Font help
 
 
ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ വന്‍വിജയമാക്കുക - പിണറായി വിജയന്‍

ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ വന്‍വിജയമാക്കുക - പിണറായി വിജയന്‍

പശ്ചിമബംഗാളില്‍ 2009 മെയ്‌ മാസത്തിന്‌ ശേഷം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകരായ 270 ല്‍പരം ആളുകള്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്‌ ഇവരില്‍ ഭൂരിഭാഗം. മാവോയിസ്റ്റ്‌-തൃണമൂല്‍ സംഖ്യമാണ്‌ ഭീകരമായ ഈ കൊലപാതകങ്ങള്‍ നടത്തിയത്‌. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്‌ ഈ ആക്രമണങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയാണ്‌. ചില പ്രദേശങ്ങളിലെ ആക്രമണങ്ങളില്‍ കോണ്‍ഗ്രസ്‌ നേരിട്ട്‌ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്‌.

പടിഞ്ഞാറന്‍ ബംഗാളില്‍ നടക്കുന്ന ഈ ആക്രമണം ഇന്ത്യയിലെ സി.പി.ഐ (എം) നെ ദുര്‍ബലപ്പെടുത്താനുദ്ദേശിച്ചാണ്‌. 2004 മുതല്‍ 2008 വരെ ഒന്നാം യു.പി.എ ഗവണ്‍മെന്റിന്‌ പിന്തുണ നല്‍കിയിരുന്ന ഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ ജനവിരുദ്ധവും സാമ്രാജ്യത്വാനുകൂലവുമായ നയങ്ങളെ ഇടതുപക്ഷം ശക്തമായി പ്രതിരോധിച്ചിരുന്നു. അതിന്റെ ഫലമായി രാജ്യത്തിലെ കുത്തക മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവര്‍ ഉദ്ദേശിച്ച രീതിയിലുള്ള നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനായില്ല. ഇതിന്റെ ഫലമായി ഇടതുപക്ഷത്തോട്‌ പൊതുവിലും സി.പി.ഐ (എം) നോട്‌ പ്രത്യേകിച്ചും ഇക്കൂട്ടര്‍ക്ക്‌ വന്‍പകയാണുണ്ടായത്‌. ഇടതുപക്ഷത്തെ ഏത്‌ വിധേനയും ദുര്‍ബലമാക്കണമെന്ന്‌ ഈ ശക്തികള്‍ ആഗ്രഹിക്കുന്നു. അതിന്‌ ആദ്യം സി.പി.ഐ (എം) നുനേരെ ആക്രമണം നടത്തി പാര്‍ടിയെ ദുര്‍ബലമാക്കാനാണ്‌ ഈ കൂട്ടര്‍ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ പടിഞ്ഞാറന്‍ ബംഗാളില്‍ സി.പി.ഐ (എം) നു നേരെ ആക്രമണം ആരംഭിച്ചത്‌.

പശ്ചിമബംഗാളിലെ ഇടതുമുന്നണി ഗവണ്‍മെന്റ്‌ മുപ്പത്തി മൂന്നു വര്‍ഷം പൂര്‍ത്തികരിച്ചിരിക്കുകയാണ്‌. പിന്തിരിപ്പന്‍ ശക്തികളുടെ ഉപജാപങ്ങളെ നേരിട്ടാണ്‌ മൂന്ന്‌ ദശാബ്‌ദകാലത്തിലധികം ഇടതുമുന്നണി ഇവിടെ അധികാരത്തിലിരുന്നത്‌. ജനോപകാരപ്രദമായ നടപടികള്‍ നടപ്പിലാക്കിയതോടെ ഓരോ തിരഞ്ഞെടുപ്പ്‌ കഴിയുന്തോറും ഗവണ്‍മെന്റിനിവിടെ ജനപിന്തുണ വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌. സി.പി.ഐ (എം) നെ തകര്‍ക്കാര്‍ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്നും അതിലേറ്റവും പ്രധാനപ്പെട്ട പശ്ചിമബംഗാളിനെ ആദ്യം ആക്രമിക്കണമെന്നുമാണ്‌ സാമ്രാജ്യത്വവും കുത്തകമുതലാളിത്തവും കണക്കാക്കിയത്‌.

വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകള്‍ പടിഞ്ഞാറന്‍ ബംഗാളില്‍ കേന്ദ്രീകരിച്ചത്‌ അവരുടെ മാത്രം തീരുമാനത്തിന്റെ ഭാഗമായാണെന്ന്‌ കാണാനാവില്ല. ഇന്ത്യയിലുള്ള മാവോയിസ്റ്റുകള്‍ ആദിവാസികളെയാണ്‌ ചൂഷണം ചെയ്യുന്നത്‌. ആദിവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ബഹുജനമുന്നേറ്റങ്ങള്‍ മാവോയിസ്റ്റുകള്‍ തടയുകയാണ്‌.

അഴിമതിക്കാരായ ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാര്‍ക്ക്‌ സംരക്ഷണം നല്‍കുന്ന വിഭാഗമാണ്‌ മാവോയിസ്റ്റുകള്‍. ഫോറസ്റ്റ്‌ കോണ്‍ട്രാക്‌ടര്‍മാരില്‍ നിന്നും നിയമവിരുദ്ധ ഖനി ഉടമകളില്‍ നിന്നും സമ്പാദിക്കുന്ന പണമാണ്‌ ഇക്കൂട്ടര്‍ ഇതിനായി ഉപയോഗിക്കുന്നത്‌. പോലീസ്‌ ഒറ്റുകാരെന്ന്‌ ആരോപിച്ച്‌ ഈ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌ ഒരു തെറ്റും ചെയ്‌തിട്ടില്ലാത്ത പാവപ്പെട്ടവരെയാണ്‌. പശ്ചിമബംഗാളില്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ മേലെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ മാവോയിസ്റ്റുകളെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ കൂട്ടുപിടിച്ചത്‌. നന്ദിഗ്രാം പ്രശ്‌നത്തില്‍ ആയിരുന്നു തുടക്കം. ഒരിഞ്ച്‌ ഭൂമി പോലും ഏറ്റെടുക്കാത്ത നന്ദിഗ്രാമില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരംഭിച്ച പ്രക്ഷോഭത്തിനൊപ്പം എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളെയും അണിനിരത്തുകയുണ്ടായി. തൃണമൂല്‍-മാവോയിസ്റ്റ്‌ സംഖ്യത്തിനും അവരുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്കും സാമ്രാജ്യത്വവും ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും പിന്തുണ നല്‍കി. ഈ വിഭാഗം ലഭിച്ച പിന്തുണയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്‌ കോണ്‍ഗ്രസുമായുള്ള സംഖ്യത്തിന്റേയും പിന്‍ബലത്തില്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. സാമ്രാജ്യത്വവും വന്‍കിട ബൂര്‍ഷ്വാസിയും ഒന്നിച്ചണിനിരന്ന ഒരു പ്രക്ഷോഭമായതിനാല്‍ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളാകെ ഇടതുപക്ഷ വിരുദ്ധ പ്രചാരണം ഏറ്റെടുത്തു. അതോടൊപ്പം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ സന്നദ്ധസംഘടനകളേയും കൂട്ടിന്‌ ലഭിച്ചു. ഇതിനെല്ലാം പുറമെ ചില സാംസ്‌കാരിക പ്രവര്‍ത്തകരേയും ഈ കൂട്ടുകെട്ടിനോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞു. ഇവരെല്ലാം കൂടി തൃണമൂല്‍-മാവോയിസ്റ്റ്‌ കൂട്ടുകെട്ട്‌ നടത്തുന്ന ആക്രമണങ്ങളുടെ അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകര സ്വഭാവം മറച്ചു വെക്കുകയാണ്‌.

അതോടൊപ്പം ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകള്‍ മെനയുകയും തൃണമൂല്‍ നേതാവിന്‌ പുരോഗമനമുഖം ചാര്‍ത്തി കൊടുക്കുകയും ചെയ്യുന്നു. സി.പി.ഐ (എം) നെതിരെ തുടര്‍ച്ചയായി ഇതിന്റെ ഭാഗമായി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതിലൂടെ ഇരുനൂറ്റി എഴുപതിലധികം പാവപ്പെട്ടവരെ കൊലപ്പെടുത്താന്‍ തൃണമൂല്‍-മാവോയിസ്റ്റ്‌ കൂട്ടുകെട്ടിന്‌ കഴിഞ്ഞിരിക്കുന്നു. ഈ ഹീനകൃത്യത്തെയും ന്യായീകരിക്കാനാണ്‌ ഇവരെ പിന്താങ്ങുന്ന വിഭാഗങ്ങള്‍ തയ്യാറാവുന്നത്‌.

വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം സംഘടിപ്പിക്കുന്ന മാവോയിസ്റ്റുകളെന്ന അരാജകവാദികളെ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ പരസ്യമായി ന്യായീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിസഭയിലുള്ള തന്റെ സ്ഥാനമുപയോഗിച്ച്‌ അര്‍ദ്ധ സൈനികരെ കൂട്ടക്കൊലചെയ്‌ത മാവോയിസ്റ്റുകളെ രാഷ്‌ട്രപതിയുടെ പ്രസംഗത്തില്‍ യു.പി.എ ഗവണ്‍മെന്റ്‌ അപലപിക്കാതിരുന്നു. തുടര്‍ച്ചയായി മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അവയെ പരസ്യമായി ന്യായീകരിച്ച്‌ തൃണമൂല്‍ നേതാവ്‌ ഏറ്റവും ഒടുവില്‍ ലാല്‍ഗഢില്‍ തൃണമൂല്‍-മാവോയിസ്റ്റ്‌ സംയുക്ത റാലിയില്‍ മാവോയിസ്റ്റ്‌ നേതാക്കളോടൊപ്പം പങ്കെടുക്കുകയുണ്ടായി. ഒരു കേന്ദ്രമന്ത്രി പരസ്യമായി ആക്രമണങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയും മാവോയിസ്റ്റുകളെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അടക്കം അത്‌ കണ്ടില്ലെന്ന്‌ നടിക്കുന്നു. തൃണമൂല്‍-മാവോയിസ്റ്റ്‌ കൂട്ടുകെട്ടിനെ പിന്താങ്ങി പടിഞ്ഞാറന്‍ ബംഗാളിലെ സി.പി.ഐ (എം) നെ തകര്‍ക്കാനുദ്ദേശിക്കുന്ന വന്‍കിട ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും അടങ്ങുന്ന ദൂഷിത വലയത്തിന്റെ ഭാഗമാണ്‌ കോണ്‍ഗ്രസ്‌ എന്നതിനാലാണ്‌ ഇതെല്ലാം സംഭവിക്കുന്നത്‌.
സി.പി.ഐ (എം) നെ തകര്‍ക്കാന്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടമാടിയിരുന്ന അര്‍ദ്ധ ഫാസിസ്റ്റ്‌ ഭീകരതയെ അതിജീവിച്ച പ്രസ്ഥാനമാണ്‌ അവിടെയുള്ളത്‌. ഇന്ത്യയിലെ പാര്‍ടിയെ തകര്‍ക്കാനുദ്ദേശിച്ചുകൊണ്ട്‌ ഇപ്പോള്‍ പശ്ചിമബംഗാളില്‍ ആരംഭിച്ചിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ അവിടുത്തെ പാര്‍ടിക്ക്‌ പിന്തുണ നല്‍കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വിജയവാഡയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃതയോഗം തീരുമാനിക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി കേരളത്തില്‍ വന്‍ വിജയമാക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ജില്ലാ കേന്ദ്രങ്ങളില്‍ വന്‍തോതിലുള്ള ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. സെപ്‌തംബര്‍ 15 ന്‌ തിരുവനന്തപുരത്ത്‌ പാര്‍ടി പി.ബി അംഗമായ സ: നിരുപംസെന്‍ പങ്കെടുക്കും. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗമായ സ: സൂര്യകാന്ത്‌ മിശ്ര 18 ന്‌ കോഴിക്കോടും 19 എറണാകുളത്തും പൊതുസമ്മേളനത്തില്‍ സംസാരിക്കും. 16 ന്‌ കാസര്‍ഗോഡ്‌, കണ്ണൂര്‍, മലപ്പുറം, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും 18 ന്‌ വയനാട്‌, പാലക്കാട്‌, തൃശൂര്‍, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലും ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വംഗനാട്ടിലെ പ്രസ്ഥാനത്തിന്‌ കേരളത്തിന്റെ ഉറച്ച പിന്തുണ പ്രഖ്യാപിക്കാന്‍ ഐക്യദാര്‍ഢ്യ പൊതുസമ്മേളനങ്ങള്‍ വന്‍വിജയമാക്കാന്‍ പാര്‍ടി സഖാക്കളും ഘടകങ്ങളും ശ്രമിക്കേണ്ടതാണ്‌.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012