Font help
 
 
ജനപക്ഷ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌


ജനപക്ഷ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌

പിണറായി വിജയന്‍

സ: ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത്‌ ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. രാഷ്‌ട്രീയ രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം സ്വയംഭൂവായി ഉയര്‍ന്നുവന്നതായിരുന്നില്ല. സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളേയും വര്‍ഗ പോരാട്ടങ്ങളെയും ഐക്യകേരളത്തിന്‌ വേണ്ടിയുള്ള സമരങ്ങളേയും സമന്വയിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ വേണം ഈ ജനകീയ അംഗീകാരത്തെ കാണാന്‍.

സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആധുനിക മനുഷ്യനെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക്‌ വളര്‍ത്തിയെടുത്തത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമായിരുന്നു. ഈ ഇടപെടലാണ്‌ ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചത്‌. ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ കേരളത്തെക്കാള്‍ ശക്തിപ്രാപിച്ച തമിഴ്‌നാട്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാതിവിവേചനം ശക്തമായി തുടരുന്നത്‌ ഇത്തരത്തിലുള്ള ഒരു ഇടപെടലുണ്ടായില്ല എന്നത്‌ കൊണ്ടാണ്‌ ജാതീയതയുടെ അടിത്തറയായ ജന്മിത്ത ഘടനയെ തകര്‍ക്കാനുള്ള ഭൂപരിഷ്‌കരണം ഈ സംസ്ഥാനങ്ങളില്‍ നടക്കാതെ പോയതാണ്‌ ഇത്തരം ഒരു സ്ഥിതി വിശേഷം അവിടെ സൃഷ്‌ടിച്ചത്‌.

ഭൂപരിഷ്‌കരണം പരിപാടികള്‍ ആരംഭിച്ച്‌ ജന്മിത്തത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചു എന്നതാണ്‌ 1957 ലെ സര്‍ക്കാരിന്റെ ഏറ്റവും ഉജ്വല സംഭാവനയെന്ന്‌ നിസ്സംശയം പറയാം. ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ജനകീയ അടിത്തറ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഉണ്ടാകുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. ഐക്യകേരളം രൂപീകരിക്കാനുള്ള സമരം മാത്രമല്ല രൂപീകരിക്കപ്പെടുന്ന കേരളം എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച്‌ കൃത്യമായ നിലപാട്‌ പാര്‍ടി സ്വീകരിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക്‌ അനുയോജ്യമായിരിക്കുന്ന നിലപാടുകള്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന പ്രശ്‌നവും കൈകാര്യം ചെയ്യുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാട്‌ പാര്‍ടി സ്വീകരിച്ചു. കേരളസംസ്ഥാനം നിലവില്‍വരുന്നതിനു മുമ്പുതന്നെ 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാന സമ്മേളനം ഇതു സംബന്ധിച്ച രേഖ അംഗീകരിക്കുകയും ചെയ്‌തു. ഈ പ്രമേയം അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഭാവികേരളം എങ്ങനെ രൂപപ്പെടുത്താമെന്ന്‌ വ്യക്തമാക്കി. ഈ രേഖ കാണിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിമറിക്കാന്‍ ഇടപെടുമ്പോള്‍ തന്നെ ചുറ്റുമുള്ള ലോകത്ത്‌ ഇടപെട്ടുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശ്വാസം പകരുക എന്ന നയം പാര്‍ടി ആശയവ്യക്തതയോടെ മുന്നോട്ട്‌ വെച്ചു എന്നതാണ്‌. ഈ രേഖ കേരള വികസനത്തെ സംബന്ധിച്ച്‌ മുന്നോട്ടുവച്ച ധാരണകളെ ഇങ്ങനെ ചുരുക്കി പറയാം.

1. കേരളത്തിന്റെ വികസനത്തിന്‌ തടസ്സമായി നില്‍ക്കുന്നത്‌ കേരളത്തിലെ ഭൂവുടമ സമ്പ്രദായം ആണ്‌. അതുകൊണ്ട്‌ ഭൂവുടമ സമ്പ്രദായത്തിലെ മാറ്റത്തെക്കുറിച്ചും അതില്‍ വ്യക്തമായി പറയുന്നുണ്ട്‌.

2. അടിസ്ഥാനവ്യവസായങ്ങള്‍ പൊതുഉടമാസമ്പ്രദായത്തിനകത്ത്‌ കൊണ്ടുവരേണ്ട പ്രാധാന്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌.

3. വികസനത്തിന്‌ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ആവശ്യകത പ്രത്യേകം ഊന്നിപ്പറയുകയും ചെയ്‌തു.

4. നികുതി ഭാരങ്ങള്‍ സാധാരണക്കാരന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കരുത്‌.

5. വിദ്യുച്ഛക്തി, വ്യാവസായികവികസനം, ഖനിജങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായം, റെയില്‍വെ വികസനം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസവികസനം, അധികാരവികേന്ദ്രീകരണം, ആരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള സമീപനം, തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേഖലയുടെ പരിഷ്‌ക്കരണം തുടങ്ങി വികസനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട്‌ ഈ രേഖ മുന്നോട്ട്‌ വെക്കുകയുണ്ടായി.

6. പിന്നോക്ക പ്രദേശമായ മലബാറിന്റെ വികസന ദൗര്‍ബല്യങ്ങളെ സംബന്ധിച്ച്‌ രേഖയില്‍ പറഞ്ഞിട്ടുണ്ട്‌.

കേരള വികസനത്തെ സംബന്ധിച്ച്‌ ഇത്രയേറെ സമഗ്രമായ ഒരു ചര്‍ച്ച ആദ്യമായിട്ടായിരുന്നു കേരളത്തില്‍ നടന്നത്‌. അതിന്‌ നേതൃത്വം നല്‍കിയത്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയായിരുന്നു എന്ന കാര്യത്തില്‍ നമുക്കെല്ലാം അഭിമാനിക്കാം.

വികസന പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്ന അക്കാലത്ത്‌ മുന്‍കാല അനുഭവങ്ങളോ മാതൃകകളോ ഉണ്ടായിരുന്നില്ല. 1957 ജൂലൈ 12-ാം തീയതി കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരള സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ``കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക്‌ പങ്കുള്ളതോ ആയ ഗവണ്‍മെന്റ്‌ ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച്‌ വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട്‌ ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന്‌ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്‌സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്‌സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തില്‍ പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്‌.'' ഈ ധാരണയുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി മുന്നോട്ട്‌ നീക്കി.

മാത്രമല്ല സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യം ഏറെ സങ്കീര്‍ണ്ണമായിരുന്നു. ഈ കാലത്തെ സംബന്ധിച്ച്‌ ഇ.എം.എസ്‌ ഇങ്ങനെ എഴുതുന്നു:

``മന്ത്രിസഭ രൂപീകരിച്ച്‌ ഒരുമാസം തികയുന്നതിനു മുമ്പു നടന്ന നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ഐക്യം പ്രകടമായി. നിയമസഭയ്‌ക്കകത്തെ ഈ ഗവണ്‍മെന്റ്‌ വിരുദ്ധ ഐക്യത്തിന്‌ അനുപൂരകമായ ഐക്യം പുറത്തുണ്ടായിരുന്നു. പാര്‍ടികള്‍ എന്ന നിലയില്‍ ഈ പാര്‍ടികള്‍ തമ്മില്‍ മാത്രമല്ല പത്രപംക്തികളിലും അത്‌ ദൃശ്യമായിരുന്നു. മുപ്പതില്‍പ്പരം വരുന്ന ഭാഷാപത്രങ്ങളില്‍ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും അതുപോലെതന്നെ മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി വസ്‌തുതകള്‍ വളച്ചൊടിക്കുകയും നുണകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുക എന്ന നയത്തിലേക്കു നീങ്ങി. ``കൈയില്‍ വരുന്ന ഓരോ അവസരവും ഓരോ പ്രത്യേക പ്രശ്‌നവും അവരെ ചെളിവാരി എറിയുന്നതിനുവേണ്ടി ഉപയോഗിക്കുക. അവസരങ്ങളും പ്രശ്‌നങ്ങളും ഒന്നും കിട്ടുന്നില്ലെങ്കില്‍ അവ സൃഷ്‌ടിച്ചെടുക്കുക'' കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പത്രങ്ങളുടെയും പ്രക്ഷോഭകരുടെയും കേന്ദ്ര ലക്ഷ്യം ഇതായിത്തീര്‍ന്നു.'' (കേരളചരിത്രം മാര്‍ക്‌സിസ്റ്റ്‌ വീക്ഷണത്തില്‍, പേജ്‌ 299)

സര്‍ക്കാരിന്‌ എതിരായ ഇടപെടലിന്‌ പത്രങ്ങളും വലതുപക്ഷ ശക്തികളും തയ്യാറായിരിക്കെ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇതിലൊന്നാണ്‌ ഭക്ഷ്യസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നം. കേരളത്തിന്റെ സമ്പദ്‌ഘടനയെക്കുറിച്ച്‌ അറിയാവുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഇത്തരം സ്ഥിതിവിശേഷം കൈകാര്യം ചെയ്യാനാവില്ല. ഇതു മനസ്സിലാക്കിയിട്ടും ഭക്ഷ്യധാന്യം ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാനത്താകെ കരിങ്കൊടി പ്രകടനങ്ങളും മറ്റും നടന്നു. ഈ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യാന്‍ ആന്ധ്രയില്‍ പോയി അടിയന്തരമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി എത്തിച്ചു. ഇങ്ങനെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അഴിമതിയുണ്ട്‌ എന്നു പറഞ്ഞ്‌ പ്രതിപക്ഷം ബഹളമുണ്ടാക്കി.

ഗവണ്‍മെന്റ്‌ കൊണ്ടുവന്ന പോലീസ്‌ നയം തൊഴില്‍ തര്‍ക്കങ്ങളില്‍ സമ്പന്നര്‍ക്കുവേണ്ടി ഇടപെടുന്ന രീതി ഇല്ലാതാക്കി. ഇതുകൊണ്ട്‌ സ്ഥാപിതതാല്‍പ്പര്യക്കാരും ജന്മിമാരും രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പോലീസിനെ നിര്‍വീര്യമാക്കാനും ശിഥിലമാക്കാനും പുറപ്പെട്ടിരിക്കുകയാണ്‌ എന്ന പ്രചാരവേല സംഘടിപ്പിച്ചു. അതുവരെ ജന്മിമാരുടെയും സമ്പന്നന്മാരുടെയും കേന്ദ്രമായിരുന്ന പോലീസ്‌ സ്റ്റേഷനുകളില്‍ പാവപ്പെട്ട തൊഴിലാളികള്‍ വരുന്നതും അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നിലയും വന്നു. ഇത്‌ കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല എന്നായിരുന്നു പ്രചാരവേല. ഭരണത്തുറകളെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ചൊല്‍പ്പടിയിലാക്കിയിരിക്കുന്നു എന്നായിരുന്നു അവര്‍ ഉദ്‌ഘോഷിച്ചത്‌.

സര്‍ക്കാര്‍ സര്‍വ്വീസിലെ തൊഴിലുകളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ബന്ധമുള്ളവരെ നിയമിക്കാന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ സാധാരണ ജനങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കാവുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചു. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കുത്തി നിറയ്‌ക്കാനുള്ള ശ്രമമാണിതെന്ന്‌ പറഞ്ഞുകൊണ്ടായിരുന്നു പ്രചരണം.

ഭരണഘടനാപരമായ തരത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന്‌ ബോധ്യം വന്ന കോണ്‍ഗ്രസ്സുകാര്‍ മറ്റു രീതികളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിച്ചു. ഇതിന്‌ അടിയന്തരമായി വന്ന കാരണം കാര്‍ഷികബന്ധബില്ല്‌ കൊണ്ടുവരാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്‌. ഈ നിയമം പ്രാബല്യത്തിലായാല്‍ അത്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയെ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുമെന്നു മാത്രമല്ല, കാര്‍ഷിക പരിഷ്‌ക്കരണങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ കരുത്ത്‌ പകരുമെന്നും കോണ്‍ഗ്രസ്‌ ഭയപ്പെട്ടു. അതുകൊണ്ട്‌ എങ്ങനെയെങ്കിലും സര്‍ക്കാരിനെ തകിടം മറിക്കുക എന്നത്‌ ഇവരുടെ അടിയന്തര അജണ്ടയായിത്തീര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ `ഭരണഘടനാപരമായ ഭരണയന്ത്രത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം നിലച്ചിരിക്കുന്നു' എന്ന പേര്‌ പറഞ്ഞുകൊണ്ടാണ്‌ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്രു തീരുമാനിച്ചത്‌. ഇങ്ങനെയൊരവസ്ഥ ഉണ്ടാക്കാന്‍ അക്രമാസക്തമായ സമരം കേരളത്തില്‍ അരങ്ങേറുകയായിരുന്നു.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളാണ്‌ കേരളത്തിന്റെ വികസനത്തിന്‌ സംഭാവന നല്‍കിയതെന്ന്‌ ആരും സമ്മതിക്കുന്നതാണ്‌. കാര്‍ഷിക പരിഷ്‌ക്കരണ ബില്‍, വിദ്യാഭ്യാസബില്‍, പോലീസ്‌ നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നോക്ക പ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പരിപാടികളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളാ മോഡല്‍ എന്ന്‌ പില്‍ക്കാലത്ത്‌ പ്രസിദ്ധമായ കേരള വികസന മാതൃകയ്‌ക്ക്‌ അസ്ഥിവാരമിട്ടത്‌. ഈ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം കേരളീയ സമൂഹത്തിലുണ്ടായി. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമം കൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരിക രൂപങ്ങള്‍ ഇല്ലായ്‌മ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഈ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ്‌ ഉണ്ടായത്‌. 1957 ലെ സര്‍ക്കാരിന്റെ ഈ അനുഭവ പാഠത്തില്‍ നിന്ന്‌ പാര്‍ടി സംസ്ഥാന തലത്തില്‍ അധികാരം ലഭിച്ചാല്‍ എന്ത്‌ ചെയ്യാന്‍ കഴിയും, എന്ത്‌ ചെയ്യാന്‍ കഴിയില്ല എന്നിവയെ സംബന്ധിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ മുന്നോട്ട്‌ വെച്ചു.

1964 ല്‍ തയ്യാറാക്കപ്പെട്ട പാര്‍ടി പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാട്‌ ഇങ്ങനെ വിശദീകരിച്ചു.

`` അത്തരം ഗവണ്‍മെന്റുകളുടെ രൂപീകരണം അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ലവപ്രസ്ഥാനത്തിന്‌ ഉത്തേജനം നല്‍കുകയും അതുവഴി ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യും. പക്ഷെ, അത്‌ രാജ്യത്തെ അഭിമുഖീകരിക്കുന്ന സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ മൗലികമായ വിധത്തില്‍ പരിഹരിക്കുകയില്ല. അതുകൊണ്ട്‌, ജനങ്ങള്‍ക്ക്‌ അടിയന്തരമായ ആശ്വാസങ്ങള്‍ നല്‍കുകയും അങ്ങനെ ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന, അന്തരാളസ്വഭാവത്തോടുകൂടിയ അത്തരം ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്ന അവസരത്തില്‍ത്തന്നെ, വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെയും ഗവണ്‍മെന്റിനെയും മാറ്റേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നത്‌, പാര്‍ടി തുടരുകയും ചെയ്യും''

ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ 1967 ല്‍ ``പുതിയ പരിതഃസ്ഥിതികളും കടമകളും'' എന്ന കേന്ദ്ര കമ്മിറ്റി പ്രമേയം ഈ രംഗത്ത്‌ അന്നത്തെ സാഹചര്യത്തില്‍ പാര്‍ടി സ്വീകരിക്കേണ്ട നയസമീപനങ്ങളെ സംബന്ധിച്ച്‌ വ്യക്തത വരുത്തുകയും ചെയ്‌തു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ജനങ്ങള്‍ക്ക്‌ അടിയന്തരാശ്വാസം നല്‍കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന കാര്യം ഈ പ്രമേയം ഓര്‍മ്മിപ്പിച്ചു. അടിസ്ഥാനപരമായി ജനങ്ങളുടെ സമരായുധമാക്കി സര്‍ക്കാരിനെ ഉപയോഗിക്കുക എന്നതാണ്‌ ഈ നയത്തിന്റെ അന്തഃസത്ത. 1964 ല്‍ അംഗീകരിച്ച പാര്‍ടി പരിപാടിയില്‍ സര്‍ക്കാരിനെ സംബന്ധിച്ച്‌ മുന്നോട്ടുവച്ച കാഴ്‌ചപ്പാടുകള്‍ക്ക്‌ അനുയോജ്യമായ നയസമീപനം തന്നെയായിരുന്നു ഇതിലും മുന്നോട്ടുവച്ചിരുന്നത്‌.

1964 ല്‍ പാര്‍ടി പരിപാടി ഉണ്ടാകുന്ന ഘട്ടത്തിലുണ്ടായിരുന്ന അന്തര്‍ദേശീയ-ദേശീയ സ്ഥിതിഗതികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടായി. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്‌ പാര്‍ടി പരിപാടി തന്നെ കാലോചിമാക്കുന്നതിന്‌ പ്ലീനം വിളിച്ചുചേര്‍ത്തത്‌. വിപ്ലവ തന്ത്രത്തിലും അടിസ്ഥാന സമീപനങ്ങളിലും യാതൊരു മാറ്റവും പരിപാടിയില്‍ ഉണ്ടായില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ ചില മാറ്റങ്ങള്‍ പുതിയ സാഹചര്യത്തിനനുസരിച്ച്‌ രൂപപ്പെടുത്തേണ്ടതുണ്ട്‌ എന്ന്‌ കണ്ടെത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയില്‍ സര്‍ക്കാരിനെ സംബന്ധിച്ച്‌ ഇങ്ങനെ രേഖപ്പെടുത്തി:

``ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയസ്ഥിതിയുടെ ആവശ്യങ്ങളെ നേരിടാന്‍ പാര്‍ട്ടിക്ക്‌ വിവിധ ഇടക്കാല മുദ്രാവാക്യങ്ങള്‍ ആവിഷ്‌കരിക്കേണ്ടിവരുമെന്നുള്ളത്‌ വ്യക്‌തമാണ്‌. ഇന്നത്തെഭരണാധികാരിവര്‍ഗങ്ങളെ മാറ്റി തല്‍സ്ഥാനത്ത്‌ തൊഴിലാളി-കര്‍ഷകസഖ്യത്തിന്മേല്‍ പടുത്തുയര്‍ത്തിയ ഒരു പുതിയ ജനാധിപത്യ ഭരണകൂടവും ഗവണ്‍മെന്റും സ്ഥാപിക്കുകയെന്ന കടമജനങ്ങളുടെ മുമ്പാകെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുകയും നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ ബദല്‍നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന പരിപാടി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്റുകള്‍നിലവില്‍ വരുത്താന്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളും പാര്‍ട്ടി ഉപയോഗപ്പെടുത്തും. അത്തരം ഗവണ്‍മെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ലവപ്രസ്ഥാനത്തിന്‌ ഉത്തേജനം നല്‍കുകയും ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, അടിസ്‌ഥാനപരമായി ഒരു രീതിയിലും അത്‌ രാഷ്‌ട്രത്തിന്റെ സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ല. അതുകൊണ്ട്‌ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കു അനുസൃതമായി സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ഇത്തരം ഗവണ്‍മെന്‍റുകള്‍ രൂപീകരിക്കാനുള്ള അവസരങ്ങള്‍ഉപയോഗിക്കവെ തന്നെ വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭുഭരണകൂടത്തെയും ഗവണ്‍മെന്‍റിനെയും മാറ്റേണ്ടതിന്റെ ആവശ്യം പാര്‍ട്ടി തുടര്‍ന്നു പഠിപ്പിച്ചുകൊണ്ടിരിക്കുകയും അങ്ങനെ ബഹുജനപ്രസ്ഥാനത്തെ ശക്‌തിപ്പെടുത്തുകയും ചെയ്യും.'' (ഊന്നല്‍ ചേര്‍ത്തത്‌)

1964 ലെ പാര്‍ടി പരിപാടിയില്‍ ജനങ്ങള്‍ക്ക്‌ അടിയന്തര ആശ്വാസം നല്‍കുകയും ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സമരായുധമായി സര്‍ക്കാരിനെ ഉപയോഗിക്കുക എന്ന കടമയാണ്‌ മുന്നോട്ട്‌ വച്ചതെങ്കില്‍ കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനോടൊപ്പം ബദല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കഴിയണമെന്നും നിര്‍ദ്ദേശിച്ചു. പാര്‍ടി പരിപാടി മുന്നോട്ടുവച്ച ഈ ധാരണകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ മൂര്‍ത്തമായ ഒരു രേഖ 19-ാം പാര്‍ടി കോണ്‍ഗ്രസ്‌ അംഗീകരിക്കുകയുണ്ടായി. `ഇടതു നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍: അവയുടെ അനുഭവങ്ങളും ഇന്നത്തെ പരിതഃസ്ഥിതിയില്‍ അവയുടെ പങ്കും' എന്ന പേരില്‍ രാഷ്‌ട്രീയ-സംഘടനാ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമായി അത്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു. അതില്‍ തുടര്‍ച്ചയായി സംസ്ഥാനങ്ങളില്‍ പാര്‍ടി അധികാരത്തില്‍ എത്തുന്ന സാഹചര്യം രൂപപ്പെട്ടത്‌ കണക്കിലെടുത്തുകൊണ്ട്‌ നമ്മുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന്‌ വ്യക്തമാക്കി. കോണ്‍ഗ്രസ്‌-ബി.ജെ.പി നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്തുവാനും നടപ്പിലാക്കുവാനും കഴിയണമെന്ന്‌ പാര്‍ടി കോണ്‍ഗ്രസ്‌ വിലയിരുത്തി. അതോടൊപ്പം തന്നെ, ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയോ പാര്‍ടി കോണ്‍ഗ്രസ്‌ വിഭാവനം ചെയ്‌തിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ പരിപാടിയോ നടപ്പിലാക്കുന്നതിന്‌ ഇതിന്‌ കഴിയില്ലെന്ന കാര്യവും വ്യക്തമാക്കപ്പെടുകയുണ്ടായി. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും അത്‌ സ്വീകരിക്കേണ്ട നിലപാടുകളില്‍ പുലര്‍ത്തേണ്ട കാഴ്‌ചപ്പാടിനെ സംബന്ധിച്ചും 19-ാം പാര്‍ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രേഖ ഇങ്ങനെ പറയുന്നു:

``പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വിപുലപ്പെടുത്തുന്ന കാര്യത്തില്‍ ഇടതുപക്ഷമുന്നണി ഗവണ്‍മെന്റുകള്‍ സുപ്രധാനമായ ഒരു പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. പാര്‍ടിയുടെ നയങ്ങളും ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയവും അഖിലേന്ത്യാതലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ സംഭാവന നല്‍കിയത്‌ ഈ അടിത്തറയാണ്‌. ഈ മൂന്നു സംസ്ഥാനങ്ങളിലെയും പ്രസ്ഥാനങ്ങള്‍, അഖിലേന്ത്യാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഉദാരവല്‍ക്കരണഘട്ടം ആരംഭിച്ചതിനുശേഷം ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ കടുത്ത ഞെരുക്കത്തോടുകൂടിയാണ്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ അനുകൂലമായ നയങ്ങള്‍ പിന്തുടരാനും ജനങ്ങളുടെ മിനിമം ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന നടപടികള്‍ കൈക്കൊള്ളാനും ഗവണ്‍മെന്റിനെ സഹായിക്കുന്ന വിധത്തിലും അതേ അവസരത്തില്‍ത്തന്നെ ദേശീയതലത്തില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ടിയെ സഹായിക്കുന്ന വിധത്തിലും ഉള്ള മാര്‍ഗങ്ങള്‍ പാര്‍ടി നിരന്തരം ആവിഷ്‌കരിച്ചുകൊണ്ടിരിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളെ സംരക്ഷിക്കുക എന്നത്‌, പാര്‍ടിയുടെയും ഇടതുപക്ഷ-ജനാധിപത്യശക്തികളുടെയും ദേശീയ അജണ്ടയുടെ അവിഭാജ്യ ഭാഗമാണ്‌.'' (ഊന്നല്‍ ചേര്‍ത്തത്‌)

ഇത്തരത്തില്‍ പാര്‍ടി പരിപാടി വിഭാവനം ചെയ്യുകയും പാര്‍ടി കോണ്‍ഗ്രസ്‌ വിശദീകരിക്കുകയും ചെയ്‌ത നയസമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സി.പി.ഐ (എം) കേരളത്തിലെ മന്ത്രിസഭയെ നയിക്കുന്നത്‌. ഈ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്‌ മേല്‍ വിവരിച്ച ആശയങ്ങളുടെ പ്രായോഗികതയ്‌ക്ക്‌ ഉതകുന്ന ഒരു രേഖ തയ്യാറാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്‌. അതുകൊണ്ടാണ്‌ 2008 ആഗസ്റ്റ്‌ 7 മുതല്‍ 9 വരെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ : ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്ന രേഖ അംഗീകരിച്ചത്‌. ഇത്തരത്തില്‍ പാര്‍ടി കോണ്‍ഗ്രസ്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിച്ച നിലപാടുകള്‍ പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുകയാണ്‌.

കേരളത്തില്‍ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ 1957 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ എങ്ങനെ ഇടപെട്ടുവോ അതുപോലെ ഇന്നത്തെ സാഹചര്യത്തെ മനസ്സിലാക്കി ഇടപെടുന്നതിനാണ്‌ പരിശ്രമിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ആഗോളവല്‍ക്കരണ നയസമീപനത്തിന്‌ അകത്തുനിന്ന്‌ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിന്‌ ഒരു ബദല്‍ രൂപീകരിച്ചുകൊണ്ട്‌ പോരാടാനാണ്‌ പരിശ്രമിക്കുന്നത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈയൊരു ദിശാബോധം വ്യക്തമായും ദൃശ്യമാണ്‌.

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ്‌ ആഗോളവല്‍ക്കരണ നയത്തിന്റെ സമീപനം. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്‌തമായി പൊതുമേഖലയെ സംരക്ഷിക്കാനുള്ള നിലപാടാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇതിന്റെ ഫലമായി യു.ഡി.എഫിന്റെ ഭരണകാലത്ത്‌ നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കഴിഞ്ഞു.

കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്‌ക്കുക എന്നതാണ്‌ പുത്തന്‍ സാമ്പത്തിക നയത്തിന്റെ പൊതു സമീപനം. എന്നാല്‍, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കാര്‍ഷിക കടാശ്വാസ നിയമം രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ മുന്നോട്ടുവയ്‌ക്കാനായി. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും സംസ്ഥാനത്ത്‌ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിലപാടും സ്വീകരിച്ചുകഴിഞ്ഞു. ഇതിലൂടെ പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ മേഖലയില്‍ സ്വയംപര്യാപ്‌തതയ്‌ക്കുള്ള ഇടപെടലാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌.

സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ഇല്ലാതാക്കുക എന്നതാണ്‌ ആഗോളവല്‍ക്കരണത്തിന്റെ നയസമീപനം. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്‌തമായി കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക്‌ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഷോപ്‌സ്‌ & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമം ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌. എല്ലാ ക്ഷേമപദ്ധതികളുടെയും പെന്‍ഷന്‍ 200 രൂപയാക്കി ഉയര്‍ത്തിയ നടപടിയും ഇതിന്റെ ഭാഗം തന്നെയാണ്‌.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ബഡ്‌ജറ്റില്‍ തന്നെ മുന്നോട്ടുവയ്‌ക്കുകയുണ്ടായി. വിശ്വപ്രസിദ്ധമായ കേരളത്തിന്റെ ഈ മേഖലയില്‍ അനുഭവിക്കുന്ന രണ്ടാം തലമുറ പ്രശ്‌നം പരിഹരിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ചു.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത്‌ വന്‍ വിലക്കയറ്റം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. അവധിവ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും തണലിലാണ്‌ ഇത്‌ ശക്തിപ്പെടുന്നത്‌. എന്നാല്‍ പൊതു മാര്‍ക്കറ്റില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തിക്കൊണ്ട്‌ എടുക്കുന്ന നടപടികള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്‌ കാരണമായിത്തീര്‍ന്നിട്ടുണ്ട്‌. ഇക്കഴിഞ്ഞ ഓണക്കാലത്ത്‌ വില കയറാതെ നിന്നതിന്റെ പ്രധാന കാരണം മാര്‍ക്കറ്റിലുള്ള സര്‍ക്കാരിന്റെ ഇടപെടലാണ്‌. കമ്പോളത്തെ സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുക എന്ന ആഗോളവല്‍ക്കരണ നയത്തിനു പകരം അവിടെ ഇടപെടുന്നതിനുള്ള നയമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.

ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യപരമായ രീതി കുറഞ്ഞുവരികയാണ്‌. സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിന്റെ മേഖലയും ഇതിന്റെ ഫലമായി ദുര്‍ബ്ബലപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം മുഴുവനും ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുക എന്നതാണ്‌ ഈ നയത്തിന്റെ തുടര്‍ച്ചയായി രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സര്‍ക്കാരിന്റെ ബാധ്യതകള്‍ ജനങ്ങളുടെ മുകളില്‍ കെട്ടിവയ്‌ക്കുന്നതിനു പകരം നികുതി വരുമാനം ശക്തിപ്പെടുത്തിയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കിക്കൊണ്ട്‌ നടത്തുന്ന ധനകാര്യ മാനേജ്‌മെന്റും കേരളത്തിന്റെ വികസനത്തിന്‌ വലിയ സംഭാവന നല്‍കുകയാണ്‌.

എല്ലാവര്‍ക്കും വീടും കിടപ്പാടവും എന്നതാണ്‌ ഈ സര്‍ക്കാരിന്റെ മറ്റൊരു പ്രധാനപ്പെട്ട കാഴ്‌ചപ്പാട്‌. ഇതിന്‌ ഉതകുന്ന വിധം ഇടപെടുന്നതാണ്‌ സര്‍ക്കാരിന്റെ നയം. അതിനായി കയ്യേറ്റഭൂമികള്‍ ഒഴിപ്പിച്ചും മിച്ചഭൂമി കാര്യക്ഷമമായി വിതരണം ചെയ്‌തും മുന്നോട്ടുപോകുന്നതിനാണ്‌ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. ഇക്കാര്യത്തില്‍ 1957 ലെ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനാണ്‌ പരിശ്രമിക്കുന്നത്‌. 1957 ലെ സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന മിച്ചഭൂമി ദളിതര്‍ക്കുള്‍പ്പെടെ വിതരണം ചെയ്യുന്നതിനുള്ള പരിപാടിയായിരുന്നു മുന്നോട്ടുവയ്‌ക്കപ്പെട്ടത്‌. എന്നാല്‍, മിച്ചഭൂമിയുടെ കണക്കില്‍ വെള്ളം ചേര്‍ത്തും ഇഷ്‌ടദാനത്തിന്റെ വ്യവസ്ഥ ഇതില്‍ കൂട്ടിച്ചേര്‍ത്തും ഈ നയസമീപനത്തെ അട്ടിമറിക്കാനാണ്‌ വലതുപക്ഷ ശക്തികള്‍ പരിശ്രമിച്ചത്‌. അവരാണ്‌ കപട ഭൂപരിഷ്‌കരണത്തിന്റെ മുദ്രാവാക്യവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഉള്ള മിച്ചഭൂമി പിടിച്ചെടുത്ത്‌ ഭൂമിയില്ലാത്തവര്‍ക്ക്‌ വിതരണം ചെയ്യുക എന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയാണ്‌ വേണ്ടത്‌. 1957 ലെ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്‌കരണ നടപടികളുടെ പൂര്‍ത്തീകരണം ഇതിലൂടെയേ പ്രാവര്‍ത്തികമാകൂ. അതിനായുള്ള പരിശ്രമവും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.

1957 ലെ സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന്‌ അടിസ്ഥാനമിട്ട നിരവധി പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവച്ചു. അതിലൂടെ കേരളം മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ലോകശ്രദ്ധ തന്നെ നേടിയെടുക്കുകയും ചെയ്‌തു. കേരളാ മോഡല്‍ എന്ന വികസന കാഴ്‌ചപ്പാട്‌ തന്നെ ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ ഇത്തരം മോഡലുകളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കാനുള്ള നയങ്ങളാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇത്തരത്തില്‍ ദുരിതം വിതയ്‌ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളെ തിരുത്താനുള്ള പോരാട്ടം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ പാര്‍ടി നടത്തുകയാണ്‌. അതോടൊപ്പം തന്നെ മാറിയ ഈ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട്‌ നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനും കോട്ടങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഇടപെടലാണ്‌ ഇപ്പോഴത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരള വികസനത്തിന്റെ അടിത്തറയില്‍ നിന്ന്‌ കൂടുതല്‍ കരുത്തിലേക്ക്‌ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമമാണ്‌ പാര്‍ടി നടത്തുന്നത്‌. ഈ വികസന പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്‌ വര്‍ത്തമാനകാല കേരളീയ സമൂഹം ആവശ്യപ്പെടുന്നത്‌.

1957 ലെ സര്‍ക്കാരിനെ അട്ടിമറിയ്‌ക്കാന്‍ ജാതിമത ശക്തികളേയും പത്രമാധ്യമങ്ങളേയും കൂട്ടുപിടിച്ചുകൊണ്ടാണ്‌ വലതുപക്ഷ ശക്തികള്‍ ഇടപെട്ടത്‌. വര്‍ത്തമാനകാലഘട്ടത്തിലും ഇതേ തരത്തില്‍ തന്നെയാണ്‌ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ കാണാം. എന്നാല്‍ ഒരു വ്യത്യാസമുണ്ട്‌. ഈ മന്ത്രിസഭയ്‌ക്കെതിരെ ഇടതുപക്ഷ തീവ്രവാദപരമായ നിലപാട്‌ എടുക്കുന്നവര്‍ കൂടി രംഗപ്രവേശനം ചെയ്‌തിട്ടുണ്ട്‌. ഇത്തരം ശക്തികളുടെ താല്‍പര്യങ്ങളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കഴിയേണ്ടതുണ്ട്‌.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012