Font help
 
 
ഐതിഹാസികമായ ചരിത്രസംഭവം


ഐതിഹാസികമായ ചരിത്രസംഭവം

പ്രകാശ്‌ കാരാട്ട്‌

ഐക്യകേരളത്തില്‍ 1957 ല്‍ നടന്ന ഒന്നാമത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഭൂരിപക്ഷം നേടിയത്‌ ഐതിഹാസികമായ ഒരു നാഴികക്കല്ലുതന്നെയാണ്‌. രാജ്യത്ത്‌ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ രൂപം കൊണ്ടത്‌ അന്നാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കും പാര്‍ടിയുടെ പിന്തുണയുള്ള സ്വതന്ത്രന്മാര്‍ക്കുംകൂടി 126 സീറ്റുള്ള അസംബ്ലിയില്‍ 65 സീറ്റ്‌ ലഭിച്ചു. 1952 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക്‌ പാര്‍ലമെന്റില്‍ 16 സീറ്റ്‌ ഉണ്ടായിരുന്നത്‌ 1957 ലെ തെരഞ്ഞെടുപ്പില്‍ 27 സീറ്റായി വര്‍ദ്ധിച്ചതിന്റെയും മൊത്തം 9 ശതമാനം വോട്ട്‌ ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ഈ വിജയം ഉണ്ടായത്‌. പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷം എന്ന പദവി കമ്മ്യൂണിസ്റ്റുകാര്‍ നിലനിര്‍ത്തി.

1957 ഏപ്രില്‍ 5 ന്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റപ്പോള്‍, ഒരു പുതിയ പുരോഗമന ഗവണ്‍മെന്റിന്റെ തുടക്കമായിരുന്നു അത്‌. അതിനുമുമ്പ്‌ അങ്ങനെയൊന്ന്‌ ഉണ്ടായിരുന്നില്ല. 1957 ഏപ്രില്‍ 5 ന്‌ അധികാരമേറ്റതുമുതല്‍ 1959 ജൂലായ്‌ 31 ന്‌ പിരിച്ചുവിടും വരെയുള്ള 28 മാസക്കാലത്ത്‌ ജനാധിപത്യവിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ആവശ്യമായ നടപടികള്‍ക്ക്‌ ആധാരമായ ഒരു അജണ്ടയാണ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ മുന്നോട്ട്‌ വെച്ചത്‌. ഫ്യൂഡല്‍ വിരുദ്ധകടമകള്‍ പൂര്‍ത്തീകരിച്ച്‌, സാമൂഹ്യമായി നീതിയുക്തവും ജനാധിപത്യപരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ ആവശ്യമായ അടിത്തറ പാകുകയാണത്‌.

28 മാസക്കാലത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇ.എം.എസ്‌ മന്ത്രിസഭ ഭൂപരിഷ്‌കരണത്തിനുള്ള മാര്‍ഗദര്‍ശകമായ നടപടികള്‍ കൈക്കൊണ്ടു, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു. അവര്‍ക്കുള്ള ക്ഷേമനടപടികള്‍ ആരംഭിച്ചു; വിദ്യാഭ്യാസ വ്യവസ്ഥയെ ജനാധിപത്യവല്‍ക്കരിച്ചു; ജനങ്ങള്‍ക്ക്‌ അനുകൂലമായ പോലീസ്‌ നയം കൊണ്ടുവന്നു.

പാട്ട കൃഷിക്കാരെ ഒഴിപ്പിക്കുന്നത്‌ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നതാണ്‌, ഈ മന്ത്രിസഭ കൈക്കൊണ്ട്‌ ആദ്യത്തെ നടപടി. തുടര്‍ന്ന്‌ കര്‍ഷകബന്ധബില്‍ കൊണ്ടുവന്നു. ഇ.എം.എസ്‌ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണമാണ്‌ കാര്‍ഷികബന്ധബില്ല്‌. അസംബ്ലിയിലെ വാശിയേറിയ ചര്‍ച്ചയ്‌ക്കുശേഷം 1959 ജൂണില്‍ അസംബ്ലി അത്‌ പാസാക്കി. എന്നാല്‍ പ്രസിഡന്റിന്റെ അംഗീകാരം അതിന്‌ ലഭിക്കുന്നതിന്‌ മുമ്പ്‌, ആ ഗവണ്‍മെന്റ്‌ പിരിച്ചു വിടപ്പെട്ടു. പ്രസിഡന്റിന്റെ വിയോജനക്കുറിപ്പുകളോടുകൂടി ആ ബില്‍ തിരിച്ചുവന്നപ്പോള്‍, അതിലെ വകുപ്പുകളില്‍ ഭൂവുടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഏറെ വെള്ളം ചേര്‍ത്തുകൊണ്ടാണ്‌, കോണ്‍ഗ്രസിന്റെയും പി.എസ്‌.പിയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭ അത്‌ പാസാക്കിയത്‌. ഭേദഗതി ചെയ്യപ്പെട്ട നിയമത്തിലെ പല വകുപ്പുകളും 1961 ല്‍ സുപ്രീംകോടതിയും 1963 ല്‍ കേരള ഹൈക്കോടതിയും റദ്ദാക്കി. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിയ്‌ക്കാന്‍ ഉന്നതനീതിപീഠം എത്രത്തോളം ശ്രമിച്ചിരുന്നുവെന്ന്‌ ഇത്‌ വ്യക്തമായി കാണിക്കുന്നത്‌.

കാര്‍ഷികബന്ധബില്‍, വിപ്ലവകരമായ ഒരു നിയമനിര്‍മ്മാണമായിരുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പ്‌ കോണ്‍ഗ്രസ്‌ പാര്‍ടി കൃഷിക്കാര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ബില്ലായിരുന്നു അത്‌. കുടിയാന്മാര്‍ക്ക്‌ പാട്ട സ്ഥിരത നല്‍കുക, പാട്ടം കുറയ്‌ക്കുക, കുടിയാന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, ഭൂവുടകമകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കിക്കൊണ്ട്‌ കൃഷി ചെയ്യുന്നവരെ ഭൂമിയുടെ ഉടമകളാക്കുക തുടങ്ങിയവയായിരുന്നു ഏറ്റവും മിതമായ ആ ഭൂപരിഷ്‌കരണത്തിലുണ്ടായിരുന്നത്‌. ഭൂമി ഉടമസ്ഥതയുടെ പരിധി രണ്ടുവിളയെടുക്കുന്ന 15 ഏക്കര്‍ ഭൂമിയായിരിക്കും എന്നും ആ ബില്ലില്‍ വ്യവസ്ഥ ചെയ്‌തു. തികച്ചും ജനാധിപത്യപരമായ ഈ കാര്‍ഷികനിയമം, ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗങ്ങളുടെ കടുത്ത എതിര്‍പ്പിനിരയായി.

കടുത്ത എതിര്‍പ്പിന്‌ ഇരയായ രണ്ടാമത്തെ നിയമനിര്‍മ്മാണം വിദ്യാഭ്യാസബില്ലാണ്‌. അദ്ധ്യാപകരുടെ നിയമനവും സേവന വ്യവസ്ഥകളും നിയന്ത്രിക്കുന്നതിനുള്ള നിയമമായിരുന്നു അത്‌. അദ്ധ്യാപകര്‍ക്കുള്ള ശമ്പളം ഗവണ്‍മെന്റ്‌ ഖജനാവില്‍ നിന്ന്‌ കൊടുക്കുമെന്നായിരുന്നു വ്യവസ്ഥ. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ്‌ ഏറ്റെടുക്കാനുള്ള വ്യവസ്ഥയും അതില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും അതില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗവണ്‍മെന്റിനെതിരായി കത്തോലിക്കാപള്ളി യുദ്ധം പ്രഖ്യാപിച്ചു; വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിക്ഷിപ്‌ത താല്‍പര്യമുണ്ടായിരുന്ന ജാതി-മത വര്‍ഗ്ഗീയ സംഘടനകളും അവരോടൊപ്പം കൂടി.

സ്വാതന്ത്ര്യസമരകാലത്ത്‌ കമ്മ്യൂണിസ്റ്റുകാര്‍ എന്താണോ പറഞ്ഞിരുന്നത്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ അനുഭവം അത്‌ ശരിവെയ്‌ക്കുന്നതായിരുന്നു. ഭൂപ്രഭുത്വവും ഫ്യൂഡല്‍ താല്‍പര്യങ്ങളുമായി ബൂര്‍ഷ്വാസി സന്ധി ചെയ്‌തിരുന്നതിനാല്‍ ജനാധിപത്യവിപ്ലവും എന്ന കടമ നടപ്പാക്കുന്ന കാര്യം അവര്‍ ഉപേക്ഷിച്ചിരുന്നു. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ നടപ്പാക്കിയ നിയമനിര്‍മ്മാണങ്ങളുടെയും നടപടികളുടെയും ആകെത്തുക പരിശോധിച്ചാല്‍, അവ ഒരു തരത്തിലും സോഷ്യലിസ്റ്റ്‌ സ്വഭാവത്തിലുള്ളതല്ലെന്നു കാണാം. സമൂഹത്തിന്റെ ജനാധിപത്യപരമായ പരിവര്‍ത്തനം എങ്ങനെയാണ്‌ നടപ്പാക്കേണ്ടത്‌ എന്നതിനെ സംബന്ധിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യപരിഷ്‌കാരങ്ങളായിരുന്നു അവ. സ്വാതന്ത്ര്യ സമ്പാദനത്തോടെ പൂര്‍ത്തീകരിയ്‌ക്കപ്പെടാതെ കിടന്നിരുന്ന കടമയായിരുന്നു അത്‌.

പോലീസ്‌ നയത്തെ സംബന്ധിച്ചിടത്തോളം പുതിയ, ജനാധിപത്യപരമായ സമീപനത്തിനാണ്‌ ഇ.എം.എസ്‌ മന്ത്രിസഭ തുടക്കം കുറിച്ചത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ന്യായമായ സമരങ്ങള്‍ നടത്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പോലീസിനെ ഉപയോഗിക്കുകയില്ലെന്ന്‌ ആ മന്ത്രിസഭ പ്രഖ്യാപിച്ചു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിന്‌ ഭൂപ്രഭു-മുതലാളിവര്‍ഗത്തിന്‌ സഹായമായി നില്‍ക്കുക എന്നതായിരുന്നു പോലീസിന്‌ ഉണ്ടായിരുന്ന പരമ്പരാഗതമായ ധര്‍മം. എന്നാല്‍ ആ റോള്‍ ഇനിതൊട്ട്‌ പോലീസ്‌ വഹിക്കുകയില്ല എന്ന്‌ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ പോലീസിനെ നിര്‍വീര്യമാക്കുകയാണ്‌, പോലീസ്‌ വാഴ്‌ചക്കുപകരം തങ്ങളുടെ `കാഡര്‍രാജ്‌' (സെല്‍ ഭരണം) അഴിച്ചുവിടുകയാണ്‌ എന്ന ആരോപണത്തിനും ഇത്‌ ഇടയാക്കി. ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ വിശദീകരിച്ചതുപോലെ ``ട്രേഡ്‌ യൂണിയനുകളുടെയും കൃഷിക്കാരുടെയും മറ്റ്‌ ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുകയോ, അഥവാ അടിച്ചമര്‍ത്തുകയോ അല്ല പോലീസിന്റെ ജോലി, മറിച്ച സാധാരണ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടി ശിക്ഷിപ്പിക്കുക എന്നതാണ്‌ പോലീസിന്റെ ജോലി എന്നതാണ്‌ ആ നയത്തിന്റെ അന്തഃസത്ത'' (കേരളത്തിലെ 28 മാസം, പേജ്‌ 134, തിരഞ്ഞെടുത്ത കൃതികള്‍, (വോള്യം2) ഇ.എം.എസ്‌ മന്ത്രിസഭ അംഗീകരിച്ച പോലീസ്‌ നയം, തുടര്‍ന്നുവന്ന, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ക്ക്‌ മാതൃകയായിത്തീര്‍ന്നു. പശ്ചിമബംഗാളില്‍ 1967 ലും 1969 ലും അധികാരമേറ്റ ഐക്യമുന്നണി ഗവണ്‍മെന്റുകള്‍ (ജ്യോതിബസു ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍) ഇതേനയം തന്നെയാണ്‌ പ്രഖ്യാപിച്ചത്‌. അവിടെയും ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങള്‍ക്കിടയില്‍ അത്‌ വലിയ അങ്കലാപ്പ്‌ സൃഷ്‌ടിക്കുകയുണ്ടായി.

തൊഴിലാളി വര്‍ഗങ്ങളുടെ ജീവിത പരിതഃസ്ഥിതികള്‍ മെച്ചപ്പെടുത്തുന്നതിന്‌ ഉതകുന്ന നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനും ഒരു സംസ്ഥാന ഗവണ്‍മെന്റിന്‌ സാധ്യമാണ്‌ എന്ന്‌ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ തങ്ങളുടെ റെക്കോഡിലൂടെ സ്ഥാപിച്ചു. 18 വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും ബാധകമായ മിനിമംകൂലി നിയമം തൊഴിലാളി വര്‍ഗത്തിന്റെ കൂലി വലിയ ഒരളവില്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌ ഇടയാക്കി; അത്യാര്‍ത്തിക്കാരായ ഹുണ്ടികക്കാരില്‍ നിന്ന്‌ കര്‍ഷക ജനസാമാന്യത്തിന്‌ ഏറെ ആശ്വാസം നല്‍കാന്‍ കാര്‍ഷിക കടാശ്വാസ നിയമത്തിന്‌ കഴിഞ്ഞു. സ്‌ത്രീകള്‍ക്ക്‌ അവരുടെ ദീര്‍ഘനാളായുള്ള ആവശ്യങ്ങള്‍ അനുവദിച്ചു നല്‍കുന്നതായിരുന്നു പ്രസവകാലാനുകൂല്യനിയമം. ദേശീയ-ആഘോഷ-ഒഴിവുദിന നിയമം കൊണ്ടുവന്നതുകാരണം, ഏഴുദിവസത്തെ ശമ്പളത്തോടുകൂടിയ ഒഴിവ്‌ തൊഴിലാളികള്‍ക്ക്‌ ലഭിച്ചു. മെയ്‌ ദിനവും അതില്‍ ഉള്‍പ്പെടുന്നു. ഈ നടപടികളോടൊപ്പം ക്ഷേമബോര്‍ഡുകള്‍കൂടി രൂപീകരിക്കപ്പെട്ടപ്പോള്‍, ഒരു ക്ഷേമ സംസ്ഥാനത്തിനുള്ള അടിത്തറ ഉണ്ടാക്കപ്പെട്ടു. മിനിമം കൂലി, വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തെ വ്യതിരിക്തമാക്കിത്തീര്‍ത്ത്‌ ഇതൊെക്കെയാണ്‌. നിലവിലുള്ള ഭരണഘടനാപരമായ സംവിധാനത്തിനുള്ളിലെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ വളരെ പരിമിതമായ അധികാരങ്ങള്‍ മാത്രമുള്ള ഒരു സംസ്ഥാന ഗവണ്‍മെന്റിനുപോലും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും ചില നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കുവാനും കഴിയും എന്ന്‌ ഈ അനുഭവങ്ങള്‍ തെളിയിച്ചു. കേരള ഗവണ്‍മെന്റും മറ്റ്‌ സംസ്ഥാന ഗവണ്‍മെന്റുകളും തമ്മിലുള്ള ഈ വ്യത്യാസം, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന യഥാര്‍ത്ഥ ചാമ്പ്യന്മാര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന വസ്‌തുത ഉയര്‍ത്തിക്കാണിച്ചു.

കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍, അതിന്റെ നയങ്ങള്‍ എത്രമാത്രം ദീര്‍ഘതലസ്‌പര്‍ശിയായിരുന്നുവെന്ന്‌ നാം അല്‍ഭുതപ്പെട്ടുപോകും. നിയമസഭയില്‍ ആ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന പല ബില്ലുകളും നിയമമാക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അവര്‍ ആവിഷ്‌ക്കരിച്ച നയങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വഴി കാട്ടിയായിത്തീര്‍ന്നു. ഉദാഹരണത്തിന്‌ പഞ്ചായത്ത്‌ ബില്ലും ജില്ലാകൗണ്‍സില്‍ ബില്ലും അധികാരവികേന്ദ്രീകരണത്തിന്റെ കടമ, ഇതാദ്യമായി ഉയര്‍ത്തികാണിച്ചു. ഇവയ്‌ക്ക്‌ ശക്തിയായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. അതെന്തായാലും, കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ എന്തിനാണോ തുടക്കം കുറിച്ചത്‌, പിന്നീട്‌ ഇടതുപക്ഷ നേതൃത്വത്തില്‍ അധികാരമേറ്റ ഗവണ്‍മെന്റ്‌ അത്‌ ഏറ്റെടുത്തു; കേരളത്തിലെ പഞ്ചായത്ത്‌രാജ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തിയത്‌ അതാണ്‌. ഭരണപരിഷ്‌കാരത്തിന്റെ പ്രശ്‌നവും ഇ.എം.എസ്‌ മന്ത്രിസഭ ഗൗരവത്തോടെ തന്നെ ഏറ്റെടുക്കുകയുണ്ടായി. ഭരണത്തിന്റെ ജനാധിപത്യവല്‍ക്കരണവും ഭരണസംവിധാനത്തിന്റെ കണക്കുപറയാനുള്ള ഉത്തരവാദിത്വവും രാജ്യത്ത്‌ ഇന്നും മരീചികയായിത്തന്നെ നിലനില്‍ക്കുന്നു.

സംസ്ഥാനത്തിലെ ഭക്ഷ്യകമ്മിയുടെ പ്രശ്‌ന പരിഹരിക്കുന്നതിന്‌ ഇ.എം.എസ്‌ ഗവണ്‍മെന്റ്‌ ഗൗരവത്തോടെ ശ്രമിക്കുകയുണ്ടായി. ജനകീയ ഭക്ഷ്യകമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‌ ആ ഗവണ്‍മെന്റ്‌ പരിപാടി തയ്യാറാക്കി. ജനങ്ങളുടെ പ്രതിനിധികള്‍ ആ കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. പൊതുവിതരണവ്യവസ്ഥയ്‌ക്ക്‌ ആ കമ്മിറ്റികള്‍ മേല്‍നോട്ടം വഹിക്കുമെന്നായിരുന്നു ധാരണ. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഫണ്ട്‌ ശേഖരിക്കുന്നതിനുള്ള മാര്‍ഗമാണ്‌ ഇതെന്ന്‌ ആക്ഷേപച്ചുകൊണ്ട്‌ പ്രതിപക്ഷം ഇതിനെ എതിര്‍ത്തു.

കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്കെതിരായ എതിര്‍പ്പ്‌ കേന്ദ്രീകരിച്ചത്‌, കാര്‍ഷികബന്ധബില്ലിനും വിദ്യാഭ്യാസബില്ലിനും എതിരായിട്ടാണ്‌. ഈ നടപടികളെ ചെറുക്കുന്നതിന്‌ കോണ്‍ഗ്രസും പി.എസ്‌.പിയും കത്തോലിക്കാപള്ളിയും നായര്‍ സര്‍വീസ്‌ സൊസൈറ്റിയും ഒന്നിച്ചുചേര്‍ന്നു. വിദ്യാഭ്യാസബില്ലിനും കാര്‍ഷികബന്ധബില്ലിനും സംവരണത്തിനും എതിരായിട്ടായിരുന്നു. `വിമോചനസമരത്തിന്റെ' കുന്തമന തിരിച്ചുവെച്ചത്‌. എന്നാല്‍ ആ സമരത്തിന്റെ രണ്ടാംഘട്ടത്തില്‍, ഗവണ്‍മെന്റിനെ പുറത്താക്കുക എന്നതുതന്നെയായി അതിന്റെ ലക്ഷ്യം. ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ കൂട്ടുകെട്ടിന്‌ കോണ്‍ഗ്രസ്‌ പാര്‍ടി പ്രോല്‍സാഹനം നല്‍കി. അങ്ങനെ കേരളത്തില്‍ അവര്‍ വര്‍ഗീയ രാഷ്‌ട്രീയത്തെ മുന്നണിയിലേക്കു കൊണ്ടുവന്നു. കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയോടുള്ള എതിര്‍പ്പ്‌ കാരണം, മതത്തിന്‌ വന്‍ തോതില്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിനുള്ള അനുവാദം ലഭിച്ചു; നിരീശ്വരവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുന്നതിന്‌ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഇടയലേഖനങ്ങള്‍ പള്ളി പുറത്തിറക്കി.

1959 ജൂലായ്‌ മാസത്തില്‍ മന്ത്രിസഭയെ പുറത്താക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 356-ാം വകുപ്പ്‌ ഉപയോഗപ്പെടുത്തിയ രീതി അനാരോഗ്യകരമായ കീഴ്‌വഴക്കത്തിന്‌ വഴി വെച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ വിമാന സര്‍വ്വീസ്‌ വഴി, മദിരാശി വഴി ഒരു ദിവസം കഴിഞ്ഞേ ദല്‍ഹിയില്‍ കിട്ടുമായിരുന്നുള്ളൂ. അതുകൊണ്ട്‌ വിമാനത്തില്‍വെച്ചുതന്നെ ആ റിപ്പോര്‍ട്ട്‌ സമ്പാദിച്ച്‌ ടെലിഫോണ്‍ വഴി അതിലെ ഉള്ളടക്കം ഡല്‍ഹിയില്‍ അറിയിക്കാന്‍ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ കല്‍പന നല്‍കപ്പെട്ടു. ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ മുഴുവന്‍ അങ്ങനെ ടെലഫോണ്‍വഴിയാണ്‌ ഡല്‍ഹിയില്‍ അറിയിച്ചത്‌. ഈ ടെലഫോണ്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്‌ കേരളത്തില്‍ പ്രസിഡന്റ്‌ ഭരണം പ്രഖ്യാപിച്ചത്‌. ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ ഡല്‍ഹയില്‍ ലഭിച്ചതും അതിനെ ഉപയോഗപ്പെടുത്തിയതും, കേന്ദ്രത്തിലെ തുടര്‍ന്നുള്ള ഗവണ്‍മെന്റുകള്‍ക്ക്‌ ജനാധിപത്യ വിരുദ്ധമായ രീതിക്ക്‌ വഴികാട്ടിയായി. ഭരണഘടനയുടെ 356-ാം വകുപ്പ്‌ ദുരുപയോഗം ചെയ്യുന്നത്‌ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം രാജ്യത്തെ ജനാധിപത്യശക്തികളുടെ ഒരു സുപ്രധാന ആവശ്യമായിത്തീര്‍ന്നത്‌ ഈ അനുഭവത്തിനുശേഷമാണ്‌.

1959 ജൂലായ്‌ 31 ന്‌ ഇ.എം.എസ്‌ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതും പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തപ്പെട്ടതും ചില വ്യാമോഹങ്ങളെ തുറന്നു കാണിക്കുന്നതിന്‌ സഹായകമായിത്തീര്‍ന്നു. സ്വാതന്ത്ര്യസമരം നയിച്ചതിന്റെയും ജനാധിപത്യം സ്ഥാപിച്ചതിന്റെയും ഖ്യാതി മുഴുവന്‍ സ്വയം ഏറ്റെടുത്തിരുന്ന കോണ്‍ഗ്രസ്‌ പാര്‍ടി, യാഥാര്‍ത്ഥത്തില്‍ ഭരണവര്‍ഗങ്ങളുടെ ജനാധിപത്യവിരുദ്ധ ഉപകരണം മാത്രമാണെന്ന്‌ വെളിവാക്കപ്പെട്ടു. കോണ്‍ഗ്രസ്‌ പാര്‍ടിയുടെ വര്‍ഗസ്വഭാവം പരസ്യമായി തുറന്നുകാട്ടപ്പെട്ടു. കേരളത്തില്‍ 1957 ല്‍ ഉണ്ടായ വിജയം, പാര്‍ലമെന്ററി മാര്‍ഗത്തിലൂടെ സോഷ്യലിസത്തിലേക്കുള്ള സമാധാനപരവും സുഗമമായ മാര്‍ഗത്തിന്‌ വഴിപാകും എന്ന വ്യാമോഹത്തിന്‌ അടിപ്പെട്ടിരുന്ന മറ്റ്‌ ചിലരെ സംബന്ധിച്ചിടത്തോളമാകട്ടെ, ഈ പിരിച്ചുവിടല്‍ ഒരു കടുത്ത ആഘാതം തന്നെ സൃഷ്‌ടിക്കുകയുണ്ടായി. പാര്‍ലമെന്ററി വിജയങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായി എന്നതുകൊണ്ട്‌, ജനാധിപത്യപരമായ ഒരു പരിവര്‍ത്തനം ഉണ്ടാകും എന്നതിന്‌ യാതൊരു ഉറപ്പുമില്ല; എന്നിട്ടല്ലേ സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം! കൂടുതല്‍ സങ്കീര്‍ണവും വിഷമകരവുമായ ഒരു പ്രക്രീയയാണതെന്നും സാമൂഹ്യപരിവര്‍ത്തനം സംഭവിയ്‌ക്കുംമുമ്പ്‌ വര്‍ഗസമരം മൂര്‍ച്ഛിക്കുമെന്നുമാണ്‌ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.

ഒന്നാമത്തെ, കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ പിരിച്ചുവിടപ്പെട്ടതില്‍ നിന്ന്‌ അഖിലേന്ത്യാതലത്തില്‍ പഠിച്ച സുപ്രധാന പാഠം ഇതാണ്‌: പാര്‍ലമെന്ററി വ്യവസ്ഥക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉണ്ടാകുന്നത്‌ തൊഴിലാളി വര്‍ഗത്തില്‍ നിന്നല്ല, മറിച്ച്‌ ചൂഷകവര്‍ഗങ്ങളില്‍ നിന്നാണ്‌ എന്ന്‌ സി.പി.ഐ (എം)ന്റെ പരിപാടിയില്‍ 1964 ല്‍ പ്രസ്‌താവിച്ചത്‌ തികച്ചും ശരിയാണ്‌. തങ്ങളുടെ പാര്‍ലമെന്ററി സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങുമ്പോള്‍, വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനവലയത്തില്‍ നിന്ന്‌ ജനങ്ങള്‍ അകന്നുപോവാന്‍ തുടങ്ങുമ്പോള്‍, പാര്‍ലമെന്ററി ജനാധിപത്യത്തെത്തന്നെ തങ്ങളുടെ ചവിട്ടടിയിലിട്ട്‌ ഞെരിക്കാന്‍ ചൂഷകവര്‍ഗങ്ങള്‍ മടിക്കുകയില്ല. ഈ വര്‍ഗ യാഥാര്‍ത്ഥ്യം നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു സൂചകമായിരുന്നു 1959 ലെ ഇ.എം.എസ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടത്‌. പശ്ചിമബംഗാളില്‍ നാം കണ്ടതുപോലെ, പിന്നീട്‌ പലപ്പോഴും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്നത്‌ തടയുന്നതിനായി ഭരണഘടനാവകുപ്പുകളെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്‌. ജനാധിപത്യാവകാശങ്ങളെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ട്‌, പശ്ചിമബംഗാളിലും ത്രിപുരയിലും കെട്ടഴിച്ചുവിട്ട അര്‍ദ്ധഫാസിസ്റ്റ്‌ ഭീകരവാഴ്‌ച, ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗങ്ങള്‍ ഏതറ്റം വരെ പോകും എന്നതിന്റെ വ്യക്തമായ ഉദാഹണങ്ങളാണ്‌. അതുകൊണ്ടാണ്‌, ഭരണവര്‍ഗങ്ങളുടെ കടന്നാക്രമങ്ങളില്‍ നിന്ന്‌ പാര്‍ലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത്‌ ജനങ്ങളുടെ താല്‍പര്യത്തിന്‌ അനിവാര്യമാണെന്ന്‌, 1959 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിന്റെ അനുഭവത്തില്‍ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മനസ്സിലാക്കിയത്‌. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌മന്ത്രിസഭയ്‌ക്കെതിരായി നടന്ന ജനാധിപത്യവിരുദ്ധമായ കടന്നാക്രമണം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം വെളിപ്പെടുത്തുന്നുണ്ട്‌ - വന്‍കിട ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളാല്‍ നിയന്ത്രിയ്‌ക്കപ്പെടുന്നതും നയിക്കപ്പെടുന്തനുമായ ഭരണകൂടമാണത്‌; അതിന്റെ വര്‍ഗഭരണത്തിന്‌ നേര്‍ക്കുള്ള ഏതൊരു ഭീഷണിയെയും അതിന്‌ പൊറുക്കാന്‍ കഴിയില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന ഗവണ്‍മെന്റിനെപ്പോലും, തങ്ങളുടെ വര്‍ഗഭരണത്തിന്‌ നേര്‍ക്കുള്ള ഭീഷണിയായിട്ടാണ്‌ വന്‍കിട ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങള്‍ വീക്ഷിച്ചത്‌.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ രൂപീകരണം കമ്മ്യൂണിസത്തിനെതിരായി ശീതയുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. 1957 സെപ്‌തംബറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍, അമേരിക്കന്‍ (യു.എസ്‌) സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്‌ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി. ``ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും പ്രാദേശിയ തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നേടിയ വിജയം അപകടകരമായ പ്രവണതയാണ്‌. രാഷ്‌ട്രീയ നിയന്ത്രണത്തിലേക്ക്‌ കമ്മ്യൂണിസ്റ്റുകാര്‍ നീങ്ങുന്നത്‌ എപ്പോഴായാലും, അത്‌ അപകടകരമായ പ്രവണത തന്നെയാണ്‌.''

കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനെതിരായ വിമോചനസമരത്തിലേക്ക്‌ നയിച്ച തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്ക്‌ അമേരിക്ക (യു.എസ്‌) താമസംവിനാ പിന്‍തുണ നല്‍കി, കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിക്കുന്നതിനുള്ള സമരത്തില്‍ ഏര്‍പ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്ക്‌ അമേരിക്ക പണം നല്‍കി എന്ന വസ്‌തുത പിന്നീട്‌ സ്ഥിരീകരിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരെ നേരിടുന്നതിന്‌ കോണ്‍ഗ്രസ്‌ നേതൃത്തിന്‌ സി.ഐ.എ രണ്ടുതവണ പണം നല്‍കിയെന്ന്‌, പിന്നീട്‌ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക്‌ മൊയ്‌നിഹാന്‍, തന്റെ `ഡെയ്‌ഞ്ചറസ്‌ പ്ലേസ്‌' എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അതില്‍ ആദ്യത്തേത്‌ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ കാലത്ത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനാണ്‌; അറുപതുകളില്‍ പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും.

കേന്ദ്ര ഇടപെടലിനെതിരായ 1959 ആഗസ്റ്റ്‌ 3 ന്‌ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആഹ്വാനം നല്‍കി. പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തില്‍ കല്‍ക്കത്ത നഗരത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുകയുണ്ടായി; റാലിയില്‍ രണ്ടുലക്ഷം പേരും - സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രകടമാണത്‌. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന പാര്‍ലമെന്റ്‌ മാര്‍ച്ചില്‍ പതിനായിരക്കണക്കിന്‌ ആളുകളാണ്‌ പങ്കെടുത്തത്‌. ഒരു ജനകീയ ഗവണ്‍മെന്റിനെതിരായി നടന്ന ജനാധിപത്യവിരുദ്ധമായ ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ രാജ്യത്തുടനീളം ജനാധിപത്യവിശ്വാസികളായ ജനങ്ങള്‍ അണിനിരന്നു.

ഇ.എം.എസ്‌ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന്‌ 1959 ല്‍ ബി.ടി.രണദിവെ, ഇങ്ങനെ എഴുതുകയുണ്ടായി: ``അജ്ഞാതമായ സമുദ്രത്തിലൂടെയുള്ള യാത്രയായിരുന്നു കേരള മന്ത്രിസഭയുടേത്‌. മുതലാളിത്തത്തില്‍ കീഴില്‍ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സമ്മതിക്കുന്നത്‌, ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യത്തെ സംഭവമായിരിക്കും-ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്‍മെന്റ്‌ കേന്ദ്രത്തില്‍ നിയന്ത്രണം വഹിക്കുകയും ഒരു പിടി ആളുകളുടെ കൈകകളില്‍ സാമ്പത്തികാധികാരങ്ങള്‍ ഫലത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്‌തിരിക്കുന്ന മുതലാളിത്തത്തിന്‍ കീഴിലാണത്‌ ഉണ്ടായത്‌. അതിനെങ്ങിനെ കഴിഞ്ഞു. കേരളത്തിലെ ജനങ്ങളുടെയും മറ്റെങ്ങുമുള്ള ജനങ്ങളുടെയും ആഗ്രഹം അങ്ങനെയായിരുന്നതുകൊണ്ടാണ്‌ അതിനു കഴിഞ്ഞഥ്‌. ജനങ്ങളുടെ മുന്നിലുള്ള അടിയന്തിരപ്രശ്‌നം സോഷ്യലിസം നടപ്പാക്കലല്ല (സാമൂഹ്യപരിവര്‍ത്തനമല്ല) മറിച്ച്‌ അടിയന്തിരമായ സാമൂഹ്യ-സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നുവെന്നതുകൊണ്ടാണ്‌ (ഭൂപരിഷ്‌കരണവും സത്യസന്ധമായ ഭരണവും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ നടപ്പാക്കലും മറ്റും അതില്‍ ഉള്‍പ്പെടുന്നു) അതിന്‌ കഴിഞ്ഞത്‌.''

ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ അതിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അത്‌ നിലനിന്ന്‌ 28 മാസക്കാലത്ത്‌ കാര്‍ഷിക പരിഷ്‌കാരത്തിന്റെയും ജനാധിപത്യ പരിവര്‍ത്തനത്തിന്റെയും ശക്തമായ പ്രവാഹം കെട്ടഴിച്ചുവിടുകയുണ്ടായി. അതിന്റെ സ്വാധീനം ഇപ്പോഴും നമ്മുടെ രാജ്യത്ത്‌ പ്രത്യക്ഷമായിരിക്കാണാം. 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012