Font help
 
 
1957-ലെ യുഗപ്പിറവിക്ക്? ട്രേഡ്? യുണിയനുകള്‍ വഹിച്ച പങ്ക്?.


1957-ലെ യുഗപ്പിറവിക്ക്‌ ട്രേഡ്‌ യുണിയനുകള്‍ വഹിച്ച പങ്ക്‌.

ഇ. ബാലാനന്ദന്‍

കൃത്യമായി അളന്ന കുറിച്ച്‌ തിട്ടപ്പെടുത്തി പ്രതിപാദിക്കാന്‍ കഴിയുന്ന കാര്യമല്ലിത്‌. എന്നാല്‍ കേരളത്തിന്റെ രാഷ്‌ട്രീയ ഭുപടത്തിന്‌ പുതിയ മാനം പകരുന്നതിന്‌ കര്‍ഷകരും കര്‍ഷക തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും നടത്തിയിട്ടുള്ള ഇതിഹാസോജ്വലമായ പോരാട്ടങ്ങള്‍ തന്നെ കരുപ്പിടിക്കുന്നതിനുള്ള അടിത്തറ ഒരുക്കുന്നതില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‌ അവരുടെ സമര പ്രക്ഷോഭണങ്ങള്‍ക്കൊരോഹരിയുണ്ട്‌.

പ്രാരംഭ കാലത്ത്‌ ട്രേഡ്‌ യുണിയന്‍ സംഘടനകള്‍ കെട്ടിപ്പെടുക്കാനുള്ള സംരംഭങ്ങളെ മുതലാളിമാര്‍ സര്‍ക്കാരിന്റെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ്‌ ശ്രമിച്ചത്‌. ഏത്‌ തൊഴിലാളി സമരവും നിയമ സമാധാന പ്രശ്‌നമായി കണ്ടുകൊണ്ട്‌ പോലീസ്‌ സൈന്യം തൊഴിലാളികള്‍ക്കെതിരായി ക്രൂരമായ മര്‍ദ്ദനവും, കള്ളക്കേസുകളും കെട്ടിച്ചമച്ചു. ഇതുമൂലം ഒരു വ്യവസായത്തിലോ തൊഴിലിലോ ഉള്ളവര്‍ തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ മുതലാളിമാര്‍ക്കെതിരായി സമരത്തിനിറങ്ങുന്നതിനു മുമ്പ്‌ വമ്പിച്ച ജനകീയ പിന്തുണ നേടാതെ ഈ പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുവാന്‍ കഴിയില്ലെന്ന സാഹചര്യം പണിമുടക്കവും സമരങ്ങളും നടത്തുന്നതിന്‌ മുമ്പ്‌ വലിയ തോതില്‍ ജനകീയ പിന്തുണ തേടേണ്ടിയിരുന്നു. അതുകൊണ്ട്‌ ഓരോ ചെറിയ തൊഴിലാളി പ്രക്ഷോഭണവും അതാത്‌ പ്രദേശങ്ങളിലെ ജനങ്ങളുടെ പിന്തുണ നേടാനായി വലിയ തോതിലൂള്ള പ്രചരണം സംഘടിപ്പിച്ചിരുന്നു. ഈ പ്രചരത്തില്‍ അതാതു വ്യവസായങ്ങളിലെ സ്ഥിതി മനുഷ്യന്‌ നിലനില്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള കൂലി നിലവാരം തികച്ചും മൃഗീയമായ ജോലി സാഹചര്യങ്ങള്‍ മുതലാളിമാരുണ്ടാക്കുന്ന കൊള്ള ലാഭം ഇതൊക്കെ നാട്ടുകാരുടെ മനസ്സ്‌ പിടിച്ചു പറ്റത്തക്കവിധം അവതരിപ്പിച്ചിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസം തന്നെയും സ്ഥാപിക്കേണ്ട ആവശ്യകതയും ഈ പ്രചരണത്തില്‍ ഉള്‍പ്പെട്ടിരുന്നു. സോഷ്യലിസ്റ്റ്‌ സോവിയറ്റും യൂണിയന്റെ മാതൃകയും എടുത്തു കാട്ടിയിരുന്നു. 1930 ല്‍ ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം സോവിയറ്റ്‌ യൂണിയനെ ബാധിച്ചില്ലെന്ന കാര്യം സ്വതന്ത്ര്യമായി ചിന്തിക്കുന്ന മുതലാളിമാരെ അടക്കം സോഷ്യലിസ്റ്റ്‌ വ്യവസ്ഥയുടെ മേന്മ മനസ്സിലാക്കാന്‍ സഹായകമായിത്തീര്‍ന്നു. മഹാനായ പണ്‌ഡിറ്റ്‌ നെഹ്രു തന്നെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ ആകര്‍ഷകമാണെന്ന്‌ പറഞ്ഞിരുന്നു. അതുകൊണ്ട്‌ സാമ്രാജ്യ വിരുദ്ധപ്പോരാട്ടത്തിന്റെ പ്രാധാന്യം മേല്‍ സൂചിപ്പിച്ച ജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ഓരോ പ്രദേശങ്ങളിലും പ്രചരിപ്പിച്ചത്‌ ജനങ്ങളുടെ പൊതുരാഷ്‌ട്രീയ ബോധം വളര്‍ത്തുന്നതിന്‌ സഹായകമായി തീര്‍ന്നു. ഓരോ സമരങ്ങളും നടത്തുന്ന ഘട്ടത്തില്‍ അവര്‍ തൊഴിലാളികള്‍ക്കെതിരായി കൈക്കൊള്ളുന്ന ക്രൂരമായ നടപടികള്‍ക്കെതിരായി ജനങ്ങളുടെ സഹായവും ഇടപെടലും ഒരളവില്‍ ഈ പ്രശ്‌നങ്ങളില്‍ ചെറിയ അളവിലെങ്കിലും പരിഹരിക്കാന്‍ സഹായകമായിത്തീര്‍ന്നു. മേല്‍ കൊടുത്ത പ്രചരണത്തിന്റെ ഭാഗമായി ജന്‍മിത്വം അവസാനിപ്പിച്ച്‌ കൃഷിക്കാര്‍ക്ക്‌ കൃഷിഭൂമി കിട്ടണമെന്നതടക്കമുള്ള കാര്യങ്ങളും പെട്ടിരുന്നു. ചുരുക്കത്തില്‍ ട്രേഡ്‌ യൂണിയന്‍ പ്രക്ഷോ ഭണങ്ങള്‍ വളര്‍ന്നു വന്നത്‌ ജനങ്ങളുടെ രാഷ്‌ട്രീയ ബോധത്തിന്‌ പുതിയ മാനം പകരാന്‍ സഹായകമായി.

മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉള്ള വ്യവസായ കേന്ദ്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ സംഘടിത തൊഴിലാളി യൂണിയനുണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ വ്യവസായങ്ങളില്‍ പലതിലും പൊറുതിമുട്ടിയ തൊഴിലാളികള്‍ പലതരത്തിലുള്ള ചെറുത്തു നില്‍പ്പുകള്‍, ചിലയിടങ്ങളില്‍ പണി മുടക്ക്‌ തന്നെ നടത്തിയിരുന്നു. പിന്നീടാണ്‌ സംഘടിത യൂണിയന്‍ പ്രവര്‍ത്തനത്തിന്‌ പലയിടത്തും തുടക്കം കുറിച്ചത്‌. മലബാറിലെ കോണ്‍ഗ്രസ്സ്‌ സംഘടനയുടെ നേതൃത്വം ഋങട അടക്കമുള്ളവരുടെ കൈകളിലേക്ക്‌ മാറിയതിനു ശേഷം കോണ്‍ഗ്രസ്സ്‌ സംഘടനയെ ശക്തിപ്പെടുത്താന്‍ തന്നെ കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം മുമ്പോട്ട്‌ വന്നതിന്റെ അടിസ്ഥാനത്തില്‍ നിരവധി കോണ്‍ഗ്രസ്സുകാര്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകരായി മാറി. അതുപോലെ തന്നെ കിസാന്‍സഭ, കെട്ടിപ്പെടുക്കനും രംഗത്തു വന്നു. വിശദാംശങ്ങളിലേക്ക്‌ കടക്കാതെ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റം വിവരിക്കുകയാണ്‌ ചെയ്യുന്നത്‌.

1934 ല്‍ ഇടതു പക്ഷ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശാഖ ആരംഭിച്ചത്‌ ഒരു വഴിത്തിരിവായിരുന്നു. കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കുന്നത്‌ തങ്ങളുടെ മുഖ്യ കടമയായി ഏറ്റെടുത്തു. 1935 മെയ്‌ മാസത്തില്‍ കോഴിക്കോട്‌ വച്ച്‌ നടന്ന കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ ഒന്നാം കേരള സമ്മേളനത്തോടനുബന്ധിച്ച്‌ കേരളത്തിലെ തൊഴിലാളി യുണിയനുകളുടെ ഒരു പ്രതിനിധി സമ്മേളനവും നടന്നു. ഈ പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ്‌ കെ.പി.ടി.യു.സി എന്ന സംഘടിപ്പിച്ചത്‌ അതിന്റെ സെക്രട്ടറിയായി സ: പി. കൃഷ്‌ണപിള്ളയാണ്‌ വന്നത്‌. അദ്ദേഹം അതിവേഗം കേരളത്തിലെ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഒരു ഏകീകൃത ശൈലി ഉണ്ടാകുന്നതിനും തിരുവിതാംകൂറിലും കൊച്ചിയിലും ഉള്ള ട്രേഡ്‌ യൂണിയനുകളെ സംഘടനാപരമായി തന്നെ ഏകീകരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്ന തൊഴിലാളി പ്രക്ഷോഭണത്തില്‍ ഇടപെടാനും അവയ്‌ക്ക്‌ ആവശ്യമായ നേതൃത്വം നല്‍കുന്നതിനും കെ.പി.ടി.യു.സി ഇടപെട്ടു തുടങ്ങി. (കൂട്ടത്തില്‍ പറയട്ടെ, രണ്ടുവര്‍ഷം കഴിഞ്ഞ്‌ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റുകാരെല്ലാം പുതുതായി രൂപീകരിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചു തുടങ്ങി). ഇവിടെ പറഞ്ഞു വന്നത്‌ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിന്‌ ഒരു പിതിയ ദിശാബോധം പകര്‍ന്നതിന്റെ ചിത്രമാണ്‌.

1938 ല്‍ സ:പി. കൃഷ്‌ണപിള്ള ആലപ്പുഴയില്‍ എത്തി. ആലപ്പുഴയിലെ കയര്‍ ഫാക്‌ടറി തൊഴിലാളികളുടെ പ്രക്ഷോഭ സമരങ്ങളെ സംബന്ധിച്ച്‌ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അപ്പോഴേക്കും വളര്‍ന്നു പന്തലിച്ച്‌ വികസിച്ചുവന്ന അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിലെ വലിയ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനം പ്രായോഗികമായി ആ പ്രദേശങ്ങളിലെ മുഴുവന്‍ തൊഴിലാളികളെയും സംഘടിപ്പിക്കുകയുണ്ടായി. അവസാനം തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രതിദിന പോരാട്ടങ്ങളുടെ ഭാഗമായി തന്നെ തിരുവിതാംകൂറില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്വ ഭരണം വേണമെന്ന മുദ്രാവാക്യവും ഇതിനകം രൂപം കൊണ്ട എ.ഐ.ടി.യു.സി സ്വീകരിക്കുകയുണ്ടായി. പുന്നപ്ര വയലാര്‍ സമരത്തിലേയ്‌ക്ക്‌ എത്തിയാല്‍ ചരിത്രവും കഥയുമൊന്നും ഇവിടെ വിവരിക്കുന്നില്ല. ഒന്നുമാത്രം പറഞ്ഞു വെയ്‌ക്കാം, ദിവാന്‍ ഭരണമവസാനിപ്പിക്കണമെന്ന മുദ്രാവാക്യം അമ്പലപ്പുഴ, ചേര്‍ത്തല, താലൂക്കിലെ തൊഴിലാളി പ്രസ്ഥാനം മുന്നോട്ട്‌ വച്ചത്‌ സര്‍ സി.പി രാമസ്വാമി അയ്യര്‍ തന്റെ അധികാരത്തേയും പദവിയേയും ഇല്ലാതാക്കാനെന്ന്‌ മനസ്സിലാക്കികൊണ്ട്‌ കോണ്‍ഗ്രസ്സുകാരുമായി പ്രശ്‌നങ്ങളില്‍ ഒത്തു തീര്‍പ്പുണ്ടാക്കാനെന്നു നടിച്ചു കൊണ്ട്‌്‌ പോലീസ്‌ സൈന്യത്തെയും ഗുണ്ടകളെയും ഉപയോഗിച്ച്‌ തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ നിശ്ചയിക്കുകയും ചെയ്‌തു. പൊതുപണി മുടക്ക്‌ പ്രഖ്യാപിച്ച തൊഴിലാളികള്‍ക്ക്‌ സ്വന്തം കുടുംബത്തില്‍ കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത വിധം പോലീസുകാരും ഗുണ്ടകളും സ്ഥലത്തെ പ്രധാന ചട്ടമ്പികളും ചേര്‍ന്ന്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

ഇതാണ്‌ ചെറുത്തു നില്‍പ്പിനുള്ള ഏര്‍പ്പാടിന്‌ നിര്‍ബന്ധിതരാകാന്‍ ട്രേഡ്‌ യുണിയനുകളെ പ്രേരിപ്പിച്ചത്‌. ചുരുക്കത്തില്‍ ഒരൊറ്റ മുദ്രാവാക്യമാണ്‌. ഈ സ്ഥിതി വിശേഷ ത്തിനിടവരുത്തിയത്‌. തിരുവിതാംകൂറില്‍ ജനാധിപത്യം സ്ഥാപിക്കണം, രാജാവിന്റെ ഭരണം പോകണം ഇതാണ്‌ വയലാര്‍-പുന്നപ്ര സമരത്തിലെത്തിയത്‌. 1946 ലെ ഈ സമരം കേരളത്തിലെ ട്രേഡ്‌ യുണിയന്‍ പ്രസ്ഥാനം നടത്തിയ അത്യുജ്വലമായ പോരാട്ടങ്ങളില്‍ ഒന്നാണ്‌. അതിനു ശേഷമുണ്ടായ സംഭവങ്ങളൊന്നും ഇവിടെ പറയുന്നില്ല. അവസാനം സര്‍ സി.പി പോയി കേരളത്തില്‍ ഉത്തരവാദത്വ ഭരണം വന്നു. പിന്നീടുള്ള പത്ത്‌ കൊല്ലം കഴിഞ്ഞാണ്‌ ഐക്യകേരളം സ്ഥാപിക്കുന്നതും പുതിയ തെരഞ്ഞെടുപ്പ്‌ വരുന്നതും. ഇതിനിടയ്‌ക്ക്‌ പൈശാചികമായ മര്‍ദ്ദനങ്ങള്‍ നിരവധി മേഖലഖളില്‍ നടക്കുകയും അവയെല്ലാം നേരിട്ടു കൊണ്ട്‌ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനം തെക്ക്‌-വടക്ക്‌ വലിയ തോതില്‍ വളരുകയും ചെയ്‌തു. എല്ലാ വിഭാഗം തൊഴിലാളികളും തിരുവിതാംകൂറിലും, കൊച്ചിയിലും മലബാറിലും എ.ഐ.ടി.യു.സി യുടെ കീഴില്‍ ഏറിയ കൂറും അണിനിരന്നു. അതെല്ലാം ലളിതമായ ഒരു പ്രക്രിയ ആയിരുന്നില്ല. ഇതിനിടയ്‌ക്ക്‌ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഐ.എന്‍.ടി.യു.സി ഉണ്ടാക്കാന്‍ തീരുമാനമെടുക്കയും അതു കേരളത്തിലും കോണ്‍ഗ്രസ്സുകാര്‍ സംഘടിപ്പിക്കുകയുണ്ടായി. അവരുടെ പ്രചരണങ്ങളെയും മറ്റും അതി ജീവിച്ചുകൊണ്ടാണ്‌ എ.ഐ.ടി.യു.സി വളര്‍ന്നു വന്നത്‌. 1957 ലെ തെരഞ്ഞെടുപ്പ്‌ ആകുമ്പോഴേക്കും സംഘടിതരായിത്തീര്‍ന്ന ഫാക്‌ടറി തൊഴിലാളികള്‍ മാത്രമല്ല ബീഡി തൊഴിലാളികള്‍, നെയ്‌ത്തു തൊഴിലാളികള്‍ കയര്‍ തൊഴിലാളികള്‍ കശുവണ്ടി തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, ചെത്തു തൊഴിലാളികള്‍ തുടങ്ങി നാനാവിധ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഏറെക്കുറെ സംഘടിതരായത്‌. ഇവരെല്ലാം 1957 ലെ തെരഞ്ഞെടുപ്പില്‍ ഏറിയ കൂറും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വിജയിപ്പിക്കുവാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുയുണ്ടായി. പാര്‍ട്ടിയുടെ ശക്തിയും കരുത്തും. കര്‍ഷക പ്രസ്ഥാനത്തിന്‌ കരുത്തും മറ്റും തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പി വിജയത്തില്‍ ഓഹരിക്കാരാണ്‌. എന്നാലും കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചു എന്നതാണ്‌ വസ്‌തുതം.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012