ചം ഹുണ്ടിക ഇടപാടുകള്‍ക്കും ഊഹക്കച്ചവടങ്ങള്‍ക്കും വസ്‌തു ഇടപാടുകള്‍ക്കും കാര്‍ഷിക വ്യവസായങ്ങള്‍ സ്‌ഥാപിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ അധീശവര്‍ഗം പിന്തുണ സമാഹരിക്കുന്നതിനായി ജാതിവികാരം ഉപയോഗപ്പെടുത്തുകയും ഗ്രാമങ്ങളിലെ ദരിദ്രരെ ഭയചകിതരാക്കി കീഴ്‌പ്പെടുത്തുന്നതിനായി ഗുണ്ടകളെ നിയോഗിക്കുകയും ചെയ്യുന്നു. ഭൂപ്രഭുക്കളില്‍നിന്നുള്ള എതിര്‍പ്പുകാരണം ഭരണഘടന പ്രാബല്യത്തില്‍വന്ന് അമ്പതുവര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകത്തൊഴിലാളികള്‍ക്ക്‌മിനിമം കൂലിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുചെയ്യുന്ന കേന്ദ്രനിയമം കൊണ്ടുവരാന്‍ ഒരു ഗവണ്‍മെന്‍റിനും സാധിച്ചിട്ടില്ല.
3.22 ഗ്രാമീണ സമ്പദ്‌ഘടന അതിവേഗം വാണിജ്യ വല്‍ക്കരിക്കപ്പെട്ടതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കും കാര്‍ഷിക ചരക്കുകള്‍ക്കുമുള്ള കമ്പോളം വളരെയേറെ വളര്‍ന്നു. കാര്‍ഷികോ ല്‍പ്പന്നങ്ങളുടെ മേല്‍കുത്തക വ്യാപാരസ്‌ഥാപനങ്ങളുടെ പിടിമുറുകി. വികസിത സാങ്കേതികവിദ്യകള്‍അധീനത്തിലാക്കിക്കൊണ്ട് ലോകകമ്പോളത്തില് ഇടപെടുന്ന ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകള്‍ഉ ദാരവല്‍ക്കരണത്തോടെകാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലകളെകൂടുതല്‍ വിപുലമായ തോതിലും നേരിട്ടുംനിയന്ത്രിക്കുന്നു. അസമമായ വിനിമയത്തിലൂടെയും വിലനിലവാരത്തില്‍ഭയങ്കരമായ വ്യതിയാനം വരുത്തിയും കര്‍ഷകരെ തീവ്രമായി ചൂഷണം ചെയ്യുന്നത് പതിവു പരിപാടിയാക്കിയിരിക്കുകയാണ്. തല്‍ഫലമായി കര്‍ഷകന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാരന്‍എന്ന നിലയിലും വ്യവസായ സാമഗ്രികളുടെ ക്രേതാവ്* എന്ന നിലയിലുംകൊള്ളയടിക്കപ്പെടുന്നു.
3.23 ഭരണകൂടത്തിന്‍െറ ആഭിമുഖ്യത്തിലുള്ള മുതലാളിത്ത വികസനം അവസാനിച്ചതിനെ തുടര്‍ന്നുണ്ടായഉദാരവല്‍ക്കരണ നയങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്‍െറ അവസാന ദശകത്തോടെ കാര്‍ഷിക-ഗ്രാമവികസന നയങ്ങളെവിപല്‍ക്കരവും പിന്തിരിപ്പനുമായ വഴിത്തിരിവിലേക്ക് നയിച്ചു. കൃഷിയിലും ജലസേചനത്തിലുംപശ്‌ചാത്തലസൗകര്യമൊരുക്കുന്ന മറ്റു പ്രവര്‍ത്തനങ്ങളിലും പൊതുമുതല്‍മുടക്ക് കുറവുവരുത്തുകയെന്നത് ഈനയങ്ങളില്‍പ്പെടുന്നു. ഔദ്യോഗിക സ്‌ഥാപനങ്ങളില്‍നിന്നുള്ള വായ്‌പാ വിതരണംകുത്തനെ കുറഞ്ഞത് ഗ്രാമീണ ദരിദ്ര കുടുംബങ്ങളെയാണ് അധികവും ദോഷകരമായി ബാധിച്ചത്. ഗ്രാമീണതൊഴില്‍-ദാരിദ്ര്യ നിര്‍മാര്‍ജന പദ്‌ധതികള്‍വെട്ടിക്കുറച്ചു. കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടുള്ള കൃഷിക്ക് നയപരമായ ഊന്നല്‍ നല്‍കപ്പെട്ടത്‌സാമ്രാജ്യത്വ രാജ്യങ്ങളുടെ ആവശ്യങ്ങള്‍നിറവേറ്റുന്ന വിധത്തിലുള്ള ഭൂവിനിയോഗ വിളരീതികളിലേക്കുള്ള മാറ്റത്തിലേക്ക് നയിച്ചു. ഭക്ഷ്യധാന്യോല്‍പ്പാദനത്തിനുള്ള ഊന്നല്‍നീക്കിയതും ഭക്ഷ്യോല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സ്വയം പര്യാപ്‌തത തകര്‍ത്തതും രാജ്യത്തിന്‍െറ പരമാധികാരത്തിന് നേരിട്ടുള്ളഭീഷണിയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കുമേല്‍ ഉണ്ടായിരുന്നഅളവുപരമായ നിയന്ത്രണങ്ങളെല്ലാം ലോകവ്യാപാരസംഘടനാ സംവിധാനമനുസരിച്ച് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഇത്‌കൃഷിക്കാരുടെ ജീവിതത്തെ ഗൗരവതരമായി ഉലച്ചിട്ടുണ്ട്. ഭൂപരിധിനിയമങ്ങള്‍ നേര്‍പ്പിക്കുന്നതിനും വിദേശകാര്‍ഷിക ബിസിനസുകാര്‍ക്കും ഇന്ത്യയിലെ വന്‍കിട ബിസിനസുകാര്‍ക്കും നിലങ്ങള്‍ പാട്ടത്തിനുകൊടുക്കുന്നതിനും സംസ്‌ഥാനങ്ങളുടെമേല്‍ സമ്മര്‍ദം രൂക്ഷമാക്കുകയാണ്. വിത്തുല്‍പ്പാദനം, പാലുല്‍പ്പാദനം മുതലായ കാര്‍ഷികമേഖലകളിലേക്ക് ബഹുരാഷ്‌ട്രകുത്തകകള് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ലോകവ്യാപാര സംഘടനയില്‍നിന്നും ബഹുരാഷ്‌ട്ര കോര്‍പറേഷനുകളില്‍ നിന്നുമുള്ളസമ്മര്‍ദത്തിനു വഴങ്ങി ജൈവവിഭവങ്ങളെസംബന്‌ധിച്ച് ഇന്ത്യക്കുള്ള സ്വാതന്ത്ര്യവുംകര്‍ഷകരുടെയും യഥാര്‍ഥ സസ്യപ്രജനകരുടെയും അവകാശങ്ങളുംഅടിയറവയ്‌ക്കുന്ന നയങ്ങളാണ് പിന്തുടര്‍ന്നുവരുന്നത്. സര്‍ക്കാരിന്‍െറആഭിമുഖ്യത്തിലുള്ള ഗവേഷണ-വികസനസംവിധാനങ്ങള്‍ദുര്‍ബലമാക്കപ്പെട്ടുവരികയാണ്.
3.24 ഭരണകൂടാഭിമുഖ്യത്തില്‍കൃഷിയില്‍ മുതലാളിത്തം വികസിച്ചത്‌ഭൂപ്രഭുക്കള്‍, മുതലാളിത്ത കര്‍ഷകര്‍, ധനികകൃഷിക്കാര്‍ എന്നിവരും അവരുടെസഖ്യകക്ഷികളും ഒരുവശത്തും മുഖ്യമായുംകര്‍ഷകത്തൊഴിലാളികള്‍, ദരിദ്രകര്‍ഷകര്‍,കൈവേലക്കാര്‍ എന്നിവരടങ്ങുന്ന കര്‍ഷക ജനസാമാന്യം മറുവശത്തുമായി കടുത്തചേരിതിരിവിലേക്കു നയിച്ചു. തുടര്‍ന്നുണ്ടായകാര്‍ഷികരംഗത്തെ ഉദാരവല്‍ക്കരണ നയങ്ങ ള്‍ഗ്രാമീണ ദരിദ്രരുടെ ഭാരം വീണ്ടുംവര്‍ധിപ്പിച്ചു. ഈ വിസ്‌ഫോടകാവസ്‌ഥയാണ് വ്യാപകമായ ദാരിദ്ര്യത്തിന് കാരണമായത്.ഭൂസ്വത്തിന്‍െറ കുത്തക തകര്‍ക്കുകയും ദരിദ്രകര്‍ഷകരുടെയുംകര്‍ഷകത്തൊഴിലാളികളുടെയും കടഭാരം അവസാനിപ്പിക്കുകയും ചെയ്യാതെ രാജ്യത്ത്‌സാമ്പത്തികവും സാമൂഹ്യവുമായ പരിവര്‍ത്തനത്തിന് അടിത്തറപാകാനാവില്ല.
3.25 സാമ്രാജ്യത്വപ്രേരിതമായആഗോളവല്‍ക്കരണവും ഇന്ത്യന്‍ഭരണവര്‍ഗങ്ങള്‍ പിന്തുടരുന്ന ഉദാരവല്‍ക്കരണനയങ്ങളും നമ്മുടെ രാജ്യത്തെ എല്ലാ രംഗങ്ങളിലും സാമ്രാജ്യത്വ കടന്നുകയറ്റംമൂര്‍ച്‌ഛിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിന്‍െറ എല്ലാ രംഗങ്ങളിലും കടന്നുകയറാനും സ്വാധീനം ചെലുത്താനുമുള്ള അടിസ്‌ഥാനം സൃഷ്‌ടിച്ചത് ബഹുരാഷ്‌ട്രകോര്‍പ്പറേഷനുകള്‍ക്കും സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനത്തിനും സമ്പദ്‌ഘടന തുറന്നുകൊടുത്തതാണ്. ഉദ്യോഗസ്‌ഥവൃന്ദവും വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളുംസാംസ്‌കാരിക മണ്‌ഡലവും സാമ്രാജ്യത്വനുഴഞ്ഞുകയറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.
3.26 സോഷ്യലിസത്തിനേറ്റതിരിച്ചടിയുടെ ഫലമായി ലോകത്തെ ശാക്‌തികബലാബലത്തില്‍ മാറ്റംസംഭവിച്ചതോടെ മതമൗലികവാദപരവും പിന്തിരിപ്പനും ഗോത്രാധിഷ്‌ഠിതവുമായ സങ്കുചിതവാദത്തിന് ഇന്ത്യയിലും സ്വാധീനം ഉണ്ടായി. തങ്ങളുടെ പിടിയും സ്വാധീനവും ശക്‌തിപ്പെടുത്തുന്നതിനു വേണ്ടി രാജ്യത്തിന്‍െറ ഐക്യം ദുര്‍ബലപ്പെടുത്തുന്നതിനായി ഇത്തരം ശക്‌തികളുടെ വളര്‍ച്ചയില്‍നിന്ന്‌മുതലെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. രാഷ്‌ട്രാതീത കോര്‍പ്പറേഷനുകളുടെ വരുതിയിലുള്ള പ്രബലമായ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വളര്‍ച്ച സാമൂഹ്യവും സാംസ്‌കാരികവുമായജീവിതത്തില്‍ നേരിട്ട് ഇടപെടുന്നതിനുംസ്വാധീനം ചെലുത്തുന്നതിനുംസാമ്രാജ്യത്വത്തിന് അവസരമുണ്ടാക്കുന്നു.രാഷ്‌ട്രാതീത മാധ്യമങ്ങള്‍ഉപഭോഗത്വരയോടുകൂടിയതുംവ്യക്‌തികേന്ദ്രീകൃതവും ജീര്‍ണിച്ചതുമായമൂല്യങ്ങള്‍ വ്യാപിപ്പിച്ച് നമ്മുടെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്നു. വന്‍കിട ബൂര്‍ഷ്വാസിയുടെയും മറ്റ് വാണിജ്യ താല്‍പര്യങ്ങളുടെയും നിയന്ത്രണത്തിലുള്ളഇന്ത്യയിലെ മാധ്യമങ്ങള്‍ ചിട്ടയായി ഇതേമൂല്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആരോഗ്യകരവും ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങളുടെവളര്‍ച്ചയ്‌ക്ക് ഇത്തരം പ്രതിലോമപ്രവണതകളെഎതിരിടേണ്ടത് ആവശ്യമാണ്.
3.27 1950-ല്‍ അംഗീകരിക്കപ്പെട്ട ഇന്ത്യാറിപ്പബ്ലിക്കിന്‍െറ ഭരണഘടന, ഭരണകൂടംപിന്തുടരേണ്ടതായ മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ആ വിഷ്‌കരിക്കുകയുണ്ടായി. താഴെ പറയുന്നവഅതില്‍ ഉള്‍പ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കുന്നതിനുള്ള അവകാശവും, സമ്പത്തിന്‍െറ കേന്ദ്രീകരണത്തിന് ഇടയാക്കാത്തസമ്പദ്‌വ്യവസ്‌ഥ; വിദ്യാഭ്യാസത്തിനുള്ളഅവകാശവും കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്‌ധിതവുമായ വിദ്യാഭ്യാസംലഭ്യമാക്കലും; തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ആവശ്യമായ വേതനവും സ്‌ത്രീ-പുരുഷന്മാര്‍ക്ക്‌തുല്യജോലിക്ക് തുല്യവേതനവും. ഈതത്ത്വങ്ങളൊന്നും പ്രയോഗത്തില്‍സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഭരണഘടനയിലെകാഴ്‌ചപ്പാടും ബൂര്‍ഷ്വാ ഭരണാധികാരികളുടെപ്രയോഗവും തമ്മിലുള്ള സ്‌പഷ്‌ടമായ അന്തരം സ്വാതന്ത്ര്യലബ്‌ധിക്കുശേഷംഅവരോധിക്കപ്പെട്ട ബൂര്‍ഷ്വാ-ഭൂപ്രഭുവ്യവസ്‌ഥക്കെതിരായ നിശിതമായ കുറ്റപത്രമാണ്.
IV വിദേശനയം
4.1. അന്തിമവിശകലനത്തില്‍ ഏതൊരു രാഷ്‌ട്രത്തിന്‍െറയും അവിടത്തെ ഗവണ്‍മെന്‍റിന്‍െറയും വിദേശനയം അതിന്‍െറ ആഭ്യന്തരനയത്തിന്‍െറ പ്രതിഫലനമായിരിക്കും. അത് ബന്‌ധപ്പെട്ട രാഷ്‌ട്രത്തെയും ഗവണ്‍മെന്‍റിനെയും നയിക്കുന്ന വര്‍ഗത്തിന്‍െറ അഥവാ വര്‍ഗങ്ങളുടെ താല്‍പര്യങ്ങളെയാണ് മുഖ്യമായും പ്രതിഫലിപ്പിക്കുക. സാമ്രാജ്യത്വത്തെ എതിര്‍ക്കുകയും അതോടൊപ്പം അവരുമായി സന്‌ധിചെയ്യുകയും കൂട്ടുകൂടുകയുമെന്ന നമ്മുടെ ബൂര്‍ഷ്വാസിയുടെ ദ്വിമുഖസ്വഭാവമാണ് സ്വാഭാവികമായും ഇന്ത്യാഗവണ്‍മെന്‍റിന്‍െറ വിദേശനയം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുദശകങ്ങളിലെ വിദേശനയത്തിന്‍െറ രൂപപരിണാമം മൊത്തത്തില്‍ അവലോകനംചെയ്യുമ്പോള്‍ ഈ ദ്വിമുഖസ്വഭാവം പ്രകടമാകുന്നു. അമ്പതുകളുടെ മധ്യംവരെയുള്ള പ്രാരംഭഘട്ടത്തില്‍ ബ്രിട്ടനെയും മറ്റ് സാമ്രാജ്യത്വശക്‌തികളെയും പ്രീണിപ്പിക്കുകയെന്ന ഭീരുത്വം നിറഞ്ഞ നയമാണ് ഇന്ത്യാഗവണ്‍മെന്‍റ് പിന്തുടര്‍ന്നത്. എങ്കിലും, അമ്പതുകളുടെ മധ്യത്തോടെ ഒരു പുതിയ ദിശാബോധം ഉണ്ടായി. സാമ്രാജ്യത്വ-സോഷ്യലിസ്‌റ്റ് ചേരികളായി തീര്‍ത്തും ഭിന്നിച്ച ഒരു ലോകത്ത് സാമ്രാജ്യത്വസഖ്യത്തില്‍ ചേരാതെ വിട്ടുനില്‍ക്കുന്നതിനുള്ള സാധ്യത വ്യക്‌തമായും തുറന്നുകിട്ടി. ചേരിചേരായ്‌മയ്‌ക്ക് അനുകൂലമായും സൈനികസഖ്യങ്ങള്‍ക്കെതിരായും സമാധാനത്തിനുവേണ്ടിയും കൊളോണിയല്‍ ജനതകളുടെ ദേശീയവിമോചന സമരത്തെ പിന്തുണച്ചുകൊണ്ടും വിദേശനയത്തില്‍ മാറ്റംവന്നു.
4.2. ഈ നയം സോവിയറ്റ്‌യൂണിയനും സോഷ്യലിസ്‌റ്റ് രാജ്യങ്ങളുമായുള്ള സൗഹൃദബന്‌ധങ്ങളില്‍ കൊണ്ടെത്തിച്ചു. എങ്കിലും, 1962-ല്‍ ചൈനയുമായുണ്ടായ അതിര്‍ത്തിസംഘട്ടനത്തോടെ ഇന്ത്യ അമേരിക്കയുടെയും പാശ്‌ചാത്യശക്‌തികളുടെയും സൈനികസഹായം തേടിക്കൊണ്ട് അവരുമായി കൂട്ടുചേരുകയെന്ന ഘട്ടത്തിന് സാക്ഷ്യംവഹിച്ചു. ഈ കാലഘട്ടത്തിനുശേഷം വിദേശനയം ഒരിക്കല്‍ക്കൂടി സാമ്രാജ്യവിരുദ്ധദിശ കൈവരിച്ചു. 1971-ല്‍ ബംഗ്ലാദേശിലെ വിമോചനസമരത്തെ പിന്തുണച്ചതും സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടി ഉണ്ടാക്കിയതും ഒരു പുതിയ ഘട്ടം കുറിച്ചു. ദേശീയ വിമോചനപ്രസ്‌ഥാനങ്ങളെ പിന്തുണച്ചുകൊണ്ടും ലോകസമാധാനത്തിനു വേണ്ടിയും എഴുപതുകളില്‍ സാര്‍വദേശീയരംഗത്ത് ഇന്ത്യ സജീവ പങ്കുവഹിച്ചു.
4.3. വിദേശനയ പരിതഃസ്‌ഥിതിയില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം പ്രകടമായത് കാശ്‌മീര്‍പ്രശ്‌നം സംബന്‌ധിച്ചും തങ്ങളുടെ കരുനീക്കങ്ങളുടെ താവളമായി പാക്കിസ്‌താനെ ഉപയോഗപ്പെടുത്തുന്ന അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയുമായി ബന്‌ധപ്പെട്ടുമാണ്. നവസ്വതന്ത്രരാജ്യങ്ങള്‍ക്കിടയിലെ ഒരു മുന്നണി രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി ചേരിചേരാനയത്തിന്‍െറ മുന്നില്‍നിന്നത് പൊതുവേ രാജ്യതാല്‍പര്യങ്ങള്‍ക്കു അനുഗുണമായിരുന്നു എങ്കിലും, ഭരണവര്‍ഗങ്ങളുടെ വര്‍ഗസ്വഭാവംമൂലം ഈ നയം ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരുന്നു. വിദേശമൂലധനത്തെ അനുകൂലിക്കുന്ന ആഭ്യന്തരനയങ്ങളും സ്വതന്ത്രമായ വിദേശനയവും തമ്മിലുള്ള വൈരുധ്യങ്ങള്‍ എപ്പോഴും നിലനിന്നിരുന്നു.
4.4. സോവിയറ്റ് യൂണിയന്‍ ശിഥിലമാകുകയും ആഭ്യന്തരമായി ഉദാരവല്‍ക്കരണത്തിന്‍െറ സാമ്പത്തികനയങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്‌തതോടെ ഇരുപതാം നൂറ്റാണ്ടിന്‍െറ അവസാനദശകത്തില്‍ വിദേശനയം പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. ദീര്‍ഘകാലമായി കൈക്കൊണ്ട ചേരിചേരാ നിലപാടും സാമ്രാജ്യത്വവിരുദ്ധവിദേശനയവും പിന്നോട്ടടിക്കുന്ന പ്രക്രിയ നരസിംഹറാവു ഗവണ്‍മെന്‍റിന്‍െറ കാലത്ത് ആരംഭിച്ചു. സ്വാശ്രയത്വം കൈവെടിഞ്ഞ് വിദേശമൂലധനത്തിനും ഉദാരവല്‍ക്കരണത്തിനും വഴങ്ങിയത് ഇന്ത്യയുടെമേല്‍ സമ്മര്‍ദംചെലുത്താന്‍ സാമ്രാജ്യത്വത്തിന് കൂടുതല്‍ സഹായമാകുകയും അത് പല വിദേശനയ നിലപാടുകളിലും പ്രകടമാകുകയും ചെയ്‌തു. സൈനികപരിശീലനവും സംയുക്‌ത അഭ്യാസങ്ങളും സംബന്‌ധമായി യു എസ് എയുമായി ഒരു സൈനിക സഹകരണ ഉടമ്പടിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തൊണ്ണൂറുകളില്‍ ഒപ്പുവെച്ചു. 1998-ല്‍ ബി ജെ പി ഗവണ്‍മെന്‍റ് അധികാരത്തിലേറിയതോടെ ഈ സാമ്രാജ്യത്വാനുകൂല പ്രവണത കൂടുതല്‍ കരുത്താര്‍ജിച്ചു. അമേരിക്കയുടെ ഒരു ജൂനിയര്‍ പങ്കാളിയായി മാറുന്ന തരത്തിലുള്ള നയം മുന്നോട്ടുവച്ചുകൊണ്ട് ബി ജെ പി ഭരണകൂടം വിദേശനയത്തില്‍ വമ്പിച്ച വ്യതിയാനം വരുത്തി. അമേരിക്കയുടെ ആഗോളലക്ഷ്യങ്ങള്‍ വകവെച്ചുകൊടുക്കുന്നതിനായി ദീര്‍ഘകാലമായി മുറകെ പിടിച്ചിരുന്ന പല ചേരിചേരാ നിലപാടുകളും അത് ഉപേക്ഷിച്ചിരിക്കുന്നു. ചൈനക്കും റഷ്യക്കും എതിരായി തന്ത്രപരമായ ഒരു സഖ്യത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുക എന്ന ദീര്‍ഘകാല പദ്ധതി അമേരിക്കക്ക് ഉള്ളതിനാല്‍ വിദേശനയത്തിനുള്ള വിപത്ത് ഒരു യാഥാര്‍ഥ്യമാണ്. വന്‍കിട ബൂര്‍ഷ്വാസി രാജ്യത്തെ നയിക്കുകയും സാമ്രാജ്യത്വാനുകൂല സാമ്പത്തികനയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന കാലത്തോളം ഇന്ത്യന്‍ ജനതയുടെ യഥാര്‍ഥ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന, ചേരിചേരായ്‌മയിലും സാമ്രാജ്യത്വവിരുദ്ധതയിലും അധിഷ്‌ഠിതമായ, ചാഞ്ചാട്ടമില്ലാത്ത വിദേശനയം ഉറപ്പുവരുത്താനാവില്ല.
4.5. ഇന്ത്യയുടെ വിദേശ-ആണവനയങ്ങളില്‍ വിപല്‍ക്കരമായ ഒരു പുതിയ ഘട്ടം കുറിക്കുന്നതാണ് 1998 മേയില്‍ പൊഖ്‌റാനില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കുശേഷം അണ്വായുധവല്‍ക്കരണത്തിലേക്ക് നീങ്ങുവാനുള്ള ബി ജെ പി നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റിന്‍െറ തീരുമാനം. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളോട് പാകിസ്‌താന്‍ പ്രതികരിച്ചതോടെ ഉപഭൂഖണ്‌ഡത്തില്‍ അണ്വായുധപന്തയത്തിന്‍െറ പരിത:സ്‌ഥിതി സൃഷ്‌ടിക്കപ്പെട്ടു. സങ്കുചിതദേശീയവികാരം ഇളക്കിവിടുന്ന ആണവനയം ചേരിചേരായ്‌മയുടേതും സമാധാനത്തിന്‍േറതുമായ ചിരകാലനയത്തിന് തുരങ്കംവച്ചിരിക്കുകയാണ്. അത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ നേതൃത്വത്തിലുള്ള സാമ്രാജ്യത്വസമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യയെ കൂടുതല്‍ വശംവദമാക്കിയിരിക്കുന്നു.
4.6. വിദേശനയത്തിലെ സാമ്രാജ്യത്വാനുകൂല ചായ്‌വിനെ പൊരുതി തോല്‍പ്പിക്കുന്നതിനും സാമ്രാജ്യത്വ സമ്മര്‍ദങ്ങളെ അകറ്റുന്നതിനായി വിദേശനയം ചേരിചേരായ്‌മയുടേതായ അടിത്തറയും ദിശാബോധവും നിലനിര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ-ജനാധിപത്യ ശക്‌തികള്‍ വമ്പിച്ച സമരം നടത്തേണ്ടതായുണ്ട്. അത്തരമൊരു നയം മാത്രമേ ലോകകാര്യങ്ങളില്‍ ഇന്ത്യയ്‌ക്ക് സ്വതന്ത്രമായ പങ്ക് നിലനിര്‍ത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനും സഹായകമാവുകയുള്ളൂ.
V ഭരണകൂടഘടനയും ജനാധിപത്യവും
5.1. മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ ഭരണത്തിന്‍െറ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം. നാടിന്‍െറ ജീവിതത്തില്‍ ഭരണകൂടം നിര്‍വഹിക്കുന്ന പങ്കിന്‍െറയും നടത്തുന്ന പ്രവര്‍ത്തനത്തിന്‍െറയും സത്ത അടിസ്‌ഥാനപരമായി നിര്‍ണയിക്കുന്നത് ഈ വര്‍ഗസ്വഭാവമാണ്.
5.2. ഭരണകൂട ഘടന പേരിന് ഫെഡറല്‍ ആണെങ്കിലും അധികാരങ്ങളിലും സമ്പത്തിലും മിക്കതും കേന്ദ്രഗവണ്‍മെന്‍റിന്‍െറ കരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതുവായ ഭാഷയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യത്തെ വന്‍കിട ബൂര്‍ഷ്വാസി ആദ്യം ചെറുത്തുവെങ്കിലും, ബഹുജനപ്രസ്‌ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കടുത്ത സമ്മര്‍ദംമൂലം ഭാഷാസംസ്‌ഥാനങ്ങള്‍ രൂപീകരിക്കുന്നതിനോട് യോജിക്കാന്‍ അത് നിര്‍ബന്‌ധിതമായി. ഭരണപരമായ സൗകര്യത്തിന്‍െറ പേരില്‍ ചെറുസംസ്‌ഥാനങ്ങള്‍ രൂപീകരിക്കുക എന്ന വാദം ഉന്നയിച്ചുകൊണ്ട് ബി ജെ പി നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ഭാഷാ സംസ്‌ഥാനതത്വത്തിനുമേല്‍ പുതിയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു. ഇത് ഫെഡറല്‍ഘടനയെ കൂടുതല്‍ ദുര്‍ബലമാക്കും. തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാനഗവണ്‍മെന്‍റുകളെ സ്‌ഥാനഭ്രഷ്‌ടമാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന നിയമസഭകളെ പിരിച്ചുവിടുന്നതിനുമായി ഭരണഘടനയിലെ 356-ാം അനുച്ഛേദത്തില്‍ അന്തര്‍ലീനമായ ജനാധിപത്യവിരുദ്ധ വ്യവസ്‌ഥകള്‍ കേന്ദ്രം ആവര്‍ത്തിച്ച് ഉപയോഗപ്പെടുത്തിയത്, ഫെഡറല്‍ വ്യവസ്‌ഥയെ അട്ടിമറിക്കുന്നതിനും സംസ്‌ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിനുമേല്‍ കൈയേറ്റം നടത്തുന്നതിനും ഒരു പ്രധാന ആയുധമായി. ഘടകസംസ്‌ഥാനങ്ങള്‍ക്ക് കാര്യമായ അധികാരങ്ങളില്ലാതെ അവയെ കേന്ദ്രഗവണ്‍മെന്‍റിന്‍െറ ആശ്രിതരാക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നു.
5.3. ഇത്തരമൊരു പരിത:സ്‌ഥിതിയില്‍ കേന്ദ്രഗവണ്‍മെന്‍റും സംസ്‌ഥാനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങള്‍ വളര്‍ന്നത് സ്വാഭാവികമാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ കിടപ്പുള്ളത് പലപ്പോഴും ഒരുവശത്ത് വന്‍കിട ബൂര്‍ഷ്വാസിയും മറുവശത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു സംസ്‌ഥാനത്തെ ബൂര്‍ഷ്വാസിയും ഭൂപ്രഭുക്കളും ഉള്‍പ്പെടെ മുഴുവന്‍ ജനതയും തമ്മിലുള്ള ആണ്ടിറങ്ങിയ വൈരുധ്യമാണ്. മുതലാളിത്തത്തിന്‍കീഴില്‍ അസമമായ സാമ്പത്തിക വികാസം രൂക്ഷമാകുന്നതിനാല്‍ ഈ വൈരുധ്യം നിരന്തരം മൂര്‍ച്ഛിക്കുന്നു. ഇതിന്‍െറ ഒരു രാഷ്‌ട്രീയ ബഹിര്‍പ്രകടനമാണ് പ്രാദേശിക രാഷ്‌ട്രീയകക്ഷികളുടെ ആവിര്‍ഭാവം. ഈ സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ ഭാഷാ-ദേശീയ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അവ പൊതുവേ പ്രതിനിധാനം ചെയ്യുന്നത് പ്രാദേശിക ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളെയാണ്.
5.4. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പിന്തുടര്‍ന്ന ബൂര്‍ഷ്വാ-ഭൂപ്രഭുനയങ്ങളാണ് ദേശീയൈക്യത്തിന്‍െറ പ്രശ്‌നങ്ങള്‍ മൂര്‍ഛിപ്പിച്ചത്. അനേകം ന്യൂനപക്ഷ ദേശീയവിഭാഗങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും ആവാസകേന്ദ്രമാണ് രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ മേഖല. മുതലാളിത്ത വികസനം ഊട്ടിവളര്‍ത്തിയ അസമമായ വികസനത്തിന്‍െറയും പ്രാദേശികമായ അസന്തുലനത്തിന്‍െറയും ഫലമായി അത് ഏറ്റവും കൂടുതല്‍ കെടുതികളനുഭവിച്ചിരിക്കുന്നു. വിഭജനവാദം ഉന്നയിക്കുന്ന തീവ്രവാദികളുടെ വളര്‍ച്ചക്ക് ഇത് വളക്കൂറുള്ള മണ്ണൊരുക്കുകയും സാമ്രാജ്യത്വ ഏജന്‍സികള്‍ അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. തീവ്രവാദികളുടെ അക്രമപ്രവര്‍ത്തനങ്ങളും വംശീയസ്‌പര്‍ധയും വികസനയത്‌നത്തിനും ജനാധിപത്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിബന്‌ധം സൃഷ്‌ടിക്കുന്നു.
5.5. ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു-കാശ്‌മീരിന് പ്രത്യേകപദവിയും സ്വയംഭരണാധികാരവും നല്‍കിയിരുന്നു. പിന്നിട്ട ദശകങ്ങളില്‍ സ്വയംഭരണവ്യവസ്‌ഥകള്‍ ഗണ്യമായി വെട്ടിക്കുറക്കപ്പെടുകയും താഴ്‌വരയിലെ ജനത കൂടുതലായി അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്‌തു. പാക്കിസ്‌താന്‍െറ പിന്‍ബലമുള്ള തീവ്രവാദശക്‌തികള്‍ ഇതില്‍നിന്ന് മുതലെടുത്തു. യു എസ് എയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വം ഇന്ത്യയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഈ തര്‍ക്കം ഉപയോഗപ്പെടുത്തുകയും ഈ മേഖലയിലെ ഇടപെടല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദേശീയൈക്യത്തിന്‍േറതായ മര്‍മപ്രധാനപ്രശ്‌നം ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കുന്നതില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളുടെ പരാജയത്തിന്‍െറ ദൃഷ്‌ടാന്തങ്ങളാണ് വടക്കുകിഴക്കന്‍ മേഖലയിലെയും കാശ്‌മീരിലെയും പ്രശ്‌നങ്ങള്‍.
5.6. ഏഴുകോടി വരുന്ന ആദിവാസികളും ഗോത്രവര്‍ഗക്കാരും മൃഗീയമായ മുതലാളിത്ത-അര്‍ധഫ്യൂഡല്‍ ചൂഷണത്തിന്‍െറ ഇരകളാണ്. അവരുടെ ഭൂമി അന്യാധീനപ്പെടുകയും വനത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. കരാറുകാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും കുറഞ്ഞ ചെലവില്‍ പണിയെടുപ്പിക്കാവുന്നവരോ അടിമപ്പണിക്കാരോ ആയി അവര്‍ മാറിയിരിക്കുന്നു. ചില സംസ്‌ഥാനങ്ങളില്‍ ആദിവാസിജനങ്ങള്‍ പ്രത്യേക മേഖലകളായി അധിവസിക്കുന്നു; തനതു ഭാഷയും സംസ്‌കാരവും അവര്‍ക്കുണ്ട്. തങ്ങളുടെ വ്യക്‌തിത്വവും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ട് വികസനത്തിനുള്ള തങ്ങളുടെ അവകാശം പരിരക്ഷിക്കുന്നതിനെ സംബന്‌ധിച്ച് ഗോത്രജനതയുടെ അവബോധം ഉണര്‍ന്നിരിക്കുകയാണ്. അവരുടെ നിലനില്‍പ്പിനുതന്നെയും ഭീഷണി നേരിടുന്നതിനാലും ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണാധികാരികളുടെ ഹൃദയശൂന്യ നയങ്ങളാലും ഗോത്രജനങ്ങളിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനവാദചിന്ത ശക്‌തിപ്പെട്ടിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവര്‍ ഭൂരിപക്ഷം വരുന്ന തൊട്ടുതൊട്ടുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രാദേശിക സ്വയംഭരണാധികാരം നല്‍കുകയെന്നത് ജനാധിപത്യപരവും ന്യായവുമായ ആവശ്യമാണ്. അവരുടെ നേതൃത്വത്തിന് ചില സൗജന്യങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ പരമ്പരാഗത ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ മുതലാളി-ഭൂപ്രഭു കോണ്‍ട്രാക്‌ടര്‍ കൂട്ടുകെട്ട് നിരന്തരം തുനിയുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും മൃഗീയമായ ബലപ്രയോഗത്തിലൂടെ അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.
5.7 ഭരണഘടനയില്‍ മതനിരപേക്ഷതയുടെ തത്ത്വങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്‌ചപ്പാടിനെ അപ്പാടെ അവര്‍ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായും രാഷ്‌ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്‌ട്രീയജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം എന്നാണ് മതനിരപേക്ഷതയുടെ അര്‍ഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയ്‌ക്ക് വിരുദ്ധമായ പ്രവണതകള്‍ക്കെതിരെ അടിയുറച്ചുനിന്ന് പോരാടുന്നതിനുപകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്‌തിപ്പെടുത്തുന്നു. വര്‍ഗീയവും ഫാസിസ്‌റ്റ് സ്വഭാവമുള്ളതുമായ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയര്‍ന്നുവരുകയും കേന്ദ്രത്തില്‍ അധികാരത്തിലേറുകയും ചെയ്‌തതോടെ മതനിരപേക്ഷതയുടെ അടിത്തറയ്‌ക്കുള്ള ഭീഷണി സംഭ്രമജനകമായിട്ടുണ്ട്. ഭരണകൂട സ്‌ഥാപനങ്ങളെയും ഭരണസംവിധാനത്തെയും വിദ്യാഭ്യാസവ്യവസ്‌ഥയെയും മാധ്യമങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടക്കുന്നു. ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ച ന്യൂനപക്ഷവര്‍ഗീയതയുടെ ശക്‌തികള്‍ക്ക് കരുത്തേകുകയും ദേശീയൈക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും. വന്‍കിട ബൂര്‍ഷ്വാസിയിലെ ചില വിഭാഗങ്ങള്‍ ബി ജെ പിക്കും അതിന്‍െറ വര്‍ഗീയവേദിക്കും നല്‍കുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നവയാണ്.
5.8 അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്‌ട്രത്തിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്‌ഥാനമാക്കി ഫാസിസ്‌റ്റ് പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്.
5.9 ഭരണഘടനാവ്യവസ്‌ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്‍െറ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്‌മക ആക്രമണങ്ങളും സ്‌ഥിരമായിരിക്കുകയാണ്. ആര്‍ എസ് എസും അതിന്‍െറ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്‌തവസമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൗലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷവര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്‌ഥാനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്‌തിപ്പെടുത്തുന്നതിനുള്ള സമരത്തിന്‍െറ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ.
5.10 ജാതീയമര്‍ദനം അവസാനിപ്പിക്കുന്നതിലും ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്‌ഥ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാരാണ് ഏറ്റവുമധികം കെടുതികള്‍ അനുഭവിക്കുന്നത്. അയിത്താചരണവും വിവേചനത്തിന്‍െറ മറ്റു രൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതര്‍ അവയ്‌ക്ക് വിധേയരാകുകയാണ്. വിമോചനത്തിനായുള്ള ദളിതരുടെ വളര്‍ന്നുവരുന്ന ബോധത്തെ മൃഗീയമര്‍ദനങ്ങളും അതിക്രമങ്ങളുംകൊണ്ട് നേരിടാനാണ് തുനിയുന്നത്. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്‌ഥാനത്തില്‍ വിഭജിതമായ സമൂഹത്തില്‍ പിന്നോക്ക ജാതിക്കാരും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
5.11 വോട്ട് ബാങ്കുകള്‍ ശക്‌തിപ്പെടുത്തുകയെന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്‌ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്‌ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്‌ഥാനത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയടിസ്‌ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതിനേതാക്കളും ബൂര്‍ഷ്വാ രാഷ്‌ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്‌ഥാനപരമായ വര്‍ഗപ്രശ്‌നങ്ങളെയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തെയും അവര്‍ അവഗണിക്കുന്നു.
5.12 ജാതീയമര്‍ദനത്തിന്‍െറയും വിവേചനത്തിന്‍െറയും പ്രശ്‌നം സുദീര്‍ഘചരിത്രമുള്ളതും പ്രാങ്‌മുതലാളിത്ത സാമൂഹ്യവ്യവസ്‌ഥയില്‍ രൂഢമൂലവുമാണ്. മുതലാളിത്തവികാസത്തിന്‍െറ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതിവ്യവസ്‌ഥയുമായി സന്‌ധിചെയ്യുകയായിരുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസി തന്നെയും ജാതിവിദ്വേഷങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നു. ദളിത് ജനതയില്‍ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ ഭാഗമാണ് എന്നതിനാല്‍ ദളിത് പീഡനത്തിനും ജാതിവ്യവസ്‌ഥക്കുമെതിരായ ഐക്യം തൊഴിലാളിവര്‍ഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്‍െറ സുപ്രധാനഭാഗമാണ് ജാതിവ്യവസ്‌ഥക്ക് അറുതിവരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്‌ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം.
5.13 സ്വാതന്ത്ര്യസമരത്തിലെ തുല്യപങ്കാളികളായ ഇന്ത്യയിലെ സ്‌ത്രീകള്‍ ഇന്ത്യ സ്വതന്ത്രയായതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിംഗപരമായ അടിച്ചമര്‍ത്തലിന്‍െറ ചങ്ങലക്കെട്ടുകളില്‍നിന്ന് മോചനം ലഭിക്കുമെന്ന് ആശിച്ചിരുന്നു. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, അഞ്ചുദശകം പിന്നിട്ട ബൂര്‍ഷ്വാ-ഭൂപ്രഭു വാഴ്‌ചയ്‌ക്ക് കീഴില്‍ ഓരോ രംഗത്തും പുരുഷാധിപത്യം നിലനിര്‍ത്തപ്പെടുകയാണുണ്ടായത്. സ്‌ത്രീകള്‍, തൊഴിലെടുക്കുന്നവര്‍, പൗരര്‍ എന്നീ നിലകളില്‍ വിവിധ തലങ്ങളില്‍ സ്‌ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഉദാരവല്‍ക്കരണ പ്രക്രിയ സാമ്പത്തികവും സാമൂഹ്യവുമായ മണ്‌ഡലങ്ങളില്‍ ലിംഗപരമായ ചൂഷണത്തിന്‍െറ പുതിയ രൂപങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്‌തത്. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുന്നതിലേക്ക് ഇത് നയിച്ചിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹ്യ-രാഷ്‌ട്രീയ ജീവിതത്തില്‍ സ്വതന്ത്രമായ പങ്കും സ്‌ത്രീകളുടെ അഭ്യുന്നതിക്ക് അടിസ്‌ഥാനപരമായ ഉപാധികളാണ്.സാമൂഹ്യ വിമോചനത്തിനായുള്ള പ്രസ്‌ഥാനത്തിന്‍െറ ഭാഗമാണ് അസമമായ ഈ പദവിക്കെതിരായ ചെറുത്തുനില്‍പ്പും സമത്വത്തിനുവേണ്ടിയുള്ള മഹിളാപ്രസ്‌ഥാനവും.
5.14 അമ്പതുവര്‍ഷത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു വാഴ്‌ച ഭരണകൂടാധികാരത്തിന്‍െറ എല്ലാ സ്‌ഥാപനങ്ങളെയും കാര്‍ന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്‍െറ വളര്‍ച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്‌ഥവൃന്ദത്തെ അടിസ്‌ഥാനപ്പെടുത്തിയാണ് ഭരണനിര്‍വഹണരീതി. ജനസാമാന്യത്തില്‍നിന്ന് തീര്‍ത്തും അകന്ന് ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്‌ഥമേധാവികള്‍ മുഖേനയാണ് പരമോന്നത തലത്തില്‍ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്‌ഥവൃന്ദത്തിന്‍െറ വന്‍തോതിലുള്ള വളര്‍ച്ചയും ഭരണവര്‍ഗങ്ങളുമായി അവര്‍ക്കുള്ള ശക്‌തമായ ബന്‌ധങ്ങളും ഉദ്യോഗസ്‌ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും.
5.15 തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്‌ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും, സാരാംശത്തില്‍ നീതിന്യായവ്യവസ്‌ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. നീതിന്യായവ്യവസഥയെ ഭരണനിര്‍വഹണ ഘടനയില്‍നിന്ന് വേര്‍പെടുത്തണമെന്ന ബൂര്‍ഷ്വാ ജനാധിപത്യതത്വംപോലും പൂര്‍ണമായി പാലിക്കപ്പെടാതെ നിര്‍വഹണാധികാരികളുടെ സ്വാധീനത്തിനും നിയന്ത്രണത്തിനും നീതിന്യായവ്യവസ്‌ഥ വശംവദമാകുന്നു. ഭരണഘടനാപ്രകാരം ജനാധിപത്യതത്വങ്ങളും മൗലികാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായങ്ങള്‍ ഭരണവര്‍ഗങ്ങള്‍ അട്ടിമറിച്ചതിന്‍െറ ഉദാഹരണങ്ങള്‍ കാണാം. മറുപടി പറയാന്‍ ജഡ്‌ജിമാര്‍ ബാധ്യസ്‌ഥരാകുന്ന ഫലപ്രദമായ സംവിധാനങ്ങളുടെ അഭാവത്തില്‍ നീതിന്യായവ്യവസ്‌ഥയിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ അഴിമതിയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത് ഈ വ്യവസ്‌ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തുകളയുന്നു.
5.16 സ്വതന്ത്ര ഇന്ത്യയിലെ സായുധസേനയുടെ ഘടനയില്‍ കോളനിവ്യവസ്‌ഥയുടെ പാരമ്പര്യം ഇപ്പോഴും കാണാം. സായുധസേന രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ളതാണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും, ചൂഷിത ജനസാമാന്യത്തിന്‍െറ താല്‍പര്യങ്ങളുമായി തങ്ങളുടെ വര്‍ഗതാല്‍പര്യങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ സായുധസേനയെയും അര്‍ധസൈനിക ശക്‌തികളെയും ഭരണവര്‍ഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കുന്നു. കൃഷിക്കാരില്‍നിന്നും അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും വരുന്ന സൈനികര്‍ക്ക് വളരെ ശ്രമകരമായ ജോലിയാണ് ചെയ്യാനുള്ളത്. ഈ സേനകളിലെ അണികളെ ജനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഭരണവര്‍ഗങ്ങള്‍, അവര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. ജനകീയപ്രസ്‌ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായിട്ടാണ് പൊലീസ് സേനയെ ഉപയോഗപ്പെടുത്തുന്നത്. അവര്‍ രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ക്കും അഴിമതിക്കും ഇരയായിത്തീര്‍ന്നിരിക്കുന്നു. പലസ്‌ഥലങ്ങളിലും അവര്‍, പാവങ്ങള്‍ക്ക് എതിരായി ചൂഷകസംവിധാനത്തിന്‍െറ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
5.17 തൊഴിലാളിവര്‍ഗവും കര്‍ഷകജനസാമാന്യവും ഇടത്തരക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൂര്‍ഷ്വാസിയും അവരുടെ സഖ്യശക്‌തിയായ ഭൂപ്രഭുക്കളും രാജ്യത്തെ വളരെ ചെറിയ ന്യൂനപക്ഷമാണ്. എന്നിട്ടും ഭൂമിയുടെയും മൂലധനത്തിന്‍െറയും ഉല്‍പ്പാദനോപാധികളുടെയും മേല്‍ ഉടമാവകാശം തങ്ങള്‍ക്കായതിനാല്‍ ബൂര്‍ഷ്വാസിയും ഭൂപ്രഭുക്കളും മഹാഭൂരിപക്ഷത്തെ ഭരിക്കുകയും ചൂഷണം ചെയ്യുകയുമാണ്. മുതലാളിത്ത ഭരണകൂടശക്‌തിയും അതിന്‍െറ ഗവണ്‍മെന്‍റുകളും പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്‌ഥയ്‌ക്കനുസരിച്ച് ഭൂരിപക്ഷ വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടവയാണ്. എങ്കില്‍പോലും, അവ രാഷ്‌ട്രീയവും സാമ്പത്തികവുമായ അന്തഃസത്തയുടെ കാര്യത്തില്‍ ന്യൂനപക്ഷ വാഴ്‌ചയെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
5.18 ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍െറ ഭരണഘടന പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് വേണമെന്ന് വ്യവസ്‌ഥചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് ചില മൗലികാവകാശങ്ങള്‍ അനുവദിക്കുന്നുമുണ്ട്. എന്നാല്‍, ഭരണകൂടത്തിന്‍െറ അധികാരകേന്ദ്രങ്ങള്‍ ഈ അവകാശങ്ങളില്‍ പലതിനെയും തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ലംഘിക്കുകപോലും ചെയ്യുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളുടെയും�സമരങ്ങളുടെ കാര്യം വരുമ്പോള്‍, മൗലികാവകാശങ്ങള്‍ അവരെ സംബന്‌ധിച്ചിടത്തോളം ഫലത്തില്‍ ബാധകമല്ലാതായിത്തീരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളെയും മേഖലകളെയും മുഴുവന്‍ മാസങ്ങളോളം അഥവാ വര്‍ഷങ്ങളോളം തന്നെ, നിരോധനാജ്‌ഞക്ക് കീഴിലാക്കിക്കൊണ്ട് സംഘംചേരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളും രാഷ്‌ട്രീയവും സാമ്പത്തികവുമായ തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ അവര്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ കൈക്കൊള്ളുന്ന അക്രമം അതിനിഷ്‌ഠുരമായിത്തീര്‍ന്നിരിക്കുന്നു. വിചാരണകൂടാതെ തടവില്‍ വെക്കുന്നതിന് അധികാരം നല്‍കുന്ന കിരാതനിയമങ്ങള്‍ ഏറെ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അതുപോലെതന്നെ ഭരണഘടനയില്‍ വിഭാവനം ചെയ്‌തിട്ടുള്ള, ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള വകുപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താനായി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കപ്പെടുന്നു. 1975-ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ, ജനാധിപത്യത്തിനു നേര്‍ക്കുള്ള ഏറ്റവും കടുത്ത ഭീഷണിയായിരുന്നു.
5.19 ജനാധിപത്യപ്രസ്‌ഥാനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദത്തിന്‍െറ ഫലമായി പഞ്ചായത്തുകള്‍ക്കും തദ്ദേശഭരണസ്‌ഥാപനങ്ങള്‍ക്കും ഭരണാധികാരം നല്‍കുന്നതിനുള്ള അധികാരവികേന്ദ്രീകരണ നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്‌ധിതമായി. പശ്‌ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്‌ഥാനങ്ങളിലെ ഇടതുപക്ഷനേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകള്‍ ത്രിതലപഞ്ചായത്ത് സംവിധാനത്തിന് അധികാരം കൈമാറാനുള്ള അധികാരവികേന്ദ്രീകരണ നടപടികള്‍ കൈക്കൊണ്ടു. എന്നാല്‍, ഇടതുപക്ഷത്തിന്‍െറ നേതൃത്വത്തിലുള്ള സംസ്‌ഥാനങ്ങളിലൊഴിച്ച് മറ്റൊരിടത്തും ജനാധിപത്യം വിപുലമാക്കുന്നതിനുവേണ്ടി പഞ്ചായത്തീരാജ് സ്‌ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല. മറിച്ച് നാട്ടിന്‍പുറങ്ങളിലെ ഭൂപ്രഭുക്കളുടെയും ഹുണ്ടികക്കാരുടെയും കരാറുകാരുടെയും അധികാരം ശാശ്വതമാക്കാന്‍ വേണ്ടിയാണ് അവ ഉപയോഗിക്കപ്പെടുന്നത്.
5.20 ബൂര്‍ഷ്വാ-ഭൂപ്രഭു വാഴ്‌ചയുടെ ദശാബ്‌ദങ്ങള്‍ ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക വികാസത്തെമുരടിപ്പിച്ചിരിക്കുന്നു. പാരമ്പര്യത്തിന്‍െറയും മതത്തിന്‍െറയും പേരില്‍ വിനാശകരമായ ആചാരങ്ങളും മൂല്യങ്ങളും നിലനിര്‍ത്തപ്പെടുന്നു. ഇവ സ്‌ത്രീകളെയും അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെയും താഴ്‌ത്തിക്കെട്ടുന്നു. സാംസ്‌കാരികപാരമ്പര്യത്തിലെ പുരോഗമനപരവും ആരോഗ്യകരവുമായ വശങ്ങളുടെമേല്‍ വര്‍ഗീയ പ്രത്യയശാസ്‌ത്രങ്ങള്‍ ചെളിവാരിയെറിയുന്നു. ബൂര്‍ഷ്വാസംസ്‌കാരം വിജ്‌ഞാനവിരുദ്ധവും ജാതീയവുമായ മൂല്യങ്ങളെ നിലനിര്‍ത്തുന്നു. ജനങ്ങള്‍ക്ക് സാംസ്‌കാരികോന്നതി നല്‍കുന്നതുപോയിട്ട് സാക്ഷരതപോലും ഉറപ്പുവരുത്തുന്നകാര്യത്തില്‍ ഭരണകൂടം കുറ്റകരമായ അനാസ്‌ഥ പുലര്‍ത്തുന്നു. അച്ചടി മാധ്യമങ്ങളുടെയും റേഡിയോ ടെലിവിഷന്‍ അടങ്ങുന്ന ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും മേല്‍ മേധാവിത്വം വഹിക്കുന്ന ചൂഷകവര്‍ഗങ്ങള്‍, പത്രം നടത്താനും സംഘംചേരാനും പ്രചാരണം നടത്താനുമുള്ള അവകാശങ്ങളും പൂര്‍ണമായും മുതലെടുത്തുകൊണ്ടിരിക്കുകയാണ്. അവയുടെ അതിവിപുലമായ വിഭവങ്ങളുമായി മത്‌സരിക്കാന്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് കഴിയുകയില്ല. അതിനാല്‍ ഔപചാരികമായി എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള ഈ അവകാശങ്ങള്‍ അനുഭവിക്കാന്‍ അവര്‍ അശക്‌തരാണ്.
5.21 സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്‌ക്ക് വഴിവെക്കുകയും ചെയ്‌തിട്ടുള്ള കള്ളപ്പണത്തിന്‍െറ വമ്പിച്ച വളര്‍ച്ചയുടെ പശ്‌ചാത്തലത്തില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തിന്‍െറ ഉപകരണങ്ങളെല്ലാം അധഃപതിച്ചുപോയിരിക്കുന്നു. ഉദാരവല്‍ക്കരണപ്രക്രിയ ഭരണത്തിന്‍െറ ഉന്നതതലങ്ങളില്‍ വന്‍തോതിലുള്ള അഴിമതിക്ക് വഴിവെച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അഴിമതി നിറഞ്ഞ ഒരു ഗൂഢസംഘത്തിന്‍െറ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്‌ഥ ദുഷ്‌പ്രഭുക്കളും പൊതുസ്‌ഥാനങ്ങള്‍ വഹിക്കുന്നവരും ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാരും. ജനാധിപത്യത്തെയും പൗരന്മാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കിത്തീര്‍ക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ നടമാടുന്ന പണാധിപത്യത്തിന്‍െറ അഭൂതപൂര്‍വമായ വളര്‍ച്ച, രാഷ്‌ട്രീയത്തിന്‍െറ ക്രിമിനല്‍വല്‍ക്കരണം, ബൂത്ത് പിടിച്ചടക്കല്‍, തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ തുടങ്ങിയവ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്‌ഥക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു.
5.22 അതെന്തായാലും ജനാധിപത്യത്തിനുവേണ്ടിയും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളില്‍ സാര്‍വത്രിക വോട്ടവകാശം, പാര്‍ലമെണ്ട്, സംസ്‌ഥാന നിയമസഭകള്‍ എന്നിവയെ ആയുധങ്ങളാക്കാന്‍ ജനങ്ങള്‍ക്ക് കഴിയും. ഇന്ത്യയിലെ ഇന്നത്തെ പാര്‍ലമെന്‍ററി വ്യവസ്‌ഥ, ബൂര്‍ഷ്വാസിയുടെ വര്‍ഗഭരണത്തിന്‍െറ ഒരു രൂപമാണെങ്കില്‍തന്നെയും ജനങ്ങളെ സംബന്‌ധിച്ചിടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാര്‍ഗവും അത് ഉള്‍ക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ കാത്തുരക്ഷിക്കാനും ഒരളവുവരെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനും അത് ചില അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.
5.23 അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളില്‍നിന്നും അല്ല പാര്‍ലമെന്ററി വ്യവസ്‌ഥയ്‌ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്‌ഥയെ തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് ജനങ്ങള്‍ പാര്‍ലമെന്‍ററി സ്‌ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാരാ വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്‌ക്കാന്‍ ചൂഷകവര്‍ഗങ്ങള്‍ ഒട്ടും മടിക്കുകയില്ല. തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന ഗവണ്‍മെന്‍റുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ നാമതു കണ്ടതാണ്. ഭരണവര്‍ഗങ്ങള്‍ ഈ ഹീനമാര്‍ഗത്തില്‍ ഏതറ്റംവരെ പോകുമെന്നതിന്‍െറ വ്യക്‌തമായ ദൃഷ്‌ടാന്തങ്ങളായിരുന്നു പശ്‌ചിമബംഗാളിലും ത്രിപുരയിലും അവര്‍ അഴിച്ചുവിട്ട അര്‍ധഫാസിസ്‌റ്റ് ഭീകരവാഴ്‌ചയും, ഭരണഘടനാ വകുപ്പുകളുടെ നഗ്‌നമായ ലംഘനങ്ങളും. പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്‌താവനകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവല്‍ക്കരണത്തെയും സാര്‍വദേശീയ മൂലധനത്തിന്‍െറ വര്‍ധമാനമായ സമ്മര്‍ദത്തെയും തുടര്‍ന്ന് ഇത് കൂടുതല്‍ ശക്‌തമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ താല്‍പര്യാര്‍ഥം അത്തരം ഭീഷണികളില്‍നിന്ന് പാര്‍ലമെന്ററി സ്‌ഥാപനങ്ങളെയും ജനാധിപത്യ സ്‌ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്‌ഥാപനങ്ങളെ പാര്‍ലമെന്‍േറതര പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.
VI ജനകീയ ജനാധിപത്യവും അതിന്‍െറ പരിപാടിയും
6.1 ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണത്തിന്‍കീഴിലെ പിന്നോക്കാവസ്‌ഥ, ദാരിദ്ര്യം, പട്ടിണി എന്നിവയില്‍നിന്ന് മോചനം ലഭിക്കുമെന്ന് ജനങ്ങള്‍ക്ക് ആശിക്കാന്‍പോലും വഴിയില്ലെന്നാണ് അനുഭവങ്ങള്‍ കാണിച്ചുതരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തുടര്‍ച്ചയായി വന്‍കിട ബൂര്‍ഷ്വാസി ഭരണകൂടാധികാരത്തിലാണ്. ഒരുവശത്ത് ജനസാമാന്യത്തിന്‍െറ ചെലവിലും മറുവശത്ത് സാമ്രാജ്യത്വവുമായും വന്‍കിട ഭൂപ്രഭുത്വവുമായും സന്‌ധിചെയ്‌തും വിലപേശിക്കൊണ്ടും തങ്ങളുടെ വര്‍ഗത്തിന്‍െറ പദവിയെ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ അവര്‍ ഭരണകൂടാധികാരത്തെ ഉപയോഗിച്ചുവരികയുമാണ്. ഉയര്‍ന്നുവരുന്ന ബൂര്‍ഷ്വാസിയാല്‍ തകര്‍ക്കപ്പെട്ട പ്രാങ് മുതലാളിത്ത സമൂഹത്തിന്‍െറ ചാരത്തിന്മേലാണ് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്തം വളര്‍ന്നുവന്നതെങ്കില്‍, അതിനുവിരുദ്ധമായി ഇന്ത്യയില്‍ പ്രാങ് മുതലാളിത്ത സമൂഹത്തിനുമേല്‍ മുതലാളിത്തം അടിച്ചേല്‍പ്പിക്കപ്പെടുകയാണുണ്ടായത്. മുതലാളിത്തത്തിന്‍െറ സ്വതന്ത്രമായ വികാസത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധികളില്‍ ഒന്നാണ് പ്രാങ് മുതലാളിത്തത്തെ തകര്‍ക്കുകയെന്നത്. എന്നാല്‍, തങ്ങളുടെ വാഴ്‌ചക്കാലത്ത് ബ്രിട്ടീഷ് കോളനി ഭരണാധികാരികളോ സ്വാതന്ത്ര്യത്തിനുശേഷം ഭരണം ഏറ്റെടുത്ത ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയുണ്ടായില്ല. അതിനാല്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹം കുത്തക മൂലധനമേധാവിത്വവും ജാതി-മത-ഗോത്ര സ്‌ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷസംയോഗമാണ്. അതിനാല്‍ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കുന്നതിനും സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന് പശ്‌ചാത്തലമൊരുക്കുന്നതിനും വേണ്ടി, പ്രാങ് മുതലാളിത്ത സമൂഹത്തെ തകര്‍ക്കുന്നതില്‍ താല്‍പര്യമുള്ള എല്ലാ പുരോഗമനശക്‌തികളെയും ഒന്നിപ്പിക്കുകയും വിപ്ലവശക്‌തികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് തൊഴിലാളിവര്‍ഗത്തിന്‍െറയും അതിന്‍െറ പാര്‍ടിയുടെയും കടമയായിത്തീര്‍ന്നിരിക്കുന്നു.
6.2 സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്‍െറയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്‍റിന്‍െറയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്‌തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ഥ സോഷ്യലിസ്‌റ്റ് സമൂഹം സ്‌ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ, സാമ്പത്തിക വികസനത്തിന്‍െറ നിലവാരവും തൊഴിലാളിവര്‍ഗത്തിന്‍െറയും അതിന്‍െറ സംഘടനയുടെയും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) , ജനങ്ങളുടെ മുമ്പില്‍വെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്:
ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്‌തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍ ജനകീയജനാധിപത്യം സ്‌ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്‌ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്‍െറ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്‍െറ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ട് മാത്രമേ കഴിയൂ.
ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ് നിര്‍വഹിക്കുന്ന
കടമകളും പരിപാടികളും ഇവയാണ്
6.3 ഭരണകൂട ഘടനയുടെ മേഖലയില്‍: രാജ്യത്ത് അധിവസിക്കുന്ന വിവിധ ദേശീയ ജനവിഭാഗങ്ങളുടെ യഥാര്‍ഥ സമത്വത്തിന്‍െറയും സ്വയംഭരണാവകാശത്തിന്‍െറയും അടിസ്‌ഥാനത്തില്‍ ഇന്ത്യന്‍ യൂണിയന്‍െറ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും വേണ്ടിയും താഴെപറയുന്ന വിധത്തില്‍ ഫെഡറല്‍ ജനാധിപത്യ ഭരണകൂടഘടന വളര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയും ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്) പ്രവര്‍ത്തിക്കുന്നു.
ശ. ജനങ്ങളാണ് പരമാധികാരികള്‍: ഭരണകൂടാധികാരത്തിന്‍െറ എല്ലാ ഉപകരണങ്ങളും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ടവയായിരിക്കും. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറയും ആനുപാതിക പ്രാതിനിധ്യതത്ത്വത്തിന്‍െറയും അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരും തിരിച്ചു വിളിക്കപ്പെടാവുന്നവരുമായ ജനപ്രതിനിധികളായിരിക്കും ഭരണകൂടാധികാരങ്ങള്‍ പ്രയോഗിക്കുന്ന പരമാധികാരികള്‍. അഖിലേന്ത്യാ കേന്ദ്രത്തില്‍ രണ്ടു സഭകളുണ്ടായിരിക്കും. ജനസഭയും സംസ്‌ഥാനങ്ങളുടെ സഭയും.
ശശ. ഇന്ത്യന്‍ യൂണിയനിലെ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും തുല്യമായ അധികാരങ്ങളും യഥാര്‍ഥമായ സ്വയം ഭരണാധികാരവും ഉണ്ടായിരിക്കും. ഗോത്രവര്‍ഗമേഖലകള്‍ക്കോ അഥവാ ജനസംഖ്യയില്‍ നിയതമായ വംശീയചേരുവയുള്ളതും സവിശേഷ സാമൂഹ്യ-സാംസ്‌കാരിക പരിതഃസ്‌ഥിതികളാല്‍ വ്യതിരിക്‌തമായിട്ടുള്ളതുമായ മേഖലകള്‍ക്കോ അതതു സംസ്‌ഥാനങ്ങള്‍ക്കുള്ളില്‍ പ്രാദേശിക സ്വയംഭരണാധികാരം ഉണ്ടായിരിക്കുന്നതും അവയുടെ വികസനത്തിന് പൂര്‍ണമായ സഹായം ലഭിക്കുന്നതുമാണ്.
ശശശ. സംസ്‌ഥാനതലത്തില്‍ ഉപരിസഭകള്‍ ഉണ്ടായിരിക്കുന്നതല്ല. സംസ്‌ഥാനങ്ങള്‍ക്ക്, മുകളില്‍നിന്ന് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാരും ഉണ്ടായിരിക്കുന്നതല്ല. അതത് സംസ്‌ഥാനങ്ങളുടെയോ പ്രാദേശികാധികാര സമിതികളുടെയോ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലായിരിക്കും എല്ലാ ഭരണസര്‍വീസുകളും. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും സംസ്‌ഥാനങ്ങള്‍ ഒരേവിധത്തില്‍ പരിഗണിക്കുന്നതാണ്. ജാതിയുടെയോ മതത്തിന്‍െറയോ ലിംഗത്തിന്‍െറയോ സമുദായത്തിന്‍െറയോ ദേശീയതയുടെയോ അടിസ്‌ഥാനത്തിലുള്ള യാതൊരു വിവേചനവും ഉണ്ടായിരിക്കുന്നതല്ല.
ശ്. പാര്‍ലമെണ്ടിലും കേന്ദ്രഭരണത്തിലും എല്ലാ ദേശീയഭാഷകള്‍ക്കും തുല്യത ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടേതായ ദേശീയഭാഷയില്‍ സംസാരിക്കാനുള്ള അവകാശം എല്ലാ പാര്‍ലമെണ്ട് അംഗങ്ങള്‍ക്കും ഉണ്ടായിരിക്കുന്നതാണ്. മറ്റ് എല്ലാ ഭാഷകളിലും തല്‍സമയ തര്‍ജുമ ലഭ്യമാക്കുന്നതുമാണ്. ഗവണ്‍മെന്‍റിന്‍െറ എല്ലാ കല്‍പ്പനകളും നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും എല്ലാ ദേശീയഭാഷകളിലും ലഭ്യമാക്കുന്നതാണ്. ഏക ഔദ്യോഗികഭാഷ എന& |