ചിലരുടെ രഹസ്യ അജന്‍ഡ തിരിച്ചറിയുക
പിണറായി വിജയന്‍
ജനതാദള്‍ എസിനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് പുറത്താക്കുന്നതിന് രഹസ്യ അജന്‍ഡ ഉണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി അവരെ മുന്നണിയില്‍നിന്ന് ചവിട്ടി പുറത്താക്കിയതാണെന്നും ചിലര്‍ ശക്തമായി പ്രചരിപ്പിക്കുന്നു. എന്നാല്‍, ജനതാദള്‍ എസ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാണ് എന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍തന്നെ തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.
എല്‍ഡിഎഫിന്റെ ഭാഗമാണെന്ന സമീപനംതന്നെയാണ് ജനതാദള്‍ എസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഡയും സ്വീകരിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ മൂന്നാമത് മതേതര രാഷ്ട്രീയശക്തിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് കര്‍ണാടകത്തിലുള്‍പ്പെടെ സിപിഐ എമ്മുമായി യോജിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. ജനതാദള്‍ എസ് അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവച്ച ഈ രാഷ്ട്രീയസമീപനത്തിനെതിരായ നിലപാടാണ് കേരളത്തിലെ ഒരുവിഭാഗം ജനതാദള്‍ എസ് നേതാക്കള്‍ സ്വീകരിച്ചത്. മുന്നണിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കി എന്ന് സംസ്ഥാനത്താകമാനം ഈ കൂട്ടര്‍ പ്രചരിപ്പിച്ചു. എല്‍ഡിഎഫ് ചത്തമുന്നണിയാണെന്ന് പൊതു സമ്മേളനത്തില്‍ പ്രഖ്യാപിക്കാനും തയ്യാറായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ 20 മണ്ഡലത്തിലും എല്‍ഡിഎഫ് പരാജയപ്പെടുമെന്നും അതുകൊണ്ട് ആംബുലന്‍സുകള്‍വരെ തയ്യാറാക്കിവയ്‌ക്കണമെന്ന പരിഹാസവും ഇവര്‍ പുറപ്പെടുവിച്ചു. മാത്രമല്ല, കര്‍ണാടകത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ യോജിപ്പ് രൂപപ്പെട്ടുവന്നിട്ടുണ്ടെന്ന പ്രചാരണത്തിനും തയ്യാറായി. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ കോണ്‍ഗ്രസുകാര്‍ തെറ്റായി ഒന്നും പ്രവര്‍ത്തിച്ചില്ലെന്ന് പറയുന്നിടത്തുവരെ ഇവര്‍ എത്തി. വോട്ടെടുപ്പ്‌ദിവസമായപ്പോഴേക്കും യുഡിഎഫിന്റെ ഏജന്റുമാരെന്ന കണക്കേ പ്രവര്‍ത്തിക്കുന്നതിനും ഈ വിഭാഗം തയ്യാറായി.
ജനതാദള്‍ എസിലെ ഒരു വിഭാഗത്തിന്റെ ഈ പ്രവര്‍ത്തനത്തെ സ്വാഗതംചെയ്‌ത് യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നു. അവരെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുന്നത്‌് ആലോചിക്കുമെന്ന പ്രഖ്യാപനവും വന്നു. ജനതാദള്‍ എസിനെ എല്‍ഡിഎഫിന്റെ ഭാഗമായി നിലനിര്‍ത്താനുള്ള സന്നദ്ധത മുന്നണി ഘടക പാര്‍ടികളുടെ ഭാഗത്തുനിന്ന് പൊതുവില്‍ ഉണ്ടായപ്പോള്‍ അതിനു വിരുദ്ധമായ സമീപനം സ്വീകരിച്ച് മുന്നോട്ട് പോവുകയും മുന്നണിയുടെ പ്രഖ്യാപിത നയത്തില്‍നിന്ന് സ്വയം വ്യതിചലിച്ച് പോവുകയുമാണ് ഒരു വിഭാഗം ചെയ്‌തതെന്ന് ഇവിടെ വ്യക്തമാകുന്നത്.
ജനതാദള്‍ എസിനെ പിളര്‍ത്താനോ എല്‍ഡിഎഫില്‍നിന്ന് മാറ്റി നിര്‍ത്താനോ ഉള്ള ഒരു സമീപനവും ഉണ്ടായിട്ടില്ലെന്ന് വസ്‌തുത പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുന്നണിയോഗത്തില്‍നിന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ജനതാദളിനെ പുറത്താക്കുക അല്ല ചെയ്‌തത്. മൊത്തത്തില്‍ മുന്നണി എടുത്ത തീരുമാനത്തില്‍ തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ച് ദള്‍ പ്രതിനിധികള്‍ ഇറങ്ങി പോവുകയായിരുന്നു. മന്ത്രിസഭയിലെ അംഗത്തെയും ആരും പുറത്താക്കിയതല്ല; ജനതാദള്‍ ധൃതിപ്പെട്ട് തീരുമാനിച്ച് രാജിവയ്‌പിക്കുകയായിരുന്നു.
നേതൃത്വം സ്വീകരിച്ച ചില നിലപാട് പാര്‍ടിക്കകത്തും അവരുടെ പാര്‍ലമെന്ററി പാര്‍ടിക്കകത്തും അഭിപ്രായഭിന്നത രൂക്ഷമാക്കിയിരുന്നു. വയനാട്ടില്‍നിന്നുള്ള എംഎല്‍എ ഒഴികെ പാര്‍ലമെന്ററി പാര്‍ടിയിലെ എല്ലാവരും ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. ഈ കാര്യം അന്ന് ഈ എംഎല്‍എമാര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അതില്‍ ഞങ്ങള്‍ എടുത്ത സമീപനം ജനതാദള്‍ എസ് അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പിളര്‍ന്നുപോകുന്നത് ഗുണപരമല്ല എന്നതാണ്. യോജിച്ചുപോകുന്നതിനുള്ള നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. ദളിനെ തകര്‍ക്കുക എന്ന അജന്‍ഡ ഉണ്ടായിരുന്നെങ്കില്‍ ആ ഘട്ടത്തില്‍ അങ്ങനെ ഒരു സമീപനം സിപിഐ എം സ്വീകരിക്കില്ലെന്നത് വ്യക്തമാണല്ലോ.
ജനതാദള്‍ എസ് അഖിലേന്ത്യാതലത്തില്‍തന്നെ വലിയ പ്രതിസന്ധി നേരിട്ട കാലമാണ് ദേവഗൗഡ വിഭാഗം കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഘട്ടം. അന്ന്, ജനതാദളിനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിലനിര്‍ത്തുന്നത് ശരിയല്ലെന്ന വിമര്‍ശം പല കോണില്‍നിന്നും ഉയര്‍ന്നു. ആ വിമര്‍ശത്തെ നേരിട്ട് എല്‍ഡിഎഫില്‍ ജനതാദളിനെ ഉറപ്പിച്ചു നിര്‍ത്തുക എന്ന നയസമീപനമാണ് സിപിഐ എം സ്വീകരിച്ചത്. മുന്നണിയില്‍നിന്ന് പുറത്താക്കാനുള്ളതല്ല, മുന്നണിയുടെ ഭാഗമാക്കി നിലനിര്‍ത്താനുള്ള നിലപാടിന്റെ പ്രതിഫലനമായിരുന്നു അത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരുപറഞ്ഞാണ് ജനതാദളിലെ ഒരു വിഭാഗം മുന്നണിക്കെതിരെ പ്രവര്‍ത്തിച്ചത്. ഈ കാര്യത്തില്‍ തികച്ചും ശരിയായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന് സീറ്റ് വിഭജനചര്‍ച്ചയെ വിശകലനം ചെയ്‌താല്‍ വ്യക്തമാകും. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി മൂന്നാമത് രാഷ്ട്രീയശക്തി കൂടുതല്‍ സീറ്റ് നേടിയെടുക്കുക എന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് വിഭജനചര്‍ച്ച മുന്നണിയില്‍ നടത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് വയനാട് സീറ്റ് കൂടുതല്‍ ജയസാധ്യതയുള്ള ജനതാദള്‍ എസിന് നീക്കിവയ്‌ക്കാന്‍ എല്‍ഡിഎഫില്‍ ആലോചന നടന്നത്. ദീര്‍ഘകാലമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ടിയോട് സിപിഐ എമ്മിനുള്ള താല്‍പ്പര്യമാണ് അഖിലേന്ത്യാതലത്തില്‍ രാജ്യസഭാസീറ്റിന്റെ നിര്‍ദേശത്തിനു പിന്നിലുണ്ടായത്. ജനതാദള്‍ എസ് അഖിലേന്ത്യാ നേതൃത്വം പ്രസ്‌തുത നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചപ്പോള്‍ മറ്റാരുമായും ആലോചിക്കാതെ തള്ളിയതിനു പിന്നിലുള്ള വികാരം മുന്നണി വികാരമല്ലെന്നു വ്യക്തം.
ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത മണ്ഡലവിഭജനവുമായി ബന്ധപ്പെട്ട കാര്യമാണ്. പുതിയ രീതിയിലാണ് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ വിഭജിക്കപ്പെട്ടിട്ടുള്ളത്. മുമ്പ് മത്സരിച്ചിരുന്ന സീറ്റ് അതേപോലെ നിലനിര്‍ത്തുക എന്നത് ചില പ്രായോഗിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പേര് അതേപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ തികച്ചും വ്യത്യസ്‌തമാണ്. മുമ്പ് കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് നിയമസഭാമണ്ഡലം വയനാട്ടിലേക്ക് ചേര്‍ക്കപ്പെട്ടു. സിപിഐ എം മുമ്പ് മത്സരിച്ച മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിലെ രണ്ടു നിയമസഭാ മണ്ഡലം കോഴിക്കോട്ട് വരികയുംചെയ്‌തു. പുതുതായി രൂപപ്പെട്ട എലത്തൂര്‍ നിയമസഭാ മണ്ഡലവും ചേര്‍ത്താണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സിപിഐ എമ്മിന് മത്സരിക്കുന്നതിനായി ലഭിക്കണമെന്ന സമീപനം പാര്‍ടി സ്വീകരിച്ചത്.
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തേക്കാള്‍ ജനതാദളിന് താരതമ്യേന ശക്തിയുള്ളതും വയനാട് മണ്ഡലത്തിലാണ് എന്നതും ഇത്തരം ഒരു നിര്‍ദേശത്തിനു കാരണമായി. ഈ തെരഞ്ഞെടുപ്പില്‍ത്തന്നെ സിപിഐ എം മുമ്പ് ജയിച്ച മാവേലിക്കര മണ്ഡലം വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ടെന്ന വസ്‌തുതയും ഓര്‍ക്കേണ്ടതുണ്ട്. ജനതാദളുമായി സിപിഐ എം സഖ്യത്തില്‍ മത്സരിക്കുന്ന കര്‍ണാടകത്തില്‍ ആവശ്യപ്പെട്ട സീറ്റല്ല പാര്‍ടിക്ക് ലഭിച്ചത്. എന്നിട്ടും മുന്നണിയുടെ പൊതുതാല്‍പ്പര്യവും രാഷ്ട്രീയ ഉത്തരവാദിത്തവും കണക്കിലെടുത്ത്‌് അതില്‍ മത്സരിക്കാനാണ് പാര്‍ടി തയ്യാറായത്.
ജനതാദള്‍ എസിനെ മുന്നണിയില്‍ നിലനിര്‍ത്തുന്നതിന് സാധ്യമായ നടപടിയെല്ലാം സ്വീകരിച്ചിട്ടും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ അവരില്‍ ചിലര്‍ തയ്യാറായതിനു പിന്നില്‍ അവരുടെ മനസ്സിലുണ്ടായ യുഡിഎഫ് ബാന്ധവത്തിനായുള്ള അതിയായ വ്യഗ്രതയാണ്. ഇടതുപക്ഷമുന്നണിയുമായി ജനതാദളിനെ ചേര്‍ത്തുനിര്‍ത്തുക എന്ന സമീപനമായിരുന്നില്ല കഴിഞ്ഞ കുറച്ചു കാലമായി ജനതാദള്‍ എസിന്റെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചത്. അതിന്റെ ഒരു പ്രതിഫലനമാണ് എല്‍ഡിഎഫ് യോഗത്തിലെ അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കലില്‍നിന്ന് വ്യക്തമാകുന്നത്. മുന്നണിയിലെ വിവിധ പാര്‍ടികളിലെ നേതാക്കള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്‌താണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. എല്ലാ പാര്‍ടിയിലെയും ഏറ്റവും ഉത്തരവാദപ്പെട്ട നേതാക്കളാണ് യോഗങ്ങളില്‍ പങ്കെടുക്കാറ്. ജനതാദളിന്റെ പ്രസിഡന്റ് യോഗങ്ങളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വലിയ വിമുഖതയാണ് കാണിച്ചത്. അവസാനമായി നടന്ന എല്‍ഡിഎഫിന്റെ 35 യോഗത്തില്‍ അഞ്ചില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്.
യുഡിഎഫിന്റെ പാളയത്തിലേക്ക് ജനതാദള്‍ എസിനെ എത്തിക്കാനുള്ള ഗൂഢപദ്ധതി ഉണ്ടായിരുന്നത് ആര്‍ക്കാണെന്ന് ഇത്തരം കാര്യങ്ങളാകെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാണല്ലോ. അതിനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്‌തത്. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അനുഭാവികള്‍വരെ സജീവമാകുന്നതുകൊണ്ട് ഈ അവസരം ഉപയോഗപ്പെടുത്തി പാര്‍ടി അനുഭാവികളെ ആകെ തന്റെ അജന്‍ഡയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് പ്ലാന്‍ ചെയ്‌തത്.
ജനതാദള്‍ എസിനെ യുഡിഎഫിന്റെ പാളയത്തിലേക്ക് ക്ഷണിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 17 ലും മത്സരിച്ച് മുന്നണിയിലെ മറ്റ് കക്ഷികളെ ആകമാനം ഒതുക്കി നിര്‍ത്തിയ ആളുകളാണ് മുന്നണിമര്യാദയുടെ പേരു പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നത്. ഇത് കേരളീയര്‍ തിരിച്ചറിയുകതന്നെ ചെയ്യും.
ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത സംഭവമായിരുന്നു ബാബറി മസ്‌ജിദിന്റെ തകര്‍ച്ച. അതില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ ശക്തമായി എതിര്‍ത്ത പ്രസ്ഥാനമാണ് ജനതാദള്‍. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രസംഗവും പുസ്‌തകവും ഈ കാലഘട്ടത്തില്‍ ജനതാദള്‍ നേതാക്കളുടേതായി വന്നു. കോണ്‍ഗ്രസ് രാജ്യത്ത് നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ജനതാദള്‍ എസ് നടത്തിയ പ്രചാരണങ്ങള്‍ ജനതാദളിനെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഇപ്പോഴും ഉണ്ടാകും. കോണ്‍ഗ്രസിന്റെ തെറ്റായ ഇത്തരം നയങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിനുള്ള പോരാട്ടമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍, ഈ പോരാട്ടങ്ങളെ തകര്‍ക്കാന്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു വിഭാഗം ജനതാദള്‍ നേതാക്കളെ അംഗീകരിക്കാന്‍ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം നെഞ്ചിലേറ്റുന്ന ജനതാദള്‍ എസിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. വാക്കുകളില്‍ സാമ്രാജ്യത്വ വിരുദ്ധതയും പ്രവൃത്തിയില്‍ മറിച്ചും എന്ന നയം മുന്നോട്ടുവച്ചവരെ കേരളത്തിലെ ജനാധിപത്യവാദികള്‍ തിരിച്ചറിയും.
രാഷ്ട്രീയം നയത്തിന്റെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള യോജിപ്പാണ്. അല്ലാതെ വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്‌നമല്ല. രാഷ്ട്രീയ കാഴ്‌ചപ്പാടുകളെ കൈയൊഴിഞ്ഞ് ചില ഗൂഢലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചവരാണ് ജനതാദളിനെ എല്‍ഡിഎഫില്‍നിന്ന് അകറ്റാനുള്ള തീവ്രശ്രമം നടത്തിയത്. ഇത് തിരിച്ചറിഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കാണേണ്ടതുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയ ശക്തിയെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് നടക്കുന്ന പരിശ്രമങ്ങളുമായി സഹകരിക്കുന്ന ജനതാദള്‍ എസിന് എന്നും എല്‍ഡിഎഫില്‍ സ്ഥാനമുണ്ടാകും. എന്നാല്‍, ജനതാദള്‍ എസ് മുന്നോട്ടുവച്ച രാഷ്ട്രീയനയങ്ങളെ തകര്‍ക്കുന്നതിന് പരിശ്രമിച്ചവരെ തിരിച്ചറിയാന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
|