കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
15-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്
മാനിഫെസ്റ്റോ-2009
ഭാഗം-1
രാജ്യത്തിന്‍െറ രാഷ്‌ട്രീയ ജീവിതത്തില്‍ അതിപ്രധാന സംഭവമാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍. ഇപ്പോള്‍ 15-ാമത്തെ പ്രാവശ്യമാണ് ഒരു പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറെടുക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത് വര്‍ഷവും പാര്‍ലമെന്‍റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ട് ഇന്ത്യന്‍ ജനത ജനാധിപത്യ സംവിധാനത്തിനു ജീവന്‍ പകര്‍ന്നിരിക്കുകയാണ്. എന്നിട്ടും ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കപ്പെടാതെ തുടരുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സമ്പന്നര്‍ `വികസന'ത്തിന്‍െറ ഗുണഫലങ്ങള്‍ കൊയ്യുകയാണ്. അതേസമയം മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദാരിദ്ര്യത്തിലും അധികം അധികം അകപ്പെട്ടിരിക്കുന്നു.
അഭൂതപൂര്‍വമായ ആഗോള സാമ്പത്തിക പ്രതിസന്‌ധിയുടെ ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിലുകളും ജീവിതമാര്‍ഗങ്ങും അപകടത്തിലായിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക പുരോഗതിയും സാമൂഹികക്ഷേമവും അനിശ്‌ചിതത്വത്തിലായിരിക്കുകയാണ്.
വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് ആറുവര്‍ഷക്കാലം രാജ്യംഭരിച്ച ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കൂട്ടുകെട്ടിനെ 2004 മെയ്‌മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിച്ചു. ബിജെപിയെയും വര്‍ഗീയശക്‌തികളെയും അധികാരത്തില്‍നിന്നു അകറ്റിനിര്‍ത്താന്‍ സിപിഐ (എം) പ്രതിജ്‌ഞാബദ്ധമായിരുന്നു. അതുപ്രകാരം, കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നതിനുവേണ്ടി സിപിഐ (എം)ഉം ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് പിന്തുണ നല്‍കി. യുപിഎ സര്‍ക്കാര്‍ അവരുടെ തന്നെ പൊതുമിനിമം പരിപാടി നടപ്പിലാക്കുമെന്ന ധാരണയുടെ അടിസ്‌ഥാനത്തിലാണ് അവര്‍ക്ക് പിന്തുണ നല്‍കിയത്.
പൊതുമിനിമം പരിപാടിയില്‍ നല്‍കിയിരുന്ന ജനക്ഷേമകരമായ വാഗ്‌ദാനങ്ങള്‍ യുപിഎ സര്‍ക്കാര്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സിപിഐ (എം)ഉം ഇടതുപക്ഷ പാര്‍ടികളും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഇടതുപക്ഷത്തിന്‍െറ നിരന്തരമായ സമ്മര്‍ദ്ദത്തിന്‍െറ ഫലമായി മാത്രമാണ് ഗ്രാമീണ തൊഴിലുറപ്പ് നിയമവും ഗോത്രവര്‍ഗങ്ങള്‍ക്കുള്ള വനാവകാശബില്ലും പോലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കുപോലും അവര്‍ തയ്യാറായത്. സിഎംപിയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുന്നതിനായി കൃഷിക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതല്‍ തുക വകയിരുത്താന്‍ സിപിഐ (എം) നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വര്‍ഗീയശക്‌തികളെ തകര്‍ക്കാനും മതേതര മൂല്യങ്ങള്‍ ശക്‌തിപ്പെടുത്താനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സിപിഐ (എം) ശക്‌തിയായി ആവശ്യപ്പെട്ടു; ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരണമെന്ന് സിപിഐ (എം) ഊന്നിപ്പറഞ്ഞിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിഎംപിയിലെ ധാരണകളില്‍ ഉറച്ചുനില്‍ക്കാന്‍ സന്നദ്ധമായില്ല. ജനവിരുദ്ധ നവലിബറല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നതിലായിരുന്നു അവര്‍ക്ക് താല്‍പര്യം. സ്വതന്ത്ര വിദേശനയം പിന്തുടരുമെന്ന വാഗ്‌ദാനവും അവര്‍ ലംഘിച്ചു.
അവയുടെ ഫലങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍െറ 5 വര്‍ഷത്തെ ഭരണം സമൂഹത്തിലെ വേര്‍തിരിവ് വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കി. സമ്പന്നര്‍ അതിസമ്പന്നരായി മാറിയപ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്ന സ്‌ഥിതിയിലായി.
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തലതിരിഞ്ഞ വളര്‍ച്ചയാണ് സൃഷ്‌ടിച്ചത്; അതേ തുടര്‍ന്ന് കാര്‍ഷിക പ്രതിസന്‌ധി, വിലക്കയറ്റം, തൊഴിലില്ലായ്‌മ, വേതനം വെട്ടിക്കുറയ്‌ക്കല്‍ എന്നിവയെല്ലാം രൂക്ഷമായി.
വര്‍ഗീയശക്‌തികള്‍ തങ്ങളുടെ വിഘടനപരവും അക്രമാസക്‌തവുമായ നടപടികള്‍ തുടര്‍ന്നു. ഇതിനു സമാന്തരമായി ഭീകരാക്രമണങ്ങളും ഈ നാട്ടില്‍ വ്യാപകമായി.
അസമമായ ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ഒപ്പിട്ടുകൊണ്ട് അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേര്‍പ്പെടുകയും അങ്ങനെ നമ്മുടെ സ്വതന്ത്ര വിദേശനയത്തെ തകര്‍ക്കുകയും ചെയ്‌ത മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തങ്ങളുടെതന്നെ പൊതുമിനിമം പരിപാടിയെ വഞ്ചിച്ചിരിക്കുകയാണ്.
നവലിബറല്‍ നയങ്ങളുമായും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവുമായും മുന്നോട്ടുപോകാന്‍ ദൃഢനിശ്‌ചയംചെയ്‌ത ന്യൂനപക്ഷസര്‍ക്കാര്‍ പാര്‍ലമെന്‍റിനെത്തന്നെ അവഹേളിക്കുകയും ജനാധിപത്യ നടപടിക്രമങ്ങളോടുള്ള അവരുടെ അവജ്‌ഞ വെളിപ്പെടുത്തുകയും ചെയ്‌തു.
കൈക്കൂലിയോടും അഴിമതിയോടുമുള്ള പൊരുത്തപ്പെടലും പൊതുസ്‌ഥാപനങ്ങളെ ദുരുപയോഗംചെയ്യലും നിലനില്‍പിനായി എന്തുംചെയ്യാന്‍ മടിക്കാത്ത ഈ ഭരണസംവിധാനത്തിന്‍െറ മുഖമുദ്രയായി മാറി.
സാധാരണ ജനങ്ങളുടെ (ആം ആദ്‌മി) പേരില്‍ പ്രകടിപ്പിക്കപ്പെട്ട എല്ലാ ഉത്‌കണ്‌ഠകള്‍ക്കും ഉപരിയായി, അതിസമ്പന്നരെ തടിച്ചുകൊഴുപ്പിക്കുന്നതിനായാണ് യുപിഎ സര്‍ക്കാര്‍ രാപകല്‍ ഭേദമെന്യെ പ്രവര്‍ത്തിച്ചത്. 2008 വരെയുള്ള തുടര്‍ച്ചയായ നാലുവര്‍ഷവും 8.6% വളര്‍ച്ച കൈവരിച്ചുവെന്ന് സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നു. ഈ വളര്‍ച്ചയുടെ അര്‍ത്ഥം എന്താണ്? 2007 വരെ ലോകത്തില്‍ ശതകോടീശ്വരന്മാരുടെ വളര്‍ച്ചാനിരക്കില്‍ ഇന്ത്യ മുന്‍നിരയിലായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളില്‍ 4 പേരും ഇന്ത്യക്കാരാണ്.
സമ്പന്നമായ പ്രകൃതി വിഭവങ്ങളും വിദഗ്‌ധരായ മനുഷ്യശേഷിയും ശാസ്‌ത്ര സാങ്കേതികശേഷിയുമുള്ള രാജ്യമാണ് നമ്മുടേത്. എന്നിട്ടും, വേട്ടക്കാരെ പോലെ മുരത്ത മുതലാളിത്തം നമ്മെ ലോകത്തിലെ ഏറ്റവും മോശപ്പെട്ട മാനവ വികസന സൂചികകളുള്ള സമൂഹമായി അധ:പതിപ്പിച്ചിരിക്കുകയാണ്.
- 23 കോടി ആളുകള്‍ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നു.
- ഇന്ത്യയിലെ സ്‌ത്രീകളില്‍ പകുതിയില്‍ ഏറെപ്പേരും വിളര്‍ച്ച ബാധിതരാണ്.
- മൂന്നു വയസ്സില്‍ താഴെ പ്രായമുള്ള 40% കുട്ടികളും ഭാരക്കുറവ് ഉള്ളവരാണ്.
- 2,19,000 പാര്‍പ്പിടങ്ങളും കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തവയാണ്.
- 39 ശതമാനം പ്രായപൂര്‍ത്തിയായ ആളുകളും നിരക്ഷരരാണ്.
- 77% ആളുകളും പ്രതിദിനം 20 രൂപയില്‍ താഴെ മാത്രം ചെലവഴിച്ച് ജീവിക്കുന്നവരാണ്.
- സംഘടിത വ്യവസായ മേഖലയിലെ കൂലിയുടെ വിഹിതം ലോകത്തില്‍ ഏറ്റവും
കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
കോണ്‍ഗ്രസ്-യുപിഎ സംവിധാനത്തിനു കീഴില്‍:
- കാര്‍ഷിക പ്രതിസന്‌ധി തുടരുന്നു. കര്‍ഷകരുടെ ആത്‌മഹത്യകള്‍ അവസാനിച്ചില്ല.
- പൊതുവിതരണ സമ്പ്രദായം പിന്നെയും ദുര്‍ബലമായി. വലിയൊരു വിഭാഗം ദരിദ്രരെ ബിപിഎല്‍ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. 52% കര്‍ഷകത്തൊഴിലാളി കുടുംബങ്ങളും പൊതുവിതരണ സംവിധാനത്തിന് പുറത്താണ്. എപിഎല്‍ വിഭാഗത്തിനുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു.
ഭക്ഷ്യനയം നിര്‍ദയവും മനുഷ്യപ്പറ്റില്ലാത്തതുമാണ്. മൂന്നുകോടി ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. എന്നാല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചത് പുന:സ്‌ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.
വിലക്കയറ്റം
എല്ലാ അവശ്യസാധനങ്ങള്‍ക്കും നിരന്തരമായി വില വര്‍ദ്ധിക്കുന്നതുകൊണ്ട് ജനങ്ങള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. നാണയപ്പെരുപ്പനിരക്ക് നാല് ശതമാനത്തിലും താഴ്‌ന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭക്ഷ്യസാധനങ്ങളുടെ വിലകള്‍ 10 ശതമാനത്തിലും മേലെയായി വര്‍ദ്ധിച്ചത് തുടരുകതന്നെയാണ്. ക്രൂഡ് ഓയിലിന്‍െറ അന്താരാഷ്‌ട്ര വില ബാരല്‍ ഒന്നിന് 40 ഡോളറിലേക്ക് താഴ്‌ന്നപ്പോള്‍, 2008 സെപ്‌തംബറിനും 2009 ഫെബ്രുവരിക്കുമിടയില്‍ സ്വകാര്യ എയര്‍ലൈനുകളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വ്യോമയാന ഇന്‌ധനത്തിന്‍െറ വില പതിനൊന്ന് പ്രാവശ്യം കുറച്ചു. എന്നാല്‍, ഈ കാലത്തിനിടയില്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വില രണ്ടുതവണ മാത്രമേ കുറച്ചുള്ളൂ; പാചകവാതക വിലയാകട്ടെ കുറച്ചത് ഒരു തവണ മാത്രവും. വിലവര്‍ദ്ധനവ് തടയാനും നാണയപ്പെരുപ്പത്തിന്‍െറ കെടുതികളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കാനും കഴിയാത്തതാണ്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ ഏറ്റവും വലിയ വീഴ്‌ചകളില്‍ ഒന്ന്.
മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യനും വിദേശിയുമായ വന്‍കിട ബിസിനസുകാര്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായ നയങ്ങളെയാണ് പ്രോത്‌സാഹിപ്പിക്കുന്നത്. ഈ താല്‍പര്യക്കാരെ സഹായിക്കുന്ന വിധത്തിലാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ (SEZ)ക്ക് രൂപം നല്‍കിയിരിക്കുന്നത്. അവര്‍ക്ക് വലിയതോതില്‍ ഭൂമി കയ്യടക്കാനും നികുതി ഇളവുകളുടെ അക്ഷയഖനിതന്നെ അവര്‍ക്കുമുന്നില്‍ തുറന്നുകൊടുക്കാനും സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നു. ഓഹരിവിപണിയിലെ കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് പുന:സ്‌ഥാപിക്കാനും മൗറീഷ്യസ് റൂട്ടിലൂടെ വന്‍തോതില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയാനും സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഇന്ത്യക്കാരും വിദേശികളുമായ ഊഹക്കച്ചവടക്കാരെ കൊള്ളലാഭമടിക്കാന്‍ സഹായിക്കുന്നതിനുവേണ്ടി മാത്രമാണ്. ചില്ലറ വ്യാപാരരംഗത്ത് വിദേശ പ്രത്യക്ഷ മൂലധനം (എഫ്‌ഡിഐ) പിന്‍വാതിലിലൂടെ കടന്നുവരുന്നത് ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും ജീവിതമാര്‍ഗം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യ-വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണമാണ് നടക്കുന്നത്. അങ്ങനെ സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ അന്യമാക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തും എഫ്‌ഡിഐ അനുവദിച്ചതും റിയല്‍ എസ്‌റ്റേറ്റ് ഊഹക്കച്ചവടത്തെ പ്രോത്‌സാഹിപ്പിച്ചതും വന്‍തോതില്‍ ഭൂമി തട്ടിയെടുക്കുന്നതിനും നഗരപ്രദേശങ്ങളിലും അതിനു ചുറ്റുപാടും ഭൂമിയുടെ വില കുതിച്ചുയരുന്നതിനും ഇടവരുത്തി. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മാന്യമായ ഒരു വീട് സ്വന്തമാക്കുന്നത് ഇത് അസാധ്യമാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിരവധി പശ്‌ചാത്തല വികസന പദ്ധതികളില്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തെ പ്രോത്‌സാഹിപ്പിക്കുകയാണ്; അതില്‍ ചെലവെല്ലാം വഹിക്കുന്നത് പൊതുമേഖലയും ലാഭം കൊയ്‌തെടുക്കുന്നത് സ്വകാര്യ പങ്കാളികളുമാണ്. സത്യം-മായ്‌ത്യാസ് വെട്ടിപ്പില്‍പെട്ട് ഇപ്പോള്‍ കുഴപ്പത്തില്‍ അകപ്പെട്ട ഹൈദരാബാദ് മെട്രോ ഇതിന്‍െറ ഉത്തമോദാഹരണങ്ങളില്‍ ഒന്നാണ്.
തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ വെട്ടിക്കുറയ്‌ക്കുകയാണ്. ഇപിഎഫ് പലിശനിരക്ക് 8.5 ശതമാനമായി വെട്ടിക്കുറച്ചു. തൊഴിലവസരങ്ങളുടെ കരാര്‍വല്‍ക്കരണത്തെയും ദിവസക്കൂലി വല്‍ക്കരണത്തെയും സര്‍ക്കാര്‍ പ്രോത്‌സാഹിപ്പിക്കുകയാണ്. അസംഘടിത മേഖലയിലെ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മിഷന്‍െറയും തൊഴില്‍വകുപ്പുമായി ബന്‌ധപ്പെട്ട സ്‌റ്റാന്‍റിംഗ്‌കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ അവഗണിച്ചുകൊണ്ട്, സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഒരു നിയമം അംഗീകരിച്ചു. അത് അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തെയും അവകാശങ്ങളെയും പരിഹാസ്യമാക്കിയിരിക്കുകയാണ്.
നിയമസഭകളിലും പാര്‍ലമെന്‍റിലും മൂന്നിലൊന്ന് സ്‌ഥാനങ്ങള്‍ സ്‌ത്രീകള്‍ക്കായി സംവരണംചെയ്യുമെന്ന പൊതുമിനിമം പരിപാടിയിലെ വാഗ്‌ദാനം നടപ്പിലാക്കാതെ സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുകയാണ്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ടിയെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആശ്രയിച്ചത് വനിതാ സംവരണബില്ലിന്‍െറ കഥകഴിച്ചു.
ന്യൂനപക്ഷങ്ങളുടെ പദവി സംബന്‌ധിച്ച ജസ്‌റ്റിസ് സച്ചാര്‍കമ്മിറ്റിയുടെ മുഖ്യ ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ വീഴ്‌ചവരുത്തി. മുസ്ലിം ന്യൂനപക്ഷത്തിനായി ഒരു ഉപ പദ്ധതിക്ക് രൂപംനല്‍കണമെന്ന സുപ്രധാന നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ കഴിഞ്ഞ ആറുമാസക്കാലത്തെ ഭരണത്തിനിടയ്‌ക്ക്, ആഗോള സാമ്പത്തിക പ്രതിസന്‌ധിയുടെ പ്രതികൂല പ്രത്യാഘാതങ്ങളെ രാജ്യം നേരിട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍െറ പ്രതികരണം അപര്യാപ്‌തവും തെറ്റായതുമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന ഉത്തേജക പാക്കേജുകള്‍ മൊത്തത്തില്‍ അപര്യാപ്‌തമായിരുന്നു; മാത്രമല്ല അത് വന്‍കിട കോര്‍പ്പറേറ്റുകളെ രക്ഷപ്പെടുത്തുന്നതിനുവേണ്ട നികുതി ഇളവുകള്‍ അനുവദിക്കുന്നതിന് ലക്ഷ്യമാക്കിയതുമാണ്. ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കിയതുപോലും ലേ ഓഫില്‍നിന്നും പിരിച്ചുവിടലില്‍നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഉപാധികളോടെ ആയിരുന്നില്ല. വില തകര്‍ച്ചയില്‍നിന്നും ഇറക്കുമതി മത്‌സരത്തില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിന് ഇതേവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വിദേശങ്ങളില്‍ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ ദുരിതങ്ങളെ കേന്ദ്രസര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്; ഉത്തേജക പാക്കേജില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. ഈ പ്രതിസന്‌ധിയില്‍നിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു മാര്‍ഗം ചോദനവും പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്‌ടിക്കുന്നതിലൂടെ മാത്രമാണ്. ഇതിന്, തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്ന മേഖലകളില്‍ (ഗ്രാമവികസനം, കൃഷി, സാമൂഹികക്ഷേമ മേഖല, പശ്‌ചാത്തല വികസന മേഖല എന്നിവയില്‍), വന്‍തോതില്‍ പൊതുനിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ഇത് ഏറ്റെടുക്കുന്നതിന് തന്നെയാണ് സര്‍ക്കാര്‍ വിസമ്മതിക്കുന്നത്.
ഇന്ന് ലോകവ്യാപകമായിത്തന്നെ നവലിബറല്‍ നയ ചട്ടക്കൂട് അവമതിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോഴും നവലിബറല്‍ മന്ത്രങ്ങളില്‍ വാശിയോടെ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. പ്രതിസന്‌ധി പ്രകടമായിക്കഴിഞ്ഞ ശേഷവും സര്‍ക്കാര്‍പാര്‍ടിസിപ്പേറ്ററി നോട്ടിനുണ്ടായിരുന്ന ചില നിയന്ത്രണങ്ങള്‍പോലും നീക്കിയും സമസ്‌തമേഖലകളിലും പിന്‍വാതിലിലൂടെ വിദേശമൂലധനത്തിന് കടന്നുവരാന്‍ അവസരമൊരുക്കത്തക്കവിധം എഫ്‌ഡിഐ മാര്‍ഗരേഖകള്‍ പുതുക്കിയും വീണ്ടും ധനമൂലധനത്തിന്‍െറ കടന്നുവരവിനെ ഉദാരവല്‍ക്കരിച്ചു.
വര്‍ഗീയവിപത്ത്
ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ടും അവരുടെ നിരവധി ഘടകസംഘടനകളും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി വ്യാപകമായി വര്‍ഗീയ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ഈ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം, മധ്യപ്രദേശിലും രാജസ്‌ഥാനിലും ഛത്തീസ്‌ഗഢിലും ഗുജറാത്തിലും കര്‍ണാടകത്തിലും മഹാരാഷ്‌ട്രയിലും ആന്‌ധ്രാപ്രദേശിലും ഉത്തര്‍പ്രദേശിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഒറീസയിലെ കന്‌ധമല്‍ ജില്ല ക്രിസ്‌ത്യാനികള്‍ക്കെതിരായ ഏറ്റവും രൂക്ഷമായ ആക്രമണത്തിന് സാക്ഷ്യംവഹിച്ചു; അവിടെ പള്ളികളും പാര്‍പ്പിടങ്ങളും ചുട്ടെരിക്കപ്പെട്ടു; കന്യാസ്‌ത്രീകളും പുരോഹിതന്മാരും വന്‍തോതില്‍ ആക്രമിക്കപ്പെട്ടു. കര്‍ണാടകത്തില്‍ ബിജെപി ഭരണത്തില്‍ എത്തിയതിനെതുടര്‍ന്ന് മാംഗ്ലൂരും ദാവണ്‍ഗരെയിലും മറ്റു പ്രദേശങ്ങളിലും ക്രിസ്‌ത്യാനികള്‍ പൈശാചികമായി ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം മധ്യപ്രദേശിലെയും രാജസ്‌ഥാനിലെയും കര്‍ണാടകത്തിലെയും ബിജെപി സര്‍ക്കാരുകള്‍ പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയായവരെ അറസ്‌റ്റുചെയ്യുകയാണുണ്ടായത്.
നരേന്ദ്രമോഡിക്കുകീഴിലെ ഗുജറാത്തിലും കര്‍ണാടകത്തിലും ബിജെപി ഭരണത്തിലുള്ള മറ്റു സംസ്‌ഥാനങ്ങളിലുമെല്ലാം കലാകാരന്മാരെ വിരട്ടുകയും ഭയപ്പെടുത്തുകയുമാണ്; സാംസ്‌കാരിക പരിപാടികള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുംനേരെ ആക്രമണം അഴിച്ചുവിടുകയാണ്; എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണ്. മംഗ്ലൂരിലും മറ്റു പ്രദേശങ്ങളിലും ഹിന്ദുത്വഗുണ്ടകള്‍ യുവതികള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ അവരുടെ ഫാസിസ്‌റ്റു മനോഭാവത്തിന്‍െറ ലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
എല്ലാവിധത്തിലുമുള്ള വര്‍ഗീയതയ്‌ക്കും അവയുടെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ ബിജെപിക്കെതിരായ 2004ലെ ജനവിധിയെ ഉപയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ വര്‍ഗീയശക്‌തികളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ദൃഢവും വിട്ടുവീഴ്‌ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ഭീകരമായി ആക്രമിക്കപ്പെടുകയുമാണ്. കന്‌ധമാലിലും രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലും നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ബജ്‌രംഗദളിനെപ്പോലെയുള്ള സംഘടനകള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കണമായിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല.
ഭീകരത
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 2005 ഒക്‌ടോബറിലെ ഡല്‍ഹി ബോംബ്‌സ്‌ഫോടന പരമ്പരകളില്‍നിന്ന് തുടങ്ങി രാജ്യം ഭീകരാക്രമണങ്ങളുടെ ഒരു നിരതന്നെ നേരിട്ടു. ഭീകരതയുടെ പ്രശ്‌നത്തെ ശരിയായവിധത്തില്‍ കൈകാര്യംചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. രഹസ്യാന്വേഷണവിഭാഗത്തെ സര്‍ക്കാര്‍ പുനരുജ്‌ജീവിപ്പിക്കണമായിരുന്നു. രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം ഉറപ്പുവരുത്തേണ്ടതുമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലെയും സുരക്ഷാ സംവിധാനങ്ങളിലെയും അപാകതകളിലേക്ക് സര്‍ക്കാരിന്‍െറ ശ്രദ്ധക്ഷണിക്കാന്‍ ഭീകരമായ മുംബൈ ആക്രമണങ്ങള്‍ ആവശ്യമായി വന്നു. ഭീകരതയെ നേരിടുന്നതിന്‍െറപേരില്‍ പൊലീസും സുരക്ഷാ ഏജന്‍സികളും നിരപരാധികളായ മുസ്ലിം യുവാക്കളെ വിവേചനരഹിതമായി നിരീക്ഷണത്തില്‍പെടുത്തുകയും അവരെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത ഒട്ടനവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു സമുദായത്തെ ലക്ഷ്യംവെച്ചുള്ള ഇത്തരം നടപടികള്‍ യുവാക്കളെ അന്യവല്‍ക്കരിക്കുന്നതിനും ഭീകരതയുടെ വിളനിലം ഒരുക്കുന്നതിനും മാത്രമെ ഉപകരിക്കു.
ഇന്ത്യയില്‍ ഭീകരതയ്‌ക്ക് വ്യത്യസ്‌തമായ സ്രോതസ്സുകളാണുള്ളത്. മുസ്ലിം സമുദായത്തില്‍നിന്നുള്ള ചില തീവ്രവാദി വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകരാക്രമണങ്ങളുണ്ട്. അടുത്തകാലത്തായി മഹാരാഷ്‌ട്രയിലെ മാലേഗാവിലും മറ്റു ചില സ്‌ഥലങ്ങളിലും നടന്ന ഭീകരാക്രമണങ്ങളിലെ കുറ്റവാളികള്‍ തീവ്രഹിന്ദുത്വ ദ്വിഭാഗങ്ങളായിരുന്നു. വടക്കുകിഴക്കന്‍ പ്രദേശത്ത് ഉള്‍ഫയും മറ്റു സങ്കുചിത വംശീയ ഗ്രൂപ്പുകളുമാണ് ഭീകരാക്രമണങ്ങള്‍ നടത്തുന്നത്.
ഭീകരവാദ ശൃംഖലകളെയും ഭീകരവിഭാഗങ്ങളെയും കൈകാര്യംചെയ്യുന്നതിന്, അവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് നോക്കാതെ, കര്‍ക്കശമായ നടപടി സ്വീകരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് സിപിഐ (എം)നുള്ളത്. പാകിസ്‌ഥാനില്‍ കേന്ദ്രീകരിച്ചുവരുന്ന ഭീകരാക്രമണങ്ങളെ സംബന്‌ധിച്ചിടത്തോളം തീവ്രവാദ-ഭീകരസംഘടനകള്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ പാകിസ്‌ഥാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദംചെലുത്തുന്നതിന് ഇന്ത്യ അന്താരാഷ്‌ട്ര അഭിപ്രായം സ്വരൂപിക്കണം.
മാവോയിസ്‌റ്റ് അക്രമം
ചില സംസ്‌ഥാനങ്ങളില്‍ സ്വയം പ്രഖ്യാപിത മാവോയിസ്‌റ്റുകള്‍ വിവേചനരഹിതമായ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത് വിപ്ലവ പ്രവര്‍ത്തനമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തോക്കിന്‍െറ പ്രയോഗം അല്ലാതെ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനവും നടത്താത്ത മാവോയിസ്‌റ്റുകള്‍ തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇത്തരം ഭീകരാക്രമണങ്ങളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമായിരിക്കുമ്പോള്‍തന്നെ, അരാജകവാദികളായ ഈ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനായി ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള പിന്നോക്കാവസ്‌ഥയിലുള്ള ഉള്‍പ്രദേശങ്ങളുടെ സാമൂഹിക - സാമ്പത്തിക വികസനത്തിനുവേണ്ട പരിപാടികള്‍ നടപ്പിലാക്കുന്നതിനും തുല്യ പ്രാധാന്യം നല്‍കേണ്ടതാണ്.
പ്രാദേശിക സങ്കുചിതവാദത്തെ അമര്‍ച്ചചെയ്യുക
പ്രാദേശിക സങ്കുചിതവാദത്തിന്‍െറ വളര്‍ച്ചയും മുംബൈയില്‍ എംഎന്‍എസിനെപ്പോലെയുള്ള (മഹാരാഷ്‌ട്ര നവ നിര്‍മാണ്‍സേന) പാര്‍ടികള്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള ജനങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളും ശക്‌തമായ പ്രതികരണം അനിവാര്യമാക്കിയിരിക്കുകയാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്‌ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അക്രമങ്ങള്‍ക്ക് അറുതിവരുത്താനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കാനും വേണ്ട രാഷ്‌ട്രീയ ഇച്‌ഛാശക്‌തി പ്രകടിപ്പിക്കുന്നില്ല. മറ്റു പ്രദേശങ്ങളിലെയും സമുദായങ്ങളിലെയും ജനങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രാദേശികവും വംശീയവുമായ സങ്കുചിതവാദത്തിന്‍െറ എല്ലാ രൂപങ്ങളെയും സിപിഐ (എം) ശക്‌തമായി എതിര്‍ക്കുന്നു.
ഫെഡറലിസത്തിന്‍െറ ലംഘനം
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്‌ഥാനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുകയാണ്; സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും വിഭവങ്ങളും പകര്‍ന്നു നല്‍കാനുള്ള നടപടികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയുമാണ്. പൊതുമിനിമം പരിപാടിയില്‍ വാഗ്‌ദാനം നല്‍കിയിരുന്നെങ്കിലും സംസ്‌ഥാനങ്ങളുടെ കടബാധ്യത ഗണ്യമായി കുറയ്‌ക്കുന്നതിനോ സംസ്‌ഥാനങ്ങള്‍ക്ക് വീതംവെച്ച് നല്‍കാനുള്ള നികുതി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനോ തയ്യാറായില്ല.
അന്തര്‍സംസ്‌ഥാന കൗണ്‍സില്‍ പ്രവര്‍ത്തിപ്പിക്കുകയോ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്‌ഥാനങ്ങള്‍ക്ക് കൈമാറുകയോ ചെയ്‌തില്ല. 13-ാം ധനകമ്മീഷന്‍െറയും കേന്ദ്ര-സംസ്‌ഥാന ബന്‌ധങ്ങള്‍ സംബന്‌ധിച്ച കമ്മീഷന്‍െറയും പരിഗണനാവിഷയങ്ങള്‍ക്ക് രൂപംനല്‍കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൊതുമിനിമം പരിപാടി നഗ്‌നമായി ലംഘിക്കുകയാണുണ്ടായത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ പക്ഷപാതപരമായ ആവശ്യങ്ങള്‍ക്കായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നതിന് ശ്രമിക്കുകയാണ്. 2006 ഡിസംബറില്‍ ഉത്തരപ്രദേശ് സംസ്‌ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നടത്തിയ നീക്കം, കേന്ദ്രത്തില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ് പാര്‍ടി 356-ാം വകുപ്പ് ദുരുപയോഗിക്കുന്നത് കഴിഞ്ഞകാല സംഭവം മാത്രമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
കോണ്‍ഗ്രസിനോ ബിജെപിക്കോ ഫെഡറല്‍ തത്വങ്ങളെ സംരക്ഷിക്കാനാവില്ല. നമ്മുടെ സംവിധാനത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഫെഡറല്‍ തത്വങ്ങള്‍ കാത്തുരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്.
അഴിമതി
2008 ജൂലൈയിലെ വിശ്വാസപ്രമേയത്തില്‍ വിജയിക്കുന്നതിന് പ്രതിപക്ഷത്തുനിന്ന് കൂറുമാറ്റം പ്രോത്‌സാഹിപ്പിക്കുന്നതിനും അംഗങ്ങളെ വിലയ്‌ക്കെടുക്കുന്നതിനും വലിയതോതില്‍ പണവും ഭീഷണിയും കൈക്കൂലിയും ഉപയോഗിച്ച ഭരണസഖ്യം പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനത്തെത്തന്നെ മലീമസമാക്കിയിരിക്കുകയാണ്. മുമ്പ് 1993ല്‍ അവിശ്വാസപ്രമേയം നേരിട്ട നരസിംഹറാവു സര്‍ക്കാര്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതിനെ കൂടുതല്‍ ഉയര്‍ന്ന മാനങ്ങളില്‍ എത്തിച്ചു.
2008 ജൂലൈയിലെ പ്രത്യേക സമ്മേളനത്തെ ഡിസംബര്‍ അവസാനംവരെ നീട്ടിക്കൊണ്ടുപോകുകയും ശീതകാല സമ്മേളനം ഒഴിവാക്കുകയും ചെയ്‌ത സര്‍ക്കാര്‍, പാര്‍ലമെന്‍റിനോട് കടുത്ത അവജ്‌ഞയാണ് പ്രകടിപ്പിച്ചത്. അങ്ങനെ, 2008ല്‍ പാര്‍ലമെന്‍റ് ചേര്‍ന്നത് വെറും 46 ദിവസമായി ചുരുക്കി. പൊതു സ്‌ഥാപനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും ദുരുപയോഗവും ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി.
വമ്പിച്ച ഒരു ടെലികോം അഴിമതി യുപിഎ സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടപ്പെട്ട കമ്പനികള്‍ക്ക് അവര്‍ 2 ജി ലൈസന്‍സുകള്‍ വിറ്റു. ഈ കമ്പനികള്‍ തുടര്‍ന്ന് തങ്ങളുടെ ഓഹരികള്‍ വമ്പിച്ച ലാഭത്തില്‍ വിറ്റഴിച്ചു. ഈ പ്രക്രിയയില്‍, ഖജനാവിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. ഈ വമ്പന്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ സന്നദ്ധമായില്ല.
മുരത്ത മുതലാളിത്തം അഴിമതി സ്‌ഥാപനവല്‍ക്കരിക്കുന്നതിലേക്ക് നയിക്കുന്നതെങ്ങനെയെന്നതിന്‍െറ ഞെട്ടിക്കുന്ന ഉദാഹരണമാണ് സത്യം-മയ്‌താസ് വെട്ടിപ്പ്. ആന്‌ധ്രാപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യം-മയ്‌താസ് കൂട്ടുകെട്ടിന് നല്‍കിയ രക്ഷാകര്‍തൃത്വം ലാഭകരമായ കരാറുകളും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും തട്ടിയെടുക്കാന്‍ സഹായകരമായി. പ്രത്യേക സാമ്പത്തികമേഖലകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഭൂമി തട്ടിയെടുക്കാനുള്ള ഉപകരണമായിരിക്കുകയാണ്. കര്‍ഷകരുടെയും ഗ്രാമീണ ദരിദ്രരുടെയും തുച്‌ഛമായ ഭൂമിയാണ് ഇങ്ങനെ തട്ടിയെടുക്കപ്പെടുന്നത്.
അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം
- മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍െറ ഏറ്റവും വലിയ വഞ്ചന അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടതും സ്വതന്ത്ര വിദേശനയം പിന്തുടരുമെന്ന വാഗ്‌ദാനത്തില്‍നിന്നും പിന്നോട്ടുപോയതുമാണ്.
- അമേരിക്കയുമായി സൈനിക സഹകരണത്തിന് 10 വര്‍ഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂട് കരാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒപ്പുവെച്ചു. ഇത് സംബന്‌ധിച്ച് രാജ്യത്തിന് ഒരു വിവരവും നല്‍കാതെ, ഒരു ചര്‍ച്ചയും കൂടാതെയാണ് രഹസ്യമായി ഈ കരാര്‍ ഒപ്പിട്ടത്.
- ആണവ കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ അംഗീകാരം ലഭിക്കുന്നതിനായി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഐഎഇഎയില്‍ ഇറാനെതിരായി ലജ്‌ജാകരമായ വിധത്തില്‍ അമേരിക്കന്‍ ചേരിയില്‍ അണിനിരന്നു.
- പൊതുമിനിമം പരിപാടിയുടെ സ്‌ഥാനത്ത്, മന്‍മോഹന്‍സിങ് സര്‍ക്കാരിന് വഴികാട്ടിയായത് ഇന്തോ-അമേരിക്ക സിഇഒ ഫോറത്തിന്‍െറ അജണ്ടയായിരുന്നു. ചില്ലറ വ്യാപാരം, ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തെ ശുപാര്‍ശചെയ്യുന്നതാണ് അത്.
- ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടക്കംകുറിച്ച അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ കൂട്ടുകെട്ട് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പിന്തുടരുന്നു. അത് ഇസ്രയേലുമായി കടുത്ത സൈനിക സുരക്ഷാ സഖ്യത്തില്‍ ഏര്‍പ്പെട്ടു. ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ വില്‍പന നടത്തുന്ന രാജ്യമായി ഇസ്രയേല്‍ മാറി. ഇതിനായി ഇന്ത്യ ചെലവഴിച്ച ശതകോടിക്കണക്കിന് ഡോളര്‍ പലസ്‌തീന്‍ ജനതയെ അടിച്ചമര്‍ത്താന്‍ ഇസ്രയേലിന് സഹായകരമായി.
ആണവ കരാര്‍
ആത്‌മാഭിമാനമുള്ള ഒരു സര്‍ക്കാരിനും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്‌ഥകളോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ച ഹൈഡ് നിയമം, ഇന്ത്യ വിദേശനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്‌ധിച്ച് നിര്‍ദ്ദേശംവച്ചു; ആണവ സഹകരണത്തിനായുള്ള വ്യവസ്‌ഥകള്‍ക്ക് ആ നിയമം രൂപംനല്‍കി. അമേരിക്കയുമായി സൈനിക-സുരക്ഷാ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന് ഇന്ത്യയെ അനുയോജ്യമാക്കുകയായിരുന്നു. യുറേനിയം ക്ഷാമം സംബന്‌ധിച്ച് പ്രശ്‌നം യുപിഎ സര്‍ക്കാര്‍ തെറ്റായി ഉയര്‍ത്തുകയാണുണ്ടായത്. അടുത്തയിടെ പ്രസിദ്ധീകരിച്ച സിഎജി റിപ്പോര്‍ട്ട് ഈ പെരുംനുണ പുറത്താക്കിയിരിക്കുകയാണ്.
എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനുവേണ്ടിയാണ് ആണവകരാര്‍ എന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഇറക്കുമതിചെയ്യുന്ന ആണവ പ്ലാന്‍റില്‍നിന്നുള്ള വൈദ്യുതിയുടെ വില യൂണിറ്റ് ഒന്നിന് 8 രൂപ ആയിരിക്കുമ്പോള്‍ ഇത് ക്രൂരമായ ഒരു തമാശയാണ്-സാധാരണ ജനങ്ങള്‍ക്ക് കയ്യെത്താവുന്നതിനും അപ്പുറമാണ് ആണവ വൈദ്യുതിയുടെ വില.
യുപിഎ സര്‍ക്കാരിനോട് വിട
അമേരിക്കയുമായുള്ള നിര്‍ദ്ദിഷ്‌ട തന്ത്രപരമായ സഖ്യത്തിന്‍െറ ഭാഗമായി ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 2008 ജൂലൈ 9ന് ഇടതുപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. 2007 ഡിസംബറില്‍, ഈ പ്രശ്‌നം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്‌തപ്പോള്‍, പാര്‍ലമെന്‍റിലെ മഹാഭൂരിപക്ഷം അംഗങ്ങളും കരാറിന് എതിരാണെന്ന് വ്യക്‌തമായിരുന്നു. കുതിച്ചുയരുന്ന വില നിലവാരവും വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഗ്രാമീണ ദുരിതങ്ങളും കാരണം കഷ്‌ടപ്പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനുപകരം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തങ്ങളുടെ ഊര്‍ജ്‌ജം മുഴുവന്‍ ഈ കരാറില്‍ ഏര്‍പ്പെടുന്നതില്‍ കേന്ദ്രീകരിക്കുകയായിരുന്നു. സ്വതന്ത്ര വിദേശനയവും തന്ത്രപരമായ സ്വാതന്ത്ര്യവും കൈവെടിഞ്ഞ്, അമേരിക്കന്‍ അജണ്ട നടപ്പാക്കല്‍ മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കും കഴിയുമായിരുന്നില്ല.
യുപിഎ സര്‍ക്കാരിനോടുള്ള സിപിഐ എമ്മിന്‍െറയും ഇടതുപക്ഷത്തിന്‍െറയും സമീപനം
യുപിഎ സര്‍ക്കാരില്‍നിന്നും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രക്ഷാ കവചമായി പ്രവര്‍ത്തിക്കുകയായിരുന്നു സിപിഐ എമ്മും ഇടതുപക്ഷവും. കുറഞ്ഞപക്ഷം രണ്ട് പ്രമുഖ നിയമനിര്‍മാണങ്ങളെങ്കിലും - ദേശീയ തൊഴിലുറപ്പ് നിയമവും ഗിരിവര്‍ഗ വനാവകാശ നിയമവും - സിപിഐ എമ്മിന്‍െറ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അത് ഇപ്പോഴത്തെ രൂപത്തില്‍ വരുമായിരുന്നില്ല.
എന്‍ആര്‍ഇജിഎ നിയമനിര്‍മ്മാണത്തില്‍ ഇടതു പാര്‍ടികള്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരുന്നു. അതാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസപ്രദമായി മാറിയത്. ഇവയില്‍ ഉള്‍പ്പെടുന്നവ:
(1) ആവശ്യമെന്ന് തോന്നിയാല്‍ ഈ പരിപാടി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്ന വകുപ്പ് റദ്ദ് ചെയ്‌തത്
(2) സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതുപോലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്താതെ കായികാധ്വാനം നടത്താന്‍ തയ്യാറുള്ള എല്ലാവര്‍ക്കുമുള്ള സാര്‍വത്രിക അവകാശമായി ഇതിനെ ഉറപ്പാക്കിയത്.
(3) ഗുണഭോക്‌താക്കളില്‍ മൂന്നിലൊന്ന് പേരെങ്കിലും സ്‌ത്രീകളായിരിക്കണമെന്ന പ്രത്യേക വ്യവസ്‌ഥ ഉറപ്പാക്കിയത്
(4) അനുയോജ്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരുകളെ അനുവദിക്കുന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതിലൂടെ വൈവിധ്യമാര്‍ന്നതും അയവേറിയതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ സാധ്യമാക്കിയത്.
ഇടതുപക്ഷത്തിന്‍െറ, വിശിഷ്യാ സിപിഐ എമ്മിന്‍െറ, വിട്ടുവീഴ്‌ചയില്ലാത്ത ഇടപെടലായിരുന്നു പട്ടികവര്‍ഗ-മറ്റു വനവാസി (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമം പാസാക്കുന്നതിന് ഇടവരുത്തിയത്. ഇവിടെയും, പാര്‍ടിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍, ഇപ്പോഴത്തെ രൂപത്തിലുള്ള നിയമം സാധ്യമാകുമായിരുന്നില്ല. സിപിഐ എമ്മിന്‍െറയും ഇടതുപക്ഷത്തിന്‍െറയും ഇടപെടലിന്‍െറ ഫലമായി ഉണ്ടായത്:
(1) കട്ട് ഓഫ് വര്‍ഷം 1980ല്‍നിന്ന് 2005 ഡിസംബറാക്കി മാറ്റിയത്
(2) മറ്റു പരമ്പരാഗത വനവാസി സമുദായങ്ങളെയും ഗുണഭോക്‌താക്കളായി ഉള്‍പ്പെടുത്തിയത്
(3) ഭൂപരിധി 2.5 ഹെക്‌ടറില്‍നിന്നും 4 ഹെക്‌ടറായി ഉയര്‍ത്തിയത്;
(4) ചെറുകിട വന ഉല്‍പന്നങ്ങളുടെ വിപുലീകരിച്ച അവകാശം ഉള്‍പ്പെടുത്തിയത്
(5) ഗ്രാമസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള വിപുലമായ പങ്ക്
(6) ഒരു പരിമിതമായ പ്രദേശത്തിനുള്ളില്‍ വനപ്രദേശത്ത് വികസന പദ്ധതികള്‍ക്കുള്ള അവകാശം
(7) സ്‌ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കല്‍.
അതേപോലെ തന്നെ, 2005ലെ പാറ്റന്‍റ് ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുന്നതിലും സിപിഐ എം ഇടപെട്ടു. അങ്ങനെയാണ് വില കൂടിയ ജെനറിക് ഔഷധങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനുള്ള വ്യവസ്‌ഥയിലൂടെ രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞത്. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെയും ഇടതുപക്ഷത്തിന് അനുവദിക്കാനാവില്ല. സിപിഐ എമ്മിന്‍െറയും ഇടതുപക്ഷത്തിന്‍െറയും നിരന്തരമായ സമ്മര്‍ദ്ദത്തിന്‍െറ ഫലമായാണ് വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്താനായത്. എന്നാലും സിഎംപിയില്‍ വാഗ്‌ദാനം നല്‍കിയിരുന്നതുപോലെ ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് വകയിരുത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷവും സിപിഐ എമ്മും ഇടതുപക്ഷവും വഹിച്ച പങ്കായിരുന്നു ഊഹാത്‌മക ധനമൂലധനത്തിന്‍െറ കെടുതികളില്‍നിന്നും ധനമേഖലയെ സംരക്ഷിക്കുന്നതിന് ഇടയാക്കിയത്.
ബാങ്കിങ്ങ് റഗുലേഷന്‍ (ഭേദഗതി) നിയമം പാസാക്കാന്‍ അനുവദിക്കാതെ ഇടതുപക്ഷം ബാങ്കിങ്ങ് മേഖലയെ സംരക്ഷിച്ചു. ആ നിയമം അംഗീകരിച്ചിരുന്നെങ്കില്‍ വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ കൈയടക്കാന്‍ അവസരമാകുമായിരുന്നു.
ഇന്‍ഷ്വറന്‍സ് മേഖലയിലെ എഫ്‌ഡിഐ 26 ശതമാനത്തില്‍നിന്നും 49 ശതമാനമായി വര്‍ദ്ധിപ്പിക്കുന്ന നിയമനിര്‍മാണം തടഞ്ഞ്, ഇടതുപക്ഷം ഇന്‍ഷ്വറന്‍സ് മേഖലയെ രക്ഷിച്ചു.
പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആക്‌ടിനെ എതിര്‍ത്ത ഇടതുപക്ഷ തീരുമാനം ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സംരക്ഷിച്ചു. ഈ നിയമം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനും ഓഹരിവിപണിക്ക് നല്‍കാനും ഇടവരുത്തുന്നതായിരുന്നു.
സിപിഐ എമ്മും ഇടതുപക്ഷവും പൊതുമേഖലയെയും ദേശീയ പരമാധികാരത്തെയും ശക്‌തമായി സംരക്ഷിച്ചു.
ബിഎച്ച്‌ഇഎല്ലിന്‍െറ ഓഹരി വിറ്റഴിക്കലിനോട് വിയോജിച്ച ഇടതുപക്ഷം `നവരത്‌ന' പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സമഗ്രത സംരക്ഷിച്ചു.
ചില്ലറ വ്യാപാരരംഗം ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതിനെ എതിര്‍ക്കുകയും അവയുടെ പൂര്‍ണ തോതിലുള്ള കടന്നുകയറ്റത്തെ ചെറുക്കുകയും ചെയ്‌ത ഇടതുപക്ഷം ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും ചില്ലറ വ്യാപാരരംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിച്ചു.
വിത്തു ബില്ലിന് ഇടതുപക്ഷം പിന്തുണ നല്‍കാത്തതുകൊണ്ട് പാര്‍ലമെന്‍റില്‍ അത് പാസാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിച്ചു.
വിദേശ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തനം അനുവദിക്കുന്ന ബില്ല് പാസാക്കാന്‍ അനുവദിക്കാതെ ഇടതുപക്ഷം വിദ്യാഭ്യാസമേഖലയുടെ സമഗ്രത സംരക്ഷിച്ചു.
തൊഴിലാളിവര്‍ഗത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തൊഴിലാളി വിരുദ്ധനിയമങ്ങള്‍ അവതരിപ്പിക്കുന്നതിനെ ഇടതുപക്ഷം ചെറുത്തു.
സര്‍ക്കാരിന് സിപിഐ എമ്മും ഇടതുപക്ഷവും പിന്തുണ നല്‍കിയ നാല്‌വര്‍ഷവും ദേശീയ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ജീവിതമാര്‍ഗ്ഗങ്ങള്‍ക്കും ഹാനികരമായ നവലിബറല്‍ നയങ്ങളുടെ ഏറ്റവും മോശപ്പെട്ട വശങ്ങളില്‍ ചിലത് നടപ്പാക്കുന്നത് തടയാനും സിപിഐ എം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.
ബിജെപി പിന്‍തിരിപ്പന്‍ ശക്‌തി
ഭൂരിപക്ഷ വര്‍ഗീയതയെ ``ദേശീയത'' എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്‌എസിന്‍െറ ഹിന്ദു രാഷ്‌ട്ര ദര്‍ശനത്തെ സ്‌തുതിക്കുന്ന അവര്‍ അതിനെ ``സാംസ്‌കാരിക ദേശീയത'' എന്നുപറഞ്ഞ് ന്യായീകരിക്കുകയും ചെയ്യുന്നു. ബിജെപിയുടെ രാഷ്‌ട്രീയവും അതിന്‍െറ പ്രയോഗവും, കറകളഞ്ഞ വര്‍ഗീയതയെയാണ് പ്രതിനിധീകരിക്കുന്നത്. ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ അത് ഉപകരിക്കുകയുള്ളു. ജസ്‌റ്റിസ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ രാജ്യത്തെ 15 കോടി മുസ്ലിങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരായി ബിജെപി രംഗത്തു വന്നിരിക്കുന്നു-ന്യൂനപക്ഷ പ്രീണനമാണ് അതെന്നാണ് അവരുടെ ആരോപണം.
ഒറീസ്സയിലെ കാന്ദമല്‍ ജില്ലയിലായാലും ശരി, കര്‍ണാടകം, മധ്യപ്രദേശ്, ഗുജറാത്ത് രാജസ്‌ഥാന്‍ ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്‌ഥാനങ്ങളിലായാലും ശരി, ബജ്‌രംഗദളും വിശ്വഹിന്ദുപരിഷത്തും മുസ്ലിം-ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് രാഷ്‌ട്രീയത്തിന്‍െറ പരിരക്ഷ നല്‍കുകയാണ് ബിജെപി ചെയ്യുന്നത്.
ഭീകരവാദത്തെക്കുറിച്ചുള്ള ബിജെപിയുടെ നിലപാടും ഇതുപോലെതന്നെ അപകടകരമാണ്. എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും മുസ്ലിം മതസമുദായത്തിന്‍െറ തലയില്‍ കെട്ടിവെയ്‌ക്കാന്‍ അവര്‍ക്കൊരു മന:സാക്ഷിക്കുത്തുമില്ല. ഭീകരവാദം വിഭിന്ന സ്രോതസ്സുകളില്‍നിന്ന് വരുന്നു എന്ന കാര്യം അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നു. ``ഹിന്ദു സന്യാസിക''ളുടെമേല്‍ എടിഎസ് അന്വേഷണസംഘം കുറ്റം ചുമത്തുകയാണ് എന്നാണ് ആ പാര്‍ടിയുടെ ആരോപണം. ഭീകരപ്രവര്‍ത്തനത്തെ സംബന്‌ധിച്ച ബിജെപിയുടെ ഇരട്ടമുഖം പൂര്‍ണമായും തുറന്നുകാട്ടപ്പെടുകയാണ്.
ബിജെപി പ്രതിപക്ഷത്തായിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഭീകരവാദം എന്ന ഗുരുതരമായ പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും അല്ലാതെ അവര്‍ക്ക് മറ്റൊന്നും കാഴ്‌ചവെയ്‌ക്കാനില്ലായിരുന്നു. ബാബറി മസ്‌ജിദ് നിലനിന്നിരുന്ന സ്‌ഥാനത്ത്, നിയമത്തെയും ഭരണഘടനയേയും നഗ്‌നമായി ലംഘിച്ചുകൊണ്ട്, രാമക്ഷേത്രം കെട്ടിപ്പടുക്കുന്നതിനെപ്പറ്റി ബിജെപി ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
സ്വകാര്യവല്‍ക്കരണം, സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്‌ഥ എന്നീ വലതുപക്ഷ സാമ്പത്തിക നയങ്ങളോട് തികച്ചും പ്രതിജ്‌ഞാബദ്ധമായ ഒരു പാര്‍ടിയാണ് ബിജെപി എന്ന് ആ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന ഗവണ്‍മെന്‍റുകളുടെ പ്രവര്‍ത്തന റെക്കോര്‍ഡ് ശരിക്കും വ്യക്‌തമാക്കുന്നുണ്ട്. അവരുടെ ഗവണ്‍മെന്‍റുകള്‍ അഴിമതിയില്‍ ആണ്ടുകിടക്കുകയാണ്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുമ്പോള്‍, അമേരിക്കയുമായി (യുഎസ്‌എ) തന്ത്രപരമായ ബന്‌ധം ഊട്ടിയുറപ്പിക്കുന്നതിന് ബിജെപി എത്രയോ നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. ഇന്ന്, കോണ്‍ഗ്രസിന്‍െറയും ബിജെപിയുടെയും വിദേശ നയ നിലപാടുകള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
വിജ്‌ഞാന വിരോധപരമായ ഒരു പ്രത്യയശാസ്‌ത്രത്തിന്‍െറ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, പിന്തിരിപ്പനായ, ഭൂതകാലത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു പാര്‍ടിയെ ഇന്ത്യന്‍ ജനതയ്‌ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
സിപിഐ എമ്മിന് പിന്‍തുണ നല്‍കുക
കഴിഞ്ഞ അഞ്ചുകൊല്ലക്കാലമായി സിപിഐ (എം) നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വ്യക്‌തമാണ്. ജനങ്ങളുടെ താല്‍പര്യങ്ങളും ജീവനോപാധികളും സംരക്ഷിക്കുന്നതിനുവേണ്ടിയും ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയും വര്‍ഗീയതയെ തടയുന്നതിനുവേണ്ടിയും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയും സാമ്രാജ്യത്വത്തിന്‍െറ വര്‍ധമാനമായ നുഴഞ്ഞുകയറ്റത്തെ ചെറുക്കുന്നതിനുവേണ്ടിയും പാര്‍ലമെന്‍റിലും മറ്റിടങ്ങളിലും ആ പാര്‍ടി വിട്ടുവീഴ്‌ചയില്ലാതെ ഇടപെട്ടുകൊണ്ടിരുന്നു.
അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും വര്‍ഗീയ-വിഘടനശക്‌തികളെ ചെറുക്കുന്നതിനുവേണ്ടിയുമുള്ള സമരങ്ങളിലും പൊലീസ് വെടിവെപ്പിലും സിപിഐ (എം)ന്‍െറ നിരവധി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും ജീവന്‍ വെടിയേണ്ടി വന്നിട്ടുണ്ട്; രക്‌തസാക്ഷികളാകേണ്ടിവന്നിട്ടുണ്ട്.
പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര-ഗവണ്‍മെന്‍റാണ് നിലവിലുള്ളത് എന്നതിനാല്‍ അനുഭവപ്പെടുന്ന പരിമിതികള്‍ ഉണ്ടെങ്കില്‍ത്തന്നെയും ബദല്‍ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പശ്‌ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള മൂന്ന് സംസ്‌ഥാന ഗവണ്‍മെന്‍റുകള്‍ കാണിച്ചുതന്നിട്ടുണ്ട്. പശ്‌ചിമബംഗാളും കേരളവും ത്രിപുരയും മുന്‍കാലങ്ങളില്‍ ഭൂപരിഷ്‌കാര നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്; ഭൂപ്രഭുത്വം വന്‍തോതില്‍ തകര്‍ന്നിട്ടുണ്ട്. ഈ മൂന്ന് സംസ്‌ഥാനങ്ങളും ത്രിതല പഞ്ചായത്ത് വ്യവസ്‌ഥയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്; അവയെ സ്‌ഥാപനവല്‍ക്കരിച്ചിട്ടുണ്ട്. പരിമിതമായ വിഭവങ്ങളോടെയും വളരെയേറെ തടസ്സങ്ങള്‍ക്കുള്ളിലും ആണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്‌ഥാന ഗവണ്‍മെന്‍റുകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്. എങ്കിലും, കൃഷി വികസിപ്പിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്‍പര്യങ്ങള്‍ ആ ഗവണ്‍മെന്‍റുകള്‍ സംരക്ഷിച്ചിട്ടുണ്ട്; വ്യവസായ വികസനത്തിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്ന് പൊതുവിതരണ വ്യവസ്‌ഥയ്‌ക്കുനേരെ കടുത്ത ആക്രമണം ഉണ്ടായെങ്കിലും, ഈ സംസ്‌ഥാന ഗവണ്‍മെന്‍റുകള്‍ ആ വ്യവസ്‌ഥ പൊളിച്ചടുക്കിയിട്ടില്ല; തൊഴിലാളിവര്‍ഗത്തിന്‍െറയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്ന കാര്യത്തിലും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തിലും ഈ മൂന്ന് സംസ്‌ഥാന ഗവണ്‍മെന്‍റുകള്‍ക്ക് മാതൃകാപരമായ റെക്കോര്‍ഡുതന്നെയാണുള്ളത്.
രാജ്യത്തിനുമുന്നില്‍ ബദല്‍മാര്‍ഗം സിപിഐ (എം) അവതരിപ്പിക്കുന്നു. താഴെപ്പറയുന്ന പ്രധാന ഘടകങ്ങളാണ് ആ പരിപാടിക്കുള്ളത്.
(i) മതനിരപേക്ഷതയും ദേശീയ ഐക്യവും സംരക്ഷിക്കുക.
(ii) കാര്‍ഷിക ബന്‌ധങ്ങളും ഭൂപരിഷ്‌കരണങ്ങളും ജനാധിപത്യപരമായ രീതിയില്‍ പരിവര്‍ത്തനംചെയ്യുക.
(iii) ഉല്‍പാദനശക്‌തികളെ വളര്‍ത്തുന്നതിനും പരമാവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും സാമ്പത്തിക അസമത്വങ്ങളും സാമൂഹ്യ അസമത്വങ്ങളും കുറയ്‌ക്കുന്നതിനും ഉതകുന്ന സ്വാശ്രയ സമ്പദ്‌വ്യവസ്‌ഥയും വികസനമാര്‍ഗവും സ്വീകരിക്കുക.
(iv) ആവശ്യമായ ഭരണഘടനാ മാറ്റങ്ങളോടുകൂടിയ ജനാധിപത്യപരവും ഫെഡറല്‍ ഘടനയോടും കൂടിയ രാഷ്‌ട്രീയ വ്യവസ്‌ഥ.
(v) അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും അവരുടെ ജീവനോപാധികളും സാമൂഹ്യ സുരക്ഷിതത്വവും സംരക്ഷിക്കുക.
(vi) സാമൂഹ്യ നീതി ഉറപ്പുവരുത്തുക; ജാതിയുടെ അടിസ്‌ഥാനത്തിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുക; സ്‌ത്രീകളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗ ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക;
(vii) സാമ്രാജ്യത്വ വിരുദ്ധവും സ്വതന്ത്രവുമായ വിദേശനയം.
പുതിയ ബദലിനുവേണ്ടി
ജനങ്ങളെ സംബന്‌ധിച്ചിടത്തോളം കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുണ്ടായിരുന്ന അഞ്ചുകൊല്ലക്കാലത്തെ കേന്ദ്ര ഗവണ്‍മെന്‍റ് കടുത്ത നിരാശതന്നെയാണ് ഉണ്ടാക്കിയത്. 2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ജനസമ്മതി അവര്‍ തകര്‍ത്തു. ലോകത്തിലാകെത്തന്നെ ഇന്ന് അവമതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളോട് പ്രതിജ്‌ഞാബദ്ധതയുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. തൊഴിലാളികളോടും കൃഷിക്കാരോടും കര്‍ഷകത്തൊഴിലാളികളോടും കൈവേലക്കാരോടും ചെറുകിട വ്യവസായികളോടും സ്‌ത്രീകളോടും വിദ്യാര്‍ഥികളോടും യുവജനങ്ങളോടും ശത്രുതാപരമായ നയങ്ങളാണ് ഇവയെന്ന് വ്യക്‌തമായിരിക്കുന്നു. അമേരിക്കയുടെ വാലില്‍ത്തൂങ്ങി ക്കിടന്നാലാണ് ഇന്ത്യക്ക് ഭാവിയുണ്ടാക്കുക എന്ന് കരുതുന്ന ഒരു പാര്‍ടിക്ക് നമ്മുടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിനെ ഭരിക്കാന്‍ അര്‍ഹതയില്ല.
രാജ്യത്തെ ഏറ്റവും വലിയ പിന്‍തിരിപ്പന്‍ ശക്‌തികളെയാണ് ബിജെപി പ്രതിനിധീകരിക്കുന്നത്. 1998 മുതല്‍ 2004 വരെയുള്ള അവരുടെ ആറുകൊല്ലക്കാലത്തെ ഭരണം, വര്‍ഗീയ നയങ്ങളും സമ്പന്നര്‍ക്ക് അനുകൂലമായ നയങ്ങളും അനുവര്‍ത്തിച്ചുകൊണ്ടിരുന്ന കാലമാണ്. മതനിരപേക്ഷ രാഷ്‌ട്രം എന്ന സങ്കല്‍പനത്തിനു വിരുദ്ധമാണ് ബിജെപിയുടെ പ്രത്യയശാസ്‌ത്രം. തങ്ങളുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തിനുള്ള ഒരു സംരക്ഷണ കവചമായിട്ടാണ് അവര്‍ എന്‍ഡിഎയെ ഉയോഗപ്പെടുത്തുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ടി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുകൊല്ലക്കാലം അവര്‍ ചെയ്‌തത്, ഭീകര പ്രവര്‍ത്തനം അടക്കമുള്ള വിവിധ പ്രശ്‌നങ്ങളെ വര്‍ഗീയ കാഴ്‌ചപ്പാടില്‍നിന്നുകൊണ്ട് ഉന്നയിക്കുക മാത്രമാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും, രണ്ടിനെയും, ജനങ്ങള്‍ പരാജയപ്പെടുത്തേണ്ടത് അതിനാല്‍ ആവശ്യമാണ്.
രാജ്യത്തിന് ബദല്‍ നയങ്ങള്‍ ആവശ്യമാണ്. ജനങ്ങള്‍ക്ക് അനുകൂലമായ സാമ്പത്തികനയങ്ങള്‍; സാമൂഹ്യമായ തുല്യതയ്‌ക്ക് ആവശ്യമായ വകുപ്പുകള്‍; സ്‌ഥായിയായ മതനിരപേക്ഷത; യഥാര്‍ഥ ഫെഡറലിസം; സ്വതന്ത്രമായ വിദേശനയം. ഇത്തരം ബദല്‍നയങ്ങള്‍ക്ക് പിന്‍തുണ നല്‍കണമെന്ന് സിപിഐ (എം) എല്ലാ ജനാധിപത്യ-മത നിരപേക്ഷ ശക്‌തികളോടും അഭ്യര്‍ഥിക്കുന്നു.
ഇതിന്, ഒരു ബദല്‍ രാഷ്‌ട്രീയ പരിപാടി ആവശ്യമാണ്. കോണ്‍ഗ്രസിതര-ബിജെപി ഇതര ഗവണ്‍മെന്‍റിന്‍െറ രൂപീകരണത്തിനുവേണ്ടി സിപിഐ (എം) പ്രവര്‍ത്തിക്കുന്നതാണ്. ആ ഗവണ്‍മെന്‍റ് ജനാധിപത്യത്തെ ശക്‌തിപ്പെടുത്തുകയും സമതുലിതമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ചെയ്യും.
സിപിഐ (എം)ന് വോട്ടുചെയ്യുക.
ഇടതുപക്ഷ-ജനാധിപത്യ ശക്‌തികളെ ശക്‌തിപ്പെടുത്തുക.
ഒരു ബദല്‍-മതനിരപേക്ഷ ഗവണ്‍മെന്‍റിനുവേണ്ടി
ഭാഗം-II
മതനിരപേക്ഷ മൂല്യങ്ങളെ പ്രോത്‌സാഹിപ്പിക്കുക
മതത്തേയും രാഷ്‌ട്രീയത്തേയും വേര്‍തിരിച്ചുനിര്‍ത്തുന്നതിനും ഈ വേര്‍തിരിവ് ദൃഢമാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണ നടപടികള്‍ക്കുംവേണ്ടി സിപിഐ (എം) നിലകൊള്ളുന്നു. വര്‍ഗീയ അക്രമങ്ങളെ കര്‍ശനമായി നേരിടണം. മതനിരപേക്ഷ മൂല്യങ്ങളെ ഭരണകൂടം എല്ലാ മേഖലകളിലും പ്രോത്‌സാഹിപ്പിക്കണം. താഴെപറയുന്ന കാര്യങ്ങള്‍ക്കുവേണ്ടി സിപിഐ (എം) പ്രവര്‍ത്തിക്കുന്നതായിരിക്കും.
- വര്‍ഗീയ അക്രമത്തിനെതിരായി സമഗ്രമായ ഒരു നിയമം നിര്‍മിക്കുക; ദ്രുതഗതിയിലുള്ള നീതി നടത്തിപ്പ് ഉറപ്പുവരുത്തുക; 2002ലെ ഗുജറാത്തിലെ കൂട്ട നരഹത്യപോലെയുള്ള വര്‍ഗീയ അക്രമങ്ങളില്‍ ഇരയായവര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കുക; ജസ്‌റ്റിസ് ശ്രീകൃഷ്‌ണകമ്മീഷന്‍െറ റിപ്പോര്‍ട്ട് നടപ്പാക്കുക.
- വര്‍ഗീയ അക്രമങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്, സമൂഹത്തിലെ അവരുടെ സ്‌ഥാനമോ ഔദ്യോഗിക സ്‌ഥാനമോ നോക്കാതെ, മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.
- വര്‍ഗീയപക്ഷപാതവും വര്‍ഗീയ മുന്‍വിധികളും പ്രകടിപ്പിക്കുന്ന എല്ലാ പാഠപുസ്‌തകങ്ങളും റദ്ദാക്കുക.
- വര്‍ഗീയ വിദ്വേഷം പരത്തുന്നതിലും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംഘടനകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും യുക്‌തമായ നിയമ നടപടികളിലൂടെ കടിഞ്ഞാണിടുക.
- മതപരമായ സ്‌ഥലങ്ങളില്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കപ്പെടുന്നത് തടയുന്നതിനായി ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരിക.
ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുവേണ്ടി
ഭരണകൂടത്തിന്‍െറ ഇടപെടല്‍ ശക്‌തിപ്പെടുത്തുക
ആഗോള സാമ്പത്തിക പ്രതിസന്‌ധിയുടെയും ഇന്ത്യയ്‌ക്കുമേലുള്ള അതിന്‍െറ പ്രതികൂലമായ പ്രത്യാഘാതത്തിന്‍െറയും വെളിച്ചത്തില്‍ താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു.
- വാര്‍ഷികപദ്ധതിച്ചെലവ് ഇന്ത്യയുടെ ഇന്നത്തെ ജിഡിപിയുടെ 10 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുക (ഇന്നത് 5 ശതമാനത്തില്‍ താഴെയാണ്.)
- കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളെ അവയുടെ വിപുലമായ ക്യാഷ് സര്‍വെകള്‍ ഉപയോഗിച്ച്, വന്‍തോതില്‍ വിപുലീകരിക്കുക.
- ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെന്‍റ് നിയമം റദ്ദാക്കുക; സംസ്‌ഥാനങ്ങളുടെ പൊതു ചെലവ് വര്‍ധിപ്പിക്കാന്‍ കഴിയത്തക്കവിധത്തില്‍ സംസ്‌ഥാന ഗവണ്‍മെന്‍റുകളുടെ വായ്‌പാ പരിധി ഉയര്‍ത്തുക; സംസ്‌ഥാനങ്ങള്‍ക്ക് സമഗ്രമായ കടാശ്വാസം അനുവദിക്കുക.
അടിയന്തിരാശ്വാസ നടപടികള്‍
തുണികളും ഉടുപ്പുകളും, വൈരക്കല്‍-ജ്വലറി, തുകല്‍, കൈവേലക്കാര്‍, കയര്‍, കശുവണ്ടി, സമുദ്ര ഉല്‍പന്നങ്ങള്‍, സോഫ്‌ട്‌വെയര്‍, ഐ ടി തുടങ്ങി പ്രതിസന്ധി ബാധിച്ച മേഖലകള്‍ക്ക് പ്രത്യേക ആശ്വാസ പാക്കേജുകള്‍ നടപ്പാക്കുക. ചെറുകിട സ്‌ഥാപനങ്ങളെയും ഇടത്തരം സ്‌ഥാപനങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരിക്കണം ഈ പാക്കേജുകള്‍.
- തൊഴിലാളികളുടെ ജോലി വെട്ടിക്കുറയ്‌ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കുക; റിട്രെഞ്ച്‌മെന്‍റും ലേ ഓഫും തടയുന്നതിനായി തൊഴില്‍നിയമങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍മിക്കുക; തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുക.
- ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനവും കൂലിയും വെട്ടിക്കുറയ്‌ക്കുന്നത് തടയുക; ഉല്‍പാദനച്ചെലവ് വെട്ടിക്കുറയ്‌ക്കുന്നതിന്‍െറ ഭാരം, ലാഭമുണ്ടാക്കുന്നവര്‍ വഹിക്കണം.
- തൊഴിലുറപ്പുപദ്ധതി പട്ടണപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക.
- ശമ്പളംവാങ്ങുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആദായനികുതിയില്‍ ഇളവ് അനുവദിക്കുക.
- കൃഷിയിലും ജലസേചനത്തിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുക. താങ്ങുവിലയും വര്‍ധിപ്പിച്ച ഇറക്കുമതിച്ചുങ്കങ്ങളും വഴി വിളകളുടെ വിലത്തകര്‍ച്ചയില്‍നിന്ന് കൃഷിക്കാര്‍ക്ക് സംരക്ഷണംനല്‍കുക.
വിഭവസമാഹരണം
വമ്പിച്ച സര്‍ക്കാര്‍ചെലവുകള്‍ ഏറ്റെടുക്കുന്നതിനായി വിഭവങ്ങള്‍ സമാഹരിക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന നടപടികള്‍ സിപിഐ (എം) നിര്‍ദ്ദേശിക്കുന്നു.
- ദീര്‍ഘകാല മൂലധന ലാഭത്തിന്മേലുള്ള നികുതികള്‍ പുന:സ്‌ഥാപിച്ചുകൊണ്ടും ഓഹരികള്‍ കൈമാറ്റംചെയ്യുന്നതിനുമേല്‍ നികുതി ചുമത്തിക്കൊണ്ടും ഊഹ മൂലധനത്തിന്മേലുള്ള ലാഭത്തിനുമേല്‍ ഫലപ്രദമായി നികുതി ചുമത്തുക.
- കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ നികുതി സൗകര്യങ്ങള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക; കള്ളപ്പണം കണ്ടെത്താനുള്ള നീക്കം നടത്തുക-പ്രത്യേകിച്ചും സ്വിസ് ബാങ്കുകളിലും മറ്റ് വിദേശ രഹസ്യ സങ്കേതങ്ങളിലും രഹസ്യമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം.
- കൂടുതല്‍ ധനികരായവരുടെമേലുള്ള സ്വത്തുനികുതി വര്‍ധിപ്പിക്കുക; അനന്തരാവകാശമായി കിട്ടുന്ന സ്വത്തിന്മേല്‍ നികുതി ചുമത്തുക.
- മൗറീഷ്യസ് റൂട്ട് അടയ്‌ക്കുക; മൗറീഷ്യസും മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള, ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പുന:പരിശോധിക്കുക.
ധനമേഖലയുടെ മേലുള്ള നിയന്ത്രണങ്ങള്‍
ധനമേഖലയുടെമേല്‍ ശക്‌തമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫിനാന്‍സിനുമേലും വികസനാധിഷ്‌ഠിത സാമ്പത്തികനയത്തിന്‍െറ പുനരുത്ഥാരണത്തിനുമേലും ഗവണ്‍മെന്‍റിന്‍െറ പ്രബലമായ നിയന്ത്രണം കൊണ്ടുവരിക. താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു.
- പൂര്‍ണമായ മൂലധനഅക്കൗണ്ട് കണ്‍വര്‍ടിബിലിറ്റി കൊണ്ടുവരാനുള്ള നീക്കം (താരാപ്പൂര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച്) ഉപേക്ഷിക്കുക. ധനമൂലധനത്തിന്‍െറ രാജ്യത്തിനകത്തേക്കും പുറത്തേയ്‌ക്കുമുള്ള ഒഴുക്കിന്മേല്‍ കര്‍ശനമായ നിയന്ത്രണം പുന:സ്‌ഥാപിക്കുക.
- വിദേശ സ്‌ഥാപന നിക്ഷേപകര്‍ ഉപയോഗപ്പെടുത്തുന്ന പാര്‍ടിസിപ്പേറ്ററി നോട്ടുകള്‍ നിരോധിക്കുക. ഊഹക്കച്ചവടപരമായ ധനത്തിന്‍െറ വരവിനെ നിരുത്‌സാഹപ്പെടുത്തുക.
- പൊതുമേഖലാ ബാങ്കുകളിലെ ഗവണ്‍മെന്‍റ് ഓഹരി കുറയ്‌ക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കുക. ബാങ്കിങ് മേഖലയിലും ഇന്‍ഷ്വറന്‍സ് മേഖലയിലുമുള്ള പൊതുമേഖലയെ ശക്‌തിപ്പെടുത്തുക; മുന്‍ഗണനാമേഖലകള്‍ക്ക് വായ്‌പനല്‍കുന്നതിനുള്ള നിബന്‌ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
- ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ബില്‍ ഉപേക്ഷിക്കുക. ഇന്ത്യന്‍ ബാങ്കുകളെ വിദേശബാങ്കുകള്‍ കയ്യടക്കുന്നതിനെ തടയുക.
- ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിനുള്ള പരിധി ഉയര്‍ത്തുന്നതിനായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമനിര്‍മാണം ഉപേക്ഷിക്കുക.
- പെന്‍ഷന്‍ ഫണ്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ പാടില്ല. പെന്‍ഷന്‍ ഫണ്ടും പ്രോവിഡണ്ട് ഫണ്ടും ഓഹരി വിപണിയിലേക്ക് വഴിതിരിച്ചുവിടരുത്.
കൃഷിയുടെ അഭിവൃദ്ധി
കാര്‍ഷിക പ്രതിസന്‌ധി ഇല്ലാതാക്കുന്നതിനും കൃഷിപ്പണി ആദായകരമാക്കുന്നതിനും കര്‍ഷക ജനസാമാന്യത്തിന്‍െറ വരുമാനം വര്‍ധിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുമായി താഴെപ്പറയുന്ന നടപടികള്‍ സിപിഐ (എം) നിര്‍ദ്ദേശിക്കുന്നു.
- കൃഷിക്കാരെ സംബന്‌ധിച്ച ദേശീയ കമ്മീഷന്‍െറ ശുപാര്‍ശകളില്‍ കൃഷിക്കാര്‍ക്ക് അനുകൂലമായവ നടപ്പാക്കുക.
- എണ്ണക്കുരുക്കള്‍, മറ്റ് നാണ്യവിളകള്‍, പരമ്പരാഗത ചരക്കുകള്‍ എന്നിവയടക്കം കൂടുതല്‍ വിളകളിലേക്ക് മിനിമം താങ്ങുവില വ്യാപിപ്പിക്കുക; വാണിജ്യവിളകള്‍ക്ക് തറവില നിശ്‌ചയിക്കുന്നതിനായി കമ്മോഡിറ്റി ബോര്‍ഡുകള്‍ പുന:സ്‌ഥാപിക്കുക.
- കാര്‍ഷികമേഖലയ്‌ക്ക് പരമാവധി 4 ശതമാനം പലിശനിരക്കില്‍ സ്‌ഥാപനങ്ങളില്‍നിന്ന് വായ്‌പ ലഭ്യമാക്കും എന്ന് ഉറപ്പുവരുത്തുക.
- ഗ്രാമീണമേഖലയിലെ വൈദ്യുതിവിതരണത്തില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക; വൈദ്യുതിയുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക; കൃഷി ആവശ്യത്തിനായി തടസ്സംകൂടാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുക; ജലസേചന സൗകര്യം വിപുലമാക്കുക.
- പൊതുഉടമയിലെ ഉല്‍പാദനവും വിപണനവ്യവസ്‌ഥയുംവഴി എല്ലാ കൃഷിക്കാര്‍ക്കും താങ്ങാനാവുന്ന വിലയ്‌ക്ക് ഉയര്‍ന്ന നിലവാരമുള്ള വിത്ത്, വളം, വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുക; വിത്ത് ബില്‍ പിന്‍വലിക്കുക; കൃഷിക്കാര്‍ക്ക് സഹായകമാകുന്ന വിത്തുനിയമം കൊണ്ടുവരിക.
- കരാര്‍ കൃഷിക്കുവേണ്ടി വാദിക്കുന്ന മാതൃകാ എപിഎംസി നിയമം പിന്‍വലിക്കുക; കാര്‍ഷിക വിപണികളില്‍ കൃഷിക്കാര്‍ക്ക് സഹായകമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുക.
- കൃഷിയിലെ ഇന്ത്യാ-അമേരിക്കന്‍ നോളേജ് ഇനീഷ്യേറ്റീവ് റദ്ദാക്കുക; അതുസംബന്‌ധിച്ച രേഖകളെല്ലാം പരസ്യമാക്കുക; കാര്‍ഷിക ഗവേഷണത്തിനും കാര്‍ഷിക വികസനത്തിനും വേണ്ടിയുള്ള പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുകയും അതിനായുള്ള പൊതു സ്‌ഥാപനങ്ങള്‍ വ്യാപകമാക്കുകയും ചെയ്യുക.
- വന്‍കിട ബിസിനസ്സുകള്‍ക്ക് അനുകൂലമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്‌ഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക; ജൈവവൈവിധ്യം സംരക്ഷിക്കുന്നതു സംബന്‌ധിച്ച സ്വകാര്യ കാര്‍ഷിക ഗവേഷണത്തിന് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുമെന്ന് ഉറപ്പുവരുത്തുക.
ഭക്ഷ്യ സുരക്ഷിതത്വവും പൊതുവിതരണ വ്യവസ്‌ഥയും
- ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ സിപിഐ (എം) നിര്‍ദ്ദേശിക്കുന്നു.
- സാര്‍വത്രികമായ പൊതുവിതരണവ്യവസ്‌ഥ വീണ്ടും നടപ്പാക്കുക; തെറ്റായ ദാരിദ്ര്യരേഖാ കണക്കുകളുടെ അടിസ്‌ഥാനത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള ബിപിഎല്‍കാരെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുവിതരണ സമ്പ്രദായം ഉപേക്ഷിക്കുക; പൊതുവിതരണ സംവിധാനംവഴി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്നതിനുള്ള വകുപ്പ് ഉണ്ടാക്കുക.
- ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള വിപുലമായ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളത്തക്കവിധത്തില്‍ അന്ത്യോദയ പദ്ധതി വിപുലമാക്കുക; അന്ത്യോദയ പദ്ധതിക്കുള്ളില്‍ ഗിരിവര്‍ഗ സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തത്തക്കവിധത്തില്‍ പ്രത്യേക നടപടികള്‍.
- പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയടക്കം പതിനാല് അവശ്യവസ്‌തുക്കള്‍ പൊതുവിതരണ സംവിധാനംവഴി നല്‍കുക.
- പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്യുന്നതിന് സംസ്‌ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തില്‍ വരുത്തിയ വെട്ടിക്കുറവ് പുന:സ്‌ഥാപിക്കുക; സംസ്‌ഥാനങ്ങള്‍ക്ക് അവരുടെ ഭക്ഷ്യധാന്യങ്ങളുടെ വിഹിതം പൂര്‍ണമായും നല്‍കുക.
- എഫ്‌സിഐ സംവിധാനവും എഫ്‌സിഐ ഗോഡൗണുകളും ശക്‌തിപ്പെടുത്തുക-പ്രത്യേകിച്ച്, വടക്കുകിഴക്കന്‍ മേഖലയില്‍. ബഹുരാഷ്‌ട്ര കുത്തകകളും സ്വകാര്യ കോര്‍പ്പറേറ്റുകളും ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് തടയുക
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക
വിലക്കയറ്റം തടയുന്നതിന് താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളുന്നത് അത്യാവശ്യമാണെന്ന് സിപിഐ എം കരുതുന്നു:
- എണ്ണയുടെ മേലുള്ള കസ്‌റ്റംസ് ഡ്യൂട്ടിയും എക്‌സൈസ് ഡ്യൂട്ടിയും വെട്ടിക്കുറച്ചുകൊണ്ട്, പെട്രോളിന്‍െറയും ഡീസലിന്‍െറയും ചില്ലറവില്‍പന വില കുറയ്‌ക്കുക.
- പാര്‍ലമെന്‍ററി സ്‌റ്റാന്‍റിങ് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച്, എല്ലാ കാര്‍ഷിക ചരക്കുകളുടെയും അവധിവ്യാപാരം നിരോധിക്കുക.
- അവശ്യസാധനങ്ങള്‍ പൂഴ്‌ത്തിവെക്കുന്നതിനെതിരായി കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുക, പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി അവശ്യവസ്‌തു നിയമത്തിലെ വകുപ്പുകള്‍ കൂടുതല്‍ കര്‍ശനമാക്കുക.
- ഗോഡൗണുകളിലും വെയര്‍ഹൗസുകളിലും സൂക്ഷിച്ചിട്ടുള്ള സ്വകാര്യ സ്‌റ്റോക്കിന്‍െറ അളവ് വെളിപ്പെടുത്തുന്നതിനുള്ള നിബന്‌ധനകള്‍ കര്‍ശനമാക്കുക.
ഭൂപ്രശ്‌നങ്ങള്‍
ഗ്രാമീണമേഖലയിലെ പരിവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരൊറ്റ നടപടി ഭൂപരിഷ്‌കരണം നടപ്പാക്കലാണ്. സിപിഐ എം താഴെപ്പറയുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു.
- ഭൂപരിധി നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഇപ്പോഴത്തെ ധൃതിപിടിച്ച നീക്കത്തില്‍നിന്ന് പിന്‍മാറുക; ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിന് സമഗ്രവും ദ്രുതഗതിയിലുള്ളതുമായ നടപടികള്‍ കൈക്കൊള്ളുക.
- ഭൂപരിധിക്കുമേലെയുള്ള എല്ലാ മിച്ച ഭൂമിയും ഏറ്റെടുക്കുകയും വിതരണം നടത്തുകയും ചെയ്യുക; കൃഷിയോഗ്യമായ തരിശു ഭൂമി ഭൂരഹിതര്‍ക്കും ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ക്കും സൗജന്യമായി വിതരണംചെയ്യുക; പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണം; സ്‌ത്രീകള്‍ക്ക് ഭൂമിയില്‍ തുല്യമായ അവകാശത്തോടെ കൂട്ടായ പട്ടയങ്ങള്‍ വിതരണം ചെയ്യണം.
- എല്ലാ സംസ്‌ഥാനങ്ങളിലും കുടിയാന്മാരുടെ രേഖയുണ്ടാക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണം. (ഇത് ചെയ്‌തിട്ടില്ലാത്ത സംസ്‌ഥാനങ്ങളില്‍)
- ഭൂമിയുടെ ഉടമസ്‌ഥരുടെയും ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റുള്ളവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഉണ്ടാക്കുക; ഭൂമി ഏറ്റെടുക്കപ്പെടുന്നതുകൊണ്ട് വിഷമമുണ്ടാകുന്നവരുടെ രേഖാമൂലമുള്ള സമ്മതം ഉറപ്പുവരുത്തുക; റിയല്‍ എസ്‌റ്റേറ്റ് ഊഹ കച്ചവടത്തിനായി ഭൂമി തട്ടിയെടുക്കുന്നത് നിരോധിക്കുക; ഭൂമി ഏറ്റെടുക്കുന്നതുകൊണ്ട് വിഷമം ഉണ്ടാകുന്ന എല്ലാവര്‍ക്കും മതിയായ നഷ്‌ടപരിഹാരവും പുനരധിവാസവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തത്തക്കവിധത്തില്‍ നഷ്‌ടപരിഹാര- പുനരധിവാസ നിയമം നിര്‍മിക്കുക.
വ്യാവസായിക വികസനം
വ്യവസായത്തിന്‍െറയും കൃഷിയുടെയും സന്തുലിതമായ വളര്‍ച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും സാമ്പത്തിക വികസനത്തിനും സുപ്രധാനമാണ്. വ്യവസായത്തിന്‍െറ ആസൂത്രിതമായ വികസനത്തിനായി, സിപിഐ എം താഴെ പറയുന്ന കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു:
- പുതിയ മൂലധനവും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ട്, തന്ത്രപരമായ മേഖലകളിലും ഘനവ്യവസായ മേഖലകളിലും ഉള്ള പൊതുമേഖലയെ ശക്‌തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുക, പൊതുമേഖലയുടെ കാര്യക്ഷമതയും സ്വയം ഭരണാധികാരവും വര്‍ധിപ്പിക്കുക.
- ലാഭമുണ്ടാക്കുന്നതും ലാഭകരമാക്കാന്‍ കഴിയുന്നതുമായ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ഓഹരിവില്‍പനയും പൂര്‍ണമായും തടയുക.
- തൊഴില്‍ പ്രധാനമായ ചെറുകിട-ഇടത്തരം വ്യവസായ സ്‌ഥാപനങ്ങള്‍ക്ക് പശ്‌ചാത്തല സൗകര്യങ്ങള്‍ അനുവദിച്ചും ബാങ്കുകളില്‍നിന്ന് വേണ്ടത്ര വായ്‌പ ലഭ്യമാക്കിയും ആവശ്യമായ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും അവയെ പ്രോല്‍സാഹിപ്പിക്കുക.
- കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സംരക്ഷണം നല്‍കുക; നെയ്‌ത്തുകാര്‍ക്ക് നിയന്ത്രിത നിരക്കില്‍ നൂല് ലഭ്യമാക്കണം. അവരുടെ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം.
- ഇറക്കുമതിച്ചുങ്കം യാതൊരു വിവേചനവും കൂടാതെ വെട്ടിക്കുറയ്‌ക്കുന്നതുമൂലവും ഇന്ത്യന്‍ കമ്പനികളെ വിദേശ കമ്പനികള്‍ ഏറ്റെടുക്കുന്നതുമൂലവും ഉണ്ടാകുന്ന വിഷമങ്ങളില്‍നിന്ന് ആഭ്യന്തര വ്യവസായത്തിന് സംരക്ഷണം നല്‍കുക; നിര്‍മാണമേഖലയിലും സര്‍വീസ് മേഖലയിലും നിക്ഷേപം നടത്തുന്നതിന് സ്വകാര്യമേഖലയെ പ്രോല്‍സാഹിപ്പിക്കുക. തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതും ഗവേഷണ - വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്‌ധപ്പെടുത്തിക്കൊണ്ട് സ്വകാര്യമേഖലയ്‌ക്ക് പ്രോത്സാഹനം (ഇന്‍സെന്‍റീവ്) നല്‍കുക.
- ചെറുകിട വ്യാപാരത്തില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം നിരോധിക്കുക; ലൈസന്‍സിങ് നയത്തിലൂടെ ആഭ്യന്തര കോര്‍പറേറ്റ് ചെറുകിട വ്യാപാരികള്‍ക്ക് നിയന്ത്രണം.
- വിദേശ പ്രത്യക്ഷ നിക്ഷേപം പിന്‍വാതിലിലൂടെ പ്രവേശിക്കുന്നത് തടയുന്നതിനായി, വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്‍െറ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റംവരുത്തുക; ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്യേണ്ടതിന്‍െറ ആവശ്യകതയെ അടിസ്‌ഥാനപ്പെടുത്തിക്കൊണ്ട്, ആവശ്യമായ മേഖലകളിലേക്ക് വിദേശ മൂലധനം വഴി തിരിച്ചുവിടണം.
- ഇപ്പോഴുള്ള നിരവധി നികുതി ഇളവുകള്‍ എടുത്തു കളയുന്നതിനും ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ആയി പ്രത്യേക സാമ്പത്തിക മേഖല (sez) നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യുക; എല്ലാ സെസ്സുകളിലും (sez) തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
- ഖനിജ മേഖലയില്‍ ഇനിയും കൂടുതല്‍ സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും തടയുക; ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് നിരോധിക്കുക; കല്‍ക്കരിക്കും മറ്റ് ഖനിജവസ്‌തുക്കള്‍ക്കും നല്‍കുന്ന റോയല്‍റ്റിയുടെ നിരക്ക് വര്‍ധിപ്പിക്കുക.
പശ്‌ചാത്തല സൗകര്യങ്ങള്‍
- പശ്‌ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലുള്ള പൊതുനിക്ഷേപം വര്‍ധിപ്പിക്കുക; വൈദ്യുതി, വാര്‍ത്താവിനിമയം, റെയില്‍വെ, റോഡ്, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്‌ക്ക് വേണ്ടത്ര പദ്ധതിത്തുക വകയിരുത്തുക.
- സ്വാശ്രയ ദേശീയ വികസനത്തിന്‍െറ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇന്‌ധനനയവും ടെലകോം നയവും പുന:പരിശോധിക്കുക; വൈദ്യുതി നിയമം 2003 പുന:പരിശോധിക്കുക.
- പിപിപി വഴി (സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം) യുള്ള പശ്‌ചാത്തല സൗകര്യങ്ങളുടെ സ്വകാര്യവല്‍ക്കരണം പുന:പരിശോധിക്കുക.
- ഗ്രാമീണ പശ്‌ചാത്തല സൗകര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കുക; ഗ്രാമീണ റോഡുകള്‍ക്കും വൈദ്യുതീകരണത്തിനും മറ്റും കൂടുതല്‍ തുക നീക്കിവെയ്‌ക്കുക.
ഡബ്ല്യു ടി ഒ യും വ്യാപാര പ്രശ്‌നങ്ങളും
താഴെപറയുന്ന കാര്യങ്ങള്‍ക്കുവേണ്ടി സിപിഐ (എം) നിലകൊള്ളുന്നു.
- ഡബ്ല്യുടിഒയുടെ നടന്നുകൊണ്ടിരിക്കുന്ന ദോഹവട്ട ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യങ്ങളും വികസ്വരരാജ്യങ്ങളുടെ താല്‍പര്യങ്ങളും സംരക്ഷിക്കുക; കാര്‍ഷിക ചരക്കുകളുടെയും വ്യാവസായിക ചരക്കുകളുടെയും കാര്യത്തില്‍ താരിപ്പുകള്‍ ഇതില്‍ കൂടുതല്‍ വെട്ടിക്കുറയ്‌ക്കാന്‍ പാടില്ല.
- ചെറുകിട-നാമമാത്ര കൃഷിക്കാരുടെ സംരക്ഷണത്തിനായുള്ള നടപടികള്‍ പുന:സ്‌ഥാപിക്കുക-അളവുപരമായ നിയന്ത്രണങ്ങളടക്കം.
- ആരോഗ്യം, വിദ്യാഭ്യാസം, ജലവിഭവം, ബാങ്കിങ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളെ ഗാട്ടിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കുക; ട്രിപ്പ്‌സ് കരാര്‍ പുന:പരിശോധിക്കുന്നതിന് സമ്മര്‍ദ്ദംചെലുത്തുക.
- നിലവിലുള്ള സ്വതന്ത്ര വ്യാപാരക്കരാറുകള്‍ പുന:പരിശോധിക്കുക; ഇയു, ഇഎഫ്‌ടിഎ എന്നിവയുമായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്‌ധിച്ച ചര്‍ച്ചകളുടെ അവസ്‌ഥ പരസ്യപ്പെടുത്തുക.
ഫെഡറലിസം ശക്‌തിപ്പെടുത്തുക
കേന്ദ്ര-സംസ്‌ഥാന ബന്‌ധങ്ങള്‍ സമഗ്രമായ പുന:സംഘടനയ്‌ക്ക് വിധേയമാക്കുന്നതിനുവേണ്ടി, സിപിഐ (എം) താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി നിലകൊള്ളുന്നു.
- ഭരണഘടനയിലെ 355, 356 എന്നീ വകുപ്പുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിനുവേണ്ടി അവ ഭേദഗതിചെയ്യുക.
- ഒരു സംസ്‌ഥാനത്തിന്‍െറ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്ന മൂന്ന് പ്രഗത്‌ഭ വ്യക്‌തികളുടെ ലിസ്‌റ്റില്‍നിന്ന് ഒരാളെ ഗവര്‍ണറായി പ്രസിഡണ്ട് നിയമിക്കണം.
- കേന്ദ്ര നികുതിയായി സംഭരിക്കുന്ന മൊത്തം തുകയുടെ 50 ശതമാനം സംസ്‌ഥാനങ്ങള്‍ക്കായി വീതിച്ചുകൊടുക്കണം; വിപണിയില്‍നിന്ന് വായ്‌പയെടുക്കാനുള്ള സംസ്‌ഥാനങ്ങളുടെ വിഹിതം 50 ശതമാനമാക്കി ഉയര്‍ത്തണം.
- എഫ്‌ആര്‍ബിഎം നിയമം പാസാക്കണം തുടങ്ങിയ സംസ്‌ഥാനങ്ങളുടെമേല്‍ കെട്ടിയേല്‍പിക്കപ്പെട്ടിട്ടുള്ള നിബന്‌ധനകള്‍ പിന്‍വലിക്കണം; ഫിനാന്‍സ് കമ്മീഷനുകളുടെ ഘടനയെ സംബന്‌ധിച്ചും പരിഗണനാവിഷയങ്ങളെ സംബന്‌ധിച്ചും സംസ്‌ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അധികാരം ഉണ്ടായിരിക്കണം.
- സംസ്‌ഥാന വിഷയങ്ങളില്‍, കേന്ദ്രഗവണ്‍മെന്‍റിന്‍െറ ആഭിമുഖ്യത്തിലുള്ള പദ്ധതികള്‍, അവയ്‌ക്ക് ആവശ്യമായ ഫണ്ടുകളോടുകൂടി, സംസ്‌ഥാനങ്ങള്‍ക്ക് കൈമാറണം.
- അന്തര്‍ സംസ്‌ഥാന കൗണ്‍സിലിന്‍െറ തീരുമാനം നടപ്പാക്കാന്‍ യൂണിയന്‍ ഗവണ്‍മെന്‍റിനെ ബാധ്യസ്‌ഥമാക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരിക; ദേശീയ വികസന കൗണ്‍സിലിന് ഭരണഘടനാ പദവി നല്‍കണം; ദേശീയ വികസന കൗണ്‍സിലിന്‍െറ നിര്‍വഹണവിഭാഗമായി ആസൂത്രണക്കമ്മീഷന്‍, പ്രവര്‍ത്തിക്കണം.
- പ്രാദേശിക സ്വയംഭരണ സ്‌ഥാപനങ്ങളുടെ ചെലവ്, ജിഡിപിയുടെ ചുരുങ്ങിയത് ഇത്ര ശതമാനം ആയിരിക്കണം എന്ന ലക്ഷ്യം നിശ്‌ചയിക്കുക; പ്രാദേശിക സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഫണ്ടുകള്‍ പോകേണ്ടത് സംസ്‌ഥാന ഗവണ്‍മെന്‍റുകള്‍വഴിയായിരിക്കണം.
ജമ്മു-കാശ്‌മീര്‍
- ഭരണഘടനയുടെ 370-ാം വകുപ്പിന്‍െറ പൂര്‍ണമായ വ്യാപ്‌തിയെ അടിസ്‌ഥാനപ്പെടുത്തിക്കൊണ്ട്, സംസ്‌ഥാനത്തിന് പരമാവധി സ്വയംഭരണാധികാരം നല്‍കുക എന്ന അടിസ്‌ഥാനത്തില്‍ കാശ്‌മീര്‍ പ്രശ്‌നത്തിന് രാഷ്‌ട്രീയ പരിഹാരം ഉണ്ടാക്കണം; ജമ്മു, കാശ്‌മീര്‍, ലഡാക്ക് എന്നീ മേഖലകള്‍ക്ക് മേഖലാപരമായ സ്വയംഭരണാധികാരം അനുവദിച്ചുകൊണ്ടുള്ള സ്വയംഭരണാധികാര സംവിധാനം രൂപീകരിക്കണം.
- നിരപരാധികളായ ആളുകള്‍ക്കുനേരെ സുരക്ഷാസേന അതിക്രമങ്ങള്‍ കാണിക്കുന്നത് തടയുന്നതിന് ശക്‌തമായ നടപടികള്‍ വേണം.
- യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക, താറുമാറായ പശ്‌ചാത്തല സൗകര്യങ്ങള്‍ പുന:സംഘടിപ്പിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേകം ഊന്നിക്കൊണ്ട്, സംസ്‌ഥാനത്തിന്‍െറ സാമ്പത്തിക വികസനം ഉറപ്പുവരുത്തുക.
വടക്കു-കിഴക്കന്‍ മേഖല
- വികസനത്തെ സംബന്‌ധിച്ചിടത്തോളം വടക്കുകിഴക്കന്‍ മേഖല മുന്‍ഗണനാമേഖലയാണെന്ന് പ്രഖ്യാപിക്കണം; ഭൗതികമായ പശ്‌ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുക; യുവാക്കള്‍ക്കുവേണ്ടി പ്രത്യേക തൊഴില്‍ പദ്ധതികള്‍ നടപ്പാക്കുക; അതിര്‍ത്തിയിലെ വേലികെട്ടല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം.
- ആറാം പട്ടികയ്‌ക്കു കീഴില്‍ ഭരണപരമായ അധികാരങ്ങളും ധനപരമായ അധികാരങ്ങളും സംരക്ഷിക്കുകയും വിപുലമാക്കുകയും വേണം; വിവിധ വംശീയ വിഭാഗങ്ങളുടെയും ദേശീയതകളുടെയും സ്വത്വം സംരക്ഷിക്കപ്പെടണം.
ഭീകരപ്രവര്‍ത്തനത്തിനെതിരെ
താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി സിപിഐ (എം) നിലകൊള്ളുന്നു:
- രഹസ്യാന്വേഷണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക; രഹസ്യാന്വേഷണ സംവിധാനവും സുരക്ഷാ സംവിധാനവും തമ്മിലുള്ള സംയോജനം കൂടുതല്‍ ശക്‌തിപ്പെടുത്തുക.
- ഫെഡറല്‍ ഘടന ലംഘിക്കാതെവേണം ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേറ്റിംഗ് ഏജന്‍സി പ്രവര്‍ത്തിക്കാന്‍. ഒരു പ്രത്യേക സംസ്‌ഥാനത്തിനുള്ളില്‍ അന്വേഷണം നടത്തുമ്പോള്‍ ആ സംസ്‌ഥാന ഗവണ്‍മെന്‍റുമായി ബന്‌ധപ്പെട്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം.
- പൊലീസ് സേനയുടെ ആധുനികവല്‍ക്കരണം.
- തീരദേശ സുരക്ഷാ സംവിധാനം ശക്‌തിപ്പെടുത്തുക.
- 180 ദിവസംവരെ ജാമ്യമില്ലാതെ കരുതല്‍ തടങ്കലില്‍വെയ്‌ക്കാം, വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന് 3 കൊല്ലത്തെ തടവ് തുടങ്ങിയ കിരാതമായ വകുപ്പുകള്‍ എടുത്തുകളയുന്നതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ഭേദഗതിചെയ്യുക.
ഒരു സ്വതന്ത്ര വിദേശനയത്തിലേക്ക്
വിദേശനയം
താഴെ പറയുന്ന കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.
- സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കുംവിധം സ്വതന്ത്രവും ചേരിചേരായ്‌മയിലധിഷ്‌ഠിതവുമായ വിദേശനയം ഉയര്‍ത്തിപ്പിടിക്കും; ദക്ഷിണ - ദക്ഷിണ സഹകരണത്തിനും ഒരു പുത്തന്‍ അടിത്തറയില്‍ ചേരിചേരാ പ്രസ്‌ഥാനത്തെ പുനരുജ്‌ജീവിപ്പിക്കുന്നതിനും മുന്‍കൈയെടുക്കും.
- അന്തര്‍ദേശീയ ബന്‌ധങ്ങളില്‍ ബഹുധ്രുവത പ്രോല്‍സാഹിപ്പിക്കുക; ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (BRICS) എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്‌തിപ്പെടുത്തുക; ചൈനയുമായുള്ള ബന്‌ധങ്ങള്‍ മെച്ചപ്പെടുത്തുക; ഇന്ത്യ, ചൈന, റഷ്യ എന്നിവയ്‌ക്കിടയിലുള്ള ത്രിതല സഹകരണം വികസിപ്പിക്കുക.
- യുഎസ് സൈനിക ഇടപെടലുകളെ എതിര്‍ക്കുക; യുഎസ് സ്‌പോണ്‍സര്‍ ചെയ്യുന്ന `ഭീകരതക്കെതിരായ യുദ്ധ'ത്തില്‍നിന്ന് അകലം പാലിക്കുക.
- രാജ്യങ്ങള്‍ തമ്മിലുള്ള എല്ലാവിധ തര്‍ക്കങ്ങളും കൈകാര്യം ചെയ്യാവുന്ന വിധം ഐക്യരാഷ്‌ട്ര സഭയെപ്പോലുള്ള ബഹുതല സംവിധാനങ്ങളെ ശക്‌തിപ്പെടുത്തുക; ഐക്യരാഷ്‌ട്രസഭയുടെയും സുരക്ഷാ കൗണ്‍സിലിന്‍െറയും സംവിധാനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക.
- ഏതു തരത്തിലുള്ള അന്തര്‍ദേശീയ ഉടമ്പടികളുണ്ടാക്കുന്നതിനും നിയമനിര്‍മാണ സഭയുടെ അംഗീകാരം നിര്‍ബന്‌ധമാക്കുന്നവിധം ഭരണഘടനാ ഭേദഗതി വരുത്തുക.
- ഇന്ത്യയിലെയും പാകിസ്‌ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്‌ധത്തെ പ്രോല്‍സാഹിപ്പിക്കുക; അനുയോജ്യമായ സമയത്ത് ഇന്ത്യാ -പാക് ചര്‍ച്ച പുനരാരംഭിക്കുക.
- ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ ജീവിക്കുന്ന തമിഴ് ജനതയുടെ ജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ രാഷ്‌ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങള്‍ നടത്തുക; ഐക്യ ശ്രീലങ്ക എന്ന ചട്ടക്കൂടിനകത്ത് തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരം ഉറപ്പുവരുത്തുന്നതിനെ അടിസ്‌ഥാനപ്പെടുത്തിക്കൊണ്ട് ഒരു അടിയന്തിര രാഷ്‌ട്രീയ ഒത്തുതീര്‍പ്പിനായി പരിശ്രമിക്കുക.
- സാര്‍ക് രാജ്യങ്ങളുമായുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ദക്ഷിണേഷ്യയിലെ എല്ലാ അയല്‍രാജ്യങ്ങളുമായി ബന്‌ധങ്ങള്‍ മെച്ചപ്പെടുത്തുക; ഭീകരവാദവും മതപരമായ തീവ്രവാദവും തടയുന്നതിനായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ഏകോപിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുക.
- പശ്‌ചിമേഷ്യന്‍ രാജ്യങ്ങളുമായി അടുത്ത ബന്‌ധങ്ങള്‍ കെട്ടിപ്പടുക്കുക. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ ചെറുത്തുകൊണ്ട് ഇറാന്‍-പാകിസ്‌ഥാന്‍ - ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ സ്‌ഥാപിക്കുന്നതില്‍ വ്യാപൃതമാവുക.
- പലസ്‌തീന്‍കാരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണയേകുക; ഇസ്രയേലുമായുള്ള സൈനിക സുരക്ഷാ ബന്‌ധങ്ങള്‍ ഉപേക്ഷിക്കുക.
- കിഴക്കുനോക്കി നയത്തിന് ഊന്നല്‍ നല്‍കുക; ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായും സാമ്പത്തിക സഹകരണം ശക്‌തിപ്പെടുത്തുക.
സുരക്ഷാകാര്യങ്ങള്‍
- സിവില്‍ ആണവ സഹകരണത്തിനായി അമേരിക്കയുമായുണ്ടാക്കിയ 123 കരാര്‍ പുനഃപരിശോധിക്കുകയും മാറ്റി എഴുതുകയും ചെയ്‌ത് അതിലെ ദ്രോഹകരമായ വകുപ്പുകള്‍ നീക്കം ചെയ്യുക; ആഭ്യന്തര യുറേനിയം,തോറിയം ശേഖരത്തെ അടിസ്‌ഥാനപ്പെടുത്തിയുള്ള സ്വാശ്രയ സിവിലിയന്‍ ആണവോര്‍ജ്‌ജശേഷി നേടുന്നതിനായി പരിശ്രമിക്കുക.
- യുഎന്നിലൂടെ സാര്‍വ്വത്രിക ആണവനിരായുധീകരണത്തിനായി പരിശ്രമിക്കുക; ആണവപരീക്ഷണത്തിന് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം വേണമെന്ന് നിബന്‌ധന വെക്കുക; ദക്ഷിണേഷ്യയില്‍ ആണവ ഭീഷണിയില്ലാത്ത പരിത:സ്‌ഥിതി വളര്‍ത്തിയെടുക്കുന്നതിന് പരിശ്രമിക്കുക. ഇന്ത്യാ സമുദ്രത്തിലെ ദീഗോ ഗാര്‍ഷ്യയില്‍ സ്‌ഥിതി ചെയ്യുന്ന അമേരിക്കന്‍ സൈനിക താവളത്തില്‍നിന്ന് ആണവായുധങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുക.
- അമേരിക്കയുമായുള്ള പ്രതിരോധ ചട്ടക്കൂട് കരാര്‍ റദ്ദാക്കുകയും ഇന്തോ- അമേരിക്കന്‍ സംയുക്‌ത സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്യുക.
- ദക്ഷിണേഷ്യയില്‍ വിദേശരാജ്യങ്ങളുടെ സൈനികതാവളങ്ങളൊന്നും അനുവദിക്കില്ലെന്ന നയം പ്രോല്‍സാഹിപ്പിക്കുക.
- പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്‌ഥയുടെ ചട്ടക്കൂടിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സുരക്ഷാസംവിധാനം രൂപപ്പെടുത്തുക.
ജനങ്ങളുടെ അവകാശങ്ങള്‍ക്കും ജീവിതോപാധികളുടെ സുരക്ഷക്കും സാമൂഹ്യനീതിക്കും വേണ്ടി
തൊഴിലാളിവര്‍ഗം
- 5-ാമത് ഐഎല്‍സി മാനദണ്‌ഡങ്ങളുടെ അടിസ്‌ഥാനത്തില്‍ തൊഴിലാളികളുടെ മിനിമം കൂലി നിരക്ക് പുതുക്കി നിശ്‌ചയിക്കുക; വില സൂചികകള്‍ പുതുക്കി നിശ്‌ചയിക്കുക.
- അന്തര്‍സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടേതടക്കം എല്ലാ തൊഴില്‍നിയമങ്ങളും കണിശമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക; തൊഴില്‍രംഗത്തെ കരാര്‍വല്‍ക്കരണവും താല്‍കാലികവല്‍ക്കരണവും നിരുല്‍സാഹപ്പെടുത്തും.
- അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള നിയമനിര്‍മ്മാണത്തെ മെച്ചപ്പെടുത്തുകയും തൊഴില്‍കാര്യ സ്‌റ്റാന്‍റിംഗ് കമ്മിറ്റിയുടെ ഇക്കാര്യത്തിലുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്യും; കുടിയേറ്റ തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും പ്രത്യേക സാമൂഹ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കും.
- രഹസ്യ ബാലറ്റിലൂടെ തൊഴിലാളി യൂണിയന്‍ അംഗീകാരം ഉറപ്പാക്കുകയും തൊഴിലാളി യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും; സ്വകാര്യമേഖലയിലും പൊതുമേഖലയിലും മാനേജ്‌മെന്‍റില്‍ തൊഴിലാളി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും.
- എല്ലാ മേഖലയിലും സ്‌ത്രീ തൊഴിലാളികള്‍ക്ക് തുല്യവേതനം ഉറപ്പാക്കും. വീട് അടിസ്‌ഥാനമായി തൊഴിലെടുക്കുന്നവരടക്കം അസംഘടിത മേഖലയിലെ എല്ലാ സ്‌ത്രീ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രസവാനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ സാമൂഹ്യ സുരക്ഷാ നടപടികള്‍ അംഗീകരിക്കും.
- തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുകയും വിശാഖാ കേസിലെ വിധിന്യായത്തിന്‍െറ അടിസ്‌ഥാനത്തില്‍ നിയമനിര്‍മാണം നടത്തുകയും ചെയ്യും.
- അംഗന്‍വാടിതൊഴിലാളികള്‍, ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തകര്‍, ഉച്ചഭക്ഷണതൊഴിലാളികള്‍ എന്നിവരെ ഗവണ്‍മെന്‍റ് ജീവനക്കാരായി അംഗീകരിക്കുകയും അവര്‍ക്ക് തൊഴിലും സാമൂഹ്യസുരക്ഷിതത്വവും നല്‍കുകയും ചെയ്യും.
- മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുകയും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ചേര്‍ക്കുകയും ചെയ്യും. വിദേശ ട്രോളറുകള്‍ നിരോധിക്കും. വന്‍കിട ട്രോളറുകളുടെ മല്‍സ്യനശീകരണ നടപടികളെയും നിരോധിക്കും. തീരദേശ മാനേജ്‌മെന്‍റ് സോണ്‍ നോട്ടിഫിക്കേഷന്‍ സംബന്‌ധിച്ച കരട് റദ്ദാക്കും.
- പണിമുടക്കാനുള്ള അവകാശം
- സംഘടിക്കുവാനും കൂട്ടായി വില പേശുന്നതിനും പണിമുടക്കുന്നതിനുമുള്ള ഗവണ്‍മെന്‍റ് ജീവനക്കാരടക്കം എല്ലാ തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കും; പണിമുടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി റദ്ദാക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരും.
- മറ്റു പൗരന്മാര്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ഭരണപരമായ സ്വന്തം ഉത്തരവാദിത്വങ്ങള്‍ക്ക് വിധേയമായിക്കൊണ്ട്, ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്കും അനുഭവിക്കുവാന്‍ അവകാശമുണ്ടെന്ന ഐഎല്‍ഒ കണ്‍വെന്‍ഷന്‍ 151-ാം പ്രമേയത്തെ അംഗീകരിക്കും.
- കര്‍ഷകര്‍
- കാര്‍ഷികവിളകള്‍ക്ക് സ്‌ഥിരവും ആദായകരവുമായ വില ഉറപ്പാക്കും.
- ആഗോള വിലയിടിവില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവ ഉയര്‍ത്തും.
- വ്യവസ്‌ഥാപിത സ്‌ഥാപനങ്ങളില്‍നിന്നും പണമിടപാടുകാരില്‍നിന്നും വാങ്ങിയ വായ്‌പകളെ ഉള്‍പ്പെടുത്തത്തക്കവിധം ദുരിത ബാധിതരായ കര്‍ഷകര്‍ക്ക് സമഗ്രമായ വായ്‌പറദ്ദാക്കല്‍ പദ്ധതി ഉറപ്പുവരുത്തും.
- ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കും, കര്‍ഷകരുടെ വിളകള്‍ക്കും കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
- ജലവിനിയോഗം, കാര്‍ഷിക നിക്ഷേപ വസ്‌തുക്കള്‍ വാങ്ങല്‍, വിള സംഭരണം, ഉല്‍പന്ന വിപണനം, ഡയറി എന്നിവയ്‌ക്ക് സഹകരണ സ്‌ഥാപനങ്ങള്‍ ഉണ്ടാക്കുകയും ശക്‌തിപ്പെടുത്തുകയും ചെയ്യും.
കര്‍ഷക തൊഴിലാളികള്‍
- കര്‍ഷക തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കും. സ്‌ത്രീകളായ കര്‍ഷക തൊഴിലാളികള്‍ക്ക് തുല്യവേതനം ഉറപ്പുവരുത്തും.
- കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പുവരുത്തുക, കൂട്ടായ വിലപേശലിനുള്ള അവകാശം, പെന്‍ഷന്‍, അപകട നഷ്‌ടപരിഹാരം മുതലായവ കേന്ദ്ര ഫണ്ടിങ്ങോട്ടുകൂടി നടപ്പാക്കുന്നതിന് പ്രത്യേകവും സമഗ്രവുമായ നിയമനിര്‍മാണം കൊണ്ടുവരും.
- കര്‍ഷക തൊഴിലാളികള്‍ക്ക് സൗജന്യമായി ഭൂമി പുനര്‍ വിതരണം ചെയ്യും. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും കിടപ്പാടം നല്‍കും. എല്ലാ ഗ്രാമീണ തൊഴിലാളികള്‍ക്കും ഗ്രാമീണ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും.
സ്‌ത്രീകള്‍
- നിയമനിര്‍മാണസഭകളില്‍ സ്‌ത്രീകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ ലഭിക്കുന്ന വിധം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് വനിതാ സംവരണ ബില്‍ നിയമമാക്കും.
- കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തും;വൈവാഹിക സ്വത്തിന്മേല്‍ കൂട്ടവകാശം നിയമപരമായി അംഗീകരിക്കും; അന്തസ്സിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രത്യേകം നിയമം കൊണ്ടുവരും; ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുകയും അതിനിരയായവര്‍ക്ക് സഹായമുറപ്പാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
- ഈയിടെ ക്രിമിനല്‍ നടപടി നിയമത്തില്‍ വരുത്തിയ ഭേദഗതികളിലൂടെ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വകുപ്പുകളില്‍ നടത്തിയ വെള്ളം ചേര്‍ക്കലുകളെ ഒഴിവാക്കും.
- സ്വയംസഹായ സംഘങ്ങള്‍ക്ക് 4% പലിശനിരക്കില്‍ വായ്‌പ അനുവദിക്കും. സ്വയംസഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് പരിശീലനവും സഹായവും നല്‍കും.
- എല്ലാ സമുദായങ്ങളിലെയും സ്‌ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കും. വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്‌ധിതമാക്കും.
- പെണ്‍ഭ്രൂണഹത്യയും സ്‌ത്രീധനവും നിര്‍മാര്‍ജ്‌ജനം ചെയ്യുന്നത് ദേശീയ ലക്ഷ്യമായി ഏറ്റെടുക്കും.
- കേന്ദ്ര ബജറ്റില്‍ സ്‌ത്രീകള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ നീക്കിവെക്കും; വിധവകള്‍ക്ക് പ്രത്യേക തൊഴില്‍പദ്ധതിയും പെന്‍ഷനും നടപ്പാക്കും; സ്‌ത്രീകള്‍ നാഥകളായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്‍റ് പദ്ധതികളില്‍ മുന്‍ഗണന നല്‍കും.
കുട്ടികള്‍
- ആറുവയസ്സുവരെയുള്ള വിഭാഗത്തില്‍പെട്ട എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്താവുന്നവിധം ഐസിഡിഎസ് സാര്‍വത്രികമാക്കും; ഐസിഡിഎസ് സ്വകാര്യവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കും.
- അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കും. സാര്‍വത്രിക രോഗ പ്രതിരോധം ഉറപ്പാക്കും.
- കുട്ടികള്‍ തൊഴിലെടുക്കുന്നത് നിരോധിക്കുന്ന നിയമം ഫലപ്രദമായി നടപ്പിലാക്കും; രക്ഷപ്പെടുത്തപ്പെട്ട ശൈശവ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കും.
ദളിതര്‍
- പട്ടികജാതിക്കാര്‍ക്കെതിരായി നടക്കുന്ന തൊട്ടുകൂടായ്‌മക്കും അതിക്രമങ്ങള്‍ക്കുമെതിരെ കര്‍ശനമായ നടപടികള്‍ ഉറപ്പാക്കും.
- പ്രത്യേക ഘടകപദ്ധതിക്കുകീഴില്‍ വകയിരുത്തല്‍ വര്‍ധിപ്പിക്കും. ദളിതരുടെയും ആദിവാസികളുടെയും ജലസേചന സൗകര്യമില്ലാത്ത ഭൂമിയില്‍ ചെറുകിട ജലസേചനത്തിനായി ഒരു സമഗ്ര ദേശീയ പദ്ധതി നടപ്പിലാക്കും.
- ദളിത് ക്രിസ്‌ത്യാനികള്‍ക്കും ദളിത്‌മുസ്ലീങ്ങള്‍ക്കും സംവരണം വ്യാപിപ്പിക്കും.
- സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമനിര്‍മാണം കൊണ്ടുവരും.
- പ്രത്യേക നിയമന നടപടിയിലൂടെ പട്ടികജാതിക്കാര്‍ക്കുള്ള സംവരണ സീറ്റുകള്‍, തസ്‌തികകള്‍, പ്രമോഷന്‍ എന്നിവയിലുള്ള കുടിശ്ശിക (backlog) നികത്തും. പട്ടികജാതി (തസ്‌തികകളിലും സേവനങ്ങളിലുമുള്ള സംവരണം) ഭേദഗതി നിയമം റദ്ദാക്കും.
- സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്‌റ്റല്‍ സംവിധാനങ്ങള്‍ എന്നിവ വര്‍ധിപ്പിച്ച് പട്ടികജാതിക്കാര്‍ക്കിടയില്‍ ദൃശ്യമാകുന്ന സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തുനിന്നുള്ള കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കും.
- തോട്ടി ജോലി ചെയ്യുന്നവരുടെയും അടിമപ്പണിക്കാരുടെയും പൂര്‍ണമായ മോചനവും പുനരധിവാസവും ഉറപ്പാക്കും. ശുചീകരണ സേവന പ്രവര്‍ത്തനത്തിലെ കരാര്‍ തൊഴിലാളികളെ സ്‌ഥിരപ്പെടുത്തും.
ആദിവാസികള്‍
- എല്ലാ ഗവണ്‍മെന്‍റ് സേവനങ്ങളിലും പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള തസ്‌തികകളിലെ ഒഴിവുകള്‍ നികത്തും. സ്വകാര്യമേഖലയിലേക്കു കൂടി സംവരണം വ്യാപിപ്പിക്കും.
- ആദിവാസികളുടെ ഭൂമിയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരില്‍നിന്ന് നിയമവിരുദ്ധമായി തട്ടിയെടുക്കപ്പെട്ടിട്ടുള്ള ഭൂമി തിരിച്ചു നല്‍കുകയും ചെയ്യും.
- 2006ലെ പട്ടികവര്‍ഗ- മറ്റു പരമ്പരാഗത വനവാസി (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമം പൂര്‍ണമായി നടപ്പിലാക്കും; പരമ്പരാഗത വനവാസികളെ കൂടി ഉള്‍പ്പെടുത്താവുന്ന വിധം യുക്‌തിപൂര്‍ണമായ നിര്‍വചനത്തോടെ നിയമം ഭേദഗതി ചെയ്യും.
- ആവശ്യമെങ്കില്‍ ആറും ഏഴും പട്ടികകളുടെ സംരക്ഷണം ലഭ്യമാക്കിക്കൊണ്ട്, ഗോത്രവര്‍ഗക്കാര്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയം ഭരണാവകാശം ഉറപ്പാക്കും. അഞ്ച്, ആറ് പട്ടികകളില്‍പെട്ട പ്രദേശങ്ങളിലേക്ക് ജനാധിപത്യപരമായ പഞ്ചായത്ത് സംവിധാനം വ്യാപിപ്പിക്കും.
- ഗോത്രവര്‍ഗ ഭാഷകളും ലിപികളും അംഗീകരിക്കുകയും അവയുടെ വികസനം ഉറപ്പാക്കുകയും ചെയ്യും. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ കോക് ബരാക് ഉള്‍പ്പെടുത്തും.
- ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനം, കുടിവെള്ള വിതരണ സംവിധാനം, ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവ വ്യാപിപ്പിക്കും.
മറ്റു പിന്നോക്ക സമുദായങ്ങള്‍
- കേന്ദ്ര വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ 27% ഒബിസി സംവരണം ശരിയായി നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തും. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും ഒബിസി സംവരണം വ്യാപിപ്പിക്കും.
- പിന്നോക്ക വര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മീഷന്‍ ശക്‌തിപ്പെടുത്തും.
- ഒബിസി സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ലളിതവല്‍ക്കരിക്കും.
ന്യൂനപക്ഷങ്ങള്‍
- ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം പരിഹരിക്കുന്നതിന് ആവശ്യമായ അധികാരങ്ങളോടെ ഒരു തുല്യാവസര കമ്മീഷന്‍ രൂപപ്പെടുത്തും.
- സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഗോത്രവര്‍ഗ ഉപ പദ്ധതിയുടെ ചുവടുപിടിച്ചുകൊണ്ട് മുസ്ലിം ന്യൂനപക്ഷത്തിന് ഒരു ഉപ പദ്ധതി രൂപപ്പെടുത്തും. മുസ്ലിം ജനവിഭാഗം കേന്ദ്രീകരിച്ചിരിക്കുന്ന ജില്ലകളെ ലക്ഷ്യമാക്കിക്കൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പ്രത്യേക മുന്‍കൈ നടപടികള്‍ സ്വീകരിക്കും.
- രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും സമ്പൂര്‍ണ്ണമായ പൊതുചര്‍ച്ച ഉറപ്പുവരുത്തുകയും ചെയ്യും; ഒരു അടിയന്തിര നടപടിയെന്ന നിലയില്‍, മുസ്ലിം സമുദായത്തിലെ ഭൂരിഭാഗം വരുന്ന മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട മുസ്ലീങ്ങളെ, സംസ്‌ഥാനതലത്തില്‍ പ്രത്യേക വകയിരുത്തലുകളോടെ ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തും.
- ബാങ്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നല്‍കുന്ന വായ്‌പകളില്‍ 15% പ്രത്യേകമായി മുസ്ലിങ്ങള്‍ക്കായി നീക്കിവെക്കും; സ്വയം തൊഴിലെടുക്കുന്ന മുസ്ലിം യുവാക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പ ഉറപ്പുവരുത്തും.
- മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകം ഊന്നല്‍ നല്‍കും; മുസ്ലിം വിദ്യാര്‍ത്‌ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഹോസ്‌റ്റല്‍ സൗകര്യങ്ങളും ഗണ്യമായി വര്‍ധിപ്പിക്കും.
- സ്‌കൂളുകളില്‍ ഉറുദുപഠനം പ്രോല്‍സാഹിപ്പിക്കും; ഉറുദു ഭാഷയില്‍ നല്ല നിലവാരമുള്ള പാഠപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഉറുദു അധ്യാപക തസ്‌തികകളില്‍ ഉള്ള ഒഴിവുകള്‍ നികത്തുകയും ചെയ്യും.
മുതിര്‍ന്ന പൗരന്മാര്‍
- ജീവിത ചെലവിനൊത്തവിധം എല്ലാ വിഭാഗത്തിലുംപെട്ട പെന്‍ഷണര്‍മാര്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിക്കും; വിമുക്‌ത ഭടന്മാര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പിലാക്കും.
- സര്‍ക്കാര്‍ സഹായത്തോടെ വൃദ്ധജന ഭവനങ്ങള്‍/ഡെ കെയര്‍ സെന്‍ററുകള്‍ എന്നിവയുടെ ഒരു ശൃംഖല കെട്ടിപ്പടുക്കും.
- മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കും സേവിംഗ്‌സ് സ്‌കീമുകള്‍ക്കും വേര്‍തിരിവുള്ളതും ഉയര്‍ന്നതുമായ പലിശ നിരക്കുകള്‍ ഏര്‍പ്പെടുത്തും.
വ്യത്യസ്‌തമായ കഴിവുകളുള്ളവര്‍
- അംഗവൈകല്യ നിയമം കൊണ്ടുവന്ന് ഇങ്ങനെയുള്ളവരെ ശക്തിപ്പെടുത്തും
- പൊതുമേഖലാ തൊഴിലുകളില്‍ അംഗവൈകല്യമുള്ളവര്‍ക്കുള്ള സംവരണവും, ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍, വിദ്യാഭ്യാസം എന്നിവയിലെ സംവരണവും ശരിയായ രീതിയില്‍ നടപ്പിലാക്കും.
- എല്ലാ തരത്തിലുമുള്ള കെട്ടിടങ്ങള്‍, പൊതുസ്‌ഥലങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട്, വിവര മേഖല, മറ്റു മേഖലകള്‍ എന്നിവ അംഗവൈകല്യമുള്ളവര്‍ക്ക് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സൗകര്യം നല്‍കുകയും തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.
- ഗവണ്‍മെന്‍റ്, അംഗവൈകല്യമുള്ളവര്‍ക്ക് സഹായങ്ങളും ഉപകരണങ്ങളും സൗജന്യമായി നല്‍കുമെന്ന് ഉറപ്പുണ്ടാക്കും.
യുവജനം
- യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഗണന നല്‍കിക്കൊണ്ട് ഒരു ദേശീയ യുവജനനയം അംഗീകരിക്കും.
- രാജ്യത്തിന്‍െറ എല്ലാ ഭാഗത്തും യുവാക്കള്‍ക്ക് കായിക-സാംസ്‌കാരിക സൗകര്യങ്ങള്‍ നല്‍കുന്നതിന് ഉതകുന്ന ഒരു ശൃംഖല ഏര്‍പ്പെടുത്തും.
- ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ദേശീയ ഐക്യവും പ്രോല്‍സാഹിപ്പിക്കുന്നതിന് ഉതകുന്ന വിധം നെഹ്‌റു യുവകേന്ദ്ര പുനഃസംഘടിപ്പിക്കും.
ജനങ്ങളുടെ ക്ഷേമം
തൊഴില്‍ ഉറപ്പ്
- പ്രായപൂര്‍ത്തിയായ എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വിധവും തൊഴില്‍ദിനങ്ങള്‍ ആവശ്യത്തിന് നല്‍കാവുന്ന വിധവും തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും, നിയമനിര്‍മാണത്തിലൂടെ തൊഴിലുറപ്പു പദ്ധതി നഗര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
- ഗ്രാമ പ്രദേശങ്ങളില്‍ ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന തൊഴിലുകളുടെ പട്ടിക വികസിപ്പിക്കും.
- നിരക്കുകളുടെ പട്ടിക നീതിപൂര്‍വ്വകവും വസ്‌തുനിഷ്‌ഠവുമാക്കിക്കൊണ്ട് കുറഞ്ഞ കൂലി ഉറപ്പുവരുത്തും; വേതനത്തിന്‍െറ ഒരു ഭാഗമായി ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് നല്‍കും.
വിദ്യാഭ്യാസം
- ജിഡിപിയുടെ 6% ആയി വിദ്യാഭ്യാസത്തിന്മേലുള്ള പൊതു ചെലവ് വര്‍ധിപ്പിക്കും.
- വിദ്യാഭ്യാസാവകാശ നിയമനിര്‍മാണം നടത്തും; ഇതിന്‍െറ നടത്തിപ്പിനായി വരുന്ന സാമ്പത്തിക ബാധ്യതയുടെ സിംഹഭാഗവും കേന്ദ്ര ഗവണ്‍മെന്‍റ് വഹിക്കും.
- കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനുതകുന്ന വിധം സെക്കന്‍ററി വിദ്യാഭ്യാസം വികസിപ്പിക്കും. എസ്‌എസ്‌എ സ്‌കൂളുകളില്‍ പശ്‌ചാത്തലസൗകര്യങ്ങളും വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരവും മെച്ചപ്പെടുത്തും.
- ഫീസ്, അഡ്‌മിഷന്‍, കരിക്കുലം എന്നിവ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തും.
- ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ പ്രത്യക്ഷ മൂലധന നിക്ഷേപം അനുവദിക്കുന്നതല്ല. വിദേശ വിദ്യാഭ്യാസ സജ്‌ജീകരണക്കാരെ സംബന്‌ധിച്ച ബില്‍ റദ്ദാക്കും.
- ഇന്ത്യയുടെ സാമൂഹ്യവും സാംസ്‌കാരികവുമായ വൈവിധ്യം അംഗീകരിക്കുന്നതും പുരോഗമനപരവും ജനാധിപത്യപരവുമായ കരിക്കുലവും സിലബസും എല്ലാ വിദ്യാഭ്യാസതലത്തിലും അംഗീകരിക്കും.
- എലിമെന്‍ററി സ്‌കൂള്‍ അധ്യാപകരുടെ ശമ്പളസ്‌കെയില്‍ പുതുക്കും. വിദ്യാഭ്യാസരംഗത്ത് അനൗപചാരിക ജീവനക്കാരെ സ്ഥിരപ്പെടുത്തും.
- എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെയും വിദ്യാര്‍ത്‌ഥികള്‍, അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ എന്നിവരുടെ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുവരുത്തും. എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും വിദ്യാര്‍ത്‌ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നിര്‍ബന്‌ധിതമാക്കും.
ആരോഗ്യം
- ആരോഗ്യരംഗത്തെ പൊതുചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയര്‍ത്തും.
- അടിസ്‌ഥാനപരമായ എല്ലാ ആരോഗ്യ സേവനങ്ങളും ലഭ്യമാവുമെന്ന് ഉറപ്പാക്കുന്നവിധം പൊതു ആരോഗ്യ സംവിധാനം വികസിപ്പിക്കുകയും ശക്‌തിപ്പെടുത്തുകയും ചെയ്യും. സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തിലൂടെ ആരോഗ്യ സംരക്ഷണരംഗത്തെ സ്വകാര്യവല്‍ക്കരണ പ്രവണത തിരുത്തി കുറിക്കും.
- പൊതു ആരോഗ്യസംവിധാനത്തിലൂടെ എല്ലാ അത്യാവശ്യ മരുന്നുകളുടേയും ക്രമമായ ലഭ്യത ഉറപ്പുവരുത്തും; എല്ലാ അത്യാവശ്യ മരുന്നുകളും വില നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരും; മരുന്നുകളുടെ അപകടകരമായ ചേരുവകള്‍ വിപണിയില്‍നിന്ന് ഒഴിവാക്കും.
- അത്യാവശ്യ മരുന്നുകളുടെയും വാക്‌സിനുകളുടെയും പൊതുമേഖലാ ഉല്‍പാദനം പുനരുജ്‌ജീവിപ്പിക്കും.
- വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വക തിരിവില്ലാത്ത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിരോധിക്കും.
- ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്തും.
നഗരങ്ങളിലെ പ്രശ്‌നങ്ങള്‍
- ആസൂത്രിത നഗരവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കും; നഗര പശ്‌ചാത്തല സൗകര്യരംഗത്ത് കൂടുതല്‍ പൊതുമുതല്‍മുടക്ക് നടത്തും. ആധുനികവും ചെലവുകുറഞ്ഞതുമായ പൊതു ഗതാഗത, പൊതുയാത്രാ സംവിധാനങ്ങള്‍ താങ്ങാവുന്ന ചെലവില്‍ ഏര്‍പ്പെടുത്തും.
- നഗരത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കുടിവെള്ളം, ശുചീകരണം, യാത്രാസൗകര്യം, റേഷന്‍ഷാപ്പുകള്‍, ആരോഗ്യ സംവിധാനങ്ങള്‍, സ്‌കൂളുകള്‍ മുതലായ അടിസ്‌ഥാന സൗകര്യങ്ങള്‍ താങ്ങാവുന്ന ചെലവില്‍ ഉറപ്പുവരുത്തും.
- ചേരി പൊളിക്കല്‍ നിര്‍ത്തിവെക്കും. ചേരികളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ഉറപ്പുവരുത്തും.
- സാമൂഹ്യമായും സാമ്പത്തികമായും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും വീടു നിര്‍മിച്ചു കൊടുക്കുന്നതിന് പൊതുവായി വകയിരുത്തല്‍ വര്‍ധിപ്പിക്കും. സമ്പന്ന വര്‍ഗങ്ങള്‍ക്കുവേണ്ടിയുള്ള അനിയന്ത്രിതമായ റിയല്‍ എസ്‌റ്റേറ്റ് വികസനത്തിന് തടയിടും.
പരിസ്ഥിതി
- പരിസ്‌ഥിതി പ്രത്യാഘാത വിലയിരുത്തല്‍ (ഇഐഎ) പ്രക്രിയയെ സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവും നിക്ഷിപ്‌ത താല്‍പര്യങ്ങളില്‍നിന്ന് വിമുക്‌തവുമാക്കും; 2009ലെ ഇഐഎ പ്രഖ്യാപനം പുനഃപരിശോധനാ വിധേയമാക്കും.
- ഹരിതവാതകം പുറന്തള്ളുന്നതിനെ ഊര്‍ജ്‌ജ കാര്യക്ഷമ സാങ്കേതിക വിദ്യകളിലൂടെയും ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെയും നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സൗരോര്‍ജ്‌ജം, മറ്റു പാരമ്പര്യേതര ഊര്‍ജ്‌ജസ്രോതസ്സുകള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കും.
- പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര നീക്കിയിരുപ്പ് വര്‍ധിപ്പിക്കും. പ്രകൃതി ദുരന്തങ്ങളും നാശങ്ങളും കൈകാര്യം ചെയ്യുന്നതിന് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും.
- ഫലപ്രദമായ നിയമ നിര്‍മാണത്തിലൂടെ നദികളും മറ്റു ജലസംഭരണികളും മലിനീകരിക്കുന്നത് നിയന്ത്രണ വിധേയമാക്കും.
- തീരപ്രദേശ നിയന്ത്രണ നിയമവും ചതുപ്പുനില നിയന്ത്രണ അതോറിറ്റിയും ജനങ്ങളുടെ ദീര്‍ഘകാല താല്‍പര്യങ്ങളും പരിസ്‌ഥിതി താല്‍പര്യവും പ്രോല്‍സാഹിപ്പിക്കാവുന്ന വിധത്തില്‍ നടപ്പിലാക്കും.
ജലസ്രോതസ്സുകള്‍
- ആഭ്യന്തര ഉപഭോഗം, ജലസേചനം, വ്യവസായികാവശ്യങ്ങള്‍ എന്നിവക്ക് ജലലഭ്യത വര്‍ധിപ്പിക്കുന്നവിധം ഒരു ദേശീയ ജലനയം രൂപീകരിക്കും. എല്ലാ പാര്‍പ്പിടമേഖലകള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന നല്‍കും.
- ജലസ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണവും വ്യാപാരവല്‍ക്കരണവും നിയന്ത്രിക്കും. ഭൂഗര്‍ഭജല ദുരുപയോഗം കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ തടയും.
ശാസ്‌ത്ര - സാങ്കേതിക വിദ്യകള്‍
- സ്വാശ്രയത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് ശാസ്‌ത്ര-സാങ്കേതികരംഗത്ത് സ്വദേശ ഗവേഷണത്തിനായി പൊതുമുതല്‍മുടക്ക് വര്‍ധിപ്പിക്കും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ വികേന്ദ്രീകരണം ഏര്‍പ്പെടുത്തും. ശാസ്‌ത്രരംഗത്ത് മൗലിക ഗവേഷണത്തിന് മുന്‍ഗണന നല്‍കും.
- കോപ്പിറൈറ്റ് അല്ലെങ്കില്‍ പാറ്റന്‍റ് തുടങ്ങി കുത്തക ഉടമസ്‌ഥാവകാശത്തില്‍നിന്ന് സ്വതന്ത്രമായ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍, മറ്റു പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കും; ജൈവ സാങ്കേതികവിദ്യ, മരുന്നുകളുടെ കണ്ടുപിടുത്തം തുടങ്ങിയ വിജ്‌ഞാനശാഖകളില്‍ ``പൊതുവിജ്‌ഞാന'' ("knowledge commons'') സമീപനം പ്രോല്‍സാഹിപ്പിക്കും.
- പൊതുവായ ഫണ്ടു ഉപയോഗിക്കുന്ന പരീക്ഷണശാലകളില്‍ വികസിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പാറ്റന്‍റിങ്ങ് അനുവദിക്കുന്ന പബ്ലിക് ഫണ്ടഡ് ആര്‍ & ഡി ബില്‍ റദ്ദാക്കും.
- ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശ നിയമത്തിന് തികച്ചും അനുസൃതമായവിധം പ്രവര്‍ത്തിക്കും എന്ന് ഉറപ്പുവരുത്തത്തക്കവിധം പാറ്റന്‍റ് ആപ്പീസുകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കും. ഇന്ത്യന്‍ പാറ്റന്‍റ് ആപ്പീസുകളിലെ ഉദ്യോഗസ്‌ഥര്‍ക്ക് യുഎസ്, യൂറോപ്യന്‍ പാറ്റന്‍റ് ആപ്പീസുകളില്‍ പരിശീലനവും നവീകരണവും നല്‍കുന്നത് നിര്‍ത്തലാക്കും.
സംസ്‌കാരം, മാധ്യമങ്ങള്‍
- ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള എല്ലാ ദേശീയ ഭാഷകളെയും തുല്യമായി പ്രോല്‍സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും.
- മതനിരപേക്ഷ, പുരോഗമന ജനാധിപത്യ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കും. സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കലാസൃഷ്‌ടികള്‍ എന്നിവക്കെതിരെ വര്‍ഗീയശക്‌തികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ശക്‌തിയായി നേരിടും.
- അക്രമസംഭവങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും സ്‌ത്രീയെയും ലൈംഗികതയെയും ചരക്കുവല്‍ക്കരിക്കുന്നതും അവസാനിപ്പിക്കും.
- ടിവി, റേഡിയോ എന്നിവയെ യഥാര്‍ത്ഥ പൊതു സംപ്രേഷണ സേവന സ്‌ഥാപനമാക്കി മാറ്റുന്നതിന് വേണ്ടി പ്രസാര്‍ ഭാരതി കോര്‍പ്പറേഷനെ ശക്‌തിപ്പെടുത്തും. പൊതു സംപ്രേഷണ സേവനങ്ങളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികളില്‍ സംസ്‌ഥാനങ്ങള്‍ക്കും നിയന്ത്രണാധികാരം നല്‍കും.
- കുത്തകകളെ തടയുന്നതിനുവേണ്ടി മാധ്യമരംഗത്ത് ക്രോസ് മീഡിയ ഓണര്‍ഷിപ്പ് നിരോധിക്കും. അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചത് ഇല്ലായ്‌മ ചെയ്യും.
- മാധ്യമരംഗത്ത് സ്വതന്ത്ര നിയന്ത്രണ അതോറിറ്റിയായി പ്രവര്‍ത്തിക്കാവുന്നവിധം ഒരു മീഡിയാ കൗണ്‍സില്‍ രൂപീകരിക്കും.
സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍
അഴിമതിക്കെതിരായ പോരാട്ടം
- പ്രധാനമന്ത്രി, പാര്‍ലമെന്‍റംഗങ്ങള്‍, ജുഡീഷ്യറി എന്നീ ഉന്നത സ്‌ഥാനങ്ങളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് അഴിമതി നിര്‍മാര്‍ജ്‌ജനത്തിനായി ലോക് പാല്‍ ബില്‍ നിയമമാക്കും.
- കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങള്‍ സമഗ്രാന്വേഷണത്തിന് വിധേയമാക്കാനുതകുംവിധം അന്വേഷണ ഏജന്‍സികളെയും മറ്റു നിയന്ത്രണാധികാരികളെയും ശക്‌തിപ്പെടുത്താന്‍ പറ്റുന്ന വിധത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ നിയമനിര്‍മ്മാണം വഴി നടപ്പിലാക്കും.
- വിവരാവകാശ നിയമം ശക്‌തിപ്പെടുത്തും.
ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍
- നിയമപരമായ ബാധ്യത, നിയമനം, സ്‌ഥലംമാറ്റം, ജഡ്‌ജിമാരുടെ ഡിസ്‌മിസല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, അഭിഭാഷകര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വതന്ത്ര ഭരണഘടനാ സ്‌ഥാപനമായി പ്രവര്‍ത്തിക്കാവുന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കും.
- സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന ചെലവില്‍ അടിയന്തിരാശ്വാസം ലഭിക്കാവുന്ന വിധം നീതിന്യായ സംവിധാനത്തെ പരിഷ്‌കരിക്കും. ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തും.
- വ്യത്യസ്‌താഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിന് ദുരുപയോഗം ചെയ്യാനാവാത്തവിധം കോടതിയലക്ഷ്യ നിയമത്തിന്‍െറ നിര്‍വ്വചനത്തില്‍ അനുയോജ്യമായ ഭേദഗതി വരുത്തും.
- ജഡ്‌ജിമാര്‍ സ്വന്തം സ്വത്ത് പരസ്യമായി വെളിപ്പെടുത്തണമെന്നത് നിര്‍ബന്‌ധമാക്കും.
തിരഞ്ഞെടുപ്പു കമ്മീഷനിലെ പരിഷ്‌കാരങ്ങള്‍
- പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്‌റ്റീസ് എന്നിവരടങ്ങിയ കമ്മിറ്റിയുടെ ഉപദേശാനുസരണമായിരിക്കണം പ്രസിഡണ്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങളെ നിയോഗിക്കേണ്ടത്.
- അടുത്തൂണ്‍ പറ്റിയതിനുശേഷം തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ ഗവണ്‍മെന്‍റിന് കീഴിലോ, ഗവര്‍ണറായോ എംപിയായോ പ്രവര്‍ത്തിക്കുന്നത് നിയമപരമായി നിരോധിക്കണം.
- തെരഞ്ഞെടുപ്പു നിരീക്ഷകരുടെ അധികാരപരിധി വ്യക്‌തമാക്കുന്നവിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.
- ക്രമസമാധാനരംഗത്ത് തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന ഗവണ്‍മെന്‍റുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനായി ആ രംഗത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍െറ അധികാര പരിധി നിശ്‌ചയിക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും.
തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍
- ഭാഗികമായ പട്ടിക സംവിധാനത്തോടെ ആനുപാതിക പ്രാതിനിധ്യ സംവിധാനം.
- തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ നിരോധിക്കുന്നതിന് ഫലപ്രദമായ നടപടികള്‍.
- അംഗീകരിക്കപ്പെട്ട രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് സാധനങ്ങളുടെ രൂപത്തില്‍ ഭരണകൂടത്തില്‍നിന്ന് ധനസഹായം.
- രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് കോര്‍പ്പറേറ്റ് ധനസഹായം നിരോധിക്കല്‍.
|