Font help
 
 
കോര്‍പ്പറേറ്റ്‌ കൃഷിയോ രണ്ടാം ഭൂപരിഷ്‌കാരമോ?


കോര്‍പ്പറേറ്റ്‌ കൃഷിയോ രണ്ടാം ഭൂപരിഷ്‌കാരമോ?

എസ്‌. രാമചന്ദ്രന്‍ പിള്ള

ജന്മിത്വത്തിനും ജാതിമേധാവിത്വത്തിനും കനത്ത പ്രഹരം ഏല്‍പിച്ചുകൊണ്ട്‌ കേരള സമൂഹത്തെ ആധുനികതയിലേക്ക്‌ നയിക്കുവാന്‍ 1957 ഏപ്രില്‍ അഞ്ചിന്‌ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ വലിയ സംഭാവനകള്‍ നല്‍കി. നാടുവാഴിത്ത സ്വഭാവത്തിലുള്ള കാര്‍ഷികബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ സ്വീകരിച്ച നടപടികളാണ്‌ ഇവയില്‍ പ്രധാനം. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക-രാഷട്രീയ ജീവിതത്തില്‍ വിപ്ലവകരമെന്ന്‌ വിശേഷിപ്പിക്കാവുന്ന മാറ്റങ്ങള്‍ ഭൂപരിഷ്‌കാര നടപടികളെ തുടര്‍ന്ന്‌ ഉണ്ടായി. ഗ്രാമീണ മേഖലയിലെ ശാക്തിക ബലാബലത്തില്‍ ഭൂരിപക്ഷക്കാരായ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്ത്‌ നേടാനായി എന്നതാണ്‌ ഇവയുടെ മുഖ്യ ഉള്ളടക്കം. ഇതിന്റെ ഫലമായി തങ്ങളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി ഉറച്ചുനിന്ന്‌ പോരാടുന്ന ഒരു ജനാധിപത്യ സമൂഹം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഈ സമൂഹത്തിന്റെ ഇടപെടലുകളുടെ ഫലമായി സമ്പത്തിന്റെ വിതരണം ഒരു അളവോളം കേരളത്തില്‍ നീതി പൂര്‍വ്വമാകാന്‍ തുടങ്ങി. കേരളത്തിലെ ഉല്‍പാദനമേഖലകള്‍ വലിയ വളര്‍ച്ചയും വികാസവും നേടിയില്ലെങ്കിലും ജനങ്ങളുടെ ജീവിത നില ഇതിന്റെ ഫലമായി മെച്ചപ്പെട്ടു. ജീവിത ഗുണനിലവാരസൂചികകള്‍ അനുസരിച്ച്‌ കേരളത്തിന്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞത്‌ ഇക്കാരണത്താലാണ്‌.

രാജ്യത്തിന്റെ മുന്നിലെ മുഖ്യദേശീയ പ്രശ്‌നമായി കാര്‍ഷിക പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ കണ്ടു. കാര്‍ഷിക മേഖലയില്‍ അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ട്‌ മാത്രമേ കേരളത്തിന്‌ സേവന വ്യവസായ മേഖലകളില്‍ വികസനം നേടാന്‍ കഴിയൂ. കാര്‍ഷിക മേഖലയിലെ എല്ലാ തലങ്ങളിലും പുരോഗമനപരമായ മാറ്റങ്ങള്‍ കൈവരുത്തുന്ന നീക്കങ്ങളാണ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ നടത്തിയത്‌. നാടുവാഴിത്ത ഉല്‍പാദനബന്ധങ്ങളില്‍ മാറ്റം വരുത്താതെ യാതൊരു വളര്‍ച്ചയും നേടാനാവില്ല. ഈ കാഴ്‌ചപ്പാടോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചത്‌.

മന്ത്രിസഭ അധികാരത്തില്‍ വന്ന്‌ ഒരാഴ്‌ച തികയുന്നതിന്‌ മുമ്പ്‌ 1957 ഏപ്രില്‍ 11-ാം തീയതി എല്ലാവിധ കുടിയൊഴിപ്പിക്കല്‍ നടപടികളും തടയുന്ന ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നു. ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച കാര്‍ഷികബന്ധനിയമത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഉറപ്പ്‌ വരുത്തുകയായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. ഓര്‍ഡിനന്‍സും തുടര്‍ന്ന്‌ ഓര്‍ഡിനന്‍സ്‌ നിയമമാക്കിയ നടപടികളും കേരളത്തിലെ ഭൂവുടമാബന്ധങ്ങളെ പിടിച്ചു കുലുക്കി. കര്‍ഷ പ്രസ്ഥാനവും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും ``ഒഴിപ്പിക്കല്‍ തടയുക'' എന്ന വ്യവസ്ഥയെ ഉപയോഗപ്പെടുത്തി ഭൂവുടമകള്‍ നടത്തിവന്ന ഒഴിപ്പിക്കല്‍ നീക്കങ്ങളെ തടഞ്ഞു. ഇത്തരം പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.

കുഴിക്കൂറ്‌ ചമയങ്ങള്‍ക്ക്‌ നഷ്‌ടപ്രതിഫലം നല്‍കുന്നതിന്‌ ഫലപ്രദമായ വ്യവസ്ഥകള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. മലബാറിലും തിരു-കൊച്ചിയിലും പ്രാബല്യത്തിലുണ്ടായിരുന്ന നിയമങ്ങളിലെ പഴുതുകളും പോരായ്‌മകളും നികത്തി കുഴിക്കൂറ്‌ ചമയങ്ങളുടെ മേല്‍ കുടിയാന്മാര്‍ക്കുള്ള അവകാശം ഉറപ്പ്‌ വരുത്താന്‍ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ നിയമം പാസാക്കി. 1958 ലെ കുഴിക്കൂറ്‌ ചമയങ്ങള്‍ക്ക്‌ പ്രതിഫലം നിശ്ചയിക്കുന്ന നിയമമായി ഇത്‌ അറിയപ്പെടുന്നു (ദി കേരളാ കോമ്പന്‍സേഷന്‍ ഓഫ്‌ ടെനല്‍സ്‌ ഇംപ്രൂവ്‌മെന്റ്‌ ആക്‌ട്‌, 1958). എല്ലാതരം കുടിയാന്മാരെയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.

കടബാദ്ധ്യത കൊണ്ട്‌ ക്ലേശിക്കുന്ന കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ രണ്ട്‌ നിയമങ്ങള്‍ പാസാക്കി. അവ 1958 ലെ 31-ാം നമ്പര്‍ കടാശ്വാസനിയമവും 1958 ലെ 35-ാം നമ്പര്‍ പണമിടപാടുകാരെ സംബന്ധിച്ച നിയമവും ആയിരുന്നു. ഈ രണ്ട്‌ നിയമങ്ങളും കര്‍ഷക ജനവിഭാഗങ്ങള്‍ക്ക്‌ വലിയ ആശ്വാസം നല്‍കി.

1958 ലെ 10-ാം നമ്പര്‍ സ്വകാര്യ വനസംരക്ഷണഭേദഗതി നിയമവും 1958 ലെ 13-ാം നിയമമായ സ്വകാര്യ വനമാനേജ്‌മെന്റ്‌ ഏറ്റെടുക്കല്‍ നിയമവും കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ പാസാക്കിയ മറ്റ്‌ രണ്ട്‌ പ്രധാനപ്പെട്ട നിയമങ്ങളായിരുന്നു. വനങ്ങള്‍ തുണ്ടുതുണ്ടുകളാക്കി വിഭജിച്ച്‌ വില്‍പന നടത്തുന്നതിനും സ്വകാര്യ വന ഉടമസ്ഥരുടെ സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തികള്‍ക്കും ഈ നിയമങ്ങള്‍ കടിഞ്ഞാണിട്ടു.

ജന്മികരം നല്‍കുന്നതിന്‌ നിര്‍ത്തലാക്കാന്‍ ബില്‍ പാസാക്കിയതാണ്‌ ഭൂപ്രശ്‌നങ്ങളോടുള്ള കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ സമീപനം വ്യക്തമാക്കിയ മറ്റൊരു നടപടി. ജന്മികരം അവസാനിപ്പിക്കുന്ന ബില്‍ 1958 ജൂലായ്‌ ഏഴിന്‌ നിയമസഭ പാസാക്കി അംഗീകാരത്തിനായി രാഷ്‌ട്രപതിക്ക്‌ അയച്ചുകൊടുത്തെങ്കിലും കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ ഭരണകാലം മുഴുവന്‍ അംഗീകാരം നല്‍കാതെ വെച്ചു താമസിപ്പിക്കുന്ന സമീപനമാണ്‌ രാഷ്‌ട്രപതി സ്വീകരിച്ചത്‌. ബില്‍ പിന്നീട്‌ നിയമസഭയുടെ പുനഃപരിശോധനയ്‌ക്ക്‌ വേണ്ടി തിരിച്ചയച്ചു. അതിനുശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്‌ ബില്ലില്‍ ഭേദഗതി വരുത്തി.

കാര്‍ഷിക ബന്ധങ്ങളില്‍ മൗലീകമായ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചുകൊണ്ട്‌ കാര്‍ഷികബന്ധബില്‍ പാസാക്കിയതായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റെ മറ്റൊരു പ്രധാനപ്പെട്ട നടപടി. കുടിയൊഴിപ്പിക്കല്‍ തടയുക, കുടിയാന്‍ നല്‍കി വന്ന പാട്ടം ഗണ്യമായി വെട്ടിക്കുറച്ച്‌ മര്യാദപാട്ടം നിശ്ചയിക്കുക, കുടിയാന്‌ കൃഷിഭൂമിയില്‍ സ്ഥിരാവകാശം നല്‍കുക, മര്യാദ പാട്ടത്തിന്റെ ഒരു നിശ്ചിത ഇരട്ടി നല്‍കിയാല്‍ കുടിയാന്‌ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുക, കുടികിടപ്പുകാര്‍ക്ക്‌ കുടികിടപ്പ്‌ ഭൂമിയുടെയും വീടിന്റേയും ഉടമസ്ഥാവകാശം ലഭിക്കുക, കൈവശഭൂമിയുടെ പരിധി നിര്‍ണ്ണയിക്കുക, മിച്ചഭൂമി ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്കും ദരിദ്രകൃഷിക്കാര്‍ക്കും വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു കാര്‍ഷികബന്ധബില്ലിന്റെ കാതലായ വ്യവസ്ഥകള്‍.

എല്ലാ പ്രതിലോമകക്ഷികളും കാര്‍ഷിക ബില്ലിനെതിരെ അണിനിരന്നു. ബില്‍ പാസാക്കി രാഷ്‌ട്രപതിയുടെ അനുമതിക്ക്‌ വേണ്ടി അയച്ചുവെങ്കിലും അനുമതി ലഭിച്ചില്ല. കാര്‍ഷിക ബന്ധബില്ലില്‍, ബില്‍ പ്രസിദ്ധപ്പെടുത്തിയ 1957 ഡിസംബര്‍ 18 ന്‌ ശേഷം ഭാഗം തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ നടത്തിയ കൈമാറ്റങ്ങള്‍ ഒഴിച്ചുള്ള മറ്റെല്ലാ കൈമാറ്റങ്ങളെയും ഭൂപരിധി നിര്‍ണ്ണയത്തെ തോല്‍പിക്കുന്നതിനുള്ള കൈമാറ്റങ്ങളായി കണക്കാക്കി, അസാധുവെന്ന്‌ പ്രഖ്യാപിക്കുന്ന വ്യവസ്ഥയുണ്ട്‌. 1959 ജൂണ്‍ 10 നാണ്‌ ബില്‍ നിയമസഭ പാസാക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിച്ചതിന്‌ശേഷം 1960 ജൂലായ്‌ 27 നാണ്‌ അനുമതി നിഷേധിച്ചുകൊണ്ട്‌ രാഷ്‌ട്രപതി ബില്‍ തിരിച്ചയച്ചത്‌. 1957 ഡിസംബര്‍ 18 ന്‌ ശേഷം 1960 ജൂലായ്‌ 27 വരെയുള്ള വസ്‌തു കൈമാറ്റങ്ങളെ അസാധുവാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന്‌ പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന്‌ ഇന്ത്യാഗവണ്‍മെന്റ്‌ രാഷ്‌ട്രപതിയെ ഉപദേശിച്ചു. ഇതനുസരിച്ചുള്ള ഭേദഗതി തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന വലതുപക്ഷ ഗവണ്‍മെന്റ്‌ കൊണ്ട്‌ വരികയും ചെയ്‌തു. 1957 ഡിസംബര്‍ 18 നും 1960 ജൂലായ്‌ 27 നും ഇടയില്‍ നടന്ന കൈമാറ്റങ്ങളുടെ എണ്ണം പത്ത്‌ ലക്ഷമായിരുന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റങ്ങള്‍ നടന്നുവെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. അട്ടിമറി സമരത്തിന്‌ നേതൃത്വം നല്‍കിയ സ്ഥാപിത താല്‍പര്യക്കാര്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിക്കുക വഴി നേടിയ ലാഭമാണിത്‌. ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ട ഭൂരഹിതര്‍ക്ക്‌ കിട്ടാനിടയുണ്ടായിരുന്ന ഭൂമി നഷ്‌ടമായി.

കേന്ദ്രഗവണ്‍മെന്റ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിച്ചതുകൊണ്ടും ബില്ലിന്‌ രാഷ്‌ട്രപതി അനുമതി നല്‍കാത്തതുകൊണ്ടും ബില്ലിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ കേരളത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്‌കാര നടപടികളെ ദുര്‍ബലപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്‌തെങ്കിലും ഭൂപരിഷ്‌കാര നടപടികള്‍ ഉപേക്ഷിക്കാനായില്ല. കര്‍ഷക ജനവിഭാഗങ്ങളുടെ സംഘടനകളും ഇടതുപക്ഷ കക്ഷികള്‍ നടത്തിയ ഇടപെടലുകളുടെയും ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നതിന്റേയും ഫലമായി ഭൂപരിഷ്‌കാരനടപടികള്‍ ഒരു വലിയ അളവോളം കേരളത്തില്‍ നടപ്പായി. കേരളത്തിലെ ജന്മി ഭൂപ്രഭുത്വം അവസാനിപ്പിക്കാനും സവര്‍ണ്ണമേധാവിത്വത്തിന്റെ അടിത്തറ പൊളിക്കാനും കഴിഞ്ഞു. 28 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക്‌ 6 ലക്ഷം ഹെക്‌ടര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബങ്ങള്‍ക്ക്‌ കുടികിടപ്പവകാശം കിട്ടി. ഭൂപരിഷ്‌കാര നടപടികള്‍ക്ക്‌ യാതൊരു പോരായ്‌മയും ഉണ്ടായിട്ടില്ല എന്നവകാശപ്പെടുന്നില്ല. ഭൂനിയമത്തിലെ ഭൂപരിധി സംബന്ധിച്ച വകുപ്പുകളില്‍ വലതുപക്ഷ ഗവണ്‍മെന്റുകള്‍ വരുത്തിയ ഭേദഗതികള്‍ കാരണം വളരെ കുറച്ച്‌ മിച്ചഭൂമി മാത്രമാണ്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞത്‌. പ്ലാന്റേഷനുകളെ കേന്ദ്രഗവണ്‍മെന്റിന്റെ ഉപദേശപ്രകാരം ഭൂനിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടിവന്നു. ഇടതുപക്ഷ ഗവണ്‍മെന്റുകളെ തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ വലിയ വീഴ്‌ച വരുത്തി. ഭൂപരിഷ്‌കാരത്തെ തുടര്‍ന്ന്‌ സ്വീകരിക്കേണ്ട നടപടികള്‍ എടുക്കുന്നതിലും തടസം ഉണ്ടായി. ഇവയെല്ലാം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഭൂരഹിതര്‍ക്ക്‌ കൂടുതല്‍ ഭൂമി വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ ഇന്ന്‌ ഉള്ളതിലേറെ ഭൂമി ലഭിക്കുമായിരുന്നു. ഈ ദൗര്‍ബല്യങ്ങള്‍ ഉള്ളതുകൊണ്ട്‌ ഭൂപരിഷ്‌കാര നടപടികള്‍ പരാജയപ്പെട്ടുവെന്ന നിഗമനത്തിലെത്താന്‍ കഴിയില്ല.

കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഇനി എന്ത്‌ വേണമെന്നുള്ളതാണ്‌ ഇന്നത്തെ പ്രധാനപ്പെട്ട പ്രശ്‌നം. ഭൂനിയമത്തെ തിരുത്തികുറിച്ച്‌ കോര്‍പ്പറേറ്റ്‌ കൃഷിയും കരാര്‍ കൃഷിയും പ്രോത്സാഹിപ്പിക്കണമെന്നാണ്‌ വലതുപക്ഷക്കാര്‍ ആവശ്യപ്പെടുന്നത്‌. ഭൂപരിഷ്‌കാരനടപടികള്‍ പരാജയപ്പെട്ടതുകൊണ്ട്‌ രണ്ടാം ഭൂപരിഷ്‌കാരം വേണം എന്നാണ്‌ ചില തീവ്രവാദി സംഘടനകള്‍ ആവശ്യപ്പെടുന്നത്‌. ഇവ രണ്ടും കാര്‍ഷിക പ്രതിസന്ധിക്ക്‌ പരിഹാരമാവില്ല. കോര്‍പ്പറേറ്റ്‌ കൃഷിയും കരാര്‍ കൃഷിയും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കര്‍ഷക ജനവിഭാഗങ്ങളെ തൊഴിലില്ലായ്‌മയില്‍ നിന്നോ ദാരിദ്രത്തില്‍ നിന്ന്‌ കരകയറ്റാനുപകരിക്കില്ല. രണ്ടാം ഭൂപരിഷ്‌കരണവാദക്കാര്‍ ആവശ്യപ്പെടുന്നതുപോലെ കാര്‍ഷികേതര ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പക്കലുള്ള ഭൂമി ഏറ്റെടുത്ത്‌ കര്‍ഷകതൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ കൊണ്ട്‌ യോജിച്ചണിനിരക്കേണ്ടവരെ ഭിന്നിപ്പിക്കാന്‍ കഴിയുമെന്നല്ലാതെ കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി അവസാനിക്കുകയില്ല.

ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി പൂര്‍ണ്ണമായും ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യേണ്ടതാവശ്യമാണ്‌. അന്യാധീനമായ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കാനുള്ള നടപടിയും ഉണ്ടാകണം. പുതിയ വനനിയമത്തെ കൂടി ഉള്‍പ്പെടുത്തി മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും കൃഷിഭൂമി ലഭ്യമാക്കേണ്ടതും എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടം ലഭിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്‌. ഇവയെല്ലാം നടക്കണം. പക്ഷെ അതുകൊണ്ട്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഭൂപരിഷ്‌കാര നടപടികളുടെ ഫലമായി നേടിയ നേട്ടങ്ങള്‍ ഇല്ലാതാവുന്ന സ്ഥിതിയാണ്‌ കേരളത്തില്‍ ഇന്ന്‌ വളര്‍ന്നുവരുന്നത്‌. ആഗോളവല്‍ക്കരണത്തെ സാമ്പത്തിക നയങ്ങളുടെ ഫലമായി കൃഷി ആദായകരമല്ലാത്ത പ്രവര്‍ത്തിയായി മാറിക്കഴിഞ്ഞു. ഉല്‍പാദനചെലവ്‌ വര്‍ദ്ധിച്ചതും, കാര്‍ഷികോല്‍പന്നങ്ങളുടെ വില ഇടിഞ്ഞതുമാണ്‌ ഇതിന്‌ കാരണം. കൃഷി ആദായകരമല്ലാത്തതിനാല്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്നതിന്‌ കൃഷിക്കാര്‍ യാതൊരു താല്‍പര്യവും കാട്ടുന്നില്ല. ഒരു നല്ല വിഭാഗം കൃഷിക്കാര്‍ കൃഷിഭൂമി തരിശ്ശിടുന്നു. മറ്റൊരു വിഭാഗം കൃഷിക്കാര്‍ കൃഷിയില്‍ വേണ്ടത്ര മുതല്‍ മുടക്കാതെ കിട്ടുന്നതുമാത്രം എടുത്തു കഴിയുന്നു. ഭൂമിക്ക്‌ ഭാവിയില്‍ കിട്ടാനിടയുള്ള മോഹവിലയും പ്രതീക്ഷിച്ച്‌ കഴിഞ്ഞുകൂടുകയാണിവര്‍. കേരളത്തില്‍ ഇതിന്റെ ഫലമായി കൃഷിക്കാര്‍ക്ക്‌ ഭൂമി നഷ്‌ടപ്പെടുന്ന ഭൂരഹിതരുടെ എണ്ണം വളരുന്ന. കടം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. കാര്‍ഷിക ഉല്‍പാദനത്തില്‍ നിന്നുള്ള വരുമാനും കുറയുന്നു. ചില വിളകള്‍ മാത്രമാണ്‌ ആദായം നല്‍കുന്നത്‌. അതും ചില കാലത്ത്‌ മാത്രം.

കൃഷി ആദായകരമായ പ്രവര്‍ത്തിയാക്കി മാറ്റാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ അടിയന്തിര ഇടപടെലുകള്‍ ഉണ്ടാവണം. ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്തി. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്‌ ആദായവില ലഭിക്കുമെന്ന്‌ ഉറപ്പ്‌ വരുത്തണം. ഇതല്ലാതെ പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഡോ.എം.എസ്‌.സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത വിധത്തില്‍ വില സ്ഥിരതാഫണ്ട്‌ ഏര്‍പ്പെടുത്തണം. കുറഞ്ഞ പലിശയ്‌ക്ക്‌ കടം ലഭിക്കാനുള്ള സൗകര്യം വികസിപ്പിക്കണം. കൃഷിയിടങ്ങള്‍ ചെറിയ തുണ്ടുകളായി മാറിയതിന്‌ പരിഹാരം കാണാന്‍ കൂട്ടായി കൃഷി നടത്തുന്നതിന്‌ പല തരത്തിലുള്ള സംവിധാനങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയണം. അത്യുല്‌പാദനശേഷിയുള്ള വിത്തിനങ്ങളെ കണ്ടെത്തുകയും പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുകയും വേണം. കാര്‍ഷികമേഖലയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വന്‍തോതില്‍ മുതല്‍ മുടക്കണം. ഗവണ്‍മെന്റ്‌ മുതല്‍ മുടക്ക്‌ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ സ്വകാര്യമുതല്‍ മുടക്കം വര്‍ദ്ധിപ്പിക്കുകയുള്ളൂ. ഇവ എല്ലാം ചെയ്യുന്നതുകൊണ്ട്‌ മാത്രമെ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും വര്‍ദ്ധിക്കുകയുള്ളൂ.

കാര്‍ഷികമേഖലയെ വ്യവസായ സേവന മേഖലകളും സഹായിക്കണം. ഉല്‍പാദനക്ഷമതയും ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കാര്‍ഷികമേഖലക്ക്‌ സ്വാഭാവിക പരിമിതികള്‍ ഏറെയാണ്‌. അതുകൊണ്ടാണ്‌ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കാര്‍ഷിക മേഖലയെ സഹായിക്കാന്‍ വന്‍തോതില്‍ സഹായം നല്‍കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കാര്‍ഷിക മേഖലക്ക്‌ വലിയ സബ്‌സിഡി നല്‍കുന്നു. ഗ്രാമീണ മേഖലയില്‍ കഴിഞ്ഞുകൂടുന്ന ജനങ്ങളുടെ പിന്നോക്ക നിലക്ക്‌ പരിഹാരം കാണാനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടി ചൈന അടുത്ത കാലത്ത്‌ വന്‍തോതില്‍ മുതല്‍ മുടക്കുവാന്‍ തയ്യാറായി.

കാര്‍ഷിക പ്രതിസന്ധിക്കുള്ള പരിഹാരം വ്യവസായിക സേവന മേഖലകളിലെ പുരോഗതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ തിങ്ങി കഴിയുന്ന ജനങ്ങളെ മറ്റ്‌ ഉല്‍പാദന മേഖലകളിലേക്ക്‌ തിരിച്ചുവിടേണ്ടതും പൊതുവായ പുരോഗതിക്ക്‌ ആവശ്യമാണ്‌. ഇവയെ എല്ലാം പറ്റിയുള്ള സമഗ്രവും ആധുനികവുമായ സമീപനമാണ്‌ കാലം ആവശ്യപ്പെടുന്നത്‌.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012