കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍
ഒന്ന് : പുതിയൊരു ലോകം
20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്‌ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നുവരുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു.
മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികള്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിന് അടിത്തറയിട്ടു. അഖിലേന്ത്യാതലത്തില്‍ രാജാറാം മോഹന്‍ റോയിയും പരിഷ്‌കരണപ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. ഈ പശ്ചാത്തലത്തില്‍ ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായവര്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശത്തും വാഗ്‌ഭടാനന്ദനെ പോലുള്ളവര്‍ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങള്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപം പ്രാപിച്ചു. ഇവ ജനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്‌ടിച്ചു. അയിത്തത്തിനും ജാതീയതയ്‌ക്കും എതിരായും ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്‍പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മര്‍ദ്ദങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടാനും തുടങ്ങി. 1906 ല്‍ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ആരംഭം കുറിച്ചതും പിന്നീട് സര്‍ക്കാര്‍ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭാസ വ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട മേല്‍മുണ്ടു കലാപം, 1888ലെ അരുവിപ്പുറം പ്രതിഷ്‌ഠ, 1891ലെ മലയാളി മെമ്മോറിയല്‍, 1896ലെ ഈഴവ മെമ്മോറിയല്‍, 1903ലെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗസ്ഥാപനം, തുടര്‍ന്നു സാധുജനപരിപാലനയോഗം തുടങ്ങി സാമുദായക സംഘടനകളുടെ രൂപീകരണം, പ്രവര്‍ത്തനം, സമരങ്ങള്‍ എല്ലാം കേരളീയ ജീവിതത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിന് സഹായകമായ ഘടകമായി വര്‍ത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്‌ചയില്‍ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയര്‍ത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളര്‍ന്നുവന്നു.
സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനവും വളര്‍ന്നുവന്നുകൊണ്ടിരുന്ന ഈ സാഹചര്യത്തിലാണ് സോവിയറ്റ് വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഉള്ള ആശയങ്ങള്‍ കേരളത്തില്‍ എത്തിച്ചേരുന്നത്. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, പി. കേശവദേവ് മുതലായവരുടെ കൃതികളിലൂടെ ഇത്തരം ആശയങ്ങളുടെ പ്രചരണം കേരളത്തില്‍ വരാന്‍ തുടങ്ങി.
രണ്ട്‌് : മാറുന്ന ചക്രവാളം
ഈ കാലത്തുതന്നെ ജന്മിത്വവും സാമ്രാജ്യത്വവും സൃഷ്‌ടിച്ച കഷ്‌ടപ്പാടുകളുടെ പശ്ചാത്തലത്തില്‍ അതിനെതിരായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും പോരാട്ടങ്ങളും സംഘടനകളും മെല്ലെ വളര്‍ന്നുവരാന്‍ തുടങ്ങി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കൂട്ടായി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സമ്പ്രദായവും ആരംഭിച്ചു. 1921 ലെ മലബാര്‍ കലാപം എന്നു വിളിക്കപ്പെടുന്ന കാര്‍ഷിക കലാപവും തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ചലനങ്ങളും കേരളത്തിലെ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തി.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് ഈ കാലഘട്ടത്തില്‍ കേരളത്തിലെ കുറെ ചെറുപ്പക്കാരെ ജയിലില്‍ അടച്ചിരുന്നു. ഈ ഘട്ടത്തില്‍ കണ്ണൂര്‍ ജയിലില്‍ കുറെ ദേശീയ വിപ്ലവകാരികളുണ്ടായിരുന്നു. അവരുമായുള്ള ബന്ധവും, ചര്‍ച്ചകളും ഈ ചെറുപ്പക്കാരുടെ ചിന്താഗതികളെ പിടിച്ചുലച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി അവര്‍ പുതുതായി പലതും അറിയുകയായിരുന്നു. ഇത് പുതിയ ദിശാബോധം ഇവരില്‍ പകര്‍ന്നു നല്‍കി. ഇക്കാര്യം സ: ഇ.എം.എസ് ഇങ്ങനെ കുറിക്കുന്നു:
``പിന്നീട് രൂപം കൊണ്ട കേരളത്തിലെ ഇടതുപക്ഷകോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേയും ബീജാവാപം നടന്നത് കണ്ണൂര്‍ ജയിലില്‍ വെച്ചാണെന്നും അതു നടത്തിയത് തിവാരി ആയിരുന്നുവെന്നും പറഞ്ഞാല്‍ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല.''
മൂന്ന് : ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്ന ജനത
ബഹുജനമുന്നേറ്റത്തെ ഭയപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നയത്തില്‍ അസംതൃപ്‌തരായ ചെറുപ്പക്കാരാണ് സോഷ്യലിസ്റ്റ് ആശയത്തില്‍ ആകര്‍ഷിക്കപ്പെട്ടത്. ഇത്തരം ചിന്താഗതികള്‍ക്ക് ശക്തി പകരുന്നതിന് ഇടയാക്കുന്ന അന്തരീക്ഷം അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു.
ജന്മിത്വത്തിന്റെ പീഡനങ്ങളാല്‍ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയായിരുന്നു. ഇതിനെതിരായി അങ്ങിങ്ങ് ചെറുത്തുനില്‍പ്പുകളും സംഘടനകളും ഈ കാലഘട്ടത്തില്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. 1935 ജൂലൈ മാസത്തില്‍ പഴയ ചിറക്കല്‍ താലൂക്കിലെ കൊളച്ചേരി അംശത്തില്‍ നണിയൂരിലുള്ള ഭാരതീയ മന്ദിരത്തില്‍ വെച്ച് കൃഷിക്കാരുടെ ഒരു യോഗം നടക്കുകയുണ്ടായി. വിഷ്‌ണുഭാരതീയന്‍ പ്രസിഡന്റും കെ.എ. കേരളീയന്‍ സെക്രട്ടറിയുമായി കൊളച്ചേരി കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. 1935 സെപ്‌തംബറോടുകൂടി കരിവെള്ളൂര്‍, വെള്ളൂര്‍, പെരളം, കൊടക്കാട് ഇവ കേന്ദ്രമാക്കി കരിവെള്ളൂര്‍ കര്‍ഷക സംഘവും രൂപീകരിക്കപ്പെട്ടു. 1936 ല്‍ അഖിലേന്ത്യാ കിസാന്‍സഭ രൂപീകൃതമായതോടെ കാര്‍ഷിക മേഖലയില്‍ പോരാട്ടത്തിന്റെ പുതിയ മുഖം തുറന്നു. 1936 ജൂലൈ മാസത്തില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന പട്ടിണി ജാഥ ഈ രംഗത്ത് വമ്പിച്ച ഉണര്‍വുണ്ടാക്കി. ഇതിന് തുടര്‍ച്ചയായി മലബാറില്‍ നിരവധി കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കപ്പെടാന്‍ തുടങ്ങി. 1936 നവംബറില്‍ പറശ്ശിനിക്കടവില്‍ ആദ്യത്തെ ചിറക്കല്‍ താലൂക്ക് കര്‍ഷക സമ്മേളനവും ഈ കാലഘട്ടത്തില്‍ നടന്നു. 1937 ല്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപീകരിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ തന്നെ കര്‍ഷക സംഘത്തിന്റെ രണ്ടാം അഖില മലബാര്‍ സമ്മേളനം കോഴിക്കോട്ട് നടന്നു. കാര്‍ഷിക മേഖലയിലെ ഈ ഉണര്‍വ് പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ വരവിന് പശ്ചാത്തലമൊരുക്കുന്നതായിരുന്നു.
ഈ കാലഘട്ടത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും വളര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. 1929 ല്‍ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌ഘടനയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ രൂപപ്പെടാനും ശക്തിപ്രാപിക്കാനും തുടങ്ങി. 1922 ല്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപപ്പെട്ടിരുന്നു. ഇത്തരം സംഘടനകള്‍ പിന്നീട് ഉശിരന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളായി രൂപം പ്രാപിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, പാപ്പിനിശേരി, തലശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പണിമുടക്കുകള്‍ സംഘടിപ്പിക്കപ്പെട്ടു. 1935 മെയില്‍ ഒന്നാമത്തെ കേരള തൊഴിലാളി സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. ഒരു സ്വതന്ത്ര വര്‍ഗശക്തി എന്ന നിലയില്‍ തൊഴിലാളിവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഈ ഇടപെടല്‍ കമ്യൂണിസ്റ്റ് ആശയപ്രചരണത്തിന് പശ്ചാത്തലമൊരുക്കി. ഈ ഘട്ടത്തില്‍ തിരുവിതാംകൂറില്‍ കയര്‍ തൊഴിലാളികളും സംഘടിച്ച് ശക്തിപ്രാപിക്കുന്ന നിലയുണ്ടായി. കൊച്ചിയില്‍ കൊച്ചിന്‍ സ്റ്റെര്‍ലിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ പോലുള്ള സംഘടനകളും രൂപപ്പെട്ടുതുടങ്ങി. ലേബര്‍ ബ്രദര്‍ഹുഡും അളഗപ്പ ടെക്‌സ്റ്റൈല്‍സിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടുതുടങ്ങി. 1937 ല്‍ തൃശൂരില്‍ രണ്ടാം അഖിലകേരള തൊഴിലാളി സമ്മേളനവും നടക്കുകയുണ്ടായി. തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ഈ സംഘടനാബോധം പുതിയ രാഷ്‌ട്രീയത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു.
1930 കളുടെ തുടക്കത്തില്‍ ഗുണപരമായ മറ്റു ചില ചുവടുവെപ്പുകളും ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. അതില്‍ സുപ്രധാനമായതായിരുന്നു തിരുവിതാംകൂറില്‍ നടന്ന നിവര്‍ത്തനപ്രക്ഷോഭം. അന്നേവരെ അവര്‍ണരായി, അവശരായി ചവിട്ടിതാഴ്‌ത്തപ്പെട്ടിരുന്നവര്‍ ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നു. ഇത് ഭരണത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും ഉദ്യോഗത്തില്‍ സംവരണവും എന്ന മുദ്രാവാക്യത്തെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇടയാക്കി. ഇത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പുതിയ ആവേശം പകരുന്നതായിരുന്നു.
നാല് : കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി
സോവിയറ്റ് വിപ്ലവത്തില്‍ ആവേശം കൊണ്ടവര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിക്കുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടായി. തൊഴിലാളികളുടേയും കൃഷിക്കാരുടേയും സംഘടനകള്‍, അവരുടെ പാര്‍ടി, അവരുടെ ഭരണം എന്നത് ഇവരെ തികച്ചും ആവേശം കൊള്ളിച്ചു. എങ്കിലും സോഷ്യലിസത്തെപ്പറ്റിയോ, മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെപ്പറ്റിയോ ഇവര്‍ക്ക് അറിയില്ലായിരുന്നു. ഈ സ്ഥിതിവിശേഷത്തെ സ: ഇ.എം.എസ് ഇങ്ങനെ വിലയിരുത്തുന്നു:
``സോഷ്യലിസ്റ്റ് ആശയം സംബന്ധിച്ച് ഞങ്ങളുടെ ധാരണകള്‍ അപൂര്‍ണ്ണവും, അവ്യക്തവുമായിരുന്നു. എങ്കിലും ഞങ്ങള്‍ക്കുള്ള ധാരണയെങ്കിലും അന്നുണ്ടായിരുന്ന പ്രചാരണസൗകര്യം ഉപയോഗിച്ച് ജനങ്ങളുടെ ഇടയില്‍ വ്യാപിപ്പിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചു പറയത്തക്ക വിവരമൊന്നുമില്ല. എന്നാല്‍ അവയുടെ സജീവ പ്രതീകമാണ് സോവിയറ്റ് യൂണിയനെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. എന്തുകൊണ്ടെന്നാല്‍ മുതലാളിത്തലോകത്തില്‍ അതിഭയങ്കരവും സര്‍വ്വവ്യാപിയുമായ ഒരു സാമ്പത്തികകുഴപ്പം നടമാടുന്ന സമയമാണിത്. അതേ അവസരത്തില്‍ സോവിയറ്റ് യൂണിയന്‍ അതിന്റെ ഒന്നാം പഞ്ചവത്സരപദ്ധതി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു രാജ്യത്തിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ത്വരിതമായി അവിടത്തെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ തിന്മയും സോഷ്യലിസത്തിന്റെ മേന്മയും വ്യക്തമാകുവാന്‍ ഇതില്‍ കൂടുതലെന്തെങ്കിലും വേണോ? സോഷ്യലിസത്തിന്റെ മൗലികപ്രമാണങ്ങള്‍ സംബന്ധിച്ചു താത്വികാടിസ്ഥാനത്തില്‍ പഠനം നടത്താന്‍ സൗകര്യം കിട്ടിയില്ലാത്ത ഞങ്ങള്‍ക്ക് സോഷ്യലിസത്തിന് അനുകൂലമായ അഭിപ്രായം സ്വയം ഉണ്ടാവാനും അത് ജനങ്ങളോട് പറയാനും സഹായിച്ച വസ്‌തുതയാണ്.''
സോവിയറ്റ് റഷ്യയില്‍ ഉണ്ടായതുപോലുള്ള ഒരു ഭരണം സ്ഥാപിക്കണമെങ്കില്‍ അവിടേക്കുള്ള മാര്‍ഗ്ഗം കൃഷിക്കാരുടേയും, തൊഴിലാളികളുടേയും സംഘടന കെട്ടിപ്പടുക്കലാണ്. അവരെ അവകാശബോധമുള്ളവരാക്കി ദേശീയപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തലാണ്. അതു മാത്രമല്ല ഗ്രാമത്തിന്റെ പ്രാഥമിക ഘടകം മുതല്‍ കേന്ദ്രതലം വരെ പരസ്‌പരം ബന്ധപ്പെടുന്ന സംഘടനാശൃംഖലയും ഉണ്ടാക്കി.
അഞ്ച് : പഠനം പരിശീലനം.
പാര്‍ടി ഘടകങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ടതവസാനിപ്പിച്ചില്ല. അവരില്‍ രാഷ്‌ട്രീയ ബോധം രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു ഗ്രാമങ്ങളില്‍ വായനശാലകള്‍, ഗ്രന്ഥശാലകള്‍, നിശാപാഠശാലകള്‍ എന്നിവ ഉണ്ടാക്കി അവരെ പഠിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. അതേ ലക്ഷ്യത്തോടെ 'പ്രഭാതം' വാരികയും തുടങ്ങി.
പിന്നീടതിനു ഒരു കേന്ദ്രീകൃതരൂപം നല്‍കി. മങ്കട - പള്ളിപ്പുറത്ത് ഒരു മാസം നീണ്ടുനിന്ന പഠന പരിശീലനക്യാമ്പ് അത്തരത്തിലുള്ള ഒന്നായിരുന്നു. അവിടെ കായികവും മാനസികവുമായ പഠനമായിരുന്നു നടന്നത്. സംസ്ഥാനത്താകെ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേര്‍ അതില്‍ പങ്കെടുത്തു.
അവിടെ പരിശീലനം നേടിയവര്‍ പിന്നീട് ജില്ലാനിലവാരത്തിലും ക്ലാസും പരിശീലനവും കൊടുത്തു. അവര്‍ താലൂക്കുകളില്‍ ക്ലാസുകള്‍ നടത്തി. പിന്നീടത് ഗ്രാമങ്ങളിലുമെത്തി. അങ്ങനെ സംസ്ഥാനമാകെ പഠനവും, പരിശീലനവും കൊടുത്ത് പുത്തനൊരു രാഷ്‌ട്രീയപ്രവര്‍ത്തനം സജീവമായി. കേരളത്തെയാകെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംഘടനാ സംവിധാനമായി ഇത് മാറി.
ആറ് : കോണ്‍ഗ്രസ്, സാധാരണക്കാരുടെ
ജയിലില്‍ വെച്ച് തീരുമാനിച്ചതുപോലെ കൃഷിക്കാരെയും, തൊഴിലാളികളേയും സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തിനായി അവര് പ്രവര്‍ത്തിച്ചു. അത് സാക്ഷാത്‌കരിക്കാനും ഇവര്‍ക്ക് കഴിഞ്ഞു
1934ല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ മൂവായിരത്തോളം മാത്രമായിരുന്നു. 1938-39 കാലങ്ങളിലാവട്ടെ അത് അറുപതിനായിരത്തോളം ഉയര്‍ന്നു. അക്കാലമാവുമ്പോഴേക്കും കോണ്‍ഗ്രസിന് മുന്നൂറിലധികം വില്ലേജുകമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്ന വില്ലേജ്-ടൗണ്‍-ജില്ലാ-സംസ്ഥാനകമ്മിറ്റികള്‍ ഈ ഘട്ടത്തില്‍ നിലവില്‍വന്നു.
അടിസ്ഥാനതലം വരെ സംഘടന വികസിച്ച് കോണ്‍ഗ്രസ് സാധാരണക്കാരുടെ കൈകളിലേക്ക് പോകുന്നതിനെ വലതുപക്ഷക്കാരായ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ എതിരായിരുന്നു -. ഇടതുപക്ഷക്കാരാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്നത്.
ഏഴ്: ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പുകള്‍
നേരത്തെ സൂചിപ്പിച്ച തരത്തില്‍ കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ചില കമ്യൂണിസ്റ്റ് നേതാക്കളുമായി പരിചയപ്പെടാനും, ആശയവിനിമയം നടത്താനും ചില യുവ രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പലവട്ടം സന്ധിച്ച് ചര്‍ച്ച നടത്തി. അന്നത്തെ അനുഭവം സ: ഇ.എം.എസ് ഇങ്ങനെ കുറിക്കുന്നു:
``കമ്യൂണിസ്റ്റ് പാര്‍ടിയെന്നൊരു സംഘടനയുണ്ടെന്നു അന്നുതന്നെ ഞങ്ങള്‍ കേട്ടിരുന്നു. അതുതന്നെ അതിനോട് പലവിധത്തിലും എതിര്‍പ്പുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കന്‍മാരില്‍ നിന്നും റോയിസ്റ്റുകാരില്‍ നിന്നുമായിരുന്നു. കമ്യൂണിസ്റ്റുകാരുടേതായി പ്രചരിപ്പിച്ചിരുന്ന ചില ലഘുലേഖകള്‍ ഞങ്ങള്‍ വായിച്ചിരുന്നു. അതിലെ മുഖ്യമായ ആശയഗതിയോടു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തു നിന്നല്ല, അതിനെ എതിര്‍ത്തുകൊണ്ടാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റുകാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ആശയഗതിയാണ് കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നത്.) ഞങ്ങള്‍ക്ക് തികഞ്ഞ വിയോജിപ്പാണുണ്ടായിരുന്നത്.''? (സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാരും)
കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. സുന്ദരയ്യയും, എസ്.വി. ഘാട്ടെയുമാണ് ഇത്തരത്തില്‍ കേരള സഖാക്കളുമായി നിരന്തരബന്ധവും കൂടിക്കാഴ്‌ച്ചകളും ചര്‍ച്ചകളും നടത്തിക്കൊണ്ടിരുന്നത്. രണ്ടു വര്‍ഷക്കാലം നടന്ന ഇത്തരം നിരന്തരമായ ഇടപെടലിന്റെ ഫലമായി 1937 ല്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പ് രൂപംകൊണ്ടു. സഖാക്കള്‍ പി കൃഷ്‌ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍, എന്‍. സി. ശേഖര്‍ എന്നിവരാണ് ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ കോണ്‍ഗ്രസിനകത്തു തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എട്ട്: പുത്തന്‍ വീക്ഷണം
ഇടതുപക്ഷ കോണ്‍ഗ്രസ്സുകാര്‍ പുതിയ മനുഷ്യനെ വാര്‍ത്തെടുക്കുന്ന നവീന ചിന്തയാണ് പ്രചരിപ്പിച്ചത്. ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും രൂപം കൊണ്ട വികാരമായിരുന്നു അത്. സാധാരണക്കാരന്റെ മനസ്സില്‍ തട്ടുന്ന ഭാഷയും അവര്‍ സ്വായത്തമാക്കി.
രണ്ടാം അഖില കേരള തൊഴിലാളി സമ്മേളനത്തില്‍ അദ്ധ്യക്ഷനായ ബാട്‌ലിവാലയുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
``തൊഴിലാളികള്‍ കുടിക്കാന്‍ കഞ്ഞിയും, ഉടുക്കാന്‍ മുണ്ടും, കിടക്കാന്‍ പുരയിടവും ആവശ്യപ്പെട്ടാല്‍ അവരെ കമ്യൂണിസ്റ്റ്‌കാരെന്നും, ബോള്‍ഷെവിക്കുകാരെന്നും, അപകടക്കാരെന്നും പറഞ്ഞ് അടിച്ചമര്‍ത്തുകയുണ്ടായി. അവരെ വര്‍ണിക്കുവാന്‍ നിന്ദാസൂചകമല്ലാത്ത വാക്കുകളില്ല. അവര്‍ ആവശ്യപ്പെടുന്നത് തൊഴിലാണ്, തൊഴിലിനു കൂലിയും. ഇത്രയും പറഞ്ഞാല്‍ അവരുടെ പുറത്ത് കമ്യൂണിസ്റ്റെന്നും, ബോള്‍ഷെവിക്കെന്നും, സാമുദായത്തെ തകിടം മറിക്കുന്നവരെന്നും ലേബല്‍ ഒട്ടിക്കുകയുണ്ടായി. വേലക്കാര്‍ ഉത്തേജനത്തിനും, ഉദാഹരണത്തിനുമായി റഷ്യയിലേക്കാണ് നോക്കുന്നതെന്നും അവര്‍ക്കറിയാം. റഷ്യയില്‍ ഇന്നു ചൂഷകന്മാരില്ല, അവിടത്തെ ഭരണം വേലക്കാരുടെ ഭരണമാകുന്നു.''
1939ല്‍ കൊടക്കാട് കര്‍ഷകസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടു പ്രൊഫ. എന്‍. ജി രംഗ ചെയ്‌ത പ്രസംഗവും പുതിയ ലക്ഷ്യമെന്തെന്നു കൃത്യമായി ചൂണ്ടിക്കാട്ടി. ?കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഭരണം സ്ഥാപിച്ചെങ്കില്‍ മാത്രമേ കര്‍ഷകരുടെ അവശതകള്‍ പരിപൂര്‍ണമായി അവസാനിക്കുകയുള്ളു.?സോവിയറ്റ് റഷ്യയിലെ ഭരണത്തില്‍ തൊഴിലാളി - കര്‍ഷക ജീവിതത്തില്‍ വന്നിട്ടുള്ള വളരെയേറെ മെച്ചപ്പെട്ട സ്ഥിതി അദ്ദേഹം ഉദാഹരിച്ചു. പി. കൃഷ്‌ണപിള്ള അക്കാലത്ത് നടത്തിയ പ്രസംഗം ഇതിനുദാഹരണമാണ്.
``ഇത്രയും കാലത്തെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് രാഷ്‌ട്രീയമായ അധികാരം ലഭിക്കാതിരിക്കുന്നിടത്തോളം കാലം യാതൊരു നേട്ടവും ഉണ്ടാവുകയില്ല. ഇന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലെ സ്ഥാപിതതാല്‍പ്പര്യക്കാരെ കൂട്ടുപിടിച്ചുകൊണ്ട് ബഹുജനങ്ങളെ ചൂഷണം ചെയ്‌തുവരികയാണ്. അതുകൊണ്ടു തൊഴിലാളികളുടെ പ്രധാനമായ കര്‍ത്തവ്യം സാമ്രാജ്യഭരണത്തെ നശിപ്പിച്ചു രാഷ്‌ട്രീയാധികാരം പിടിച്ചുപറ്റുകയാണ്. സാമ്രാജ്യത്വത്തെ നശിപ്പിച്ചു ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്രത്തിനു വേണ്ടി സമരം ചെയ്യുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എല്ലാ തൊഴിലാളികളും അംഗങ്ങളായി ചേരുകയും പൊതുപണിമുടക്ക് ചെയ്‌ത് രാഷ്‌ട്രീയസമരത്തെ ശക്തിപ്പെടുത്തുകയും ചെയ്യണം. നാട്ടുരാജ്യങ്ങളെന്നും, ബ്രിട്ടീഷ് ഇന്ത്യയെന്നും ഉള്ള വ്യത്യാസങ്ങള്‍ അര്‍ത്ഥമില്ലാത്ത ഒന്നാണ്. നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വെറും അടിമകള്‍ മാത്രമാണ്.'' (തൃശ്ശിവപേരൂര്‍ ജനറല്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ അര്‍ധവാര്‍ഷികസമ്മേളനത്തില്‍ 1939 ജൂലായ് മാസം ചെയ്‌ത പ്രസംഗത്തില്‍ നിന്ന്)
ഒന്‍പത് : മുന്നൊരുക്കങ്ങള്‍
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടര കൊല്ലങ്ങള്‍ക്കു ശേഷമാണ് കേരളപാര്‍ടി ഘടകം ഉണ്ടാകുന്നത്.
അതിനാകട്ടെ വളരെ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്‌തു. രണ്ടാം ലോകമഹായുദ്ധകാലത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ നിലപാടാണ് ഈ പ്രക്രിയയുടെ ത്വരിതമായ പ്രയാണത്തിന് പ്രേരകമായി തീര്‍ന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാട് ഇതിനെ സംബന്ധിച്ച് ഇങ്ങനെ എഴുതുന്നു:
``സോഷ്യലിസ്റ്റ് പാര്‍ടിയെ മുഴുവനും കമ്യൂണിസ്റ്റ് പാര്‍ടിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ യുദ്ധം തുടങ്ങിയുള്ള ആദ്യത്തെ ആഴ്‌ചകളില്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു പാഠ്യപദ്ധതി നടപ്പാക്കുകയുണ്ടായി. രണ്ടരക്കൊല്ലക്കാലത്തെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനകാലത്ത് ഈ പ്രവര്‍ത്തനം തുടര്‍ന്നു വന്നു. എംഗല്‍സിന്റെ 'സോഷ്യലിസം സാങ്കല്‍പ്പികവും ശാസ്‌ത്രീയവും', ലെനിന്റെ 'എന്തു ചെയ്യണം' സ്റ്റാലിന്റെ 'ലെനിനിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍' പോലുള്ള പ്രമാണിക ഗ്രന്ഥങ്ങള്‍ പാര്‍ടിയുടെ പ്രമുഖകാഡര്‍മാരെ പഠിപ്പിച്ചു. ഇവയുടെയും നിരവധി മറ്റ് ഗ്രന്ഥങ്ങളുടേയും തര്‍ജ്ജുമ ആരംഭിച്ചു. ഇവയില്‍ ചിലത് കാഡര്‍മാരുടെ വിദ്യാഭാസത്തിനു വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്. സ്റ്റാലിന്റെ 'സിപിഎസ്‌യു(ബി) ചരിത്രം' എന്ന ഗ്രന്ഥം പൂര്‍ണ്ണമായും തര്‍ജ്ജുമ ചെയ്‌തു ഓരോ അധ്യായമായി അച്ചടി ആരംഭിച്ചു. സിദ്ധാന്തം അറിയാനുള്ള ആഗ്രഹം എല്ലാ ഭാഗത്തു നിന്നുമുണ്ടായിരുന്നു. പക്ഷേ പാര്‍ടി അണ്ടര്‍ഗ്രൗണ്ടില്‍ നിന്നും പുറത്തുവന്നതിനുശേഷമേ ആ പ്രക്രിയ തുടരാനും ഒരുയര്‍ന്ന തലത്തിലേക്ക് എത്തിക്കുവാനും കഴിഞ്ഞുള്ളൂ.''? (കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍: ഉത്ഭവവും, വളര്‍ച്ചയും).
പത്ത്: പിണറായി സമ്മേളനം
1939 ല്‍ ഒരു പാര്‍ടിയാകെ മറ്റൊരു പാര്‍ടിയായി രൂപാന്തരപ്പെടുന്ന പ്രക്രിയയായിരുന്നു പാറപ്പുറത്ത് നടന്നത്. അതിനുവേണ്ടിയുള്ള ചര്‍ച്ചകളും ഒരുക്കങ്ങളും നേരത്തെത്തന്നെ നടന്നിരുന്നു. രഹസ്യസമ്മേളനമായിരുന്നതിനാല്‍ അത് സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലാത്തതിനാല്‍ അതില്‍ പങ്കെടുത്തവരുടെ ഓര്‍മ മാത്രമാണ് ആശ്രയം. ഇത് സംബന്ധിച്ച് ഇ.എം.എസ് ഇങ്ങനെ രേഖപ്പെടുത്തുന്നു:
``തീര്‍ത്തും നിയമവിരുദ്ധമായ രീതിയില്‍ ഒരു സംഘടന മുമ്പുതന്നെ രൂപീകരിച്ചിരുന്നു. അധികം പേര്‍ക്കും അത് അറിയുമായിരുന്നില്ല. എന്നാല്‍ 1939 അവസാനത്തോടെ അര്‍ദ്ധനിയമവിരുദ്ധാവസ്ഥയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സി.പി.ഐയുടെ കേരള ഘടകത്തിന്റെ ആവിര്‍ഭാവം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.'' (കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉല്‍ഭവവും വളര്‍ച്ചയും)
പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്തവരുടെ മുഴുവന്‍ പേരുകള്‍ ആരും രേഖപ്പെടുത്തിയിട്ടില്ല.
പലരുടേയും അനുസ്‌മരണകളില്‍ നിന്നും, ലേഖനങ്ങളില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
1) പി. കൃഷ്‌ണപിള്ള
2) കെ. ദാമോദരന്‍
3) ഇഎംഎസ് നമ്പൂതിരിപ്പാട്
4) പി. നാരായണന്‍ നായര്‍
5) കെ. കെ വാര്യര്‍
6) എ.കെ. ഗോപാലന്‍
7) വിഷ്‌ണുഭാരതീയന്‍
8) ഇ.പി. ഗോപാലന്‍
9) പി.എസ്. നമ്പൂതിരി
10) സി.എച്ച്. കണാരന്‍
11) കെ.എ. കേരളീയന്‍
12) സുബ്രഹ്മണ്യന്‍ തിരുമുമ്പ്
13) കെ.പി. ഗോപാലന്‍
14) ചന്ത്രോത്ത് കുഞ്ഞിരാമന്‍ നായര്‍
15) എം.കെ. കേളു
16) സുബ്രഹ്മണ്യഷേണായി
17) വി.വി. കുഞ്ഞമ്പു
18) വില്യം സ്റ്റെലക്‌സ്
19) എ.വി. കുഞ്ഞമ്പു
20) കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍
21) പി.എം. കൃഷ്‌ണമേനോന്‍
22) കെ. കൃഷ്‌ണന്‍ നായര്‍
23) വടവതി കൃഷ്‌ണന്‍
24) എന്‍. ഇ. ബാലറാം
25) പിണറായി കൃഷ്‌ണന്‍ നായര്‍
26) കെ.എന്‍. ചാത്തുക്കുട്ടി
27) മഞ്‌ജുനാഥറാവു
28) കൊങ്ങശ്ശേരി കൃഷ്‌ണന്‍
29) കെ.പി.ആര്‍. ഗോപാലന്‍
30) പി.വി. കുഞ്ഞുണ്ണി നായര്‍
31) മൊയ്യാരത്ത് ശങ്കരന്‍
32) പി.കെ. ബാലകൃഷ്‌ണന്‍
33) ജനാര്‍ദ്ദനഷേണായി
34) ജോര്‍ജ്ജ് ചടയംമുറി
35) പി. ഗംഗാധരന്‍
36) ടി.കെ. രാജു
37) ഐ.സി.പി. നമ്പൂതിരി
38) പി.പി. അച്യുതന്‍ മാസ്റ്റര്‍
39) സി. കണ്ണന്‍
40) എം. പത്മനാഭന്‍
41) ടി.വി. അച്യുതന്‍ നായര്‍
42) കെ. ദാമു
പതിനൊന്ന്: സാമ്രാജ്യ വിരുദ്ധ പ്രക്ഷോഭം
യുദ്ധത്തോടുള്ള പാര്‍ടിയുടെ നയം, കേരളത്തില്‍ പാര്‍ടിയെ ഒരു വിഷമവൃത്തത്തിലാക്കുകയുണ്ടായി. ഒഴുക്കിനെതിരെയാണ് അന്ന് പാര്‍ടി നീങ്ങിയത്. കോണ്‍ഗ്രസിനത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള വാളായിരുന്നു. അവര്‍ ബഹുജനസംഘടനകളെ ഒക്കെ രണ്ടായി വെട്ടിമുറിച്ചു. അങ്ങനെ അവയുടെ ശക്തി പിളര്‍ന്നു. അവരെ പരസ്‌പരവൈരികളാക്കി. രണ്ടാം ലോകയുദ്ധം സാമ്രാജ്യശക്തികള്‍ തമ്മിലുള്ള യുദ്ധം എന്നായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ വിലയിരുത്തല്‍. അതിനാല്‍ സാമ്രാജ്യ വിരുദ്ധ സമരം ഊര്‍ജ്ജിതമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇന്ത്യയെ യുദ്ധത്തില്‍ പങ്കാളിയാക്കുന്നതിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടു. വില വര്‍ദ്ധനവ് നിമിത്തം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായി. പൗരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള നിരവധി നിയമങ്ങളും വന്നു. ഇത്തരം നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കെ.പി.സി.സി 1940 സെപ്‌തംബര്‍ 15 മര്‍ദനപ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം നല്‍കി. കര്‍ഷക സംഘവും കൃഷിക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രകടനവും സമ്മേളനവും നടത്താന്‍ ആഹ്വാനം ചെയ്‌തു. കര്‍ഷക സമൂഹം ഇത് നടപ്പാക്കാന്‍ സജീവമായി രംഗത്തിറങ്ങി മൊറാഴ, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. ചില പോലീസുകാര്‍ മരണമടഞ്ഞു. തലശേരിയിലെ പോലീസ് വെടിവയ്‌പ്പില്‍ അബുവും, ചാത്തുക്കുട്ടിയും ആദ്യത്തെ രക്തസാക്ഷികളായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് 1941 മാര്‍ച്ചിലാണ് കയ്യൂര്‍ സമരത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചത്. കെ. പി. ആര്‍. ഗോപാലന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ പ്രതികളാക്കപ്പെട്ടു. അതില്‍ നാലുസഖാക്കള്‍ കോടതി വിധിയനുസരിച്ച് തൂക്കി കൊല്ലപ്പെട്ടു. കേരളത്തിലാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അത് നയിക്കുന്ന വര്‍ഗ-ബഹുജനസംഘടനകളും വലിയ വളര്‍ച്ച നേടിയകാലമായിരുന്നു അത്.
സോവിയറ്റ് യൂണിയനെ ജര്‍മ്മനി ആക്രമിച്ചതിനെ തുടര്‍ന്ന് യുദ്ധം ഫാസിസ്റ്റ് വിരുദ്ധ സ്വഭാവം കൈവരിച്ചു. അതുവരെ ബഹുജനസമരങ്ങള്‍ യുദ്ധത്തെ സഹായിക്കാനായി ഊര്‍ജ്ജിതമായിരുന്നില്ല. അതിനിടെയായിരുന്നു ബോംബെയില്‍ 1943 ലെ പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്. അതിനു ശേഷം പാര്‍ട്ടിയും, വര്‍ഗ്ഗസംഘടനകളും ഉശിരന്‍ പ്രവര്‍ത്തനം നടത്തി. തെലങ്കാന (ബംഗാളിലെ) തേഭാഗാ സമരങ്ങള്‍ കേരളത്തില്‍ പുന്നപ്ര-വയലാര്‍ സമരം എന്നിവ യുദ്ധത്തിനുശേഷം 1946 ല്‍ നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ ആകെ ശ്രദ്ധയും വിപുലമായ പിന്തുണയും നേടിയ നാളുകളായിരുന്നു അത്. ഈ കാലയളവിലാണ് ദേശാഭിമാനി പ്രവര്‍ത്തനം ആരംഭിച്ചത്. 1946 നവംബര്‍ 16 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തു. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന പോരാട്ടമായിരുന്നു 1946 ഡിസംബര്‍ 30 ന് നടന്ന കരിവള്ളൂരിലെ സമരം. നെല്ല് കടത്താന്‍ വന്ന ജന്മി ഗുണ്ടകള്‍ക്കെതിരായി നടത്തിയ ചെറുത്തുനില്‍പ്പായിരുന്നു ഇത്. 1946 ഡിസംബര്‍ 3 ന് പോലീസ് അതിക്രമത്തെത്തുടര്‍ന്ന് കാവുമ്പായി കുന്നില്‍ കേന്ദ്രീകരിച്ചിരുന്നവര്‍ക്കു നേരെ പോലീസ് വെടി വെച്ചു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ഈ സമര പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ സാംസ്‌കാരിക മേഖലയിലും ശക്തമായ ഇടപെടല്‍ പാര്‍ടി നടത്തി. സാധാരണക്കാര്‍ക്ക് നേരെ ജന്മിത്വവും സാമ്രാജ്യത്വവും ചേര്‍ന്ന് നടത്തുന്ന ചൂഷണങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്.
ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും വര്‍ഗ്ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും ഈ വര്‍ഗ്ഗ നിലപാടില്‍ നിന്ന് കൊണ്ട് അനാചാരങ്ങള്‍ക്കെതിരേയും ജാതീയ അവശതകള്‍ക്കെതിരായും മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെക്കുന്നതിനുംപാര്‍ടി പരിശ്രമിച്ചു. ഇങ്ങനെ സാമൂഹ്യ അവശതകള്‍ക്കെതിരായുള്ള പോരാട്ടത്തെ വര്‍ഗ്ഗ ബോധത്തിന്റെ തലത്തിലേക്ക് വളര്‍ത്തി എടുക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞു. ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനത്തിനായി നടന്ന പ്രക്ഷോഭത്തില്‍ കൃഷ്‌ണപിള്ളയും എ.കെ.ജിയും ഉണ്ടായിരുന്നു. പിന്നീട് നടന്ന പാലിയം സമരം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതുമായിരുന്നു. എ.കെ.ജിയുടെ നേതൃത്വത്തില്‍ പയ്യന്നൂരിലെ കണ്ടോത്ത് ദളിതര്‍ക്ക് വഴിനടക്കാന്‍ വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളും എടുത്തുപറയേണ്ടതാണ്. ക്ഷേത്രക്കുളങ്ങളില്‍ കുളിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരവും പ്രധാനമാണ്. സാമൂഹ്യ നവീകരണങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇത്തരത്തില്‍ സജീവമായി ഇടപെടുന്ന രീതി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്‌ക്ക് സുപ്രധാന ഘടകമായിത്തീര്‍ന്നിട്ടുണ്ട്.
പന്ത്രണ്ട്: സ്വാതന്ത്ര്യസമ്പാദനവും കമ്മ്യൂണിസ്റ്റ് വേട്ടയും
രണ്ടാം ലോകമഹായുദ്ധാനന്തരം വമ്പിച്ച ജനകീയ മുന്നേറ്റം. മുന്നേറ്റത്തിന്റെ മുന്‍പന്തിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി. ഈ മുന്നേറ്റം വമ്പിച്ച ഒരു ദേശീയ കലാപത്തിന്റെ രൂപം കൈക്കൊള്ളുമായിരുന്നു. അതു സംഭവിച്ചാല്‍ ദേശീയ സമരത്തിന്റെ നേതൃത്വം തങ്ങള്‍ക്ക് നഷ്‌ടപ്പെട്ടേക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെട്ടു. ഈ മുന്നേറ്റം തുടര്‍ന്നാല്‍ പഴയതുപോലെ ഭരിക്കാന്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷുകാര്‍ക്കും ബോധ്യപ്പെട്ടു. അതുകൊണ്ട് പഴയതുപോലെ ഭരിക്കാന്‍ സാധ്യമല്ലെന്നു മനസിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വം ഒരുഭാഗത്തും, ദേശീയ സമരത്തിന്റെ നേതൃത്വം തങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം മറുഭാഗത്തും ആയി ഒരു കരാറുണ്ടാക്കി. അങ്ങനെയാണ് 1947 ല്‍ രാജ്യത്തിന് രാഷ്‌ട്രീയ സ്വാതന്ത്ര്യം കിട്ടിയത്. ബ്രിട്ടീഷുകാര്‍, പക്ഷെ, രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വെട്ടിമുറിച്ചു. ഇങ്ങനെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അതിനായി പോരാടിയ എ.കെ.ജിയെപ്പോലുള്ള നേതാക്കള്‍ ജയിലിലായിരുന്നു.
1948 ല്‍ രണ്ടാം പാര്‍ടി കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ നടന്നു. അതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റ് പാര്‍ടിക്കെതിരെ ആഞ്ഞടിച്ചു. പ്രമുഖ പാര്‍ട്ടി നേതാക്കന്‍മാരായിരുന്ന മൊയ്യാരത്ത് ശങ്കരന്‍ അടക്കം പല പാര്‍ട്ടി പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ ഇന്ത്യയില്‍ 1982 വെടിവെപ്പ് നടന്നു. 3284 പേര്‍ കൊല്ലപ്പെട്ടു. 50,000 ല്‍ പരം പേര്‍ ജയിലിലടയ്‌ക്കപ്പെട്ടു. 82 പേര്‍ ജയിലില്‍ കൊല്ലപ്പെട്ടു. വളരെയേറെ പേര്‍ ഒളിവിലുമായി. ഈ കാലത്ത് നടന്ന സുപ്രധാനമായ സംഭവമായിരുന്നു ഒഞ്ചിയം വെടിവെപ്പ്. കമ്യൂണിസ്റ്റുകാരെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്കെതിരായി ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പായിരുന്നു ഇത്. ഈ കാലഘട്ടത്തില്‍ തന്നെ ഉണ്ടായ സംഭവമാണ് പഴശ്ശി-തില്ലങ്കേരി മേഖലയിലെ ചെറുത്തുനില്‍പ്പുകള്‍. മുനയന്‍കുന്നില്‍ ഒരു കുടിലില്‍ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ കുടില്‍ വളഞ്ഞ് പോലീസ് വെടിവെച്ചു. ആറുപേര്‍ അവിടെത്തന്നെ കൊല്ലപ്പെടുന്ന നിലയുണ്ടായി. 1950 ഫെബ്രുവരി 11 ന് സേലത്ത് ജയിലില്‍ വെടിവെപ്പ് നടക്കുകയുണ്ടായി. കേരളത്തില്‍ നിന്നുള്ള 19 സഖാക്കള്‍ അതില്‍ കൊല്ലപ്പെട്ടു.
കമ്യൂണിസ്റ്റുകാരെ അക്കാലത്ത് എങ്ങനെ നേരിട്ടു എന്നതിന്റെ ഉദാഹരണമായിരുന്നു പാടിക്കുന്ന് സംഭവം. 1950 മെയ് 4 ന് കണ്ണൂര്‍ ജയിലില്‍ കിടന്നിരുന്ന രെയരുനമ്പ്യാരെയും കുട്ട്യപ്പയെയും ജാമ്യത്തിനാണെന്നു പറഞ്ഞ് ജയിലില്‍ നിന്ന് കൊണ്ടുപോയി. പോലീസ് ക്യാമ്പില്‍ നിന്ന് ഗോപാലന്‍ നമ്പ്യാരെയും ഒപ്പം കൂട്ടി. അവരെ പാടിക്കുന്നില്‍ കൊണ്ടുപോയി കമ്മ്യൂണിസ്റ്റ് പാര്‍ടി മൂര്‍ദാബാദ് എന്ന് വിളിക്കാന്‍ പറഞ്ഞു. അവര്‍ അതിന് തയ്യാറായില്ല. അവരെ മൂന്നുപേരെയും പോലീസ് അവിടെവച്ച് വെടിവെച്ചുകൊന്നു.
ഇക്കാലത്ത് നടന്ന ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെ മറ്റൊരു ഉജ്ജ്വല അധ്യായമായിരുന്നു ശൂരനാട് സംഭവം. പുറമ്പോക്ക് കുളത്തിലെ മീന്‍പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിന് നിമിത്തമായത്. ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെയും ത്യാഗപൂര്‍ണ്ണമായ സമരങ്ങളുടെയും പരമ്പരകള്‍ ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി.
1952 ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടി നിയമ വിധേയമാക്കപ്പെട്ടതും വിചാരണ കൂടാതെ ജയിലില്‍ അടയ്‌ക്കപ്പെട്ട സഖാക്കള്‍ വിട്ടയക്കപ്പെട്ടതും. ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ കാലയളവില്‍ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നെഹ്‌റുവിന് ലഭിച്ചതിനെക്കാള്‍ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ രവി നാരായണ റെഡ്ഡിയ്‌ക്കായിരുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റി, മലബാര്‍ ഡിസ്‌ട്രിക്‌ട് ബോര്‍ഡ് എന്നിവയില്‍ ഭൂരിപക്ഷം പാര്‍ട്ടി പിന്നീട് നേടി. നിയമസഭയില്‍ പാര്‍ട്ടി പ്രാതിനിധ്യം ഓരോ തെരഞ്ഞെടുപ്പിലും വര്‍ദ്ധിച്ചുവന്നു.
പതിമൂന്ന്: പാര്‍ടി കേരളത്തില്‍ അധികാരത്തിലേക്ക്
ഈ കാലയളവിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുന:സംഘടനക്കുള്ള പ്രക്ഷോഭസമരങ്ങള്‍ നടന്നതും കേന്ദ്ര കോണ്‍ഗ്രസ് ഗവണ്‍മെന്റിനു അത് അംഗീകരിക്കേണ്ടി വന്നതും. 1956 നവംബര്‍ 1 നു കേരള സംസ്ഥാനം രൂപീകൃതമായി. അതിന്റെ നിയമസഭയിലേക്ക് 1957 മാര്‍ച്ചില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും സ്വതന്ത്രര്‍ക്കും കൂടി കേവലഭൂരിപക്ഷം ലഭിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്‌കരണം, തൊഴില്‍ ബന്ധങ്ങള്‍, വിദ്യാഭ്യാസം, വികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നാനാമേഘലകളിലും പുതിയ നയസമീപനവും പ്രവര്‍ത്തനശൈലിയും നടപ്പാക്കി. വലിയ വിഭാഗം ജനങ്ങള്‍ അതില്‍ സംതൃപ്‌തരായിരുന്നു. ഇതില്‍ അസംതൃപ്‌തരായ നിക്ഷിപ്‌തതാല്‍പ്പര്യക്കാരെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് വിമോചനസമരം നടത്തുകയും കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായി ആ മന്ത്രിസഭയെ 1959 ആഗസ്‌റ്റ് 31 ന് പിരിച്ചുവിടുകയും ചെയ്‌തു. തുടര്‍ന്ന് 1960 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - പി.എസ്.പി - മുസ്ലീം ലീഗ് മൂക്കൂട്ടുമുന്നണി വിജയിച്ചെങ്കിലും, കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഖ്യാതി തുടര്‍ന്നും നിലനിന്നു. ഭരണത്തിലും, ഭരണനയങ്ങളിലും ഒരു പുതിയ പാത വെട്ടി തെളിച്ചു എന്നാണ് പൊതുവില്‍ ആ മന്ത്രസഭയുടെ മുഖ്യസംഭാവനയായി ഇന്നും എണ്ണപ്പെടുന്നത്.
പതിനാല്: ഉള്‍പാര്‍ട്ടി സമരവും ഭിന്നിപ്പും
അമ്പതുകളുടെ ആദ്യപകുതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആശയപരമായ അഭിപ്രായവ്യത്യാസം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം വിലയിരുത്തുന്നതിന്റെ പേരിലായിരുന്നു അഭിപ്രായവ്യത്യാസം. ആ അഭിപ്രായവ്യത്യാസം 1956 ല്‍ പാലക്കാട് നടന്ന നാലാം കോണ്‍ഗ്രസ്സില്‍ രൂക്ഷമായി. പരാജയപ്പെട്ടുപോയെങ്കിലും കോണ്‍ഗ്രസില്‍ ഒരു ബദല്‍ പ്രമേയം അവതരിപ്പിക്കുന്നേടത്തോളം അത് ചെന്നെത്തി. അതിനുശേഷം അഭിപ്രായവ്യത്യാസം പടിപടിയായി വര്‍ദ്ധിക്കുകയായിരുന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അഭിപ്രായവ്യത്യാസവും ഇന്തോ-ചൈനാ അതിര്‍ത്തിത്തര്‍ക്കവും ഈ അഭിപ്രായവ്യത്യാസം മൂര്‍ഛിക്കുന്നതിന് സഹായകമായി. അതാണ് അവസാനം 1964 ലെ പിളര്‍പ്പിലേക്കും സി.പി.ഐ (എം) രൂപീകരണത്തിലേക്കും ചെന്നു കലാശിച്ചത്.
മാര്‍ക്‌സിസം - ലെനിനിസത്തെ ഇന്ത്യയുടെ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ നടത്തിയ ഗൗരവപൂര്‍വമായ ഇടപെടലായിരുന്നു റിവിഷനിസ്റ്റ് നേതൃത്വത്തിനെതിരായി നടന്ന സമരം. ഏഴാം പാര്‍ടി കോണ്‍ഗ്രസ് ഈ കാര്യത്തില്‍ വ്യക്തമായ നയം മുന്നോട്ടുവച്ചു. എന്നാല്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് രണ്ടുമാസം ആകുന്നതിനുമുമ്പ് തൃശൂരില്‍ പോളിറ്റ് ബ്യൂറോ നിരവധി യോഗം ചേരാനിരിക്കെ നിരവധി പാര്‍ടി നേതാക്കളെ തുറുങ്കലില്‍ അടയ്‌ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ജ്യോതി ബസുവും ഇ.എം.എസും ഒഴിച്ചുള്ള പാര്‍ടി പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അറസ്റ്റിലായി. കേരളത്തില്‍ 1965 ഫെബ്രുവരിയില്‍ നടത്താനിരുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പായിരുന്നു ഈ അറസ്റ്റ് നടന്നത്. ചൈനാ ചാരന്മാര്‍ എന്നും മറ്റും മുദ്രകുത്തിയാണ് ഈ അറസ്റ്റുകള്‍ നടന്നത്. ഈ പരിതഃസ്ഥിതിയില്‍ പാര്‍ടി നിശ്ചയിച്ച ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജയിലില്‍ നിന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇത്രയേറെ ദുഷ്‌കരമായ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ പാര്‍ടി നേരിട്ടത്.
എന്നിട്ടും ഭിന്നിപ്പിനു ശേഷം 1965 ല്‍ കേരളത്തില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) 40 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തീര്‍ന്നു. സി.പി. ഐക്ക് മൂന്ന് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ സി.പി.ഐ (എം) നോട് ഒപ്പമാണെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും സി.പി. ഐ(എം) നെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.
കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട വലതുപക്ഷ വ്യതിയാനത്തിന് എതിരായി പോരാട്ടം നടത്തി പാര്‍ടി വിജയിച്ചു. എന്നാല്‍ ഇതോടൊപ്പം തന്നെ ഇടതുപക്ഷ വ്യതിയാനവും പാര്‍ടിക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാടുകള്‍ പിന്തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം മുന്നോട്ടുവച്ചു. ഇന്ത്യയിലെ കുത്തക ബൂര്‍ഷ്വാസി കോമ്പ്രദോര്‍ സ്വഭാവമുള്ളതാണെന്ന് ഇവര്‍ വാദിച്ചു. ബഹുജനപ്രസ്ഥാനങ്ങളും പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലുള്ള ഇടപെടലും ആവശ്യമില്ലെന്ന വാദവും ഇവര്‍ മുന്നോട്ടുവച്ചു. സി.പി.ഐ (എം.എല്‍) എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട ഇവരുടെ ഇടത് തീവ്രവാദ നിലപാടുകള്‍ക്കെതിരായും പാര്‍ടി പോരാടി. 1968 ലെ ബര്‍ദ്വാന്‍ പ്ലീനത്തില്‍ വെച്ച് സാര്‍വദേശീയതലത്തിലെ പാര്‍ടി നിലപാടും വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയവും അംഗീകരിക്കപ്പെട്ടു. ഇത്തരത്തില്‍ ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ വിപ്ലവ തന്ത്രം സ്വീകരിച്ച് മുന്നോട്ടുപോയ സി.പി.ഐ (എം) നെ ആ ഘട്ടത്തില്‍ അംഗീകരിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തയ്യാറായില്ല. ഇവരുടെ പരസ്യമായ എതിര്‍പ്പിനെ സി.പി.ഐ(എം) ന് നേരിടേണ്ടി വന്നു. ഇതിനെയും അതിജീവിച്ചാണ് പാര്‍ടി മുന്നോട്ടുനീങ്ങിയത്.
1967 ല്‍ നാലാം പൊതുതിരഞ്ഞെടുപ്പ് അപ്പോഴേക്ക് സാമ്പത്തികക്കുഴപ്പം മൂര്‍ഛിച്ചു. ജനജീവിതം ദുരിതമയമായി. രാജ്യവ്യാപകമായി ബഹുജനസമരങ്ങള്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്കെതിരായ വികാരം പതഞ്ഞുപൊങ്ങി. ഈ സാഹചര്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക തകര്‍ന്നു. എട്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിതര പാര്‍ടികള്‍ കൂട്ടുകക്ഷി ഗവണ്‍മെന്റുകള്‍ രൂപീകരിച്ചു.
കേരളത്തില്‍ സി.പി. ഐ (എം) നായിരുന്നു നേതൃത്വം. 1969 ല്‍ സി.പി. ഐ(എം) ന്റെ കൂടെയുണ്ടായിരുന്ന ഇടതുകക്ഷികള്‍ കേരളത്തിലും പശ്ചിമബംഗാളിലും കോണ്‍ഗ്രസ്സിനോട് കൂട്ട് ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ പാസാക്കിയ ഭൂനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് പാര്‍ടി നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരം കേരളത്തിന്റെ രാഷ്‌ട്രീയ സമര ചരിത്രത്തിലെ മറ്റൊരു ഉജ്വല അധ്യായമായിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥയിലടക്കം 1979 വരെ ആ കൂട്ടുകെട്ടു തുടര്‍ന്നു. ഇക്കാലയളവില്‍ സി.പി. ഐ(എം) ന് അത് നയിക്കുന്ന വര്‍ഗ്ഗ - ബഹുജന സംഘടനകള്‍ക്കും വലിയ തോതില്‍ അടിമര്‍ത്തലും ഒറ്റപ്പെടലും നേരിടേണ്ടി വന്നു. നിരവധി സഖാക്കള്‍ രക്തസാക്ഷികളായി ഇതിനെയെല്ലാം അതിജീവിച്ച് പാര്‍ടി വളര്‍ന്നു.
പതിനഞ്ച് : ഇടതുപക്ഷ - മതനിരപേക്ഷ മുന്നണി
കോണ്‍ഗ്രസ്സിനെതിരായി കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരായി ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കണമെന്ന കാഴ്‌ചപ്പാട് 1978 ല്‍ ജലന്ധറില്‍ ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ്സ് മുന്നോട്ടുവച്ചു. കേരളത്തില്‍ 1979 ല്‍ ഇന്ന് കാണുന്ന വിധത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സി.പി.ഐ (എം) ന്റെ മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍ ഇത് പാര്‍ടി കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒന്നായിരുന്നില്ല. അവ തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്.
എന്നാല്‍ ജനതാ ഗവണ്‍മെന്റിന്റെ തകര്‍ച്ചയ്‌ക്കുശേഷം പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിനു ബദലായി ഉയര്‍ന്നുവന്നത് ബിജെപി ആയിരുന്നു. എന്നാല്‍ കേരളത്തില്‍ സി.പി.ഐ (എം) കൈക്കൊണ്ട സമീപനംമൂലം ബിജെപിക്ക് കാര്യമായി വളരാനായില്ല. അഖിലേന്ത്യാതലത്തിലുള്ള ഈ സാഹചര്യം കണക്കിലെടുത്ത് 1982 ല്‍ വിജയവാഡയില്‍ ചേര്‍ന്ന 11-ാം പാര്‍ടി കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കെതിരായുള്ള പോരാട്ടവും ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്ന കാഴ്‌ചപ്പാട് മുന്നോട്ടുവച്ചു. ഈ നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനം സി.പി.ഐ (എം) സ്വീകരിച്ചു. വര്‍ഗ്ഗീയ സാമുദായിക ശക്തികളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ഒരു പാര്‍ടിക്കോ മുന്നണിക്കോ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയില്ല. എന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രവചനത്തെ തെറ്റിച്ചുകൊണ്ട് 1987 ലും 1996 ലും 2006 ലും ഇടതുപക്ഷ - മതനിരപേക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ വിജയം നേടി. പാര്‍ടിയുടെയും വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും തുടര്‍ച്ചയായ വളര്‍ച്ചയാണ് ഈ കാലഘട്ടത്തില്‍ കണ്ടു വരുന്നത്.
പതിനാറ്: ആഗോളവല്‍ക്കരണ നയങ്ങളും അതിനെതിരായ ചെറുത്തുനില്‍പ്പും
1980-കളുടെ മധ്യത്തോടെ പുത്തന്‍ സാമ്പത്തിക നയം എന്ന കാഴ്‌ചപ്പാട് ഇന്ത്യാരാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഈ കാലത്തു തന്നെയാണ് സോവിയറ്റ് റഷ്യ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ തകരുന്നത്. അതോടുകൂടി ഏകലോകക്രമം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ അമേരിക്ക മുഴുകി. ഇതിന്റെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇന്ത്യയിലെ രണ്ട് പ്രധാന കക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും ഈ നയത്തെ പിന്തുണയ്‌ക്കുന്ന നിലയുണ്ടായി. അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചു. ഈ കാലത്ത് കേരളത്തില്‍ രണ്ടുതരത്തിലുള്ള സമരരൂപങ്ങളാണ് ആവിഷ്‌കരിച്ചത്.
a) ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടങ്ങള്‍
b) സംസ്ഥാനത്ത് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് ആഗോളവല്‍ക്കരണത്തിനെതിരായി ജനകീയ ബദല്‍ ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍.
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നാളുകളില്‍ ഇത്തരം നയങ്ങള്‍ക്കെതിരായുള്ള വിശാലമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന താലൂക്ക് ആപ്പീസുകള്‍ ഉപരോധിക്കുന്ന സമരം എടുത്തുപറയേണ്ടതാണ്. ജനങ്ങളെ അണിനിരത്തിയുള്ള നിരവധി പ്രക്ഷോഭ-പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി നേതൃത്വത്തില്‍ കേരളത്തില്‍ ഈ കാലഘട്ടത്തില്‍ നടക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളും മഹിളകളും യുവാക്കളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഈ കാലത്ത് നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ ഈ നയങ്ങള്‍ക്കെതിരായുള്ള ശക്തമായ താക്കീതായിരുന്നു. ഇതിലൂടെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനവികാരം കേരളത്തില്‍ രൂപപ്പെടുത്തിയെടുക്കാനായി.
പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് എങ്ങനെ ബദല്‍ നയങ്ങള്‍ രൂപീകരിക്കാം എന്ന കാഴ്‌ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും ഈ കാലത്ത് പാര്‍ടി സംഘടിപ്പിച്ചു. കേരളത്തില്‍ നടന്ന രണ്ട് കേരള പഠന കോണ്‍ഗ്രസുകള്‍ ഈ ദിശയിലുള്ള കാല്‍വെപ്പുകളായിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സി.പി.ഐ (എം) നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിച്ച മുന്നോട്ടുപോവുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള ബഡ്‌ജറ്റ്. പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ചും സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുമുള്ള ഈ നയം രാജ്യത്താകമാനം മാതൃക ഉയര്‍ത്താവുന്ന തരത്തിലുള്ളതായി മാറിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ സൃഷ്‌ടിക്കാവുന്ന പ്രയാസങ്ങളെക്കുടി മറികടക്കാനുള്ള സമീപനവും ഈ അവസരത്തില്‍ പാര്‍ടി മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് പാര്‍ടി നടത്തിയിട്ടുള്ള ഇടപെടലുകളും ഏറെ പ്രധാനമാണ്. സമൂഹത്തില്‍ മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിയ ഇത്തരം ഇടപെടലുകളുടെ ഫലമായി പിന്തിരിപ്പന്മാരുടെ കൊലക്കത്തിക്കിരയായി നിരവധി സഖാക്കള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ മര്‍ദ്ദനങ്ങളുടെ ഫലമായി ജീവന്‍ വെടിയേണ്ടിവന്നവരും ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നവരും ഏറെയുണ്ട്. ഇവരുടെ പോരാട്ടവീര്യവും ആത്മസമര്‍പ്പണവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് ഇടയാക്കിയ സുപ്രധാനമായ മറ്റൊരു ഘടകമാണ്. പ്രസ്ഥാനത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളുടെ പ്രവര്‍ത്തനമാണ് പാര്‍ടിയുടെ ഏറ്റവും വലിയ കരുത്തായി നിലനില്‍ക്കുന്നത്. നേതൃത്വത്തെ തകര്‍ത്ത് പാര്‍ടിയെ ദുര്‍ബ്ബലമാക്കാന്‍ പറ്റുമോ എന്ന പരിശ്രമവും വര്‍ത്തമാനകാലത്ത് സജീവമായി നടക്കുന്നുണ്ട്. ഇതിനെയും ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് പാര്‍ടി മുന്നോട്ടുപോകുന്നത്.
ഉപസംഹാരം
ജന്മിത്വത്തിന്റെ കരാളഹസ്‌തങ്ങളില്‍ക്കിടന്ന് ബുദ്ധിമുട്ടിയ കേരള ജനതയെ വികസനത്തിന്റെയും ജനാധിപത്യബോധത്തിന്റെയും സംഘബോധത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിനായി എണ്ണമറ്റ പോരാട്ടങ്ങള്‍ പാര്‍ടി നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ ഓരോ കാലത്തും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ജനതയെ നയിക്കാനും തയ്യാറാവുന്നതുകൊണ്ടാണ് അനുദിനം ജനപിന്തുണ പാര്‍ടിക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.
|