Font help
 
 
ചരിത്രം  >> ഇടതുപക്ഷ സര്‍ക്കാരുകള്‍  >> സംഭാവനകള്‍, നേട്ടങ്ങള്‍  >> വിദ്യാഭ്യാസം

 
വിദ്യാഭ്യാസ ബില്‍

ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രഗല്‍ഭ അധ്യാപകനും, പ്രശസ്‌ത സാഹിത്യനിരൂപകനും, വിദ്യാഭ്യാസചിന്തകനുമായ ജോസഫ്‌ മുണ്ടശ്ശേരിയാണ്‌ പില്‍ക്കാലത്ത്‌ വലിയ തര്‍ക്കങ്ങള്‍ക്കു വഴി തെളിച്ച വിദ്യാഭ്യാസ ബില്‍ 1957 ജൂലൈ 13-ാം തീയതിയില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്‌. സെലക്‌റ്റ്‌ കമ്മിറ്റിയില്‍ പോയി, മൂന്നു വായനയും കഴിഞ്ഞ്‌ 1957 നവംബര്‍ 28 ന്‌ ബില്‍ പാസ്സായി. പക്ഷേ പ്രസിഡന്റിന്റ അംഗീകാരം ലഭിക്കുന്നതിനുമുമ്പ്‌ ബില്‍ സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യപ്പെട്ടു. 1958 ജൂണില്‍ കോടതി ബില്ലിന്റെ പ്രധാന വകുപ്പുകള്‍ അംഗീകരിച്ചു. കോടതിയുടെ പരാമര്‍ശങ്ങളേയും, നിരീക്ഷണങ്ങളേയും കണക്കിലെടുത്ത്‌ മാറ്റം വരുത്തിയ മറ്റൊരു കേരള എഡ്യൂക്കേഷന്‍ ആക്‌റ്റ്‌ 1958 നവംബറില്‍ അവതരിപ്പിച്ച്‌ പാസാക്കിയെടുത്തു.

ബില്‍ പാസാക്കുന്നതിന്റ വിവിധ ഘട്ടങ്ങളില്‍ അസംബ്ലിക്കുള്ളിലും, അസംബ്ലിക്കു പുറത്തും ശക്തവും, നിശിതവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ജോസഫ്‌ മുണ്ടശേരി അവതരിപ്പിച്ച ബില്‍ അതിനുമുമ്പ്‌ പി എസ്‌ പി ഗവണ്‍മെന്റും പനമ്പിള്ളിയുടെ ഗവണ്‍മെന്റും അതിനുമുമ്പ്‌ സി പി രാമസ്വാമി അയ്യരുടെ ഗവണ്‍മെന്റും ഒക്കെ ഈ രംഗത്ത്‌ വരുത്തുവാന്‍ ഉദ്ദേശിച്ച പരിഷ്‌കാരങ്ങളില്‍ നിന്നും വിപ്ലവകരമായ വിധത്തിലൊന്നും വ്യത്യസ്ഥമായിരുന്നില്ല എന്നു കാണുവാന്‍ വിഷമമില്ല. മുപ്പത്തിയാറു വകുപ്പുകളുണ്ടായിരുന്ന ഈ ബില്ലിന്റെ കൂടുതല്‍ വകുപ്പുകളും സ്‌കൂളധ്യാപകരുടെ നിയമനത്തെയും, ജോലി വ്യവസ്ഥകളേയും സംബന്ധിച്ചുളളവയായിരുന്നു. സ്വാഭാവികമായും സര്‍ക്കാരിതര സ്‌കൂളുകളിലും സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടാനുള്ള അവകാശവും വര്‍ധിച്ചതോതില്‍ തന്നെ ഈ ബില്ലില്‍ വിഭാവനം ചെയ്‌തിരുന്നു. ഇതിനു സാധൂകരണമായി പറഞ്ഞത്‌, സര്‍ക്കാര്‍ സ്‌കൂളുകളോടൊപ്പം സ്വകാര്യ സ്‌കൂളുകളും അധ്യാപകരുടെ ജോലി വ്യവസ്ഥകളുടെ കാര്യത്തിലും, കരിക്കുലത്തിന്റെ കാര്യത്തിലും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്താന്‍ ഇതാവശ്യമാണ്‌ എന്നതാണ്‌. നിയമനം ലഭിക്കുവാന്‍ യോഗ്യരും പരിശീലനം ലഭിച്ചവരുമായ അധ്യാപകരുടെ ഒരു സംസ്ഥാനതല രജിസ്റ്റര്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, സ്വകാര്യസ്‌കൂളുകള്‍ക്കും വേണ്ടി ഓരോ അധ്യായനവര്‍ഷാരംഭത്തിലും തയ്യാറാക്കുവാന്‍ ഈ ബില്ല്‌ നിര്‍ദ്ദേശിച്ചു. അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ നേരിട്ട്‌ കൊടുക്കും. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട്‌ സ്‌കൂള്‍ഭരണം യോഗ്യമായ രീതിയില്‍ നടത്തുന്ന ഉത്തരവാദിത്വമാണ്‌ മാനേജുമെന്റുകളില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ബോധപൂര്‍വ്വമായ വീഴ്‌ചയുണ്ടായാല്‍, മെയിന്റനന്‍സ്‌ ഗ്രാന്റും, കണ്ടിന്‍ജന്‍സി ഗ്രാന്റും റദ്ദു ചെയ്യാനും, അഞ്ചു വര്‍ഷം വരെ സര്‍ക്കാര്‍ നേരിട്ടു സ്‌കൂളിന്റെ ഭരണം ഏറ്റെടുക്കുന്നതിനും  ഇതില്‍ വ്യവസ്ഥ ചെയ്‌തിരുന്നു.

ഇവ കൂടാതെ പതിനാലുവയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം, ടെക്‌സ്റ്റു ബുക്കുകള്‍, എഴുത്തുസാമഗ്രികള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുകയും അവര്‍ക്ക സൗജന്യ പ്രാഥമിക വിദ്യാഭാസം ഉറപ്പാക്കുകയും ചെയ്‌തിരുന്നു ഈ ബില്ലില്‍. കൂടാതെ ഒരു സംസ്ഥാനതല വിദ്യാഭാസ ഉപദേശകസമിതിയും വിവിധ പ്രാദേശികതല വിദ്യാഭ്യാസ അതോറിറ്റികളും രൂപീകരിക്കുവാനും ഇതില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഇതില്‍ ഒന്നൊഴിയാതെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളും വിമര്‍ശനവിധേയമായി. അന്നത്തെ വിമര്‍ശനങ്ങള്‍ ഇന്നു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും എന്ന്‌ തോന്നുന്നു. പ്രധാനപ്പെട്ട വകുപ്പുകളോരോന്നും നടപ്പിലാക്കേണ്ടത്‌ ഒരു കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ ആയതുകൊണ്ട്‌, അവയുടെ നടത്തിപ്പില്‍ ദുരുപയോഗം അനിവാര്യമാണ്‌ എന്ന്‌ സങ്കല്‍പ്പിച്ച്‌, ഒരു സാങ്കല്‍പ്പിക ദുരുപയോഗത്തെയാണ്‌ വിമര്‍ശകരില്‍ പലരും ഉയര്‍ത്തിക്കാട്ടിയത്‌. വിദ്യാഭ്യാസ ബില്ലിന്‌ പുറത്ത്‌ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്നതിനായി വിവിധ ടെക്‌സ്റ്റ്‌ ബുക്കുകള്‍ തയ്യാറാക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റികള്‍ രൂപം കൊടുത്തപ്പോള്‍ അതിനെതിരായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റികള്‍ തയ്യാറാക്കിയ ടെക്‌സ്റ്റ്‌ ബുക്കുകള്‍ പഠിക്കേണ്ടിവരുന്ന കുട്ടികള്‍ മസ്‌തിഷ്‌കപ്രക്ഷോളത്തിനു വിധേയരാകും എന്നായിരുന്നു പ്രധാന വിമര്‍ശനം. കത്തോലിക്കാ സ്‌കൂളികളില്‍ നടന്നുപോന്നിരുന്നത്‌ ഒരു 'മസ്‌്‌തിഷ്‌ക പ്രക്ഷോളനം' ആണ്‌ എന്ന്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ പുറമേ മറ്റുള്ളവരും സഹക്രൈസ്‌തവ സഭാംഗങ്ങള്‍ വരെയും വിശ്വസിച്ചുപോന്നിരുന്നു എന്നതോര്‍ക്കണം.

കത്തോലിക്കാസഭയുടെ വിമര്‍ശനം വ്യക്തിപരം കൂടെയായിരുന്നു. ജോസഫ്‌ മുണ്ടശ്ശേരിയുടെ സ്വതന്ത്രവ്യക്തിത്വം അദ്ദേഹത്തിന്‌ ഒരു സഭാവിമര്‍ശകന്റെ സ്ഥാനം കല്‍പ്പിച്ചുകൊടുത്തിരുന്നു.കൂടാതെ താന്‍ ജോലി ചെയ്‌തിരുന്ന കത്തോലിക്കാ വിദ്യാഭാസസ്ഥാപനത്തില്‍ നിന്ന്‌ ശമ്പളത്തേയും, ജോലിവ്യവസ്ഥകളേയും കുറിച്ച്‌ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിച്ചിട്ടുള്ള ഈ ബില്ല്‌ ഭരണഘടനയിലെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങളെ ഹനിക്കുമെന്ന്‌ മാത്രമല്ല, കമ്യൂണിസ്റ്റു സഹയാത്രികനായ 'സഭാവിരുദ്ധനായ' വിദ്യാഭ്യാസമന്ത്രി, ഒരു മാനേജുമെന്റുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ എല്ലാ സ്വകാര്യമാനേജുമെന്റുകളേയും 'കൂച്ചുവിലങ്ങിടുവാന്‍' ഉദ്ദേശിച്ചാണ്‌ ഈ ബില്ല്‌ വിഭാവനം ചെയ്‌തത്‌ എന്നു വരെ അവര്‍ പറയുകയുണ്ടായി. ജനമധ്യത്തില്‍ പ്രചാരത്തിലായത്‌, വിദ്യാഭ്യാസബില്ലിനെക്കുറിച്ചുള്ള വ്യക്തമായ വിമര്‍ശനങ്ങളെക്കാള്‍ ഇത്തരം വ്യക്തിപരവും, അതിശയോക്തിപരവുമായ പ്രസ്‌താവനകളാണ്‌. ഇവയ്‌ക്ക്‌ എരിവു കൂട്ടാന്‍, ജോസഫ്‌ വടക്കന്റെ നേതൃത്വത്തിലുള്ള ആന്റി കമ്യൂണിസ്റ്റ്‌ ലീഗും, ക്രിസ്റ്റഫര്‍ സംഘടനപോലുള്ള മറ്റ്‌ സംഘടനകളും രൂപം കൊണ്ടു.

കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ്‌ വിരോധം, കേരളത്തിലെ സാഹചര്യങ്ങളുടലെടുത്തിട്ടുള്ള ഒന്നല്ല. അതിന്റെ ചരിത്രവും, അതിനു രൂപം കൊടുത്ത സാഹചര്യങ്ങളും മനസ്സിലാക്കണമെങ്കില്‍ കേരളത്തിനു പുറത്തുള്ള ലോകത്ത്‌ അന്വേഷണം നടത്തണം. എന്നാല്‍ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വരുകയും ആ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലൂടെ അവരുടെ പ്രത്യയശാസ്‌ത്രത്തിലേക്ക്‌ കൂടുതല്‍പേര്‍ ആകര്‍ഷിക്കപ്പെട്ടുപോവുകയും ചെയ്‌തേക്കുമോ എന്നുമുള്ള ഭയം തൊള്ളായിരത്തി അമ്പതുകളിലെ കേരളത്തിലെ കത്തോലിക്കാസഭയുടെ കമ്യൂണിസ്റ്റ്‌ വിരോധത്തിന്‌ പുതിയ ഒരു തീക്ഷ്‌ണത നല്‍കി. കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രത്യയശാസ്‌ത്രസമരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന രംഗമായി കണ്ടിരുന്ന വിദ്യാഭ്യാസപ്രവര്‍ത്തനത്തെ ചെറുതായെങ്കിലും നിയന്ത്രിക്കുന്ന ഒരു നടപടിയുണ്ടായപ്പോള്‍ അതിനെതിരായ പ്രതികരണവും അതിശക്തമായി. കേരളത്തിന്റെ പ്രത്യേകസാഹചര്യങ്ങളില്‍ സ്‌കൂള്‍ നടത്തിപ്പിലൂടെ കൈവന്നിരുന്ന ഉയര്‍ന്ന സ്വാധീനവും സാമൂഹ്യാന്തസ്സും നഷ്‌ടപ്പെട്ടുപോയേക്കാം എന്ന ഭീതിയും പ്രതിഷേധത്തെ ആളിക്കത്തിച്ച മറ്റൊരു ഘടകമായിരുന്നിരിക്കാം.

മേല്‍ സൂചിപ്പിച്ച കാര്യങ്ങളോടൊപ്പം കാണേണ്ട മറ്റൊന്നുകൂടിയുണ്ട്‌. അന്നുവരെ മാനേജര്‍മാരുടേയും സാമുദായികനേതാക്കളുടേയും ദ്രോഹനടപടികളെ എതിര്‍ക്കുവാന്‍ പറ്റാത്ത നിസ്സഹായാവസ്ഥയിലായിരുന്നു അധ്യാപകര്‍. അവര്‍ക്ക്‌ സര്‍ക്കാരിന്റേയും അതിനെ നിലനിര്‍ത്തുന്ന ശക്തമായ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേയും സഹായം ലഭിക്കുകയും, വിദ്യാഭ്യാസബില്ലിലൂടെ സേവനസ്ഥിരതയും ശമ്പളസ്ഥിരതയും
ഉറപ്പാകുകയും ചെയ്‌താല്‍, അവര്‍ക്ക്‌ ആശയപരവും സംഘടനാപരവുമായ വിമോചനം സാധ്യമാകും. അതോടുകൂടി കേരളത്തില്‍ ഒന്നൊന്നായി സമരസന്നദ്ധരായി സംഘടിക്കപ്പെട്ടുവന്ന അനവധി വിഭാഗങ്ങളോടൊപ്പം, ബുദ്ധിപരമായി കൂടുതല്‍ ഉയര്‍ന്ന കഴിവുള്ളവരും സമൂഹത്തില്‍ വ്യാപകമായി ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നവരുമായ ഒരു പുതിയ സംഘം അധ്യാപകര്‍ കൂടി രംഗത്ത്‌ വരും.ഇതിനെ നിലവിലിരുന്ന സാമുദായികശക്തികള്‍ അതിയായ ഭയാശങ്കകളോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. പ്രത്യേകിച്ചും, മലബാറിലെ അധ്യാപക വിഭാഗം ദേശീയപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും വഹിച്ച പങ്കിനെക്കുറിച്ച്‌ അറിയാവുന്നവര്‍. ജോസഫ്‌ മുണ്ടശ്ശേരിയുടേയും കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റേയും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ അധ്യാപകര്‍ക്ക്‌ ന്യായമായ സേവനവേതനസുരക്ഷിതത്വം കൊണ്ടുണ്ടായ പ്രധാനപ്പെട്ട ഒരു നേട്ടം, അധ്യാപകരെ അവരുടെ 'ദാസ്യാവസ്ഥയില്‍' നിന്നും വിമോചിപ്പിച്ച്‌ സാമൂഹ്യ - രാഷ്‌ട്രീയ സംഘടനാപരമായ പ്രവര്‍ത്തനത്തിന്‌ മറ്റ്‌ ജനവിഭാഗങ്ങളെപ്പോലെ യോഗ്യരാക്കി എന്നതാണ്‌.


 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009