പോലീസ് നയം
ഇന്ത്യക്കാരെ ബലപ്രയോഗത്തിലൂടെ മര്യാദക്കാരാക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പോലീസ് സംവിധാനം സ്വതന്ത്ര ഇന്ത്യയിലേയ്‌ക്ക് രൂപ പരിണാമം വരുത്തി സ്വീകരിച്ചപ്പോള്‍ പഴയ കൊളോണിയല്‍ പോലീസിന്റെ ഒട്ടേറെ അവശിഷ്‌ടങ്ങള്‍ അതില്‍ തങ്ങിനിന്നു. നീതിബോധം, മനുഷ്യാവകാശ സംരക്ഷണം, സേവന തല്‍പ്പരത, സാമൂഹ്യ പ്രതിബദ്ധത, ശാസ്‌ത്രീയമായ അന്വേഷണ രീതികള്‍, പെരുമാറ്റ മര്യാദ തുടങ്ങിയവയൊന്നും ബ്രിട്ടീഷ് പോലീസില്‍ നിന്ന് പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഏറിയും കുറഞ്ഞും ഈ ദൗര്‍ബല്യങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസിലും നിലനില്‍ക്കുകയാണ്.
ഒരു സേന എന്നതിനേക്കാള്‍ സേവനവിഭാഗം എന്ന കാഴ്‌ചപ്പാടോടെ പ്രവര്‍ത്തിയെടുക്കുന്ന പോലീസ് ജനാധിപത്യ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും പൊതുജീവിത ക്രമം കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണെന്ന നിഗമനത്തിനാണ് ഇന്ന് പിന്തുണയുള്ളത്.
ജനാധിപത്യ ഭരണ ക്രമത്തിന് യോജിച്ച പോലീസ് സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത് ഇടതുപക്ഷ നേതൃത്തത്തിലുള്ള സര്‍ക്കാരുകളാണ്. 1957-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്യത്തിലുള്ള സര്‍ക്കാര്‍ പോലീസിന്റെ സ്വഭാവവും പ്രവര്‍ത്തന രീതിയും സമഗ്ര പരിഷ്‌കരണത്തിന് വിധേയമാക്കണമെന്ന് തീരുമാനിച്ചു. പോലീസ് തൊഴില്‍ സമരങ്ങളില്‍ ഇടപെടേണ്ടതി
ല്ലെന്നുള്ള തീരുമാനം ഈ രംഗത്ത് സുപ്രധാന കാല്‍വെയ്‌പായിരുന്നു. സുപ്രീംകോടതി അഭിഭാഷകനായ എന്‍. സി. ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ പോലീസ് പരിഷ്‌കരണത്തക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റി വളരെ ആധികാരികവും സമഗ്രവുമായ ഒരു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുപ്രസിദ്ധമായ വിമോചന സമരത്തെ തുടര്‍ന്ന് ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിനാല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിഞ്ഞില്ല. പോലീസിനെ ഒരു സേവന വിഭാഗമായി പരിഗണിച്ച ആദ്യറിപ്പോര്‍ട്ടായിരുന്നു ഇത്. ആംഡ് പോലീസ് ക്യാമ്പുകളുടെ പരിസരത്തുള്ള ജനങ്ങള്‍ക്ക് അവയിലെ അംഗങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനം നടത്തണമെന്ന എന്‍.സി.ചാറ്റര്‍ജിയുടെ നിര്‍ദ്ദേശം കമ്മറ്റിയുടെ വീക്ഷണം എന്തായിരുന്നു എന്നമതിന് ഉത്തമ ഉദാഹരണമാണ്.
പോലീസ് സംവിധാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് ഒന്നാം കേരള സര്‍ക്കാര്‍ വഹിച്ചത്. തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ പ്രദേശങ്ങളില്‍ വിഘടിച്ചു നിന്നിരുന്ന പോലീസ് സംവിധാനത്തെ ഏകീകരിച്ചതു തന്നെ ഇതില്‍ പ്രധാനം. കേരള പോലീസില്‍ അന്ന് 11,312 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ഇതിന്റെ നാലിരട്ടിയാണ് അംഗസംഖ്യ. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ഇ.എം.എസ് തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പോലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും 1957-ലെ സര്‍ക്കാര്‍ തുടക്കമിട്ടു. പോലീസുദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പോലീസ് വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചു. ഫോറന്‍സിക് ലാബ്, കണ്‍ട്രോള്‍ റൂം, വയര്‍ലെസ് ഘടിപ്പിച്ച വാഹനങ്ങള്‍, കൊണ്ടു നടക്കാവുന്ന വയര്‍ലെസ് സെറ്റുകള്‍ തുടങ്ങി നാം ഇന്ന് പോലീസില്‍ കാണുന്ന പല പ്രധാന കാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ഇ.എം.എസ് സര്‍ക്കാരിന്റേതായിരുന്നു.
പിന്നീടു വന്ന ഇടതുമുന്നണി സര്‍ക്കാരുകളെല്ലാം പിന്‍തുടര്‍ന്ന പോലീസ് നയവും വ്യത്യസ്‌തമായിരുന്നില്ല. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുകയാണ് ഓരോ പോലീസുദ്യോഗസ്ഥന്റെയും ധര്‍മ്മമെന്നുള്ള കാഴ്‌ചപ്പാട് പോലീസുദ്യോഗസ്ഥരില്‍ വളര്‍ത്തി. പോലീസുകാരും പരിഗണനയര്‍ഹിക്കുന്ന വിഭാഗമാണെന്ന തിരിച്ചറിവോടെ ഒട്ടനവധി ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തി. പോലീസുകാരുടെ ഡേ ഓഫ് അലവന്‍സ് 50 ശതമാനത്തിലധികമായി വര്‍ദ്ധിപ്പിച്ചതും ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കുള്ള സഹായധനം ഒന്നരലക്ഷമായി വര്‍ദ്ധിപ്പിച്ചതും ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരുകളാണ്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ക്രൈം സ്‌റ്റോപ്പര്‍, റാപ്പിഡ് ആക്ഷന്‍, പട്രോളിംഗ് സിസ്റ്റം, ഹൈവേ പട്രോള്‍ തുടങ്ങിയവ ആരംഭിച്ചതും മറ്റാരുമല്ല. വര്‍ഗ്ഗീയ കലാപങ്ങളും വന്‍ ലഹളകളുമില്ലാതെ സംസ്ഥാനത്തെ പൊതുജീവിതം സുരക്ഷിതമാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞത് കാര്യക്ഷമവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് അവസരം നല്‍കിയതു മൂലമാണ്.
ദേശീയ തലത്തില്‍ രൂപീകൃതമായ ധര്‍മ്മവീരകമ്മീഷനാണ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ ടി.കെ രാമകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പോലീസുദ്യോഗസ്ഥരുടെ സംഘടനകള്‍ നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്.
പോലീസിനെ ജനങ്ങളുടെ സുഹൃത്തും സഹായിയുമാക്കി മാറ്റാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരന്നു. ജനമൈത്രിസുരക്ഷാപദ്ധതി എന്ന പേരില്‍ സംസ്ഥാനത്ത് നടക്കുന്ന കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി ജനകീയ പോലീസെന്ന ആശയത്തിന്റെ സമൂര്‍ത്ത രൂപമാണ്. ആദ്യഘട്ടത്തില്‍ 20 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശത്താണ് ജനമൈത്രി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
1977-ലെ ധര്‍മ്മവീര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 41-ാം അധ്യായം പോലീസ് പൊതുജനബന്ധത്തെക്കുറിച്ചുള്ളതാണ്. പോലീസ് ജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന നിര്‍ദ്ദേശം പഴയതാണെങ്കിലും ഇത് സംബന്ധിച്ച സമൂര്‍ത്ത നടപടികള്‍ ഒന്നും ഉണ്ടായില്ല. പോലീസ് പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ കേരളം നിയോഗിച്ച ജ. കെ.റ്റി. തോമസ് കമ്മീഷനാണ് കമ്മ്യൂണിറ്റി പോലീസിംഗ് എന്ന ആശയം അവതരിപ്പിച്ചത്. ഇന്ത്യയ്‌ക്കാകെ മാതൃകയാകും വിധത്തിലാണ് നാം ഇപ്പോള്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കനുസരിച്ച് ഇത് നീങ്ങുന്നതായാണ് മനസ്സിലാകുന്നത്. ജനങ്ങളുമായി ചേര്‍ന്നുള്ള രാത്രികാലപട്രോളിംഗ് ഒരളവുവരെ മോഷണങ്ങള്‍ കുറയ്‌ക്കാന്‍ സഹായിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെയും അപരിചിതരുടെയും സമ്പൂര്‍ണ്ണ വിവര ശേഖരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ബ്ലഡ്‌ഗ്രൂപ്പ് നിര്‍ണ്ണയം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജനമൈത്രി സമിതികള്‍ നടത്തുന്നുണ്ട്. വിളിപ്പുറത്ത് പോലീസുണ്ടെന്നും അവര്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നുമുള്ള തോന്നല്‍ ജനങ്ങളിലുണ്ടാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ട്.
ആത്മീയതയുടെ മറവില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി അവരെ അഴിക്കുള്ളിലാക്കാന്‍ ധീരമായ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാരാണിത്. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളം ആര്‍ജിച്ചെടുത്ത മൂല്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കി അന്ധവിശ്വാസത്തിന്റെയും ക്രിമിനല്‍ വല്‍ക്കരണത്തിന്റെയും കുരുക്കിലേയ്‌ക്ക് സംസ്ഥാനത്തെ വലിച്ചെറിയാനുള്ള ആസൂത്രിത പദ്ധതികളാണ് ഇതുമൂലം അട്ടിമറിക്കപ്പെട്ടത്. വന്‍ സാമ്പത്തിക ക്രമക്കേടുകളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വെളിച്ചത്തു കൊണ്ടുവരാനും ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.
രണ്ടുവര്‍ഷം മുമ്പ് വരെ കേരളത്തെ കൈപ്പടിയിലൊതുക്കിയിരുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് കൈക്കൊണ്ടത്. ഇതിനായി സുശക്തമായ ഒരു നിയമം തന്നെ കൊണ്ടുവന്നു. ബ്ലേഡ്, മണല്‍, വാടകപ്പിരിവ്, സീഡി, പരിസ്ഥിതി വിധ്വംസകര്‍ തുടങ്ങിയ മാഫിയകളെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. (മുന്‍ സര്‍ക്കാര്‍ രാഷ്‌ടീയ എതിരാളികളെ തകര്‍ക്കാനും തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ ഒതുക്കാനും രൂപം നല്‍കിയ ഗുണ്ടാ നിയമത്തില്‍ നിന്ന് തികച്ചും വ്യത്യസ്‌തവും പഴുതുകള്‍ അടച്ചുകൊണ്ടുള്ളതുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭയില്‍ അവതരിപ്പിച്ച പുതിയ നിയമം). ഈ നിയമം നടപ്പക്കുന്നതിന് ജ. കെ.കെ.ദിനേശന്‍ അദ്ധ്യക്ഷനായി ഉപദേശക സമിതി രൂപീകരിച്ചു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമ പ്രകാരം നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
പോലീസ് സേനയെ നവീകരിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുമായി സമഗ്രമായ നിയമഭേദഗതി വരുത്തി. 1960 കളില്‍ രൂപപ്പെട്ട ഒരു നിയമമാണ് ഇന്നും ഇവിടെ ഉണ്ടായിരുന്നത്. ഈ നിയമമാകട്ടെ പഴയ ബ്രിട്ടീഷ് നിയമത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാത്തതാണുതാനും. ഈ പശ്ചാത്തലത്തിലാണ് കേരളം പുതിയ പോലീസ് നിയമം കൊണ്ടുവരുന്നത്. കാലഹരണപ്പെട്ട പോലീസ് നിയമത്തിന്റെ പരിമിതികള്‍ ഇപ്പോഴത്തെ നിയമഭോദഗതിയോടെ ഇല്ലാതായി. പുതിയ നിയമ ഭേദഗതിയിലൂടെ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേര്‍തിരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കി. പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിക്കുന്നതോടെ ഇതു കൂടുതല്‍ വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. പോലീസുദ്യോഗസ്ഥരുടെ സേവനകാലം നിജപ്പെടുത്തി പ്രതിപക്ഷനേതാവിനെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച സംസ്ഥാന സുരക്ഷാ കൗണ്‍സില്‍ സര്‍ക്കാരിന്റെ ഉന്നത ജനാധിപത്യബോധത്തിന് ഉത്തമ നിദര്‍ശനമാണ്. പോലീസിനെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുവാന്‍ കംപ്ലെയിന്റ്‌സ് അതോറിറ്റി രൂപീകരിച്ചു.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ കമ്പ്യുട്ടര്‍വത്‌കരിക്കുന്നതിന് സമഗ്രപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി കുറ്റാന്വേഷണം ശാസ്‌ത്രീയമാക്കുന്നതിന് ഡിഎന്‍എ, ഫിംഗര്‍ പ്രിന്റ് ,പോളിഗ്രാഫ്, സ്‌പെക്‌ട്രോസ്‌കോപ്പ്, ക്രോമാറ്റോഗ്രാഫ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് ഫോറന്‍സിക്ക് ലാബ് ശക്തിപ്പെടുത്തി. രാജ്യവ്യാപകമായിത്തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചുവരുന്നു. സങ്കീര്‍ണമായ നിരവധികേസുകള്‍ക്ക് തുമ്പുണ്ടാക്കി രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രമായി നമ്മുടെ ഹൈടെക് ക്രൈം സെല്‍ മാറി. 55 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്ത് സൈബര്‍ ഫോറന്‍സിക്ക് ഡിവിഷനും ആരംഭിച്ചു. ഇതെല്ലാം പരിഗണിച്ച് മൂന്നുകോടിരൂപാ ചെലവില്‍ ദേശീയനിലവാരമുള്ള സൈബര്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ കേന്ദ്രസഹായം വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
പോലീസുകാര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന തൃശൂരിലെ കേരളാ പോലീസ് അക്കാദമിയെ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. പുതിയതായി മൂവായിരത്തിലധികം പേരെ പോലീസ്സേനയിലേക്ക് റിക്രൂട്ട് ചെയ്‌തു. ഒഴിവുകള്‍ കാലതാമസം കൂടാതെ നികത്താന്‍ നടപടിയെടുത്തു. നിലവില്‍ പോലീസില്‍ ഒരൊഴിവുണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്‌ത് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് 9 മാസത്തെ പരിശീലനം നല്‍കി സേവനത്തിന് നിയോഗിക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി വര്‍ഷാന്ത്യത്തിലുള്ള ഒഴിവുകള്‍ കണക്കാക്കി മുന്‍കൂര്‍ പി.എസ്.സിയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കി.
പോലീസ് സേനാംഗങ്ങളുടെ ക്ഷേമത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന സര്‍ക്കാരാണിത്. കോണ്‍സ്റ്റബിള്‍മാരായി സര്‍വ്വീസില്‍ കയറുന്നവര്‍ ദശാബ്‌ദങ്ങളുടെ സേവനത്തിന് ശേഷവും അതേ റാങ്കില്‍ തന്നെ വിരമിക്കുന്ന സ്ഥിതി മാറ്റി. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍മാരായും 23 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ക്ക് എസ്.ഐമാരായും ഗ്രേഡ് നല്‍കി ഈ ദുസ്ഥിതി പരിഹരിച്ചു. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റൈഫിള്‍ മാറ്റി റിവോള്‍വര്‍ നല്‍കി. പോലീസുകാരുടെ ഡ്യൂട്ടിസമയം 8 മണിക്കൂര്‍ ആക്കി നിജപ്പെടുത്തി. 17 സ്റ്റേഷനുകളില്‍ ഇത് നടപ്പാക്കി. കൂടുതല്‍ സ്റ്റേഷനുകളിലേയ്‌ക്ക് വ്യാപിപ്പിച്ചു വരുന്നു. പോലീസുകാരുടെ പരാതികള്‍ പരിഹരിക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കോണ്‍സ്റ്റബിള്‍മാര്‍ക്കും ഓഫിസര്‍മാര്‍ക്കും പുതിയ ക്വോര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിച്ചുനല്‍കി. ചുരുക്കത്തില്‍ കേരളത്തിലെ പോലീസ് സംവിധാനം ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കരണത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്.
|