Font help
 
 
രക്തസാക്ഷികള്‍  >> കണ്ണൂര്‍

 

കണ്ണൂര്‍ - രക്തസാക്ഷികള്‍

സ. അഴീക്കോടന്‍ രാഘവന്‍

കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കുറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു. 1946 ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്‌തംബര്‍ 19 ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്റെയും, ജനങ്ങളുടെയും മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്‌ക്കപ്പെട്ട ആ ജീവിതം 1972 സെപ്‌തംബര്‍ 23 ന്‌ അഴിമതിക്കാരായ രാഷ്‌ട്രീയ ഭിക്ഷാംദേഹികളുടെ കൊലക്കത്തിക്ക്‌ ഇരയായി.

സ. അബു മാസ്റ്റര്‍

സ.അബു മാസ്റ്റര്‍(കോമത്ത്‌ അബ്‌ദുള്ള) തലശ്ശേരി താലൂക്കില്‍ പാതിരിയാട്‌ മമ്പറം ബസാറില്‍ മമ്പള്ളി മമ്മുവിന്റയും, കോമത്ത്‌ കദീസയുടെയും മകനായി 1919ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ പ്രതിഷേധദിനത്തില്‍ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച്‌ കടപ്പുറത്തെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ വെടിയുണ്ടകളേറ്റ്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു.

സ. മുളിയില്‍ ചാത്തുക്കുട്ടി

സ. മുളിയില്‍ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജില്‍ പാലയാട്‌ ദേശത്തില്‍ പുതിയപറമ്പന്‍ കുഞ്ഞിരാമന്റേയും മുളിയില്‍ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ല്‍ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത്‌ സഖാവ്‌ ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. സഖാവ്‌ ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ്‌ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

സ. എന്‍ ബാലന്‍

തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേയും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന്‍ ജനിച്ചു. 1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാവിന്‌ നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുകയും ചെയ്‌തു. കോണ്‍ഗ്രസില്‍ നിന്ന്‌ സിഎസ്‌പി യിലേക്കും, പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950 ഫെബ്രുവരി 11 ന്‌ നടന്ന സേലം ജയില്‍ വെടിവയ്‌പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.

സ. നീലഞ്ചേരി നാരായണന്‍ നായര്‍

കോട്ടയം താലൂക്കില്‍ മണത്തണയെന്ന്‌ പറയുന്ന പ്രദേശത്താണ്‌ സ. നീലഞ്ചേരി നാരായണന്‍ നായര്‍ ജനിച്ചത്‌. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതില്‍ സഖാവിന്റെ ഉജ്ജ്വല പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്‌പിയില്‍ നിന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലേക്ക്‌ വന്ന സഖാവ്‌ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചു. സഖാവ്‌ ഒളിവ്‌ ജീവിതത്തിലായിരിക്കുമ്പോള്‍ തമിഴ്‌നാട്ടിന്‍ വച്ച്‌ അറസ്റ്റ്‌ ചെയ്‌താണ്‌ സേലം ജയിലിലേക്ക്‌ കൊണ്ടുപോയത്‌. 1950 ഫെബ്രുവരി 11 ന്‌ നടന്ന ഭീകരമായ വെടിവയ്‌പ്പില്‍ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.

സ. രൈരു നമ്പ്യാര്‍

കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത്‌ പുതിയവീട്ടില്‍ കൃഷ്‌ണന്‍ നമ്പ്യാരുടെയും, കൊക്കൂറ കണ്ണോത്ത്‌ കല്യാണി അമ്മയുടെയും മകനായി 1918 ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ മൊറാഴ സംഭവത്തില്‍ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവില്‍ 1950 ല്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു.

സ. മഞ്ഞേരി വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍

മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത്‌ 1922 ജൂലായിലാണ്‌ സ. ഗോപാലന്‍ നമ്പ്യാര്‍ ജനിച്ചത്‌. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത്‌ മഴവെള്ളത്തില്‍ വാഴത്തട ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്‌പി കേമ്പിനു മുന്‍പില്‍ സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ എന്നെഴുതിയ ബോര്‍ഡ്‌ സ്ഥാപിച്ച്‌ പിടി കൊടുക്കാതെ കടന്നിട്ടുണ്ട്‌. തുടര്‍ന്ന്‌ വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ്‌ മയ്യിലിനടുത്ത്‌ ഓലക്കാട്‌ വച്ച്‌ അറസ്റ്റ്‌ ചെയ്‌തതും പാടിക്കുന്നില്‍ വച്ച്‌ രക്തസാക്ഷിയാക്കിയതും.

സ. കുട്ട്യപ്പ

മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി കുടുംബത്തിലാണ്‌ സ.കുട്ട്യപ്പ ജനിച്ചത്‌. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിമാറിയ കുട്ട്യപ്പ പ്രദേശത്ത്‌ നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നുണ്ടായ വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി 1950 മെയ്‌ നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലില്‍ നിന്നും കള്ള ജാമ്യത്തിലെടുത്ത്‌ പാടിക്കുന്നില്‍ വച്ച്‌ വെടി വച്ചുകൊല്ലുകയാണ്‌ ഉണ്ടായത്‌.

സ. കുഞ്ഞാപ്പു മാസ്റ്റര്‍

കപ്പണക്കാല്‍ ചെമ്മരത്തിയുടേയും, തൈവളപ്പില്‍ രാമന്റേയും മൂന്നാമത്തെ പുത്രനാണ്‌ സ. കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്‌തംബര്‍ 15 ന്‌ മട്ടന്നൂരില്‍ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന്‌ മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന്‌ ജാഥയ്‌ക്ക്‌ നേതൃത്വം നല്‍കി. 1948 ല്‍ വടക്കേ മലബാറിലാകെ നിലനിന്ന പൈശാചിക വാഴ്‌ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ്‌ ഒന്നിന്‌ 33-ാം വയസ്സില്‍ ആ ജീവിതം മുനയന്‍കുന്നില്‍ കശാപ്പ്‌ ചെയ്യപ്പെട്ടു.

സ. കേളു നമ്പ്യാര്‍

പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്‌ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ. കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും, പൂഴ്‌ത്തിവയ്‌പ്പിനുമെതിരായ സമരത്തില്‍ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന്‌ ശേഷം കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക്‌ കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തില്‍ ആ കര്‍ഷക ഭടന്‍ കൊല്ലപ്പെട്ടു.

സ. കണ്ണന്‍ നമ്പ്യാര്‍

പനയന്തട്ട ലക്ഷ്‌മിയമ്മയുടെ പുത്രനാണ്‌ കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ്‌ കര്‍ഷകസംഘം പ്രവര്‍ത്തകനായിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തില്‍ മുനയന്‍കുന്നില്‍ സംഘടിപ്പിച്ച വിപ്ലവകാരികളില്‍ കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ്‌ ഒന്നിന്‌ ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.

സ. ചിണ്ടപ്പൊതുവാള്‍

കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ്‌ ചിണ്ടപ്പൊതുവാള്‍ ജനിച്ചത്‌. കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന്‌ മുന്നിട്ടിറങ്ങി. പയ്യന്നൂര്‍ ഫാര്‍ക്കയില്‍ വളണ്ടിയര്‍ ട്രെയിനിങ്ങിന്‌ നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്‌, നെല്ലെടുപ്പുകളില്‍ പൊതുവാളും പങ്കുകൊണ്ടു. 1948ല്‍ മുനയന്‍ കുന്നില്‍ വച്ച്‌ കഴുത്തിന്‌ വെടിയേറ്റ്‌ അദ്ദേഹം രക്തസാക്ഷിയായി.

സ. കുന്നുമ്മല്‍ കുഞ്ഞിരാമന്‍

വിപ്ലവകാരികളുടെ കുടുംബത്തിലാണ്‌ കുന്നുമ്മല്‍ കുഞ്ഞിരാമന്‍ പിറന്നത്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ മര്‍ദ്ദനമേറ്റ്‌ രക്‌്‌തസാക്ഷിത്വം വരിച്ച കുന്നുമ്മല്‍ രാമന്റെ മരുമകനാണ്‌ കുന്നുമ്മല്‍ കുഞ്ഞിരാമന്‍. നീശാപാഠശാലകളില്‍ മുതിര്‍ന്നവര്‍ക്ക്‌ ക്ലാസെടുത്തത്‌ കുഞ്ഞിരാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു. ആ യുവധീരനും 1948ല്‍ മുനയന്‍ കുന്നില്‍ രക്തസാക്ഷിത്വം വരിച്ചു.

സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍

കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ്‌ ഏര്‍പ്പെട്ടത്‌. ക്രമേണ കര്‍ഷകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. ഗകാറോം നെല്ലെടുപ്പില്‍ സഖാവുണ്ടായിരുന്നു. ഇരുപത്തഞ്ചാം വയസ്സിലാണ്‌ എം എസ്സ്‌ പി യുടെ തീയുണ്ടകളേറ്റ്‌ സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷിയായത്‌.


സ. പി സി അനന്തന്‍

1928 ല്‍ കണ്ണൂര്‍ ജില്ലയിലെ ചേലേരിയില്‍ കേറാട്ട്‌ പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍ ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രില്‍ 19 ന്‌ ഗുണ്ടകളുടെ വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ട്‌ ഇ പി കൃഷ്‌ണന്‍ നായര്‍, ഇ കൂഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ ഏതാനും സഖാക്കള്‍ കമ്പില്‍ബസാറില്‍ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി ആളുകള്‍ക്ക്‌ പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃതപ്രായനായ സഖാവിനെ പായയില്‍ കെട്ടി കമ്പില്‍ പുഴയിലൊഴുക്കി. 1948 ഏപ്രില്‍ 28 ന്‌ ആയിരുന്നു ആ സംഭവം നടന്നത്‌.

സ. ഒ പി അനന്തന്‍ മാസ്റ്റര്‍

1951 ഫെബ്രുവരി 11 ന്‌ സേലം ജയിലില്‍ വച്ച്‌ വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ്‌ സഖാവ്‌ ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത്‌ കുറ്റിയാട്ട്‌ അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന്‌ സ്വദേശിയായ ഒതേന്‍മാടത്ത്‌ പാലക്കീല്‍ ദേവകിയമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത്‌ ചെറുകുന്നിലാണ്‌. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്‌പ്പു സംഭവത്തെ തുടര്‍ന്ന്‌ ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന്‌ വലയിലാക്കി. ആ തടവില്‍വെച്ചാണ്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചത്‌.

സ. വി.നാരായണന്‍ നമ്പ്യാര്‍

സ. വി.നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ്‌ ജനിച്ചത്‌. 1990 ല്‍ പിതാവ്‌ തട്ടാന്‍ കണ്ടികുഞ്ഞപ്പ മാതാവ്‌ പള്ളിപ്രവര്‍ ചെറിയ. 1946 സപ്‌തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ്‌ ബോര്‍ഡ്‌ യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത്‌ ജീവനോടെയായിരുന്നില്ല. രണ്ട്‌ ദിവസം കഴിഞ്ഞ്‌ ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ്‌ കൊലചെയ്യപ്പെട്ട നിലയില്‍ സഖാവിന്റെ ജഡം കണ്ടുകിട്ടിയത്‌.

സ. പുന്നക്കോടന്‍ കുഞ്ഞമ്പു

1948 ഏപ്രില്‍ 23 നാണ്‌ സ. പുന്നക്കോടന്‍ കുഞ്ഞമ്പു വെടിയേറ്റ്‌ മരിച്ചത്‌. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്‌ടപ്പാടും കൊണ്ട്‌ ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച്‌ സമരം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

സ. വി.എം. കൃഷ്‌ണന്‍

1962 ജനുവരി നാലിനാണ്‌ സ. വി.എം കൃഷ്‌ണന്‍ രക്തസാക്ഷിയായത്‌. പാനൂര്‍ പ്രദേശത്ത്‌ രാഷ്‌ട്രീയ - സാമൂഹ്യ രംഗങ്ങളില്‍ ചലനം സൃഷ്‌ടിച്ചുകൊണ്ട്‌ ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന്‌ സഖാവിന്റെതായിരുന്നു. പാനൂര്‍ പ്രദേശത്ത്‌ സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം കാപാലികര്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്നാണ്‌ സഖാവിനെ വെട്ടിക്കൊന്നത്‌.


സ. അഷറഫ്‌

കലാലയ വളപ്പില്‍ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനാണ്‌ അഷ്‌റഫ്‌. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്‌.എഫ്‌.ഐ വിജയക്കൊടി നാട്ടിയതില്‍ വിരളിപിടിച്ച കെ എസ്‌ യു ക്കാരാണ്‌ 1972 ല്‍ അഷ്‌റഫിന്റെ കേമ്പസില്‍ വച്ച്‌ കുത്തിവീഴ്‌ത്തിയത്‌. മാരകമായി മുറിവേറ്റ അഷ്‌റഫ്‌ ഏതാനും ആഴ്‌ചകള്‍ക്ക്‌ ശേഷം 1972 മാര്‍ച്ച്‌ 5 നാണ്‌ രക്തസാക്ഷിത്വം വരിച്ചത്‌.


സ. ഒ കെ കുഞ്ഞിക്കണ്ണന്‍

കൂനിച്ചേരി കുഞ്ഞമ്പുവിന്റെയും കുഞ്ഞാതിയമ്മയുടേയും മകനായി 1922 ലാണ്‌ സ. കുഞ്ഞിക്കണ്ണന്‍ ജനിച്ചത്‌. 1970 സെപ്‌തംബര്‍ 11 ന്‌ ഒ.കെ യെ നശിപ്പിക്കാനുള്ള അവസരം ലീഗുകാര്‍ക്ക്‌ കിട്ടി. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചരാണാര്‍ത്ഥം എട്ടിക്കുളത്ത്‌ പ്രചരണം നടത്തിയിരുന്ന ജാഥയെ സെപ്‌തംബര്‍ 11 ന്‌ ലീഗുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ജാഥയുടെ നേര്‍ക്കുള്ള ആക്രമണത്തില്‍ സഖാവ്‌ ഒ.കെ ക്കും, മറ്റ്‌ സഖാക്കള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സഖാവ്‌ ഒ.കെ സെപ്‌തംബര്‍ 14 ന്‌ രാവിലെ കണ്ണൂര്‍ അസ്‌പത്രിയില്‍ വച്ച്‌ അന്ത്യശ്വാസം വലിച്ചു.


സ. കൊളങ്ങരേത്ത്‌ രാഘവന്‍

എകെജിക്ക്‌ ജന്മം നല്‍കിയ പെരളശേരിയിലാണ്‌ രാഘവന്‍ പിറന്നത്‌. ആ മണ്ണ്‌ സഖാവിനെ ഒരു ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ - 1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ്‌ ഐ ഗുണ്ടകള്‍ മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ പന്തക്കപ്പാറ ദിനേശ്‌ ബീഡി ബ്രാഞ്ച്‌ ആക്രമിക്കുകയും സഖാവ്‌ രാഘവനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തു.


സ. സി എം ജോസ്‌

ചുക്കനാനില്‍ അബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്‌. 1972 മുതല്‍ എടക്കോം പാല്‍ സൊസൈറ്റിയുടെ ഡയറക്‌ടറായിരുന്നു. അടിയന്തരാവസ്ഥയില്‍ ആറ്‌ മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ്‌ പുറത്ത്‌ വന്ന്‌ ഏതാനും ദിവസങ്ങള്‍ക്കകം 1976 ഡിസംബര്‍ മുപ്പതിന്‌ രാവിലെ എട്ടുമണിക്ക്‌ ചപ്പാരപ്പടവ്‌ ടൗണില്‍ വെച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളുടെ കുത്തേറ്റ്‌ കൊല്ലപ്പെട്ടു.

സ. കുന്നുമ്പ്രോന്‍ ഗോപാലന്‍

അടിയന്തിരാവസ്ഥക്കാലത്ത്‌ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ ഐ സംഘടിപ്പിച്ച ഗുണ്ടാ കേമ്പുകളില്‍ ഒന്നായ തോലമ്പ്രയിലെ കോണ്‍ഗ്രസ്‌ ഗുണ്ടായിസത്തെ എതിര്‍ക്കുന്നതിലും പാര്‍ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നതിലും അസാമാന്യമായ ധീരത കാണിച്ച സഖാവാണ്‌ കുന്നുമ്പ്രോന്‍ ഗോപാലന്‍. പാര്‍ടി മെമ്പറായിരുന്നു സഖാവ്‌. 1977 ജൂലായ്‌ 11 ന്‌ പകല്‍ നാലു മണിക്കാണ്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ ഗുണ്ടാപ്പട സഖാവിന്റെ നേരെ ചാടി വീണത്‌. കാല്‍ വെട്ടിമുറിക്കപ്പെട്ട സഖാവ്‌ ഉടന്‍ തന്നെ അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.


സ. രാജു മാസ്റ്റര്‍

പാനൂരിലെ കണ്ണമ്പള്ളി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു എട്ടു വീട്ടില്‍ രാജുമാസ്റ്റര്‍. 1978 ഒക്‌ടോബര്‍ 26 ന്‌ സ്‌കൂളില്‍ നിന്ന്‌ വരുന്ന വഴി ആര്‍.എസ്‌.എസു കാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നു. പന്ന്യന്നൂരിലെ ധീരനായ ബഹുജനസംഘാടകനായിരുന്ന രാജുമാസ്റ്റര്‍ പാര്‍ടിയുടെ കിഴക്കേ ചമ്പാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. കര്‍ഷക സംഘത്തിന്റെ വില്ലേജ്‌ കമ്മിറ്റി അംഗമായിരുന്നു. കെ.പി.ടിയുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

സ. പത്മനാഭന്‍

സി പി ഐ എം അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രില്‍ ഒന്നിന്‌ തലശ്ശേരി ചെട്ടിമുക്ക്‌ പരിസരത്തുവച്ച്‌ ആര്‍ എസ്‌ എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്‌.

സ. മെഹമൂദ്‌

തലശ്ശേരി ബസ്സ്‌റ്റാന്റിലെ ചുമട്ട്‌ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു മെഹമൂദ്‌. 1981 ഏപ്രില്‍ രണ്ടിന്‌ കൈവണ്ടിയില്‍ ചരക്ക്‌ വലിച്ചുകൊണ്ടുപോകുമ്പോഴാണ്‌ ആര്‍ എസ്‌ എസുകാര്‍ സഖാവിനെ പിറകില്‍ നിന്നും കുത്തിവീഴ്‌ത്തുയത്‌. വിവാഹിതനും നാല്‌ കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്‌. ധര്‍മ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.


സ. തയ്യില്‍ ഹരീന്ദ്രന്‍

ഓട്ടോറിക്ഷാ തൊഴിലാളി രംഗത്ത്‌ സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും സ്വാധീനം വര്‍ദിച്ചുവരുന്നതില്‍ വിറളിപൂണ്ട ആര്‍എസ്‌എസുകാരാണ്‌ തയ്യില്‍ ഹരീന്ദ്രനെ കുത്തിക്കൊന്നത്‌. ന്യൂമാഹി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു ഹരി സഖാവ്‌. 1986 മെയ്‌ 26 ന്‌ രാത്രിയാണ്‌ സഖാവിനെ ഹിന്ദു വര്‍ഗീയ ഭ്രാന്തന്‍മാര്‍ കൊലചെയ്‌തത്‌.

സ. തടത്തില്‍ ബാലന്‍

1979ല്‍ ഏപ്രില്‍ ആറിന്‌ ആര്‍എസ്‌എസ്‌ ബോംബ്‌ രാഷ്‌ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തില്‍ ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട്‌ സ്വദേശിനിയാണ്‌. പാര്‍ടിയുടെ ഉറച്ച അനുഭാവിയായിരുന്ന സഖാവ്‌ മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ്‌ തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു മുമ്പിലുള്ള കടയില്‍ നില്‍ക്കുമ്പോഴാണ്‌ സഖാവിനെ ആര്‍എസ്‌എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.

സ. പി. ബാലന്‍

പി. ബാലനെ കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയില്‍ വച്ച്‌ ആര്‍ എസ്‌ എസുകാരനാണ്‌ കൊല ചെയ്‌തത്‌. ബാലന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം എതിരാളികള്‍ക്കും പ്രത്യേകിച്ച്‌ ആര്‍ എസ്‌ എസുകാര്‍ക്കും എന്നും ഒരു ഭീഷണിയായിരുന്നു. 1979 ഏപ്രില്‍ 13 ന്‌ രാത്രി ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ തൊക്കിലങ്ങാടി ടൗണ്‍ കഴിഞ്ഞ്‌ ഒരു വളവില്‍ വച്ചാണ്‌ ഇരുട്ടിന്റെ മറവില്‍ അവര്‍ ഓട്ടോറിക്ഷയ്‌ക്ക്‌ മുന്നില്‍ ചാടിവീണതും ബാലനെ കുത്തിക്കൊലപ്പെടുത്തിയതും.

സ. പി കുഞ്ഞിക്കണ്ണന്‍

1981 ഒക്‌ടോബര്‍ 21 ന്‌ എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടില്‍ പാറു അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല്‌ കുട്ടികളുടെ പിതാവുമായിരുന്നു. ജോലി ചെയ്യുന്ന ദിനേശ്‌ ബീഡി ബ്രാഞ്ചില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക്‌ പോവുകയായിരുന്ന സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച്‌ പതിയിരുന്ന ആര്‍ എസ്‌ എസുകാര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു ചെയ്‌തത്‌.

സ. പൂവാടന്‍ പ്രകാശന്‍

സി പി ഐ എമ്മിന്റെ ഉറച്ച അനുഭാവിയും ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനുമായിരുന്നു പൂവാടന്‍ പ്രകാശന്‍. 1979 മാര്‍ച്ച്‌ 31 ന്‌ മേലൂരില്‍ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ കുത്തിക്കൊന്നു. ആണ്ടലൂര്‍ സ്വദേശിയായ പ്രകാശന്‌ മരിക്കുമ്പോള്‍ 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

സ. മൊട്ടേമ്മല്‍ ബാലന്‍

1971 മാര്‍ച്ച്‌ 28 ന്‌ പാനൂരിനടുത്തുള്ള പാറാട്ടുവച്ച്‌ മൊട്ടമ്മല്‍ ബാലന്‍ വധിക്കപ്പെട്ടു. ബാലന്‍ പാര്‍ടിയുടെ ഊര്‍ജസ്വലനായ അനുഭാവിയായിരുന്നു. ഒരു സാമൂഹ്യദ്രോഹിയുടെ കുത്തേറ്റാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.

സ. കെ.വി. സുകുമാരന്‍

പാര്‍ടി അനുഭാവിയായ കെ വി സുകുമാരന്‍ 1980 ഏപ്രില്‍ 6 ന്‌ രാത്രിയാണ്‌ ആര്‍ എസ്‌ എസുകാരാല്‍ കൊലച്ചെയ്യപ്പെട്ടത്‌. ബേക്കറി തൊഴിലാളിയായ സുകുമാരനെ ജോലി സ്ഥലത്ത്‌ നിന്ന്‌ വിളിച്ചിറക്കിക്കൊണ്ടുപോയാണ്‌ വകവരുത്തിയത്‌. കുത്തേറ്റ സുകുമാരന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ചാലക്കണ്ടി മന്ദന്‍ മാസ്റ്ററുടെ വീട്ടുമുറ്റത്താണ്‌ മരിച്ചു വീണത്‌. അരിയായപ്പൊയില്‍ കുഞ്ഞിരാമന്റെയും കോയ്യോടന്‍ വീട്ടില്‍ പിഞ്ചുവിന്റെയും മകനായി 1960 മെയ്‌ 20 നാണ്‌ ജനനം


സ. കവിയൂര്‍ രാജന്‍

കണ്ണോത്ത്‌ കണ്ടി അനന്തന്റെയും ദേവിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു സ. രാജന്‍. 1980 സെപ്‌റ്റംബറില്‍ നടന്ന ചൊക്ലി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ ഇടതുപക്ഷ ജനാധിപത്യമുന്നണി മെമ്പര്‍മാര്‍ക്ക്‌ ഒളവിലം നാരായണന്‍ പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു മടങ്ങിവരുകയായിരുന്നു രാജനും സുഹൃത്തും. ഒളവിലം വയലില്‍ എത്തിയപ്പോള്‍ ഒരു സംഘം ആര്‍ എസ്‌ എസുകാര്‍ കിരാതന്‍മാര്‍ സഖാക്കളുടെ മേല്‍ ചാടിവീഴുകയും ചവിട്ടുകയും രാജനെ വെട്ടിക്കൊല്ലുകയുമാണുണ്ടായത്‌. 1980 സെപ്‌റ്റംബര്‍ 21 നാണ്‌ സ. കവിയൂര്‍ രാജന്‍ രക്തസാക്ഷിയായത്‌.


സ. പറമ്പത്ത്‌ ജയരാജന്‍

കല്ലുചെത്ത്‌ തൊഴിലാളിയായ കുട്ടിമാക്കൂലിലെ കാട്ടില്‍ പറമ്പത്ത്‌ സ. ജയരാജന്‍ രാവിലെ ജോലിക്ക്‌ പോകുമ്പോള്‍ 1980 നവംബര്‍ 25 ന്‌ തലശ്ശേരി ജൂബിലി റോഡില്‍ വച്ച്‌ ആര്‍ എസ്‌ എസുകാരുടെ കത്തികുത്തേറ്റ്‌ കൊല്ലപ്പെട്ടു. സഖാവ്‌ സി പി ഐ എമ്മിന്റെ അനുഭാവിയായിരുന്നു.


സ. ആലി രാധാകൃഷ്‌ണന്‍

എരുവട്ടി കോഴൂരിലെ സി കെ ഗോവിന്ദന്റെയും ആലി ജാനുവിന്റെയും മൂത്തമകനായ പിറന്ന സ. രാധാകൃഷ്‌ണന്‍ രക്തസാക്ഷിയാകുമ്പോള്‍ 28 വയസ്സായിരുന്നു. പന്തക്ക്‌പ്പാറ ദിനേശ്‌ ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന സഖാവ്‌ സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. 1979 മാര്‍ച്ച്‌ 12 ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ എരുവട്ടി വയലിലെ ചിറവരമ്പില്‍ വച്ച്‌ ആര്‍ എസ്‌ എസുകാര്‍ പതിയിരുന്ന്‌ ആക്രമിച്ചാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.


സ. പാറാലി പവിത്രന്‍

1955 നവംബര്‍ 10 ന്‌ വാഴയില്‍ ഗോവിന്ദന്റെയും പാറാലി നാരായണിയുടെയും മൂത്ത മകനായി ജനിച്ചു. പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരി രോഗിക്ക്‌ വേണ്ടി ചികില്‍സാ സഹായ ഫണ്ട്‌ പിരിവ്‌ കഴിഞ്ഞ്‌ ഒരു ചായക്കടയില്‍ ഇരുന്ന്‌ ചായകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ 1983 ഫെബ്രുവരി 22 ന്‌ ഇന്ദിരാ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്‌.


സ. യു പി ദാമു

1979 ഏപ്രില്‍ 24 നാണ്‌ സ. യു പി ദാമു രക്തസാക്ഷിത്വം വരിച്ചത്‌. ഏപ്രില്‍ ആറാം തീയതി തലശേരി പ്രദേശത്തുള്ള നിരവധി ബീഡി കമ്പനികളില്‍ ആര്‍ എസ്‌ എസുകാര്‍ ബോംബും മറ്റ്‌ മാരകായുധങ്ങളും ഉപയോഗിച്ച്‌ അക്രമം അഴിച്ചുവിട്ടു. അന്ന്‌ മാരകമായ മുറിവേറ്റ സഖാവ്‌ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌. പന്ന്യന്നൂരിലെ ചമ്പാട്‌ - അരയാക്കൂല്‍ ബ്രാഞ്ച്‌ സി പി ഐ എം സെക്രട്ടറിയായിരുന്ന ദാമു ബീഡി ഡിവിഷന്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചുവന്ന ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

സ. ചെറുവാഞ്ചേരി ചന്ദ്രന്‍

പാട്യം പഞ്ചായത്തില്‍ ചെറുവാഞ്ചേരി വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത്‌ ഓണിചാത്തുവിന്റെ മകനായി 1963 മെയ്‌ 11 നാണ്‌ ജനിച്ചത്‌. കുറുങ്ങാട്‌ മാതുവാണ്‌ അമ്മ. സി പി ഐ എം അനുഭാവിയും ഡി വൈ എഫ്‌ ഐ ചെറുവാഞ്ചേരി വില്ലേജ്‌ ജോയിന്റ്‌ സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായിരുന്ന ചന്ദ്രനെ 1980 നവംബര്‍ 27 നാണ്‌ ആര്‍ എസ്‌ എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. ചെറുവാഞ്ചേരി വില്ലേജിലെ ന്യൂ എല്‍ പി സ്‌കൂളിനടുത്തുള്ള ചായക്കടയില്‍ ഇരിക്കുമ്പോഴാണ്‌ സഖാവിനെ കൊലചെയ്‌തത്‌.


സ. കുറ്റിച്ചി രമേശന്‍

പത്തായക്കുന്ന്‌ ദിനേശ്‌ ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രില്‍ ഒന്നിന്‌ പത്തായക്കുന്ന്‌ ബസാറിലെ ചായക്കടയില്‍ ഇരുന്ന്‌ ചായക്കുടിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ആര്‍ എസ്‌ എസ്‌ കൊലയാളി സംഘം കൊലപ്പെടുത്തിയത്‌. ഡി വൈ എഫ്‌ ഐ സൗത്ത്‌ പാട്യം യൂണിറ്റ്‌ സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ ദാമോദരന്റെയും നാണിയുടെയും മകനാണ്‌. 1963 ഒക്‌ടോബര്‍ 16 നാണ്‌ ജനിച്ചത്‌.


സ. കോച്ചംകണ്ടി രാഘവന്‍

കീഴത്തൂരിലെ കണ്ണന്‍ നമ്പ്യാരുടെ മകനായി 1952 ല്‍ സ. രാഘവന്‍ ജനിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച രാഘവന്‍ 32-മത്തെ വയസ്സില്‍ ആര്‍ എസ്‌ എസുകാരുടെ കഠാരക്കിരയായി രക്തസാക്ഷിയായി. 1984 ജനുവരി 12 ന്‌ ഒരു കേസ്‌ സംബന്ധമായ കാര്യത്തിന്‌ തലശ്ശേരി കോടതിയില്‍ പോയി മടങ്ങി വരുമ്പോള്‍ മമ്പറത്തിനടുത്തുള്ള പടിഞ്ഞറ്റാമുറി എന്ന സ്ഥലത്തുവച്ച്‌ ബസ്‌ തടഞ്ഞുവച്ചാണ്‌ ആര്‍ എസ്‌ എസുകാര്‍ സഖാവിനെ കൊലപ്പെടുത്തിയത്‌.


സ. ഹരീഷ്‌ബാബു

പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പാവപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളി കുടുംബത്തിന്റെ താങ്ങായിരുന്നു ഹരീഷ്‌ബാബു. പാര്‍ടി അനുഭാവിയും പാര്‍ടി പ്രവര്‍ത്തകന്‍ എന്‍ പി ശശിധരന്റെ സഹോദരനുമായിരുന്നു.
തലശ്ശേരിയില്‍ നിന്നും സ്വര്‍ണ്ണപ്പണി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുകയായിരുന്ന സഖാവിനെ കതിരൂര്‍ ഡൈമണ്‍ മുക്കില്‍ വച്ച്‌ ബസ്സ്‌ തടഞ്ഞുനിര്‍ത്തിയാണ്‌ ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.

സ. യു കെ കുഞ്ഞിരാമന്‍

1954ല്‍ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്റെ വില്ലേജ്‌ പ്രസിഡന്റുമായിരുന്നു. 1971ല്‍ തലശ്ശേരിയിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന്‌ സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന്‌ നേതൃത്വം നല്‍കിയത്‌ സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ ആഹ്വാനമനുസരിച്ച്‌ കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയില്‍ ആര്‍ എസ്‌ എസ്‌ ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ചു.

സ. കുടിയാന്മല സുകുമാരന്‍

കെ എസ്‌ വൈ എഫിന്റെ ഉശിരനായ പ്രവര്‍ത്തകനായിരുന്നു സുകുമാരന്‍ ചാത്തമല യൂണിറ്റ്‌ കണ്‍വീനറും കുടിയാന്‍മല പ്രദേശത്തെ പ്രമുഖ പാര്‍ടി പ്രവര്‍ത്തകനുമായിരുന്നു. 1973 ആഗസ്‌ത്‌ രണ്ടിന്‌ നടന്ന വിലക്കയറ്റ വിരുദ്ധ ബന്ദിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിക്കൊന്നത്‌. ഭാര്യയും ഒരു മകനുമുണ്ട്‌.

സ. സി പി കരുണാകരന്‍

1967ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി ഗവണ്‍മെന്റിനെ തകര്‍ക്കുന്നതിന്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ മുന്നണി ആഹ്വാനം ചെയ്‌ത കേരളാബന്ദ്‌ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ്‌ 1967 സപ്‌തംബര്‍ 11ന്‌ കുറ്റൂരില്‍ സഖാവിനെ കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്നത്‌. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളി വര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിനിടയിലാണ്‌ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്‌.

സ. കാര്യത്ത്‌ രമേശന്‍

പാച്ചാക്കരയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ്‌ ഐയുടെയും പ്രവര്‍ത്തകനായിരുന്നു കാര്യത്ത്‌ രമേശന്‍. 1989 സെപ്‌തംബര്‍ 12 തിരുവോണനാളില്‍ കൂട്ടുകാരുമൊന്നിച്ച്‌ നടക്കാനിറങ്ങി വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോഴാണ്‌ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ഒരു പറ്റം ലീഗുകാര്‍ സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയത്‌.

സ. വി സരേഷ്‌

പുല്യോട്‌ സി എച്ച്‌ നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ രക്തസാക്ഷികളായ സഖാക്കളാണ്‌. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ്‌ എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്‌ നടത്തുന്നതിനിടയിലാണ്‌ രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്‌. വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ്‌ രക്തസാക്ഷി സ്‌മരണ നാം പുതുക്കുന്നത്‌.

സ. വി പി പ്രദീപന്‍

പുല്യോട്‌ സി എച്ച്‌ നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ രക്തസാക്ഷികളായ സഖാക്കളാണ്‌. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ്‌ എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്‌ നടത്തുന്നതിനിടയിലാണ്‌ രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്‌. വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ്‌ രക്തസാക്ഷി സ്‌മരണ നാം പുതുക്കുന്നത്‌.


സ. റിജിത്ത്‌

കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത്‌ കണ്ണപുരത്തെയും, ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ നിര്‍മ്മാണ ത്തൊഴിലിലേര്‍പ്പെട്ട സഖാവ്‌ പാര്‍ടി പ്രവര്‍ത്തനങ്ങളിലും, വര്‍ഗ - ബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്‌എസ്‌ കാപാലികന്‍മാരാണ്‌ സ. റിജിത്തിനെ കൊല ചെയ്‌തത്‌.


സ. എം കെ സുരേന്ദ്രന്‍

സി പി ഐ കിഴക്കേ കതിരൂര്‍ വെസ്റ്റ്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സ. എം കെ സുരേന്ദ്രന്‍ ആര്‍ എസ്‌ എസ്‌ കാപാലികരാല്‍ കൊലച്ചെയ്യപ്പെട്ട സഖാവാണ്‌. കല്ലുകൊത്ത്‌ തൊഴിലാളിയായി ജീവിതം നയിച്ച സ. സുരേന്ദ്രന്‍ ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു. രാത്രി സുരേന്ദ്രനും മറ്റ്‌ സഖാക്കളും നടന്നുപോകുമ്പോള്‍ ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന്‌ കടന്നാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക്‌ പറ്റിയ സുരേന്ദ്രന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വച്ച്‌ പിറ്റേന്ന്‌ മരണപ്പെട്ടു.


സ. ടി എം രജീഷ്‌

ആര്‍ എസ്‌ എസ്‌ - ബി ജെ പി ക്രിമിനലുകളാണ്‌ കൊളശ്ശേരിയിലെ ടി എം രജീഷിനെ കൊലചെയ്‌തത്‌. കുയ്യാലിയിലെ വര്‍ക്‌ ഷോപ്പില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ്‌ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര്‍ എസ്‌ എസുകാര്‍ വെട്ടിനുറുക്കിയത്‌. കൊലക്ക്‌ വേണ്ട പശ്ചാത്തലമൊരുക്കിയത്‌ 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു. കുട്ടികളെ പോലും കൊടും ക്രിമിനലാക്കി ഉപയോഗിക്കാമെന്ന്‌ തെളിയിച്ച സംഭവമാണ്‌ രജീഷിന്റെ കൊലപാതകം.


സ.പി കൃഷ്‌ണന്‍

പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ - എമ്മിന്റെയും ഡി വൈ എഫ്‌ ഐ യുടെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്‌ണന്‍. തളിപ്പറമ്പിനടുത്ത്‌ സെയ്‌ദ്‌ നഗറില്‍ വെച്ചാണ്‌ ലീഗ്‌ ക്രിമിനലുകള്‍ കൃഷ്‌ണനെ പൈശാചികമായി കൊലപ്പെടുത്തിയത്‌. പന്നിയൂര്‍ മേഖലയില്‍ മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്‌ ലീഗിനെ ചൊടിപ്പിച്ചത്‌. ഇത്‌ തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരില്‍ കുഴപ്പം കുത്തിപ്പൊക്കുകയായിരുന്നു ലീഗ്‌. അതിന്റെ ഭാഗമായിത്തന്നെയാണ്‌ ആസൂത്രിതമായി കൃഷ്‌ണനെ കൊലപ്പെടുത്തിയത്‌.


സ. തെക്കയില്‍ ജോണി

കണിച്ചാറിലെ സി പി ഐ എം പ്രവര്‍ത്തകനും കര്‍ഷകസംഘം യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന സ. തെക്കയില്‍ ജോണി രക്തസാക്ഷിയായത്‌ 1981 നവംബര്‍ 23 നാണ്‌. കേരളാ കോണ്‍ഗ്രസ്‌ - മാണി പ്രവര്‍ത്തകരാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌. ചെങ്ങോം, നെല്ലിക്കുന്ന്‌ പ്രദേശങ്ങളിലെ ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍നിന്ന്‌ പ്രവര്‍ത്തിച്ചിരുന്ന ജോണി മികച്ച സംഘാടകനായിരുന്നു.


സ. സുന്ദരന്‍ മാസ്റ്റര്‍

കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കെ എസ്‌ ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. സഖാവിനെ ഒരു സംഘം ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ സി പി ഐ -എമ്മിന്‌ നേരെ ആര്‍ എസ്‌ എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.


സ. വി പി മനോജ്‌

സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും ആര്‍ എസ്‌ എസ്‌ - ബി ജെ പി അക്രമികളുടെ കൊലക്കത്തിക്കിരയാക്കി പിടഞ്ഞുമരിക്കേണ്ടിവന്ന പാത്തിപ്പാലത്തെ സഖാവാണ്‌ വി പി മനോജ്‌. മനസ്സിനുളളില്‍ മാത്രം രാഷ്‌ട്രീയ വിശ്വാസം കൊണ്ടുനടന്നിരുന്ന മനോജിനെ ആര്‍ എസ്‌ എസ്‌ - ബി ജെ പി അക്രമികള്‍ 1999 ഡിസംബര്‍ ഒന്നിന്‌ കാലത്ത്‌ 11 മണിയോടെ പത്തായക്കുന്നില്‍ നടുറോഡിലിട്ടാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌.


സ. കൃഷ്‌ണന്‍ നായര്‍

മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ തെക്കേ കോട്ടെന്റവിടെ റിട്ട. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായ കൃഷ്‌ണന്‍നായരെ ആര്‍ എസ്‌ എസ്‌ കാപാലിക സംഘം വീട്ടില്‍ കയറി വെട്ടിനുറുക്കി കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത്‌ പൂജാമുറിയിലിരിക്കുമ്പോള്‍ രാത്രി എട്ടുമണിയോടെയാണ്‌ ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ കൃഷ്‌ണന്‍ നായരെ കൊന്നത്‌. അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നില്‍ പൂജാമുറിയില്‍ തന്നെ കൃഷ്‌ണന്‍ നായര്‍ പിടഞ്ഞുവീണു മരിച്ചു.


സ. കനകരാജ്‌

പാനൂര്‍ എലാങ്കോട്ടെ സി പി ഐ എം പ്രവര്‍ത്തകനാണ്‌ കനകരാജ്‌. മൈസൂരില്‍ കച്ചവടക്കാരനായിരുന്ന കനകരാജ്‌ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട്‌ നാട്ടിലെത്തിയതായിരുന്നു. കണ്ട്‌ ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനും ഉറപ്പുകൊടുക്കാനും നിശ്ചയിച്ച ദിവസമായിരുന്നു ഡിസംബര്‍ രണ്ട്‌. എന്നാല്‍ ആര്‍ എസ്‌ എസ്‌ കാപാലികര്‍ ബോംബും വടിവാളുകളുമായെത്തി കനകരാജിനെ വെട്ടിപ്പിളര്‍ന്നുകൊന്നു.

സ. പി ശ്രീജിത്ത്‌

സഖാക്കള്‍ പി ശ്രീജിത്ത്‌, എം വിജേഷ്‌ എന്നിവരെ ആര്‍ എസ്‌ എസുകാരാണ്‌ അരുംകൊല ചെയ്‌തത്‌. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ്‌ ശക്തികളുടെ ചൊല്‍പ്പടിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആര്‍ എസ്‌ എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്‌ നേതൃത്വം നല്‍കിയവരാണ്‌ രണ്ട്‌ യുവസഖാക്കളും. ഇതിനിടയിലാണ്‌ ഒരു കൂട്ടം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച്‌ രണ്ടുപേരെയും നിഷ്‌ഠൂരമായി വെട്ടിനുറുക്കിയത്‌.

എം വിജേഷ്‌

സഖാക്കള്‍ പി ശ്രീജിത്ത്‌, എം വിജേഷ്‌ എന്നിവരെ ആര്‍ എസ്‌ എസുകാരാണ്‌ അരുംകൊല ചെയ്‌തത്‌. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ്‌ ശക്തികളുടെ ചൊല്‍പ്പടിയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ ആര്‍ എസ്‌ എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന്‌ നേതൃത്വം നല്‍കിയവരാണ്‌ രണ്ട്‌ യുവസഖാക്കളും. ഇതിനിടയിലാണ്‌ ഒരു കൂട്ടം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച്‌ രണ്ടുപേരെയും നിഷ്‌ഠൂരമായി വെട്ടിനുറുക്കിയത്‌.


സ. അരീക്കല്‍ അശോകന്‍

സി പി ഐ എം കുറ്റേരി കെ സി മുക്ക്‌ ബ്രാഞ്ച്‌ അംഗമായിരുന്ന സ. അരീക്കല്‍ അശോകന്‍. ആര്‍ എസ്‌ എസുകാരാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌. കുറ്റേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്‌. വീടിന്റെ മുകളിലത്തെ നിലയില്‍ മുറിയില്‍ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ്‌ എസ്‌ കാപാലികര്‍ പിഞ്ചോമനയുടെ മുന്നില്‍ വച്ച്‌ വെട്ടിക്കീറുകയായിരുന്നു.


സ. മാമന്‍ വാസു

സി പി ഐ എമ്മിന്റെ ചൊക്ലി ടൗണ്‍ ബ്രാഞ്ച്‌ മെമ്പറും, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ചൊക്ലി യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു സ. വാസു. ആത്മാര്‍ത്ഥമായ പൊതുപ്രവര്‍ത്തനങ്ങളിലൂടെ ചൊക്ലിയിലെ എല്ലാവിധ ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ നേടിയ സ. വാസുവിനെ 1995 ഡിസംബര്‍ 12 ന്‌ രാവിലെ സഹോദരിയുടെ വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴാണ്‌ ബിജെപി - ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്റ ആസൂത്രണത്തിന്റെ ഭാഗമായി ആര്‍ എസ്‌ എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌.


സ. കെ സി രാജേഷ്‌

യാത്രാവകാശ സംരക്ഷണപോരാട്ടത്തിനിടയിലാണ്‌ സ. കെ സി രാജേഷ്‌ രക്തസാക്ഷിയാകുന്നത്‌. കണ്ണൂര്‍ പോളി ടെക്‌നിക്‌ യൂണിയന്‍ ചെയര്‍മാനും, എസ്‌എഫ്‌ഐ ഏടക്കാട്‌ ഏരിയാകമ്മിറ്റി അംഗവുമായിരുന്നു രാജേഷ്‌. 93 ഡിസംബര്‍ 17 ന്‌ കാലത്ത്‌ സഹപാടിയുടെ പരാതിയെത്തുടര്‍ന്ന്‌ രാജേഷും മറ്റ്‌ വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ എല്‍ കെ ട്രാവല്‍സ്‌ എന്ന ബസ്സ്‌ തടഞ്ഞ്‌ ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ്‌ ഡ്രൈവര്‍ രാജേഷിനെ തട്ടിത്തെറിപ്പിച്ച്‌ ബസ്സ്‌ മുന്നോട്ടെടുത്തത്‌. തലക്ക്‌ പരിക്കേറ്റ സഖാവ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരിച്ചത്‌.

സ. തങ്കച്ചന്‍

അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക്‌ ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്റ്‌ ഇന്ദിരാഗാന്ധിയെ അവകാശലംഘനത്തിന്‌ അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്‌ -ഐ അക്രമസമരം ആരംഭിച്ചു. ബഹളം കേട്ട്‌ ഹോട്ടല്‍ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറങ്ങിതായിരുന്നു. കോണ്‍ഗ്രസ്‌ -ഐ കാപാലികര്‍ സഖാവിനെ നിഷ്‌ഠൂരം കൊലപ്പെടുത്തി. അച്ഛനും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു ഇരുപതുകാരനായ സ. തങ്കച്ചന്‍.

സ. സി എ ജോസ്‌

അടിയന്തരാവസ്ഥയുടെ മൂര്‍ധന്യത്തില്‍ 1976 ഡിസംബര്‍ 30 ന്‌ രാവിലെ ഒന്‍പത്‌ മണിക്കാണ്‌ കോണ്‍ഗ്രസിന്റെ വാടകഗുണ്ടകള്‍ ചപ്പാരപ്പടവില്‍ വച്ച്‌ സഖാവ്‌ ജോസിനെ വെട്ടിക്കൊന്നത്‌. കാവുമ്പായി രക്തസാക്ഷിദിനത്തില്‍ പ്രഭാതഭേരിയില്‍ പങ്കെടുത്ത്‌ തിരിച്ചുവരുമ്പോഴാണ്‌ ജോസ്‌ കൊലക്കത്തിക്കിരയായത്‌.


സ. കെ.വി സുധീഷ്‌

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്നു എന്നതിനാലാണ്‌ സുധീഷിന്റെ ജീവന്‍ ആര്‍ എസ്‌ എസിന്റെ കൊലയാളിസംഘം അപഹരിച്ചത്‌. എസ്‌ എഫ്‌ ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന്‌ പുലര്‍ച്ചെയാണ്‌ കൂത്തുപറമ്പ്‌ തൊക്കിലങ്ങാടിയിലെ വീട്ടില്‍ അച്ഛനമ്മമാരുടെ മുന്നില്‍വെച്ച്‌ ആര്‍ എസ്‌ എസ്‌ കാപാലികര്‍ മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്‌.


സ. കെ സജീവന്‍

സി പി ഐ എം കോയ്യോട്‌ കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ്‌ ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്നു സ. കെ സജീവന്‍ ആര്‍ എസ്‌ എസ്‌ കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ്‌ ഈ കൃത്യം നടത്തിയത്‌. യാതൊരു വിധസംഘര്‍ഷവും ഇല്ലാതിരുന്ന കൊയ്യോട്‌ തികച്ചും അപ്രത്യക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ്‌ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്‌.


സ. താഴെയില്‍ അഷറഫ്‌

2002 ഫെബ്രുവരി 5 ന്‌ ഉച്ചക്കാണ്‌ സഖാവിനെ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി അക്രമസംഘം കൊല ചെയ്‌തത്‌. പാനൂര്‍ ബസ്‌ സ്റ്റാന്‍ഡിനടുത്ത്‌ സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന അഷറഫിനെ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.


സ. സുഗേഷ്‌

സി പി എം വടക്കുമ്പാട്‌ ഗുംടി ബ്രാഞ്ചംഗവും ഡി വൈ എഫ്‌ ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്നു സുഗേഷ്‌. ഒരു മുസ്ലീം തീവ്രവാദി സംഘടനയില്‍പ്പെട്ട ഗുണ്ടകളാണ്‌ 1997 ഫെബ്രുവരി 25 ന്‌ രാത്രി സഖാവിനെ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്‌. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഹൃത്തിനെ കണ്ടശേഷം ഉത്സവം കാണാനായി ഓട്ടോറിക്ഷായില്‍ പോകുമ്പോഴാണ്‌ സുഗേഷിനെ തീവ്രവാദികള്‍ പിന്തുടര്‍ന്ന്‌ കൊലപ്പെടുത്തിയത്‌.


സ. നാല്‍പ്പാടി വാസു

ഡി സി സി പ്രസിഡണ്ട്‌ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ - ഐ ക്രിമിനലുകള്‍ നടത്തിയ 'മാര്‍ക്‌സിസ്റ്റ്‌ അക്രമവിരുദ്ധ ജാഥയുടെ' മറവില്‍ വാസുവിനെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട്‌ വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത്‌ ചായക്കടയില്‍ ഇരിക്കുകയായിരുന്ന സഖാവിനെയും നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്‌ക്ക്‌ ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന്‌ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ്‌ വാസു.

സ. ഒറവക്കുഴി കുര്യാക്കോസ്‌

പാര്‍ടിയും ട്രേഡ്‌ യൂനിയനും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ്‌ ചുമട്ടുതൊഴിലാളിയായ സഖാവിനെ മാണി കേരളാ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിവീഴ്‌ത്തിയത്‌. പ്രദേശത്തെ പാര്‍ടി ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ കുര്യാക്കോസ്‌ മുന്നിട്ട്‌ പ്രവര്‍ത്തിച്ചിരുന്നു.


സ. ടി വി ദാസന്‍

കോടിയേരി പാറാലിലെ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ടി വി ദാസന്‍. പാറാല്‍ ആച്ചുകുളങ്ങരയിലെ ഇടവഴിയില്‍ വെച്ച്‌ 1999 ആഗസ്‌ത്‌ 28നാണ്‌ ആര്‍ എസ്‌ എസ്‌ ഭീകരസംഘം ദാസനെ വെട്ടിപ്പിളര്‍ന്നത്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തെ കൊലക്കളമാക്കി മാറ്റാനുള്ള ബി ജെ പി - ആര്‍ എസ്‌ എസ്‌ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ദാസന്‍ വധം. ഒരു കുടുംബത്തിന്റെയാകെ അത്താണിയായ ദാസനെ മത്സ്യ വില്‍പ്പനക്കിടയിലാണ്‌ ക്രിമിനല്‍ സംഘം വെട്ടിനുറുക്കിയത്‌.

സ. കെ വി ബാലന്‍

തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രില്‍ ആറിനാണ്‌ ആര്‍ എസ്‌ എസ്‌ കാപാലികര്‍ ബോംബെറിഞ്ഞ്‌ കൊന്നത്‌. ആച്ചുകുളങ്ങര കമ്പനിക്ക്‌ താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന്‌ ബീഡി തെറുക്കുമ്പോഴാണ്‌ സ. കെ വി ബാലനെ ബോംബെറിഞ്ഞ്‌ കൊന്നത്‌. നാട്ടുകാര്‍ക്ക്‌ സ്വന്തം കാര്യം വിസ്‌മരിച്ചും സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത്‌ കാരണം രാഷ്‌ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.


സ. രാജീവന്‍

നടുവില്‍ മാമ്പള്ളത്തെ സി പി ഐ എമ്മിന്റെയും - ഡി വൈ എഫ്‌ ഐ യുടെയും സജീവപ്രവര്‍ത്തകനായിരുന്നു പുതുശ്ശേരി രാജീവന്‍. മാമ്പള്ളത്തും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ്‌ - യുവജനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ആര്‍ എസ്‌ എസുകാരാണ്‌ സഖാവിന്റെ ജീവന്‍ കവര്‍ന്നത്‌.

സ. പി പി അനന്തന്‍

1954 ഏപ്രില്‍ 27 നാണ്‌ സഖാക്കള്‍ പി പി അനന്തനും എം അച്ച്യുതനും രക്തസാക്ഷികളായത്‌. കുരുമുളക്‌ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ച. കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന്‌ മോചിപ്പിക്കാനാണ്‌ രണ്ട്‌ സഖാക്കള്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നത്‌.

എം അച്ച്യുതന്‍

1954 ഏപ്രില്‍ 27 നാണ്‌ സഖാക്കള്‍ പി പി അനന്തനും എം അച്ച്യുതനും രക്തസാക്ഷികളായത്‌. കുരുമുളക്‌ കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ച. കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍ നിന്ന്‌ മോചിപ്പിക്കാനാണ്‌ രണ്ട്‌ സഖാക്കള്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നത്‌.

സ. എം. വിജയന്‍

തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ സഖആവ്‌ മൗവ്വല്‍ വിജയന്‍ എന്ന വിജൂട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ ദിവസം ഒരു സംഘം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ്‌ ബൂത്തില്‍ എല്‍ ഡി എഫിന്റെ പോളിങ്ങ്‌ ഏജന്റായിരുന്ന വിജൂട്ടി പോളിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചുപോകുന്നതിനിടയിലാണ്‌ ആര്‍ എസ്‌ എസ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായത്‌.


സ. കെ നാണു

കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സ.കെ നാണു.. ഡി സി സി ഐ ആഫീസ്‌ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്‌ -ഐ ക്രിമിനലുകള്‍ സ. നാണുവിനെ 1992 ല്‍ ജൂണ്‍ 13 ന്‌ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തുകയായിരുന്നു. സേവറി ഹോട്ടലില്‍ ജോലിക്കാരനായിരുന്നു നാണു. ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ്‌ ബോംബേറേറ്റ്‌ ഊണിലകളില്‍ രക്തവും മാംസവും ചിതറി മരിച്ചുവീണത്‌.

സ. ജോസ്‌

സഖാക്കള്‍ ജോസ്‌, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട്‌ സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ കോണ്‍ഗ്രസ്‌ കാപാലികരാണ്‌ കൊലപ്പെടുത്തിയത്‌. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍കലമുറയ്‌ക്ക്‌ ഇവരുടെ സ്‌മരണ ആവേശം പകരുന്നു.

ദാമോദരന്‍

സഖാക്കള്‍ ജോസ്‌, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട്‌ സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ കോണ്‍ഗ്രസ്‌ കാപാലികരാണ്‌ കൊലപ്പെടുത്തിയത്‌. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍കലമുറയ്‌ക്ക്‌ ഇവരുടെ സ്‌മരണ ആവേശം പകരുന്നു.

സ. മുഹമ്മദ്‌ ഇസ്‌മയില്‍

വിളക്കോട്ടെ സഖാവ്‌ എം എച്ച്‌ മുഹമ്മദ്‌ ഇസ്‌മയിലിനെ ആര്‍ എസ്‌ എസ്‌ കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി പി ഐ എമ്മിന്റെ വിളക്കോട്‌ ബ്രാഞ്ച്‌ അംഗമായിരുന്നു ഇസ്‌മയില്‍.

സ. കോട്ടത്തെ കുന്നില്‍ യാക്കൂബ്‌

2006 ജൂണ്‍ 13 ന്‌ രാത്രി 9.30 നാണ്‌ മീത്തലിലെ പുന്നാട്‌ കോട്ടത്തെ കുന്നില്‍ യാക്കൂബിനെ അമ്പതോളം വരുന്ന ആര്‍ എസ്‌ എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ്‌ ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്‌. ചുമട്ടു തൊഴിലാളിയായ യാക്കൂബ്‌ സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല്‌ വളപ്പിലെ മൊയ്‌തൂട്ടിയുടെയും സഫിയയുടെയും മകനാണ്‌ യാക്കൂബ്‌. മൂന്ന്‌ മക്കളുടെ പിതാവായ യാക്കൂബിന്റെ ഭാര്യ തസ്‌ലിമയാണ്‌.

സ. മൂര്‍ക്കോത്ത്‌ ചന്ദ്രന്‍

പാനൂര്‍ പ്രദേശത്തെ തൂവക്കുന്നിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ചന്ദ്രനെ (18 വയസ്സ്‌) ആര്‍ എസ്‌ എസുകാര്‍ കൊലപ്പെടുത്തി. 1979 ജൂലൈ 18 നാണ്‌ ഈ ദുരന്തം ഉണ്ടായത്‌. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ ആര്‍ എസ്‌ എസ്‌ കൊലയാളി സംഘം ചന്ദ്രനെ വധിച്ചത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലനായ ഒരു പ്രവര്‍ത്തകനായിരുന്നു സഖാവ്‌ ചന്ദ്രന്‍.


സ.പാറായി പവിത്രന്‍

2007 നവംബര്‍ 9 ന്‌ രക്തസാക്ഷിത്വം വരിച്ച പാറായി പവിത്രന്‍ തലശ്ശേരി പൊന്ന്യം നായനാര്‍ റോഡ്‌ നാമത്ത്‌ മുക്കിലെ പാര്‍ടി അനുഭാവിയായിരുന്നു. തലേ ദിവസം ആര്‍ എസ്‌ എസ്‌ കാരാല്‍ കൊലചെയ്യപ്പെട്ട എം കെ സുധീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിവസം കാലത്ത്‌ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ്‌ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ മാരകായുധങ്ങളോടെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.


സ. എം കെ സുധീര്‍കുമാര്‍

തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടില്‍ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന്‌ ആര്‍ എസ്‌ എസ്‌ ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ കാവുംഭാഗം - പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ്‌ സഖാവിനെ ആര്‍ എസ്‌ എസുകാര്‍ ആക്രമിച്ചത്‌. മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്‌, രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 38 വയസ്‌ പ്രായമായിരുന്നു. ഭാര്യ പ്രീത, മക്കള്‍ പ്രയാഗ്‌, പ്രജിന.


സ. ധനേഷ്‌ എം

അഴിക്കോട്‌ മീന്‍കുന്നിനടുത്ത വലിയപറമ്പിലെ എം ധനേഷ്‌ ആര്‍ എസ്‌ എസ്‌ ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തിലാണ്‌ രക്തസാക്ഷിയായത്‌. 2008 ജനുവരി 12 ന്‌ രാത്രി പത്തേകാലോടെയായിരുന്നു കൊലപാതകം. ഇരുപത്തിയാറുവയസ്സുകാരനായ ധനേഷ്‌ കണ്ണൂര്‍ ഭാരത്‌ പെട്രോളിയം കമ്പനിയിലെ ടാങ്കര്‍ തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ്‌ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ്‌, ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന പത്തോളം ആര്‍ എസ്‌ എസ്‌ കാപാലികസംഘം വടിവാള്‍ കൊണ്ട്‌ സഖാവിനെ വെട്ടിക്കൊന്നത്‌.


സ. ജിജേഷ്‌ കെ പി

സി പി ഐ (എം) കോടിയേരി നങ്ങാറത്ത്‌ പീടിക ബ്രാഞ്ച്‌ അംഗം സ. ജിജേഷിനെ 2008 ജനുവരി 27ന്‌ പുലര്‍ച്ചെ ഒന്നരമണിയോടെയാണ്‌ സംഘപരിവാര്‍ ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്‌. സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി - ചൊക്ലി റോഡില്‍ നങ്ങാറത്ത്‌പീടിക ഓവ്‌പാലത്തിന്‌ സമീപം വച്ചാണ്‌ ആക്രമിക്കപ്പെട്ടത്‌. ഒപ്പമുണ്ടായിരുന്നവരെ അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ വെട്ടിയാണ്‌ സഖാവിനെ കൊലചെയ്‌തത്‌.

കരിവെള്ളൂര്‍ രക്തസാക്ഷികള്‍ - 1946

സ. തിടില്‍ കണ്ണന്‍

സ. കീനേരി കുഞ്ഞമ്പു

സ. തെങ്ങില്‍ അപ്പ നായര്‍

കാവുമ്പായി രക്തസാക്ഷികള്‍ - 1946

സ. പുളൂക്കല്‍ കുഞ്ഞിരാമന്‍

സ. പി കുമാരന്‍

സ. മഞ്ഞേരി ഗോവിന്ദന്‍

സ. ആലോറമ്പന്‍ കൃഷ്‌ണന്‍

എള്ളെരിഞ്ഞി രക്തസാക്ഷി - 1947

സ. പറമ്പന്‍ കുഞ്ഞിരാമന്‍

കോറോം രക്തസാക്ഷികള്‍ - 1948

സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍

സ. കാനപ്രവന്‍ അബ്‌ദുള്‍ഖാദര്‍

തില്ലങ്കേരി രക്തസാക്ഷികള്‍ - 1948

സ. സി. അനന്തന്‍

സ. സി. ഗോപാലന്‍

സ. കാറാട്ട്‌ കുഞ്ഞമ്പു

സ. നമ്പടി കുന്നുമ്മല്‍ നാരായണന്‍ നമ്പ്യാര്‍

സ. വെല്ലുവക്കണ്ടി രാമന്‍

സ. കുണ്ടാഞ്ചേരി ഗോവിന്ദന്‍

സ. പോരുകണ്ടി കൃഷ്‌ണന്‍

നിടുമ്പ്രം രക്തസാക്ഷി - 1948

സ. മൊയ്യാരത്ത്‌ ശങ്കരന്‍

പഴശ്ശി രക്തസാക്ഷികള്‍ - 1948

സ. വി. അനന്ദന്‍

സ. കെ.കെ. ബാലകൃഷ്‌ണന്‍

സ. അത്തിക്ക ഉണ്ണി ഗുരുക്കള്‍

സ. കാരാത്താന്‍ കോരന്‍

സ. വയലാളി ദാമു

പായം രക്തസാക്ഷി - 1948

സ. കുന്യാടന്‍ നാരായണന്‍ നമ്പ്യാര്‍

പെരിങ്ങോം രക്തസാക്ഷികള്‍ - 1948

സ. മാരങ്കാവില്‍ കുഞ്ഞമ്പു

സ. കാനപ്പള്ളി അമ്പു

ആലപ്പടമ്പ്‌ രക്തസാക്ഷികള്‍ - 1948

സ. മാവില ചിണ്ടന്‍ നമ്പ്യാര്‍

സ. പുത്തൂര്‍ക്കാരന്‍ രാമന്‍

മുഴുപ്പിലങ്ങാട്‌ രക്തസാക്ഷി - 1949

സ. കെ.പി ഗോവിന്ദന്‍

സേലം (തില്ലങ്കേരി) രക്തസാക്ഷികള്‍ - 1950

സ. അമ്പാടി ആചാരി

സ. കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍

സ. പുല്ലാഞ്ഞിയോടന്‍ നാരായണന്‍ നമ്പ്യാര്‍

സ. പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍

സ. നക്കായി കണ്ണന്‍

സേലം രക്തസാക്ഷികള്‍ - 1950

സ. തളിയന്‍ രാമന്‍ നമ്പ്യാര്‍

സ. എം.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍

സ. മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍

സ. കോരന്‍ ഗുരുക്കള്‍

സ. ഞണ്ടാടി കുഞ്ഞമ്പു

സ. യു.വി നാരായണ മാരാര്‍

സ. വി.സി കുഞ്ഞിരാമന്‍

സ. നടുവളപ്പില്‍ കോരന്‍

സ. ആണ്ടലോടന്‍ കുഞ്ഞപ്പ

സ. പിലാട്ട്യാരന്‍ ഗോപാലന്‍ നമ്പ്യാര്‍

സ. കുന്നുമ്മല്‍ രാമന്‍

സ. എന്‍. പത്മനാഭന്‍

സ. ആസാദ്‌ ഗോപാലന്‍ നായര്‍

കൊടിയേരി രക്തസാക്ഷി - 1978

സ. പി. പവിത്രന്‍

കൂത്തുപറമ്പ്‌ രക്തസാക്ഷി - 1994

എണ്‍പതുകളുടെ തുടക്കം മുതല്‍ കേരളത്തിലെ ഇടതുപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്‌കരണത്തിനെതിരെ സമരരംഗത്താണ്‌. ഇതിന്റെ ഭാഗമായുള്ള പോരാട്ടത്തിനിടയില്‍ 1994 ല്‍ നവംബര്‍ മാസം 25-ാം തീയതി കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പില്‍ യുവാക്കളായ അഞ്ചു പാര്‍ടി സഖാക്കള്‍ പോലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാരിലെ മന്ത്രിയായിരുന്ന എം.വി രാഘവനെ തടഞ്ഞു സമരം നടത്തുകയായിരുന്ന സഖാക്കലുടെ നേരെയാണ്‌ യാതൊരു പ്രകോപനവും കൂടാതെ പോലീസ്‌ തലങ്ങും വിലങ്ങും നിറയൊഴിച്ചത്‌. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തില്‍ കൂത്തുപറമ്പിലെ യുവസഖാക്കളുടെ രക്തസാക്ഷിത്വം ആധുനികകേരളത്തിലെ സമരചരിത്രത്തില്‍ തിളക്കമാര്‍ന്ന അദ്ധ്യായമാണ്‌ രചിച്ചത്‌. കൂത്തുപറമ്പ്‌ കേസ്‌ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ രാഘവനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും പിന്നീട്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.


സ. കെ.വി റോഷന്‍



സ. കെ.കെ. രാജീവന്‍



സ. മധു



സ. കെ. ഷിബുലാല്‍


സ. സി. ബാബു

പയ്യന്നൂര്‍ രക്തസാക്ഷി - 1997

സ. പി.വി സുരേന്ദ്രന്‍

പൊയിലൂര്‍ രക്തസാക്ഷി - 1998

സ. കേളോത്ത്‌ പവിത്രന്‍

കെ.സി മുക്ക്‌ രക്തസാക്ഷി - 1999

സ. കുഞ്ഞിക്കണ്ണന്‍

പൂക്കോട്‌ രക്തസാക്ഷി - 2000

സ. ഇ. ജയശീലന്‍

തലശ്ശേരി രക്തസാക്ഷി - 2008

സ. രഞ്‌ജിത്ത്‌ കുമാര്‍

പുത്തൂര്‍ രക്തസാക്ഷി - 2008

സ. അനീഷ്‌

ന്യൂമാഹി രക്തസാക്ഷി - 2008

സ. യു.കെ സലീം

കാക്കയങ്ങാട്‌ രക്തസാക്ഷി - 2008

സ. നരോത്ത്‌ ദിലീപന്‍

പഴശ്ശി രക്തസാക്ഷി - 2008

സ. പി. സജീവന്‍

തിരുവങ്ങാട്‌ രക്തസാക്ഷി - 2008

സ. കെ. ലതേഷ്‌


മാഹി രക്തസാക്ഷി - 2009

സ. ഇ.പി രവീന്ദ്രന്‍

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009