നായനാര്‍ സ്‌മാരക മ്യൂസിയം
സഖാവ് ഇ.കെ. നായനാര്‍ക്ക് ഉചിതമായ സ്‌മാരകം അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരില്‍ സ്ഥാപിക്കാന്‍ സി.പി.ഐ (എം) തീരുമാനിച്ചിരുന്നു. അതിന് ചരിത്രകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. സ്‌മാരകത്തിന്റെ പ്രധാന ഭാഗം നായനാര്‍ സ്‌മാരക മ്യൂസിയം ആണ്. സഖാവ് നായനാര്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വളര്‍ച്ചയും വികാസവും അതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നവകേരളത്തിന്റെയും വികാസ പരിണാമങ്ങളും ആണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെയും അവയിലേക്ക് നയിച്ച സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക പ്രക്രിയകളുടെയും ചരിത്ര കാഴ്‌ചകളാണ് വരുംതലമുറയ്‌ക്കായി മ്യൂസിയത്തില്‍ ഒരുക്കുന്നത്.
