Font help
 
 
ചരിത്രം  >> ഇടതുപക്ഷ സര്‍ക്കാരുകള്‍  >> സംഭാവനകള്‍, നേട്ടങ്ങള്‍  >> പാര്‍പ്പിടം

 
പാര്‍പ്പിടം

കേരളത്തിലെ പാര്‍പ്പിടലഭ്യത ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേതിനേക്കാള്‍
 മെച്ചമാണ്‌. അഖിലേന്ത്യാതലത്തില്‍ 52% കുടുംബങ്ങള്‍ ഉറപ്പുള്ള സ്ഥിരം വീടുകളില്‍ താമസിക്കുമ്പോള്‍ കേരളത്തില്‍ ഇവരുടെ ശതമാനം 68 ആണ്‌.കേരളത്തില്‍ ഒരു വീടിന്‌ ശരാശരി മൂന്നു മുറികള്‍ വീതമുള്ളപ്പോള്‍ ഇന്ത്യയില്‍ ശരാശരി രണ്ടു മുറികള്‍ മാത്രമേയുളളു.

കേരളത്തിലെ പാര്‍പ്പിടരംഗത്തെ കുതിച്ചുകയറ്റം ഭൂപരിഷ്‌കരണത്തോടെയാണ്‌ ആരംഭിച്ചത്‌. കിടപ്പാടം സ്വന്തമായപ്പോള്‍ അവിടെ വീടു വെയ്‌ക്കാന്‍ സൗകര്യമൊരുങ്ങി. മറ്റ്‌ സംസ്ഥാനങ്ങളില്‍ പാര്‍പ്പിടരംഗത്ത്‌ ഇന്ദിരാ ആവാസ്‌യോജന പോലുള്ള കേന്ദ്രാവിഷ്‌കൃത സ്‌കീമുകളാണ്‌ പാവപ്പെട്ടവര്‍ക്ക്‌ ഗുണം ചെയ്‌തത്‌. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരുകള്‍ ലക്ഷംവീട്‌പദ്ധതികള്‍ മുതല്‍ പാവപ്പെട്ടവരുടെ വീട്‌ നിര്‍മ്മാണത്തിനായി ശക്തിയായി ഇടപെട്ടു. ഇത്‌ ജനകീയാസൂത്രണകാലത്ത്‌ ഉച്ചസ്ഥായിലായി. 5.7 ലക്ഷം വീടുകളാണ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ കാലയളവില്‍ പണിതു നല്‍കിയത്‌. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലാ പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതി തന്നെ ആവിഷ്‌കരിച്ചു. എല്ലാവര്‍ക്കും വീട്‌ നല്‍കുന്നതിന്‌ പത്തോ ഇരുപതോ വര്‍ഷം കാത്തുനില്‍ക്കാതെ ആവശ്യമായ പണം വായ്‌പയെടുത്ത്‌ മുഴുവന്‍ പേര്‍ക്കും ഉടന്‍തന്നെ വീടു നല്‍കുകയായിരുന്നു ലക്ഷ്യം. ഭാവി പ്ലാന്‍ഫണ്ടില്‍ നിന്ന്‌ പാര്‍പ്പിടത്തിനായുള്ള പണവും ഗുണഭോക്താക്കളുടെ തിരിച്ചടവ്‌ വിഹിതവും ധനകാര്യസ്ഥാപനത്തിന്‌ നല്‍കി കടം വീട്ടുക എന്നതായിരുന്നു ഈ സ്‌കീമുകളുടെ സമീപനം.കേരളത്തില്‍ ഒരു പാര്‍പ്പിടവിപ്ലവം തന്നെ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായ ഈ സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ പകരം തകര്‍ക്കുകയാണ്‌ ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ്‌ ചെയ്‌തത്‌.

സമ്പൂര്‍ണ്ണ പാര്‍പ്പിടത്തിന്‌ കൃത്യമായ പരിപാടി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുമുണ്ടായിരിക്കണം. ദാരിദ്ര്യരേഖക്ക്‌ കീഴിലുള്ളവര്‍ക്ക്‌ പൂര്‍ണ സബ്‌സിഡി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ വായ്‌പയുമായി ബന്ധപ്പെടുത്തി സ്‌കീമുണ്ടാക്കണം. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്ക്‌ ഹൗസിംഗ്‌ ബോര്‍ഡിന്റേയും ധനകാര്യസ്ഥാപനങ്ങളുടേയും സ്‌കീമുകള്‍ ഉപയോഗപ്പെടുത്തണം. പാവപ്പെട്ടവരുടെ കാര്യത്തിലും വായ്‌പാസ്‌കീമുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കുന്നതിന്‌ സൗകര്യമുണ്ടാവണം. കുടുംബശ്രീ ഇത്തരം വായ്‌പാസ്‌കീമുകള്‍ നടപ്പിലാക്കണം. ലക്ഷംവീടുകള്‍ ഒറ്റ വീടുകളായി പുനരുദ്ധരിക്കേണ്ടതുണ്ട്‌. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി പ്രത്യേകസ്‌കീമിന്‌ രൂപം നല്‍കേണ്ടതുണ്ട്‌.

ആദിവാസികളുടെ പാര്‍പ്പിടപ്രശ്‌നമാണ്‌ കുത്തഴിഞ്ഞുകിടക്കുന്ന ഒരു മേഖല. പണം ഫലപ്രദമായി ചെലവഴിക്കാനുതകുന്ന രീതിയില്‍ ഗുണഭോക്താക്കളുടെ പങ്കാളിത്തം പാര്‍പ്പിടനിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും ഉറപ്പു വരുത്താനാകുന്നില്ല. പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെ നടത്തിപ്പില്‍ പൊതുവില്‍ നേരിടുന്ന വെല്ലുവിളിയുടെ ഭാഗമാണിതും. പട്ടികവര്‍ഗ്ഗക്കാരുടെ തനതായ ജീവിതശൈലിക്കും സംസ്‌കാരത്തിനും അനുയോജ്യമായ പാര്‍പ്പിടം രൂപകല്‍പ്പന ചെയ്യാനാകണം. ഊരുകൂട്ടങ്ങളുടെ സജീവപങ്കാളിത്തത്തോടെ വേണം പരിപാടി നടപ്പിലാക്കാന്‍.

കേരളത്തിലെ പാര്‍പ്പിടശൈലിയിലും നിര്‍മ്മാണ സാമഗ്രികളിലും വലിയമാറ്റങ്ങളാണ്‌ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുള്ളത്‌. 1961ല്‍ 74% ഓലയും പുല്ലും മറ്റും മേഞ്ഞ വീടുകളാണുണ്ടായിരുന്നതെങ്കില്‍ 2001 ല്‍ അത്‌ 11% ആയി കുറഞ്ഞു. 1961 ല്‍ കോണ്‍ക്രീറ്റ്‌ വീടുകള്‍ 0.1% ശതമാനമേ വരുമായിരുന്നുള്ളു. 2001 ല്‍ 21% കോണ്‍ക്രീറ്റ്‌ വീടുകളായി. 2001ല്‍ ഇന്ത്യയിലെ 33% വീടുകളില്‍ തറ സിമന്റോ അതുപോലുള്ള വസ്‌തുക്കളെക്കൊണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ അത്‌ 72% ആയിരുന്നു. എന്നാല്‍ വീട്‌ ഇന്ന്‌ പദവിയുടെ പ്രതീകമായി മാറി. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വലുതും ആഡംബര ഉല്‍പ്പന്നങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുള്ളതുമാണ്‌ ഇന്ന്‌ കേരളത്തിലെ വീടുകളിലെ ഒരു വലിയ വിഭാഗം. ഈ പ്രവണത രൂപപ്പെടുത്തുന്നതില്‍ ഗള്‍ഫ്‌ പണം ഒരു വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഒരു സ്വപ്‌നവീട്‌ പണിയുന്നതിന്‌ വേണ്ടി പണം മുടക്കാന്‍ മലയാളിക്ക്‌ യാതൊരു മടിയുമില്ല. ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതാണ്‌. ഇങ്ങനെ നിര്‍മാണ പ്രവര്‍ത്തനം തുടരുന്നതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ പരിമിതമാണ്‌. ദുര്‍വ്യയം പരമാവധി കുറയ്‌ക്കുന്നതിനുതകുന്ന കെട്ടിടനിര്‍മ്മാണശൈലികളെയാണ്‌ പ്രോല്‍സാഹിപ്പിക്കേണ്ടത്‌.
 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009