കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും വിദ്യാര്‍ത്ഥികളും
സി. ഭാസ്‌കരന്‍
സ്വാതന്ത്ര്യലബ്‌ധിക്കുശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ നടപടി കൈക്കൊണ്ടില്ല. ഇന്ത്യയുടെ മുതലാളിത്ത വികസനത്തിന് അനുയോജ്യമായ വിധത്തില്‍ കൊളോണിയല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ചില ചില്ലറ മാറ്റങ്ങള്‍ വരുത്തുക മാത്രമേ ചെയ്‌തുള്ളൂ. തല്‍ഫലമായി നിരക്ഷരതാ നിര്‍മ്മാര്‍ജനവും സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസവുമെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റുന്ന ദിശയില്‍ എടുത്തുപറയത്തക്ക മുന്നേറ്റമൊന്നുമുണ്ടായില്ല. മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ജനകീയ അടിത്തറ വിപുലമോ ശക്തമോ ആവാതെ തുടര്‍ന്നു. അതിന്റെ വരേണ്യാടിത്തറയാകട്ടെ, അനുദിനം ശക്തിപ്പെട്ടു.
ഈയൊരു പശ്ചാത്തലത്തിലാണ് 1957 ല്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍ വന്നത്. ആ ഗവണ്‍മെന്റ് മറ്റു മേഖലകളിലെന്നപോലെ വിദ്യാഭ്യാസമേഖലയിലും കേന്ദ്രഗവണ്‍മെന്റിന്റെ നയത്തിന് ബദലായ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. വിദ്യാഭ്യാസത്തിന്റെ ജനകീയ അടിത്തറ വിപുലവും ശക്തവുമാക്കുകയും വിദ്യാഭ്യാസം ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുകയെന്നതായിരുന്നു ആ നയത്തിന്റെ കാതല്‍. കേരളം വിദ്യാഭ്യാസരംഗത്ത് കൈവരിച്ച പുരോഗതിക്ക് അതിലൂടെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അടിത്തറയിട്ടു.
കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പാക്കിയ ബദല്‍ വിദ്യാഭ്യാസനയം സമഗ്രമായി പരിശോധിക്കാന്‍ ഇവിടെ മുതിരുന്നില്ല. അതേക്കുറിച്ച് മറ്റൊരു ലേഖനം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസ്‌തുത ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തു. അവ വിശദീകരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത മറ്റൊരു ഗവണ്‍മെന്റ് കേരളത്തില്‍ ഭരണം നടത്തിയിട്ടില്ലെന്ന് ആദ്യംതന്നെ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.
സൗജന്യ സെക്കന്‍ഡറി വിദ്യാഭ്യാസം
സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം എന്നത് ദേശീയപ്രസ്ഥാനത്തിന്റെ ആവശ്യമായിരുന്നു എന്ന് പറഞ്ഞല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം തന്നെ ദേശീയ നേതാക്കള്‍ ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. ഗാന്ധിജിയാകട്ടെ, ഈ ആവശ്യത്തിന്റെ ശക്തനായ വക്താവായിരുന്നു. ഈ ആവശ്യത്തിനു നേരെ, പക്ഷെ, ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറംതിരിഞ്ഞുനിന്നു. 1960 ആകുമ്പോഴേക്കും 6-14 പ്രായപരിധിയില്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതാണെന്ന് ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ എഴുതിവെച്ചപ്പോള്‍ ദേശീയപ്രസ്ഥാനത്തിന്റെയും ദേശീയ നേതാക്കളുടെയും വികാരവിചാരങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു.
എങ്കിലും ഭരണഘടന നല്‍കിയ ആ ഉറപ്പ് പാലിക്കാന്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാര്യമായ നീക്കമുണ്ടായില്ല. കേരളത്തില്‍, പക്ഷെ, ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും സന്ദര്‍ഭവും മൂലം 1957 നു മുമ്പുതന്നെ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമായി നല്‍കുന്നതിന് നടപടികളുണ്ടായി. അതുകൊണ്ടുമാത്രം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് തൃപ്‌തിയായില്ല. സെക്കന്‍ഡറി വിദ്യാഭ്യാസം തന്നെ സൗജന്യവും സാര്‍വത്രികവുമായി ഏര്‍പ്പെടുത്തണമെന്ന് അത് ആഗ്രഹിച്ചു. ആ ലക്ഷ്യത്തോടെ ഒമ്പതാം ക്ലാസിലെ ഫീസ് വേണ്ടെന്നുവെച്ചു. പത്തും പതിനൊന്നും (അന്ന് പതിനൊന്നാം സ്റ്റാന്റേര്‍ഡ് വരെ ഉണ്ടായിരുന്നു) ക്ലാസുകളില്‍ പടിപടിയായി ഫീസ് വേണ്ടെന്നു വെക്കാനും തദ്വാരാ സെക്കന്‍ഡറി വിദ്യാഭ്യാസം സൗജന്യമാക്കാനുമായിരുന്നു പരിപാടി. പക്ഷെ, ഒമ്പതാം ക്ലാസിലെ ഫീസ് വേണ്ടെന്നു വെച്ചപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പിരിച്ചുവിടപ്പെട്ടു. എന്നിരുന്നാലും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന് ആ തീരുമാനത്തില്‍ നിന്ന് പിറകോട്ടുപോകാന്‍ കഴിഞ്ഞില്ല. അങ്ങനെ സെക്കന്‍ഡറി വിദ്യാഭ്യാസം സൗജന്യമാക്കുന്നതിന് തുടക്കം കുറിച്ചതിനുള്ള ബഹുമതി കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് പോകുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രൈമറി വിദ്യാഭ്യാസം പോലും സാര്‍വ്വത്രികമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കിക്കൊടുത്ത ഈയൊരു നേട്ടം എത്രമാത്രം വലുതാണെന്ന് ബോധ്യമാവുക.
ഫീസിലെ മാറ്റങ്ങള്‍
സെക്കന്‍ഡറി വിദ്യാഭ്യാസം സൗജന്യമാക്കുന്ന പ്രക്രിയയ്‌ക്ക് തുടക്കം കുറിച്ചതുപോലെതന്നെ പ്രധാനമായിരുന്നു ഫീസ് ഘടനയില്‍ വരുത്തിയ മാറ്റം. ആ മാറ്റം ഒറ്റനോട്ടത്തില്‍ താഴെ പറയുന്നതു പ്രകാരം:
1. 10 മാസം കൊടുക്കേണ്ട ഫീസ് എട്ടുമാസമാക്കി ചുരുക്കി.
2. മാനേജര്‍മാര്‍ ഇഷ്‌ടാനുസരണം പിരിച്ച ഫീസ് പത്തും പതിനൊന്നും സ്റ്റാന്റേര്‍ഡുകളില്‍ മാസത്തില്‍ 6 രൂപയായി നിശ്ചയിച്ചു.
3. കോളേജുകളിലെ ഫീസ് 22 രൂപയില്‍ നിന്ന് 16 രൂപയാക്കി ചുരുക്കി.
4. പ്രീ-യൂണിവേഴ്‌സിറ്റി ക്ലാസിലെ ഫീസ് 16 രൂപയായിരുന്നത് 13 രൂപയാക്കി.
5. എസ്.എസ്.എല്‍.സി പരീക്ഷാ ഫീസ് 15 രൂപയില്‍നിന്ന് 12 രൂപയാക്കി കുറയ്‌ക്കുകയും വിഷയങ്ങളുടെ എണ്ണമനുസരിച്ച് ഫീസ് ക്രമീകരിക്കുകയും ചെയ്‌തു.
6. കഴിവുള്ളവരില്‍നിന്നുമാത്രം ഫീസ് പിരിക്കാന്‍ നടപടിയെടുത്തു.
ഇപ്രകാരം ഫീസില്‍ വരുത്തിയ ഇളവ് വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം പ്രയോജനകരമായിത്തീര്‍ന്നു എന്ന് മനസ്സിലാകണമെങ്കില്‍ പഴയ ഫീസ് ഘടന ഒന്ന് പരിശോധിച്ചു നോക്കിയാല്‍ മതി. തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിന്റെ കാര്യമെടുക്കുക. ആ ഹൈസ്‌കൂളില്‍ ഫോര്‍ത്ത് ഫോം മുതല്‍ എസ്.എസ്.എല്‍.സി ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ഫീസ് 5 രൂപ 4 അണ. 10 മാസത്തേക്ക് 52 രൂപ 8 അണ. ഫസ്റ്റ് ഫോം മുതല്‍ തേര്‍ഡ് ഫോം വരെയുള്ള വിദ്യാര്‍ത്ഥി 2 രൂപ 12 അണ എന്ന തോതില്‍ 10 മാസത്തെ ഫീസ് അടയ്‌ക്കേണ്ടിയിരുന്നു. പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ നടത്തിവന്ന ഹൈസ്‌കൂളുകള്‍ ഇഷ്‌ടാനുസരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് വസൂലാക്കിയത്. ഉദാഹരണത്തിന് പറശ്ശിനിക്കടവ് ഹൈസ്‌കൂളിന്റെ കാര്യമെടുക്കുക. മാസത്തില്‍ 6 രൂപയെന്ന തോതില്‍ 10 മാസം 60 രൂപയാണ് ഒരു വിദ്യാര്‍ത്ഥി ഫീസ് കൊടുക്കേണ്ടിയിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്‌തമായ നിരക്കിലായിരുന്നു തലശ്ശേരി മിഷ്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് കൊടുക്കേണ്ടിയിരുന്നത്. അവിടത്തെ ഫീസ് 7 രൂപ 8 അണയായിരുന്നു. 10 മാസത്തേക്ക് 75 രൂപ. മിഡില്‍ സ്‌കൂള്‍ ക്ലാസില്‍ 4 രൂപ 8 അണ തോതില്‍ 45 രൂപയും അടയ്‌ക്കേണ്ടിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ നടത്തിവന്ന തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍, തലശ്ശേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം മാസത്തില്‍ 6 രൂപയും അതില്‍ കൂടുതലും ഫീസ് പിരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളിലെ ഫീസ് നിരക്കുകളെ സംബന്ധിച്ച കണക്കുകള്‍ ലബിച്ചതുകൊണ്ടാണ് അവ ഇവിടെ എടുത്തുചേര്‍ത്തത്. മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം വിദ്യാര്‍ത്ഥികളുടെ ഫീസ് ഘടന ലഘൂകരിക്കാന്‍ ശ്രമിച്ചു. ഹൈസ്‌കൂളുകളില്‍ പത്തും പതിനൊന്നും ക്ലാസുകളില്‍ മാത്രം 6 രൂപയെന്ന തോതില്‍ 8 മാസം 48 രൂപ അടച്ചാല്‍ മതിയെന്ന് ഗവണ്‍മെന്റ് വ്യവസ്ഥ ചെയ്‌തു.
ഇതോടൊപ്പം ഗവണ്‍മെന്റ് കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനം മറ്റു പിന്നോക്ക സമുദായങ്ങളില്‍ (ഒ.ബി.സി) പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന പകുതി ഫീസ് ആനുകൂല്യം മുഴുവന്‍ ഫീസ് ആനുകൂല്യമായി വര്‍ദ്ധിപ്പിച്ചു എന്നതാണ്. തന്മൂലം ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം സൗജന്യമായി കിട്ടി. മാത്രമല്ല, ഈഴവ (തീയ്യ) സമുദായത്തെക്കൂടി മറ്റു പിന്നോക്ക സമുദായപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും വിദ്യാഭ്യാസാനുകൂല്യം നല്‍കി. ഫലമോ? ഫീസ് കൊടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെയധികം ചുരുങ്ങി. അതുകൊണ്ട് സെക്കന്‍ഡറി ക്ലാസുകളില്‍ ചേര്‍ന്നു പഠിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകി.
കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുമുണ്ടായി വര്‍ദ്ധനവ്. എന്തുകൊണ്ടെന്നാല്‍, പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് വിദ്യാഭ്യാസവും സൗജന്യമാക്കി. അതുകൊണ്ട് പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്കും ഒരൊറ്റ പൈസയും ഫീസില്ലാതെ കോളേജ് വിദ്യാഭ്യാസം നേടാന്‍ കഴിയും എന്ന സ്ഥിതിയായി.
സ്‌പെഷ്യല്‍ ഫീസും പരീക്ഷാ ഫീസും
കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനുമുമ്പ് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ നല്ലൊരു തുക സ്‌പെഷ്യല്‍ ഫീസിന്റെ പേരില്‍ ഈടാക്കിയിരുന്നു. പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ തോന്നിയതുപോലെ അതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ മടിച്ചില്ല. ഈ സ്‌പെഷ്യല്‍ ഫീസ് വെട്ടിച്ചുരുക്കാനും കഴിവുള്ളവരില്‍ നിന്നു മാത്രം ചെറിയൊരു തുക പിരിക്കാനും കേരള ഗവണ്‍മെന്റ് നടപടിയെടുത്തു. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ തുടര്‍ന്ന കാലമത്രയും സ്വകാര്യ മാനേജ്‌മെന്റുകള്‍ അതിനു വിധേയമായി പ്രവര്‍ത്തിച്ചെങ്കിലും ആ ഗവണ്‍മെന്റിനെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ അവര്‍ പഴയതുപോലെ തോന്നിയ രീതിയില്‍ സ്‌പെഷ്യല്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയ വിവരം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഉദാഹരണത്തിന്, കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പിരിച്ച സ്‌പെഷ്യല്‍ ഫീസ് 4 രൂപ 50 പൈസ. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പോയപ്പോള്‍ പിരിച്ചത് 8 രൂപ.
മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ 1956 വരെ. അവിടെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുവരെ എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്കിരിക്കാന്‍ ഒരു വിദ്യാര്‍ത്ഥി പ്രത്യേകമായി അടയ്‌ക്കേണ്ടിയിരുന്ന ഫീസ് 15 രൂപ. ഒരു വിഷയത്തിന് മാത്രമിരുന്നാലും ഇത്രതന്നെ കൊടുക്കണം. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഈ തത്വം മാറ്റി. എസ്.എസ്.എല്‍.സി പരീക്ഷാ ഫീസ് 12 രൂപയാക്കി ചുരുക്കി; വിഷയത്തിന്റെ എണ്ണത്തിനനുസരിച്ച് ഫീസ് ക്രമീകരിച്ചു. പ്രൈവറ്റായി ആര്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പാസ്സാകാമെന്ന നിയമം കൊണ്ടുവന്നതും കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ്.
1957 നുമുമ്പ് നിത്യേന ബസ്സില്‍ യാത്ര ചെയ്‌ത് സ്‌കൂളിലേക്കോ കോളേജിലേക്കോ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ ബസ് യാത്രക്കാര്‍ നല്‍കേണ്ട ചാര്‍ജ് തന്നെയാണ് നല്‍കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അതില്‍ മാറ്റം വരുത്തി. പ്രൈവറ്റ് ബസ്സുകളിലായാലും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലായാലും സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഉള്ള യാത്രയ്‌ക്ക് ചാര്‍ജ് പകുതിയാക്കി ചുരുക്കി. തന്നിമിത്തം പല വിദ്യാര്‍ത്ഥികള്‍ക്കും വീട്ടില്‍ താമസിച്ചുകൊണ്ടുതന്നെ സ്‌കൂളുകളിലും കോളേജുകളിലും പോയി പഠിക്കാന്‍ സാധിക്കുമെന്നുവന്നു.
കേരളത്തിലാദ്യമായി ടെക്‌സ്റ്റ് പുസ്‌തകങ്ങള്‍ ദേശസാല്‍ക്കരിച്ചത് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ്. മലബാര്‍ മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് മദിരാശി ഗവണ്‍മെന്റും തിരു-കൊച്ചി സംസ്ഥാനത്തെ ഗവണ്‍മെന്റും പാഠപുസ്‌തക കച്ചവടം സ്വകാര്യ വിഭാഗത്തിന്റെ കുത്തകയാക്കി നിലനിര്‍ത്തി.
പുസ്‌തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ശുപാര്‍ശ. ഏറ്റവും കൂടുതല്‍ ശുപാര്‍ശയും സമ്മര്‍ദ്ദവും ചെലുത്താന്‍ കഴിയുന്നവരുടെ പുസ്‌തകം അംഗീകരിച്ചു കിട്ടും. ശുപാര്‍ശ നടത്താനും സമ്മര്‍ദ്ദം ചെലുത്താനും ഏറ്റവുമധികം ശ്രമിക്കുക പുസ്‌തകക്കച്ചവടക്കാര്‍. അതുകൊണ്ട് വേണ്ടത്ര നിലവാരമില്ലാത്ത പുസ്‌തകങ്ങളാണ് പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ലഭിക്കുക. കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ടെക്‌സ്റ്റ് പുസ്‌തകങ്ങള്‍ ദേശസാല്‍ക്കരിച്ചു. വിവിധ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കാനായി വിദഗ്‌ദരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നേരിട്ട് പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കി. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള പുസ്‌തകങ്ങള്‍ ദേശസാല്‍ക്കരിച്ചു. വിവിധ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കാറായി. വിദഗ്‌ദരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നേരിട്ട് പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കി. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള പുസ്‌തകങ്ങള്‍ പഠിക്കാന്‍ കിട്ടി. പുസ്‌തകക്കച്ചവടക്കാരുടെ കൊള്ള അവസാനിക്കുകയും ചെയ്‌തു.
മറ്റു നടപടികള്‍
നാലുജില്ലകളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പാടാക്കി. രക്ഷിതാക്കള്‍, ഹെഡ്‌മാസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റികള്‍ അതിന്റെ പ്രവര്‍ത്തനം നടത്തി. നാട്ടുകാരില്‍ നിന്ന് പിരിച്ചുണ്ടാക്കിയ പണവും ഗവണ്‍മെന്റ് നല്‍കിയ ട്രാന്റും ഉപയോഗിച്ചാണ് ഉച്ചക്കഞ്ഞി വിതരണം ചെയ്‌തത്. വലിയൊരുവിഭാഗം പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനും കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനും ചെറിയൊര അളവുവരെയെങ്കിലും ഈ നടപടി സഹായിച്ചു എന്ന് നിസ്സംശയം പറയാം.
സാങ്കേതിക വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തില്‍ പിന്നോക്കസമുദായക്കാര്‍ക്ക് പ്രത്യേകമായി സീറ്റുകള്‍ നീക്കിവെച്ചു. തന്മൂലം മുസ്ലീംങ്ങള്‍, ദളിതര്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍പെട്ട ധാരാളം കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാലയങ്ങളില്‍ പ്രവേശനം കിട്ടി. മുന്‍കാലങ്ങളില്‍ ഈ തത്വം നിലവിലില്ലായിരുന്നു. ഇതോടൊപ്പം ധാരാളം സാങ്കേതിക വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. വ്യവസായവികസനത്തിനു പ്രാധാന്യം നല്‍കി. രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചപ്പോള്‍ ധാരാളം സാങ്കേതിക വിദഗ്‌ദരെ ആവശ്യമായി വന്ന സാഹചര്യം കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം ഗവണ്‍മെന്റു സ്വീകരിച്ചത്.
വിദ്യാര്‍ത്ഥികളെ അടി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഗവണ്‍മെന്റ് നിയമനിര്‍മ്മാണം നടത്തി. കുറ്റം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അടിക്കുകയില്ല. മറിച്ച് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയിലെ തെറ്റ് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അതുവരെ നിലനിര്‍ത്താനാവാത്ത അടി ശിക്ഷ നിര്‍ത്തലാക്കിയത്.
ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയ കൊളോണിയല്‍ വിദ്യാഭ്യാസരീതിയുടെ ഓസ്യത്തെന്നവണ്ണം നിലനിര്‍ത്താനാവാത്ത അപരിഷ്‌കൃതവും ശാസ്‌ത്രീയവും ക്രൂരവുമായ സമ്പ്രദായമായിരുന്നു ഡിറ്റന്‍ഷന്‍. തങ്ങള്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബ്രിട്ടീഷ് ഭരണാധികാരികള്‍ എടുത്തുപയോഗിച്ച ആയുധമായിരുന്നു അത്. വിദ്യാര്‍ത്ഥികളെ പ്രതികാര നടപടികള്‍ക്കിരയാക്കുന്നതിനുള്ള ഒരുപകരണമെന്ന നിലയില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും അത് നിലനിര്‍ത്തി. മാനേജ്‌മെന്റുകളുമാവട്ടെ. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിജയശതമാനം ഡിറ്റന്‍ഷന്‍ സമ്പ്രദായം ഉപയോഗിച്ചു. ആ സമ്പ്രദായത്തിനെതിരെ ശക്തവും വ്യാപകവുമായ സമരം ഉയര്‍ന്നുവന്നതാണ്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആ സമ്പ്രദായം തുടരാതിരുന്നില്ല. അതിനെതിരെ സമരവും നടക്കാതിരുന്നില്ല. ഏറ്റവും ഒടുവില്‍ ഡിറ്റന്‍ഷനും അതിനെതിരെ സമരവും നടന്നത് 1960 കളുടെ രണ്ടാംപകുതിയില്‍ കണ്ണൂര്‍ എസ്.എന്‍ കോളേജിലാണെന്ന് തോന്നുന്നു. ആ സമരത്തോടനുബന്ധിച്ച് ഈ ലേഖകനേയും കെ.പി.മോഹനനെയും (ഇപ്പോള്‍ ഏഷ്യാനെറ്റ്) സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.
ദളിത് വിഭാഗങ്ങള്‍
സമൂഹത്തിന്റെ ഭാരവും അടിത്തട്ടില്‍ കിടക്കുന്ന ദളിത വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ വളര്‍ത്തിക്കൊണ്ടുവരാനായി. പല ആനുകൂല്യങ്ങളും ഗവണ്‍മെന്റ് നല്‍കി. ആ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ഇത്രയധികം ആനുകൂല്യങ്ങല്‍ മറ്റൊരു ഗവണ്‍മെന്റും നല്‍കിയിട്ടില്ല. ആ ആനുകൂല്യങ്ങള്‍ അക്കമിട്ട് ചുവടെ കൊടുക്കുന്നു:
1. ദളിത് വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഹോസ്റ്റലുകളില്‍ വേണ്ടി വരുന്ന ചെലവുകള്‍ മുഴുവന്‍ ഗവണ്‍മെന്റു തന്നെ വഹിച്ചു.
2. ദളിത വിദ്യാര്‍ത്ഥികളില്‍ ഒന്നു മുതല്‍ മൂന്നുവരെ പഠിക്കുന്നവര്‍ക്ക് മൂന്നുരൂപയും നാലില്‍ പഠിക്കുന്നവര്‍ക്ക് 4 രൂപയും അഞ്ചില്‍ പഠിക്കുന്നവര്‍ക്ക് 5 രൂപയും 6 ഉം 7 ഉം 8 ഉം ക്ലസില്‍ പഠിക്കുന്നവര്‍ക്ക് 25 രൂപയും അതിനുമേലെ എസ്.എസ്.എല്‍.സി വരെ പഠിക്കുന്നവര്‍ക്ക് 40 രൂപയും ലംപ്‌സം ഗ്രാന്റായി അനുവദിച്ചു.
3. മലബാറില്‍ മാത്രം പുതുതായി 26 ദളിത് ഹോസ്റ്റലുകള്‍ ആരംഭിച്ചു.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ഉദ്യേശത്തോടെയും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കിക്കൊണ്ടും ധാരാളം ഹൈസ്‌കൂളുകള്‍ കമ്മ്യൂണിസ്‌റ്റ് ഗവണ്‍മെന്റ് പുതുതായി സ്ഥാപിച്ചു. ഉദാഹരണത്തിന് കാസര്‍ഗോഡ് വിദ്യാഭ്യാസമേഖല തുടങ്ങുക. കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്ന സമയത്ത് ആ മേഖലയില്‍ ആകെയുണ്ടായിരുന്ന ഹൈസ്‌കൂള്‍ 17 അവയില്‍ രണ്ടെണ്ണം ഗവണ്‍മെന്റ് നേരിട്ട് നടത്തിയതും 4 എണ്ണം ബോര്‍ഡ് വകയായും 11 എണ്ണം സ്വാകാര്യ മാനേജ്‌മെന്റ് വകയായും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റ് വകയായും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആദ്യ വര്‍ഷം 1957-1958 ല്‍ പുതുതായി ഒമ്പത് ഹൈസ്‌ക്കൂളുകള്‍ തുറന്നു. ഇതില്‍ ഒരെണ്ണം സ്വകാര്യമാനേജ്‌മെന്റ് വക. ഒന്നാമത്തെ വിദ്യാഭ്യാസ വര്‍ഷമാണ് 1958-59 ല്‍ രണ്ട് ഹൈസ്‌ക്കൂളുകള്‍ പുതുതായി വീണ്ടും തുറന്നു. അതോടെ കാസര്‍ഗോഡ് മേഖലയിലെ മൊത്തം ഹൈസ്‌ക്കൂള്‍ 28 ആയി. ഈ മേഖലയില്‍ പുതുതായി ആരംഭിച്ച സ്‌കൂളുകളുടെ കാര്യം നോക്കാം. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനുമുമ്പ് ഈ മേഖലയില്‍ ആകെയുണ്ടായിരുന്ന യു.പി സ്‌കൂളുകള്‍ തുറന്നു. 1958-59 ല്‍ വീണ്ടും 36 എണ്ണം ആരംഭിച്ചു. അങ്ങനെ ആ വിദ്യാഭ്യാസ വര്‍ഷത്തിനു തിരശ്ശീല വീണപ്പോഴേക്കും മൊത്തം യു.പി സ്‌കൂളുകളുടെ എണ്ണം 146. അതായത് കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പുതുതായി 70 യു.പി സ്‌കൂളുകള്‍ കാസര്‍ഗോഡ് വിദ്യാഭ്യാസമേഖലയില്‍ തുറന്നു. കണ്ണൂര്‍ ജില്ല ആകെ എടുത്താലും പുതുതായി 1300 ജില്ല യു.പി സ്‌കൂളുകളും ഹൈസ്‌കൂളുകളും അനവധി. കരിവെള്ളൂര്‍, മടത്തില്‍, വെറിയ, കയ്യൂര്‍, ഇരിക്കൂര്‍, മയ്യില്‍, കല്യാശ്ശേരി തുടങ്ങി എത്രയെത്ര സ്ഥലങ്ങളിലാണ് ഹൈസ്‌കൂളുകള്‍ തുറന്നത്! ധാരാളം കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുറന്നു കൊടുത്തത്.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണെന്ന ലക്ഷ്യത്തോടെ പുതുതായി ധാരാളം യു.പി.സ്‌കൂളുകളും ഹൈസ്‌കൂളുകളും മാത്രമല്ല സ്ഥാപിച്ചത്. പിന്നെയോ? തലശ്ശേരിയില്‍ ഒരു ബി.ടി.കോളേജ് കണ്ണൂരില്‍ ഒരു പോളിടെക്‌നിക്കും ഐ.ടി.ഐയും, കാസര്‍ഗോഡ് ഒരു ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവയും സ്ഥാപിച്ചു. കൂടാതെ മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് ഒരു മെഡിക്കല്‍ കോളേജും തുറന്നു.
അവകാശങ്ങള്‍ അംഗീകരിക്കുന്നു
വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തുകയും അവര്‍ക്ക് ഒട്ടേറെ സൗജന്യങ്ങള്‍ അനുവദിക്കുകയും ചെയ്‌ത ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികളുടെ പല അവകാശങ്ങളും അംഗീകരിച്ചു കൊടുത്തു. അങ്ങനെ അംഗീകരിച്ചു കൊടുത്ത ചില അവകാശങ്ങള്‍ നോക്കുക:
1. വിദ്യാഭ്യാസ ചട്ടങ്ങള്‍ വഴി സ്‌കൂള്‍ പാര്‍ലമെന്റുകള്‍ക്ക് നിയമപ്രാബല്യം നല്‍കി.
2. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി സ്‌കൂള്‍ കെട്ടിടവും ഉപകരണങ്ങളും ലഭിക്കുന്നതിനു വ്യവസ്ഥയുണ്ടാക്കി.
3. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചു. ഇങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായിട്ടാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വിമോചനസമരത്തിന് ഇറങ്ങി നടക്കാതിരുന്നവരില്‍ ഭൂരിഭാഗം നടത്തിയ പേക്കുത്തുകള്‍ക്കും സംസ്‌കാരശൂന്യമായ വേര്‍തിരിവുകള്‍ക്കും കണക്കില്ല. ആ അട്ടിമറി സമരത്തിന്റെ വിശദാംശങ്ങളിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. ആ സമരത്തിന്റെ ദുര്‍ദശ സന്തതിയാണ് കെ.എസ്.യു. അന്ന് കെ.എസ്.ഒയും വിമോചന സമരത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. അതിനെ നേരിട്ടുകൊണ്ടായിരുന്നു അന്ന് വിദ്യാര്‍ത്ഥി ഫെഡറേഷനിലെ പ്രവര്‍ത്തിക്കാര്‍. വിമോചനസമരക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളെയും ആക്രണങ്ങളെയും കുറിച്ച് 1960 ജനുവരി 27 മുതല്‍ 29 വരെ തീയതികളില്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്നു കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നാലാം സംസ്ഥാനസമ്മേളനത്തില്‍ (സമ്മേളനത്തിലെ ഒരു പ്രതിനിധിയായിരുന്ന ഈ ലേഖകന്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന പ്രസക്തഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ. |