|
|
| തകര്‍ന്ന കേരളത്തെ സംരക്ഷിക്കാന്‍ -
പിണറായി വിജയന്‍ |
(ദേശാഭിമാനി)
തകര്‍ന്ന കേരളത്തെ സംരക്ഷിക്കാന്‍
പിണറായി വിജയന്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട വികസന നയം ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണവര്‍ഗത്തിനെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതായിരുന്നു. കാര്‍ഷിക പരിഷ്‌കരണം നടപ്പിലാക്കി ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍നിന്ന് ഇന്ത്യന്‍ സമ്പദ്‌ഘടനയെ മോചിപ്പിക്കുന്നതിന് ഇവര്‍ തയ്യാറായില്ല. ഈ വികസന നയം ചെന്നുപെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സാമ്രാജ്യത്വശക്തികളുമായി കൂടുതല്‍ കൂടുതല്‍ അടുക്കുക എന്ന നയത്തിലേക്ക് ഇന്ത്യന്‍ ഭരണാധികാരികള്‍ എത്തുകയും ചെയ്‌തു. ആ വികസന നയത്തിന്റെ സ്വാഭാവിക പരിണിതി ആയിരുന്നു ആഗോളവല്‍ക്കരണ നയങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇത്തരമൊരു മാറ്റത്തിന് ആഗോള പശ്ചാത്തലമൊരുക്കുകയും ചെയ്‌തു.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനദ്രോഹ നയങ്ങള്‍ക്കെതിരായി രാജ്യത്താകമാനം കമ്മ്യൂണിസ്റ്റുകാര്‍ പോരാടി. യോജിക്കാന്‍ പറ്റുന്ന കക്ഷികളെ യോജിപ്പിച്ചുകൊണ്ട് വിപുലമായ പ്രസ്ഥാനം പാര്‍ടി സംഘടിപ്പിച്ചു. അതോടൊപ്പം സംസ്ഥാനങ്ങളില്‍ ലഭിച്ച അധികാരം ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഇത്തരത്തില്‍ സമീപിക്കാനാണ് പാര്‍ടി തയ്യാറായത്. അതുകൊണ്ട് കേരളത്തില്‍ മുന്നോട്ടുവയ്‌ക്കപ്പെട്ട വികസന കാഴ്‌ചപ്പാടില്‍ അഖിലേന്ത്യാതലത്തില്‍ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടവും ബദലും ഉള്‍പ്പെടുന്നുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പാര്‍ടി സ്വീകരിച്ച നയസമീപനങ്ങളാണ് വിശ്വപ്രസിദ്ധമായ കേരളാ മോഡല്‍ വികസന മാതൃകയിലേക്ക് കേരളത്തെ എത്തിച്ചത്. രണ്ട് രാഷ്‌ട്രീയ നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണ് രണ്ട് വികസന കാഴ്‌ചപ്പാടുകളിലേക്കും നയിക്കുന്നത് എന്നും കാണാം.
ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പിലാക്കിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്ന നയമാണ് സ്വീകരിച്ചത്. ഓരോ മേഖലയിലും അവര്‍ സ്വീകരിച്ച നിലപാടുകളും രാഷ്‌ട്രീയ സമീപനങ്ങളും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിനെ നയിക്കുന്നതിന് വേണ്ടി ആദ്യം തെരഞ്ഞെടുത്തത് എ.കെ.ആന്റണിയെ ആയിരുന്നു. മൂന്നുവര്‍ഷത്തിനു ശേഷം ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ അധികാരത്തിലേക്ക് കൊണ്ടുവന്നു. ഇതിലൂടെ സര്‍ക്കാരിന്റെ മുഖം മിനുക്കാനാവുമോ എന്ന ശ്രമവും നടത്തി. എന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ പിന്തുടരുകയാണ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും ചെയ്‌തത്. അതിന്റെ ഫലമായി എല്ലാ മേഖലകളും തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു.
യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം 1300 ഓളം കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തത്. കാര്‍ഷികമേഖലയിലെ സര്‍ക്കാരിന്റെ വിഹിതം തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടായി. യു.ഡി.എഫിന്റെ കാലത്ത് കാര്‍ഷിക മേഖലയ്‌ക്ക് പദ്ധതി വിഹിതത്തിന്റെ 4.5 ശതമാനമായിരുന്നു നീക്കിവച്ചത്. അതിനു മുമ്പുണ്ടായിരുന്ന ഇടതുപക്ഷ സര്‍ക്കാരാവട്ടെ 7.2 ശതമാനം കാര്‍ഷിക മേഖലയ്‌ക്ക് നീക്കിവച്ചിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
വ്യവസായ മേഖലയും വലിയ പ്രതിസന്ധി നേരിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന നിലയുണ്ടായി. പൊതുമേഖലയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ചൗധരി കമ്മിറ്റി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണം എന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. എന്നാല്‍ ഈ നയം നടപ്പിലാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചപ്പോള്‍ അതിനെതിരെ വമ്പിച്ച ചെറുത്തുനില്‍പ് ഉയര്‍ന്ന് വന്നതിന്റെ ഫലമായി അവ സ്വകാര്യമേഖലയ്‌ക്ക് കൈമാറാതെ നിലനിര്‍ത്തേണ്ടിവന്നു. കയര്‍, കശുവണ്ടി, കൈത്തറി, ചെത്ത്, തോട്ടം, ബീഡി, ഖാദി, ഈറ്റ, പനമ്പ് തുടങ്ങിയ മേഖലകളെല്ലാം വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചു. കയര്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന മാനേജ്‌മെന്റ് സബ്‌സിഡിയും പലിശ സബ്‌സിഡിയും നിര്‍ത്തലാക്കി. കൈത്തറിക്ക് റിബേറ്റ് ഇല്ലാത്ത നിലവന്നു. തൊഴില്‍ തര്‍ക്കങ്ങളില്‍ പോലീസ് ഇടപെടില്ല എന്ന നയം യു.ഡി.എഫ് കാറ്റില്‍ പറത്തി. തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ തുടര്‍ച്ചയായി പാസാക്കുന്ന നിലയുണ്ടായി.
കേന്ദ്രസര്‍ക്കാരില്‍ നിന്നും അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള യാതൊരു വിധ പരിശ്രമങ്ങളും ഉണ്ടായില്ല. കേരളത്തിന്റെ ലോക ശ്രദ്ധയാര്‍ജ്ജിച്ച പൊതു ആരോഗ്യവും വിദ്യാഭ്യാസവും തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്‌ടര്‍മാരോ മരുന്നോ ഇല്ലാത്ത നിലവന്നു. പണമില്ലെങ്കില്‍ കഴിവുള്ള വിദ്യാര്‍ത്ഥിക്കും പഠിക്കാന്‍ പറ്റില്ലെന്നതിന്റെ ഉദാഹരണമായിരുന്നു രജനി.എസ്.ആനന്ദിന്റെ ആത്മഹത്യ. എന്‍ട്രന്‍സ് പരീക്ഷയുടേയും എസ്.എസ്.എല്‍.സി പരീക്ഷയുടേയും വിശ്വാസ്യത തന്നെ തകര്‍ന്നു. എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു. വിദ്യാഭ്യാസ മേഖല പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാകുന്ന നിലയുണ്ടായി.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 1086 മെഗാവാട്ട് വൈദ്യുതി പുതുതായി ഉല്‍പാദിപ്പിച്ചു. അതിലൂടെ ലോഡ്‌ഷെഡിംഗും പവര്‍കട്ടും ഇല്ലാതാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് പവര്‍കട്ടും ലോഡ്‌ഷെഡിംഗും തിരിച്ചുകൊണ്ടുവന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമാകുന്ന നിലയുണ്ടായി. യു.ഡി.എഫ് അന്ന് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം കടം 23919 കോടി രൂപ രൂപയായിരുന്നു. എന്നാല്‍ അവര്‍ അധികാരമൊഴിയുമ്പോഴേക്കും 50,000 കോടിയിലേറെ രൂപയായി ഈ ബാധ്യത ഉയര്‍ന്നു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം മൊത്തം ഉണ്ടായ കടത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് ഓര്‍ക്കേണ്ടതുണ്ട്.
15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു യു.ഡി.എഫിന്റെ വാഗ്‌ദാനമെങ്കില്‍ ഒരു ലക്ഷത്തിലേറെ ജീവക്കാരുടെ എണ്ണം കുറയുന്ന നിലയാണ് ഉണ്ടായത്. നിയമനനിരോധനം നടപ്പിലാക്കി. ജീവനക്കാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ നിഷേധിക്കുന്ന സ്ഥിതി സംജാതമായി. തോട്ടം മേഖല അടഞ്ഞുകിടന്നു.
പൊതുവിതരണ ശൃംഖല തകര്‍ന്ന് തരിപ്പണമായി. ജനകീയാസൂത്രണ സമ്പ്രദായം തകര്‍ത്ത് കളഞ്ഞു. അധികാരം ഓരോന്നോരോന്നായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെടുന്ന നിലയുണ്ടായി. സാമൂഹ്യസുരക്ഷാപദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു.
കേരളത്തെ ഞെട്ടിച്ച സുനാമി ദുരന്തത്തില്‍ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പോരായ്‌മ വന്നു. ലഭിച്ച പണം തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് വകമാറി ചിലവഴിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ജനവഞ്ചന കാട്ടിയ സര്‍ക്കാര്‍ എന്ന് ലോകായുക്തയ്‌ക്ക് പോലും വിശേഷിപ്പിക്കേണ്ട അവസ്ഥ വന്നുചേര്‍ന്നു.
ക്രമസമാധാനനില ഇത്രയേറെ വഷളായിരുന്ന ഒരു കാലഘട്ടം വേറെ ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനില്‍ വെച്ച് ഉരുട്ടി കൊലപാതകം നടന്നു. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായി. ഈ ഭരണകാലയളവില്‍ 22 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്‌ത സംഭവമുണ്ടായി. പെണ്‍വാണിഭ സംഘങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന സ്ഥിതിവിശേഷവും കേരളത്തില്‍ നിലനിന്നു.
അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായി തീര്‍ന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. ഇതിനെതിരായി വലിയ ബഹുജനവികാരം കേരളത്തില്‍ ഉയരുകയുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായുള്ള പോരാട്ടങ്ങള്‍ അതിശക്തമായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുകയുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ട് ഒരു പ്രകടനപത്രിക എല്‍.ഡി.എഫ് മുന്നോട്ട് വെച്ചു. യു.ഡി.എഫിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷപ്പെടുത്തി എടുക്കാനുള്ള ക്രിയാത്മകമായ സമീപനങ്ങള്‍ ആ രേഖയില്‍ മുന്നോട്ട് വെക്കപ്പെടുകയുണ്ടായി.
സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു അതിലെ കാഴ്‌ചപ്പാട്. അതോടൊപ്പം സ്വകാര്യമേഖലയേയും സഹകരണ നിക്ഷേപത്തേയും വലിയ തോതില്‍ ആകര്‍ഷിച്ച് മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികളും മുന്നോട്ട് വെച്ചു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം ഭൂരിപക്ഷം ജനങ്ങളുടെ ഉപജീവനമേഖലകളായ കൃഷി, പരമ്പരാഗത വ്യവസായം, മത്സ്യബന്ധനം തുടങ്ങിയവയും സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള നടപടികളെ കുറിച്ചും അത് നിര്‍ദ്ദേശിച്ചു. ചെറുകിട വ്യവസായാദിമേഖലകളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിനും വികേന്ദ്രീകരണ ആസൂത്രണത്തില്‍ ജനപങ്കാളിത്തത്തിനും സുപ്രധാനമായ പങ്ക് എടുത്തു പറഞ്ഞു. വിവര സാങ്കേതികമേഖല, ജൈവസാങ്കേതിക മേഖല, ടൂറിസം തുടങ്ങിയവയ്‌ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളും അതില്‍ അടങ്ങിയിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ നിലവിലുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അത് ഊന്നല്‍ നല്‍കുകയുണ്ടായി. എല്ലാവര്‍ക്കും അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍, ദളിതര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നതിനുമുള്ള പദ്ധതികളെ കുറിച്ചും അത് നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും അതിലൂടെ പ്രഖ്യാപിക്കുകയുണ്ടായി.
ജനദ്രോഹനയങ്ങള്‍ക്കെതിരായുള്ള എല്‍.ഡി.എഫിന്റെ പോരാട്ടത്തേയും അത് മുന്നോട്ട് വെച്ച കര്‍മ്മപരിപാടിയേയും ജനങ്ങള്‍ സ്വീകരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. കേരളത്തില്‍ ചരിത്രപരമായ വിജയം ഇടതുപക്ഷ മുന്നണിക്കുണ്ടായി. 100 സീറ്റുകളില്‍ ഇടതുപക്ഷജനാധിപത്യമുന്നണി വിജയിക്കുകയുണ്ടായി. യു.ഡി.എഫിന്റെ പരമ്പരാഗതമായ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മതന്യൂനപക്ഷങ്ങള്‍ പൊതുവില്‍ ഇടതുപക്ഷത്തെ സഹായിക്കുന്ന നില കേരളത്തില്‍ അങ്ങോളമിങ്ങോളം ദൃശ്യമായി.
അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യു.ഡി.എഫ് നല്‍കിയ വികസന മുന്‍ഗണനകള്‍ക്ക് മാറ്റം വരുത്തി. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്‌ക്കുക എന്ന യു.ഡി.എഫ് നയത്തിന് ബദലായി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഇടപെടുക എന്ന ബദല്‍നയം നടപ്പിലാക്കി.
ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്‌ദാനങ്ങള്‍ ഒന്നിന് പുറകെ ഒന്നാകെ നിറവേറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഇതിന്റെ ഫലമായി കേരളത്തില്‍ ഈ സര്‍ക്കാരിനെകൊണ്ട് നേട്ടമുണ്ടാവാത്ത ഒരു ജനവിഭാഗവും ഇല്ലെന്ന നിലവന്നു. സംസ്ഥാനത്തിന്റെ സമസ്‌തമേഖലയേയും വികസനകുതിപ്പിലേക്ക് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയസമീപനം ഇന്ത്യയ്‌ക്ക് ആകെ തന്നെ മാതൃകയായി. ആഗോളവല്‍ക്കരണ കാലത്ത് അതിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ കാഴ്‌ചപ്പാടുകള്‍ എങ്ങനെ മുന്നോട്ട് വെക്കാമെന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ പ്രായോഗികമാക്കി. വിശ്വപ്രസിദ്ധമായ കേരള മോഡല്‍ രീതിയെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് വികസിപ്പിക്കുക എന്ന പ്രക്രീയ ഇവിടെ നടപ്പിലാക്കപ്പെട്ടു. 1957 ല്‍ കേരള വികസനത്തിന് അടിത്തറയിട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഗോളവല്‍ക്കരണ കാലത്ത് ജനപക്ഷ വികസനനയം മുന്നോട്ട് വെച്ചുകൊണ്ട് വികസനത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഓരോ മേഖലയിലും മുന്നോട്ട് വെക്കുന്ന ജനദ്രോഹനയങ്ങള്‍ക്ക് ഫെഡറല്‍ ഘടന ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് ബദല്‍ നയം സ്വീകരിക്കാനുള്ള ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.
സമാധാനപൂര്‍ണ്ണമായ കേരളം
ജനങ്ങള്‍ക്ക് സൈ്വരമായി ജീവിതവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതും ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. ഇത് നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്‌ചയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കി വമ്പിച്ച വിലക്കയറ്റം രാജ്യത്ത് ഉണ്ടാക്കുന്നതിന് പുറമെ നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദത്തേയും വര്‍ഗീയ തീവ്രവാദ സമീപനത്തേയും കൈകാര്യം ചെയ്യുന്നതില്‍ വലിയ പോരായ്‌മയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ,് ഇവയുടെ വില നിയന്ത്രണം എടുത്തു കളഞ്ഞ നടപടി എന്നിവ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ബി.പി.എല്‍ ലിസ്റ്റ് തന്നെ വെട്ടിക്കുറച്ച് പാവപ്പെട്ടവന് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കാനുള്ള പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുകളഞ്ഞ് സ്വാശ്രയത്വത്തേയും പരമാധികാരത്തേയും ദുര്‍ബലപ്പെടുത്തുന്നതിനുള്ള നയസമീപനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി, നമ്മുടെ വിദേശനയം പോലും അടിയറവെച്ചിരിക്കുന്നു. നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഇറാന്‍ വാതകക്കുഴല്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉപേക്ഷിച്ചിരിക്കുന്നു. അതേസമയം രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്ന ആണവകരാര്‍ നടപ്പിലാക്കുന്നതിന് ധൃതി പിടിച്ച പരിപാടിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി.
മാവോയിസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പിടിമുറിക്കിയിരിക്കുകയാണ്. അന്തര്‍സംസ്ഥാന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ഈ ഭീകരവാദ പ്രവര്‍ത്തനത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രം ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍തന്നെ തുടര്‍ച്ചയായി മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്.
രാജ്യത്ത് മാവോയിസത്തിന്റെ പേരിലും മറ്റും നടക്കുന്ന ഭീകരവാദത്തെ മാത്രമല്ല, മതഭീകരവാദത്തേയും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കണ്ടുകൊണ്ട് പരിഹരിക്കുന്നതിനുള്ള പരിശ്രമമല്ല നടക്കുന്നത്. അതിന്റെ ഫലമായി വിവിധ മേഖലകളില്‍ ഭീകരത ശക്തിപ്പെടുകയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ ഇത്തരം ചെയ്‌തികളിലേക്ക് തങ്ങളുടെ അനുയായികളെ തള്ളിവിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഭീകരവാദികള്‍ രാജ്യത്ത് വളരുകയാണ്.
യു.ഡി.എഫ് കേരളം ഭരിച്ചിരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പുവരുത്തുന്നതിലും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന നിലയാണ് ഉണ്ടായത്. തൃശൂരിലെ മാളയില്‍ വരപ്രസാദമാതാ പള്ളിയിലെ വൈദികന്‍ ഫാദര്‍ ജോബ് ചിറ്റിലപ്പള്ളിയെ പള്ളിയിലിട്ട് കുത്തി കൊന്നു. അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ച് ആര്‍.എസ്.എസുകാരാണ് കൊലയ്‌ക്ക് പിന്നിലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മൂന്നുപേരെ പിടികിട്ടിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ അവസാനം ഒരു മനോരോഗിയെ അറസ്റ്റ് ചെയ്‌ത് തടിതപ്പുകയാണ് അവര്‍ ചെയ്‌തത്. ഇതിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവസ്യപ്പെട്ട് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. അവയ്‌ക്കെതിരെ നിഷേധാത്മകമായ സമീപനമാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന് നേരെയും ഈ കാലഘട്ടത്തില്‍ ആക്രമണം ഉണ്ടായി. ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതിലെ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല, പ്രതികളെ രക്ഷപ്പെടുത്തുവാനുള്ള ഇടപെടലാണ് അക്കാലത്ത് നടന്നിരുന്നത്. ഇതിനെതിരെയും മതവിശ്വാസികള്‍ക്ക് പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. 2005 ജൂലൈയില്‍ ആലുവ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ അതിക്രമിച്ചു കടന്ന പോലീസ് വൈദികരേയും കന്യാസ്‌ത്രീകളേയും വൃദ്ധരേയും അടക്കം നൂറു കണക്കിന് വിശ്വാസികളെ തല്ലി ചതച്ചു. കളമശ്ശേരി എ.ആര്‍. ക്യാമ്പില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്‌തു.
പള്ളിയില്‍ ശവം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാനെത്തിയ പോലീസ് തൃശൂര്‍ മാരാക്കോട് സെന്റ് ജോര്‍ജ്ജ് ലെബനന്‍ പള്ളിയിലെ വിശ്വാസികളെ തല്ലി ഓടിച്ചു. ഏഴ് പുരോഹിതന്മാരടക്കം 30 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയെ കാണാനെത്തിയ ഇന്‍ഫാം ചെയര്‍മാന്‍ ഫാദര്‍ മാത്യു വടക്കുമുറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലിടുന്ന നിലയുണ്ടായി. കൊച്ചി തിരുവാണിയൂര്‍ കണ്ണിയാട്ട് നിരപ്പ് പള്ളിയിലും പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ പാവങ്ങളെ സഹായിക്കാനെത്തിയ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകരെ സംഘപരിവാര്‍ ശക്തികള്‍ ആക്രമിക്കുകയുണ്ടായി. കന്യാസ്‌ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പട്ടാപ്പകല്‍ ആണ് ഈ ആക്രമണം ഉണ്ടായത്. എന്നാല്‍ ഈ ആക്രമണത്തിന് നേതൃത്വം കൊടുത്ത സംഘപരിവാര്‍ ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് തികഞ്ഞ അലംഭാവമാണ് ഈ അവസരത്തില്‍ ഉണ്ടായത്.
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ എന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതായിരുന്നു. എന്നാല്‍ എല്ലാ വര്‍ഗീയതകളെയും രാഷ്‌ട്രീയ ലാഭത്തിന് പ്രോത്സാഹിപ്പിക്കുക എന്ന സമീപനം കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ വേദിയാക്കി മാറ്റി. 121 വര്‍ഗീയ സംഘട്ടനങ്ങളാണ് അന്ന് കേരളത്തില്‍ നടന്നത്. ഇതില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരാവട്ടെ 250 പേരായിരുന്നു. 22 ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയും ഉണ്ടായി.
മാറാട് നടന്ന വര്‍ഗീയ സംഘര്‍ഷം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. മാറാട് ആദ്യം നടന്ന കലാപത്തിന് ഉത്തരവാദിയായ വര്‍ഗീയ വാദികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിന് പോലും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യ കലാപത്തിന് നേതൃത്വം നല്‍കിയ ആളുകളെ തന്നെ സമാധാന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏല്‍പിച്ച് മാന്യത നല്‍കിയതും യു.ഡി.എഫ് സര്‍ക്കാരാണ്. കേരള-തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം സ്ഥലം എം.എല്‍.എ കൂടിയായിരുന്ന വി.കെ.സി മമ്മദ് കോയ ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലയ്‌ക്ക് എടുക്കാന്‍ പോലും അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. മുസ്ലീം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക് സമുദായത്തെ പീഡിപ്പിക്കാനാണ് ആര്‍.എസ്.എസ് പരിശ്രമിച്ചത്. ഇതിനെ പോലും കര്‍ശനമായി നേരിടാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ പോലും ആര്‍.എസ്.എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സ്വീകരിച്ചത് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, മതേതരപ്രസ്ഥാനങ്ങളെ സമാധാന ശ്രമങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി വര്‍ഗീയവാദികള്‍ക്ക് മാന്യത നല്‍കിയത് ഈ സര്‍ക്കാരായിരുന്നു.
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ പോലും സംഭവസ്ഥലത്ത് കൊണ്ട് പോകുന്നതിന് അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിന് ആര്‍.എസ്.എസിന്റെ ഔദാര്യത്തെയാണ് അവര്‍ ആശ്രയിച്ചത്. ഇത്തരത്തില്‍ വര്‍ഗീയ സംഘടനകള്‍ക്ക് അഴിഞ്ഞാടുന്നതിനുള്ള അവസരമൊരുക്കിയത് യു.ഡി.എഫ് ആണെന്ന് ഓര്‍ക്കണം. നായനാര്‍ വധശ്രമകേസിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും വലിയ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്‍.ഡി.എഫ് പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നതിനും ഇവര്‍ തയ്യാറാവുകയുണ്ടായി.
ഗുണ്ടാ സംഘങ്ങളും മാഫിയാ സംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുന്ന കാലഘട്ടമായിരുന്നു അത്. ഈ നിലയ്‌ക്ക് മാറ്റം വരുത്തി കേരളത്തെ വര്‍ഗീയ ശക്തികളില്‍ നിന്നും രക്ഷപ്പെടുത്തി എടുക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടല്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ക്രമസമാധാന പരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി ഇന്ത്യാ ടുഡെ തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി തന്നെ സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് അവാര്‍ഡ് നല്‍കുന്ന നിലയുണ്ടായി. മാറാട് അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ട് പോലും സഭയുടെ മേശപ്പുറത്ത് വയ്‌ക്കുന്നതിന് തയ്യാറായത് ഈ സര്‍ക്കാരാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, വര്‍ക്കല ശിവപ്രസാദ്, പത്തനംതിട്ട വാസുക്കുട്ടി, ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസുകള്‍, സി.ബി.ഐ അന്വേഷണത്തിലായിരുന്ന മാളയിലെ കൊലപാതകം, ചേലമ്പ്ര-പെരിയ ബാങ്ക് കവര്‍ച്ചകള്‍, ക്ഷേത്രക്കവര്‍ച്ചകള്‍ തുടങ്ങിയവയിലെല്ലാം ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. വ്യാജ സന്യാസിമാര്‍ക്കും ആത്മീയ വ്യാപാരികള്‍ക്കുമെതിരായുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്തു.
ഗുണ്ടകളെ അറസ്റ്റു ചെയ്യുന്നതിനായി പഴുതില്ലാത്ത നിയമം കൊണ്ടുവന്നു. ദേശീയ രാജ്യാന്തര തലത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂചന കണ്ടയുടനെതന്നെ അവ മുളയിലേ നുള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ബിനാനിപുരത്തെ സിമി ക്യാമ്പ്, വാഗമണ്‍ ക്യാമ്പ് എന്നിവയെക്കുറിച്ച് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്തു. കാശ്‌മീരില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളുടെ ആസൂത്രണങ്ങളും തന്ത്രങ്ങളും മനസ്സിലാക്കി അത് തടയുന്നതിനുള്ള ക്രിയാത്മകമായ ഇടപെടല്‍ നടത്തി. `കൈവെട്ടല്‍ സംഭവ'ത്തിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി. മതസൗഹാര്‍ദ്ദത്തിന്റെ ഉന്നതമായ അന്തരീക്ഷത്തെ തകര്‍ക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാരിന് സാധ്യമായി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണവും രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള നിലപാടും സ്വീകരിച്ചുകൊണ്ട് രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങുകയാണ്.
സ്‌ത്രീകള്‍ യു.ഡി.എഫിന്റെ ഭരണകാലം പോലെ പീഡിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മുത്തങ്ങയിലെ ആദിവാസികള്‍ക്കെതിരായി നടന്ന വെടിവെപ്പിനെ തുടര്‍ന്ന് സ്‌ത്രീകളെ പീഡിപ്പിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായി. സ്‌ത്രീ പീഡന കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ഗുരുതരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിച്ചത്. ഈ നിലയ്‌ക്ക് മാറ്റം വരുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരായി സുശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. സന്തോഷ് മാധവനെപ്പോലുള്ള സ്‌ത്രീപീഡനത്തിന് നേതൃത്വം കൊടുക്കുന്ന ആള്‍ ദൈവങ്ങളെ അറസ്റ്റ് ചെയ്‌തു.
പോലീസ് സ്റ്റേഷനുകളില്‍ 10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. സൈബര്‍ കേസ് അന്വേഷണത്തിനുള്ള സംവിധാനവും ഈ കാലത്തുണ്ടായി. മത്സ്യത്തൊഴിലാളികളുടെയും സംഘടനകളുടെയും സഹായത്തോടെ തീരദേശങ്ങളില്‍ ജാഗ്രതാ സമിതികളുണ്ടാക്കി ഇടപെട്ടതും ഈ സര്‍ക്കാര്‍ തന്നെ. ഗുണ്ടകളുടെയും മാഫിയകളുടെയും ഭരണത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുത്ത് ജനകീയ പോലീസ് നയം നടപ്പിലാക്കിയ സര്‍ക്കാരെന്ന അംഗീകാരം ജനങ്ങള്‍ തീര്‍ച്ചയായും ഈ സര്‍ക്കാരിനു നല്‍കുമെന്ന് ഉറപ്പാണ്.
ശക്തിപ്പെടുന്ന അടിസ്ഥാനമേഖലകള്‍
കേരള വികസനത്തിന്റെ പ്രധാനപ്പെട്ട ദൗര്‍ബല്യമായി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യം കാര്‍ഷിക-വ്യാവസായിക മേഖലയിലെ ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഉണ്ടായിട്ടുള്ള ദൗര്‍ബല്യമാണ്. ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ട് മാത്രമേ കേരള വികസനത്തിന്റെ അടിത്തറ സ്ഥായിയായി നിര്‍ത്താനാവൂ. ഈ വസ്‌തുത കേരള വികസനത്തെ സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ആരും അംഗീകരിക്കുന്നതാണ്. കേരളത്തിന്റെ ഈ പ്രശ്‌നത്തെ മനസ്സിലാക്കിക്കൊണ്ട് ഇടപെടുന്നതിനല്ല യു.ഡി.എഫ് പരിശ്രമിച്ചത്. മറിച്ച്, ആഗോളവല്‍ക്കരണ ശക്തികള്‍ക്കായി രാജ്യത്തിന്റെ കാര്‍ഷിക മേഖല തീറെഴുതി നല്‍കുന്നതിനായിരുന്നു.
ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കിയപ്പോള്‍ കാര്‍ഷികമേഖലയിലെ നിക്ഷേപം തന്നെ കുറയ്‌ക്കുകയാണ് ആദ്യം ചെയ്‌തത്. ഒമ്പതാം പദ്ധതികാലത്ത് സംസ്ഥാന പദ്ധതി അടങ്കലിന്റെ 7.2 ശതമാനം തുക കാര്‍ഷിക മേഖലയ്‌ക്കായി നീക്കി വെച്ചിരുന്നു. എന്നാല്‍ യു.ഡി.എഫിന്റെ പത്താം പദ്ധതിക്കാലത്ത് അത് 4.5 ശതമാനമായി കുറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1300 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നിലയുണ്ടായി. തോട്ടംമേഖല അടഞ്ഞുകിടന്നു. സംഭരണ മേഖല തകര്‍ത്തുകളഞ്ഞു.
കാര്‍ഷികമേഖലയിലെ നിക്ഷേപം കുറച്ചുകൊണ്ടും സംഭരണത്തെ തകര്‍ത്തുകൊണ്ടും മുന്നോട്ടുപോയ യു.ഡി.എഫിന്റെ നയം തിരുത്തി കേരള വികസനത്തെ ശക്തിപ്പെടുത്താനുതകുന്നവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടത് ഈ സര്‍ക്കാരാണ്. അതിന്റെ ഫലം മേഖലയില്‍ ദൃശ്യമായി. അഖിലേന്ത്യാ തലത്തില്‍ കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായി. ഉല്‍പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വലിയ പുരോഗതിയുണ്ടായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്ന നില ഉണ്ടായി. ആത്മഹത്യചെയ്‌ത കര്‍ഷകര്‍ക്ക് 50,000 രൂപ വീതം സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇന്ത്യക്കാകമാനം മാതൃകയാവുന്ന വിധം കാര്‍ഷിക കടാശ്വാസനിയമം നടപ്പിലാക്കി. കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട്ടില്‍ 25,000 രൂപയ്‌ക്ക് താഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിച്ചു. ഈ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് 42111 കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ശക്തിപ്പെടുത്തി. നെല്‍കൃഷിക്കായി നടത്തിയ പദ്ധതിയിലൂടെ മാത്രം 15,000-ത്തോളം ഹെക്‌ടര്‍ തരിശുഭൂമി വീണ്ടും കൃഷിയോഗ്യമായി.
നെല്‍കൃഷിക്കായി പലിശരഹിത വായ്‌പ ഏര്‍പ്പെടുത്തി. കിലോയ്‌ക്ക് 12 രൂപ നിരക്കില്‍ നെല്‍സംഭരണം ആരംഭിച്ചു. യു.ഡി.എഫിന്റെ കാലത്ത് ഇത് 7 രൂപയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നതാവട്ടെ 10 രൂപയ്‌ക്കുമാണ്. നെല്‍കൃഷിക്കായി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി. പ്രീമിയം തുക 250 രൂപയില്‍നിന്ന് 100 രൂപയായി കുറച്ചു. നഷ്‌ടപരിഹാരത്തുക 5000 രൂപയില്‍നിന്ന് 12500 രൂപയുമാക്കി. ഭക്ഷ്യസുരക്ഷാപദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി ഭക്ഷ്യസ്വയംപര്യാപ്‌തതയിലേക്ക് എത്തിച്ചേരുക എന്ന നയം നടപ്പിലാക്കാന്‍ തുടങ്ങി. ഭക്ഷ്യവിളകളായ നെല്ല്, പച്ചക്കറി എന്നിവയുടെ ഉല്‍പ്പാദനവും ഇതിന്റെ ഫലമായി വര്‍ദ്ധിപ്പിച്ചു. ഇതിനായി മാത്രം 36 കോടി രൂപയാണ് 2009-10 ല്‍ നീക്കിവച്ചത്. കൊയ്യാതെ കിളിര്‍ത്തുകിടന്ന നെല്ല് സപ്ലൈകോ വഴി കിലോയ്‌ക്ക് 10 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. തൊണ്ടു കളഞ്ഞ 450 ഗ്രാമില്‍ കുറയാത്ത പച്ചത്തേങ്ങ 4.40 രൂപ നിരക്കിലും വെള്ളം കളഞ്ഞ ഒരുകിലോ നാളികേരം 11 രൂപ നിരക്കിലും സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഫാം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നതോടൊപ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്ന ചരിത്രപരമായ കടമയും ഈ കാലഘട്ടത്തില്‍ നടപ്പിലാക്കുകയുണ്ടായി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നതായിരുന്നു യു.ഡി.എഫിന്റെ നയം. പൊതുമേഖലയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ചൗധരി കമ്മീഷന്റെ റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കണമെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 25 പൊതുമേഖലാ സ്ഥാപനങ്ങള്‍ ആ കാലഘട്ടത്തില്‍ അടച്ചു പൂട്ടുകയുണ്ടായി. ശക്തമായ എതിര്‍പ്പ് കൊണ്ട് മാത്രമാണ് അത് സ്വകാര്യമേഖലയ്‌ക്ക് കൈമാറാന്‍ കഴിയാതെ പോയത്.
വ്യാവസായിക മേഖലയിലാണെങ്കില്‍ യു.ഡി.എഫിന്റെ കാലത്ത് ഉല്‍പാദനവും കുറഞ്ഞു. 3.9 ശതമാനം നിരക്കില്‍ ഉള്ള ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഫാക്‌ടറികളുടെ എണ്ണത്തിലും തൊഴിലാളികളുടെ എണ്ണത്തിലും ഈ കുറവ് ദൃശ്യമായി. 2000-01 ല്‍ 18544 ഫാക്‌ടറികളിലായി 440085 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. 2004-05 ല്‍ 17,876 ഫാക്‌ടറികളായി അത് ചുരുങ്ങി. തൊഴിലാളികളുടെ എണ്ണമാണെങ്കില്‍ 401534 ആയി. ഇവരുടെ അധികാരകാലത്ത് കേരളത്തില്‍ 64.08 ശതമാനം ഫാക്‌ടറികളും രോഗഗ്രസ്‌തമായിരുന്നു. യു.ഡി.എഫിന്റെ അവസാനവര്‍ഷം പൊതുമേഖലയുടെ മൊത്തം നഷ്‌ടം 69.49 കോടി രൂപയായിരുന്നു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ ഈ നിലയ്‌ക്ക് മാറ്റം വന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ആദ്യവര്‍ഷം തന്നെ 91.94 കോടി രൂപയാണ് പൊതുമേഖല ലാഭമുണ്ടാക്കിയത്. 2008-09ല്‍ 169.45 കോടി രൂപയും ഈ വര്‍ഷം 239.75 കോടി രൂപയും ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണനയത്തിന് ബദല്‍ ഉയര്‍ത്തികൊണ്ട് ഏഴ് വ്യവസായ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്‌പിന്നിങ്ങ് മില്ലും ലിക്വിഡേഷനിലായിരുന്ന ബാലരാമപുരം സ്‌പിന്നിങ്ങ് മില്ലും പുനരുദ്ധരിച്ചു. കോഴിക്കോട്ടെ സോപ്‌സ് & ഓയില്‍സ് `കേരളാ സോപ്‌സ്' എന്ന പേരില്‍ പുതിയ കമ്പനിയാക്കി ഉല്‍പ്പാദനം ആരംഭിച്ചു. കെല്‍ട്രോണ്‍ കൗണ്ടേഴ്‌സില്‍ അവശേഷിച്ച തൊഴിലാളികളെ കെല്‍ട്രോണില്‍ നിയമിച്ച് സംരക്ഷിച്ചു. പ്രവര്‍ത്തനരഹിതമായിരുന്ന ആലപ്പുഴയിലെ കെ.എസ്.ഡി.പി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര പൊതുമേഖലയുമായി യോജിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ നവീകരണത്തിന് പദ്ധതി തുടങ്ങി. ടെല്‍ക്, എന്‍.ടി.പി.സി, സെയില്‍ എന്നിവയില്‍ ഉള്‍പ്പെടെ ഈ സംവിധാനം കൊണ്ടുവന്നു. പൊതുമേഖലാ കമ്പനികളായ ടെക്‌സ്റ്റയില്‍ കോര്‍പ്പറേഷന്‍, എസ്.ഐ.എഫ്.എല്‍, കെല്‍, കെല്‍ട്രോണ്‍, കേരളാ സിറാമിക്‌സ്, മലബാര്‍ സിമന്റ്‌സ്, കെ.എം.എം.എല്‍ എന്നീ കമ്പനികളില്‍ വിപുലീകരണ-നവീകരണ പദ്ധതികള്‍ നടപ്പിലാക്കി. ഓട്ടോകാസ്റ്റ്-റെയില്‍വേ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് റെയില്‍വേയുമായി കരാറൊപ്പിട്ടു. കാസര്‍കോട്ട് സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സ്‌ട്രാറ്റജിക് ഇലക്‌ട്രോണിക് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പാലക്കാട്ട് ഭെല്ലിന്റെ നിര്‍മ്മാണപ്പാര്‍ക്കിന് തുടക്കം കുറിച്ചു.
പൊതുസേവന മേഖലകളായ കേരള വാട്ടര്‍ അതോറിറ്റിയെയും കെ.എസ്.ആര്‍.ടി.സിയെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് ഏവരാലും ശ്ലാഘിക്കപ്പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുള്ള വായ്‌പയുടെ പലിശ ഇനത്തിലുള്ള 1006 കോടി രൂപയാണ് എഴുതിത്തള്ളിയത്. വായ്‌പയുടെ മുതല്‍ സംഖ്യയായ 840 കോടി രൂപ പലിശരഹിത ഫണ്ടായി മാറ്റി. കെ.എസ്.ആര്‍.ടി.സിയുടെ നികുതി കുടിശ്ശികയായ 700 കോടിയോളം രൂപ എഴുതിത്തള്ളി. 153 കോടി രൂപയുടെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വായ്‌പകള്‍ ഓഹരി മൂലധനമാക്കി മാറ്റാനും എടുത്ത തീരുമാനം പൊതുമേഖലാ സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം എത്രത്തോളം മാതൃകാപരമാണ് എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ്.
10,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുനീങ്ങുകയാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്ന നിലയിലുള്ള പദ്ധതികള്‍ ആരംഭിച്ചു. നാലുവര്‍ഷം കൊണ്ട് ഈ മേഖലയില്‍ 17140 ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അതിലൂടെ 1,13,293 പേര്‍ക്ക് ജോലി ലഭിച്ചു. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുക എന്നത് വ്യാവസായിക വികസനത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനായി ഇന്‍കെല്‍ പദ്ധതി നടപ്പിലാക്കി.
പുത്തന്‍വികസന മേഖലകളായ ഐ.ടി, ടൂറിസം തുടങ്ങിയവ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ജില്ലകള്‍ തോറും ഐ.ടി പാര്‍ക്ക് സ്ഥാപിച്ചു എന്നു മാത്രമല്ല, ഓരോ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ത്തന്നെ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പുതിയ കമ്പനികള്‍ ആരംഭിച്ചു. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിന് തന്നെയാണ് ലഭിച്ചത്. കെ.ടി.ഡി.സി ആവട്ടെ തുടര്‍ച്ചയായി ലാഭത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി.
വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വൈദ്യുതി. അതോടൊപ്പം തന്നെ വര്‍ത്തമാനകാലത്ത് ജനജീവിതത്തിന്റെ അവശ്യഘടകമായി ഇത് മാറിയിട്ടുണ്ട്. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയസമീപനം. ഇതിനെ എതിര്‍ത്ത് കൊണ്ട് വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പവര്‍കട്ടും ലോഡ് ഷെഡിംഗും അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 1008 മെഗാവാട്ട് വൈദ്യുതിയാണ് ആ കാലഘട്ടത്തില്‍ പുതുതായി ഉല്‍പാദിപ്പിച്ചത്. എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നതോടെ പവര്‍കട്ടും ലോഡ് ഷെഡിംഗും പുനഃസ്ഥാപിക്കപ്പെട്ടു. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടികള്‍ മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്‌മയാണ് യു.ഡി.എഫിന്റെ കാലത്ത് ഉണ്ടായത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ രംഗത്ത് മുന്നോട്ടുവച്ച കാഴ്‌ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ യു.ഡി.എഫില്‍നിന്ന് വ്യത്യസ്‌തമായ സമീപനത്തിലേക്ക് ഈ മേഖല വികസിക്കുകയാണ്. 500 മെഗാവാട്ട് വൈദ്യുതി അഞ്ച് വര്‍ഷം കൊണ്ട് ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ 3000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയും ആരംഭിച്ചു. പ്രസരണശേഷി മെച്ചപ്പെടുത്താന്‍ 1800 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ഊര്‍ജ്ജ സംരക്ഷണത്തിനായി ഒന്നര കോടി സി.എഫ്.എല്‍ ബള്‍ബ് നല്‍കി. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെയും ഉപയോഗിക്കുന്നതിന്റെ ഭാഗമായി കാറ്റില്‍നിന്ന് 33 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഒരു കോടി രൂപയും നല്‍കി. കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 23 നിയമസഭാ മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നു.
വികസനത്തിന്റെ അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അടിസ്ഥാന സൗകര്യമേഖല എന്ന നിലയില്‍ ഊര്‍ജ്ജ മേഖലയെയും വികസിപ്പിക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്നത്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന അടിസ്ഥാന മേഖല എന്ന എല്‍.ഡി.എഫിന്റെ കേരള വികസനത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാട് പ്രായോഗികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ ഈ കാലയളവില്‍ത്തന്നെ പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്.
അടിസ്ഥാന വിഭാഗങ്ങള്‍ക്ക് സംരക്ഷണവലയം
പാവങ്ങളില്‍ പാവങ്ങളായ തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയാണ് കേരളത്തിലെ പരമ്പരാഗത-വ്യവസായമേഖല. ഈ മേഖലയെ പൂര്‍ണ്ണമായും കൈയൊഴിയുക എന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ നയം. യു.ഡി.എഫ് ആദ്യം പ്രഖ്യാപിച്ച മത്സ്യമേഖലയിലെ കരട് നയം അവര്‍ക്കുതന്നെ തള്ളിക്കളയേണ്ടിവന്നു. റേഷനായി ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് യു.ഡി.എഫ് ഭരണത്തില്‍ കുത്തനെ ഇടിയുകയുണ്ടായി. കയറ്റുമതിക്കാരുടെ ക്ഷേമനിധി വിഹിതം പിടിക്കാത്തത് കാരണം ഈ മേഖലയിലെ ക്ഷേമപ്രവര്‍ത്തനം അവതാളത്തിലായി. മത്സ്യമേഖലയിലെ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി തകര്‍ത്തുകളയുക എന്നതായിരുന്നു യു.ഡി.എഫിന്റെ നയം. സുനാമി ദുരിതാശ്വാസത്തിന് നീക്കിവെച്ച തുക പോലും ഫലപ്രദമായി വിനിയോഗിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞില്ല.
യു.ഡി.എഫിന്റെ കാലത്ത് വറുതിയിലായ മത്സ്യമേഖലയെ സമൃദ്ധിയിലേക്ക് നയിക്കുന്ന നയം എല്‍.ഡി.എഫ് നടപ്പിലാക്കി. ഇന്ത്യയ്‌ക്കാകമാനം മാതൃകയാവുന്നവിധം മത്സ്യതൊഴിലാളി കടാശ്വാസനിയമം കൊണ്ടുവന്നു. ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനുള്ള സൗകര്യമൊരുക്കിയതും സംസ്ഥാന സര്‍ക്കാരായിരുന്നു. 10,000 മത്സ്യത്തൊഴിലാളികളുടെ ഭവനവായ്‌പ എഴുതിത്തള്ളി. 12 കോടിയുടെ ആനുകൂല്യമാണ് ഇതിന്റെ ഫലമായി ലഭ്യമാക്കിയത്. മത്സ്യഫെഡ് നല്‍കിയ 15 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയതിലൂടെ 50,000 പേര്‍ക്ക് നേട്ടമുണ്ടായി. ഇതിലൂടെ 27 കോടി രൂപയുടെ കടത്തില്‍നിന്നാണ് മത്സ്യത്തൊഴിലാളികളെ ഈ സര്‍ക്കാര്‍ രക്ഷിച്ചതെന്നോര്‍ക്കണം.
വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം പലിശരഹിത വായ്‌പയായി നല്‍കി. ഇതിലൂടെ 27700 പേര്‍ക്കായി 13.84 കോടി രൂപയാണ് അനുവദിച്ചത്. 22 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഫിഷിംഗ് ഹാര്‍ബറുകളും അതുപോലെ മത്സ്യബന്ധനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ജാഗരൂകരായിത്തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നു കാണാം. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് പണിയാന്‍ 15 കോടി രൂപയും കടലാക്രമണഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാന്‍ 325 കോടിയുടെ ബൃഹദ്‌പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരുലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമാക്കിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.
കയര്‍മേഖലയെ തകര്‍ക്കുന്ന തരത്തിലാണ് യു.ഡി.എഫ് ഭരണം മുന്നോട്ടു പോയത്. ഈ കാലത്ത് സംഘങ്ങള്‍ക്കുള്ള എല്ലാ സബ്‌സിഡികളും നിര്‍ത്തലാക്കി. സഹകരണ മേഖലയുടെ തകര്‍ച്ചമൂലം 40-50 രൂപ വരുമാനം കൊണ്ട് തൃപ്‌തിയടയാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. കയര്‍ ഫാക്‌ടറി മേഖലയില്‍ ചൂഷകരായ ഡിപ്പോക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. കയര്‍ഫെഡാണെങ്കില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന നിലയാണ് ഉണ്ടായിരുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാരാവട്ടെ ഈ സമീപനങ്ങള്‍ക്ക് മാറ്റം വരുത്തി. റിബേറ്റ് പുനഃസ്ഥാപിച്ചു. കയര്‍മേഖലയെ സംരക്ഷിക്കാന്‍ ഡിസ്‌ട്രസ്‌ഡ് പര്‍ച്ചേസിംഗ് സമ്പ്രദായം നടപ്പിലാക്കി. കയര്‍ സഹകരണ സംഘങ്ങളുടെ സര്‍ക്കാര്‍ വായ്‌പകളും എന്‍.സി.ഡി.സി വായ്‌പയും ഓഹരികളാക്കി മാറ്റി. അതിലൂടെ സംഘങ്ങള്‍ക്ക് ലഭിച്ചത് 53 കോടി രൂപയുടെ ആശ്വാസമാണ്. മാത്രമല്ല, കയര്‍ സംഘങ്ങളുടെ 23 കോടി രൂപയുടെ പ്രവര്‍ത്തനമൂലധനം നല്‍കി. കയര്‍ഫെഡിന്റെ 20 കോടി രൂപയുടെ സര്‍ക്കാര്‍ വായ്‌പയും പലിശയും ഓഹരിയാക്കി മാറ്റി. പ്രവര്‍ത്തന മൂലധനത്തിന് 15 കോടി രൂപ നല്‍കുന്നതിനും സന്നദ്ധമായി. കയര്‍ കടാശ്വാസ പദ്ധതിയിലൂടെ 1.69 കോടി രൂപയുടെ ആനുകൂല്യമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. കയര്‍ തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിലപാടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു.
യു.ഡി.എഫിന്റെ ഭരണകാലത്ത് കശുവണ്ടി രംഗത്തെ പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മൂന്നര വര്‍ഷക്കാലം അടച്ചിടുകയായിരുന്നു. മിനിമം വേജസ് പുതുക്കേണ്ട കാലമായിട്ടും അത് നടപ്പിലാക്കിയില്ല. കമ്മീഷന്‍ സമ്പ്രദായം നടപ്പിലാക്കി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്തിന് ഗണ്യമായ വിദേശ നാണ്യം നേടിത്തരുന്ന ഈ മേഖലയെ മുതലാളിമാര്‍ക്കുവേണ്ടി തകര്‍ക്കുക എന്നതായിരുന്നു മറ്റെല്ലാ മേഖലയിലുമെന്നപോലെ യു.ഡി.എഫിന്റെ നയം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ കണ്ണീര്‍ ഒപ്പുന്നതിന് നിതാന്തജാഗ്രതയോടെ ഇടപെടുകയായിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനെ സംരക്ഷിക്കുന്നതിനായി 70 കോടി രൂപ സര്‍ക്കാര്‍ നല്‍കി. 6000 തൊഴിലാളികള്‍ക്കു കൂടി പുതുതായി നിയമനം നല്‍കുന്നതിനും നടപടി സ്വീകരിച്ചു. കാപ്പെക്‌സിലെ തൊഴിലാളികളുടെ എണ്ണം 3800-ല്‍ നിന്നും 6000 ആയി ഉയര്‍ത്തുന്നതിനും തയ്യാറായി. കാപ്പെക്‌സില്‍ 2008 ല്‍ 210 തൊഴില്‍ ദിനവും 2009 ല്‍ 215 തൊഴില്‍ ദിനങ്ങളും നല്‍കുകയുണ്ടായി. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. കശുവണ്ടി കോര്‍പ്പറേഷനാകട്ടെ 2009-10 ല്‍ 284 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനും അവയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായി.
കൈത്തറി, ബീഡി, തോട്ടം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യു.ഡി.എഫ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഈ മേഖലകളെയെല്ലാം സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സന്നദ്ധമായി. റിബേറ്റ് പുനഃസ്ഥാപിച്ചു. ഖാദി-കൈത്തറി മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുന്നതിനായി, കേരളത്തനിമയ്‌ക്കായി കൈത്തറി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കൈത്തറി വസ്‌ത്രങ്ങളുടെ ഡിസൈനുകളും മറ്റും മെച്ചപ്പെടുത്തി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കൈത്തറി നെയ്‌ത്ത് തൊഴിലാളികള്‍ക്കായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയും ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് 45 വയസില്‍ റിട്ടയര്‍ ചെയ്യുവാനും 500 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭ്യമാക്കാനുമുള്ള പദ്ധതിയും നടപ്പിലാക്കി. തോട്ടം മേഖല തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഈ മേഖലയിലെ മിനിമം വേജസും പുതുക്കി നിശ്ചയിച്ചു. ബാംബു കോര്‍പ്പറേഷന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടത്തുന്നിടത്തേക്ക് വളര്‍ന്നുകഴിഞ്ഞു. കരകൗശല വികസന കോര്‍പ്പറേഷനും ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷനും ലാഭത്തിലേക്കെത്തിക്കഴിഞ്ഞു.
ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി പൊതുവിതരണ രംഗത്തെ തകര്‍ത്തുകളയുക എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ദാരിദ്ര്യരേഖ തന്നെ താഴ്‌ത്തി വരച്ചുകൊണ്ട് ഇത് നടപ്പിലാക്കാനാണ് അവര്‍ തയ്യാറായത്. എല്ലാവര്‍ക്കും മിനിമം ധാന്യം നല്‍കുന്നതിനുള്ള സ്റ്റോക്ക് കൈവകമുണ്ടെങ്കിലും അവ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മറിച്ച് മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വില്‍ക്കുന്ന (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ്) രീതിയാണ് നടപ്പിലാക്കുന്നത്. യു.ഡി.എഫ് ഗവണ്‍മെന്റ് ഈ സംസ്ഥാനം ഭരിച്ചിരുന്ന സമയത്ത് പൊതുവിതരണത്തിനായി ചെലവഴിച്ചത് 35.4 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മാത്രം ചെലവഴിച്ച തുകയാവട്ടെ 200 കോടി രൂപയാണ്. 35 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപയ്‌ക്ക് അരി നല്‍കാന്‍ 500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത്. സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടലിലൂടെ പൊതുമാര്‍ക്കറ്റില്‍ ഇടപെടുന്നതിനും തയ്യാറായി. അതിന്റെ ഫലമായി ധാന്യങ്ങള്‍ പലവ്യജ്ഞനം, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്‌ക്ക് 40 ശതമാനം മുതല്‍ 70 ശതമാനം വരെ വില കുറച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇന്ത്യയിലെ വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിഞ്ഞത് ക്രിയാത്മകമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് നടപ്പിലാക്കിയതിന്റെ ഭാഗമായിട്ടാണ്.
ദുര്‍ബല ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യു.ഡി.എഫ് പ്രാധാന്യം നല്‍കിയില്ല. ഭൂമിക്ക് വേണ്ടി സമരം ചെയ്‌ത ആദിവാസികള്‍ക്കുനേരെ വെടി ഉതിര്‍ക്കുന്നതിനാണ് അവര്‍ തയ്യാറായത്. പട്ടികജാതി-പട്ടികവര്‍ഗത്തിന്റെ ക്ഷേമത്തിനായുള്ള ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ ഗുരുതരമായ അഴിമതിയാണ് ഉണ്ടായിരുന്നത്. ആദിവാസികള്‍ക്ക് ഭൂമി നല്‍കുക എന്നത് കടലാസില്‍ത്തന്നെ കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സമ്പ്രദായങ്ങള്‍ക്ക് മാറ്റം വരുത്തി.
പട്ടികവര്‍ഗവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതി വിഹിതം 90 ശതമാനത്തിലധികം വിതരണം ചെയ്‌തു. യു.ഡി.എഫിന്റെ കാലത്ത് ഇത് 76 ശതമാനം മാത്രമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ 50 ശതമാനം വര്‍ദ്ധിപ്പിച്ചു. പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് 500 രൂപയില്‍ നിന്നും 1300 ആയും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടേത് 700 രൂപയില്‍ നിന്ന് 1500 രൂപയായും ഉയര്‍ത്തി. എല്ലാ ആദിവാസികള്‍ക്കും പൂര്‍ണ്ണമായും സൗജന്യമായി ചികിത്സ ലഭിക്കുന്ന ആരോഗ്യ ചികിത്സാ പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കി. ആദിവാസി വനാവകാശ നിയമം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ നിയമപ്രകാരം 7882 കുടുംബങ്ങള്‍ക്ക് 7900 ഏക്കര്‍ ഭൂമി നല്‍കി. 7826 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 24.85 ഹെക്‌ടര്‍ ഭൂമി നല്‍കി.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാലൊളി കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കാന്‍ ഈ വര്‍ഷം മാത്രം ബഡ്‌ജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചു. വികലാംഗര്‍ക്കായി കൂടുതല്‍ തസ്‌തികകളും പ്രത്യേക നിയമനങ്ങളും നടപ്പിലാക്കി. അവരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു.
സ്‌ത്രീ സാമൂഹ്യനീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ സവിശേഷ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി. വനിതാനയത്തിന് രൂപം നല്‍കി. ജന്റര്‍ ഓഡിറ്റിംഗിന് തുടക്കം കുറിച്ചു. സ്‌ത്രീ പ്രശ്‌നം പരിഹരിക്കുന്നതിന് 620 കോടി രൂപ ഈ ബഡ്‌ജറ്റില്‍ നീക്കി വെച്ചു. ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനായി 100 കോടി രൂപയുടെ പ്രത്യേക നിധി ആരംഭിക്കുന്നതിനുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പുതിയ ദിശാബോധം മുന്നോട്ട് വെക്കപ്പെട്ടു.
ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാമേഖലകളില്‍ നിന്ന് പിന്മറുക എന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ നയം. ക്ഷേമപെന്‍ഷനുകളും ആനുകൂല്യങ്ങളും വന്‍തോതില്‍ കുടിശിക രൂപപ്പെട്ടു. തൊഴിലിലിലായ്‌മ വേതനം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, കശുവണ്ടി-കൈത്തറി തൊഴിലാളി പെന്‍ഷന്‍ എന്നിവയിലായി 302 കോടി രൂപ കുടിശികയാക്കി.
എന്നാല്‍ ഈ നയത്തിന് ബദലുയര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ടു. യു.ഡി.എഫിന്റെ കാലത്ത് കുടിശിക വരുത്തിയ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്‌തു. ഇവ 110 രൂപയില്‍ നിന്ന് 300 രൂപയാക്കി. ഒരു പെന്‍ഷനും ലഭിക്കാത്ത ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും 65 വയസ് കഴിഞ്ഞവര്‍ക്ക് 100 രൂപ വാര്‍ദ്ധക്യകാല അലവന്‍സ് പ്രഖ്യാപിച്ചു. ദാരിദ്രരേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപയ്‌ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി ബോര്‍ഡ് കൊണ്ടുവന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കും ക്ഷേമനിധി നടപ്പിലാക്കി. 83 മേഖലകളില്‍ 50 എണ്ണത്തില്‍ മിനിമം കൂലി വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.
ജന്മിത്വത്തിന്റെ കരാളഹസ്‌തങ്ങളില്‍ കഴിഞ്ഞിരുന്ന കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ആ ജനവിഭാഗം ഗുരുതരമായ പ്രശ്‌നങ്ങള്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി അനുഭവിക്കുകയായിരുന്നു. ഇവരെ വികസനത്തിന്റെ ഒരു മേഖലയിലും കാണാതിരിക്കുക എന്നതായിരുന്നു ആ നയങ്ങളുടെ സവിശേഷത. അതിന് മാറ്റം വരുത്തി വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് സാധാരണക്കാരെ പ്രതിഷ്‌ഠിച്ച് മുന്നോട്ടുപോവുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍. അതിന്റെ ദൃഷ്‌ടാന്തമാണ് ഈ മേഖലയിലെ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും നയങ്ങള്‍.
ജനകീയവല്‍ക്കരിക്കപ്പെടുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍
കേരളത്തിന്റെ വിശ്വപ്രസിദ്ധി ആര്‍ജ്ജിച്ച രണ്ട് മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ലോകത്തിന്റെ മുമ്പില്‍ തന്നെ കേരള മോഡലിന്റെ ഭാഗമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഈ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളായിരുന്നു. എന്നാല്‍ ഈ നേട്ടങ്ങളെ ആകെ തകര്‍ക്കുന്ന വിധത്തിലാണ് യു.ഡി.എഫിന്റെ ഭരണകാലത്ത് അവര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് തലം വരെയും പഠിച്ച് വളരാന്‍ പറ്റുന്ന വിധത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസമേഖല നിലനിന്നത്. എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നതോടെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസമേഖലയില്‍ നിന്ന് പുറത്താകുന്ന നിലയുണ്ടായി. പൊതുമേഖലാ വിദ്യാലയങ്ങളെ അനാദായകരം എന്ന് പറഞ്ഞ് അടച്ചു പൂട്ടുവാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചത് ഈ കാലഘട്ടത്തിലാണ്. നല്ല നിലയില്‍ പതിറ്റാണ്ടുകളായി നടന്നു വന്ന എസ്.എസ്.എല്‍.സി പരീക്ഷ തന്നെ തകിടംമറിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയും അട്ടിമറിക്കപ്പെട്ടു. ഇഷ്‌ടം പോലെ കോളേജുകള്‍ നിബന്ധനകളില്ലാതെ അനുവദിച്ചതിന്റെ ഭാഗമായി വിദ്യാഭ്യാസ കച്ചവടക്കാര്‍ മെരിറ്റിനേയും സാമൂഹ്യനീതിയേയും അട്ടിമറിച്ചു. സര്‍ക്കാര്‍, എയ്‌ഡഡ് മേഖലയില്‍ പുതിയ കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതിന് ഇവര്‍ തയ്യാറായില്ല. എയ്‌ഡഡ് കോളേജുകളില്‍ പോലും അണ്‍എയ്‌ഡഡ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് പതിവാക്കി. സര്‍വകലാശാലകളുടെ ജനാധിപത്യ അവകാശങ്ങളെ തകിടം മറിക്കുക എന്നത് ഇവരുടെ പൊതുവായ കാഴ്‌ചപ്പാടായി മാറി.
ഈ ജനവിരുദ്ധ നയങ്ങള്‍ക്ക് മാറ്റം വന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി 4000 കോടി മുതല്‍മുടക്കുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. 2002-ല്‍ എസ്.എല്‍.സി പരീക്ഷയ്‌ക്ക് മോഡറേഷന്‍ ഇല്ലാതെ വിജയിച്ചവര്‍ 42.89 ശതമാനം ആയിരുന്നുവെങ്കില്‍ 2010 ല്‍ മോഡറേഷന്‍ ഇല്ലാതെ ജയിച്ചവര്‍ 90.72 ശതമാനമായി. പിന്നോക്ക പ്രദേശങ്ങളില്‍ 10 അപ്ലൈഡ് സയന്‍സ് കോളേജുകള്‍ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി ബഡ്‌ജറ്റ് വിഹിതം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ 35 ലക്ഷം കുട്ടികള്‍ക്ക് പാഠപുസ്‌തകങ്ങളും പഠനോപാധികളും സൗജന്യമായി വിതരണം ചെയ്‌തു. മലയാളത്തിലോ മാതൃഭാഷയിലോ ഉള്ള പഠനം സംസ്ഥാനത്ത് നിര്‍ബന്ധമാക്കി.
ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് അവിടങ്ങളില്‍ പ്ലസ് ടൂ സ്‌കൂളുകളും അധിക ബാച്ചുകളും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുകയുണ്ടായി. സാമ്പത്തിക പിന്നോക്കാവസ്ഥകൊണ്ട് ഉപരിപഠനത്തിന് അവസരം നഷ്‌ടപ്പെടാതിരിക്കാന്‍ സ്‌കോളര്‍ഷിപ്പ് നിധി ഏര്‍പ്പെടുത്തി. സ്‌കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം വ്യാപിപ്പിച്ചു. ഐ.ടി പഠനത്തെ വിദ്യാര്‍ത്ഥികളില്‍ വ്യാപിപ്പിക്കുന്നതിനായി 5,000 സ്‌കൂളുകളില്‍ ഐ.ടി.സി പദ്ധതി ആരംഭിച്ചു. സര്‍ക്കാരിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപനം ഉന്നത നിലവാരത്തിലേക്ക് എത്താവുന്ന സ്ഥിതി സംജാതമായി.
കേരളത്തെ ലോകശ്രദ്ധയാര്‍ജ്ജിക്കുന്നതിന് ഇടയാക്കിയ മറ്റൊരു മേഖലയാണ് ആരോഗ്യരംഗം. എന്നാല്‍, പൊതു ആരോഗ്യമേഖലയെ തകര്‍ക്കുന്നവിധമാണ് യു.ഡി.എഫ് ഇടപെട്ടത്. മെഡിക്കല്‍ കോളേജുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനായുള്ള ഇടപെടലുകള്‍ അവര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്‌ടര്‍മാരെയോ നല്‍കാന്‍ അവര്‍ തയ്യാറായില്ല. സ്ഥലംമാറ്റത്തിന്റെ കാര്യത്തില്‍ വലിയ അഴിമതിയായിരുന്നു നടന്നിരുന്നത്. ഡോക്‌ടര്‍മാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആകര്‍ഷിക്കുന്നവിധം സേവന-വേതന മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, പരിശോധനാ നിരക്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുവാനാണ് അവര്‍ തയ്യാറായത്.
ഈ നിലയ്‌ക്ക് മാറ്റം വരുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ആരോഗ്യമേഖല സംരക്ഷിക്കുക എന്നതിന്റെ ഭാഗമായി ഡോക്‌ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ കോളേജുകളുടെ സൗകര്യം വര്‍ദ്ധിപ്പിച്ചു. പുതിയതായി 150 എം.ബി.ബി.എസ് സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ചു. മരുന്ന് വിതരണത്തിനായി പുതിയ കോര്‍പ്പറേഷന്‍ ആരംഭിച്ചു. അര്‍ബുദം, വാതരോഗം തുടങ്ങിയവ ബാധിച്ച 18 വയസിന് താഴെയുള്ളവര്‍ക്ക് ശസ്‌ത്രക്രീയയ്‌ക്ക് ഉള്‍പ്പെടെ പൂര്‍ണ്ണ സൗജന്യ ചികിത്സ നടപ്പിലാക്കി. ജനനീ സുരക്ഷാ യോജനയുടെ ഭാഗമായി അഞ്ചുലക്ഷം സ്‌ത്രീകളുടെ പരിരക്ഷയ്‌ക്ക് 40 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടി രൂപയുടെ നവീകരണമാണ് പൂര്‍ത്തീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനുവേണ്ടി വണ്ടാനത്ത് പുതിയ കെട്ടിട സമുച്ചുയം ആരംഭിച്ചു. ആര്‍.സി.സിയെ നവീകരിച്ച് മജ്ജ മാറ്റിവയ്‌ക്കല്‍ യൂണിറ്റ് വരെ പുതുതായി തുടങ്ങി. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രം ആരംഭിച്ചു. പാലിയേറ്റ് പരിചരണ നയം പ്രഖ്യാപിച്ചു. സ്ഥിരമായി കിടപ്പിലായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിന് ഹോംകെയര്‍ സംവിധാനമേര്‍പ്പെടുത്തി. ശാരീരിക-മാനസിക വൈകല്യം ബാധിച്ചവരെ സഹായിക്കാന്‍ ആശാകിരണം പദ്ധതി നടപ്പിലാക്കി. ഇതിലൂടെ പ്രതിമാസം 250 രൂപ സഹായധനം നല്‍കിത്തുടങ്ങി.
അവിവാഹിതരായ അമ്മമാര്‍ക്ക് 250 രൂപ പ്രതിമാസ ധനസഹായവും കിലോയ്‌ക്ക് രണ്ടുരൂപ നിരക്കില്‍ 25 കിലോ അരിയും നല്‍കുന്ന സംവിധാനം ആരംഭിച്ചു. വിധവകളുടെ പുനര്‍വിവാഹത്തിന് 25,000 രൂപ നല്‍കുന്ന പദ്ധതി ആരംഭിച്ചു. അംഗന്‍വാടി ജീവനക്കാരുടെ വേതനവും ആനുകൂല്യവും വര്‍ദ്ധിപ്പിക്കുകയും തീരദേശങ്ങളിലെ അംഗനവാദികള്‍ക്ക് കെട്ടിടം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഇത്തരത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ സുരക്ഷാ മേഖലകളെ ശക്തിപ്പെടുത്തിക്കൊണ്ട് കേരളാ മോഡലിന്റെ വിശ്വപ്രസിദ്ധമായ ഈ മുഖത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാരിനു സാധിച്ചു.
ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാവിധ ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കുക എന്നതായിരുന്നു യു.ഡി.എഫിന്റെ നയം. അത് കേരളത്തിലെ സേവന-വേതന വ്യവസ്ഥകളെത്തന്നെ അട്ടിമറിക്കുന്നതിന് പര്യാപ്‌തമായിരുന്നു. 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് യു.ഡി.എഫ് അന്ന് വാഗ്‌ദാനം ചെയ്‌തതെങ്കിലും നിയമനനിരോധനം നടപ്പിലാക്കുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച സമീപനം. ഉള്ള തസ്‌തികകള്‍ തന്നെ ഈ കാലഘട്ടത്തില്‍ ഇല്ലാതാക്കി.
എന്നാല്‍, ഇത്തരം ജനദ്രോഹ നയങ്ങള്‍ക്ക് മാറ്റം വരുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ഡി.എ സമയത്ത് വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരായ സ്‌ത്രീകളുടെ പ്രസവാവധി 135 ദിവസത്തില്‍ നിന്ന് 180 ആക്കി. ഗര്‍ഭാശയം നീക്കല്‍ ശസ്‌ത്രക്രീയയ്‌ക്ക് വിധേയമാകുന്നവര്‍ 45 ദിവസം അവധി പ്രഖ്യാപിച്ചു. നിയമനനിരോധനം നിര്‍ത്തലാക്കി. ശമ്പളക്കമ്മീഷനെ നിയോഗിച്ചു. 24,000 പുതിയ തസ്‌തികകള്‍ കൊണ്ടുവന്നു. പി.എസ്.സി മുഖാന്തരം ഏപ്രില്‍ 30 വരെ 1,23,691 പേരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് ജീവനക്കാരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്റെ കുറവ് ഉണ്ടാവുകയായിരുന്നു എന്നത് ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കിയെടുക്കാനുള്ള നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവ നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ അടിസ്ഥാനത്തില്‍ ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതി കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഭവനരഹിതരായ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
എം.എന്‍. ലക്ഷംവീട് പുനരധിവാസ പദ്ധതിയിലൂടെ ലക്ഷംവീടുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാനത്ത് വിവിധ മേഖലകളിലായി 47 വന്‍കിട പദ്ധതികളും 190 ചെറുകിട പദ്ധതികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിലൂടെ മാത്രം 10 ലക്ഷം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയും 57 സുനാമി പദ്ധതിയും പൂര്‍ത്തിയാക്കി. നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജല വിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. ഗ്രാമീണ മേഖലയില്‍ ശുദ്ധജല വിതരണത്തിനായി വിവിധ പദ്ധതികള്‍ക്ക് 300 കോടി രൂപ അനുവദിച്ചു. അപേക്ഷ നല്‍കി ഏഴുദിവസത്തിനകം കണക്‌ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയും തുടങ്ങിക്കഴിഞ്ഞു. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ `ഇന്ത്യാ ടുഡേ ഭാരത് നിര്‍മ്മാണ്‍ അവാര്‍ഡ്' സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി.
പാവപ്പെട്ടവര്‍ക്ക് ജീവിക്കുന്നതിനുള്ള വരുമാനം നല്‍കുന്നതിന് ഉതകുന്ന വിധം തൊഴിലുറപ്പുപദ്ധതിയും കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നടപ്പിലാക്കപ്പെട്ട ഈ പദ്ധതി ഏറ്റവും നല്ല നിലയില്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി 529.8 ലക്ഷം തൊഴില്‍ദിനങ്ങളും 802.8 കോടി രൂപയും നാലുവര്‍ഷംകൊണ്ട് വിതരണം ചെയ്‌തിട്ടുണ്ട്.
ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി കേരളാ മോഡല്‍ വികസന സമീപനം തകര്‍ക്കപ്പെടും എന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിന്റെ നേട്ടങ്ങളെ നിലനിര്‍ത്തി കോട്ടങ്ങളെ പരിഹരിക്കുന്നതിനും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്റെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. ഇന്ത്യക്കെന്നല്ല ലോകത്തുതന്നെ മാതൃകാപരമായ പ്രവര്‍ത്തനമായി ഇത് ഉയര്‍ത്തിക്കാട്ടപ്പെടും എന്നതില്‍ തര്‍ക്കമില്ല.
സാമ്പത്തിക പരാധീനതയെ മറികടന്നുകൊണ്ട്
കേരളത്തിന്റെ സാമ്പത്തിക നില തകര്‍ത്തുകളയുന്ന തരത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയത്. ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുന്ന തരത്തിലാണ് അവര്‍ ഇടപെട്ടത്. കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും അഴിമതി നിറഞ്ഞ ഭരണവും കേരളത്തിന്റെ സാമ്പത്തികരംഗം അടിമുടി തകര്‍ത്തുകളഞ്ഞു. യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൊത്തം കടം 23,918 കോടി രൂപയായിരുന്നു. എന്നാല്‍ ആ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 50,000 കോടിയിലേറെയായി. മാത്രമല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം പോലും അട്ടിമറിക്കപ്പെട്ടു. ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെട്ടു. പെന്‍ഷന്‍ പദ്ധതികള്‍ കുടിശികയായി കിടന്നു.
എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് വമ്പിച്ച മാറ്റമുണ്ടായി. കേരളത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാവശ്യമായ ക്രിയാത്മകമായ പദ്ധതികള്‍ ഭാവനാപൂര്‍ണ്ണമായി നടപ്പിലാക്കിയതിന്റെ ഫലമായി യു.ഡി.എഫ് കാലിയാക്കുക മാത്രമല്ല, കടക്കെണിയിലേക്ക് എത്തിച്ച ഖജനാവിനെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു.
അടിസ്ഥാനമേഖലയില്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ത്തന്നെ സാമൂഹ്യ സുരക്ഷിതത്വത്തിലും വലിയ പ്രാധാന്യം നല്‍കുക എന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയത്തിനൊപ്പംതന്നെ ധനകാര്യ മാനേജ്‌മെന്റും ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഈ ഭരണ കാലയളവില്‍ ട്രഷറി പൂട്ടേണ്ടി വന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ബദല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ റവന്യൂകമ്മി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ 3.3 ശതമാനത്തില്‍ നിന്ന് 2009-10 ആകുമ്പോഴേക്കും 1.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വാണിജ്യനികുതിയുടെ കാര്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. 20 ശതമാനത്തിന്റെ ശരാശരി നികുതി വളര്‍ച്ചയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. 2005-06 ല്‍ 6983 കോടി രൂപ ഉണ്ടായിരുന്ന വാണിജ്യനികുതി 2009-10ല്‍ 13194 കോടിയായി ഉയര്‍ന്നു. മൂല്യവര്‍ദ്ധിത നികുതിയിലാവട്ടെ നാലുവര്‍ഷം കൊണ്ട് 109 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്-3321.9 കോടിയില്‍നിന്ന് 6945.41 കോടി രൂപയായി അത് ഉയര്‍ന്നു. ഇതിന്റെ ഭാഗമാണ് അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ ഖനനം ചെയ്‌തു വില്‍ക്കുന്നതിനുള്ള ഇടപെടല്‍.
ധനക്കമ്മി 2004-05 ല്‍ 4.04 ശതമാനമായിരുന്നത് 2010-11 ലെ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നതുപോലെ 3.49 ശതമാനമായി കുറയും. 2004-05 ല്‍ 682 കോടി രൂപയുണ്ടായിരുന്ന മൂലധനച്ചെലവ് 2010-11 ആകുമ്പോഴേക്കും 4145 കോടി രൂപയായി ഉയരും. ഇത് ഒരു സര്‍വ്വകാല റെക്കോര്‍ഡ് ആയിരിക്കും. ഇവയ്‌ക്ക് പുറമെ പുതിയ വരുമാനം കണ്ടെത്തുന്നതിനുള്ള പരിപാടികളും നടപ്പിലാക്കുകയാണ്.
കേരളത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു അധികാര വികേന്ദ്രീകരണത്തിന്റേത്. ജനകീയാസൂത്രണം കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു കുതിപ്പ് തന്നെയായിരുന്നു. വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ സമ്പ്രദായത്തെ തകര്‍ത്തുകളയാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഒന്നിനു പുറകെ ഒന്നായി അവര്‍ വെട്ടിക്കുറച്ചു. പട്ടികവര്‍ഗ വികസന ഫണ്ട് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തു. ഗ്രാമസഭകളെ കേവലം ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള വേദികളായി മാറ്റുകയാണ് ചെയ്‌തത്. കുടുംബശ്രീയെ തകര്‍ത്തുകളയുന്ന സമീപനം സ്വീകരിച്ചു. ഇങ്ങനെ ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന സമീപനങ്ങളെത്തന്നെ തകര്‍ക്കുകയായിരുന്നു യു.ഡി.എഫ്.
അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പണവും അധികാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി.
അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ഫലമായി വിഴിഞ്ഞം പദ്ധതി, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കോച്ച് ഫാക്‌ടറി തുടങ്ങിയ നിരവധി സംരംഭങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനു കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടാണ്.
സാമൂഹ്യ വനവല്‍ക്കരണത്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വന നയം ആവിഷ്‌കരിച്ചു. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു ജൈവ വൈവിദ്ധ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വനമേഖലയില്‍ പണിയെടുക്കുന്ന ആദിവാസികള്‍ അടക്കമുള്ളവരുടെ വേതനത്തില്‍ 30 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തി. ശബരിമലയുടെ വികസനത്തിനായി വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തര്‍ക്കം പരിഹരിച്ചു.
കള്ള് വ്യവസായത്തില്‍നിന്ന് ബിനാമികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 107 വര്‍ഷം പഴക്കമുള്ള അബ്‌കാരി നിയമപരിഷ്‌കരണത്തിന് സമിതിയുണ്ടാക്കി. സ്ഥിരനിയമനങ്ങള്‍ പി.എസ്.സി മുഖേന മാത്രമാക്കുകയും ചെയ്‌തു.
സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് 51പട്ടയ മേളകള്‍ നടത്തുകയുണ്ടായി. ഇതിലൂടെ 1,20,300 പേരെ ഭൂമിയുടെ നേരവകാശികളാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പുവരുത്തിക്കൊണ്ടുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറായത്. ഭൂമിയുടെ വിതരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് ഏര്‍പ്പെടുത്തുകയുണ്ടായി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ചെയ്‌തുതീര്‍ക്കുന്നതിനും ഈ കാലത്ത് സാധ്യമായി. പാലങ്ങളില്ലാത്ത കടവുകളില്‍ നദിക്കു കുറുകെ 495 നടപ്പാലങ്ങളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിശ്വാസികളുടെ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ശബരിമലയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ട് ഈ മേഖലയിലെ ഉദ്യോഗ നിയമനങ്ങള്‍ സുതാര്യമാക്കി. കരിപ്പൂരില്‍ ഹജ്ജ് ഹൗസിന്റെ നിര്‍മ്മാണം നടന്നതും ഈ സര്‍ക്കാരിന്റെ കാലത്താണ്.
കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം ഈ കാലയളവില്‍ ഏറെ ഫലപ്രദമായിരുന്നു. അതിനെ നവീകരിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 4962 പുതിയ ഷെഡ്യൂളുകള്‍ ആരംഭിച്ചു. 45 ശതമാനത്തോളം ഇന്ധനക്ഷമത നേടുന്നതിനായി പ്രകൃതിവാതകം ഉപയോഗിക്കുന്ന നിലയുണ്ടാക്കി. ഇവിടെ 19,000-ത്തില്‍പ്പരം സ്ഥിരം നിയമനങ്ങള്‍ നടത്തി. പര്‍ച്ചേസിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓപ്പണ്‍ ടെണ്ടറിലൂടെ ഷാസികള്‍ വാങ്ങിയ വകയില്‍ ബസൊന്നിന് മുന്‍ വിലകളെക്കാള്‍ ഒന്നരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ബസ്സുകളുടെ ബോഡി നിര്‍മ്മാണം കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പുകളില്‍ തന്നെ നടത്തിയതിന്റെ ഭാഗമായി ബസ് ഒന്നിന് ഒരുലക്ഷം രൂപയും ലാഭിക്കാന്‍ കഴിഞ്ഞു. ഗതാഗതരംഗത്ത് 13 ശതമാനമായിരുന്ന കെ.എസ്.ആര്‍.ടി.സി സാന്നിധ്യം ഇപ്പോള്‍ 27 ശതമാനമായി.
ഇന്ത്യയിലാദ്യമായി കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം 20-ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തി. യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ യൂത്ത് കമ്മീഷനും നടപ്പിലാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. വികസനത്തിനായി തുറമുഖങ്ങളെ മെപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു. തുറമുഖ നയം തന്നെ ഈ കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി.
2009 ഡിസംബര്‍ 31 വരെയുള്ള കരാറുകാരുടെ കുടിശ്ശിക കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇ-ടെണ്ടര്‍ സംവിധാനം കൊണ്ടുവന്നു. തിരുവനന്തപുരം നഗരവികസന പദ്ധതി നല്ല നിലയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന്റെ റോഡ് ഗതാഗതത്തെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ നടത്തിയ നടപടികള്‍ എക്കാലവും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ്.
നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക എന്ന കാഴ്‌ചപ്പാടോടെയാണ് രജിസ്‌ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടത്. കള്ളപ്രമാണവും വ്യാജരജിസ്‌ട്രേഷനും തടയാന്‍ നിയമം കൊണ്ടുവന്നു. ആധാരത്തില്‍ ഫോട്ടോയും വിരളടയാളവും നിര്‍ബന്ധമാക്കുന്നതിലൂടെ തെറ്റായ രീതിയില്‍ ഭൂമി കൈമാറ്റത്തിനുള്ള സാധ്യതകളെ തടയുകയും ചെയ്‌തു.
ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാത്ത ഒരു സാധാരണ പൗരനും കേരളത്തില്‍ ഉണ്ടാവില്ല എന്നത് വസ്‌തുതയാണ്. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ത്തെറിയുന്ന യു.ഡി.എഫ് നയത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുത്തത് ഈ സര്‍ക്കാരാണ്. യു.ഡി.എഫിന്റെ ഭരണം തുടര്‍ന്നിരുന്നുവെങ്കില്‍ ദുരിതത്തിന്റെ ആഴക്കടലിലേക്ക് കേരള ജനത നിലംപതിക്കുമായിരുന്നു. ആ അവസ്ഥയെ മാറ്റി പുരോഗതിയിലേക്കു നയിച്ച സര്‍ക്കാരെന്ന് ചരിത്രത്തില്‍ ഈ സര്‍ക്കാരിന് സ്ഥാനമുണ്ടാകും. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ക്രിയാത്മകമായ ബദല്‍ പരിമിതികള്‍ക്കകത്തുനിന്ന് മുന്നോട്ടുവച്ചു എന്ന നിലയില്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഈ സര്‍ക്കാര്‍ പഠനവിഷയമായിത്തീരും എന്നതിലും തര്‍ക്കമില്ല.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്ന അധ്യായം കുറിച്ചുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടുനയിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രീതിയില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജാതി-മത വികാരം ഉയര്‍ത്തിവിട്ട് ഇതിന് സാധിക്കുമോ എന്ന പരിശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഇതിനെ പല മാധ്യമങ്ങളും പിന്തുണയ്‌ക്കുന്നുണ്ട് എന്ന നില നാം കാണാതിരിക്കരുത്. യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവരുന്നവരും ഈ പിന്തിരിപ്പന്മാരുടെ മുന്നണിയിലുണ്ട്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതിന് പ്രബുദ്ധരായ കേരളത്തിലെ ജനതയ്‌ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസൗഹാര്‍ദ്ദത്തിന്റെ ഉന്നതമായ സന്ദേശം ലോകത്തെ പഠിപ്പിച്ച പ്രദേശങ്ങളിലൊന്നാണ് നമ്മുടെ കേരളം. സംഘപരിവാര്‍ ശക്തികള്‍ക്ക് കടന്നുവരാന്‍ അവസരം ലഭിക്കാത്ത അപൂര്‍വ്വ നിയമസഭകളിലൊന്നാണ് കേരളത്തിന്റേത്. അതുപോലെതന്നെ വികസനത്തിന്റെ ചരിത്രത്തില്‍ കേരളാ മോഡല്‍ എന്ന അപൂര്‍വ്വ സമ്പ്രദായത്തിനും നേതൃത്വം നല്‍കിയ സംസ്ഥാനമാണ് ഇത്. വികസനത്തിന്റെയും സംസ്‌കാരത്തിന്റെയും ഉന്നത മാതൃക തീര്‍ത്ത ഈ സംസ്ഥാനം ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ വികസനക്കുതിപ്പിന് ഉറച്ച പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
|
|
|
|