ഭൂപരിഷ്‌കരണനിയമം
1957 ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്‌ച തികയുന്നതിന് മുമ്പുതന്നെ ചരിത്രപ്രധാനമായ ഒരു ഓര്‍ഡിനന്‍സ് പുറത്തിറങ്ങി.
പാട്ടഭൂമികളില്‍ നിന്നും കുടിയിരുപ്പുകളില്‍ നിന്നും കുടികിടപ്പുകളില്‍ നിന്നും ഒരു കാരണവശാലും ഒരാളെയും ഇറക്കിവിടരുതെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു അടിയന്തിര നിയമമായിരുന്നു അത്. കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തയ്യാറാക്കിക്കൊണ്ടിരുന്ന ഭൂപരിഷ്‌കരണ നിയമത്തിന്റ മുന്നോടിയായിരുന്നു അത്.
ഭരണഘടനാ വ്യവസ്ഥക്കനുസരിച്ച് ഈ ഓര്‍ഡിനന്‍സ് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ഒരു ബില്ലായി അവതരിപ്പിക്കുകയും, പാസ്സാക്കിയെടുക്കുകയും ചെയ്‌തു. അതോടെ പാട്ടബാക്കി പിരിക്കാനുള്ളതടക്കം എല്ലാ ഒഴിപ്പിക്കലുകളും, കുടിയിറക്കുകളും നിയമവിരുദ്ധമാക്കി. പാട്ടക്കുടിയാന്‍മാര്‍ക്കും കുടിയിരുപ്പുകളിലോ, കുടികിടപ്പുസ്ഥലങ്ങളിലോ ഉണ്ടായിരുന്നവര്‍ക്കും തങ്ങളുടെ കൈവശമുള്ള ഭൂമിയിലോ, പുരയിടത്തിലോ അലട്ടില്ലാതെ കൃഷിയിറക്കുകയും താമസിക്കുകയും ചെയ്യാമെന്നായി.
ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഒരുമ്പെട്ടത് മറ്റ് സംസ്ഥാനങ്ങളിലെ അനുഭവം മനസ്സിലാക്കിയിട്ടാണ്. ഭൂവുടമബന്ധം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ തയ്യാറാക്കി നിയമസഭയില്‍ പാസ്സാക്കിയെടുക്കുന്നതിന് ചെലവിടുന്ന സമയം കൊണ്ട് ഉടമസ്ഥര്‍ കുടിയാന്‍മാരെയും, കുടിയിരുപ്പുകാരെയും, കുടികിടപ്പുകാരെയും ഇറക്കിവിടുകയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടന്നിരുന്നത്. അങ്ങനെ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കുന്ന നിയമം ഫലത്തില്‍ വരുമ്പോഴേക്ക് കുടിയാന്‍മാരുടെയും, കുടിയിരുപ്പുകാരുടെയും കുടികിടപ്പുകാരുടെയും കൈവശമുള്ളതെല്ലാം ജന്‍മി തട്ടിപ്പറിച്ച് കഴിഞ്ഞിരിക്കും. ഇതൊഴിവാക്കാനാണ് ആദ്യം ഓര്‍ഡിനന്‍സ് ഇറക്കി പിന്നീട് അതിന് നിയമസാധുത നല്‍കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
ഇതിന്റെ ഫലമാകട്ടെ മാസങ്ങളോളം പിടിക്കുന്ന നിയമനിര്‍മ്മാണ പ്രക്രിയ അവസാനിക്കുന്നതുവരെ പാട്ടബാക്കി ഈടാക്കാനുള്ളതടക്കം എല്ലാ ഒഴിപ്പിക്കലുകളും, കുടിയിറക്കുകളും തടയപ്പെട്ടുവെന്നാണ്. `ഉള്ള മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍' ഗ്രാമീണദരിദ്രര്‍ക്ക് അവകാശം നല്‍കുന്ന ഈ വ്യവ്‌സ്ഥ കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് നിര്‍ണായക പങ്ക് വഹിച്ചു. ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവയ്‌ക്കുന്നതിന് പശ്ചാത്തലമൊരുക്കിയത്. 1930- കളില്‍ മലബാര്‍ പ്രദേശത്ത് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സംഘടിതപ്രസ്ഥാനവും 1940-കളുടെ തുടക്കത്തില്‍ ആലപ്പുഴയില്‍ തുടങ്ങിയതും പിന്നീട് തിരു-കൊച്ചി പ്രദേശത്താകെ വ്യാപിച്ചതുമായ കര്‍ഷകതൊഴിലാളി പ്രസ്ഥാനവുമാണ്.
1957 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുന്ന നില ഉണ്ടായിട്ടുണ്ട്. മൂന്നുതരത്തിലുള്ള ഇടപെടലാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്.
1. നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം നല്‍കാതെ വെച്ച് താമസിപ്പിച്ചു.
2. കോടതികളിലൂടെ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്‌തു.
3. ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന മിച്ചഭൂമി കുറഞ്ഞു. മാത്രമല്ല, ഇഷ്‌ടദാനത്തിനുള്ള വകുപ്പ് ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വ്യക്തിക്ക് ഏഴര ഏക്കര്‍ എന്നും കുടുംബത്തിന് പതിനഞ്ച് ഏക്കറെന്നും പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും ഈ വകുപ്പ് ഉപയോഗിച്ച് മിച്ചഭൂമി ഇല്ലാതാക്കുന്ന നടപടികളും സ്വീകരിച്ചു. ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത് വലതുപക്ഷ ശക്തികളുടെ ഇടപെടലും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതിയുമാണെന്നും കാണാനാവണം.
വലതുപക്ഷ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഈ പരിമിതികളെ മറികടക്കാനുതകുന്നവിധമുള്ള ഇടപെടല്‍ 1967-69 കാലത്ത് കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് നടത്തി. 1957-59 കാലത്തെ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിയമനിര്‍മ്മാണ പ്രക്രിയ ഈ സര്‍ക്കാര്‍ തുടര്‍ന്നു. ഭൂമിയുടെ പരിധി, കുടികിടപ്പ്, മിച്ചഭൂമി വിതരണം എന്നീ കാര്യങ്ങളിലെല്ലാം വ്യക്തമായ നിര്‍വ്വചനവും വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തി. മിച്ചഭൂമി കണക്ക് നല്‍കാതിരിക്കുന്നവര്‍ക്കുള്ള ശിക്ഷ, പരിധിക്കപ്പുറമുള്ള ഭൂമി പിടിച്ചെടുക്കല്‍, കുടികിടപ്പുകാരന് സ്ഥിരാവകാശം എന്നിവയൊക്കെ ഇതിന്റെ സവിശേഷതയായിരുന്നു. പുതിയ നിയമത്തില്‍ കുടികിടപ്പുകാരനും അവന്റെ പുരയ്‌ക്കും അതിനോടനുബന്ധിച്ച പത്ത് സെന്റ് സ്ഥലത്തിനും അവകാശം നല്‍കപ്പെട്ടു. ഇത്തരമൊരു അവസ്ഥ കമ്മ്യൂണിസ്റ്റിതര രാജ്യങ്ങളില്‍ ആദ്യമായിട്ടായിരുന്നു ഏര്‍പ്പെടുത്തിയത്.
1957-ല്‍ ആദ്യം അവതരിപ്പിച്ച കാര്‍ഷികബന്ധബില്‍ 12 വര്‍ഷത്തിനുശേഷം (1969 ഒക്‌ടോബറില്‍) അവസാനരൂപം പ്രാപിച്ചു. അത് നടപ്പില്‍ വരുത്തിക്കുന്നതിനുവേണ്ടി കര്‍ഷകസംഘത്തിന്റയും കര്‍ഷകതൊഴിലാളി യൂണിയന്റെയും നേതൃത്വത്തിന്‍ നടന്ന 'മിച്ചഭൂമി സമരത്തിന്റയും മറ്റും സമ്മര്‍ദ്ദം നിമിത്തം പുതിയനിയമം പ്രാബല്യത്തില്‍ വരുത്താന്‍ കേരള ഗവണ്‍മെന്റ് നിര്‍ബന്ധിക്കപ്പെട്ടു.
എന്നാല്‍ ഈ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടു. നിയമം നടപ്പിലാക്കുന്നതിനുവേണ്ടി 1969 ഡിസംബര്‍ 14 ന് ചേര്‍ന്ന ആലപ്പുഴ കണ്‍വെന്‍ഷന്‍ കൃഷിക്കാരുടേയും കര്‍ഷക തൊഴിലാളികളുടേയും പ്രക്ഷോഭ സമരത്തിന് ആഹ്വാനം നല്‍കി. ഈ സമരം കടലാസില്‍ക്കിടന്ന നിയമത്തെ പ്രായോഗികമാക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചു.
നിലവിലുള്ള വ്യവസ്ഥയുടെ പരിമിതിക്കകത്ത് നിന്നുകൊണ്ട് ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ തരത്തില്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഒന്നാണ് ഭൂപരിഷ്‌കരണം. ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരള മോഡലിന്റെ അടിത്തറയായി നിന്നത് ഈ പരിഷ്‌കാരമാണ്.
ഇതിനര്‍ത്ഥം ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു പ്രശ്‌നവുമില്ല എന്നല്ല. ഈ പ്രക്രിയയ്‌ക്കിടയിലും പരിഹരിക്കപ്പെടേണ്ട ചില ദൗര്‍ബല്യങ്ങള്‍ പാര്‍ടി അംഗീകരിച്ചിട്ടുണ്ട്. അത് മിച്ചഭൂമിയുമായി ബന്ധപ്പെട്ടാണ്. അതിന് ഉത്തരവാദി വലതുപക്ഷമാണുതാനും. 1959 ലെ കണക്ക് പ്രകാരം 7,20,000 ഏക്കര്‍ മിച്ചഭൂമി ഉണ്ടായിരുന്നു. എന്നാല്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതിന്റെ ഭാഗമായി വിതരണം ചെയ്യാന്‍ അന്ന് കഴിഞ്ഞത് 93,178 ഏക്കര്‍ ഭൂമിയായിരുന്നു.
മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ദൗര്‍ബല്യം പരിഹരിക്കുക എന്നതാണ് ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന പ്രായോഗികമായ സമീപനം. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ കേരളത്തില്‍ മുന്നോട്ടുനീക്കണമെന്നാണ് പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതില്‍ ഇങ്ങനെ വിശദീകരിക്കുന്നു:
``ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പരിപാടി സമയബന്ധിതമായി നടപ്പാക്കും. പുതിയ വനനിയമത്തെക്കൂടി ഉപയോഗപ്പെടുത്തി മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും കൃഷി ഭൂമി ലഭ്യമാക്കണം. മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും കൃഷി ഭൂമി ലഭ്യമാക്കാന്‍ പരിശ്രമിക്കും. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടമെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭൂമിയുടെ ഊഹക്കച്ചവടത്തിന് അറുതി വരുത്തും. എന്നാല്‍ വ്യവസായ ആവശ്യത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കും.''
ഇത്തരത്തില്‍ ഭൂപരിഷ്‌കരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള നയസമീപനം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് സി.പി.ഐ (എം) നടപ്പിലാക്കുന്നത്.
|