Font help
 
 
ഇ.എം.എസ്‌ അനുസ്‌മരണം- പിണറായി വിജയന്‍

ജീവിതത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്താവുന്ന ഒന്നല്ല രാഷ്‌ട്രീയം. അതിന്റെ ചലനങ്ങളാണ്‌ ജീവിതത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ട്‌ നയിക്കുന്നതും. ശാസ്‌ത്രീയമായ കാഴ്‌ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സൂക്ഷ്‌മതയോടെ വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ്‌ ആചാര്യനായിരുന്നു സ: ഇ.എം.എസ്‌. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പന്ത്രണ്ട്‌ വര്‍ഷമായി.

മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‌ സഖാവ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. രാഷ്‌ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്ത്‌ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്‌മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക്‌ എത്തിക്കുന്നതിനും സഖാവ്‌ കാണിച്ച ശുഷ്‌കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്‌നങ്ങളുമായി ഐക്യപ്പെടുത്തി. ഏത്‌ പ്രശ്‌നത്തെയും പരസ്‌പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിന്‌ കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ അമൂല്യമായ സംഭാവനയാണ്‌ നല്‍കിയത്‌. സഖാവിന്‌ അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ്‌ ഇ.എം.എസ്‌. ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്‌.

ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്‌. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്‌ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്‌. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു. ഇടത്‌-വലത്‌ പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിക്കൊണ്ടാണ്‌ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം മുന്നോട്ട്‌ നീങ്ങിയത്‌. പാര്‍ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുന്നതില്‍ ജീവിതാന്ത്യം വരെ സഖാവ്‌ തയ്യാറായിരുന്നു.

ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന്‌ സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വവും ഇ.എം.എസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കുവാന്‍ പാര്‍ടി നിയോഗിച്ചത്‌ സഖാവിനെയായിരുന്നു. ഇത്തരത്തില്‍ ഒരു മന്ത്രിസഭ നയിച്ച അനുഭവം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധിയെ വിജയകരമായി അതിജീവിച്ച്‌ മാതൃകാപരമായ വികസനപദ്ധതികള്‍ക്ക്‌ സഖാവ്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചു. ആഗോളവല്‍ക്കരണം രാജ്യത്ത്‌ ശക്തിപ്പെടുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ വികസനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരുന്നു സഖാവിന്റെ സുപ്രധാനമായ ചിന്ത. കേരള വികസനത്തെ സംബന്ധിച്ചുള്ള അന്താരാഷ്‌ട്ര പഠനകോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. വര്‍ത്തമാനകാലത്തെ പാര്‍ടിയുടെ പ്രവര്‍ത്തനത്തിന്‌ ദിശാബോധം നല്‍കുന്നതില്‍ ഈ പരിശ്രമങ്ങള്‍ക്ക്‌ സുപ്രധാനമായ പങ്കുണ്ട്‌. ആഗോളവല്‍ക്കരണ കാലത്തെ വികസനപ്രവര്‍ത്തനത്തെ സംബന്ധിച്ച്‌ ഇ.എം.എസ്‌ മുന്നോട്ട്‌ വെച്ച കാഴ്‌ചപ്പാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സി.പി.ഐ (എം) ഉം അത്‌ നേതൃത്വം നല്‍കുന്ന മന്ത്രിസഭയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ യോജിപ്പിച്ച്‌ നിര്‍ത്തി മുന്നോട്ട്‌ കൊണ്ടുപോവുകയാണ്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കടമയെന്ന്‌ അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. ജനകീയാസൂത്രണം പോലുള്ള വികസനപദ്ധതികള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. ഇങ്ങനെ വികസനം നടത്തുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കണമെന്നും ഇ.എം.എസ്‌ ഊന്നിപ്പറഞ്ഞിരുന്നു. അതോടൊപ്പം ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി പരിമിതികള്‍ക്കകത്തുനിന്ന്‌ ബദലുകള്‍ ഉയര്‍ത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും സഖാവ്‌ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കാഴ്‌ചപ്പാടോടെ അവതരിപ്പിക്കപ്പെട്ടതാണ്‌ ഇപ്പോഴത്തെ കേരള ബഡ്‌ജറ്റ്‌. കേന്ദ്ര ബഡ്‌ജറ്റുമായുള്ള താരതമ്യം വികസന കാഴ്‌ചപ്പാടുകള്‍ തമ്മിലുള്ള അന്തരവും വ്യക്തമാക്കും.

കാര്‍ഷികപ്രധാനമായ ഇന്ത്യാരാജ്യത്ത്‌ ആ മേഖലയെ കൈയൊഴിയുന്ന നയമാണ്‌ യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. അതിന്റെ ഫലമായി നമ്മുടെ കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക്‌ ആശങ്കാജനകമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്ത്‌ ആ മേഖലയിലെ നിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കുക എന്ന നയസമീപനമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്‌. എന്നാല്‍ ഈ മേഖലയിലെ സബ്‌സിഡി പോലും വെട്ടിക്കുറയ്‌ക്കുക എന്ന സമീപനമാണ്‌ ബജറ്റില്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇത്‌ രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്‌തതയെത്തന്നെ അപകടത്തിലേക്കു നയിക്കുന്നതാണ്‌.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാകട്ടെ അതിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വലിയ തോതിലുള്ള വളര്‍ച്ചാനിരക്ക്‌ രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ മേഖലയിലെ നിക്ഷേപം 50 ശതമാനത്തിലേറെ വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഭക്ഷ്യ സ്വയംപര്യാപ്‌തത നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമീപനവും മുന്നോട്ടുവച്ചിരിക്കുന്നു.

രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന്‌ സുപ്രധാനമായ പങ്കാണ്‌ പൊതുമേഖലയ്‌ക്കുള്ളത്‌. ആഗോള സാമ്പത്തികപ്രതിസന്ധി വികസിത രാഷ്‌ട്രങ്ങളെപ്പോലും പിടിച്ചുലച്ചപ്പോള്‍ അത്തരമൊരവസ്ഥ ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്ക്‌ ഇല്ലാതെ പോയത്‌ ശക്തമായ പൊതുമേഖലയുടെ സാന്നിധ്യം കൊണ്ടായിരുന്നു. എന്നാല്‍ ഈ പൊതുമേഖലാ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. 40,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടണമെന്നാണ്‌ കേന്ദ്ര ബജറ്റില്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ കേരള സര്‍ക്കാരിന്റെ ബജറ്റില്‍ പൊതുമേഖല കൂടുതല്‍ കാര്യക്ഷമതയോടെ അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച്‌ ഖജനാവിലേക്ക്‌ പണം സമ്പാദിക്കുന്നതിന്റെ ചിത്രം നല്‍കുകയാണ്‌. 200 കോടി രൂപയാണ്‌ ഈ രംഗത്ത്‌ കേരള ഖജനാവിന്‌ ലഭിച്ചത്‌. മാത്രമല്ല, എട്ട്‌ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്‌ 121 കോടി രൂപ നീക്കിവയ്‌ക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ചെറുകിട-പരമ്പരാഗത വ്യവസായങ്ങള്‍ക്കായി 246 കോടി രൂപ ഇതിനു പുറമെയും സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുകയാണ്‌. കയര്‍ വ്യവസായത്തിനാവട്ടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടങ്കല്‍ ഈ ബജറ്റിലാണ്‌ നല്‍കിയിരിക്കുന്നത്‌.

വിദ്യാഭ്യാസ മേഖലയില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറുക എന്നതാണ്‌ കേന്ദ്രസര്‍ക്കാര്‍ നയമെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയാണ്‌. അതായത്‌, ഈ ബജറ്റില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്താവട്ടെ 112 ശതമാനത്തിന്റെ വര്‍ദ്ധനവും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ജനങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്‌ പ്രധാനപ്പെട്ട ലക്ഷ്യമായിത്തന്നെ സംസ്ഥാന ബജറ്റില്‍ പറഞ്ഞിട്ടുണ്ട്‌. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന്‌ 1058 കോടി രൂപയാണ്‌ നീക്കിവച്ചിട്ടുള്ളത്‌. എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇ.എം.എസ്‌ ഭവനനിര്‍മ്മാണപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള സമീപനത്തിനും ബജറ്റില്‍ പ്രധാന പങ്കുണ്ട്‌. തൊഴിലുറപ്പുപദ്ധതി നഗരപ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനവും പാവപ്പെട്ട ജനതയെ ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്‌. 35 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ടു രൂപയ്‌ക്ക്‌ അരി നല്‍കുന്നതിനുള്ള പദ്ധതി യഥാര്‍ത്ഥത്തില്‍ അടിസ്ഥാന ജനവിഭാഗത്തിനോടുള്ള ഉറച്ച പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ്‌.

ആഗോളതാപനത്തിന്റെ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഗൗരവമായ ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്‌ കേന്ദ്രബജറ്റ്‌ തയ്യാറായതേയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതിക്കകത്ത്‌ നിന്നുകൊണ്ട്‌ 1000 കോടി രൂപ ഹരിത ഫണ്ടിലേക്ക്‌ നീക്കിവെക്കാനുള്ള തീരുമാനം തീര്‍ച്ചയായും ചരിത്രപരമായ ഒരു കാല്‍വെയ്‌പ്‌ തന്നെയാണ്‌. വനിതാക്ഷേമത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വേണ്ടി 620 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നല്‍കിയിട്ടുള്ളത്‌. ഇങ്ങനെ പരിസ്ഥിതി-സ്‌ത്രീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ നടത്തിയ ശ്രമം ഏവരും അംഗീകരിക്കുന്നതാണ്‌.

സമ്പദ്‌ഘടനയുടെ ഭാരം മുഴുവനും സാധാരണക്കാരന്റെ തലയില്‍ വച്ചുകൊടുക്കുന്ന രീതിയിലാണ്‌ വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്‌. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവും ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റവും ഇതിന്‌ തെളിവാണ്‌. വ്യവസായികള്‍ക്ക്‌ സര്‍ചാര്‍ജില്‍ കുറവു വരുത്തിയും സംസ്ഥാനങ്ങള്‍ക്ക്‌ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ബജറ്റ്‌ അവതരിപ്പിച്ചത്‌. എന്നാല്‍ പാവപ്പെട്ടവരുടെ തലയില്‍ ഒരു ഭാരവുമേല്‍പ്പിക്കാതെയും വന്‍കിടക്കാര്‍ക്ക്‌ ഇളവ്‌ നല്‍കാതെയും ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട്‌ മുന്നോട്ടുപോകാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌.

ജനക്ഷേമകരമായ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ മുന്നോട്ട്‌ നീക്കുമ്പോള്‍ അതിനെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്‌. ഇതിന്റെ മറ്റൊരു തെളിവാണ്‌ ആണവ ബാധ്യതാ ബില്ലുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നം. ആണവപദ്ധതികളില്‍ നല്‍കേണ്ട നഷ്‌ടപരിഹാരത്തുക 2200 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്‌. വിദേശ ആണവറിയാക്‌ടര്‍ കമ്പനികളുടെ നഷ്‌ടപരിഹാര ബാധ്യത 500 കോടി രൂപയായും നിശ്ചയിച്ചിരിക്കുന്നു. മാത്രമല്ല ഇതിന്റെ ഭാഗമായി രൂപം കൊണ്ട ക്ലെയിംസ്‌ കമ്മീഷണറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ദുരിത ബാധിതര്‍ക്ക്‌ അവകാശം പോലുമില്ല. ജനിതകവൈകല്യം അടക്കമുണ്ടാക്കുന്ന ആണവദുരന്തത്തിന്റെ നഷ്‌ടപരിഹാരം 10 വര്‍ഷത്തിനകം ഉണ്ടാകണമെന്ന വ്യവസ്ഥയും ആര്‍ക്കും അംഗീകരിക്കാന്‍ ആവുന്നതല്ല. ആണവകരാറും അതിന്റെ ഭാഗമായി രൂപപ്പെട്ട്‌ വരുന്ന ആണവബാധ്യതാ ബില്ലുമെല്ലാം അമേരിക്കന്‍ താല്‍പര്യത്തിനുവേണ്ടി ഉള്ളതാണെന്ന ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ശരിയാണെന്ന്‌ ജനങ്ങള്‍ക്കാകമാനം ബോധ്യപ്പെടുന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്‌.

ജനങ്ങള്‍ക്ക്‌ ദുരിതം മാത്രം സംഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ സഖാവായിരുന്നു ഇ.എം.എസ്‌. അതോടൊപ്പം ജനങ്ങള്‍ക്ക്‌ ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പരിശ്രമിച്ചിരുന്നു. ഇത്തരം ബദലുകള്‍ രൂപപ്പെടുത്തുന്നതിനും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലം കൂടിയാണ്‌ ഇത്‌. ഇതിന്‌ ഇ.എം.എസിന്റെ ഓര്‍മ്മകള്‍ നമുക്ക്‌ കരുത്ത്‌ നല്‍കും. ജനകീയ താല്‍പര്യങ്ങള്‍ക്കായി പാര്‍ടി ആരംഭിക്കുന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ തീവ്രമായി ഇടപെടാനും നമുക്കാകണം. അതിലൂടെയേ അനുസ്‌മരണങ്ങളെ പോരാട്ടമാക്കി മാറ്റുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കാഴ്‌ചപ്പാട്‌ നിറവേറ്റാനാകൂ.
 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012