കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം
വി.എസ്.അച്യുതാനന്ദന്‍
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ വികസനവുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിന്റെ വികസനം അടിസ്ഥാനപരമായി വ്യത്യസ്‌തമാണ്. ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത് 1956 ലാണല്ലോ. അന്ന് രൂപം കൊണ്ട ചില സംസ്ഥാനങ്ങളെങ്കിലും വികസനത്തിന് കേരളത്തെക്കാളും ഏറെ മുന്നിലാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തമിഴ്‌നാടും കര്‍ണാടകവും മഹാരാഷ്‌ട്രയുമെല്ലാം കേരളത്തെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യവസായങ്ങളുടെയും മറ്റും കാര്യത്തില്‍ അത് അങ്ങനെതന്നെയാണുതാനും. അതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ സമഗ്രമായ വികസനത്തിന്റെ കാര്യത്തില്‍ കേരളം പിറകിലാണോ? എന്താണ് വികസനം എന്ന അന്വേഷണത്തിലേക്കാണ് ഇത് നമ്മെ നയിക്കുക. ജനജീവിതത്തില്‍ വരുന്ന പുരോഗതിയുമായി ബന്ധപ്പെടുത്തിയാണ് വികസനത്തെ കാണുന്നതെങ്കില്‍ കേരളമാണ് ഇന്ത്യയില്‍ ഏറ്റവും വികസിത സംസ്ഥാനമെന്ന് പറയാം. ഭൂവിതരണം, വിദ്യാഭ്യാസം, ആരോഗ്യം, ഭവനലഭ്യത എന്നു തുടങ്ങിയ കാര്യങ്ങളില്‍ കേരളം മുന്നിലാണ്.
മറ്റു മിക്ക സംസ്ഥാനങ്ങളിലും വികസനവും ജീവിത പുരോഗതിയും ചെറിയൊരു ന്യൂനപക്ഷത്തിന് നിക്ഷിപ്‌തമാണെങ്കില്‍, കേരളത്തിലുള്ള വികസനവും ഉള്ള പുരോഗതിയും ഭൂരിപക്ഷത്തിനും ഉപയോഗിക്കാന്‍ കഴിയുന്നു. തൊഴിലാളികള്‍ അടിമസമാനമായി ജോലി ചെയ്യേണ്ട അവസ്ഥ ഇന്ന് കേരളത്തില്‍ ഒരു മേഖലയുമില്ല. ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ചു വാങ്ങാന്‍ കഴിയുന്നവരാണ് കേരളത്തിലെ തൊഴിലാളികള്‍.
1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് ഗവണ്‍മെന്റിന്റെ വികസനനയങ്ങളാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. അതിന് പതിറ്റാണ്ടുകളോളം മുമ്പേ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം, ജന്മിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍, ദിവാന്‍ ഭരണത്തിനെതിരായ സമരം, പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെയെല്ലാം ഫലമായി രൂപപ്പെട്ട ഇടതുപക്ഷ-പുരോഗമനപശ്ചാത്തലമുണ്ട്. ആ പശ്ചാത്തലത്തിലാണ്, അഥവാ ആ പ്രവര്‍ത്തനങ്ങളുടെയെല്ലാ ഫലമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഒന്നാം പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത്.
അധികാരമേറ്റദിവസം തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഇ.എം.എസ് നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ് ആ പ്രസംഗം. തെരഞ്ഞെടുപ്പില്‍ പാര്‍ടി മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത് നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നുമൊക്കെ വിശദീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
സ്വകാര്യസ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ് ഊന്നി. സൗഹാര്‍ദ്ദപൂര്‍ണമായ തൊഴില്‍ ബന്ധം, തൊഴില്‍ തര്‍ക്കമുണ്ടായാല്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവല്‍ക്കരണം എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ് ഇ.എമ്മിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം.
പ്രതിപക്ഷത്തോട് ഇ.എം.എസ് പറഞ്ഞു: ``പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്‍മെന്റിനെ വിമര്‍ശിക്കുക, അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്‌മകള്‍, ഗവണ്‍മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നുകാണിക്കുക-ഇതെല്ലാം ചെയ്യുന്നത് ഈ പാര്‍ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥയോടെ സ്വാഗതം ചെയ്യും.
എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്‍മെന്റ് ചെയ്യുന്ന തെറ്റുകള്‍ തിരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കണമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവരോര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.''
തിരു-കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസ്-പി.എസ്.പി സര്‍ക്കാരിനോട് കമ്മ്യൂണിസ്റ്റ് പാര്‍ടി എടുത്ത സമീപനം മേല്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇ.എം.എസ് തുടര്‍ന്നു. ``ഈ നിലപാടെടുക്കാന്‍ മറ്റ് പാര്‍ടികള്‍ മുതിരുന്നപക്ഷം ജനാധിപത്യപരവും ഐശ്യര്വപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്ന ജോലി തുടങ്ങിവെക്കാനും ഒരതിര്‍ത്തിവരെ മുന്നോട്ടു കൊണ്ടുപോകാനും പുതിയ ഗവണ്‍മെന്റിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.''
നയപ്രഖ്യാപനം കേരള ജനത അത്യന്തം ആവേശത്തോടെയാണ് ചെവിക്കൊണ്ടത്. പാര്‍ടി ഘടകങ്ങള്‍ ഈ നയപ്രഖ്യാപനത്തിന് വ്യാപകമായ പ്രചാരണം നല്‍കി. ഏറ്റവും ജനാധിപത്യപരമായാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയാകെയും അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് വിനീതമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുക എന്നതായിരുന്നു സന്ദേശം. എന്നാല്‍, നേരെമറിച്ചുള്ള പ്രചാരണം നടത്തി ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ആദ്യമേതന്നെ മുഴുകിയത്.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ തകര്‍ക്കാന്‍ പ്രതിപക്ഷം നിയമസഭയ്‌ക്കകത്തും പുറത്തും നിരന്തരശ്രമമാണ് നടത്തിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നുവെന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനിപ്പുറമായിരുന്നു. സര്‍വ്വ പിന്തിരിപ്പന്മാരെയും സ്ഥാപിതതാല്‍പര്യക്കാരെയും യാഥാസ്ഥിതികരെയും ഒന്നിച്ചണിനിരത്തി കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടുന്നതിനാണവര്‍ ശ്രമിച്ചത്. അങ്ങനെ പ്രതിപക്ഷനേതൃത്വത്തില്‍ സാമുദായിക-വര്‍ഗ്ഗീയ പിന്തിരിപ്പന്‍ സംഘടനാ രൂപം തന്നെ ഉടലെടുത്തു.
അതിന് പ്രധാനപ്പെട്ട, അടിസ്ഥാനപരമായ മൂന്ന് കാരണങ്ങളുണ്ടായിരുന്നു ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇ.എം.എസ് ഗവണ്‍മെന്റ് ആദ്യം നടത്തിയത്. ആരെയും കുടിയൊഴിപ്പക്കരുതെന്ന ഓര്‍ഡിനന്‍സ്. മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്‌ചക്കകം (ഏപ്രില്‍ 11) ആണ് ആ അടിയന്തിരനിയമം പ്രാബല്യത്തിലായത്. 1936 മുതല്‍ കര്‍ഷകസംഘവും നാല്‍പതുമുതല്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും ഉന്നയിച്ചുവരുന്ന ആവശ്യമായിരുന്നു അത്. ഒഴിപ്പിക്കലിനെതിരെ കര്‍ഷക-തൊഴിലാളി പ്രസ്ഥാനം സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭമാണ് നടത്തിവന്നത്. ആ പ്രക്ഷോഭങ്ങളുടെയടക്കം ഫലമായി രൂപപ്പെട്ട പുരോഗമന പശ്ചാത്തലം- ആ പശ്ചാത്തലത്തില്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് ഭരണം, ഭരണം വന്ന ഉടനെതന്നെ കര്‍ഷകരെ അവര്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും ഒരു കാരണവശാലും ഒഴിപ്പിക്കരുതെന്ന ഉത്തരവ്. ഭൂസ്വാമിമാര്‍ക്കും പിന്തിരിപ്പന്മാര്‍ക്കും കനത്ത ആഘാതമായിരുന്നു ആ ഉത്തരവ്.
അതിന്റെ തുടര്‍ച്ചയായി ഭൂപരിഷ്‌കരണബില്‍ അവതരിപ്പിക്കപ്പെട്ടു. മര്യാദപ്പാട്ടം നിശ്ചയിച്ച് കൈവശാക്കാരന് ഭൂമി നല്‍കാനാണ് ഭൂപരിഷ്‌കരണ ബില്ലില്‍ വ്യവസ്ഥ ചെയ്‌തത്. കൈവശം വയ്‌ക്കാവുന്ന ഭൂമിക്ക് ന്യായമായ പരിധി നിശ്ചയിച്ചു. ആയിരവും പതിനായിരവും ഏക്കര്‍ ഭൂമി കൈവശം വച്ചുവരികയായിരുന്ന വമ്പന്‍ ഭൂസ്വാമിമാര്‍ക്ക് അതെങ്ങനെ സഹിക്കാനാകും.
ഭൂപരിഷ്‌കരണബില്‍ തയ്യാറാക്കുന്നതിനുമുമ്പ് പാര്‍ടിക്കകത്ത് നീണ്ടുനിന്ന വിശദമായ ചര്‍ച്ച നടന്നു. ബില്‍ തയ്യാറാക്കിയത് കൂട്ടായ ചര്‍ച്ചയിലൂടെയാണ്. നിയമവൈദഗ്‌ധ്യമല്ല. കൃഷിക്കാര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കുമിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് പ്രധാനമായും ആ ചര്‍ച്ചകളെ സജീവമാക്കിയത്.
1959 ജൂണ്‍ പത്തിന് ഭൂപരിഷ്‌കരണനിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവെയ്‌പ്. എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന് ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും.
1963 ല്‍ ആര്‍.ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത് റവന്യൂവകുപ്പ് കയ്യാളിയത് പി.ടി.ചാക്കോയാണ്. ഭൂപരിഷ്‌കരണനിയമത്തെ വികലമാക്കുകയാണ് അന്ന് ചെയ്‌തത്. തുടര്‍ന്ന്, 1967 ല്‍ വീണ്ടും ഇ.എം.എസ് അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണനിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായി. പരിധിക്കപ്പുറം ഭൂമിയുള്ളവരുടെ ഭൂമി മിച്ചഭൂമിയായി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്തു സെന്റും നഗരത്തില്‍ അഞ്ച് സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക് മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ് കുടിയാന് ഭൂമി സ്വന്തമായത്.
എന്നാല്‍, നിയമം കൊണ്ടുവന്നതുകൊണ്ടുമാത്രം ഭൂരഹിതര്‍ ഭൂവുടമകളാകണമെന്നില്ല. നിയമസഭ പാസാക്കിയ ഭൂനിയമം ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമാണ്. അത് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിനും ശക്തമായ പ്രക്ഷോഭം വേണ്ടിവന്നു. 1969 ന്റെ അവസാനം മുതല്‍ രണ്ടുഘട്ടമായി നടന്ന ഐതിഹാസിക സമരം ഓര്‍മിക്കുക. കൃഷിക്കാര്‍ അവരുടെ ഭൂമി, കുടിയാന്മാര്‍ അവരുടെ കുടികിടപ്പ് വളച്ചുകെട്ടിക്കൊണ്ട് ആദ്യഘട്ടം സമരം, മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടിയും കൃഷി ഇറക്കിയും വിളവെടുത്തുകൊണ്ട് രണ്ടാംഘട്ടസമരം. അതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ എ.കെ.ജി നടത്തിയ ഉജ്ജ്വലപോരാട്ടം. അതിന്റെയെല്ലാം ഫലമായി ഭൂപരിഷ്‌കരണനിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്താന്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായത് - കേരളത്തെ കേരളമാക്കിയത് അതെല്ലാമാണ്. സമരവും ഭരണവും തുടര്‍ച്ചയോ പരസ്‌പരപൂരകമോ ആണെന്നര്‍ത്ഥം. 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഒരു സമരരൂപം തന്നെയായിരുന്നു. ബൂര്‍ഷ്വാ വ്യവസ്ഥിതിക്കകത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷമായ ഒരു സമരരൂപം കൂടിയാണ്.
1957 ജൂലൈയില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രികവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി; അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക, വര്‍ഗ്ഗീയശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ് വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. അതിനെതിരെ സാമുദായിക-വര്‍ഗ്ഗീയ ശക്തികളും നിക്ഷിപ്‌തതാല്‍പര്യക്കാരും ഉറഞ്ഞാടി. സ്വകാര്യസ്‌കൂളുകളില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്നുവേണം അദ്ധ്യാപകരെ തെരഞ്ഞെടുക്കാന്‍ എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ പോയി.
വിദ്യാഭ്യാസനിയമവും ഭൂനിയമവും എന്നതുപോലെ തന്നെ അടിസ്ഥാനപരമായി മാറ്റം കുറിക്കുന്നതായിരുന്നു. ഇ.എം.എസ് ഗവണ്‍മെന്റിന്റെ പോലീസ് നയവും. തൊഴില്‍ തര്‍ക്കങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്ന പ്രഖ്യാപനമാണ് ഇ.എം.എസ്. നടത്തിയത്. സാമാന്യജനങ്ങളെ, തൊഴിലാളികളെ, സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനാണ് നാളിതുവരെ പോലീസിനെ ഉപയോഗിച്ചത്. ക്രമസമാധാനപാലനവും കുറ്റാന്വേഷണവുമാണ് പോലീസിന്റെ ചുമതല. സമരങ്ങളെ അടിച്ചമര്‍ത്തലല്ല എന്ന പ്രഖ്യാപനം കോളിളക്കം സൃഷ്‌ടിച്ചു. മുതലാളിമാരും സ്ഥാപിതതാല്‍പര്യക്കാരും ഇതാ ക്രമസമാധാനം തകര്‍ന്നുപോകുന്നുവെന്ന് മുറവിളികൂട്ടി. എന്നാല്‍, അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്ന പ്രഖ്യാപനമായിരുന്നു അത്.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതനവ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്.- ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് പിന്നോക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ട. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. അവരുടെ ജീവിതപുരോഗതിയിലേക്ക് വഴി തുറന്നു.
|