ആരോഗ്യമേഖല
കേരളത്തില്‍ സ്‌ത്രീസാക്ഷരത പുരുഷന്മാരുടേതിനു ഏതാണ്ട് തുല്യമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചുകിടക്കുന്നു. നഗരങ്ങളും, ഗ്രാമങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ പറയത്തക്ക വ്യത്യാസമില്ല. വിദ്യാഭ്യാസത്തിലുള്ള ഈ നേട്ടമാണ് ആരോഗ്യം ഉള്‍പ്പെടെ പല രംഗങ്ങളിലും കേരളത്തിന്റെ മികച്ച പുരോഗതിക്ക് ആധാരം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡോക്‌ടര്‍മാരുടെ എണ്ണവും കേരളത്തില്‍ കുറവായിരുന്നുതാനും. രണ്ടായിരം പേര്‍ക്ക് ഒരു ഡോക്‌ടര്‍ എങ്കിലും ഉണ്ടായിരിക്കണമെന്നായിരുന്നു 1946-ല്‍ ഭോര്‍ കമ്മറ്റി ശുപാര്‍ശ ചെയ്‌തിരുന്നത് ഇന്ത്യയില്‍ 1956-ല്‍ 6300 പേര്‍ക്ക് ഒരു ഡോക്‌ടര്‍ വീതമാണ് ഉണ്ടായിരുന്നത് എങ്കില്‍ കേരളത്തില്‍ 9260 പേര്‍ക്ക് മാത്രമാണ് ഒരു ഡോക്‌ടര്‍ ഉണ്ടായിരുന്നത്.
രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ രണ്ടാമതൊരു മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് 1959 മാര്‍ച്ച് 15-ന് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് കോളേജ് ഉദ്‌ഘാടനം ചെയ്‌തു. പിന്നീട് കേരളത്തില്‍ കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്നു മെഡിക്കല്‍ കോളേജുകളില്‍ കൂടി നിലവില്‍ വന്നു.
2006 ലെ ഇടതു മുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് 1991-ല്‍ പണി ആരംഭിക്കുകയും പിന്നീട് അവഗണിക്കപ്പെട്ടു കിടക്കുകയും ചെയ്‌തിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഒ പി വിഭാഗം മാറ്റി ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയഗ്രാമീണമിഷന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ സംവിധാനം ഒരുക്കുന്നതിനായി നേടിയെടുക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കേരളസംസ്ഥാന രൂപീകരണത്തിനുശേഷം അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ ആരോഗ്യമേഖലയില്‍ ഒട്ടനവധി പ്രതിസന്ധികളേയും, വെല്ലുവിളികളേയും കേരളം നേരിട്ടു വരുന്നതായി കാണാന്‍ കഴിയും.
ആഗോളവത്‌കരണനയങ്ങളുടെ പ്രത്യാഖ്യാതങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ 1991 ല്‍ നടപ്പാക്കിത്തുടങ്ങിയ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയിലൊട്ടാകെയും കേരളത്തിലും അതിന്റേതായ പ്രത്യാഘാതങ്ങള്‍ ഉളവാക്കക്കയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭാസം തുടങ്ങിയ സേവനമേഖലയിലെ സര്‍ക്കാര്‍ മുതല്‍മുടക്ക് കുറയ്‌ക്കണമെന്നതാണ് ലോകബാങ്കിന്റേയും മറ്റും ഒരു പ്രധാന ശുപാര്‍ശ. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യമേഖലയിലെ മുതല്‍മുടക്ക് കുറച്ചുകൊണ്ടുവരികയാണ്. ആരോഗ്യം ഒരു സംസ്ഥാനവിഷയമാണെങ്കിലും കേരളത്തില്‍ നടപ്പിലാക്കിവരുന്ന നിരവധി കേന്ദ്രാവിഷ്‌കൃതരോഗപ്രതിരോധ ആരോഗ്യപരിപാലനപദ്ധതികള്‍ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും സ്വകാര്യവത്‌കരിക്കപ്പെട്ടിട്ടുള്ള ആരോഗ്യസംവിധാനമാണ് ഇന്ത്യയിലെന്നതോര്‍ക്കണം. ദേശീയ വരുമാനത്തിന്റെ കേവലം 0.9 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്‌ക്കായി നീക്കിവച്ചിട്ടുള്ളത്. ആരോഗ്യചെലവിന്റെ കേവലം 17 ശതമാനം മാത്രമാണ് സര്‍ക്കാര്‍ മുടക്കുന്നത്. എന്നാല്‍ അമേരിക്കയില്‍പ്പോലും ഇത് 40% ആണ്. യൂറോപ്യന്‍ രാജ്യങ്ങളിലാവട്ടെ 80 ശതമാനത്തിനുമേലും.
കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി പരിഹരിക്കാന്‍ 57-ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനുശേഷം അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാരുകള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു. അവയില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് 1996-ലെ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ആരോഗ്യമേഖലയിലെ വികേന്ദ്രീകരണമാണ്.
ആരോഗ്യമേഖലയിലെ അധികാരവികേന്ദ്രീകരണം
കേരളത്തില്‍ 1996 ലെ ഇടതുമുന്നണി സര്‍ക്കാര്‍ 1997 മുതല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം മറ്റു മേഖലകളോടൊപ്പം ആരോഗ്യരംഗത്തും വലിയ മാറ്റത്തിന്റെ സാധ്യത തുറന്നു തന്നിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അനുസൃതമായി താഴെത്തട്ടില്‍ നിന്നു തന്നെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ആരോഗ്യാസൂത്രണം നടത്താനും പൊതുജന സഹകരണത്തോടെ വിഭവസമാഹരണം നടത്തി സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനും പുതിയ സാഹചര്യം പശ്ചാത്തലമൊരുക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയ പ്ലാന്‍ വിഹിതത്തിന്റെ മുപ്പതു ശതമാനം ആരോഗ്യവും, വിദ്യാഭ്യാസവും ഉള്‍പ്പെടുന്ന സേവനമേഖലയ്‌ക്കായി നീക്കിവച്ചിരുന്നു. ഈ ആനുകൂല്യ സാഹചര്യം പ്രയോജനപ്പെടുത്തി ഡോക്‌ടര്‍മാരുടേയും, മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും സഹകരണത്തോടെ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രാദേശിക ആരോഗ്യസ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഇതോടൊപ്പം മെഡിക്കല്‍ കോളേജുകളുടെ നിലവാരം വര്‍ദ്ധിപ്പിച്ച് അവയെ വിശിഷ്‌ട ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ ആശുപത്രികള്‍ മാത്രമല്ല മെഡിക്കല്‍ കോളേജുകള്‍ പോലും നേരിടുന്ന ഡോക്‌ടര്‍ക്ഷാമം പരിഹരിക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന യുവഡോക്‌ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിസേവനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ആഗോളവല്‍ക്കരണ നയങ്ങള്‍ സര്‍ക്കാര്‍ നിക്ഷേപം ഈ മേഖലയില്‍ കുറക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യമേഖലയില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത്. ഈ മേഖലയിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഉള്‍പ്പെടെ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിനായി വിദ്യാര്‍ത്ഥി പ്രവേശനത്തിന് പ്രത്യേക നിയമനിര്‍മ്മാണവും നടത്തിയിരുന്നു. സ്വകാര്യമേഖലയെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തോടൊപ്പം തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്സിന് അമ്പതു സീറ്റു വീതം വര്‍ദ്ധിപ്പിച്ചതും ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്‌സിങ് കോളേജുകള്‍ ആരംഭിച്ചതും സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട മിടുക്കരായ കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ അവസരം സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്.
കേരളത്തിനൊരു ജനകീയ ആരോഗ്യനയം
കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി പരിഹരിക്കാന്‍ സമുചിതവും, ജനകീയവുമായ ആരോഗ്യനയം ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കം കുറിക്കുകയും തുടര്‍ന്നുവന്ന ഇടതുമുന്നണി സര്‍ക്കാരുകള്‍ നടപ്പിലാക്കുകയും ചെയ്‌ത ജനകീയ ആരോഗ്യസമീപനങ്ങളെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും ജനകീയ ആരോഗ്യനയം രൂപപ്പെടുത്തി നടപ്പിലാക്കുന്നതിനും ഉള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരുന്ന് നിര്‍മ്മാണവും വിലയും മറ്റും നിയന്ത്രിക്കുന്നതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിലാണ് നിക്ഷിപ്‌തമായിട്ടുള്ളത് . ഇത് കാരണം സംസ്ഥാന സര്‍ക്കാരിനെ മരുന്നുവില ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ലോക വ്യാപാര സംഘടനയുടേയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആഗോളവല്‍കരണനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധസമരങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ടു മാത്രമേ കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയൂ. |