സഹകരണപ്രസ്ഥാനം
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. സ്വാതന്ത്യം നേടുന്നതിന് മുമ്പ് തന്നെ സഹകരണ സംഘടനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. 1946 ല്‍ 1669 സഹകരണ സംഘങ്ങളും 32 ലക്ഷം രൂപ ഷെയര്‍ ക്യാപ്പിറ്റലും ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്.
സംസ്ഥാനത്താകെ സഹകരണസംഘം രജിസ്‌ട്രാറുടെ കീഴില്‍ 14,000 ത്തോളം സഹകരണ സംഘങ്ങള്‍ ഉണ്ട്. 10,503 സംഘങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നവയാണ്. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ അപ്പെക്‌സ് സഹകരണസംഘങ്ങളും 14 ജില്ലാസഹകരണ ബാങ്കുകളും 60 അര്‍ബന്‍ ബാങ്കുകള്‍, 48 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, 1602 പ്രാഥമിക വായ്‌പാസംഘങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സഹകരണമേഖലയിലെ ആകെ നിക്ഷേപം ഇപ്പോള്‍ 40,000 കോടി രൂപയാണ്. ഇതില്‍ 75 ശതമാനവും വായ്‌പയായി നല്‍കിയിട്ടുണ്ട്.
ഇവിടെ സഹകരണ പ്രസ്ഥാനം ഉയര്‍ന്നുവന്നത് ജനകീയ സമരങ്ങളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലിന്റെ ഭാഗമായാണ്. ഇന്ത്യയില്‍ ആകമാനമുള്ള സ്ഥിതിഗതികളുമായി പരിശോധിച്ചാല്‍, കേരളത്തിലെ സഹകരണപ്രസ്ഥാനം കൂടുതല്‍ വിപുലവും സജീവവുമാണെന്ന് കാണാം. ഭൂപരിഷ്‌കരണം കേരളത്തിന്റെ വികസനത്തിന് വമ്പിച്ച പങ്കാണ് നിര്‍വ്വഹിച്ചത്. ഇതോടൊപ്പം തന്നെ ഈ വികസനത്തില്‍ സഹകരണ മേഖലയും നല്ല രീതിയില്‍ സംഭാവന ചെയ്‌തിട്ടുണ്ട്. ബ്ലേഡ് കമ്പനിക്കാരുടെയും ഹുണ്ടിക പലിശക്കാരുടെ കഴുത്തറുപ്പന്‍ ഇടപാടുകളില്‍ നിന്നും ജനങ്ങളെ രക്ഷിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവം ഒരുക്കിക്കൊടുക്കുന്നതില്‍ സഹകരണ മേഖല വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
സേവനമേഖല എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ തൊഴില്‍ മേഖല എന്ന നിലയിലും ഇത് പ്രധാനപ്പെട്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ട്. സഹകരണ സംഘം രജിസ്‌ട്രാറുടെ കീഴിലുള്ള സംഘങ്ങളില്‍ മാത്രം നാല്‍പതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ വകുപ്പുകളുടെ കീഴിലുമുള്ള സംഘങ്ങളെടുത്താല്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നേരിട്ടും അതിലും എത്രയോ അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ ഇതിന്റെ സ്ഥാനം പ്രധാനമാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനം വിപുലമായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ് പരമ്പരാഗത മേഖലകള്‍ വായ്‌പാ സഹകരണസംഘങ്ങള്‍, വിപണന സഹകരണസംഘങ്ങള്‍, ഉപഭോക്തൃമേഖല, പാര്‍പ്പിടം, വനിതാവികസനം, വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മ്മാണ മേഖല തുടങ്ങിയ നിരവധി മേഖലകളില്‍ അത് വികസിച്ചു നില്‍ക്കുകയാണ്. ഇവയുടെ ഇടപെടലുകള്‍ വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ചെറിയ ചിലവില്‍ മികച്ച സേവനം നല്‍കുന്നതിന് പര്യാപ്‌തമാണ്. സി.പി.ഐ (എം) ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന നയപരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. സി.പി.ഐ (എം) നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം ഈ മേഖലയെ സംരക്ഷിക്കാന്‍ ഉതകുന്ന നടപടികളാണ് മുന്നോട്ട് വെച്ചത്. പാര്‍ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാരാണ് കേരള കോ-ഓപ്പറേറ്റീവ് അമെന്റ്‌മെന്റ് ആക്‌ട് 1999 കൊണ്ടുവന്നത്. ഇത് ഈ രംഗത്തെ സുപ്രധാനമായ ഒരു കാല്‍വെയ്‌പാണ്. സഹകരണമേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനും പുതിയ കാലത്തെ വെല്ലുവിളിയെ അതിജീവിക്കാനും പറ്റാവുന്ന തരത്തിലേക്ക് ഇതിനെ ഉയര്‍ത്തിയത് ഈ നിയമമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുന്നതിനും ജനങ്ങള്‍ക്ക് സേവനം പ്രദാനം ചെയ്യുന്നതിനും കാര്യക്ഷമമായി ഇടപെട്ട് കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളി. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 270 കോടി രൂപയുടെ പലിശയായി ഇളവ് നല്‍കി. വായ്‌പകളുടെ പലിശ വായ്‌പതുകയില്‍ അധികം ഈടാക്കരുത് എന്ന നയം നടപ്പിലാക്കി. 2000 കോടി രൂപയുടെ കാര്‍ഷിക കടം ഈ കാലഘട്ടത്തില്‍ എഴുതി തള്ളുകയുണ്ടായി. കാര്‍ഷിക ദുരിതമുണ്ടായ ഘട്ടത്തില്‍ കാര്‍ഷിക വായ്‌പയുടെ പലിശ 9 ശതമാനമായിരുന്നത് 5.5 മുതല്‍ 6 ശതമാനമായി കുറച്ചു. ഇതിലൂടെ 170 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായി. നെല്‍കൃഷിക്ക് പലിശ രഹിത വായ്‌പ നല്‍കുന്ന പദ്ധതി നടപ്പിലാക്കി. വിലക്കയറ്റത്തിനെതിരായി ശക്തമായ ഇടപെടല്‍ ഈ കാലത്ത് നടക്കുകയുണ്ടായി. കുറഞ്ഞ വിലക്ക് നിത്യോപയോഗസാധനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 130 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചു.
ആഗോളവല്‍ക്കരണനയങ്ങള്‍ സഹകരണ മേഖലയിലും ആവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മറ്റെല്ലാ മേഖലയിലും എന്നപോലെ നെഹ്രൂവിയന്‍ നയങ്ങള്‍ ഈ മേഖലയിലും പിന്തള്ളപ്പെടുകയാണ്. രാജ്യത്തിന്റെ സ്വാശ്രത്വം നിലനിര്‍ത്തുന്നതിന് പൊതുമേഖലയ്‌ക്കുള്ളതുപോലെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് നിലപാടായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ സഹകരണമേഖലയെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കണക്കാക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ നയങ്ങളാകമാനും തിരുത്തി എഴുതപ്പെടുകയാണ്.
ഇതിന്റെ ഭാഗമായാണ് 2004 ആഗസ്റ്റ് 5-ാം തീയതി എ.വൈദ്യനാഥന്റെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പിന്നീട് ദേശീയ വികസന കൗണ്‍സിലിന്റേയും സംസ്ഥാന സഹകരണമന്ത്രിമാരുടെയും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്‌തു. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇതില്‍ ചില മാറ്റങ്ങള്‍ ഇപ്പോഴും വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എങ്കിലും സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനങ്ങള്‍ ഇതില്‍ തുടരുന്നുണ്ട്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ടും ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി വിതക്കുന്നതരത്തിലുള്ളതാണ്.
സഹകരണ ബാങ്കുകള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള സമീപനവും പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്നുള്ള പദം തന്നെ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നയവും ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നതിനാണ് സഹായിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിരവധി ഇടപെടലുകള്‍ മറികടന്ന് പ്രവര്‍ത്തിക്കുക എന്നത് പ്രയാസകരമായ കാര്യമായി തീരുകയാണ്.
